This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണ്ടപ്പ, എല്‍. (1903 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണ്ടപ്പ, എല്‍. (1903 - 86)

കന്നഡ സാഹിത്യകാരന്‍. കര്‍ണാടകത്തിലെ ഹസ്സന്‍ ജില്ലയിലുള്‍പ്പെട്ട മതിഘട്ടയില്‍ 1903 ജനു. 8-ന് ഇദ്ദേഹം ജനിച്ചു. വിദ്യാഭ്യാസാനന്തരം മൈസൂര്‍ സര്‍വകലാശാലയില്‍ കന്നഡ അധ്യാപകനായി. കന്നഡ സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായും പരിഷത് പ്രസിദ്ധീകരിച്ച കന്നഡ ഡിക്ഷ്ണറിയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു.

സാഹിത്യചരിത്രം, ഗവേഷണം, വിവര്‍ത്തനം എന്നീ മണ്ഡലങ്ങളിലാണ് ഗുണ്ടപ്പ പ്രധാനമായും വ്യാപരിച്ചത്. ഇദ്ദേഹം ഭാസനെക്കുറിച്ചു പഠിക്കുകയും നാടോടി ഗാനങ്ങള്‍ സമാഹരിക്കുകയും ചെയ്യുന്നതില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചു. ടോള്‍സ്റ്റോയിയുടെ കഥകളും സുബ്രഹ്മണ്യഭാരതിയുടെ കവിതകളും ഇദ്ദേഹം കന്നടയിലേക്ക്   വിവര്‍ത്തനം ചെയ്തു. ഗുണ്ടപ്പയുടെ പ്രധാന കൃതികള്‍ ഇവയാണ്-കന്നഡസാഹിത്യ ചിത്രഗലു (കന്നഡസാഹിത്യ ചരിത്രം, 1945), തോമസ് ആല്‍വാ എഡിസണ്‍ (ജീവചരിത്രം, 1943), ഹള്ളിയ ഹാഡുഹളു (നാടോടി ഗാനങ്ങള്‍), ടോള്‍സ്റ്റോയ് അവരകഥഗളു (1934), ഉദയനചരിത്രസംഗ്രഹാ (1942), ഭാസന, ഏകാങ്കനാടകഗളു (1944), സ്വപ്നവാസവദത്ത, നന്നചരിത്രെ, തമിളുസാഹിത്യചരിത്രെ (പരിഭാഷകള്‍). സരളമായ ഭാഷയും ശൈലിയും ഗുണ്ടപ്പയുടെ രചനകളെ ആകര്‍ഷകമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍