This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിനിമുളക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിനിമുളക്
Guinea Pepper
സോളാനേസി സസ്യകുലത്തില്‍പ്പെടുന്ന കുറ്റിച്ചെടി. ശാ.നാ. കാപ്സിക്കം ഫാസ്റ്റിജയേറ്റം (Capsicum fastigiatum). ഇന്ത്യന്‍ കാപ്സിക്കം, ബേഡ് പെപ്പര്‍ എന്നീ പേരുകളിലും ഗിനിമുളക് അറിയപ്പെടുന്നു. ഒരു ഉഷ്ണമേഖലാ വിളയാണിത്. ഇന്ത്യയില്‍ എല്ലായിടത്തും കൃഷി ചെയ്യപ്പെടുന്ന ഗിനിമുളകിന്റെ ജന്മദേശം അമേരിക്കയാണെന്നു കരുതപ്പെടുന്നു.
70 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിക്ക് ധാരാളം ദ്വിശാഖിത (dichotomised) സ്വഭാവമുള്ള ശാഖോപശാഖകളുണ്ടായിരിക്കും. ശാഖകള്‍ വളഞ്ഞുതിരിഞ്ഞിരിക്കുന്നു. തണ്ട് ചതുഷ് കോണികവും സൂക്ഷ്മലോമിലവുമായിരിക്കും. ഇലകള്‍ മിനുസമുള്ളതും നേര്‍ത്തതുമാണ്. വെള്ളയോ ഇളംപച്ചയോ ഇളംവയലറ്റോ നിറമുള്ള രണ്ടോ മൂന്നോ പുഷ്പങ്ങള്‍ ഒരു ഞെട്ടിലുണ്ടാകുന്നു. അഞ്ചു ബാഹ്യദളങ്ങളും അഞ്ചുദളങ്ങളും അഞ്ചു കേസരങ്ങളുമുണ്ട്. ബാഹ്യദളങ്ങള്‍ ചിരസ്ഥായികളാണ്. അണ്ഡാശയത്തിന് രണ്ടോ മൂന്നോ അറകളുണ്ടായിരിക്കും. ഇതിനുള്ളില്‍ ധാരാളം അണ്ഡങ്ങളും കാണപ്പെടുന്നു. ഫലത്തിന് അണ്ഡാകൃതിയാണ്. 2 സെ.മീറ്ററോളം നീളമുള്ള ഫലം ബെറി വിഭാഗത്തില്‍പ്പെടുന്നു. അനേകം വിത്തുകളുമുണ്ട്. വിത്തും പുറന്തോടും എരിവ് ഉള്ളതാണ്. പഴുക്കുമ്പോള്‍ ഫലത്തിന് കടുംചുവപ്പുനിറമായിരിക്കും. ഇത് ഉണക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്.