This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഡ് വില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഡ് വില്‍

Goodwill

വ്യാപാര-വാണിജ്യ സ്ഥാപനത്തിന്റെ ജനസമ്മതിയുടെ സാമ്പത്തിക മൂല്യം. ഒരു സ്ഥാപനം വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ ആ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ സാമ്പത്തിക പ്രാധാന്യം, ആ സ്ഥാപനത്തിന്റെ വലുപ്പം, അതില്‍ പ്രവര്‍ത്തിക്കുന്ന ഉടമയെയും ജോലിക്കാരെയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന മതിപ്പ്, ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനകാലം, വ്യാപാര വളര്‍ച്ച തുടങ്ങിയ ഘടകങ്ങളുടെ ഫലമായി ഇതരസ്ഥാപനങ്ങളെ അപേക്ഷിച്ച് ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും തന്മൂലം വരുമാനവും ലാഭവും വര്‍ഷം പ്രതി വര്‍ധിക്കുന്നു. വരുമാനവും ലാഭവും വര്‍ധിപ്പിക്കുന്ന ഈ ഘടകങ്ങളാണ് ഗുഡ് വില്ലിന്റെ സൂചകങ്ങള്‍.

ഇതര വാണിജ്യ-വ്യാപാര സംരംഭങ്ങളെ അപേക്ഷിച്ച് ഒരു വാണിജ്യ-വ്യാപാര സംരംഭത്തിനുണ്ടാകുന്ന എല്ലാ സാമ്പത്തിക സൗകര്യങ്ങളും മേന്മകളും ഗുഡ് വില്ലിന്റെ അര്‍ഥവ്യാപ്തിയില്‍പ്പെടുന്നു. ഒരു സ്ഥാപനത്തിന്റെ സ്പര്‍ശവേദ്യ (tangible)മായ ആസ്തിയില്‍ നിന്ന് സാധാരണ നിലയില്‍ പ്രതീക്ഷിക്കുന്ന ആദായത്തിനുപരിയായിയുണ്ടാകുന്ന ആദായമാണിത്. അതായത് ഒരു ദീര്‍ഘകാല അസ്പര്‍ശവേദ്യ സ്വത്താണ് ഗുഡ് വില്‍. കുത്തക-അര്‍ധകുത്തക സ്വഭാവമുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവയുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുഡ് വില്‍ താരതമ്യേന കൂടുതലായിരിക്കും.

വാണിജ്യ-വ്യപാരവുമായി ബന്ധപ്പെട്ട സ്പര്‍ശവേദ്യമല്ലാത്ത (intangible) ഒരു സ്വത്തായതിനാല്‍ സംരംഭത്തില്‍ നിന്ന് വേര്‍പെടുത്തി ഗുഡ് വില്‍ മാത്രമായി വാങ്ങാനോ വില്ക്കാനോ കഴിയില്ല. ഒരു സ്ഥാപനം കൈമാറ്റം ചെയ്യുമ്പോഴാണ് ഗുഡ് വില്ലിന് സ്വത്തെന്ന നിലയില്‍ വിലയുണ്ടാകുന്നത്. ഉദാഹരണമായി 'എ' കമ്പനി 30 ലക്ഷം രൂപകൊടുത്ത് 'ബി' കമ്പനിയുടെ സ്വത്തുക്കള്‍ വിലയ്ക്കെടുക്കുന്നുവെന്നു കരുതുക. 'ബി' കമ്പനിയുടെ സ്പര്‍ശവേദ്യമായ ആസ്തിയുടെ വില 20 ലക്ഷമേ ഉള്ളുവെങ്കില്‍ 'എ' കമ്പനി അധികമായി നല്കുന്ന 10 ലക്ഷം രൂപ കമ്പനിയുടെ ഗുഡ് വില്ലിന്റെ വിലയായിട്ടായിരിക്കും.

ഗുഡ് വില്‍ ഉള്‍പ്പെടെ ഒരു സ്ഥാപനം വില്ക്കുമ്പോള്‍ വില്ക്കുന്നയാള്‍ അതേ രീതിയിലുള്ള ഒരു സ്ഥാപനം ആ സ്ഥാനത്തുതന്നെ പുതുതായി തുടങ്ങാന്‍ പാടില്ലെന്ന നിയമം മിക്ക രാജ്യങ്ങളിലുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍