This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരിജാകുമാര്‍ മാഥൂര്‍ (1919 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിരിജാകുമാര്‍ മാഥൂര്‍ (1919 - )

ഹിന്ദികവി. നവീനകവിതയുടെ മാര്‍ഗദര്‍ശികളില്‍ പ്രമുഖന്‍. മധ്യപ്രദേശിലെ അശോക നഗറില്‍ 1919 ആഗ. 16-ന് ജനിച്ചു. ലഖ്നൌ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദവും എല്‍.എല്‍.ബിയും നേടി. 1943-ല്‍ ആകാശവാണിയില്‍ ഉദ്യോഗത്തില്‍ ചേര്‍ന്ന ഇദ്ദേഹം സ്റ്റേഷന്‍ ഡയറക്ടറായും തുടര്‍ന്ന് ദൂരദര്‍ശന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു.

നവീന സാഹിത്യ രചനയില്‍ അജ്ഞേയ്, വിരേന്ദ്രകുമാര്‍ ജയിന്‍, ലക്ഷ്മികാന്ത്വര്‍മ എന്നിവരോടൊപ്പം മാഥൂര്‍ പ്രവര്‍ത്തിച്ചു. വിമര്‍ശനാത്മക റിയലിസത്തെയും നവീകരണാത്മക കാല്പനികതയെയും സംയോജിപ്പിച്ചുകൊണ്ട് ആധുനിക കവികള്‍ക്കു മാര്‍ഗദര്‍ശനം നല്കാന്‍ ഇദ്ദേഹത്തിനുകഴിഞ്ഞു. കാലത്തിനനുകൂലമായ സംഭവങ്ങളിലും സങ്കല്പങ്ങളിലും ദൃഷ്ടിയൂന്നി ഉചിതവൃത്തസ്വീകാരത്തിലൂടെയും കാവ്യാത്മക ബിംബയോജനയിലൂടെയും നൂതന പ്രവണതയുടെ ശ്രദ്ധേയമായ വക്താവാകാന്‍ മാഥൂറിന് സാധിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വഭാവമുള്‍ക്കൊള്ളുന്ന പ്രഥമ പ്രസിദ്ധീകരണമായ താരസപ്തകത്തില്‍ ഇദ്ദേഹത്തിന്റെ രചനകള്‍ക്കു മുഖ്യസ്ഥാനം നല്കിയിട്ടുണ്ട്. നാശ് ഔര്‍ നിര്‍മാണ്‍, ധൂപ് കേ ധന്‍, ശിലാപങ്ഖ് ചമ്കീലേ, ഭീതരി നദീ കീ യാത്രാ, സാക്ഷീ രഹേ വര്‍ത്തമാന്‍, ജോ ബന്ധ് നഹി സകാമജ്ഞീര്‍, ഛായാ വാദ്, ച ഉന്നമാന്‍ എന്നിവയാണ് പ്രധാന കൃതികള്‍. മാഥൂര്‍ നാടകങ്ങളും വിമര്‍ശനങ്ങളും രചിച്ചിട്ടുണ്ട്. യുദ്ധഭീഷണി പ്രമേയമാക്കിയ നാടകമാണ് പ്രജാ ഹീ രവിനേ ദേ. ജന്മ ഖ്വൈദ് ഏകാങ്കനാടക സമാഹാരമാണ്.

ഗിരിജാകുമാര്‍ മാഥൂറിന്റെ ശാന്തിവിശ്വ എന്ന ഗേയനാടകത്തിന് ചെക്കോസ്ളൊവാക്യ അന്താരാഷ്ട്ര സമ്മാനം ലഭിച്ചു. പ്രമുഖ കവിക്കുള്ള ഡല്‍ഹി അഡ്മിനിസ്ട്രേഷന്റെ പുരസ്കാരം, മധ്യപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ബഹുമതി എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മാഥൂറിന്റെ നിരവധി കവിതകള്‍ ഇംഗ്ലീഷ്, റഷ്യന്‍, ജര്‍മന്‍, സ്വീഡിഷ്, ബള്‍ഗേറിയന്‍, ജാപ്പനീസ് എന്നീ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നയീകവിത: സീമായേം ഔര്‍ സംഭാവനയേം മാഥൂറിന്റെ ഗദ്യകൃതികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍