This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണങ്ങള്‍

ഒരു വസ്തുവിനെ അതാക്കി നിര്‍ത്തുന്നതും മറ്റുള്ളവയില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നതുമായ സ്വഭാവവിശേഷങ്ങള്‍. വേദാന്തത്തില്‍ സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്ന് ഗുണങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു. ദേശകാലജ്ഞത, ദാര്‍ഢ്യം, സര്‍വക്ലേശ സഹിഷ്ണുത, സര്‍വവിജ്ഞാനത, ദാക്ഷ്യം, ഊര്‍ജം, സംവൃതമന്ത്രത, അവിസംവാദിത, ശൗര്യം, ഭക്തിജ്ഞത്വം, കൃതജ്ഞത, ശരണാഗത വാത്സല്യം, അമര്‍ഷിത്വം, അചാപലം എന്നിങ്ങനെ പതിനാലാണ് രാജാവിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍. വൈദ്യശാസ്ത്രപ്രകാരം ഗുരു, മന്ദം, ഹിമം, സ്നിഗ്ധം, ശ്ലഷ്ണം, സാന്ദ്രം, മൃദു, സ്ഥിരം, സൂക്ഷ്മം, വിശദം, ലഘു, തീക്ഷ്ണം, ഉഷ്ണം, രൂക്ഷം, പരുഷം, ദ്രവം, കഠിനം, സരം, സ്ഥൂലം, വിച്ഛലം, എന്നിങ്ങനെ 20 ഗുണങ്ങളുണ്ട്. ഭൂതദയ, ക്ഷമ, അനസൂയ, ശൗചം, അനായാസം, മംഗളം, അകാര്‍പണ്യം, അസ്പൃഹ എന്നിങ്ങനെ എട്ടു ഗുണങ്ങളാണ് ബ്രാഹ്മണനുണ്ടായിരിക്കേണ്ടത് എന്നു പറയുന്നു. ഇവ എട്ടും ചേര്‍ന്നുള്ള ബ്രഹ്മചര്യത്തെ അഷ്ടാംഗബ്രഹ്മചര്യം എന്നാണ് പറയുക.

കാവ്യോത്കര്‍ഷത്തിനു ഹേതുവായുള്ള ഓജഃപ്രസാദമാധുര്യാദിഗുണങ്ങളെപ്പറ്റി സാഹിത്യമീമാംസയില്‍ പ്രതിപാദിക്കുന്നു. ന്യായദര്‍ശനപ്രകാരം ദ്രവ്യത്തെ ആശ്രയിച്ചിരിക്കുന്ന രൂപരസഗന്ധാദി ഗുണങ്ങള്‍ ഇരുപത്തിനാലാണ്.

കാവ്യമീമാംസയില്‍. ഭാരതീയ കാവ്യമീമാംസ അനുസരിച്ച് കാവ്യത്തിന്റെ ഭാവപ്രധാനമായ സവിശേഷതകളാണ് ഗുണങ്ങള്‍. ഭരതന്‍, ദണ്ഡി, ഭാമഹന്‍, വാമനന്‍, ആനന്ദവര്‍ധനന്‍ തുടങ്ങിയ ആചാര്യന്മാര്‍ ഗുണങ്ങള്‍ക്ക് ലക്ഷണം കല്പിച്ചിട്ടുണ്ട്. ഭരതമുനിയും ദണ്ഡിയും കാവ്യഗുണങ്ങള്‍ പത്തെണ്ണമാണെന്ന് പറയുന്നു. ശ്ലേഷം, പ്രസാദം, സമത, മാധുര്യം, സുകുമാരത, അര്‍ഥവ്യക്തി, ഉദാരത്വം, ഓജസ്സ്, കാന്തി, സമാധി എന്നിവയാണ് പ്രസ്തുത ഗുണങ്ങള്‍. 'മാധുര്യൗജഃപ്രസാദാസ്ത്രയോ ഗുണഃ'എന്നു കരുതുന്നു അഭിനവഗുപ്തന്‍. ഭാമഹന്‍, ആനന്ദവര്‍ധനന്‍ എന്നീ ആചാര്യന്മാരും ഗുണങ്ങള്‍ മൂന്ന് എന്ന മതക്കാരാണ്. ഭോജരാജന്റെ അഭിപ്രായത്തില്‍ ഗുണങ്ങള്‍ എഴുപത്തിരണ്ടാണ്: ഇരുപത്തിനാല് ശബ്ദഗുണങ്ങള്‍, ഇരുപത്തിനാല് വാക്യാര്‍ഥ ഗുണങ്ങള്‍, ഇരുപത്തിനാല് വൈശേഷിക ഗുണങ്ങള്‍ എന്നിങ്ങനെ. ലീലാതിലകകാരന് ഗുണങ്ങള്‍ നാലേയുള്ളു. ഓജസ്സ്, പ്രസാദം, മാധുര്യം എന്നിങ്ങനെ മൂന്ന് ഗുണങ്ങളേ ഗണിക്കേണ്ടതുള്ളു എന്ന അഭിപ്രായമാണ് കേരളപാണിനിക്ക്. കാവ്യത്തിനു ശോഭ ഉളവാക്കുന്ന ധര്‍മങ്ങള്‍ എന്നാണ് വാമനന്‍ ഗുണങ്ങളെ നിര്‍വചിച്ചിട്ടുള്ളത്. ധ്വനികാരനായ ആനന്ദവര്‍ധനന്റെ അഭിപ്രായത്തില്‍ കാവ്യത്തിന്റെ ധര്‍മമാണ് ഗുണങ്ങള്‍; ശബ്ദാര്‍ഥങ്ങള്‍ കാവ്യാംഗങ്ങള്‍ മാത്രമാണ്. കാവ്യാത്മാവു രീതി ആണെന്നു പറയുന്ന വാമനന്‍ രീതിയുടെ ധര്‍മമാണ് ഗുണങ്ങള്‍ എന്നു വാദിക്കുന്നു. കാവ്യത്തിന് ശോഭനല്കുന്ന ധര്‍മങ്ങളെയെല്ലാം പൊതുവില്‍ കാവ്യഗുണങ്ങളെന്നു പറയാം. 'മസൃണത്വം ശ്ളഷഃ' എന്ന വാമന സൂത്രമനുസരിച്ച് അനേകപദങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പദമെന്ന തോന്നലുളവാക്കുന്നതിന്റ മേന്മയാണ് ശ്ലേഷമെന്ന കാവ്യഗുണം. പ്രസാദഗുണത്തിന് ശ്രവണമാത്രയില്‍ അര്‍ഥം ജനിപ്പിക്കാന്‍ കഴിയുന്നു. 'പ്രസിദ്ധാര്‍ഥത്വം പ്രസാദം' എന്നു ദണ്ഡി. മൃദു, സ്ഫുടം, മിശ്രം എന്നിങ്ങനെയുള്ള വര്‍ണങ്ങളെ ഇടകലര്‍ത്തി, ക്രമഭംഗം വരുത്താതെ കാവ്യാസ്വാദനം സാധിപ്പിക്കുന്നതാണ് സമതാഗുണം. മാധുര്യമാണ് ഗുണങ്ങളില്‍ മുഖ്യം. സമാസം കുറഞ്ഞ് സഹൃദയനു രസം ആസ്വദിക്കാന്‍ കഴിയുന്നതാണ് മാധുര്യം. ശ്രുതിസുഖമാണ് സുകുമാരത എന്ന കാവ്യഗുണത്തിന് അടിസ്ഥാനം. ഇതില്‍ ഖരാദി ഖരോഷ്ഠ്യസ്വരങ്ങള്‍ കുറഞ്ഞിരിക്കും. കേട്ടാലുടന്‍ തടസ്സമേതുമില്ലാതെ അര്‍ഥപ്രതീതി ജനിപ്പിക്കുമ്പോഴാണ് അര്‍ഥവ്യക്തി എന്ന ഗുണം സിദ്ധമാകുന്നത്. പദവിന്യാസത്തിന്റെ സവിശേഷതകൊണ്ടുണ്ടാകുന്ന ശബ്ദഗുണമാണ് ഉദാരത. പദങ്ങളുടെ ഗാഢബന്ധത്താല്‍ അര്‍ഥപ്രൌഢി കൈവരുമ്പോള്‍ ഓജസ്സുണ്ടാകുന്നു. അസുന്ദരമായതിനെ സുന്ദരമാക്കിപ്പറയുമ്പോഴുണ്ടാകുന്നതാണ് കാന്തി. ഏതെങ്കിലും വസ്തുവിന്റെ ധര്‍മം അതില്ലാത്ത വസ്തുവില്‍ ആരോപിക്കുമ്പോള്‍ സമാധിഗുണം കൈവരുന്നു. ഗുണങ്ങളെ ഇപ്രകാരം പത്തായി വിഭജിച്ചിട്ടുണ്ടെങ്കിലും അവയുടെ അതിരുകള്‍ വ്യക്തമായി വേര്‍തിരിക്കപ്പെട്ടിട്ടില്ല. പല ഗുണങ്ങളും മറ്റു ഗുണങ്ങളില്‍ അന്തര്‍ഭവിക്കുന്നവയാണ്. ഉദാ. ശ്ലേഷം, സമാധി, ഉദാരത, പ്രസാദം എന്നീ ശബ്ദഗുണങ്ങള്‍ ഓജസ്സ് എന്ന കാവ്യഗുണത്തില്‍ ഉള്‍കൊണ്ടിരിക്കുന്നു.

ന്യായദര്‍ശനത്തില്‍. കണാദന്റെ വൈശേഷിക ദര്‍ശനമനുസരിച്ച് സപ്തപദാര്‍ഥങ്ങളില്‍ ഒന്നാണ് ഗുണം. ഒരു വസ്തുവിനെയോ അതിന്റെ ഘടകത്തെയോ സൂചിപ്പിക്കുവാന്‍ കണാദന്‍ ഉപയോഗിച്ച പദമാണ് പദാര്‍ഥം. കണാദമതമനുസരിച്ച് ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം എന്നിങ്ങനെ സകലവിശ്വതത്ത്വങ്ങള്‍ക്കും അടിസ്ഥാനമായി ആറാണ് പദാര്‍ഥങ്ങള്‍. ശ്രീധരന്‍, ഉദയനന്‍, ശിവാദിത്യന്‍ തുടങ്ങിയ നവീന വൈശേഷികന്മാര്‍ അഭാവം എന്നതുകൂടിച്ചേര്‍ത്തു പദാര്‍ഥ സംഖ്യ ഏഴ് ആക്കി (ദ്രവ്യം, സംഖ്യ, ഗുണം, സംബന്ധം, ദേശം, കാലം, ഭാവം, മനോവൃത്തി, ഉപാംഗം, കര്‍മം ഇങ്ങനെ പദാര്‍ഥങ്ങള്‍ പത്തെന്ന് അരിസ്റ്റോട്ടില്‍). ദ്രവ്യം, ഗുണം, കര്‍മം എന്നിവയ്ക്കു യഥാര്‍ഥവും വസ്തുനിഷ്ഠവുമായ അസ്തിത്വമുണ്ട്. കണാദന്‍ ഇവയെ അര്‍ഥങ്ങള്‍ എന്നു വിളിക്കുന്നു. സാമാന്യം, വിശേഷം, സമവായം എന്നിവ താര്‍ക്കിക പദാര്‍ഥങ്ങളാണ്.

വൈശേഷിക സൂത്രത്തില്‍ 17 ഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്. അവ രൂപം, രസം, ഗന്ധം, സ്പര്‍ശം, സംഖ്യ, പരിമാണം, പൃഥക്ത്വം, സംയോഗം, വിഭാഗം, പരത്വം (പൂര്‍വവര്‍ത്തിത്വം), അപരത്വം (ഉത്തരവര്‍ത്തിത്വം), ബുദ്ധി (ജ്ഞാനം), സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, പ്രയത്നം ഇവയാണ്. ഇവയുടെ കൂടെ ഗുരുത്വം, ദ്രവത്വം, സ്നേഹം, ധര്‍മം, അധര്‍മം, ശബ്ദം, സംസ്കാരം എന്നിങ്ങനെ ഏഴ് ഗുണങ്ങള്‍ കൂടി പ്രശസ്തപാദന്‍ ചേര്‍ക്കുന്നു.

രണ്ടോ മൂന്നോ അധികമോ ദ്രവ്യങ്ങളിലിരിക്കുന്ന ഗുണം സാമാന്യഗുണം. ഏകദ്രവ്യത്തെ ആശ്രയിക്കുന്നതു വിശേഷഗുണം. സംഖ്യ, പരിമാണം, പൃഥക്ത്വം, സംയോഗം, വിഭാഗം, പരത്വം അപരത്വം, ഗുരുത്വം, നൈമിത്തിക ദ്രവത്വം, ദ്രുതഗതി എന്നിവ സാമാന്യഗുണങ്ങളാണ്. രൂപം, രസം, ഗന്ധം, സ്പര്‍ശം, സ്നിഗ്ധത, സ്വാഭാവികദ്രവ്യത്വം, ബുദ്ധി, സുഖം, ദുഃഖം, ഇച്ഛാദ്വേഷം, പ്രയത്നം, ധര്‍മം, അധര്‍മം, സംസ്കാരം, ശബ്ദം എന്നിവ വിശേഷഗുണങ്ങള്‍. പ്രത്യക്ഷവിഷയങ്ങള്‍, പ്രത്യക്ഷവിഷയങ്ങളല്ലാത്തവ എന്നു മറ്റൊരു വിഭജനവും ഗുണങ്ങള്‍ക്കുണ്ട്.

പൃഥിവി, അപ്, തേജസ്സ്, വായു, ആകാശം എന്നീ അഞ്ചു ദ്രവ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് വൈശേഷിക ദര്‍ശനത്തിന്റെ ഭൗതിക സിദ്ധാന്തം കണാദന്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ പഞ്ചഭൂതങ്ങള്‍ യഥാക്രമം ഘനം, തരളം, പ്രകാശം, വായവ്യം, അന്തരീക്ഷസംബന്ധി എന്നിങ്ങനെ പ്രകൃതിയുടെ അഞ്ച് അവസ്ഥകളാണ്. പൃഥിവിക്ക് ഗന്ധം, രസം, രൂപം, സ്പര്‍ശം എന്നിങ്ങനെ നാലു ഗുണങ്ങള്‍. ഇവയില്‍ പ്രധാനഗുണം ഗന്ധമാണ്. അപ്പിന്റെ വിശേഷഗുണമാണ് രസം, തേജസ്സിന്റേതു സപ്രകാശതയും. വായുവിനു സ്പര്‍ശവും ആകാശത്തിനു ശബ്ദവും ആണു ഗുണങ്ങള്‍. പൃഥിവി, വായു, തേജസ്സ്, ജലം എന്നീ മൂര്‍ത്ത ദ്രവ്യങ്ങളുടെ പരമസൂക്ഷ്മഘടകങ്ങളെ കണാദന്‍ പരമാണുക്കള്‍ എന്നു വിളിക്കുന്നു.

(എ.ബി. രഘുനാഥന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍