This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗീതങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗീതങ്ങള്‍
സംഗീതത്തിലെ സാഹിത്യത്തോടുകൂടിയ ഗാനരൂപം. ഇവ രണ്ടു വിധമുണ്ട്. 1. ലക്ഷ്യഗീതം അഥവാ സഞ്ചാരിഗീതം. 2. ലക്ഷണഗീതം. ഗീതത്തിന്റെ സാഹിത്യം എട്ടു വിധത്തിലുള്ള ഭാഷകള്‍ ഒന്നു ചേര്‍ന്നു സ്വരം, രാഗം എന്നിവയോടുകൂടി അര്‍ഥമില്ലാത്ത അ, അയ്യ, തിയ്യ, അം, ഒ, ഇയ, അരേ അക്ഷരങ്ങളും ചേര്‍ന്ന് ഇരിക്കേണ്ടതാണ് എന്നു സംഗീതരത്നാകരത്തില്‍ പറഞ്ഞിരിക്കുന്നു.
സാധാരണയായി ഗീതം എന്ന പദത്തിനു പാട്ട് എന്നാണര്‍ഥം. എന്നാല്‍ സംഗീതത്തില്‍ 'ഗീതം' എന്നാല്‍ ഒരു പ്രത്യേക സംഗീത രൂപം എന്നാണര്‍ഥം. രാഗത്തിന്റെ രഞ്ജകപ്രയോഗങ്ങള്‍ ചേര്‍ന്നായിരിക്കും ഗീതത്തിന്റെ സ്വരൂപം. ആരംഭം മുതല്‍ അവസാനം വരെ ഒരുപോലെ പല്ലവി, അനുപല്ലവി, ചരണം എന്ന വ്യത്യാസമില്ലാത്ത കൃതിയാണിത്. ഗീതത്തില്‍ സംഗതികള്‍ ഇല്ല. ഈശ്വരനെ സ്തുതിച്ചുകൊണ്ടുള്ളതാണ് ഗീതത്തിന്റെ സാഹിത്യം. ചൌക്ക കാലത്തിലാണ് ഗീതം പാടുന്നത്. ഗീതത്തിന്റെ സാഹിത്യമായി, സംസ്കൃതശ്ളോകങ്ങളും ഉപയോഗിച്ചതായിക്കാണുന്നു. (ഉദാ. ഭൈരവിരാഗത്തിലുള്ള 'ശ്രീരാമചന്ദ്ര'.) കന്നഡഭാഷയിലും ബാണ്ഡീര ഭാഷയിലും ഗീതങ്ങള്‍ കാണുന്നു.
18-ാം ശ.-ത്തിനു മുന്‍പു ജീവിച്ചിരുന്ന വാഗ്ഗേയകാരന്മാര്‍ ഗീതങ്ങള്‍ രചിക്കുന്നതില്‍ താത്പര്യമുള്ളവരായിരുന്നു. രാഗത്തിന്റെ ലക്ഷണത്തെ വിവരിക്കുന്നതാണ് ലക്ഷണഗീതം. ഇവ രണ്ടു വിധത്തിലുണ്ട്. രാഗാംഗരാഗലക്ഷണഗീതം, ജന്യരാഗലക്ഷണഗീതം എന്നിവയാണവ. രാഗാംഗരാഗലക്ഷണഗീതങ്ങള്‍ മേളകര്‍ത്താരാഗങ്ങളിലാണു രചിച്ചിട്ടുള്ളത്. ഇവയില്‍ മൂന്നു ഭാഗങ്ങളുണ്ട് - സൂത്രഖണ്ഡം, ഉപാംഗഖണ്ഡം, ഭാഷാംഗഖണ്ഡം. സൂത്രഖണ്ഡത്തില്‍ ആ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി, 'രവി കോടി തേജഗുണഗാന...' എന്നു തുടങ്ങിയ വരിയില്‍ രി, ഗ എന്നീ സ്വരങ്ങളെ സൂചിപ്പിച്ചിരിക്കുന്നു. ഉപാംഗഖണ്ഡത്തില്‍ ആ രാഗത്തിന്റെ മേളത്തിന്റെ പേരും ഭാഷാംഗഖണ്ഡത്തില്‍ കൊടുത്തിരിക്കുന്ന മേളത്തിന്റെ ജന്യമായ ഏതാനും ഭാഷാംഗരാഗങ്ങളുടെ പേരും കൊടുത്തിരിക്കുന്നു.
ജന്യരാഗലക്ഷണഗീതം. സാധാരണഗീതം പോലെ ആദ്യവസാനം പല്ലവി, അനുപല്ലവി, ചരണം എന്നീ ഭാഗങ്ങള്‍ ഇല്ലാതെ ഒരൊറ്റ കൃതിയായിട്ടാണ് ഇതു കാണുന്നത്. സംഗീതവിദ്യാര്‍ഥികള്‍ക്കു വളരെ പ്രയോജനമുള്ളതാണ് ലക്ഷണഗീതം. രാഗലക്ഷണം നന്നായി മനസ്സിലാക്കാന്‍ ലക്ഷണഗീതം സഹായിക്കുന്നു. ലക്ഷണഗീതങ്ങള്‍ 300 വര്‍ഷങ്ങള്‍ക്കുമുമ്പാണ് എഴുതപ്പെട്ടതെന്നു കരുതപ്പെടുന്നു. അച്ചടി നിലവിലില്ലാതിരുന്ന കാലത്തു രാഗലക്ഷണം വായിച്ച് പഠിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ലക്ഷണഗീതം അതിനു സഹായിച്ചു.
സംഗീതത്തിന്റെ ജീവനാഡിയാണ് ഗീതം. 'ഗീതപ്രസാദോരാഗ' എന്നാണ് അഭിജ്ഞോക്തി. ഗീതങ്ങളില്‍ക്കൂടിയാണ് രാഗസ്വരൂപം അറിയപ്പെടുന്നത്. ഘനരാഗഗീതങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ആധുനിക സമ്പ്രദായത്തിലെ ഗീതങ്ങളെക്കുറിച്ചാണ് ഇതേവരെ പറഞ്ഞത്. പുരന്ദരദാസര്‍, രാമാമാത്യര്‍, ഗോവിന്ദദീക്ഷിതര്‍, വെങ്കടമഖി മുതലായവര്‍ ഗീതങ്ങള്‍ രചിച്ചിട്ടുണ്ട്.
വെങ്കടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശികയില്‍ 'സാളഗസൂഡം' എന്നറിയപ്പെടുന്ന ഗാനങ്ങള്‍ക്കു ഗീതം എന്ന പേരു നല്കിയിരിക്കുന്നു. 'സൂഡം' എന്ന ദേശീയ ശബ്ദം ഗീതത്തെക്കുറിക്കുന്നു. ഒരു രാഗത്തില്‍ വേറൊരു രാഗത്തിന്റെ ഛായകലര്‍ന്നു കാണപ്പെടുന്ന രാഗത്തിനു 'ഛായാലഗ' രാഗമെന്നു പേര്‍. ഛായാലഗത്തിന്റെ ലോപിച്ചരൂപമാണ് 'സാലഗം' അഥവാ 'സാളഗം'. സാളഗസൂഡത്തിന് ഏഴു ഭേദങ്ങള്‍ കൊടുത്തിരിക്കുന്നു. 'ധ്രുവം' - ഇത് 16 വിധത്തിലുണ്ട് എന്നു ഭരതന്‍ പറയുന്നു. 'മട്ടം' - ഇതിനും ആറ് ഭേദങ്ങള്‍ കാണുന്നു. പ്രതിമട്ടം - ഇതിനു മട്ടത്തിന്റെ ലക്ഷണം തന്നെയാണ്. പക്ഷേ താളം പ്രതിമട്ടം: നിസ്സാരുകം-6 ഭേദങ്ങള്‍. ഇതേപോലെ അട്ടതാളം, രാസകം, ഏകതാളി എന്നിവയാണ് സാളഗസൂഡത്തിന്റെ മറ്റുഭേദങ്ങള്‍. മുന്‍പറഞ്ഞ ആധുനിക സമ്പ്രദായത്തിലെ ഗീതങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്.
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)