This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിരിപ്രഭാഷണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിരിപ്രഭാഷണം
ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് ഉദ്ഘോഷിച്ചുകൊണ്ട് ക്രിസ്തു തന്റെ അനുയായികള്‍ക്കു നല്കിയ ഉപദേശങ്ങളടങ്ങിയ പ്രഭാഷണ പരമ്പരയില്‍ ആദ്യത്തേത്. ബൈബിളില്‍ പുതിയ നിയമത്തില്‍ മത്തായിയുടെ സുവിശേഷത്തിലും (അധ്യായം 5, 6, 7) ലൂക്കായുടെ സുവിശേഷത്തിലും (അധ്യായം 6) ഈ പ്രഭാഷണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗലീലിയാതടാകത്തിന്റെ തീരത്തുള്ള ഒരു ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നു തന്റെ മുമ്പില്‍ തടിച്ചുകൂടിയ ജനാവലിയോട് ക്രിസ്തു പ്രസംഗിച്ചു. ഇക്കാരണത്താലാണ് ഈ പ്രസംഗത്തെ ഗിരിപ്രഭാഷണം എന്നു വിശേഷിപ്പിക്കുന്നത്. വിശ്വവിഖ്യാതമായ ഗിരിപ്രഭാഷണത്തിന് ക്രൈസ്തവസഭകള്‍ അതീവ പ്രാധാന്യം നല്കിയിട്ടുണ്ട്. കാരണം, വരാന്‍ പോകുന്ന ദൈവരാജ്യത്തില്‍ പങ്കുകാരനാകണമെന്നാഗ്രഹിക്കുന്ന വ്യക്തിയില്‍ എന്തൊക്കെ സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഈ പ്രഭാഷണത്തിലൂടെ ക്രിസ്തു വെളിപ്പെടുത്തി. സീനായ് മലമുകളില്‍ നിന്നുകൊണ്ട് പഴയ നിയമത്തിലെ പത്തു കല്പനകള്‍ മോസസ് പ്രഖ്യാപിച്ചതിനു സമാനമാണ് ഗലീലിക്കുന്നിന്റെ മുകളില്‍നിന്നു പുതിയ നിയമത്തെ പുരസ്കരിച്ച് ക്രിസ്തു നടത്തിയ പ്രഭാഷണം എന്നു കരുതുന്നവരുണ്ട്.
മത്തായി, ലൂക്കോസ് എന്നിവരാണ് തങ്ങളുടെ സുവിശേഷങ്ങളില്‍ ഗിരിപ്രഭാഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ആധുനികകാലത്തു നടന്നിട്ടുള്ള ഗവേഷണങ്ങള്‍ പുതിയ ചില വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതായത്, ക്രിസ്തു ചെയ്ത ഒരു ദീര്‍ഘ പ്രഭാഷണത്തിന്റെ തനി റിപ്പോര്‍ട്ടല്ല ഗിരിപ്രഭാഷണം. പലപ്പോഴായി ക്രിസ്തു വ്യത്യസ്ത അവസരങ്ങളില്‍, വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ഭാഗങ്ങളെ ക്രോഡീകരിച്ചു എഴുതിയിട്ടുള്ളതാണത് എന്ന് ഒരു കൂട്ടം ആധുനിക പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിരിക്കുന്നു. ഈ വ്യാഖ്യാനത്തിനുപോദ്ബലകമായി മത്തായിയുടെയും ലൂക്കായുടെയും വിവരണങ്ങളില്‍ കാണുന്ന ചില വ്യത്യാസങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി 'വിജാതീയര്‍പോലും അതു ചെയ്യുന്നില്ലേ' എന്ന് മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുമ്പോള്‍, 'പാപികള്‍ പോലും അതു ചെയ്യുന്നില്ലേ' എന്നാണ് ലൂക്കായുടെ വിവരണത്തിലുള്ളത്. സ്വര്‍ഗത്തിലുള്ള പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍ എന്ന് മത്തായി (മത്തായി. 5:48); സ്വര്‍ഗത്തിലുള്ള പിതാവ് കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കാരുണ്യവാന്മാരായിരിക്കുവിന്‍ എന്ന് ലൂക്കാ (ലൂക്കാ. 6:36). മത്തായിയുടെ ഗിരിപ്രഭാഷണ വിവരണത്തില്‍ വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഭാവച്ഛായയ്ക്കു കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുമ്പോള്‍, ലൂക്കായില്‍ പ്രായോഗിക പ്രവര്‍ത്തന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നു. മത്തായി നല്കുന്ന വിവരണം വളരെ ദീര്‍ഘമാണ്. ലൂക്കാ നല്കുന്ന വിവരണം താരതമ്യേന കുറവാണ്.
അഷ്ടഭാഗ്യങ്ങള്‍ എന്നറിയപ്പെടുന്ന എട്ടു സുകൃതങ്ങളുടെ പ്രഖ്യാപനത്തോടുകൂടി മത്തായിയുടെ ഗിരിപ്രഭാഷണ വിവരണം ആരംഭിക്കുന്നു. (1) ആത്മനാ ദരിദ്രരായവര്‍ ഭാഗ്യവാന്മാരാകുന്നു; എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതത്രെ. (2) ശാന്തശീലര്‍ അനുഗൃഹീതരാകുന്നു; എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമികൈവശമാക്കും. (3) കരയുന്നവര്‍ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും. (4) നീതിക്ക് വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ അനുഗൃഹീതരാകുന്നു; എന്തുകൊണ്ടെന്നാല്‍ അവര്‍ സംതൃപ്തരാക്കപ്പെടും. (5) കാരുണ്യമുള്ളവര്‍ അനുഗൃഹീതരാകുന്നു; എന്തുകൊണ്ടെന്നാല്‍ അവരുടെ മേല്‍ കാരുണ്യമുണ്ടാകും. (6) ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതരാകുന്നു; എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ ദര്‍ശിക്കും. (7) സമാധാന പാലകര്‍ അനുഗൃഹീതരാകുന്നു; എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും. (8) നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്മാരാകുന്നു; എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. ആത്മശുദ്ധി, ശാന്തശീലം, ദുഃഖസഹനം, നീതി, കാരുണ്യം സമാധാനകാംക്ഷ തുടങ്ങിയ സുകൃതങ്ങളുടെ ശ്രേഷ്ഠത ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു.
ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട സുകൃതങ്ങളും അതിനു പ്രതിഫലമായി അവര്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങളും പ്രഭാഷണത്തില്‍ എടുത്തു പറയുന്നു. ക്രിസ്തുവിന്റെ ശിഷ്യനായിത്തീരുന്ന ഒരാളിന് ദൈവത്തില്‍ നിന്നും ലഭിക്കാവുന്ന അനുഗ്രഹങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായിരുന്നു ഗിരിപ്രഭാഷണത്തിന്റെ ഉള്ളടക്കം. ഒരു നിയമസംഹിതയുടെ രൂപത്തിലല്ല ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദൈവാനുഗ്രഹം ലഭിക്കുവാന്‍ വേണ്ടി മനുഷ്യന്‍ പ്രയത്നിക്കേണ്ടത് ഏതു രീതിയിലായിരിക്കണമെന്ന മാര്‍ഗനിര്‍ദേശം ഗിരിപ്രഭാഷണത്തില്‍ കാണുന്നു.സമ്മാനം ലഭിക്കുന്നതിനുള്ള ഉപാധികളായി അവയെ കരുതാം. സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് ഈ പ്രഭാഷണത്തിലുടെനീളം കാണുന്നത്. മരണത്തിനും ഉയിര്‍പ്പിനുംശേഷം ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ പ്രത്യാഗമനം ആകാംക്ഷാപൂര്‍വം പ്രതീക്ഷിച്ചിരുന്ന ആദിമസഭയിലെ ക്രൈസ്തവര്‍ക്ക് സഹനത്തിനുള്ള ഉത്തേജനം നല്കിയത് ഗിരിപ്രഭാഷണത്തിലൂടെ ക്രിസ്തു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങളായിരുന്നുവെന്നു പറയാം.
ആദാമും ഹവ്വയും ആദ്യപാപം ചെയ്തതിനെത്തുടര്‍ന്ന് മനുഷ്യവംശത്തിനു നഷ്ടപ്പെട്ട പറുദീസയായ ദൈവരാജ്യത്തിന്റെ പുനഃസ്ഥാപനം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്നവരായിരുന്നു അക്കാലത്തെ യഹൂദര്‍. അവരുടെയിടയില്‍ ദൈവരാജ്യം വന്നുകഴിഞ്ഞതായി ഗിരിപ്രഭാഷണത്തിലൂടെ ക്രിസ്തു അറിയിക്കുന്നു. ക്രിസ്തുവിന്റെ അനുയായികളുടെ മേല്‍ ദൈവകൃപ സമൃദ്ധമായി വര്‍ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ 'ഭൂമിയുടെ ഉപ്പ്' ആയിത്തീര്‍ന്നിരിക്കുന്നുവെന്ന് ക്രിസ്തു അഭിപ്രായപ്പെട്ടു. 'നിങ്ങള്‍ ഭൂമിയുടെ വെളിച്ചം' എന്ന് തന്റെ അനുയായികളെ ക്രിസ്തു വിശേഷിപ്പിച്ചു. പുതിയ ദൈവരാജ്യത്തില്‍ മറ്റുള്ളവരും പങ്കാളികളാകാനുള്ള സജീവമായൊരു ക്ഷണവും ഗിരിപ്രഭാഷണത്തിലുണ്ട്.
ക്രിസ്തു നല്കിയ പുതിയ നിയമത്തില്‍ അടങ്ങിയിരിക്കുന്ന പരിപൂര്‍ണ നീതിയുടെ സ്വഭാവം ഗിരിപ്രഭാഷണത്തില്‍ പ്രകടമായിരിക്കുന്നു. നിയമജ്ഞരെക്കാളും ഫരിസേയരെക്കാളും കൂടുതല്‍ നീതിബോധത്തോടുകൂടി പെരുമാറുവാന്‍ ക്രിസ്തു തന്റെ ശിഷ്യന്മാരെ ഇവിടെ ആഹ്വാനം ചെയ്യുന്നു. പഴയ നിയമത്തില്‍ മോസസ് നല്കിയ കല്പനകളുടെ പൂര്‍ത്തീകരണമാണ് തന്റെ പുതിയ നിയമം എന്ന് ക്രിസ്തു വ്യക്തമാക്കുന്നു. മോസസ് നല്കിയ നിയമത്തിന് അനുപൂരകമായി ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു നല്കുന്ന ഉപദേശം നോക്കുക.
'കൊല്ലരുത്' എന്നു പറഞ്ഞാല്‍ കൊലപാതകത്തില്‍നിന്നും പിന്‍തിരിയുക മാത്രമല്ല, അന്യരോട് പകയും വിദ്വേഷവും വച്ചു പുലര്‍ത്തുന്നതും കൊലപാതകത്തിനു സമാനമാണെന്ന് ക്രിസ്തു അഭിപ്രായപ്പെട്ടു. കാരണം, മനുഷ്യര്‍ പുറമേ കാണിക്കുന്ന അക്രമങ്ങള്‍ക്ക് മൂലകാരണം അകമേയുള്ള വെറുപ്പും വിദ്വേഷവും ആകുന്നു, അന്യരോടു ക്ഷമിക്കുവാന്‍ കഴിവില്ലാത്തവന്റെ ബാഹ്യമായ പ്രാര്‍ഥനകളും ഭക്തിപ്രകടനങ്ങളും അര്‍ഥശൂന്യമാണ്. അതുപോലെ 'വ്യഭിചാരം ചെയ്യരുത്' എന്ന നിയമത്തിനും ക്രിസ്തു പുതിയ വ്യാഖ്യാനം നല്കുന്നു. വ്യഭിചാരം പാടില്ലെന്നു മാത്രമല്ല, അനാവശ്യമായ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുകയും വേണം. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം ഇവിടെ ക്രിസ്തു പ്രത്യേകം സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ പ്രാധാന്യവും വിവാഹമോചനത്തിന്റെ അനഭിലഷണീയതയും ഗിരിപ്രഭാഷണ വേളയില്‍ ക്രിസ്തു വെളിപ്പെടുത്തുന്നു.
ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന 'സ്വര്‍ഗസ്ഥനായ പിതാവേ' എന്നു തുടങ്ങുന്ന പ്രാര്‍ഥന ക്രിസ്തു പഠിപ്പിച്ചത് ഗിരിപ്രഭാഷണ വേളയിലായിരുന്നു.
(പ്രൊഫ. നേശന്‍ റ്റി. മാത്യു)