This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീതാഞ്ജലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീതാഞ്ജലി

രബീന്ദ്രനാഥ ടാഗൂറിന്റെ (1861-1941) പ്രസിദ്ധമായ കാവ്യസമാഹാരം. ബംഗാളിഭാഷയില്‍ 1910 ജൂലൈയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 157 ഗാനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. ടാഗൂര്‍ തന്നെ തയ്യാറാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഗീതാഞ്ജലിക്ക് 1913-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ഗീതാഞ്ജലി, ഗീതിമാല്യം, നൈവേദ്യം, ഖേയ, ശിശു എന്നീ കൃതികളില്‍നിന്നു തിരഞ്ഞെടുത്ത 103 ഗീതങ്ങളാണിതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിലെ 53 ഗാനങ്ങള്‍ മാത്രമേ ബംഗാളി ഗീതാഞ്ജലിയില്‍ നിന്നുള്ളൂ. 1912 ന.-ല്‍ ലണ്ടനിലെ ഇന്ത്യാസൊസൈറ്റിയാണ് ഇംഗ്ലീഷിലുള്ള ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തിയത്.

അത്യന്തം ഭാവസാന്ദ്രവും സംഗീതാത്മകവുമായ ഇതിലെ ഗീതങ്ങള്‍ തര്‍ജുമകളല്ല. ഏറെക്കുറെ പുനര്‍നിര്‍മാണങ്ങളാണെന്ന് പറയാം. ഉപനിഷത്തുകള്‍, മധ്യകാലവൈഷ്ണവകവിതകള്‍, ബൈബിള്‍ പുതിയനിയമം മുതലായ സ്രോതസ്സുകളില്‍ നിന്നെല്ലാം ഊറിക്കൂടിയ സംസ്കാരത്തിന്റെ സത്ത ഗീതാഞ്ജലിയില്‍ നമുക്ക് അനുഭവവേദ്യമാകുന്നു. നിത്യജീവിതത്തില്‍നിന്നും ഉള്ളില്‍ പതിഞ്ഞ മൂര്‍ത്ത ബിംബങ്ങള്‍ കോര്‍ത്തിണക്കി വികാരനിര്‍ഭരവും ഹൃദയസ്പര്‍ശകവുമായ ഒരു പ്രപഞ്ചദര്‍ശനം ടാഗൂര്‍ ഇവിടെ അവതരിപ്പിക്കുന്നു. ഗീതാഞ്ജലിയുടെ മഹത്ത്വമെന്തെന്നറിയാന്‍ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക-"വീക്ഷണത്തെ വീണ്ടും വീണ്ടും വിശാലമാക്കുന്ന വികസ്വരചക്രവാളം. ഭാവനയെ വിടര്‍ത്തി പിന്നെയും പിന്നെയും പുതുക്കുകയും വര്‍ണശബളമാക്കുകയും ചെയ്യുന്ന അനുഭവമണ്ഡലം. വികാരങ്ങളെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരനിര്‍വചനീയ ഭാവം. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്, അധികമധികം വെളിച്ചത്തിലേക്ക് ആത്മാവിനെ നയിക്കുന്ന ഏതോ ഒരദൃശ്യഹസ്തത്തിന്റെ നിശ്ശബ്ദമായ ആംഗ്യം. ആശ്ളേഷിക്കുവാന്‍ അടുത്തടുത്തുവരുന്ന സ്നിഗ്ധഗംഭീരമായ വിശ്വത്തിന്റെ കൂടുതല്‍ കൂടുതല്‍ വ്യക്തമായി കേട്ടുതുടങ്ങുന്ന ഹൃദയസ്പന്ദനം... ഈ തീര്‍ഥാവഗാഹത്താല്‍ മാര്‍ജനം ചെയ്യുമ്പോള്‍ സാത്വികഭാവം തെളിഞ്ഞുതെളിഞ്ഞു വരുന്നു (ഗീതാഞ്ജലി പരിഭാഷയുടെ ആമുഖം).

ഈശ്വരോന്മുഖമായ വൈയക്തികാനുഭൂതികളുടെ ആവിഷ്കരണമാണ് ടാഗൂര്‍ ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. നശ്വരവും ക്ഷണികവുമായ ജീവിതത്തെ അദൃശ്യവും അമേയവുമായ പ്രപഞ്ചചൈതന്യത്തിന്റെ സ്പര്‍ശത്താല്‍ ധന്യമാക്കാനുള്ള ഉത്കടമായ അഭിനിവേശം ഈ കവിതകളില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. പരമാത്മബന്ധത്തിനു ദാഹിക്കുന്ന ജീവാത്മാവിന്റെ തീവ്രാനുഭൂതിയുടെ സംഗീതം ഇതിലെ ഓരോ ഗീതത്തിലും മുഖരിതമാകുന്നു. ഉറ്റബന്ധുക്കളുടെ മരണം സൃഷ്ടിച്ച ആഘാതം, അന്തര്‍മുഖനായ കവിയുടെ ആത്മാവില്‍ ഉറഞ്ഞുകൂടിയ ശോകം, അവാച്യമായ ഈശ്വരപ്രേമമായി മാറുന്നു.

സ്നേഹസ്വരൂപനായ ഈശ്വരന്റെ അപൂര്‍ണമായ ഒരു അഭിവ്യക്തിയാണ് കവിക്ക് പ്രപഞ്ചം. 'ഉന്നതമായ ശാന്തിപീഠത്തിലിരുന്ന് ബ്രഹ്മപദത്തെ ലക്ഷ്യമാക്കി നടത്തുന്ന ആത്മാര്‍പ്പണത്തില്‍ അറിയാതെ പൊഴിയുന്ന വിചാരകുസുമങ്ങളാണ്' ഗീതാഞ്ജലിയിലെ ഗാനങ്ങള്‍. ടാഗൂറിലെ മിസ്റ്റിക് സ്വഭാവം പൂര്‍ണമായും വെളിവാക്കുന്ന കവിതകളാണിവ.

'ഭജന്‍ പൂജന്‍ സാധന്‍ ആരാധനാസമസ്തഥാക്പഡേ'

എന്നു തുടങ്ങുന്ന ഗാനം ഒരു കര്‍മഗീതമാണ്. ഭജനയും പൂജയുമായി ക്ഷേത്രത്തിന്റെ ഒഴിഞ്ഞ കോണിലിരിക്കുന്നവനോട് ഈശ്വരസാക്ഷാത്കാരത്തിനായി നിലമുഴുന്ന കര്‍ഷകന്റെ അടുത്തെത്താനാണ് കവി ഉപദേശിക്കുന്നത്. വിശ്വമാനവികതയുടെ പ്രതീകമായി കവി മാറുകയാണിവിടെ. 'ചിത്തയേഥേ ഭയശൂന്യ' എന്നാരംഭിക്കുന്ന പ്രാര്‍ഥനാഗീതം ദേശപ്രേമത്തിന്റെയും സ്വാതന്ത്ര്യവാഞ്ഛയുടെയും മകുടോദാഹരണമാണ്.

മഹാകവിക്ക് ഏതാണ്ട് അന്‍പത് വയസ്സുള്ളപ്പോള്‍ 1912-ല്‍ ഇംഗ്ലണ്ടിലേക്കു കപ്പല്‍യാത്ര ചെയ്യവേയാണ് ഇംഗ്ലീഷ് ഗീതാഞ്ജലിയിലെ കവിതകള്‍ എഴുതിത്തീര്‍ന്നത്. കാവ്യരചനയ്ക്കു സ്വതന്ത്രപദ്യ (Free Verse) സമ്പ്രദായമാണ് ഇദ്ദേഹം സ്വീകരിച്ചത്.

ഇംഗ്ലീഷിലേക്കു പകര്‍ന്നപ്പോള്‍ ബംഗാളികവിതയുടെ വൈശിഷ്ട്യം പകുതിയും പൊയ്പ്പോയെന്ന് പരിഭാഷകനായ കവിതന്നെ ഏറ്റുപറയുന്നുണ്ട്. ആ നഷ്ടമൊന്നും കവിയുടെ മഹത്ത്വത്തിന്റെ മാറ്റു കുറച്ചിട്ടില്ല. ഗീതാഞ്ജലി ഹൃദയത്തിന് ആനന്ദവും പരിശുദ്ധിയും കര്‍ണങ്ങള്‍ക്കു സംഗീതവും നേത്രങ്ങള്‍ക്കു സൗന്ദര്യ പ്രതിമകളും, ആത്മാവിന് ഈശ്വരസ്മരണയും പ്രദാനം ചെയ്യുന്നു എന്നു പാശ്ചാത്യസഹൃദയലോകം മഹാകവിക്കു കൊടുത്ത മംഗളപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "ജീവിതം മുഴുവനും താന്‍ സ്വപ്നം കണ്ടിരുന്ന ഒരു സാങ്കല്പികലോകമാണ് ഗീതാഞ്ജലിയില്‍ ടാഗോര്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അതിലെ ഗീതങ്ങള്‍ തന്റെ ഹൃദയത്തെ ഏറെ മഥിക്കുന്നു'വെന്നും ഇഗ്ലീഷ് ഗീതാഞ്ജലിയുടെ അവതാരകനായ ഡബ്ള്യൂ. ബി. യേറ്റ്സ് പറയുന്നു.

ഗദ്യരൂപത്തിലും പദ്യരൂപത്തിലുമായി ഗീതാഞ്ജലിക്ക് മിക്ക ഭാരതീയഭാഷകളിലും നിരവധി പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. പ്രൊഫ. എന്‍. ഗോപാലപിള്ള, കെ.എല്‍.വി. ശാസ്ത്രി എന്നിവരുടെ സംസ്കൃതപരിഭാഷകള്‍ പ്രസിദ്ധങ്ങളാണ്. മലയാള പരിഭാഷകള്‍ ഏറിയകൂറും ഇംഗ്ലീഷ് ഗീതാഞ്ജലിയെ ആധാരമാക്കിയുള്ളവയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷ ബംഗാളികൃതിയെ അവലംബമാക്കിയുള്ളതും മൂലകൃതികളുടെ ഭാവാത്മകമായ സത്തയും ഗാനമാധുര്യവും ഉള്‍ക്കൊള്ളുന്നതുമാണ്. ഗീതാഞ്ജലി ഗാനങ്ങളുടെ ഭാവസത്തയും ശ്രവണസുഭഗതയും ചോര്‍ന്നു പോകാതെ മലയാളത്തനിമയിലേക്ക് ആവാഹിച്ചെടുക്കാന്‍ ജി.ക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം -

'വരൂ നവനവാകാരമാര്‍ന്നു നീയെന്റെ ജീവനില്‍

വരൂ ഗന്ധത്തില്‍ വര്‍ണത്തില്‍,

നാനാഗാനസ്വരങ്ങളില്‍

വരൂ പുളകദസ്പര്‍ശം

വഴിക്കെന്നംഗകങ്ങളില്‍.

വരൂ ചിത്തത്തിലമൃതമയ ഹര്‍ഷാനുഭൂതിയില്‍,

വരൂ വിമുഗ്ധനയനനിമീലിതപുടങ്ങളില്‍'

(ഏഴാം ഗീതത്തിന്റെ പരിഭാഷ).

ഇംഗ്ലീഷ് ഗീതാഞ്ജലിയില്‍ ഉള്ള ബംഗാളികവിതകളുടെ പരിഭാഷയാണ് കെ.സി. പിള്ളയും ഡോ. വി.എസ്. ശര്‍മയും ചേര്‍ന്നു നിര്‍വഹിച്ചിട്ടുള്ളത്. നോ: രവീന്ദ്രനാഥടാഗോര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍