This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീഥൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീഥൈറ്റ്

ഇരുമ്പിന്റെ ഒരയിര്. പ്രകൃതിയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ധാതുക്കളിലൊന്നാണിത്. ഇരുമ്പിന്റെ ഒരു ഓക്സൈഡ് ധാതുവാണ് ഗീഥൈറ്റ്. ഫോര്‍മുല H Fe O2. ഇതിനെ ഹൈഡ്രസ് അയണ്‍ ഓക്സൈഡ് FeO (OH)-എന്നും വിളിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഹൈഡ്രോക്സില്‍ (OH) ഗ്രൂപ്പില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ധനചാര്‍ജുള്ള ഹൈഡ്രജന്‍ ആറ്റമാണ് ഇതിലുള്ളത്.

ശുദ്ധ ഗീഥൈറ്റില്‍ സാധാരണയായി 63 ശ.മാ. ഇരുമ്പ്, 27 ശ.മാ. ഓക്സിജന്‍, 10 ശ.മാ. ജലം എന്നിവ അടങ്ങിയിരിക്കും. അഞ്ച് ശ.മാനത്തോളം മാങ്ഗനീസും മിക്ക സാമ്പിളുകളിലും കണ്ടുവരുന്നു. ജര്‍മന്‍ കവിയായ യോഹാന്‍ വൂള്‍ഫ്ഗാങ് ഫൊണ്‍ ഗൊയ്റ്റ്ഥെയുടെ (1749-1832) ബഹുമാനാര്‍ഥം 1806 മുതല്‍ ഈ ധാതുവിനെ ഗീഥൈറ്റ് എന്നു വിളിക്കാന്‍ തുടങ്ങി. ഇരുമ്പിന്റെ മറ്റു ധാതുക്കള്‍ ഓക്സീകരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വിധേയമാകുമ്പോള്‍ ഗീഥൈറ്റായി മാറുന്നു. ഹീമറ്റൈറ്റ് കഴിഞ്ഞാല്‍ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അയണ്‍ ഓക്സൈഡ് ധാതുവാണിത്.

ഭൂമിയുടെ ഉപരിതലത്തിനോടടുത്ത പ്രദേശങ്ങളില്‍ ധാരാളം ജലമുണ്ടെന്നു മാത്രമല്ല ഓക്സീകരണം നടക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രാസസ്ഥിരതയുള്ള ഇരുമ്പിന്റെ ധാതു ഗീഥൈറ്റാണ്. ജലത്തില്‍ ലയിച്ചു ചേരാനിടയാകുന്ന ഇരുമ്പുധാതുക്കള്‍ ഗീഥൈറ്റായി മാറി ചതുപ്പു നിലങ്ങളുടെയും അരുവികളുടെയും അടിത്തട്ടില്‍ അടിയുന്നു. ഇത്തരം ഇരുമ്പുനിക്ഷേപങ്ങളില്‍ ധാരാളം മാലിന്യങ്ങളടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയെ വാണിജ്യാടിസ്ഥാനത്തില്‍ ചൂഷണം ചെയ്യാനാവില്ല. സൂപ്പീരിയര്‍ തടാകത്തിന്റെ സമീപ പ്രദേശങ്ങള്‍, ജര്‍മനിയിലെ അള്‍സേസ് - ലൊറെയ്ന്‍ പ്രദേശങ്ങള്‍, ബൊഹീമിയ തുടങ്ങിയ സ്ഥലങ്ങളിലുള്ള വന്‍-ഗീഥൈറ്റ് നിക്ഷേപങ്ങളില്‍നിന്ന് തികച്ചും ലാഭകരമായി ഇരുമ്പ് നിഷ്കര്‍ഷണം ചെയ്തെടുക്കുന്നുണ്ട്.

കടുത്ത തവിട്ടുനിറമോ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞകലര്‍ന്ന തവിട്ടുനിറമോ ഉള്ള പരലുകളായാണ് ഗീഥൈറ്റ് പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നത്. ഈ പരലുകള്‍ക്ക് വജ്രത്തിന്റെയോ ലോഹങ്ങളുടെയോ തിളക്കമാണ്. ഇതിന്റെ ആ.സാ. 3.3 മുതല്‍ 4.3 വരെയും കാഠിന്യം അഞ്ച് മുതല്‍ 5.5 വരെയുമാണ്. ഓര്‍തോറോംബിക് പരല്‍വ്യവസ്ഥയുള്ള സ്ഥൂലരൂപത്തിലുള്ള പ്രിസ്മാറ്റിക് പരലുകളായാണ് ഇതിന്റെ ഉപസ്ഥിതി. നാരുരൂപത്തിലുള്ള പരല്‍സഞ്ചയമല്ലാതെ വെവ്വേറെ പരലുകളായി ഇതു കാണപ്പെടാറില്ല. ഭാഗികമായി അര്‍ധതാര്യ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഒരു ധാതുവാണ് ഗീഥൈറ്റ്. ഇത് ഭൂമിയില്‍ ചുണ്ണാമ്പുകല്ല്, ഹീമറ്റൈറ്റ് എന്നിവയുമായി സംയോജിച്ചാണ് കാണപ്പെടുന്നത്. ഗീഥൈറ്റിന്റെ പരലാകൃതിയില്ലാത്ത ഒരു രൂപത്തിന് ലിമണൈറ്റ് എന്നാണു പേര്. ലിമണൈറ്റും ഗീഥൈറ്റും സംയോജിച്ചുണ്ടാകുന്ന ഒരു മിശ്രിതം സള്‍ഫൈഡ് ഖനിജസിരകളുടെ മുകളില്‍ ഒരു ബാഹ്യാവരണം ഉണ്ടാക്കുന്നതായി കണ്ടുവരുന്നു.

ഗീഥൈറ്റിലുള്ള അതേ യൌഗികം-ഒഎല ഛ2-തന്നെയാണ് തുരുമ്പിന്റെയും പ്രധാനഘടകം. ഗീഥൈറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ ലഭ്യതയില്‍ താരതമ്യേന പിന്നാക്കം നില്‍ക്കുന്ന ലെപിഡോ ക്രോസൈറ്റ് എന്ന ധാതുവിനെയാണ് ആദ്യകാലങ്ങളില്‍ ഗീഥൈറ്റ് എന്നു വിളിച്ചിരുന്നത്. ഗീഥൈറ്റിന്റെ അതേ രാസഘടനതന്നെയാണ് ഇതിനുമുള്ളതെങ്കിലും പരല്‍ഘടന വ്യത്യസ്തമാണ്. റഷ്യ, യു.എസ്., ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ ഗീഥൈറ്റ് വന്‍തോതില്‍ ഖനനം ചെയ്തെടുക്കുന്നു.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍