This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ജിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗില്‍ജിറ്റ്

വടക്കുപടിഞ്ഞാറേ കശ്മീരില്‍, ഹിന്ദുക്കുഷ്-കാറക്കോറം മലനിരകള്‍ക്കിടയിലായി, അഫ്ഗാന്‍-ചൈനീസ് അതിര്‍ത്തിക്കടുത്തു സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ ഒരു താലൂക്കും താലൂക്കാസ്ഥാനവും. ചരിത്രത്തിലുടനീളം, ചുറ്റുപാടുമുള്ള താഴ്വരകളിലെയും ചെറുസ്റ്റേറ്റുകളിലെയും ഭരണാധികാരികളുടെ ഭരണകേന്ദ്രമായിരുന്നു ഗില്‍ജിറ്റ്. അതിപുരാതനകാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്ന ഇവിടം 14-ാം ശ.-ത്തോടെ മുസ്ലിം കേന്ദ്രമായി മാറി. 19-ാം ശ.-ത്തില്‍ സിക്കുകാരും ദോഗ്രകളും ഗില്‍ജിറ്റ് കീഴടക്കുന്നതുവരെ ഇത് ഇപ്രകാരം തുടര്‍ന്നു. സാര്‍ഗിന്‍ എന്നാണ് അക്കാലത്ത് ഇതറിയപ്പെട്ടിരുന്നത്. ഇവിടെക്കൂടെ ഒഴുകുന്ന നദിയുടെ പേരും ഗില്‍ജിറ്റ് എന്നുതന്നെ. മുന്‍പ് ഗില്‍ജിറ്റ് ഒരു ബ്രിട്ടീഷ് ഏജന്‍സി ആയിരുന്നു. 1948 മുതല്‍ ഇത് പാകിസ്താന്റെ ഭാഗമായി. ഗില്‍ജിറ്റിനുവേണ്ടിയുള്ള ഇന്തോ-പാക് തര്‍ക്കം ഇനിയും പരിഹൃതമായിട്ടില്ല. ഇപ്പോള്‍ 'ഗില്‍ജിറ്റ് ഏജന്‍സി'യില്‍ 4 രാഷ്ട്രീയ ജില്ലകളും ഗില്‍ജിറ്റ്, ആസ്റ്റര്‍ എന്നീ സബ്-ഡിവിഷനുകളും ഹന്‍സ, നാഗര്‍ എന്നീ സംസ്ഥാനങ്ങളും കൈലാസ് സബ്ഏജന്‍സിയും ഉള്‍പ്പെടുന്നു. ചിത്രാല്‍, അഫ്ഗാനിസ്താന്‍, റഷ്യ, സിങ്കിയാങ് (ചൈന) എന്നിവിടങ്ങള്‍വരെ ഈ 'ടെറിറ്ററി' ചെന്നെത്തുന്നുണ്ട്. ഈ മുഴുവന്‍ പ്രദേശങ്ങളും ഇപ്പോള്‍ പാകിസ്താന്റെ ഭരണത്തിന്‍കീഴിലാണ്.

സമുദ്രനിരപ്പില്‍നിന്ന് സു. 1,500 മുതല്‍ 2,000 വരെ മീ. ഉയരത്തില്‍, പര്‍വതങ്ങള്‍ നിറഞ്ഞ ഒരിടമാണ് ഗില്‍ജിറ്റ് പട്ടണം. ഹിന്ദുക്കുഷ്-കാറക്കോറം പര്‍വതനിരകളുടെ സന്ധിപ്രദേശമാണിവിടം. ഹന്‍സ, നാഗര്‍ എന്നീ താഴ്വരകളെല്ലാം പര്‍വതശിഖരങ്ങള്‍ക്കിടയില്‍ വളരെ താഴെയായി കാണപ്പെടുന്നു. ഗില്‍ജിറ്റിലെ നദീതടങ്ങള്‍ സുവികിസിതങ്ങളാണ്. കൃഷിയിടങ്ങള്‍, പഴത്തോട്ടങ്ങള്‍, ഗ്രാമങ്ങള്‍, റോഡുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. പാകിസ്താനിലെ അബോത്തബാദുമായി റോഡുമാര്‍ഗം ഗില്‍ജിറ്റ് ടൌണ്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് 5,000 പേരോളം ഇവിടെ താമസമുണ്ടെന്നാണു കണക്ക്.

ബൂഞ്ചി എന്ന ചെക്ക്പോസ്റ്റിനടുത്തു വച്ച് ഉദ്ദേശം 1,400 മീ. ഉയരത്തില്‍ ഗില്‍ജിറ്റ്നദി സിന്ധുവുമായി സമ്മേളിക്കുന്നു. ബൂഞ്ചിക്കു തൊട്ടുതാഴെവച്ച് തെ.കിഴക്കു നിന്നൊഴുകിവരുന്ന സിന്ധുവില്‍ ആസ്റ്റര്‍നദി ചേരുന്നു. ഗില്‍ജിറ്റ് നദിയുടെ വലത്തേക്കരയിലായിട്ടാണ് ഗില്‍ജിറ്റ് പട്ടണത്തിന്റെ സ്ഥാനം. പട്ടണത്തിന്റെ നടുക്കായി ഗില്‍ജിറ്റ്കോട്ട നിലനില്ക്കുന്നു. സുപ്രസിദ്ധമായ ഈ കോട്ട 1871-ല്‍ ഒരു ഭൂകമ്പത്തില്‍പ്പെട്ട് ഭാഗികമായി തകര്‍ന്നുപോയെങ്കിലും അതിനുശേഷം അറ്റകുറ്റങ്ങള്‍ തീര്‍ത്ത് ഇപ്പോള്‍ ഭംഗിയായി സംരക്ഷിക്കുന്നുണ്ട്.

നദിക്കരയിലെ ഫലസമൃദ്ധമായ സമതലപ്രദേശത്ത് കൃഷി ചെയ്താണ് ജനങ്ങള്‍ ജീവിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് സു. 2,000 മീ. ഉയരത്തില്‍, പര്‍വതശൃംഗങ്ങളാല്‍ ചുറ്റപ്പെട്ടു കാണപ്പെടുന്ന ഈ സമതലം കി. രാകപോഷിണിയില്‍ (7,788 മീ.) അവസാനിക്കുന്നു. കാറക്കോറം മലനിരകളുടെ പടിഞ്ഞാറേയറ്റമായാണ് ഇതു കരുതപ്പെടുന്നത്. നദീജലത്തില്‍നിന്ന് 10-12 മീ. ഉയരത്തിലാണു കൃഷിയിടം. നനയ്ക്കുന്നതിനാവശ്യമായ വെള്ളം അടുത്തുതന്നെയുള്ള ഒരു ചെറുനദിയില്‍നിന്നു കൊണ്ടുവരുന്നു. ഇവിടത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ പരന്നതാണ്. സമതലപ്രദേശത്ത് രണ്ടും മൂന്നുമായി ഈ വീടുകള്‍ ചിതറിക്കാണുന്നു. ഓരോ കൂട്ടം വീടിനെയും ചുറ്റി ധാരാളം ഫലവൃക്ഷങ്ങള്‍ കാണാം.

ഗില്‍ജിറ്റിനു പടിഞ്ഞാറായി കാഫിറിസ്താന്‍ പര്‍വതനിരകളാണ്. പാകിസ്താനിലെ ചിത്രാല്‍ നിരകള്‍ക്കും അഫ്ഗാനിസ്താനിലെ വാഖന്‍ മലയ്ക്കും അതിരായി ഇതു സ്ഥിതിചെയ്യുന്നു. കാഫിര്‍ ഗോത്രക്കാരാണ് ഇവിടത്തെ ജനങ്ങള്‍. രാകപോഷിണിയുടെ നിഴലില്‍ കിടക്കുന്ന ഹന്‍സാ താഴ്വാരം ഗില്‍ജിറ്റിനു വ.കിഴക്കായി കാണപ്പെടുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം അതിമനോഹരമാണ്.

ചൈനയിലെ 'പട്ടുപാത' (Silk Route) സിങ്കിയാങ്ങിലും ഗില്‍ജിറ്റിലുമായി നീണ്ടുകിടക്കുന്നു. ഇപ്പോഴത്തെ റോഡുകള്‍ പട്ടാളക്കാര്‍ നിര്‍മിച്ചവയാണ്. ഈ റോഡ് വന്നതോടെ ഗില്‍ജിറ്റിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഹസന്‍ അബ്ദല്‍ ആയി (ദൂരം 400 കി.മീ.). ഇപ്പോഴും ചൈനയുമായി ഗില്‍ജിറ്റ് മിന്റേക്കാചുരം വഴി വ്യാപാരബന്ധം നിലനിര്‍ത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍