This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണകം

Multiplier

ഉപഭോഗവും നിക്ഷേപവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാന്‍ ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് (1883-1946) എന്ന ധനശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ആശയം. നിക്ഷേപത്തിലുള്ള ഒരു പ്രാരംഭവര്‍ധനവ് ദേശീയ വരുമാനത്തില്‍ എത്ര വര്‍ധനവുണ്ടാക്കുന്നു എന്ന് ഗുണകം വ്യക്തമാക്കുന്നു. നിക്ഷേപത്തിലെ പ്രാരംഭവര്‍ധനവ് ഉപഭോഗത്തിലും അതുവഴി ദേശീയ വരുമാനത്തിലും ഉണ്ടാക്കുന്ന വര്‍ധനവ് ആദ്യത്തെ നിക്ഷേപവര്‍ധനവിന്റെ എത്ര മടങ്ങാണ് എന്ന് ഇത് തിട്ടപ്പെടുത്തുന്നു.

നിക്ഷേപവര്‍ധനവും വരുമാനവര്‍ധനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി കെയിന്‍സിനു മുന്‍പുള്ള പല ധനശാസ്ത്രജ്ഞന്‍മാരും ബോധവാന്മാരായിരുന്നുവെങ്കിലും വ്യക്തവും ക്ലിപ്തവുമായ രൂപത്തില്‍ ഈ ബന്ധത്തെ ആവിഷ്കരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 1929-ലാണ് കെയിന്‍സ് ഈ ആശയം വ്യക്തമാക്കിയത്. സമ്പദ് വ്യവസ്ഥയില്‍ ഒരു നിക്ഷേപം നടക്കുമ്പോള്‍ അതിന്റെ ഫലമായി ദേശീയ വരുമാനം വര്‍ധിക്കുന്നു. ഈ വര്‍ധനവ് ആദ്യത്തെ നിക്ഷേപത്തിന് തുല്യമല്ല. അതിനെക്കാള്‍ കൂടുതലാണ്. പ്രാരംഭനിക്ഷേപം അതു നടക്കുന്ന വ്യവസായത്തില്‍ മാത്രമല്ല, മറ്റുചില വ്യവസായങ്ങളിലും വരുമാനത്തെ വര്‍ധിപ്പിക്കുന്നുവെന്നതാണ് ഇതിനു കാരണം. ഒരു പ്രദേശത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനായി കെട്ടിടങ്ങളും നിരത്തുകളും പണിയുന്നതിന് പത്തു കോടി രൂപ ചെലവാക്കാന്‍ ഗവണ്മെന്റ് തീരുമാനിക്കുന്നുവെന്നു കരുതുക. ഇത് ദേശീയ വരുമാനത്തില്‍ 10 കോടി രൂപയുടെ വര്‍ധനവുണ്ടാക്കുന്നു. മരാമത്തു പണിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും മറ്റും 10 കോടി രൂപ വരുമാനം ലഭിക്കുന്നു. ഇതിന്റെ സിംഹഭാഗവും അവര്‍ ഉപഭോഗവസ്തുക്കള്‍ വാങ്ങാന്‍ ചെലവാക്കുന്നു. ഇതിന്റെ ഫലമായി ഉപഭോഗവസ്തുക്കള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളില്‍ ഉത്പാദനം വര്‍ധിക്കുകയും അവിടത്തെ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യുന്നു. അവരും തങ്ങളുടെ വരുമാനം ഉപഭോഗവസ്തുക്കള്‍ക്കായി ചെലവാക്കും. അങ്ങനെ ഓരോ ഘട്ടത്തിലും വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രാരംഭ നിക്ഷേപത്തിന്റെ സ്വാധീനം ഇല്ലാതാകുന്നതു വരെ ഈ പ്രക്രിയ തുടരും. ആദ്യത്തെ നിക്ഷേപമായ 10 കോടി രൂപയെക്കാള്‍ എത്രയോ അധികം വരുമാനം വര്‍ധിക്കുന്നു എന്നതാണ് അന്തിമഫലം. പത്തുകോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിന്റെ ഫലമായി വരുമാനം 30 കോടി രൂപയായി വര്‍ധിക്കുന്നു എന്ന് വിചാരിച്ചാല്‍ നിക്ഷേപഗുണകം മൂന്ന് ആയിരിക്കും. അതുപോലെ തന്നെ തൊഴിലിന്റെ കാര്യവും. നിക്ഷേപഫലമായി ആരംഭത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നുവയ്ക്കുക. വരുമാനവര്‍ധനവോടൊപ്പം തൊഴില്‍ വര്‍ധനവുണ്ടാകുന്നു. ഉത്പാദന പ്രക്രിയയുടെ ആവര്‍ത്തനം മൂലം അന്തിമമായി തൊഴിലിലുണ്ടാകുന്ന മൊത്തം വര്‍ധനവ് തൊഴിലിലുണ്ടായ പ്രാരംഭവര്‍ധനവിനെക്കാള്‍ എത്രയോ മടങ്ങ് അധികമായിരിക്കും. മരാമത്തു പണിയിലും വ്യവസായങ്ങളിലുമായി മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെങ്കില്‍ തൊഴില്‍ഗുണകം മൂന്ന് ആയിരിക്കും.

ഉപഭോഗവസ്തുക്കളുടെ ലഭ്യത, നിക്ഷേപത്തിന്റെ അനുസ്യൂതമായ വര്‍ധനവ്, അറ്റനിക്ഷേപ വര്‍ധനവ്, തൊഴിലില്ലായ്മ, വ്യാവസായിക സമ്പദ് വ്യവസ്ഥ തുടങ്ങിയ ചില ഉപാധികള്‍ക്കു വിധേയമാണ് ഗുണകത്തിന്റെ പ്രവര്‍ത്തനം. ആ ഉപാധികള്‍ നിറവേറിയാല്‍ മാത്രമേ ഗുണകം പൂര്‍ണമായും ഫലപ്രദമായും പ്രവര്‍ത്തിക്കുകയുള്ളു. അവ നിറവേറപ്പെടാതിരിക്കുകയോ ഭാഗികമായി മാത്രം നിറവേറുകയോ ആണെങ്കില്‍ അത് ഗുണകത്തിന്റെ പ്രവര്‍ത്തനത്തിന് തടസമാകും. കെയിന്‍സ് നിക്ഷേപ ഗുണകത്തെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കാഹ്ന്‍ തൊഴില്‍ ഗുണകത്തെയും ആണ് അവതരിപ്പിച്ചത്. തുടര്‍ന്ന് ചില ധനശാസ്ത്രജ്ഞന്മാര്‍ ഗുണകമെന്ന ആശയത്തെ മറ്റു ചില മേഖലകളില്‍ കൂടി പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിദേശവ്യാപാരം, വിലവര്‍ധനവ്, ഉപഭോഗം, നികുതികള്‍ തുടങ്ങിയവയ്ക്കും അവര്‍ ഗുണകം പ്രായോഗികമാക്കിട്ടുണ്ട്.

(എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%81%E0%B4%A3%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍