This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീതാദത്ത് (1930 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീതാദത്ത് (1930 - 72)

പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക. ഗീതാറോയ് എന്നാണ് യഥാര്‍ഥ നാമധേയം. പ്രശസ്ത ബോളിവുഡ് സംവിധായകനായിരുന്ന ഗുരുദത്തിനെ 1953-ല്‍ വിവാഹം ചെയ്തതോടെയാണ് ഇവര്‍ ഗീതാദത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

1930-ല്‍ പൂര്‍വ ബംഗാളിലെ ഫരീദ്പൂര്‍ ജില്ലയില്‍ ജനിച്ചു. 1942-ല്‍ ഇവരുടെ കുടുംബം മുംബൈയിലേക്ക് താമസം മാറിയതോടെ പഠനവും തുടര്‍ജീവിതവും അവിടെയായിരുന്നു. 1946-ല്‍ ഭക്ത് പ്രഹ്ളാദ എന്ന ചിത്രത്തിനുവേണ്ടി പാടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് 1971-വരെ നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്കും ചില ബംഗാളി സിനിമകള്‍ക്കും വേണ്ടി ഗാനങ്ങളാലപിച്ചു. അക്കാലത്തെ പ്രധാന സംഗീതസംവിധായകനായിരുന്ന എസ്.ഡി. ബര്‍മന്‍, ഒ.പി. നയ്യാര്‍ തുടങ്ങിയവര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു ഗീതാദത്ത് കൂടുതലായും ആലപിച്ചത്.

ദൊ ഭായി (1947), ഷഹീദ് (1948), ജോഗണ്‍ (1950), അനാര്‍ക്കലി (1953), പ്യാസാ (1957), സൈലാബ് (1956), സുജാത (1959), സാഹിബ് ബീബി ഓര്‍ ഗുലാം (1962), അനുഭവ് (1971) തുടങ്ങിയവയായിരുന്നു ഇവര്‍ ഗാനങ്ങളാലപിച്ച പ്രധാന ഹിന്ദി ചിത്രങ്ങള്‍. പൃഥ്വി അമരാ ചായേ (1957), ഇന്ദ്രാനി (1958), സോനാര്‍ ഹരീന്‍ (1959), ഹോസ്പിറ്റല്‍ (1960) തുടങ്ങിയവയാണ് ഇവര്‍ ഗാനങ്ങളാലപിച്ച പ്രധാന ബംഗാളി ചിത്രങ്ങള്‍.

1972 ജൂല. 20-ന് ഗീതാദത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍