This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണനിയന്ത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണനിയന്ത്രണം

വര്‍തോതില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വിലയിരുത്തുന്നതിനും ഒരു നിശ്ചിതഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഉത്പാദന പ്രക്രിയയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നു തീരുമാനിക്കുന്നതിനും വേണ്ടി ഉത്പന്നത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ച് വിശകലനം ചെയ്യുന്ന സാംഖിക സംവിധാനം. കളിക്കോപ്പുകള്‍ മുതല്‍ ജെറ്റ് വിമാനം വരെ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ ഗുണനിയന്ത്രണ പരിശോധന നടക്കുന്നുണ്ട്. വ്യവസായ എന്‍ജിനീയറിങ്ങിലെ ഒരു പ്രധാന കണ്ണിയാണ് ഗുണനിയന്ത്രണ സംവിധാനം.

ഉപഭോക്താവിന്റെ പ്രതീക്ഷയ്ക്കൊത്ത ഗുണനിലവാരത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ലാഭകരമായി നിര്‍മിക്കുകയാണ് ഗുണനിയന്ത്രണത്തിന്റെ ലക്ഷ്യം. ഗുണനിയന്ത്രണ പരിശോധനയ്ക്ക് ഒരു നിശ്ചിത ഘട്ടമില്ല. ഗുണനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഉത്പാദനം വന്‍തോതിലായിരിക്കണമെന്നുമില്ല. ഒരു വന്‍കിട ഉത്പാദന സംരംഭത്തില്‍ അസംസ്കൃതസാധനങ്ങളുടെ ശേഖരണം, എന്‍ജിനീയറിങ്-ഗവേഷണവും വികസനവും, എന്‍ജിനിയറിങ്-രൂപകല്പന, നിര്‍മാണ ആസൂത്രണം, നിര്‍മാണം(ഇവിടെയാണ് പ്രക്രിയാനിയന്ത്രണം നടക്കുന്നത്), പരിശോധന (ഉദാ. ഉത്പന്നനിയന്ത്രണം-ഏക, യുഗ്മ, ബഹു-സാമ്പിളിനം) ടെസ്റ്റ് എന്‍ജിനീയറിങ്, വില്പന-വില്പനാനന്തര സേവനം, വ്യവസായ-എന്‍ജിനീയറിങ്, ഗുണനിയന്ത്രണ വിഭാഗം, ഭരണ വിഭാഗം എന്നിങ്ങനെ തുടക്കം മുതല്‍ ഒടുക്കംവരെ പലവിഭാഗങ്ങളിലായി പരിശോധന നടത്താറുണ്ട്. സാധാരണഗതിയില്‍ ഗുണനിയന്ത്രണം നടപ്പിലാക്കുന്നതിന് രണ്ടു രീതികളുണ്ട്: പ്രക്രിയാ നിയന്ത്രണവും ഉത്പന്ന നിയന്ത്രണവും. ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ശ്രദ്ധിച്ച് ഉത്പാദന പ്രക്രിയയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് പ്രക്രിയാനിയന്ത്രണം. ഉത്പാദനപ്രക്രിയയുടെ നിശ്ചിത വേളകളില്‍ ഉത്പന്നത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് നിയന്ത്രണ ചാര്‍ട്ടുകള്‍ തയ്യാറാക്കിയാണ് ഗുണനിയന്ത്രണം നടത്തുന്നത്. X, R, P, C എന്നിങ്ങനെ പല ഗുണനിയന്ത്രണ ചാര്‍ട്ടുകളുണ്ട്. വിപണനത്തിന് മുന്‍പ്, ഉത്പന്നത്തിന്റെ ഗുണമേന്മയില്‍ എന്തെങ്കിലും പോരായ്മയുണ്ടോ എന്നു പരിശോധിക്കലാണ് ഉത്പന്ന നിയന്ത്രണം. ഇവിടെയും സാമ്പിള്‍ പരിശോധനയാണ് നടത്തുന്നത്. സ്വീകരണ സാമ്പിള്‍ പരിശോധനയില്‍ ഏക സാമ്പിളിനം, യുഗ്മസാമ്പിളിനം, ബഹുസാമ്പിളിനം, അനുക്രമിക സാമ്പിളിനം എന്നീ പ്രവിധികള്‍ ഉപയോഗിക്കുന്നു.

1924-ല്‍ ഡോ. വാള്‍ട്ടര്‍ എ. ഷെവാര്‍ട്ട് ഒരു നിയന്ത്രണ ചാര്‍ട്ട് വികസിപ്പിച്ചെടുത്തതോടെയാണ് ഗുണനിയന്ത്രണ സംവിധാനം രൂപം കൊണ്ടത്. ഹാതോണ്‍ വര്‍ക്സിലുണ്ടായ ഗുണനിലവാര പ്രശ്നങ്ങളെ സംബന്ധിച്ച് കുറച്ചുകാലമായി അന്വേഷണം നടത്തിക്കൊണ്ടിരുന്ന വെസ്റ്റേണ്‍ ഇലക്ട്രിക് എന്‍ജിനീയേഴ്സ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഷെവാര്‍ട്ട് P ചാര്‍ട്ട് സംവിധാനം ചെയ്തത്. തുടര്‍ന്ന് ബെല്‍ ലബോറട്ടറീസില്‍ ഒരു പരിശോധനാ എന്‍ജിനീയറിങ് വിഭാഗം തന്നെ ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടു; ഇതിലെ അംഗങ്ങളില്‍പ്പെട്ടവരാണ് ഡോ. ഷെവര്‍ട്ട്, ജോര്‍ജ് ഡി. എഡ്വേഡ്സ്, ഡൊനാള്‍ഡ് എ. ക്വാര്‍ല്സ്, ഹരോള്‍ഡ് എഫ്. ഡോഡ്ജ്, ഹാരി ജി. റോമിഗ് എന്നിവര്‍. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ബെല്‍ സിസ്റ്റം ഇലക്ട്രിക് ജേര്‍ണലിന്റെ 1929 ഒക്ടോബറിലെ പതിപ്പില്‍ ഡോഡ്ജും റോമിഗും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'എ മെതേഡ് ഒഫ് സാംപ്ലിങ് ഇന്‍സ്പെക്ഷന്‍' എന്ന ലേഖനം. ഗുണനിയന്ത്രണത്തെക്കുറിച്ച് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം ഷെവാര്‍ട്ടിന്റെ എക്കണോമിക് കണ്‍ട്രോള്‍ ഒഫ് ക്വാളിറ്റി ഒഫ് മാനുഫാക്ചേഡ് പ്രോഡക്ട് ആണ് (1931). ഡോഡ്ജും റോമിഗും ബെല്‍ ജേര്‍ണലില്‍ത്തന്നെ (1941 ജനു.) 'എ മെതേഡ് ഒഫ് സാംപ്ലിങ് ഇന്‍സ്പെക്ഷന്‍' എന്ന ലേഖനവും പ്രസിദ്ധീകരിച്ചു. ബെല്‍ ജേര്‍ണലിലെ രണ്ട് ലേഖനങ്ങളാണ് 1944-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സാംപ്ലിങ് ഇന്‍സ്പെക്ഷന്‍ ടേബിള്‍സ് എന്ന ഗ്രന്ഥത്തിനാധാരം. 1930-കളിലെ ആഗോള സാമ്പത്തികമാന്ദ്യകാലത്ത് ഗുണനിയന്ത്രണം സംബന്ധിച്ച പഠനങ്ങള്‍ ബെല്‍ ലബോറട്ടറിയുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനിന്നതേയുള്ളു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ടെസ്റ്റിങ് മെറ്റീരിയല്‍സ്, അമേരിക്കന്‍ സൊസൈറ്റി ഒഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്സ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കമ്മിറ്റി ഓണ്‍ ദ ഡെവലപ്മെന്റ് ഒഫ് ആപ്ലിക്കേഷന്‍സ് ഒഫ് സ്റ്റാറ്റിസ്റ്റിക്സ് ഇന്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനുഫാക്ചറിങ് എന്ന സമിതിയുടെ അധ്യക്ഷനായി ഷെവാര്‍ട്ട് നിയമിതനായതോടെ ഗുണ നിയന്തണം എന്ന സാംഖിക പ്രവിധിയുടെ ഉപയോഗം വ്യാപകമായി.

1933-ല്‍ ഹരോള്‍ഡ് എഫ്. ഡോഡ്ജിന്റെ നേതൃത്വത്തില്‍ എ.എസ്.ടി.എം. മാന്വല്‍ ഓണ്‍ പ്രെസന്റേഷന്‍ ഒഫ് ഡാറ്റാ പ്രസിദ്ധീകരിക്കപ്പെട്ടു. 1938-ല്‍ ഇതിന് അനുബന്ധമായി സപ്ലിമെന്റ് എ, സപ്ലിമെന്റ് ബി എന്നിവയും പുറത്തുവന്നു.

ഇംഗ്ലണ്ടില്‍ ലിയൊനാര്‍ഡ് എച്ച്. സി. ടിപ്പെറ്റ് 1925-ല്‍ ഗുണനിയന്ത്രണം സംബന്ധിച്ച സാംഖിക പഠനങ്ങള്‍ നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ബ്രിട്ടീഷ് സ്റ്റാന്‍ഡേഡ്സ് ഇന്‍സ്റ്റിറ്റ്യൂഷനിലെ ഇ.എസ് പിയേഴ്സണ്‍ 1935-ല്‍ തയ്യാറാക്കിയ ദ ആപ്ലിക്കേഷന്‍ ഒഫ് സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് റ്റു ഇന്‍ഡസ്റ്റ്രിയല്‍ സ്റ്റാന്‍ഡേഡൈസേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ എന്ന പഠനം.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഗുണനിയന്ത്രണത്തിന്റെ പ്രാധാന്യം വളരെക്കണ്ട് വര്‍ധിച്ചു. അതിന്റെ ഫലമായാണ് വ്യവസായസ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറെ നിയമിച്ചു തുടങ്ങിയത്. തുടര്‍ന്ന് സര്‍വകലാശാലകളില്‍ ഗുണനിയന്ത്രണം സംബന്ധിച്ച ഹ്രസ്വകാല പരിശീലനകോഴ്സുകളും നിലവില്‍ വന്നു.

1940-ല്‍ യു.എസ്സിലെ യുദ്ധവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അമേരിക്കന്‍ സ്റ്റാന്‍ഡേഡ്സ് അസോസിയേഷന്‍ ഗുണനിയന്ത്രണ-സാംഖികപഠനങ്ങള്‍ക്കായി ഒരു അടിയന്തര സാങ്കേതിക സമിതിയെത്തന്നെ നിയോഗിക്കുകയുണ്ടായി. ഡോഡ്ജ്, ബ്യൂറോ ഒഫ് ദ സെന്‍സസിലെ പ്രൊഫ. ഡബ്ല്യൂ. എഡ്വേഡ്സ് ഡെമിങ്, ആര്‍മി ഓര്‍ഡിനന്‍സ് വകുപ്പിലെ മേജര്‍ ജനറല്‍(റിട്ട). ലെസ് ലി. ഇ. സൈമണ്‍, ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ റാല്‍ഫ്. ഇ. വാര്‍ഹാം എന്നിവരുള്‍പ്പെട്ട ഈ സമിതിയാണ് 1941-42 കാലത്ത് Z1, Z2, Z3 തുടങ്ങിയ അമേരിക്കന്‍ വാര്‍ സ്റ്റാന്‍ഡേഡ്സിനു രൂപം നല്കിയത്.

പിന്നീട് ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, യുണെസ്കോ എന്നീ അന്തര്‍ദേശീയ സംഘടനകളുടെ ശ്രമഫലമായി മിക്കരാജ്യങ്ങളിലും ഗുണനിയന്ത്രണത്തിനുള്ള സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഗുണനിയന്ത്രണം ഉറപ്പുവരുത്തുന്നത് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആണ്. നോ; ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്; സാമ്പിളനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍