This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിത്താര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിത്താര്‍

Guitar

ഒരു സംഗീതോപകരണം. ഇതിന് ല്യൂട്ട് (lute) അഥവാ വിപഞ്ചികയോട് വളരെയേറെ സാമ്യം ഉണ്ട്. 16-ാം ശ. മുതല്‍ സ്പെയിനിലെ ദേശീയ സംഗീതോപകരണമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇതിന്റെ ആദിമരൂപത്തിന് 5000-ഓളം വര്‍ഷം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു; ഈജിപ്തിലെ ഫറവോമാരുടെ സൗധങ്ങളില്‍ ഗിത്താര്‍ ഉപയോഗിച്ചിരുന്നു. റോമാക്കാരാണ് ഇതിനെ സ്പെയിനില്‍ കൊണ്ടുവന്നത്. വായ്പ്പാട്ടിനു പിന്നണിയായി ഉപയോഗിക്കുന്ന ഗിത്താര്‍ ആദ്യമായി സ്പെയിനിലും ഇറ്റലിയിലും അവതരിപ്പിച്ചത് മൂര്‍ (Moor) വംശജരാണെന്ന അഭിപ്രായമുണ്ട്. എന്നാല്‍ 12-ാം ശ.-ത്തില്‍ പേര്‍ഷ്യയില്‍ നിന്നാണ് ഇതു സ്പെയിനില്‍ എത്തിയതെന്നും ഇറ്റലിയിലോ സ്പെയിനിലോ ആണ് ഇതിന്റെ ഉദ്ഭവം എന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. പൗരസ്ത്യമാതൃകകളില്‍ നിന്നു വികസിപ്പിച്ചെടുത്ത ഇതിനു ക്രമേണ വിവിധ പരിഷ്കാരങ്ങളോടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരം ലഭിച്ചതാകാം. 1586-ല്‍ ഗിത്താര്‍ വായനയെപ്പറ്റിയുള്ള ആദ്യ പ്രബന്ധം പ്രസിദ്ധീകൃതമായി. തുടര്‍ന്ന് 1620, 1626, 1640, 1684 എന്നീ വര്‍ഷങ്ങളിലും ഇത്തരം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനിടയ്ക്ക് ഇംഗ്ലണ്ടിലും ഗിത്താര്‍ എത്തി. വില്യം ഷെയ്ക്സ്പിയറുടെ കാലത്ത് ബാര്‍ബര്‍ഷോപ്പുകളില്‍ നേരംപോക്കിനായി ഗിത്താര്‍ സൂക്ഷിച്ചിരുന്നു. ക്ലാസ്സിക്കല്‍ സംഗീതത്തിലും ലളിതസംഗീതത്തിലും ഇന്നു ലോകമൊട്ടാകെ ഇത് ഉപയോഗിച്ചുവരുന്നു. ഫെര്‍ണാന്‍ഡോസോര്‍ (1778-1839), ഫ്രാന്‍സിസ്കോ ജറോജോ (1852-1909) തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ഗിത്താറിന്റെ പ്രചാരവും പ്രാധാന്യവും വര്‍ധിപ്പിക്കാന്‍ ഉപകരിച്ചു. ആന്റേഴ്സ് സെ ഗോവിയ സമകാലീനനായ ഒരു പ്രമുഖ ഗിത്താറിസ്റ്റ് ആണ്. യു.എസ്. സംഗീതരംഗത്ത് ഗിത്താറിനു പ്രിയം വര്‍ധിച്ചിട്ടുണ്ട്. നാടോടിപ്പാട്ടുകള്‍ക്കും കഥന കവിതകള്‍ക്കും (ballads) മറ്റും പിന്നണിയായി ഉപയോഗിക്കുന്ന ഗിത്താര്‍ പലതരത്തിലുണ്ട്. കാലാകാലങ്ങളില്‍ പല പരിഷ്കാരങ്ങള്‍ക്കും വിധേയമായ ഇതിന് ഇപ്പോള്‍ ആറു തന്ത്രികളാണുള്ളത്. വിരലുകളോ പിക്കോ (pick) ഉപയോഗിച്ചാണ് മീട്ടുന്നത്. ഇടതു കൈവിരലുകള്‍ ഫിങ്ഗര്‍ ബോര്‍ഡില്‍ അമര്‍ത്തി ശ്രുതി നിയന്ത്രിക്കും. വ്യത്യസ്ത സംഗീത രീതികള്‍ക്ക് ഉപയോഗിക്കത്തക്കവിധം വിവിധതരം ഗിത്താറുകള്‍ നിലവിലുണ്ട്.


1. ക്ലാസ്സിക്കല്‍ ഗിത്താര്‍. ക്ലാസ്സിക്കല്‍ സംഗീതത്തിലും നാടോടിഗാനങ്ങള്‍ക്ക് ഒപ്പവും ഇത് ഉപയോഗിക്കും. തടികൊണ്ടു നിര്‍മിച്ച ഈ ഗിത്താറില്‍ തന്ത്രികളുടെ അടിഭാഗത്ത് സ്വരനിയന്ത്രണത്തിനായി വൃത്താകൃതിയില്‍ ഒരു ദ്വാരം (sound hole) കാണും.

2. ഫ്ളാമെന്‍കോ ഗിത്താര്‍ (Flamenco Guitar). സങ്കീര്‍ണമായ കോഡുകളും (chord) താളങ്ങളും ഉള്ള ഇതു വായിക്കുവാന്‍ പരിശീലനവും സാമര്‍ഥ്യവും ആവശ്യമാണ്. ഇതിന്റെ മുന്‍വശം കുറേഭാഗം മൂടുന്ന ഒരു പ്ലാസ്റ്റിക് പ്ലേറ്റ് ഉണ്ട്. നേര്‍ത്ത തടികൊണ്ടു നിര്‍മിതമായ ഭാഗങ്ങളില്‍ നഖക്ഷതങ്ങള്‍ പതിയാതിരിക്കാനാണ് ഈ സംവിധാനം. പുരാതന ജിപ്സി നൃത്തത്തെ ആധാരമാക്കിയുള്ള സംഗീതാവിഷ്കരണം നടത്തുവാന്‍ ഇത്തരം ഗിത്താറുകള്‍ ഉപയോഗിക്കുന്നു.

3. അക്കൂസ്റ്റിക് (പ്ളെക്ട്രം) ഗിത്താര്‍ (Acoustic or Plectrum guitar). ക്ലാസ്സിക്കല്‍ ഗിത്താറിനെക്കാള്‍ വലുതും പരന്നതുമാണിത്. സാധാരണമായി പ്ലാസ്റ്റിക് കൊണ്ടു നിര്‍മിക്കുന്നതില്‍ പ്ളെക്ട്രം അഥവാ പിക് ഉപയോഗിച്ചാണ് നാദം മുഴക്കുന്നത്. റോക്ക്, ജാസ് തുടങ്ങിയ സംഗീതസമ്പ്രദായങ്ങള്‍ക്ക് ഇതുപയോഗിക്കാം. ഇവയ്ക്കു പുറമേ ഹാവായി ഗിത്താര്‍, ഇലക്ട്രിക് ഗിത്താര്‍ എന്നിങ്ങനെ മറ്റു തരംതിരിവുകളും ഉണ്ട്.

4. ആര്‍ക്ടോപ്പ് ഗിത്താര്‍ (Archtop guitar). സ്റ്റീല്‍ തന്ത്രികളാല്‍ നിര്‍മിതമായ പൂര്‍ണരൂപത്തിലുള്ള ആക്കുസ്റ്റിക് അഥവാ അര്‍ധ ആക്കുസ്റ്റിക് ഗിത്താറാണിത്. ഇതിന്റെ മുകള്‍ഭാഗം കമാന (arched) രൂപത്തിലുള്ളതാണ്. ബ്ളൂസ്, ജാസ് തുടങ്ങിയ സംഗീതമേഖലകളിലാണ് ഇത് പൊതുവേ ഉപയോഗിക്കുന്നത്.

5. ഇലക്ട്രിക് ഗിത്താര്‍ (Electric Guitar). തന്ത്രികളുടെ പ്രകമ്പനങ്ങളെ വിദ്യുത് സിഗ്നലുകളാക്കി പരിവര്‍ത്തനം ചെയ്യുന്ന വിദ്യുത് കാന്തിക നിവേശതത്ത്വമാണ് ഇലക്ട്രിക് ഗിത്താറിന്റേത്. പ്രകമ്പനം കുറഞ്ഞ സിഗ്നലുകളെ ആംപ്ള്രിഫയറിന്റെ സഹായത്തോടെ ലൗഡ്സ്പീക്കര്‍ മുഖാന്തിരം ഘനീഭവിപ്പിക്കുന്നു. ജാസ് സംഗീതം സജീവമായതോടെ അത്തരം സംഗീത രംഗത്ത് ഇലക്ട്രിക് ഗിത്താറിന്റെ സാന്നിധ്യം അവശ്യഘടകമായിത്തീര്‍ന്നു. റോക്ക് ആന്‍ഡ് റോള്‍ തുടങ്ങിയ അസംഖ്യം സംഗീത ശ്രേണികളെയും കൊഴുപ്പിക്കുന്നതില്‍ ഇലക്ട്രിക് ഗിത്താര്‍ നിര്‍ണായക ഘടകമാണ്. സെമി-അക്വാസ്ടിക് ഗിത്താര്‍, ബൃഗാസംവിധാനത്തിലുള്ള ടെയ്ല്‍ഡ് ബ്രിഡ്ജ് ഗിത്താര്‍ തുടങ്ങിയവ ഇലക്ട്രിക് ഗിത്താറിന്റെ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.

6. ഫ്ളാറ്റ് ടോപ് ഗിത്താര്‍ (Flat top guitar). ഇത്തരം ഗിത്താറിന്റെ മുകള്‍ഭാഗത്തിന് പരന്ന ആകൃതിയാണ് ഉള്ളത്. സ്റ്റീല്‍ തന്ത്രികളുള്ള അക്വാസ്റ്റിക് ഗിത്താറുകളെ പൊതുവേ വിശേഷിപ്പിച്ചുപോരുന്നതും ഫ്ളാറ്റ് ടോപ് ഗിത്താറുകള്‍ എന്നുതന്നെയാണ്. ഇലക്ട്രിക് ഗിത്താറുകളായ ഫെന്‍ഡര്‍ സ്ട്രാടോകാസ്റ്റെര്‍, ഫെന്‍ഡര്‍ ടെലികാസ്റ്റര്‍ തുടങ്ങിയവയും ഇതേ മാതൃകയിലുള്ളവതന്നെയാണ്.

7. ഫ്രെട്ട് ലെസ് ഗിത്താര്‍ (Fletless guitar). ഘര്‍ഷണമില്ലാത്തവയാണിവ. ഇതര സാമ്പ്രദായിക ഗിത്താറുകളുടെ അതേ പ്രവര്‍ത്തനസംവിധാനം തന്നെയാണ് ഫ്രെട്ട്ലെസ് ഗിത്താറുകളുടേതും. എന്നാല്‍ അവരോഹണസ്വര തന്ത്രികളില്‍ ഇവയ്ക്കു പൊതുവേ ഘര്‍ഷണം ആവശ്യമില്ല. ജാസ്, ഫംഗ് തുടങ്ങിയ സംഗീത ശ്രേണികളില്‍ അക്വോസ്റ്റിക് ഡബിള്‍ ബാസ് ഗിത്താറിന്റെ സാന്നിധ്യം തോന്നിപ്പിക്കുമാറ് പ്രവര്‍ത്തിക്കാന്‍ ഫ്രെട്ട്ലെസ് ഗിത്താറിലൂടെ സാധ്യമാണ്.

8. പാര്‍ലര്‍ ഗിത്താര്‍ (Parlor or Parlour guitar). ഇതര ഗിത്താറുകളെ അപേക്ഷിച്ച് ഇവയുടെ രൂപം താരതമ്യേന ചെറുതാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിനും 1950-കള്‍ക്കുമിടയിലായിരുന്നു ഇവയുടെ സുവര്‍ണകാലം. ബ്ളൂസ്, നാടന്‍ സംഗീതജ്ഞര്‍ മുതലായവര്‍ ഇത് ഉപയോഗിച്ചുപോരാറുണ്ട്.

9. റെസൊണേറ്റര്‍ ഗിത്താര്‍ (Resonator guitar). മരംകൊണ്ടു നിര്‍മിച്ച ഘടനയ്ക്കു പകരം ക്രമമല്ലാത്ത ലോഹത്തകിടു (metal cones) കൊണ്ടാണ് ഇവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. സാധാരണ ഗിത്താറുകളെക്കാള്‍ ഉയര്‍ന്ന/ഘനീഭവിച്ച ശബ്ദം സൃഷ്ടിക്കുന്നതിനാണിത്. നൃത്തവും സംഗീതവും ഒത്തുചേരുന്ന സദസ്സുകളിലാണ് പൊതുവേ റെസൊണേറ്റര്‍ ഗിത്താര്‍ ഉപയോഗപ്പെടുത്താറുള്ളത്.

10. ട്വെല്‍വ് സ്ട്രിങ് ഗിത്താര്‍ (Tuelve - string guitar). 12 തന്ത്രികള്‍ ആറ് ഘട്ടങ്ങളിലായി കാണപ്പെടുന്ന ഇലക്ട്രിക് ഗിത്താറുകളാണ് ഇവ. ആറ് തന്ത്രികളാലുള്ള സാമാന്യഗിത്താറുകളില്‍ നിന്നും വേറിട്ട സ്വരങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇവയിലൂടെ സാധ്യമാകുന്നു.

ഗിത്താറിന്റെ ആകൃതിയും അലങ്കാരപ്പണികളും പല ചിത്രകാരന്മാരെയും ആകര്‍ഷിക്കുകയും ചില വിശ്വപ്രസിദ്ധ ചിത്രങ്ങളില്‍ ഇത് സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ലൂയി തകഢ-ന്റെ സമകാലീനനായ വാറ്റ്യൂ മുതല്‍ സ്പാനിഷ് ചിത്രകാരനായ പിക്കാസോ വരെയുള്ള ചിത്രകാരന്മാരുടെ രചനകളില്‍ ഗിത്താര്‍ കാണാം. റോളിങ് സ്റ്റോണ്‍ എന്ന മാസിക 2009-ല്‍ പ്രസിദ്ധീകരിച്ച എക്കാലത്തെയും മികച്ച 100 ഗിത്താര്‍ സംഗീതജ്ഞരുടെ പട്ടികയില്‍ അമേരിക്കയിലെ ജിമി ഹെന്‍ഡ്രിക്സ്, ഡോണ്‍ അള്‍മാന്‍, ബി.ബി. കിങ്, റോബര്‍ട്ട് ജോണ്‍സണ്‍, ചുക്ബെറി, സ്റ്റീവ് റേ വോഗണ്‍, റേ കൂഡര്‍, ബ്രിട്ടണിലെ എറിക് ക്ലാപ്ടോണ്‍, ജിമ്മി പേജ്, കീത്ത് റിച്ചാര്‍ഡ്സ് എന്നിവര്‍ ആദ്യ 10 പേരില്‍ ഇടം നേടുകയുണ്ടായി. സംഗീത വേദികളില്‍ പ്രത്യേകിച്ച് പാശ്ചാത്യ സംഗീത സദസ്സുകളില്‍ ഇതര സംഗീതോപകരണങ്ങളില്‍ നിന്നു വ്യത്യസ്തമായി ശ്രോതാവിനെ/സദസ്സിനെ ശ്രദ്ധയാകര്‍ഷിക്കുന്ന മുഖ്യ ഘടകമാണ് ഗിത്താറുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍