This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീത

ശ്രീമദ് ഭഗവദ്ഗീത. മഹാഭാരതാന്തര്‍ഗതമായ ഗ്രന്ഥമാണിത്. ഗീത എന്ന വാക്കിനര്‍ഥം ഗാനം ചെയ്യപ്പെട്ടത് എന്നാണ്. ശ്രീകൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ വച്ച് അര്‍ജുനനുപദേശിച്ചുകൊടുത്തതാണ് ഗീത.

ഭഗവദ്ഗീത സ്വതന്ത്രകൃതിയാണോ അല്ലയോ എന്നതിനെക്കുറിച്ചു പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എങ്കിലും പൊതുവേയുള്ള ധാരണയനുസരിച്ച് മഹാഭാരതം ഭീഷ്മപര്‍വത്തില്‍ 23 മുതല്‍ 40 വരെയുള്ള 18 അധ്യായങ്ങളാണ് ഗീത. പാണ്ഡവന്മാര്‍ തങ്ങള്‍ക്കവകാശപ്പെട്ട രാജ്യം നേടിയെടുക്കാന്‍ വേണ്ടി മറ്റെല്ലാവഴിയും പരാജയപ്പെട്ടപ്പോള്‍ കൗരവന്മാരുമായി യുദ്ധത്തിനൊരുങ്ങുന്നു. യുദ്ധസന്നദ്ധനായി കുരുക്ഷേത്ര (നോ. കുരുക്ഷേത്രം)ത്തിലെത്തിച്ചേര്‍ന്ന മധ്യമപാണ്ഡവനായ അര്‍ജുനന്‍, തന്റെ പക്ഷത്തും ശത്രുപക്ഷത്തുമായി അണിനിരന്നു നില്‍ക്കുന്ന ബന്ധുക്കളെയും ഗുരുപ്രവരന്മാരെയുമെല്ലാം കണ്ട് 'ഇവരെല്ലാം കൊല്ലപ്പെടുമല്ലോ' എന്ന ചിന്തയാല്‍ തളര്‍ന്നു വിവശനായി യുദ്ധം ചെയ്യുകയില്ലെന്നു നിശ്ചയിച്ച് അമ്പും വില്ലുമുപേക്ഷിച്ചു തേര്‍ത്തട്ടിലിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തെ കര്‍മോന്മുഖനാക്കാന്‍വേണ്ടി സാരഥിയായ ശ്രീകൃഷ്ണന്‍ ഉപദേശിച്ചു കൊടുത്ത തത്ത്വങ്ങളുടെ സമാഹൃതരൂപമാണ് ഭഗവദ്ഗീത. ഗീത സത്യാധിഷ്ഠിതമായ ജീവിത ശാസ്ത്രവും മഹാഭാരതകഥ അതിന്റെ പരീക്ഷണ ശാലയുമാണ്. എക്കാലത്തുമുള്ള മനുഷ്യജീവിതത്തിന്റെ ചിത്രണമാണ് മഹാഭാരതം. ജീവിതമാകുന്ന യുദ്ധഭൂമിയില്‍ മനുഷ്യന്‍ എന്തുനേടണമെന്നും എങ്ങനെ പെരുമാറണമെന്നും വ്യക്തമായി കാട്ടിത്തരുന്ന ഗ്രന്ഥമാണ് ഗീത. അദ്വൈതബോധം ഉറപ്പിക്കലാണു ലക്ഷ്യം. ലക്ഷ്യം നേടാന്‍ ഏതെങ്കിലുമൊരു കൂട്ടര്‍ക്കായി പ്രത്യേക മാര്‍ഗം നിദേശിക്കുകയല്ല ഗീത ചെയ്തത്. ജീവിതത്തിന്റെ ഏതു തലത്തില്‍ നില്ക്കുന്നവരെയും ലക്ഷ്യത്തോട് അടുപ്പിക്കത്തക്കവണ്ണം വിവിധ മാര്‍ഗങ്ങളെ സമന്വയിപ്പിക്കാനാണ് ഗീതാകാരന്‍ യത്നിച്ചിട്ടുള്ളത്. ഗീതയുടെ മഹത്ത്വവും അദ്ഭുതകരമായ ഈ മാര്‍ഗ സമന്വയം തന്നെയാണ്.

ഒരു ഉപനിഷത്തിന്റെ സ്ഥാനമാണു പണ്ടുകാലം മുതലേ ഗീതയ്ക്കു നല്കപ്പെട്ടിരുന്നത്. ഓരോ അധ്യായമവസാനിക്കുമ്പോഴും അധ്യായമവസാനിച്ചു എന്നു സൂചിപ്പിക്കുന്ന വാചകത്തില്‍ 'ശ്രീമദ് ഭഗവദ് ഗീതാസുഉപനിഷത്സു' (ശ്രീഭഗവാനാല്‍ ഗാനം ചെയ്യപ്പെട്ട ഉപനിഷത്തില്‍) എന്നു എടുത്തുപറഞ്ഞിരിക്കുന്നതു കാണാം. ഉപനിഷത് എന്ന പദം സ്ത്രീ ലിംഗമാകയാലാണു ശ്രീമദ്ഭഗവദ് ഗീത എന്ന സ്ത്രീലിംഗ രൂപമായത്.

18 അധ്യായങ്ങളിലായി 700 ശ്ലോ‌കങ്ങളാണു ഗീതയിലുള്ളത്. ഇതില്‍ 574 ശ്ലോകങ്ങള്‍ ഭഗവദ് വചനങ്ങളും 85 ശ്ലോകങ്ങള്‍ അര്‍ജുനവചനങ്ങളും 40 എണ്ണം സഞ്ജയ വചനങ്ങളും ഒരു ശ്ളോകം ധൃതരാഷ്ട്ര വചനവുമാണ്.

ഗീതയിലെ 18 അധ്യായങ്ങളില്‍ ആദ്യത്തെ ആറ് അധ്യായങ്ങളെ കര്‍മകാണ്ഡമെന്നും പിന്നീടുള്ള ആറ് അധ്യായങ്ങളെ ഉപാസനാകാണ്ഡമെന്നും അവസാനത്തെ ആറ് അധ്യായങ്ങളെ ജ്ഞാനകാണ്ഡമെന്നും പറയാറുണ്ട്. വേദാന്തികളാകട്ടെ ഛാന്ദോഗ്യോപനിഷത്തിലെ 'തത്ത്വമസി' എന്ന മഹാവാക്യത്തെ ആധാരമാക്കി ഗീതയിലെ ആദ്യത്തെ ആറ് അധ്യായങ്ങള്‍ ത്വം പദാര്‍ഥ (ജീവ) നിരൂപണപരങ്ങളും അടുത്ത ആറ് അധ്യായങ്ങള്‍ തത്പദാര്‍ഥ (ഈശ്വര) നിരൂപണപരങ്ങളും അവസാനത്തെ ആറ് അധ്യായങ്ങള്‍ അസി പദാര്‍ഥ (ജീവനും ഈശ്വരനും തമ്മിലുള്ള ഐക്യം) നിരൂപണങ്ങളുമാണെന്ന് പറയുന്നു.

ഗീതയ്ക്കു സംസ്കൃതത്തില്‍ നിരവധി വ്യാഖ്യാനങ്ങളുണ്ട്. ഇന്നു ലഭ്യമായിട്ടുള്ള വ്യാഖ്യാനങ്ങളില്‍ വച്ച് ഏറ്റവും പ്രാചീനം അദ്വൈത വേദാന്താചാര്യനായ ശങ്കരാചാര്യരുടെ ഗീതാഭാഷ്യമാണ്. അതിനു മുമ്പും പലരും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്റെ ഗീതാഭാഷ്യോപോദ്ഘാതത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ജ്ഞാനകര്‍മ സമുച്ചയവാദിയായ ഒരു മുന്‍ വ്യാഖ്യാതാവിന്റെ മതത്തെ ഇദ്ദേഹം തന്റെ ഗീതാഭാഷ്യത്തില്‍ ഖണ്ഡിക്കുന്നുമുണ്ട്. ഇതുപോലെതന്നെ വിശിഷ്ടാദ്വൈതവേദാന്താചാര്യനായ രാമാനുജനും ദ്വൈതവേദാന്താചാര്യനായ മധ്വനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതിനു പുറമേ സംസ്കൃതത്തില്‍ വേറെയും ഗീതാവ്യാഖ്യാനങ്ങളുണ്ടായി. എല്ലാ ഭാരതീയഭാഷകളിലും ഗീതാവിവര്‍ത്തനങ്ങളും ഗീതാവ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവും പ്രമുഖമായത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതത്തിലെ ഗീതാ വിവര്‍ത്തനമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ലാറ്റിന്‍, ഗ്രീക് തുടങ്ങിയ വൈദേശിക ഭാഷകളിലേക്കും ഗീത വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പഴയകാലത്തെ തത്ത്വചിന്തകരെ മാത്രമല്ല, നവീന കാലത്തെ ദാര്‍ശനികരെയും രാഷ്ട്രീയ സാമൂഹിക നായകന്മാരെയും പ്രചോദിപ്പിച്ചിട്ടുള്ള ഗ്രന്ഥമാണ് ഗീത. ഗീതയെ ആധാരമാക്കി ബാലഗംഗാധരതിലകന്‍ ഗീതാരഹസ്യം അഥവാ കര്‍മയോഗശാസ്ത്രം എന്നൊരു പ്രൌഢഗ്രന്ഥം രചിച്ചിട്ടുണ്ട്. ആചാര്യ വിനോബാഭാവെ ഗീതയെ ആധാരമാക്കി രചിച്ചിട്ടുള്ള രണ്ടു കൃതികളാണ് ഗീതാപ്രവചനം, സ്ഥിതപ്രജ്ഞദര്‍ശനം എന്നിവ. മഹാത്മാഗാന്ധിയാകട്ടെ അനാസക്തിയോഗം എന്ന പേരില്‍ ഗീതയ്ക്കൊരു വ്യാഖ്യാനംതന്നെ രചിച്ചിട്ടുണ്ട്.

കൗരവരുടെ പിതാവായ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് യുദ്ധക്കളത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുക്കുന്ന ആളാണു സഞ്ജയന്‍. അങ്ങനെ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് ഗീതയുടെ ആവിഷ്കരണം. യുദ്ധം തുടങ്ങുമ്പോള്‍ സഞ്ജയനും യുദ്ധക്കളത്തിലായിരുന്നു. ഭാരതയുദ്ധം തുടങ്ങി പത്താം ദിവസം ഭീഷ്മര്‍ നിലംപതിച്ചു. അപ്പോഴാണ് യുദ്ധക്കളത്തില്‍ നിന്നും സഞ്ജയന്‍ അന്തഃപുരത്തില്‍ ധൃതരാഷ്ട്രരുടെ സമീപത്തിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് ഭീഷ്മ പതനം വരെയുള്ള യുദ്ധവാര്‍ത്ത സഞ്ജയന്‍ ധൃതരാഷ്ട്രരെ പറഞ്ഞു കേള്‍പ്പിച്ചു. ചുരുങ്ങിയ വിവരണം കൊണ്ടു തൃപ്തിപ്പെടാതെ യുദ്ധം തുടക്കം മുതല്‍ വിസ്തരിച്ച് കേള്‍ക്കാന്‍ വേണ്ടിയാണ് ധൃതരാഷ്ട്രര്‍ 'ധര്‍മക്ഷേത്രേ...' എന്നിങ്ങനെ ചോദ്യം ആരംഭിക്കുന്നത്. ഇതാണ് ഗീതാസന്ദര്‍ഭം. ഒന്നാം ശ്ളോകത്തിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നല്കിയിട്ടുള്ള വിവര്‍ത്തനം ഇപ്രകാരമാണ്.

'ധര്‍മക്ഷേത്രം കുരുക്ഷേത്രം പുക്കുപോരിന്നൊരുങ്ങിയോര്‍

എന്‍കൂട്ടരും പാണ്ഡവരുമെന്തേ ചെയ്തതുസഞ്ജയ'

പതിനെട്ടാമധ്യായത്തില്‍

'എങ്ങുയോഗേശ്വരന്‍ കൃഷ്ണനെങ്ങുപാര്‍ഥന്‍ ധനുര്‍ധരന്‍

അവിടെ ശ്രീജയം ഭൂതിദൃഢനീതിയിതെന്മനം'

എന്ന സഞ്ജയന്റെ വാക്കുകളോടെ ഗീത സമാപിക്കുന്നു. യഥാര്‍ഥത്തില്‍ ഭഗവാന്റെ ഉപദേശം രണ്ടാമധ്യായത്തിലെ 'അശോച്യരില്‍ ശോചിയാം നീ' (ശ്ലോക.11) എന്ന ശ്ലോകം മുതലാണ് ആരംഭിക്കുന്നത്. ഈ പതിനൊന്നാം ശ്ലോകം ഗീതയുടെ ഉപക്രമ ശ്ലോകമായും പതിനെട്ടാമധ്യായത്തിലെ 'സര്‍വധര്‍മാന്‍ പരിത്യജ്യ...' എന്നു തുടങ്ങുന്ന 66-ാം ശ്ലോകം ഗീതയുടെ ഉപസംഹാര ശ്ലോകമായും കരുതപ്പെടുന്നു. രണ്ടു ശ്ലോകവും ദുഃഖിക്കരുത് എന്ന ഉപദേശം ഉള്‍ക്കൊള്ളുന്നതാണ്. ദുഃഖമോചനമാണല്ലോ മോക്ഷം.

പ്രതിപാദ്യസംഗ്രഹം.

ഒന്നാമധ്യായം-അര്‍ജുനവിഷാദയോഗം. പാണ്ഡവരും കൗരവരും യുദ്ധഭൂമിയായ കുരുക്ഷേത്രത്തില്‍ അണിനിരന്നപ്പോള്‍ കൗരവ രാജാവായ ദുര്യോധനന്‍ ഇരുപക്ഷത്തെയും മുഖ്യയോദ്ധാക്കളെപ്പറ്റി ദ്രോണാചാര്യരെ വര്‍ണിച്ചുകേള്‍പ്പിക്കുന്നു. യുദ്ധസമ്പന്നരായ ഇരുപക്ഷത്തെയും പ്രമുഖര്‍ ശംഖുകള്‍ മുഴക്കുന്നു. യുദ്ധം ചെയ്യാനെത്തിയ എല്ലാവരെയും കാണത്തക്കവിധം തന്റെ രഥം രണ്ടുസൈന്യങ്ങളുടെയും മധ്യഭാഗത്തായി കൊണ്ടുനിര്‍ത്താന്‍ അര്‍ജുനന്‍ സാരഥിയായ ശ്രീകൃഷ്ണനോടപേക്ഷിക്കുന്നു. എല്ലാവരെയും സസൂക്ഷ്മം അവലോകനം ചെയ്യുന്ന അര്‍ജുനന്‍, രാജ്യം നേടാനായി തന്റെ ബന്ധുക്കളെയും ആചാര്യന്മാരെയുമെല്ലാം കുരുതി കൊടുക്കണമല്ലോ എന്ന ചിന്തയാല്‍ തളരുന്നു. തന്റെ ദീനതയും ആശങ്കയുമെല്ലാം ശ്രീകൃഷ്ണനെ ധരിപ്പിച്ചശേഷം 'നിരായുധനായ എന്നെ കൗരവര്‍ കൊല്ലുകയാണെങ്കില്‍ അതായിരിക്കും ശ്രേയസ്കരം' എന്നു നിശ്ചയിച്ച് അമ്പും വില്ലുമുപേക്ഷിച്ച് തേര്‍ത്തട്ടിലിരിക്കുന്നു.

രണ്ടാമധ്യായം-സാംഖ്യയോഗം. വിഷാദവിവശനായ അര്‍ജുനനെ 'എഴുന്നേറ്റ് യുദ്ധം ചെയ്യുവാന്‍' ശ്രീകൃഷ്ണന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, ഗുരുഭൂതന്മാരെയും ബന്ധുക്കളെയും വധിച്ച് അവരുടെ ചോരപുരണ്ട രാജ്യസുഖങ്ങളനുഭവിക്കുന്നതിനെക്കാള്‍ ഭിക്ഷയാചിച്ച് ജീവിക്കുന്നതാണ് നല്ലതെന്നാണ് അര്‍ജുനനു തോന്നുന്നത്. തുടര്‍ന്ന് അദ്ദേഹം ശ്രീകൃഷ്ണന്റെ ശിഷ്യത്വം കൈക്കൊണ്ട് തനിക്കു മാര്‍ഗനിര്‍ദേശം നല്കണമെന്നപേക്ഷിക്കുന്നു. ശ്രീകൃഷ്ണന്‍ ഉപദേശമാരംഭിക്കുന്നു. കൊല്ലുക, കൊല്ലപ്പെടുക ഇതൊന്നും ആത്മാവിന് ബാധകമല്ല എന്നു മനസ്സിലാക്കിക്കൊടുക്കാനായി ആത്മതത്ത്വജ്ഞാനം ഉപദേശിച്ചശേഷം യുദ്ധം ചെയ്താലുള്ള ലൌകികനേട്ടങ്ങളെയും ചെയ്തില്ലെങ്കിലുണ്ടാകാവുന്ന ലോകനിന്ദയുള്‍പ്പെടെയുള്ള ദോഷങ്ങളെയും എടുത്തുകാട്ടുന്നു. സുഖദുഃഖ ജയപരാജയ ലാഭനഷ്ടങ്ങളെയൊന്നും കണക്കാക്കാതെ ക്ഷത്രിയന്‍ യുദ്ധമെന്ന സ്വധര്‍മം ചെയ്യാന്‍ അദ്ദേഹം ഉപദേശിക്കുന്നു. തുടര്‍ന്ന് അര്‍ജുനന്റെ അപേക്ഷയനുസരിച്ച് യഥാര്‍ഥ യോഗിയായ സ്ഥിതപ്രജ്ഞന്റെ ലക്ഷണം വിശദമായി വര്‍ണിച്ചു കേള്‍പ്പിക്കുന്നു. ഇന്ദ്രിയങ്ങളെയും മനസ്സിനെയുമെല്ലാം പൂര്‍ണമായി നിയന്ത്രിച്ചു തന്നില്‍ത്തന്നെ സ്വയം സന്തുഷ്ടനായിരിക്കുന്ന സ്ഥിതപ്രജ്ഞന്റെ അവസ്ഥയാണു ബ്രഹ്മനിഷ്ഠ. ഇതാണു സ്ഥിത പ്രജ്ഞലക്ഷണത്തിന്റെ സാരം.

മൂന്നാമധ്യായം-കര്‍മയോഗം. കര്‍മാനുഷ്ഠാനത്തെക്കാള്‍ പ്രധാന്യം ആത്മതത്ത്വജ്ഞാനത്തിനാണെന്നിരുന്നിട്ടും, ഭഗവാന്‍ തന്നെ ഘോരമായ യുദ്ധമെന്ന കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്തുകൊണ്ടാണെന്ന അര്‍ജുനന്റെ ചോദ്യത്തിനു മറുപടിയായി ജ്ഞാനയോഗമെന്നതു ആത്മജ്ഞാനികളുടെ മാത്രം മാര്‍ഗമാണെന്നും ആത്മജ്ഞാനമില്ലാത്തവരുടെ മാര്‍ഗം കര്‍മയോഗമാണെന്നും വ്യക്തമാക്കുന്നു. തുടര്‍ന്ന് ലോകചക്രത്തിന്റെ പ്രവൃത്തിക്കാധാരമാണ് കര്‍മമെന്നും അതുകൊണ്ട് എല്ലാവരും കര്‍മം ചെയ്യണമെന്നും ഭഗവാനുപദേശിക്കുന്നു. അജ്ഞാനി ഫലം ഇച്ഛിക്കാതെ ഈശ്വരാര്‍പ്പണബുധ്യാ കര്‍മമനുഷ്ഠിച്ചാല്‍ മോക്ഷത്തിലേക്കുള്ള വഴി അവനു തെളിഞ്ഞു കിട്ടുന്നു. ആത്മജ്ഞാനിയാകട്ടെ തനിക്കു പ്രയോജനമില്ലെങ്കില്‍ക്കൂടി മറ്റുള്ളവര്‍ക്കു മാതൃകയാകാനായി ലോക നന്മയ്ക്കായി കര്‍മം ചെയ്യണമെന്നു തന്നെത്തന്നെ ദൃഷ്ടാന്തമാക്കിക്കൊണ്ടു ഭഗവാന്‍ നിര്‍ദേശിക്കുന്നു. രജോഗുണത്തില്‍ നിന്നുണ്ടാകുന്ന കാമവും കാമത്തില്‍ നിന്നുണ്ടാകുന്ന ക്രോധവുമാണ് മനുഷ്യരെക്കൊണ്ട് പാപം ചെയ്യിക്കുന്നതെന്നും ആത്മാവിനെ വേണ്ടപോലെയറിഞ്ഞാല്‍ കാമമെന്ന ശത്രുവിനെ കീഴടക്കാമെന്നും അര്‍ജുനന്റെ ചോദ്യത്തിനു മറുപടിയായി ഭഗവാന്‍ വ്യക്തമാക്കുന്നു.

നാലാമധ്യായം-ജ്ഞാനകര്‍മസന്ന്യാസയോഗം. സൃഷ്ടിയുടെ ആരംഭകാലത്തു താന്‍ വിവസ്വാനു യോഗമാര്‍ഗമുപദേശിച്ചു കൊടുത്തുവെന്നും അതു വിവസ്വാന്‍ മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചുവെന്നും അങ്ങനെ രാജര്‍ഷിപരമ്പരയിലൂടെ നിലനിന്നുപോന്ന യോഗമാര്‍ഗം നഷ്ടപ്രായമായതുകൊണ്ടാണു താനിപ്പോള്‍ അര്‍ജുനന് അത് ഉപദേശിക്കുന്നതെന്നും ഭഗവാന്‍ പറയുന്നു. ഇക്കാലത്തു ജനിച്ച ഭഗവാന്‍ എങ്ങനെയാണു സൃഷ്ടിയുടെ ആരംഭകാലത്തു സൂര്യന് യോഗമാര്‍ഗമുപദേശിച്ചു കൊടുത്തത് എന്ന സംശയത്തിനു മറുപടിയായി തന്റെ നിരവധി ജന്മങ്ങളെക്കുറിച്ച് ഭഗവാന്‍ പറയുന്നു. ധര്‍മത്തിനു ക്ഷയവും അധര്‍മത്തിനു വൃദ്ധിയും സംഭവിക്കുമ്പോഴെല്ലാം സാധുക്കളെ സംരക്ഷിക്കാനും ദുഷ്ടന്മാരെ നശിപ്പിക്കാനും ധര്‍മം വേണ്ടപോലെ ഉറപ്പിച്ചു നിര്‍ത്താനുമായി താന്‍ ലോകത്തില്‍ ജന്മമെടുക്കുന്നുവെന്നു-

'യദായദാഹിധര്‍മസ്യഗ്ളാനിര്‍ഭവതി ഭാരത

അഭ്യുത്ഥാനമധര്‍മസ്യതാദാത്മാനം സൃജാമ്യഹം

പരിത്രാണായ സാധൂനാംവിനാശായ ച ദുഷ്കൃതാം

ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ'

എന്നു ഭഗവാന്‍ വ്യക്തമാക്കുന്നു.

'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മവിഭാഗശഃ' എന്നിങ്ങനെ ജനങ്ങളുടെ ഗുണകര്‍മങ്ങളെ ആധാരമാക്കി താന്‍ ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചുവെന്നു പ്രസ്താവിച്ചശേഷം കര്‍മാകര്‍മ വികര്‍മങ്ങളെ ചുരുക്കത്തില്‍ പ്രതിപാദിക്കുന്നു. അറിവാകുന്ന അഗ്നികൊണ്ട് കര്‍മങ്ങളെയൊക്കെ ദഹിപ്പിച്ചു കാമമോ സങ്കല്പമോ ഇല്ലാതായ ഒരുവന്‍ ശരീരം കൊണ്ടു കര്‍മം ചെയ്താലും അതു കര്‍മമല്ല എന്നു പറഞ്ഞശേഷം പല തരത്തിലുള്ള യജ്ഞങ്ങളെ വര്‍ണിച്ച് അറിവാകുന്ന യജ്ഞമാണ് ഇവയെക്കാളൊക്കെ ശ്രേഷ്ഠം എന്നു പ്രഖ്യാപിക്കുന്നു. തത്ത്വദര്‍ശികളായ ജ്ഞാനികളില്‍ നിന്നാണ് അറിവ് നേടേണ്ടതെന്നും വ്യക്തമാക്കുന്നു.

അഞ്ചാമധ്യായം-കര്‍മസന്ന്യാസയോഗം. കര്‍മസന്ന്യാസം, കര്‍മാനുഷ്ഠാനം ഇവയില്‍ വച്ച് ഏതാണു കൂടുതല്‍ ശ്രേയസ്കരം എന്ന അര്‍ജുനന്റെ ചോദ്യത്തിനു മറുപടിയായി ആത്മജ്ഞാനം നേടാത്ത ഒരാള്‍ക്ക് കര്‍മാനുഷ്ഠാനമാണു നല്ലതെന്നു ഭഗവാന്‍ വ്യക്തമാക്കുന്നു. അജ്ഞാനിക്കു യഥാര്‍ഥ സന്ന്യാസം അല്ലെങ്കില്‍ ജ്ഞാനനിഷ്ഠ എന്ന അവസ്ഥയിലെത്താന്‍ കര്‍മയോഗം കൂടിയേ കഴിയൂ. ജ്ഞാനനിഷ്ഠന്‍ എല്ലാ കര്‍മങ്ങളും സന്ന്യസിച്ച് ഒന്നും ചെയ്യാതെ, ചെയ്യിക്കാതെ സുഖമായിട്ടിരിക്കുന്നു. ഇങ്ങനെയുള്ള പണ്ഡിതന്‍ ബ്രാഹ്മണനിലും ചണ്ഡാലനിലും പശുവിലും ആനയിലും നായയിലും സമമായി വര്‍ത്തിക്കുന്ന ബ്രഹ്മത്തെയാണ് കാണുന്നത്. ഇപ്രകാരം യഥാര്‍ഥ സന്ന്യാസിയെ വര്‍ണിച്ചശേഷം ആത്മജ്ഞാനത്തിന്റെ അന്തരംഗമായ ധ്യാനയോഗത്തിന് ആമുഖം കുറിക്കുന്നു.

ആറാമധ്യായം-ധ്യാനയോഗം. ശാസ്ത്രാധ്യയനം കൊണ്ട് അറിയപ്പെട്ട ആത്മതത്ത്വം അനുഭവിച്ചറിയാന്‍ ധ്യാനയോഗമാവശ്യമാണ്. എവിടെയിരുന്നു എങ്ങനെ ധ്യാനിക്കണം, ധ്യാനം സഫലമായി തീരുന്നതെപ്പോള്‍, യോഗിയുടെ മനസ്സ് എങ്ങനെയായിരിക്കും എന്നെല്ലാം സവിസ്തരം ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നു. തുടര്‍ന്ന് അര്‍ജുനന്റെ ചോദ്യത്തിനു മറുപടിയായി യോഗഭ്രഷ്ടനു നാശമില്ലെന്നും ഉത്കൃഷ്ടമായ ഗതിതന്നെ അവനുണ്ടാകുമെന്നും വ്യക്തമാക്കുന്നു. മനസ്സിനെ നിയന്ത്രിച്ച് ഏകാഗ്രമാക്കിയാലേ യോഗസിദ്ധിയുണ്ടാകൂ. അഭ്യാസവൈരാഗ്യങ്ങള്‍ കൊണ്ടാണു മനസ്സിനെ നിയന്ത്രിക്കേണ്ടതെന്നും ഉപദേശിക്കുന്നു.

ഏഴാമധ്യായം-ജ്ഞാനവിജ്ഞാനയോഗം. അനുഭവസംയുക്തമായ ജ്ഞാനം അര്‍ജുനനു ഭഗവാന്‍ ഉപദേശിച്ചു കൊടുക്കുന്നു. എട്ടായി വിഭജിക്കപ്പെട്ടിരിക്കുന്ന നികൃഷ്ടമായ പ്രകൃതിയെയും ജീവസ്വരൂപമാക്കുന്ന പരമമായ പ്രകൃതിയെയും വര്‍ണിച്ചശേഷം പ്രപഞ്ചം മുഴുവന്‍ ഒരു ചരടില്‍ മുത്തുമണികളെന്നപോലെ തന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നത് ഉദാഹരണസഹിതം വ്യക്തമാക്കുന്നു. തുടര്‍ന്നു മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടി ദുഷ്കൃതികള്‍, തന്നെ ഭജിക്കുന്നില്ലെങ്കിലും സുകൃതികള്‍ തന്നെ ഭജിക്കുന്നുവെന്നു പറഞ്ഞ് നാലു വിധത്തിലുള്ള ഭക്തന്മാരെ എടുത്തു കാട്ടുന്നു.

'ചതുര്‍വിധാഭജന്തേമാം ജനാഃ സുകൃതിനോര്‍ജുന

ആര്‍ത്തോജിജ്ഞാസുരര്‍ഥാര്‍ഥീ ജ്ഞാനീച'

ഭരതര്‍ഷഭ (VII, 16)

എട്ടാമധ്യായം-അക്ഷരബ്രഹ്മയോഗം. ഏഴാമധ്യായത്തിന്റെ അവസാനത്തെ രണ്ടു ശ്ളോകങ്ങളെ ആധാരമാക്കി 'എന്താണ് ബ്രഹ്മം, എന്താണ് അധ്യാത്മം, എന്താണ് കര്‍മം, അധിഭൂതമെന്ത്, അധിദൈവമെന്ത്, ദേഹത്തില്‍ അധിയജ്ഞനായി സ്ഥിതിചെയ്യുന്നതാര്, മരണകാലത്തും സംയമികളാല്‍ അങ്ങ് എപ്രകാരമാണറിയപ്പെടുന്നത്' എന്നിങ്ങനെ ഏഴു ചോദ്യങ്ങള്‍ അര്‍ജുനന്‍ ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞശേഷം ഭൂതഗ്രാമത്തിന്റെ ഉത്പത്തി പ്രളയങ്ങള്‍ വര്‍ണിക്കുന്നു. തുടര്‍ന്ന് ആവൃത്തി മാര്‍ഗത്തെയും വിസ്തരിച്ചുപന്യസിക്കുന്നു.

ഒന്‍പതാമധ്യായം-രാജവിദ്യാരാജഗുഹ്യയോഗം. അനുഭവസംയുക്തമായ ജ്ഞാനം തന്നെ തുടര്‍ന്നും ഉപദേശിക്കുന്നു. സര്‍വവ്യാപിയായ ഭഗവാനിലാണ് ഭൂതങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. ഭൂതങ്ങളുടെ സ്രഷ്ടാവ് അദ്ദേഹമാണ്. അതായത് അദ്ദേഹത്തെ അധ്യക്ഷനാക്കിക്കൊണ്ടു പ്രകൃതി, ഭൂതങ്ങളെ പ്രസവിക്കുന്നു. രാക്ഷസിയും രാജസിയുമായ പ്രകൃതിയോടു കൂടിയവര്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള മഹാത്മ്യം മനസ്സിലാക്കി അദ്ദേഹത്തെ ഭജിക്കുന്നില്ല. എന്നാല്‍ ദൈവിയായ പ്രകൃതിയോടുകൂടിയ സജ്ജനങ്ങള്‍ പലവിധത്തില്‍ അദ്ദേഹത്തെ അറിഞ്ഞു ഭജിക്കുന്നു. അങ്ങനെ അനന്യചിത്തരായി അദ്ദേഹത്തെ ഭജിക്കുന്നവരുടെ യോഗക്ഷേമം അദ്ദേഹം വഹിക്കുന്നു. പാപജന്മാക്കള്‍ക്കുപോലും ഭഗവാനെ ആശ്രയിച്ചാല്‍ പുണ്യവാന്മാരായി മാറാന്‍ കഴിയും. അതുകൊണ്ട് സര്‍വാത്മനാ ഭഗവദ്ഭക്തരായിത്തീരുക എന്ന ഉപദേശത്തോടെ അധ്യായമവസാനിക്കുന്നു.

പത്താമധ്യായം-വിഭൂതിയോഗം. മഹര്‍ഷിമാര്‍ക്കും ദേവന്മാര്‍ക്കും പോലും തന്റെ മഹാത്മ്യം വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ലെന്നും ഈ മഹാത്മ്യം അറിയുന്നവന്‍ സര്‍വപാപങ്ങളില്‍ നിന്നും വിമുക്തനാകുമെന്നും ഭഗവാന്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അര്‍ജുനന്റെ അപേക്ഷയനുസരിച്ച് ഏതെല്ലാം പദാര്‍ഥങ്ങളില്‍ ഏതെല്ലാം രൂപത്തില്‍ താന്‍ സ്ഥിതിചെയ്യുന്നു എന്നത് വിസ്തരിച്ചു വര്‍ണിക്കുന്നു. സര്‍വഭൂതങ്ങളുടെയും ബീജം താനാണെന്നും തന്നെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടു യാതൊന്നും തന്നെയില്ലെന്നും പ്രപഞ്ചത്തില്‍ ശ്രീമത്തും വിഭൂതിമത്തും ഊര്‍ജിതവുമായിട്ടുള്ളതെല്ലാംതന്നെ തന്റെ തേജസ്സിന്റെ ഏകദേശത്തില്‍ നിന്നുളവായതാണെന്നും തന്റെ ഒരംശം കൊണ്ടുമാത്രം താന്‍ ഈ പ്രപഞ്ചത്തെയാസകലം താങ്ങിനിര്‍ത്തുന്നുവെന്നും ഭഗവാന്‍ പ്രസ്താവിക്കുന്നു.

പതിനൊന്നാമധ്യായം-വിശ്വരൂപദര്‍ശനയോഗം. അര്‍ജുനന്റെ അപേക്ഷയനുസരിച്ച് ഭഗവാന്‍ തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നു. ഭഗവാന്‍ നല്കിയ ദിവ്യദൃഷ്ടിയുടെ സഹായത്തോടെ ആ ദിവ്യരൂപം ദര്‍ശിക്കുന്ന അര്‍ജുനന്‍ വിസ്മയഭയാദിവികാരാവിഷ്ടനാകുന്നു. താന്‍ ലോകത്തെ നശിപ്പിക്കാനൊരുങ്ങുന്ന കാലസ്വരൂപനാണെന്നും അര്‍ജുനന്‍ യുദ്ധം ചെയ്തില്ലെങ്കില്‍പ്പോലും ഭീഷ്മദ്രോണാദികളെയെല്ലാം താന്‍ വധിക്കുമെന്നും അതുകൊണ്ട് ഒരു നിമിത്തം മാത്രമായി നിന്നു യുദ്ധം ചെയ്തു യശ്ശസ് നേടണമെന്നും വിശ്വരൂപധരനായ ഭഗവാന്‍ അര്‍ജുനനോട് പറയുന്നു. തുടര്‍ന്ന് അര്‍ജുനന്റെ അപേക്ഷയനുസരിച്ച് അദ്ദേഹം വിശ്വരൂപമുപേക്ഷിച്ച് സൗമ്യവപുസ്സാകുന്നു. ദേവന്മാര്‍ക്കുപോലും കാണാനെളുപ്പമല്ലാത്തതാണ് തന്റെ ഈ രൂപമെന്നും പരിശുദ്ധ ഭക്തികൊണ്ടു മാത്രമേ അതു കാണാന്‍കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പന്ത്രണ്ടാമധ്യായം-ഭക്തിയോഗം. വിശ്വരൂപധരനായ ഈശ്വരനെ ഉപാസിക്കുന്നവരോ അതോ അവ്യക്തമായ നിര്‍ഗുണബ്രഹ്മത്തെ ഉപാസിക്കുന്നവരോ കൂടുതല്‍ ശ്രേഷ്ഠര്‍ എന്ന അര്‍ജുനന്റെ ചോദ്യത്തിനു മറുപടിയായി രണ്ടുകൂട്ടരും ശ്രേഷ്ഠര്‍ തന്നെയാണ്, പക്ഷേ അവ്യക്തോപാസകര്‍ നേരിട്ട് മുക്തരാകുന്നു എന്നു ഭഗവാന്‍ വ്യക്തമാക്കുന്നു. അവ്യക്തോപാസനയ്ക്കു കൂടുതല്‍ ക്ലേശമനുഭവിക്കണമെന്നതിനാല്‍ അര്‍ജുനന് ശ്രേയസ്സിനായി എളുപ്പത്തിലുള്ള ചില മാര്‍ഗങ്ങളുപദേശിക്കുന്നു. അവ്യക്തോപാസകനായ യഥാര്‍ഥ ഭക്തന്‍ എങ്ങനെയുള്ളവനായിരിക്കണമെന്നും വ്യക്തമാക്കുന്നു.

പതിമൂന്നാമധ്യായം-ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം. ശരീരം ക്ഷേത്രമാണ്. ക്ഷേത്രത്തെയറിയുന്നവന്‍ ക്ഷേത്രജ്ഞന്‍. സര്‍വശരീരങ്ങളിലും ക്ഷേത്രജ്ഞനായി സ്ഥിതിചെയ്യുന്നത് താനാണ് എന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു. ക്ഷേത്രമെന്നാലെന്ത്, ജ്ഞാനത്തിന്റെ സ്വരൂപം, ജ്ഞേയമായ പരമാത്മസ്വരൂപം ഇതെല്ലാം വര്‍ണിക്കുന്നു. പുരുഷനെയും പ്രകൃതിയെയും വേര്‍തിരിച്ചറിയുന്നവന്‍ മുക്തനാകുന്നു. പരമാത്മാവ് ശരീരത്തില്‍ സ്ഥിതിചെയ്യുന്നു. എങ്കിലും ഒന്നും ചെയ്യുന്നില്ല, ഒന്നു കൊണ്ടും ലോപവും വരുന്നില്ല. ദേഹവും ദേഹിയും (ക്ഷേത്രവും ക്ഷേത്രജ്ഞനും) തമ്മിലുള്ള വ്യത്യാസത്തെയും ഭൂതപ്രകൃതിയായ മായയില്‍ നിന്നുമുള്ള മോചനമാര്‍ഗത്തെയും ജ്ഞാനചക്ഷുസ്സുകൊണ്ട് അറിയുന്നവര്‍ പരമപദം പ്രാപിക്കുന്നു.

പതിനാലാമധ്യായം-ഗുണത്രയവിഭാഗയോഗം.പ്രപഞ്ചത്തിന്റെ മുഴുവന്‍ മാതാവും പിതാവും താനാണെന്നു വ്യക്തമാക്കിയശേഷം ഭഗവാന്റെ ജീവാത്മാവിനെ ദേഹത്തില്‍ ബന്ധിച്ചു നിര്‍ത്തുന്ന, പ്രകൃതിയില്‍ നിന്നുണ്ടാകുന്ന ഗുണങ്ങളെ വര്‍ണിക്കുന്നു. പ്രകാശാത്മകമാണ് സത്വഗുണം. രഞ്ജനാത്മകം രജോഗുണം. മോഹാത്മകം തമോഗുണം. ഇവ എങ്ങനെയുണ്ടാകുന്നു, എന്തെല്ലാം ഫലങ്ങള്‍ നല്കുന്നു, ഓരോ ഗുണത്തിലും സ്ഥിതിചെയ്യുന്നവര്‍ മരിച്ചാല്‍ എന്തു സംഭവിക്കുന്നു എന്നെല്ലാം വ്യക്തമാക്കിയിട്ട് ഈ മൂന്നു ഗുണങ്ങളെയും മറികടന്ന ഗുണാതീതന്റെ ലക്ഷണങ്ങള്‍ വര്‍ണിക്കുന്നു.

പതിനഞ്ചാമധ്യായം-പുരുഷോത്തമയോഗം. പ്രപഞ്ചമാകുന്ന വൃക്ഷത്തെ വര്‍ണിച്ചുകൊണ്ടാണ് അധ്യായാരംഭം. ഉറപ്പുള്ള അനാസക്തിയാകുന്ന ശസ്ത്രം കൊണ്ട് ഈ സംസാരവൃക്ഷത്തെ ഛേദിച്ചിട്ട് ഒരിക്കലും തിരികെ വരേണ്ടാത്ത തന്റെ പരമമായ ധാമത്തിലെത്താന്‍ ശ്രമിക്കണമെന്നു ഭഗവാന്‍ പറയുന്നു. തന്റെ യാഥാര്‍ഥ്യം-ക്ഷരാക്ഷരങ്ങളില്‍ നിന്നെല്ലാം അതീതനായി ഉത്തമപുരുഷനാണെന്നത് വെളിപ്പെടുത്തുന്നു.

പതിനാറാമധ്യായം-ദൈവാസുര സമ്പദ്വിഭാഗയോഗം.  ഈ അധ്യായത്തില്‍ ദൈവീ, ആസുരി എന്ന രണ്ടു തരത്തിലുള്ള സമ്പത്തുകളെ വിസ്തരിച്ചു വര്‍ണിച്ചിരിക്കുന്നു. ആദ്യത്തേത് മോക്ഷത്തിലേക്കും രണ്ടാമത്തെതു സംസാരബന്ധത്തിലേക്കും പ്രാണികളെ നയിക്കുന്നു. രണ്ടാമത്തെ സമ്പത്ത് ത്യാജ്യമാണെന്നു വിശദമാക്കുന്നു.

പതിനേഴാമധ്യായം-ശ്രദ്ധാത്രവിഭാഗയോഗം. വിശ്വാസം (ശ്രദ്ധ) സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നു വിധത്തിലാണെന്നു വ്യക്തമാക്കിയിട്ട് ഓരോ തരത്തിലുള്ള ശ്രദ്ധയോടുകൂടിയവരുടെ യജ്ഞതപോദാനാദികളെ വേര്‍തിരിച്ചു കാണിക്കുന്നു. അക്കൂട്ടത്തില്‍ 'ഓം തത് സത്' എന്ന മന്ത്രത്തിന്റെ പ്രാധാന്യവും അര്‍ഥനിര്‍ണയവും വ്യക്തമാക്കിയിരിക്കുന്നു.

പതിനെട്ടാമധ്യായം-മോക്ഷസന്ന്യാസയോഗം. അര്‍ജുനന്റെ ചോദ്യത്തിനു മറുപടിയായി സന്ന്യാസവും ത്യാഗവും തമ്മിലുള്ള വ്യത്യാസം ഭഗവാന്‍ വ്യക്തമാക്കുന്നു. കര്‍മത്യാഗമല്ല ഫലത്യാഗമാണു ചെയ്യേണ്ടത്. കര്‍മങ്ങളനുഷ്ഠിക്കപ്പെടുന്നതിനു കാരണമാക്കിയിട്ടുള്ള അഞ്ചു വസ്തുക്കള്‍, സാത്വിക രാജസ താമസഭേദങ്ങളനുസരിച്ചു ജ്ഞാനത്തിനും കര്‍മത്തിനും കര്‍ത്താവിനും വരുന്ന മൂന്നു ഭേദങ്ങള്‍ ഇതെല്ലാം വിശദമായി വര്‍ണിച്ചശേഷം 'സര്‍വധര്‍മങ്ങളെയും പരിത്യജിച്ച് എന്നെ ഒരാളെമാത്രം ശരണം പ്രാപിക്കുക, ഞാന്‍ നിന്നെ സകല പാപങ്ങളില്‍ നിന്നും മോചിപ്പിക്കും' എന്നു ഭഗവാന്‍ അര്‍ജുനനോട് പറയുന്നു;

"സര്‍വധര്‍മാന്‍ പരിത്യജ്യമാമേകം ശരണം വ്രജ

അഹം ത്വാ സര്‍വ പാപേഭ്യോ മോക്ഷയിഷ്യാമിമാശുചഃ (18/66)

അര്‍ജുനനാകട്ടെ ഭഗവാന്റെ ഉപദേശങ്ങള്‍ കേട്ട് താന്‍ വിവേകിയും സ്ഥിരചിത്തനുമായിത്തീര്‍ന്നുവെന്നു സമ്മതിക്കുന്നു. 'യോഗേശ്വരനായ ശ്രീകൃഷ്ണനും ധനുര്‍ധരനായ പാര്‍ഥനും ഉള്ളയിടത്തു ഐശ്വര്യവും വിജയവും അഭിവൃദ്ധിയും ഉറച്ച നീതിയുമുണ്ട്' എന്ന സഞ്ജയന്റെ പ്രസ്താവനയോടെ അധ്യായം സമാപിക്കുന്നു.

കാലം. ഭഗവദ്ഗീതയുടെ രചനാകാലമേതെന്നു എളുപ്പത്തില്‍ നിര്‍ണയിക്കാന്‍ പറ്റില്ല. ഗീത യഥാര്‍ഥത്തില്‍ മഹാഭാരതത്തിന്റെ ഒരു ഭാഗമാണോ അതോ സ്വതന്ത്ര കൃതിയായിരുന്ന ഗീതയെ മഹാഭാരത കര്‍ത്താവ് സ്വായത്തമാക്കിയതാണോ എന്നും മറ്റുമുള്ള പ്രശ്നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു കാലനിര്‍ണയ പ്രശ്നം. മഹാഭാരതത്തിനുള്ളില്‍ത്തന്നെ പലയിടത്തും ഗീതയെടുത്തുദാഹരിക്കുകയും ഗീതാവചനങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മഹാഭാരതത്തിന്റെ രചനാകാലം മുതലേ ഗീത അതിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഗീതയിലെയും മഹാഭാരത്തിന്റെ മറ്റു ഭാഗങ്ങളിലെയും ഭാഷാശൈലിക്കു സാമ്യമുണ്ട്. മറ്റു ദാര്‍ശനിക പദ്ധതികളെയും മതസമ്പ്രദായങ്ങളെയും പറ്റി രണ്ടിന്റെയും അഭിപ്രായം സമാനമാണ്. കര്‍മത്തിനാണ് അകര്‍മത്തെക്കാള്‍ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നത്. വൈദികയജ്ഞങ്ങള്‍, സൃഷ്ടിക്രമം, വിശ്വരൂപവര്‍ണനം തുടങ്ങി പല കാര്യങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയാണ് രണ്ടിലും.

ശൈലിയുടെ പ്രാചീനതയെ ആധാരമാക്കി ബി.സി. മൂന്നാം ശ.ത്തെക്കാള്‍ പഴക്കം ഗീതയ്ക്കുണ്ടെന്നു തേലാംഗ് എന്ന പണ്ഡിതന്‍ സമര്‍ഥിക്കുന്നു. ബി.സി. 4-ാം ശ.-ത്തോളം പഴക്കം ഗീതയ്ക്കുണ്ടെന്നാണ് സര്‍ ആര്‍.ജി. ഭണ്ഡാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്. ആദി ഗീതയുണ്ടായത് ബി.സി. 200-ലാണെന്നും ഇന്നു നമുക്കു ലഭിച്ചിട്ടുള്ള ഗീത ലഭിച്ചത് എ.ഡി. 200-ലാണെന്നും ഗാര്‍ബേ പറയുന്നു. ശങ്കരാചാര്യര്‍ (എ.ഡി. 788-820) ഗീതയ്ക്കു ഭാഷ്യം രചിച്ചിട്ടുണ്ട്. കാളിദാസനു ഗീത പരിചിതമാണ്. ഗീതയിലെ ഒരു ശ്ളോകത്തിനു (3-22) സമാനമായ ഒരു ശ്ളോകം രഘുവംശത്തിലുണ്ട് (10-31). ബാണന്‍ (എ.ഡി. 7-ാം ശ.) ഗീത ഉദ്ധരിക്കുന്നുണ്ട്. ബി.സി. 2-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഭാസന്റെ കര്‍ണഭാരത്തില്‍ ഗീതാശ്ളോകത്തിന്റെ ഛായയെന്നു തോന്നുന്ന ഒരു ശ്ളോകമുണ്ട്. ബി.സി. 5-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ബോധായനഗൃഹ്യസൂത്രത്തില്‍ ഗീതയില്‍ നിന്നുള്ള ഉദ്ധരണമെന്നു തോന്നുന്ന ഒരു മൊഴിയുണ്ട്. ആ നിലയ്ക്കു ഗീതയുടെ കാലം ക്രിസ്തുവിന് അഞ്ച് ശ. മുമ്പാണെന്നു പറയാം. ധര്‍മസൂത്രത്തിലെ ഉദ്ധരണങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്ത പാഠങ്ങളായി ഗണിക്കപ്പെടുന്നപക്ഷം ഗീത ബി.സി. 3-ാം ശ.-ത്തിലോ 2-ാം ശ.-ത്തിലോ രചിച്ചതാകണമെന്നാണ് ഡോ. എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.

ദര്‍ശനം. ഉപനിഷത്തുക്കളുമായി ബന്ധപ്പെട്ടതാണ് ഗീതയുടെ ദാര്‍ശനിക പശ്ചാത്തലം. ഉപനിഷത്തുകളിലെയും ഗീതയിലെയും പല ശ്ളോകങ്ങളും സമാനമാണ്. പക്ഷേ, ഏതെങ്കിലുമൊരു പ്രത്യേക ദാര്‍ശനിക പദ്ധതിക്ക് ഗീത ഊന്നല്‍ കൊടുത്തിട്ടുണ്ട് എന്നു പറയാന്‍ പറ്റില്ല. അക്കാലത്തു നിലവിലുണ്ടായിരുന്ന എല്ലാ ദര്‍ശനങ്ങളുടെയും സ്വാധീനം ഗീതയില്‍ വ്യക്തമായി കാണാം. അനശ്വരമായ യോഗം പണ്ടു താന്‍ സൂര്യനുപദേശിച്ചു കൊടുത്തുവെന്നും സൂര്യന്‍ അത് മനുവിനും മനു ഇക്ഷ്വാകുവിനുമുപദേശിച്ചുവെന്നും അങ്ങനെ രാജര്‍ഷി പരമ്പരയിലൂടെ ലോകത്തില്‍ പ്രചരിച്ച അവ്യയമായ ഈ ശ്രേയോമാര്‍ഗം നഷ്ടപ്രായമായതുകൊണ്ടാണ് ഇപ്പോള്‍ താന്‍ അര്‍ജുനനുപദേശിക്കുന്നതെന്നും പുതുതായി താനിപ്പോള്‍ അര്‍ജുനന് ഒരു സിദ്ധാന്തവും ഉപദേശിക്കുകയില്ലെന്നും ഭഗവാന്‍ വ്യക്തമാക്കിയിട്ടുണ്ട് (ഗീ. കഢ 1, 2, 3). സാംഖ്യം, യോഗം, പ്രകൃതി, പുരുഷന്‍ എന്നീ പദങ്ങള്‍ ചിലയിടത്തു പ്രയോഗിച്ചിട്ടുള്ളതുകൊണ്ടും വേദാന്തമെന്ന പദം ഒരിടത്തു മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ എന്നതുകൊണ്ടും ഗീതയിലെ ദാര്‍ശനിക വീക്ഷണത്തിനാധാരം സാംഖ്യയോഗങ്ങളാണ് എന്നു പറയുന്നവരുണ്ട്. പക്ഷേ, ശങ്കരാചാര്യരെ സംബന്ധിച്ചിടത്തോളം ഗീതയിലെ സാംഖ്യം ആത്മതത്ത്വജ്ഞാനവും സാംഖ്യന്‍ ആത്മജ്ഞാനിയുമാണ്. യോഗം കര്‍മയോഗമോ ജ്ഞാനയോഗമോ ആകാം. ചുരുക്കത്തില്‍ തത്ത്വചിന്തകരെല്ലാവരും ഗീതാശാസ്ത്രം തങ്ങളുടെ സിദ്ധാന്തത്തെ പിന്താങ്ങുന്നു എന്ന നിലയ്ക്ക് അതിനെ വ്യാഖ്യാനിക്കുകയാണു ചെയ്തിട്ടുള്ളത്.

വൃത്തികാരനെന്നറിയപ്പെടുന്ന ബോധായനന്റെ അഭിപ്രായത്തില്‍ 'ആത്മജ്ഞാനവും കര്‍മവും ചേര്‍ന്നിട്ടുള്ള മാര്‍ഗമാണ് മോക്ഷമാര്‍ഗം' എന്നാണു ഗീതയുടെ ദര്‍ശനം. ജ്ഞാനത്തിനോ കര്‍മത്തിനോ ഒറ്റയ്ക്കു മോക്ഷത്തിലേക്കു നയിക്കാന്‍ പറ്റില്ല. ജ്ഞാനകര്‍മസമുച്ചയവാദമെന്നറിയപ്പെടുന്നത് ഈ മതമാണ്. ആത്യന്തിക ശ്രേയസ്സിനുള്ള മാര്‍ഗം അറിവു മാത്രമാണ് എന്നതാണ് ഗീതയുടെ ദര്‍ശനമെന്നു ശങ്കരന്‍ സിദ്ധാന്തിക്കുന്നു. അറിവിലേക്കെത്തിച്ചേരാനുള്ള മാര്‍ഗങ്ങളാണ് കര്‍മവും ഭക്തിയും യോഗവും മറ്റും. ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നു കാമങ്ങളുടലെടുക്കുന്നു. കാമങ്ങള്‍ പ്രാണികളെക്കൊണ്ടു കര്‍മങ്ങള്‍ ചെയ്യിക്കുന്നു. ആത്മജ്ഞാനിക്കു അജ്ഞാനമോ മിഥ്യാജ്ഞാനമോ ഇല്ലാത്തതുകൊണ്ട് കാമങ്ങളില്ല; കര്‍മം ചെയ്യേണ്ട ആവശ്യവുമില്ല. എങ്കിലും അജ്ഞരായ മറ്റു ജനങ്ങള്‍ക്കു മാതൃകയെന്നനിലയില്‍ അയാള്‍ കര്‍മം ചെയ്യുന്നതായി നടിക്കുന്നു. ഇതാണ് ശങ്കരന്റെ ഗീതാവ്യാഖ്യാന താത്പര്യം. ജീവനും ബ്രഹ്മവും ഒന്നാണെന്ന തന്റെ സിദ്ധാന്തത്തിനു ഗീതയുടെ പിന്തുണ നേടിയെടുക്കുവാനുമദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. വിശിഷ്ടാദ്വൈതാചാര്യനായ രാമാനുജനാകട്ടെ, ഭക്തിമാര്‍ഗത്തിനു ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വ്യാഖ്യാന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലാണെങ്കിലും ഈ രണ്ട് ആചാര്യന്മാരും കര്‍മത്തിന്റെ മഹത്ത്വം കുറച്ചു കാണുന്നു. ദ്വൈതവേദാന്താചാര്യനായ മധ്വനാകട്ടെ, തന്റെ ഗീതാവ്യാഖ്യാനത്തിലൂടെ ജീവനില്‍ നിന്നും മറ്റും തികച്ചും വിഭിന്നമാണ് ഈശ്വരനെന്നും ആത്യന്തികശ്രേയസ്സിനുള്ള മാര്‍ഗം ഭക്തിയാണെന്നും വിവരിക്കുന്നു. അദ്വൈത സിദ്ധാന്തത്തെ ഖണ്ഡിക്കുവാനുമദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. പാതഞ്ജലയോഗമാണ് ഗീതോപദേശങ്ങളുടെ ലക്ഷ്യമെന്നാണ് ജ്ഞാനേശ്വരനെന്ന വ്യാഖ്യാതാവിന്റെ സിദ്ധാന്തം.

പ്രതീകാത്മകമാണ് ഗീത എന്ന നിലയ്ക്കു വ്യാഖ്യാനിക്കുന്നവരുമുണ്ട്. അതായത് പാണ്ഡവര്‍ യഥാക്രമം അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ പഞ്ചകോശങ്ങളാണ്. കൃഷ്ണന്‍ പരമാത്മാവ്. അന്ധനായ ധൃതരാഷ്ട്രര്‍ അവിദ്യയും ദുര്യോധനാദികള്‍ കാമക്രോധാദികളും. കാമാദികള്‍ പഞ്ചകോശസ്ഥനായ ആത്മാവിനെ എതിര്‍ക്കുന്നു. പഞ്ചകോശങ്ങള്‍ കാമാദികള്‍ ഹനിക്കാനൊരുമ്പെടുന്നെങ്കിലും മനസ്സിനു കൂടപ്പിറവികളായ കാമാദികളെ ഹനിക്കാനുറപ്പുവരുന്നില്ല. ഈ വിധം കുഴങ്ങുന്ന ലൌകികമായ മനസ്സിനോട് കാമാദികളെ ഏതുവിധം കൊല്ലാതെ കൊന്നു പരമപദം നേടാനൊക്കുമെന്നു യോഗേശ്വരനായ പരമാത്മാവ് അരുളിച്ചെയ്യുന്നതത്രെ ഗീത.

ദാര്‍ശനികവും മതപരവും സദാചാരപരവുമായ നിരവധി ഉപദേശങ്ങള്‍ ഗീത നല്കുന്നു. ഉപനിഷത്തുക്കളുടെ കാതലായ തത്ത്വങ്ങള്‍ പലതും ഗീതയിലുണ്ടെങ്കിലും മതത്തിന്റെ വശത്തേക്കാണ് ഗീത കൂടുതലടുത്തു നില്‍ക്കുന്നത് എന്നാണ് ഡോ. രാധാകൃഷ്ണന്റെ അഭിപ്രായം.

ആത്മാവിന് ജനനം, മരണം തുടങ്ങിയ ലൌകിക വികാരങ്ങളൊന്നുമില്ല; സര്‍വവ്യാപിയാണത്, പ്രപഞ്ചത്തിലെ ഓരോ പദാര്‍ഥത്തിനുമധിഷ്ഠാനം ആത്മാവാണ്. ഈ ആത്മാവ്തന്നെയാണ് എല്ലാ ശരീരങ്ങളിലും ജീവനായി സ്ഥിതിചെയ്യുന്നത്-എന്നിങ്ങനെയൊക്കെ ഉപനിഷത്തുകളില്‍ വര്‍ണിക്കപ്പെടുന്ന ആത്മതത്ത്വജ്ഞാനം ഗീതയും ആവര്‍ത്തിക്കുന്നു. ശ്രൌതങ്ങളും സ്മാര്‍ത്തങ്ങളുമായ ശാസ്ത്രീയ കര്‍മങ്ങള്‍ ചെയ്യാനധികാരമുള്ളവര്‍ അവ ചെയ്തേ മതിയാകൂ എന്നു ഗീത സിദ്ധാന്തിക്കുന്നു. അതോടൊപ്പം ഫലേച്ഛ കൂടാതെ ഈശ്വരാര്‍പ്പണബുധ്യാ കര്‍മങ്ങള്‍ ചെയ്താലുണ്ടാകാവുന്ന നേട്ടങ്ങള്‍ എടുത്തുകാട്ടുകയും ചെയ്യുന്നു.

ഭക്തിയുടെ മഹാത്മ്യവും ധ്യാനത്തിനുള്ള പ്രാധാന്യവും ഗീത വ്യക്തമാക്കുന്നു. ധ്യാനമെങ്ങനെ അനുഷ്ഠിക്കണമെന്നും ഗീത വിവരിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ച് വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകുന്നതിതാണ്: അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവയും പരസ്പരം വ്യത്യസ്തങ്ങളെന്നു സ്ഥൂലദൃഷ്ടികള്‍ക്കു തോന്നിയിരുന്നവയുമായ സാംഖ്യം, യോഗം, പൂര്‍വമീമാംസ, ഉത്തരമീമാംസ തുടങ്ങിയ ദാര്‍ശനിക സിദ്ധാന്തങ്ങളും ഭക്തി മാര്‍ഗം, ധ്യാനമാര്‍ഗം തുടങ്ങിയ അനുഷ്ഠാനങ്ങളുമെല്ലാം വാസ്തവത്തില്‍ വിഭിന്നങ്ങളോ വിരുദ്ധങ്ങളോ അല്ല, ഒരേ ലക്ഷ്യത്തിലൂന്നിക്കൊണ്ടുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ മാത്രമാണ്. ഓരോ വ്യക്തിക്കും തന്റെ ബാഹ്യവും ആന്തരികവുമായ ശക്തിക്കനുസൃതമായി സ്വീകാര്യമെന്നു തോന്നുന്ന മാര്‍ഗം പിന്തുടരാം. ഈ വസ്തുത വ്യക്തമാക്കുകയായിരുന്നു ഗീതാകര്‍ത്താവിന്റെ ലക്ഷ്യം.

പ്രസക്തി. ആത്മാവിന് ലൌകിക വികാരങ്ങളൊന്നും തന്നെയില്ലെന്നു ഗീത പറയുന്നു. ലൌകികങ്ങളായ കാമങ്ങള്‍ പരിത്യജിച്ച സ്ഥിതപ്രജ്ഞനെയും മറ്റും പ്രാധാന്യേന ഗീത വര്‍ണിക്കുന്നു. പരമ പുരുഷാര്‍ഥമായ മോക്ഷത്തിനാണു ഗീത പലപ്പോഴും ഊന്നല്‍ കൊടുക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതനിഷേധമല്ല ഗീത, ജീവിത വിധായകം തന്നെയാണ്. ആത്മജ്ഞാനി തനിക്കാവശ്യമില്ലെങ്കില്‍ക്കൂടി, മറ്റുള്ളവര്‍ക്കു മാതൃകയാകാന്‍ വേണ്ടി കര്‍മം ചെയ്യണമെന്നു പറയുന്നത് ഇതു കൊണ്ടാണ്. ചുരുക്കത്തില്‍, ലൌകികജീവിതമാഗ്രഹിക്കുന്നവര്‍ക്കും അലൌകികമായ പരമാനന്ദാവസ്ഥ കാംക്ഷിക്കുന്നവര്‍ക്കും ഒരുപോലെ മാര്‍ഗദര്‍ശകമാണ് ഗീത. വൈരുധ്യങ്ങളുടെ ഈ സമന്വയം മറ്റു പല കാര്യങ്ങളിലും കാണാം. യുദ്ധം ചെയ്യാന്‍ അര്‍ജുനനെ പ്രേരിപ്പിക്കുന്നതാണു ഗീത. പക്ഷേ, അഹിംസോപാസകനായ മഹാത്മാഗാന്ധിക്കുപോലും ഗീത മാതാവിനു തുല്യമാണ്. "മനുഷ്യന്‍ കീറിയ വസ്ത്രങ്ങളുപേക്ഷിച്ച് പുതിയ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരമുപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്നു.

"വാസാംസി ജീര്‍ണാനി യഥാവിഹായ

നവാനി ഗൃഹ്ണാതിനരോƒപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണാ

ന്യന്യാനി സംയാതി നവാനി ദേഹീ (II, 22)

ജനനമരണങ്ങളെ ഇത്ര ലാഘവബുദ്ധിയോടെ കാണുന്ന ദാര്‍ശനികമായ ഉദാത്തത ഒരിടത്ത്. അതേസമയം "യുദ്ധം ചെയ്തു ജയിച്ചാല്‍ നിനക്ക് രാജ്യം കിട്ടും, മരിച്ചാലോ സ്വര്‍ഗം നേടാം. യുദ്ധം ചെയ്തില്ലെങ്കിലാകട്ടെ, ദുഷ്കീര്‍ത്തിയുണ്ടാകും എന്നിങ്ങനെ തികച്ചും ലൌകികങ്ങളായ ന്യായവാദങ്ങള്‍ മറ്റൊരിടത്ത്.

മഹാഭാരതം കടഞ്ഞെടുത്ത അദ്വൈത സത്താണ് ഭഗവദ്ഗീത എന്ന് വിശ്വസിക്കപ്പെടുന്നു. അശരണരുടെ ആശാകേന്ദ്രമായി ഗീത ആദരിക്കപ്പെടുന്നു. അഭിജ്ഞര്‍ക്ക് വേദപ്പൊരുളായും സന്ദിഗ്ധമാനസര്‍ക്ക് മാതാവായും പീഡിതര്‍ക്ക് പ്രത്യാശയുടെ പ്രതീകമായും കര കാണാതെ അലയുന്നവര്‍ക്ക് ദീപസ്തംഭമായും ഗീത പ്രയോജനപ്പെടുന്നു. അലസമായുറങ്ങുന്ന ലോകത്തെയുണര്‍ത്തുവാന്‍ ഗീത കര്‍മചൈതന്യത്തിന്റെ പാഞ്ചജന്യം മുഴക്കുന്നു. പിന്നാക്കം പായുവാനല്ല മുന്നോട്ട് കുതിക്കുവാനാണ് ഗീതയുടെ ആഹ്വാനം. ഔപനിഷദികമായ തത്ത്വചിന്തകള്‍ ഗീതയിലുടനീളം പൂത്തുലഞ്ഞുനില്‍ക്കുന്നതു കാണാം. സമീപിക്കുന്നവരെയെല്ലാം സംതൃപ്തിപ്പെടുത്തുകയും ആശ്വാസമണയ്ക്കുകയും ചെയ്യുന്നതാണു ഗീതയെന്നു വിശ്വസിച്ചു പോരുന്നു.

ഗീത മലയാളത്തില്‍. വിവര്‍ത്തനങ്ങള്‍, വ്യാഖ്യാനങ്ങള്‍, നിരൂപണങ്ങള്‍, സംഗ്രഹങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഗീതാഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഗീതയുടെ പ്രഥമ ഭാഷാന്തരീകരണം കൊണ്ട് ധന്യമായത് മലയാളമത്രെ. ഏതാണ്ട് 600 വര്‍ഷം മുമ്പ് നിരണം കവികളില്‍ പ്രമുഖനായ മാധവപ്പണിക്കര്‍ 700 ശ്ളോകങ്ങളടങ്ങിയ വ്യാസഗീത 328 ശീലുകളിലായി സംക്ഷേപിച്ചുര ചെയ്തു.

"പാരാശര്യ മഹാമുനി തിലകന്‍

പതിനെട്ടധ്യായത്തിലുരത്തതു

നാരായണനരുളാലൊരു നരകൃമി

ഞാനുമിതൊരുപടി ചൊല്‍ക തുനിഞ്ഞേന്‍

എന്നിങ്ങനെയാണ് പണിക്കര്‍ പാമരന്മാരെ തന്റെ ഭാഷാഗീത പാടികേള്‍പ്പിച്ചത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ദിവാന്‍ ബഹദൂര്‍ ഗോവിന്ദപിള്ള, പരേരി കുഞ്ഞിച്ചന്തു (ഗദ്യവിവ. 1900), സി.കെ. കൃഷ്ണപ്പിള്ള (1904), കെ.എം. (1905), കെ. കേശവമേനോന്‍ (1911), കൊല്ലങ്കോട്ടു കാരാട്ടു കേശവമേനോന്‍ (കേരള ഭാഷാഗാനം, 1911), എന്‍. നാണുപിള്ള ആശാന്‍ (1915), എം. രാമപ്പൈ (1924), ആര്‍. പദ്മനാഭ പിള്ള (ഗദ്യവിവ. 1924), പാവൂര്‍ പി.എസ്. മാധവന്‍ പിള്ള (കിളിപ്പാട്ട്, 1930), വടക്കുഞ്ചേരി അകത്തൂട്ട് ദാമോദരന്‍ കര്‍ത്താവ് (കിളിപ്പാട്ട്, 1938), വി.വി. ശര്‍മ (1946), കാട്ടൂര്‍ എന്‍. പരമേശ്വരക്കുറുപ്പ് (1948), പാങ്ങപ്പാറ കേശവപിള്ള (1950), മറവൂര്‍ ഭാസ്കരന്‍ നായര്‍, എസ്. നാരായണന്‍ നായര്‍ (1951), പി.ഡി. പാട്ടം (കേരള ഭാഷാഗാനം, 1952), എസ്. എസ്. (ഗദ്യവിവ. 1953), കെ. രാഘവന്‍ തിരുമുല്പാട് (1954), ശാസ്തമംഗലം രാമകൃഷ്ണപിള്ള (കിളിപ്പാട്ട്, 1954), കെ. ബാലരാമപ്പണിക്കര്‍ (ഗദ്യവിവ. 1955), മുതുകുളം പാര്‍വതിയമ്മ (കിളിപ്പാട്ട്, 1959), കെ. വിശ്വനാഥനാശാരി (കിളിപ്പാട്ട്, 1960), പി. രാഘവന്‍ നായര്‍ (ഗദ്യ ഗീത, 1962), നെയ്യാറ്റിന്‍കര സി.ആര്‍. അയ്യപ്പന്‍ വൈദ്യന്‍ (1962), കെ. പരമേശ്വരക്കുറുപ്പ് (കിളിപ്പാട്ട്, 1965), തിരുവല്ലം ഭാസ്കരന്‍ നായര്‍, ഇസഹാക്ക്, സ്വാമി ശങ്കരാനന്ദ ഭാരതി, കെ. രൈരുനായര്‍ (1968), സ്വാമി ചിന്മയാന്ദന്‍ (1969), ആറ്റുകാല്‍ ഗോവിന്ദപ്പിള്ള, മാന്നാര്‍ ഗോപാലന്‍ നായര്‍ (1969), കപ്രശ്ശേരി അപ്പുണ്ണിക്കൈമള്‍ (ആശയാനുവാദം, 1970), ഡോ. മാമ്പുഴ കേശവപിള്ള (ഭാഷ്യഭാഷാഗാനം, 1979) തുടങ്ങിയവരുടെ പരിഭാഷകളും വന്നു.

ഗീതാവ്യാഖ്യാതാക്കളുടെ കൂട്ടത്തില്‍ ടി.സി. പരമേശ്വരന്‍ മൂസ്സത് (ഗീതാ സാരാര്‍ഥം, 1921; ലോകമാന്യം-ഭാഷാവ്യാഖ്യാനം 1933), പ്രേമാനന്ദ ഭാരതി (1922), പി.എം. നാരായണന്‍ (1933), എല്‍.എ. രവിവര്‍മ (1934), ഈശ്വരാനന്ദ സരസ്വതി (1939), പി.എസ്. അനന്തനാരായണ ശാസ്ത്രി (1945), പി. ശേഷാദ്രി അയ്യര്‍ (1948), കെ. കുഞ്ഞുപിള്ള പണിക്കര്‍ (1951), ജി.എസ്. ശ്രീനിവാസയ്യര്‍ (1952), ദയാനന്ദസ്വാമി (1956), കുന്നത്തു ജനാര്‍ദനമേനോന്‍ (10-ാം പതിപ്പ്, 1957), ജ്ഞാനാനന്ദ സരസ്വതി (1962), നടരാജഗുരു, നിത്യചൈതന്യയതി, ഭൂമാനന്ദ തീര്‍ഥ (1962), ടി.ജി.എം. (1963), കെ. വാസുദേവന്‍ മൂസ്സത് (12-ാം അ. 1964), സ്വാമി പ്രകാശാനന്ദ (1970), പി. ഗോപാലന്‍ നായര്‍, പി. ബാലകൃഷ്ണപിള്ള,(ഗീതാകോശം, ഭാഗം ക), എന്‍.ബി. പരമേശ്വരന്‍ നായര്‍ (സംഗ്രഹം, 4 ഭാഗങ്ങള്‍), പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ (ശിവാരവിന്ദം-ഗീതാഭാഷ്യം) മുതലായവര്‍ ഉള്‍പ്പെടുന്നു.

പുതുഗ്രാമം കെ. ഗോപാലകൃഷ്ണയ്യര്‍ (ഭഗവദ്ഗീതാ സംഗ്രഹം, 1936), ടി.കെ. കൃഷ്ണമേനോന്‍ (ഗീതാമഹാത്മ്യം, 1949), പയ്യംപള്ളില്‍ ഗോപാലപിള്ള (ശ്രീമദ്ഗീതാസാരം, 1950), പുത്തേഴത്തു രാമന്‍മേനോന്‍ (ഗീതാപ്രാന്തങ്ങളില്‍, 1967), ആത്മാനന്ദ (ഭഗവദ്ഗീത, 1967), സി.കെ. രാമചന്ദ്രന്‍ (ഗീതയും അറ്റോമിക് എനര്‍ജിയും, 1968), അഭേദാനന്ദസ്വാമികള്‍ (ഗീതാപ്രഭാഷണങ്ങള്‍, 1968) തുടങ്ങിയവരുടെ നിരൂപണ ഗ്രന്ഥങ്ങള്‍ക്കു പുറമേ, ബാലഗംഗാധര തിലകന്‍ (ഗീതാരഹസ്യം പൂര്‍വഭാഗം, 1927; ഗീതാരഹസ്യം, 1956), മഹാത്മാഗാന്ധി (അനാസക്തിയോഗം, 1932), ദൊരസ്വാമിശാസ്ത്രിയാര്‍ (ഭഗവത്ഗീതാഹൃദയം), ലക്ഷ്മി മീര്‍ച്ചന്ദാനി (ഗീതാസാരം, 1955), വിനോബാഭാവെ (ഗീതാ പ്രവചനം, 1957), ഗോയന്‍ദ്കാ ജയദയാല്‍ (ഗീതാരഹസ്യം, 1962), കാലേല്‍ക്കര്‍ (ഗീതാരത്നപ്രഭ, 1964) എന്നിവരുടെ ഗീതാപഠനഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളും മലയാളത്തിനു ലഭിച്ചിട്ടുണ്ട്.

ഗീത എന്ന പേരില്‍ നിരവധി സ്വതന്ത്രകൃതികളുണ്ട്. ഉദാ. അവധൂതഗീത, അഷ്ടാവക്രഗീത; കൂടാതെ ഭാഗവതത്തിലെ ഹംസഗീത, ഭിക്ഷുഗീത തുടങ്ങിയവപോലുള്ള പ്രകരണങ്ങളും കാണുന്നു.

(പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍; കെ.പി. ബാബുദാസ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%80%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍