This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണ്ടര്‍ട്ട്, ഹെര്‍മന്‍ (1814 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണ്ടര്‍ട്ട്, ഹെര്‍മന്‍ (1814 - 93)

മലയാളനിഘണ്ടുകാരനും വൈയാകരണനും. ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട്ട് പട്ടണത്തില്‍ ലുഡ്വിഗ് ഗുണ്ടര്‍ട്ടിന്റെയും ക്രിസ്തീന ഹെന്‍സ്ലിന്റെയും മൂന്നാമത്തെ പുത്രനായി 1814 ഫെ. 14-ന് ജനിച്ചു. അഞ്ചാമത്തെ വയസ്സില്‍ത്തന്നെ ലത്തീന്‍ഭാഷ പഠിക്കാനാരംഭിച്ചു. 1831-ല്‍ ന്യൂബിംഗന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു വൈദിക പഠനം ആരംഭിച്ചു. 1835-ല്‍ പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി. പിന്നീട് ഇംഗ്ലണ്ടില്‍ ചെന്ന് ഇംഗ്ലീഷ് ഭാഷ അഭ്യസിച്ചു. അവിടെവച്ച് ഇംഗ്ലീഷ് പാതിരിയായ ഡോ. നോറിസ്സ് ഗ്രോവ്സുമായി പരിചയപ്പെട്ടത് ഗുണ്ടര്‍ട്ടിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗ്രോവ്സിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം ഇന്ത്യയിലേക്ക് വന്നത്.

ഹെര്‍മന്‍ഗുണ്ടര്‍ട്ട്

1836 ജൂല. 7-നു ഗ്രോവ്സും സംഘവും ചെന്നൈയില്‍ കപ്പലിറങ്ങി. കപ്പലില്‍ വച്ചുതന്നെ ഗുണ്ടര്‍ട്ട് ബംഗാളിയും ഹിന്ദുസ്ഥാനിയും പഠിക്കാനാരംഭിച്ചിരിന്നു. കൊല്‍ക്കത്തയിലേക്കു പോകാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ മദിരാശിയില്‍ത്തന്നെ താമസിച്ചു മിഷനറി പ്രവര്‍ത്തനം ആരംഭിക്കാന്‍ സംഘം നിര്‍ബന്ധിതരായി. തിരുനെല്‍വേലിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗുണ്ടര്‍ട്ട് നിയോഗിക്കപ്പെട്ടു. അവിടെവച്ച് തമിഴും തെലുഗുവും പഠിച്ചു. ചിറ്റൂരിലും തിരുനെല്‍വേലിയിലും മാറിമാറി മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ഈ അവസരത്തിലാണ് യേശുവിന്റെ ജനനംവരെയുള്ള ലോകചരിത്രം തമിഴില്‍ എഴുതിയത്.

തെക്കന്‍ കര്‍ണാടകത്തില്‍ മിഷണറി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ബാസല്‍ മിഷനില്‍ ഗുണ്ടര്‍ട്ട് അംഗത്വം നേടുകയും അവരുടെ നിര്‍ദേശപ്രകാരം തന്റെ പ്രവര്‍ത്തനമേഖല മംഗലാപുരത്തേക്കു  മാറ്റുകയും ചെയ്തു. തിരുനെല്‍വേലിയില്‍നിന്നു മംഗലാപുരത്തേക്കുള്ള യാത്രാമധ്യേ, തിരുവനന്തപുരത്തുവച്ചാണ് ഡോ. ഗുണ്ടര്‍ട്ട് ആദ്യമായി മലയാള ഭാഷ സംസാരിച്ചുകേട്ടത്. മലയാളത്തിന്റെ മാധുര്യം ഗുണ്ടര്‍ട്ടിനെ അത്യധികം ആകര്‍ഷിച്ചു. 1838 ന. 1-ന് ഗുണ്ടര്‍ട്ട് മംഗലാപുരത്തെത്തി. അധികം താമസിയാതെ തന്നെ മലയാളക്കരയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നിയുക്തനായി. അങ്ങനെ 1839 ഏ.-ല്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ താമസമുറപ്പിച്ച് മിഷണറിപ്രവര്‍ത്തനം ആരംഭിച്ചു.

1839 ജൂല. 23-നു തന്നോടൊപ്പം കപ്പല്‍യാത്ര ചെയ്തിരുന്ന യൂലിയാ ഡിബോവാ എന്ന ഫ്രഞ്ചു യുവതിയെ  ഗുണ്ടര്‍ട്ട് വിവാഹം ചെയ്തു. മതപരമായും സാമൂഹികമായും താണനിലയില്‍ കഴിഞ്ഞിരുന്ന സാമാന്യജനങ്ങള്‍ക്ക് പുതിയ അറിവും ആവേശവും പകര്‍ന്നുകൊടുക്കാന്‍ ഗുണ്ടര്‍ട്ട് ദമ്പതികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. 1839 മുതല്‍ 1859 വരെയുള്ള 20 വര്‍ഷം ഇദ്ദേഹം ഇല്ലിക്കുന്നു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയുണ്ടായി. മതപ്രചരാണത്തിനും അധ്യയനത്തിനുമായി കേരളത്തിലെ ജനങ്ങളോട് അടുത്തിടപഴകേണ്ടിവന്നപ്പോള്‍ അവരുടെ ഭാഷ, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഐതിഹ്യങ്ങള്‍, സംസ്കാരസരണികള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ ഗുണ്ടര്‍ട്ട് ബദ്ധശ്രദ്ധനായി. അവ അപ്പപ്പോള്‍ തന്റെ ഡയറിയില്‍ കുറിച്ചിടാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധവച്ചു. അത് മലയാളത്തിന്റെ മഹാഭാഗ്യമായി പരിണമിക്കുകയും ചെയ്തു. മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഗ്രന്ഥങ്ങള്‍ സ്വയം രചിച്ചു. 1857-ല്‍ വടക്കന്‍ മലബാറില്‍ സ്കൂള്‍ ഇന്‍സ്പെക്ടറായി ഗവണ്‍മെന്റ് ഗുണ്ടര്‍ട്ടിനെ നിയമിച്ചു. രണ്ടുവര്‍ഷമേ ഈ ജോലിയിലിരുന്നുള്ളുവെങ്കിലും മലബാറിലെ വിദ്യാഭ്യാസരംഗത്ത് അമൂല്യ സംഭാവനകള്‍ നല്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

20 വര്‍ഷംകൊണ്ട് മലയാളഭാഷയിലും സാഹിത്യത്തിലും ഗുണ്ടര്‍ട്ട് തികഞ്ഞ അവഗാഹം നേടുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. മതപരം, വിദ്യാഭ്യാസസംബന്ധം എന്നിങ്ങനെ രണ്ടു വിഭാഗമായി അവയെ തിരിക്കാം. ബൈബിള്‍ പഴയനിയമം, പുതിയനിയമം, സ്ഥിരീകരണത്തിനുള്ള ഉപദേശങ്ങള്‍ എന്നിവ ജര്‍മന്‍ഭാഷയില്‍നിന്നു വിവര്‍ത്തനം ചെയ്തവയാണ്. സഞ്ചാരിയുടെ പ്രയാണവും, മനുഷ്യഹൃദയവും ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനങ്ങളാണ്. പില്‍ഗ്രിംസ് പ്രോഗ്രസിന്റെ വിവര്‍ത്തനമാണ് സഞ്ചാരിയുടെ പ്രയാണം. മനുഷ്യ ചോദ്യങ്ങള്‍ക്ക് ദൈവം കല്പിച്ചിട്ടുള്ള ഉത്തരം, വേദചരിത്രസാരം സത്യവേദ ഇതിഹാസം, ക്രിസ്തു സഭാചരിത്രം, ശര്‍മാനസന്മരണവിദ്യ, മതവിചാരണ, ദൈവവിചാരണ തുടങ്ങിയവയും ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്നു. ഇവയ്ക്കുപുറമേ, മതസംബന്ധമായ കുറേ പാട്ടുകളും ഗുണ്ടര്‍ട്ട് രചിച്ചുണ്ട്. വിദ്യാഭ്യാസസംബന്ധിയായ കൃതികളിലൂടെയാണ് മലയാള ഭാഷയ്ക്കു മറക്കാനാവാത്ത സംഭാവനകള്‍ ഗുണ്ടര്‍ട്ട് നല്കിയിരിക്കുന്നത്. അവയില്‍ പ്രഥമഗണനീയമായിട്ടുള്ളത് മലയാളം-ഇംഗ്ളീഷ് നിഘണ്ടുവാണ്. 1872-ല്‍ മംഗലാപുരം ബാസല്‍ മിഷന്‍ പ്രസ്സില്‍നിന്നാണ് ഇതു പ്രസിദ്ധപ്പെടുത്തിയത്. തികച്ചും ശാസ്ത്രീയമായി സംവിധാനം ചെയ്തിരിക്കുന്ന ഈ നിഘണ്ടു സ്വദേശികള്‍ക്കും വിദേശികള്‍ക്കും പണ്ഡിതന്മാര്‍ക്കും പഠിതാക്കള്‍ക്കുമെല്ലാം ഒരുപോലെ ഇന്നും പ്രയോജനപ്രദമാണ്. 25 വര്‍ഷത്തെ തപസ്യയുടെ ഫലമാണിത്. പദങ്ങളുടെ അര്‍ഥം, പ്രയോഗം, ആഗമം തുടങ്ങിയവ സൂക്ഷ്മതയോടും ഗവേഷണബുദ്ധിയോടുംകൂടി ഇതില്‍ പരിശോധിക്കുന്നു. പാശ്ചാത്യശബ്ദകോശങ്ങളുടെ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ഈ നിഘണ്ടുവില്‍ പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്നുള്ള നിരവധി ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്. മലയാളഭാഷയില്‍ ഉണ്ടായിട്ടുള്ള ഒന്നാമത്തെ ശാസ്ത്രീയ ശബ്ദകോശമാണ് മലയാളം-ഇംഗ്ലീഷ് നിഘണ്ടു. ദ്രാവിഡഭാഷാശാസ്ത്രപഠനത്തില്‍ അതിപ്രധാനമായൊരു സ്ഥാനം ഈ നിഘണ്ടുവിനുണ്ട്. മലയാളഭാഷാവ്യാകരണം പൂര്‍ത്തിയാക്കാതെതന്നെ 1851-ല്‍ പ്രസിദ്ധീകരിച്ചു. റവ. ഡീസിന് നല്കപ്പെട്ട നിര്‍ദേശക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഇതു പൂര്‍ത്തിയാക്കി ഇന്നു കാണുന്ന നിലയില്‍ 1868-ല്‍ ഇത് പ്രസിദ്ധീകരിച്ചു. പ്രാചീന മലയാള വ്യാകരണങ്ങളില്‍ പ്രാമുഖ്യമര്‍ഹിക്കുന്ന കൃതിയാണിത്. കേരളത്തില്‍ പ്രചാരത്തിലിരുന്ന പഴഞ്ചൊല്ലുകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച കൃതിയാണ് പഴഞ്ചൊല്‍മാല. അതിനു ശേഷം ആയിരം പഴഞ്ചൊല്ലുകള്‍, 1200 പഴഞ്ചൊല്ലുകള്‍ എന്നിങ്ങനെ രണ്ട് കൃതികള്‍കൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. പഞ്ചതന്ത്രം, നളചരിതം, ഭാരതം, ജ്ഞാനപ്പാന, കൃഷ്ണഗാഥ, അധ്യാത്മരാമായണം, വാല്മീകിരാമായണം, ബ്രഹ്മാണ്ഡപുരാണം, ഭാഗവതം തുടങ്ങിയുള്ള വിവിധഗ്രന്ഥങ്ങളില്‍നിന്ന് ഗദ്യപദ്യശകലങ്ങള്‍ സമാഹരിച്ചതാണ് പാഠമാല (1860). കേരളത്തിന്റെ ചരിത്രാംശങ്ങളിലേക്കും ഭാഷാവികസനത്തിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണ് കേരളപ്പഴമ (1868). 1498 മുതല്‍ 1681 വരെയുള്ള കേരളചരിത്രത്തെയാണ് മുഖ്യമായും ഇതില്‍ പരാമര്‍ശിക്കുന്നത്. മലയാളരാജ്യം (1870) എന്ന കൃതിയില്‍ മലബാറിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ചര്‍ച്ചചെയ്യുന്നു. മദ്രാസ് ജേണല്‍ ഒഫ് ലിറ്ററേച്ചര്‍ ആന്‍ഡ് സയന്‍സ്, ഇന്ത്യന്‍ ആന്റിക്വിറ്റി മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മലയാള ഭാഷാസാഹിത്യസംബന്ധികളായ നിരവധിലേഖനങ്ങള്‍ ഗുണ്ടര്‍ട്ട് എഴുതിയിട്ടുണ്ട്. മലയാളത്തിന് നല്ല ഒരു ഗദ്യശൈലി രൂപപ്പെടുത്തിയതിലും ഗുണ്ടര്‍ട്ടിന് പ്രമുഖമായ പങ്കുണ്ട്. ഇദ്ദേഹത്തിന്റെ ഭാഷാസേവനങ്ങളെ മാനിച്ചുകൊണ്ട് കോവുണ്ണി നെടുങ്ങാടി തന്റെ കേരളകൗമുദിയില്‍ ഗുണ്ടര്‍ട്ടെന്നാ പ്രബലമതിമാനിട്ടനൂലൊട്ടുകൊള്ളാം എന്നു രേഖപ്പെടുത്തുന്നു. സിദ്ധാര്‍ഥ എന്ന ദാര്‍ശനികനോവലിലൂടെ പ്രസിദ്ധനായ ഹെര്‍മന്‍ ഹെസ്സെ (Hermann Hesse) ഇദ്ദേഹത്തിന്റെ പൗത്രനാണ്.

തികഞ്ഞ ഭാഷാവിദഗ്ധനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു ഡോ. ഗുണ്ടര്‍ട്ട്. തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി, ബംഗാളി, ജര്‍മന്‍, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങി 18 ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ഭാഷാപഠനത്തിലുള്ള ഗുണ്ടര്‍ട്ടിന്റെ വാസനയും താത്പര്യവും പ്രകടമാക്കുന്നതാണ്, 'സ്വര്‍ഗത്തില്‍ വച്ചായാലും ഒരു പുതിയ ഭാഷ പഠിക്കാന്‍ സൗകര്യപ്പെട്ടാല്‍ സന്തോഷമായിരിക്കും' എന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന.

സ്കൂള്‍ ഇന്‍സ്പെക്ടറായി പ്രവര്‍ത്തിച്ചുവരവെയാണ്, ഗുണ്ടര്‍ട്ടിന് രക്താതിസാരം പിടിപ്പെട്ടത്. ഇവിടത്തെ ചികിത്സകളൊന്നും ഫലിക്കാതായപ്പോള്‍ 1859 ഏ.11-നു നാട്ടിലേക്കു മടങ്ങി. അന്ന് നിഘണ്ടുവിനുള്ള കുറിപ്പുകള്‍ തയ്യാറായിരുന്നതേയുള്ളു. നാട്ടിലെത്തി വീണ്ടുമൊരു പത്തുവര്‍ഷം അശ്രാന്തപരിശ്രമം നടത്തിയാണ് അത് പ്രസിദ്ധീകരണയോഗ്യമാക്കിയത്. ജര്‍മനിയിലെ കാല്‍വ് എന്ന സ്ഥലത്തു താമസമുറപ്പിച്ച ഇദ്ദേഹത്തിന് രോഗബാധിതനായിരിക്കുമ്പോഴും വിശ്രമമില്ലാതെ ജോലികള്‍ ചെയ്യേണ്ടിയിരുന്നു. ക്രൈസ്തവ വീക്ഷണത്തോടുകൂടിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന ഒരു കമ്മിറ്റിയുടെ എഡിറ്റര്‍ ജോലിയും ഗുണ്ടര്‍ട്ടില്‍ നിക്ഷിപ്തമായി. നിരന്തരമായ അധ്വാനം ഗുണ്ടര്‍ട്ടിനെ ശാരീരികമായി തളര്‍ത്തി. മകളുടെ ഭര്‍ത്താവ്, മകന്‍ ശാമുവേല്‍ ഗുണ്ടര്‍ട്ട്, ഭാര്യ യൂലിയ എന്നിവരുടെ നിര്യാണം ഇദ്ദേഹത്തെ മാനസികമായി അവശനാക്കി. അതേത്തുടര്‍ന്ന് മഹോദരരോഗവും ബാധിച്ചു. 1893 ഏ.25-നു ഗുണ്ടര്‍ട്ട് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍