This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിബ്സൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിബ്സൈറ്റ്
ഒരു അലുമിനിയം ധാതു. രാസപരമായി ഇത് അലുമിനിയം ഹൈഡ്രോക്സൈഡാണ്. ഫോര്‍മുല: Al(OH)3. അലുമിനിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരായ ബോക്സൈറ്റിലെ മുഖ്യ ഘടകങ്ങളിലൊന്നാണിത്. ബോക്സൈറ്റിലെ ഏറ്റവും പ്രധാന ഘടകമായ അലുമിനയില്‍ നിന്ന് ഗിബ്സൈറ്റിനെ കാഴ്ചയില്‍ വേര്‍തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടാണ്. വെളുത്ത സ്ഫടികപ്പരലുകളായോ മണ്ണുകലര്‍ന്ന കട്ടിപിടിച്ച രൂപത്തിലോ മണ്ണുമായി ഇടകലര്‍ന്ന് പൊടിയായോ കാണപ്പെടുന്ന ബോക്സൈറ്റ്സാമ്പിളുകളില്‍ ഗിബ്സൈറ്റിന്റെ അളവ് താരതമ്യേന കൂടിയിരിക്കും. അനുയോജ്യമായ തീക്ഷ്ണ-ഭൗതികസാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഫെല്‍സ്പാറുകള്‍, ഫെല്‍സ്പതോയിഡുകള്‍ തുടങ്ങി പ്രകൃതിയിലുള്ള അലുമിനിയം യൌഗികങ്ങളില്‍ നിന്ന് ഈ ധാതു രൂപപ്പെട്ടുവരാവുന്നതാണ്. ഈ രൂപാന്തരീകരണപ്രക്രിയ ഒന്നുകില്‍ നേരിട്ടു നടക്കാം; അല്ലെങ്കില്‍ അലുമിനിയം യൌഗികം ആദ്യം കളിമണ്ണിലുള്ള ധാതുക്കളായി മാറിയശേഷം ഗിബ്സൈറ്റായിത്തീരാം.
ചാരനിറത്തിലും, പച്ചയോ ചുവപ്പോ കലര്‍ന്ന വെളുപ്പുനിറത്തിലും ഗിബ്സൈറ്റ് കാണാറുണ്ട്. സ്ഫടികത്തിന്റെ തിളക്കമുണ്ടിതിന്. 2.3 മുതല്‍ 2.4 വരെയും കാഠിന്യം 2.5 മുതല്‍ 3.5 വരെയുമാണ്. പരലുകളായോ കട്ടിപിടിച്ച് പൊറ്റയായോ മണ്ണുമായി കൂടിക്കുഴഞ്ഞ രൂപത്തിലോ കാണപ്പെടുന്ന ഈ വസ്തുവിന് മോണോക്ലിനിക്-പരല്‍ ഘടനയാണുള്ളത്. ജമെയ്ക്ക, സുരിനാം, ഗയാന, ബ്രസീല്‍, പശ്ചിമാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നും ലഭിക്കുന്ന ബോക്സൈറ്റില്‍ ധാരാളം ഗിബ്സൈറ്റ് അടങ്ങിയിരിക്കുന്നു. ഗിബ്സൈറ്റ് കൃത്രിമമായി സംശ്ളേഷണം ചെയ്തെടുക്കുന്നുമുണ്ട്. അലുമിനിയം ലോഹവും അലുമിനിയം യൌഗികങ്ങളും നിര്‍മിക്കാന്‍ ഈ സംശ്ളേഷിത ഗിബ്സൈറ്റ് ഉപയോഗിച്ചുവരുന്നു.
(ഡോ. എന്‍. മുരുകന്‍)