This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിനി ബിസൗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിനി ബിസൗ

Guinea - Bissau

ആഫ്രിക്കയുടെ പശ്ചിമതീരത്തു സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗികനാമം: റിപ്പബ്ലിക് ഒഫ് ഗിനി ബിസൗ. വളരെ ചെറിയ ദ്വീപസമൂഹമായ ബിസാഗോസ് ദ്വീപുകള്‍ കൂടി ഉള്‍പ്പെട്ട ഗിനി ബിസൗവിന്റെ തലസ്ഥാനം രാജ്യത്തെ പ്രധാന തുറമുഖനഗരമായ ബിസൗ ആണ്. പോര്‍ച്ചുഗീസാണ് ഔദ്യോഗിക ഭാഷ. ജനസംഖ്യ: 1,647,000 (2010). 36125 ച.കി.മീ. വിസ്തൃതിയുള്ള വളരെ ചെറിയൊരു രാജ്യമാണ് ഗിനി ബിസൗ. ഏറ്റവും കൂടിയ ദൈര്‍ഘ്യം തെ.വ. 193 കി.മീ. കി.വ. 125 കി.മീ.; തീരദേശ ദൈര്‍ഘ്യം 398 കി.മീ. തീരദേശം മഴക്കാടുകളാലും ചതുപ്പുനിലങ്ങളാലും സമ്പന്നമാണ്. സമൃദ്ധമായി വളരുന്ന കണ്ടല്‍ക്കാടുകളാണ് തീരപ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത. തീരദേശത്തുനിന്നും ഉയര്‍ന്നു നില്ക്കുന്ന മാതൃകയിലാണ് ഭൂമിയുടെ കിടപ്പ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മിക്കവാറും സാവന്നാ പുല്‍മേടുകള്‍ കാണാം. കചൗ, കോറുബല്‍, ജെബ എന്നിവയാണ് മുഖ്യ നദികള്‍.

വരണ്ടതും ഈര്‍പ്പഭരിതവുമായ കാലാവസ്ഥാഭേദങ്ങള്‍ സമ്മേളിക്കുന്ന, തികച്ചും വ്യതിരിക്തമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഗിനി ബിസൗവിലേത്. ഡി.-ല്‍ ആരംഭിക്കുന്ന വരണ്ട കാലാവസ്ഥ മേയില്‍ അവസാനിക്കുന്നു. 23oC ആണ് ഈ കാലയളവില്‍ താപനിലയുടെ ശ.ശ. ജൂണ്‍ മുതല്‍ ന. വരെ നീണ്ടുനില്‍ക്കുന്ന ഈര്‍പ്പഭരിത കാലാവസ്ഥയില്‍ താപനില ശ.ശ. 28oC ആയി വര്‍ധിക്കുന്നു. ജൂല.-ആഗ. മാസങ്ങളിലാണ് മഴക്കാലം.

ജനങ്ങളില്‍ 85 ശ.മാ.-ത്തോളം കറുത്തവരാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ആഫ്രിക്കന്‍-പോര്‍ച്ചുഗീസ് സങ്കരവിഭാഗമായ മെസ്റ്റിസോസ് ആണ് ശേഷിക്കുന്നവര്‍. ചെറിയൊരു ശ.മാ. മുസ്ലിങ്ങളും ഇവിടെ നിവസിക്കുന്നുണ്ട്.

പോര്‍ച്ചുഗീസ് ആധിപത്യകാലത്ത് ഗിനി ബിസൗവിലെ ജനങ്ങള്‍ക്ക് പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. സ്വാതന്ത്ര്യപ്രാപ്തിയുടെ നാളുകളില്‍ ജനസംഖ്യയില്‍ കേവലം അഞ്ചു ശ.മാ. മാത്രമായിരുന്നു സാക്ഷരര്‍. സ്വാതന്ത്ര്യപോരാട്ടത്തിന്റെ കാലഘട്ടത്തില്‍ വിപ്ലവനേതാക്കള്‍ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിരവധി സ്കൂളുകള്‍ ആരംഭിക്കുകയുണ്ടായി. സ്വാതന്ത്യ്രാനന്തരം അധികാരത്തില്‍വന്ന പുതിയ ഗവണ്‍മെന്റ് പോര്‍ച്ചുഗീസ് സൈനികത്താവളങ്ങളുള്‍പ്പെടെ നിരവധി കെട്ടിട സമുച്ചയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുകയുണ്ടായി.

തികച്ചും അവികസിതമാണ് ഗിനി ബിസൗവിന്റെ സമ്പദ്വ്യവസ്ഥ. കൃഷി, വ്യവസായം, ഖനനം തുടങ്ങിയ നിര്‍ണായക മേഖലകളിലെല്ലാം വികസന മുരടിപ്പ് ദൃശ്യമാണ്. തൊഴിലാളികളില്‍ പകുതിയിലധികവും തൊഴില്‍ ചെയ്യുന്ന കാര്‍ഷിക മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുന്നു. മുഖ്യവിളകളില്‍ ബീന്‍സ്, നാളികേരം, ചോളം, നെല്ല്, നിലക്കടല എന്നിവ ഉള്‍പ്പെടുന്നു. കെട്ടിട നിര്‍മാണവും ഭക്ഷ്യ സംസ്കരണവുമാണ് എടുത്തു പറയത്തക്ക വ്യവസായങ്ങള്‍; ബോക്സൈറ്റ്, ചെമ്പ്, ഫോസ്ഫേറ്റ്, സിങ്ക് എന്നിവ ഖനിജങ്ങളും. പോര്‍ച്ചുഗീസാണ് ഗിനി ബിസൗവിന്റെ മുഖ്യ വാണിജ്യപങ്കാളി.

നന്നേ പരിമിതമാണ് ഗിനി ബിസൗവിലെ ഗതാഗത സൗകര്യങ്ങള്‍; നദികള്‍ പ്രധാന ഗതാഗത മാര്‍ഗങ്ങളും. രാജ്യത്തെ പ്രധാന നദികളായ കചൌെ, കോറുബല്‍, ജെബ എന്നിവയിലൂടെ കപ്പലുകള്‍ക്ക് 130 കി.മീ. ഉള്ളിലേക്കു സഞ്ചരിക്കാന്‍ കഴിയും. ഏതാനും ചെറുകിട വിമാനത്താവളങ്ങളും രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

1446-ലെ പോര്‍ച്ചുഗീസ് അധിനിവേശത്തിനു മുന്‍പ് കറുത്തവരായ ആഫ്രിക്കന്‍ വംശജരാണ് ഇപ്പോള്‍ ഗിനി ബിസൗ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭൂപ്രദേശത്ത് അധിവസിച്ചിരുന്നത്. 1600-1800 കാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഈ പ്രദേശത്തെ അടിമ വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റി. 1879-ല്‍ ഈ പ്രദേശം പോര്‍ച്ചുഗീസ് ഗിനി എന്ന പേരില്‍ പോര്‍ച്ചുഗീസ് കോളനിയും 1951-ല്‍ ഒരു പോര്‍ച്ചുഗീസ് പ്രവിശ്യയുമായി മാറി.

1950-60 കാലഘട്ടത്തില്‍ ആഫ്രിക്കയിലുടലെടുത്ത സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പിന്തുടര്‍ച്ചയായി, 1956-ല്‍ പോര്‍ച്ചുഗീസ് ഗിനിയിലെ ആഫ്രിക്കന്‍ ദേശീയവാദികള്‍ ഗിനിയുടെയും കേഫ്വെര്‍ദെയുടെയും സ്വാതന്ത്ര്യം ലക്ഷ്യമാക്കി ആഫ്രിക്കന്‍ പാര്‍ട്ടിക്ക് (PAIGC) രൂപം നല്കി. പ്രസ്തുത പാര്‍ട്ടിയാണ് പില്ക്കാലത്ത് പോര്‍ച്ചുഗീസ് ഗിനിക്കും കേഫ് വെര്‍ദെക്കും സ്വാതന്ത്ര്യം നേടിക്കൊടുത്തത്. 1956-1983 വരെ അമില്‍കാര്‍ കാബ്രല്‍ ആയിരുന്നു പാര്‍ട്ടിയെ നയിച്ചത്. 1973-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു.

1963-ല്‍ ഗിനി ബിസൗവില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. 1968 ആയപ്പോഴേക്കും പ്രവിശ്യകളില്‍ മൂന്നില്‍ രണ്ടും PAIGCയുടെ നിയന്ത്രണത്തിന്‍ കീഴിലായി. 1972-ല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ നാഷണല്‍ പോപ്പുലര്‍ അസംബ്ലിയെ തെരഞ്ഞെടുത്തു. 1973-ല്‍ പോപ്പുലര്‍ അസംബ്ലി പ്രസ്തുത പ്രവിശ്യകള്‍ ഉള്‍പ്പെട്ട പ്രദേശം ഗിനി ബിസൗ എന്ന പേരില്‍ സ്വതന്ത്രരാഷ്ടമാണെന്ന് പ്രഖ്യാപിക്കുകയും PAIGC-യുടെ നേതാവായ ലൂയിസ് കാബ്രലിനെ പ്രസ്തുത രാജ്യത്തിന്റെ രാഷ്ട്രത്തലവനായി നിയമിക്കുകയും ചെയ്തു.

1974-ല്‍ പോര്‍ച്ചുഗല്‍ ഗിനി ബിസൗവിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചതോടെ യുദ്ധം അവസാനിച്ചു. 1975-ല്‍ കേഫ്വെര്‍ദെയും സ്വതന്ത്രമായി. ഗിനി ബിസൗ സ്വതന്ത്രമായതോടെ PAIGC രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും നേതൃത്വം നല്കി. ഗിനി ബിസൗവും കേഫ് വെര്‍ദെയും സംയോജിപ്പിച്ചുകൊണ്ട് ഏകീകൃതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി ഇതിനോടൊപ്പം നേതൃത്വം നല്കി. എന്നാല്‍ 1980-ല്‍ സൈനിക നേതാക്കള്‍ ഗിനി ബിസൗവിലെ ജനകീയ ഭരണകൂടത്തെ അട്ടിമറിക്കുകയും നാഷണല്‍ അസംബ്ലി പിരിച്ചുവിട്ട് ഭരണം മിലിട്ടറി കൗണ്‍സിലില്‍ കേന്ദ്രീകരിക്കുകയും ചെയ്തു.

1980-84 കാലഘട്ടത്തില്‍ വിപ്ലവസംഘടനയുടെ നേതാവ് ജാവോ ബര്‍ണാര്‍ഡോ വിയേരയുടെ നേതൃത്വത്തില്‍ താത്കാലിക ഭരണം നിലവില്‍വരുകയും എന്നാല്‍ 1984 അത് പിരിച്ചുവിട്ട് നാഷണല്‍ പോപ്പുലര്‍ അസംബ്ലി പുനഃസംഘടിപ്പിക്കുകയും ചെയ്തു. 1994-ല്‍ ആദ്യത്തെ ബഹുകക്ഷി തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പിലായി. 1998-ല്‍ രാജ്യത്തുണ്ടായ അതിരൂക്ഷമായ ആഭ്യന്തരകലാപത്തില്‍ നൂറുക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെട്ടു. 1999-ല്‍ നടന്ന ഒരു സൈനിക അട്ടിമറിയിലൂടെ വിയേര അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും സോഷ്യല്‍ റിനോവേഷന്‍ പാര്‍ട്ടിയുടെ നേതാവ് കുമ്പയാല അധികാരത്തില്‍ എത്തുകയും ചെയ്തു. 2004-ല്‍ വിദേശ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാര്‍ലോസ് ഗോമസ് ജൂനിയല്‍ പ്രധാനമന്ത്രിയായി. എന്നാല്‍ 2005-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിയേരയുടെ വിജയത്തെ അംഗീകരിക്കാന്‍ കാര്‍ലോസ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് കാര്‍ലോസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. 2009 മാ. 1-ല്‍ നടന്ന സായുധ ആക്രമണത്തില്‍ പ്രസിഡന്റ് വിയേര തന്റെ കൊട്ടാരത്തില്‍വച്ച് സൈന്യകരാല്‍ കൊല്ലപ്പെട്ടു. മാലം ബാകേ സന്‍ഹയ്ക്കാണ് ഇപ്പോള്‍ ഭരണത്തിന്റെ താത്കാലികച്ചുമതല. രാജ്യത്ത് തുടര്‍ന്ന് പോരുന്ന രാഷ്ട്രീയ അസ്തിരതയിലും കൊലപാതകങ്ങളിലും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ പീപ്പിള്‍സ് അസംബ്ലിയാണ് ഗിനി ബിസൗവിലെ പരമോന്നത നിയമനിര്‍മാണസഭ. രാജ്യത്തെ എട്ട് പ്രാദേശിക കൗണ്‍സിലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 150 അംഗങ്ങള്‍ ഉള്‍പ്പെടുന്ന നാഷണല്‍ പീപ്പിള്‍സ് അസംബ്ലി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നു. പ്രസിഡന്റാണ് രാഷ്ട്രത്തലവനും സൈന്യാധിപനും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍