This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുംഫിത നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുംഫിത നദി

Braided river

ഗുംഫിത നദി

നദീമാര്‍ഗത്തില്‍ മണല്‍ക്കൂനകളും തുരുത്തുകളും ഉണ്ടാകുന്നതിനെത്തുടര്‍ന്ന് നീരൊഴുക്ക് പല വഴികളിലായി വേര്‍പിരിഞ്ഞും പുന:സംഗമത്തിലൂടെ കെട്ടുപിണഞ്ഞുമുള്ള അവസ്ഥയില്‍ നദിക്ക് നല്കുന്ന വിശേഷണം. ധാരാളം ജലം ഒഴുകിയെത്തുന്ന നദികള്‍ ചായ്വുകൂടിയ തലങ്ങളിലൂടെ ഒലിച്ചിറങ്ങുമ്പോഴാണ് ഗുംഫനം (braiding) സംഭവിക്കുന്നത്. നദീപാര്‍ശ്വങ്ങള്‍ ഇളക്കമുള്ള മണ്ണട്ടികളാവുമ്പോള്‍ കരയിടിയുന്നതിനും മണല്‍ക്കൂനകള്‍ സൃഷ്ടിക്കപ്പെടുന്നതിനും സാധ്യതയേറുന്നു. അനുകൂലകാലാവസ്ഥയില്‍ സസ്യജാലങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുന്നത് നദീമാര്‍ഗത്തിലെ മണല്‍ക്കൂനകള്‍ വലുപ്പം പ്രാപിച്ച് തുരുത്തുകളായിമാറുന്നതിന് സഹായകമാകുന്നു. വേനല്‍ക്കാലത്ത് ജലധോരണിയില്‍ കുറവുണ്ടാവുന്നതോടെ ഗുംഫനം പൂര്‍ണരൂപത്തിലാകും. മഴക്കാലത്ത് മണല്‍ക്കൂനകളും ചെറുതുരുത്തുകളും ജലപ്പരപ്പിനടിയില്‍ ആണ്ടുപോവുന്നതുമൂലം ഗുംഫിതരൂപം പ്രകടമല്ലാതെ വരാം. എന്നാല്‍ ഇവ അടിയൊഴുക്കിന് തടസം സൃഷ്ടിച്ച് നദീമാര്‍ഗത്തിന് വിസര്‍പ്പണം (meandering) ഉണ്ടാക്കുന്നു. ഇക്കാരണത്താല്‍ പലപ്പോഴും ഗുംഫിതാവസ്ഥ വിസര്‍പ്പണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വിസര്‍പ്പണങ്ങളിലേതിനെ അപേക്ഷിച്ച് പരപ്പും ആഴക്കുറവുമുള്ള ജലതടങ്ങളാണ് ഗുംഫിത നദിയില്‍ കാണപ്പെടുന്നത്. ഇവയെ വേര്‍തിരിച്ച് അറിയുന്നതിനുള്ള മുഖ്യോപാധിയും ഇതുതന്നെ. നദിയുടെ വീതിക്കൂടുതലും ആഴക്കുറവും ജലപ്രളയത്തിന് കാരണങ്ങളാകാം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്  ഗുംഫനത്തിന് സ്ഥാനവ്യതിയാനം ഉണ്ടാകുന്നതും സാധാരണംതന്നെ.

ഗുംഫിതനദിയിലെ നീരൊഴുക്ക് കൈവഴികളിലായി വേര്‍തിരിയുന്നതും പുനഃസംഗമത്തിന് വിധേയമാകുന്നതും പല രീതികളിലാണ്. നദീമധ്യത്തായി രൂപംകൊള്ളുന്ന നെടിയ മണല്‍ത്തിട്ടമൂലം നീരൊഴുക്ക് രണ്ടായി പിരിയുന്നതാണ് എറ്റവും ലഘുവായ ഗുംഫനം. ജാലികാരൂപത്തില്‍ (reticulate pattern) വിവിധ കൈവഴികളായി പിരിഞ്ഞും കൂടിയോജിച്ചും കെട്ടുപിണഞ്ഞ അവസ്ഥയില്‍ക്കാണുന്ന സങ്കീര്‍ണമായ ഗുംഫനവും അസാധാരണമല്ല. ഓരോ കൈവഴിയും മാതൃധാരയെക്കാള്‍ കുറഞ്ഞ വീതിയിലും, എന്നാല്‍ വര്‍ധിച്ച ആഴത്തിലും ആയിരിക്കും; ഗുംഫന വിധേയമാകുമ്പോള്‍ നദീമാര്‍ഗത്തിന്റെ മൊത്തം വീതിയില്‍ വര്‍ധനവുണ്ടാകുന്നു. ഓരോ കൈവഴിയുടെയും സ്വഭാവ സവിശേഷതകള്‍ വ്യത്യസ്തമാണ്. കൈവഴികള്‍ക്ക് ഇടയ്ക്കിടെ ഗതിമാറ്റം സംഭവിക്കാറുണ്ട്. നദി ഒഴുക്കി നീക്കുന്ന അവസാദങ്ങളുടെ (sediments) ഭാരം വഹനാതീതമായി വര്‍ധിക്കുമ്പോള്‍, ഗതിവേഗം കൂട്ടുന്നതിന് അവലംബിക്കുന്ന നൈസര്‍ഗിക പ്രക്രിയയാണ് ഗുംഫനം. കൈവഴികളായിപ്പിരിയുന്ന പ്രക്രമങ്ങളെല്ലാം ഗുംഫനം ആയിക്കൊള്ളണമെന്നില്ല.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍