This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസ്ട്രൈറ്റിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാസ്ട്രൈറ്റിസ്

Gastritis

ഒരു ആമാശയരോഗം. ആമാശയഭിത്തികളിലുണ്ടാകുന്ന, പ്രത്യേകിച്ചും ആമാശയത്തിന്റെ ഉള്‍പ്പാളികളില്‍ (Mucosa) ഉണ്ടാകുന്ന നീര്‍വീക്കത്തെ വിവക്ഷിക്കാനാണ് ഗാസ്ട്രൈറ്റിസ് എന്ന പദം പൊതുവേ ഉപയോഗിക്കുന്നത്. നൂതന പരിശോധനാ മാര്‍ഗമായ എന്‍ഡോസ്കോപ്പി ചെയ്യുമ്പോള്‍, വ്യക്തമാകുന്ന ചുവപ്പു നിറമാര്‍ന്ന ആമാശയത്തിന്റെ ഉള്‍വശത്തെ പക്ഷേ, ഗാസ്ട്രൈറ്റിസ് എന്ന പദംകൊണ്ടു സൂചിപ്പിച്ചുകൂടാ. ഗാസ്ട്രൈറ്റിസിനെ പെട്ടെന്നുണ്ടാകുന്നവ (Acute) എന്നും ദീര്‍ഘകാലമായി (Chronic) നിലനില്‍ക്കുന്നവ എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ഗാസ്ട്രൈറ്റിസിന് കാരണം അണുബാധയാണ്. ഏറ്റവും സാധാരണയായി കാണപ്പെടുന്ന അണുബാധ അക്യൂട്ട് എച്ച് പൈലോറി (Acute H pylon) അണുബാധയാണ്. ബാക്റ്റീരിയ, ഹെലിക്കോനാകര്‍ ഹെല്‍മാനി, ഫിഗ്മോണസ്, മൈക്രോബാക്റ്റീരിയ, സിഫിലിസ് രോഗാണുക്കള്‍, ചിലയിനം വൈറസുകള്‍, പരജീവികള്‍, ഫംഗസുകള്‍ എന്നിവയും രോഗകാരണമാകാറുണ്ട്.

ഗാസ്ട്രൈറ്റിസ് ബാധിച്ച ആമാശയം

വളരെയധികംകാലം നീണ്ടുനില്‍ക്കുന്ന ഗാസ്ട്രൈറ്റിസ് ആണ് ക്രോണിക് ഗാസ്ട്രൈറ്റിസ്. ഇവയെ ടൈപ്പ് എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ രോഗാണുബാധമൂലമോ മറ്റേതെങ്കിലും പ്രകോപനം മൂലമോ (ഉദാ. വേദന സംഹാരിപോലുള്ള മരുന്നുകളുടെ ഉപയോഗം, അമിതാഹാരം, അതുമല്ലെങ്കില്‍ പഴകിയതോ വിഷമുള്ളതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നതുമൂലം) വിഷം, അംമ്ലം, ക്ഷാരജലം, മദ്യം എന്നിവ കഴിക്കുന്നതുമൂലം ആമാശയഭിത്തി ചുവന്ന് വീര്‍ക്കും. അനാവശ്യ വസ്തുക്കള്‍ എത്രയുംവേഗം നീക്കം ചെയ്യുകയും, അംമ്ലത്തെ നിര്‍വീര്യമാക്കാനുള്ള ഔഷധങ്ങള്‍ രോഗിയെക്കൊണ്ട് സേവിപ്പിക്കുകയുമാണ് വേണ്ടത്. ചിലപ്പോള്‍ ശസ്ത്രക്രിയതന്നെ വേണ്ടിവന്നേക്കും. ചികിത്സ ലഭിക്കാത്തപക്ഷം ആമാശയ ഭിത്തിക്ക് ദ്വാരം വീഴുകയും 'അക്യൂട്ട് പെരിട്ടോണൈറ്റിസ്' ഉണ്ടാവുകയും ചെയ്യുന്നു.

വിശപ്പില്ലായ്മ, വയറുവേദന, ഓക്കാനം, തലവേദന, പനി എന്നിവ ഗാസ്ട്രൈറ്റിസിന്റെ ലക്ഷണങ്ങളാണ്. ഛര്‍ദിച്ചാല്‍ അല്പം ആശ്വാസം ലഭിക്കും. ആമാശയത്തില്‍ നിന്നുള്ള വസ്തുക്കള്‍ പരിശോധിച്ച് രോഗാവസ്ഥയും കാരണവും മനസ്സിലാക്കാം. ആമാശയഭിത്തിയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ വര്‍ജിച്ചാല്‍ ഒരാഴ്ചയ്ക്കകം രോഗശമനം ഉണ്ടാവുന്നതാണ്.

വളരെ പഴക്കം ചെന്ന തരം ഗാസ്ട്രൈറ്റിസ് കണ്ടുപിടിക്കാനും ചികിത്സിക്കാനും പ്രയാസമാണ്. മറ്റു പല അസുഖങ്ങളും ഇതേ രോഗലക്ഷണങ്ങള്‍ തന്നെ പ്രകടിപ്പിക്കുമെന്നുള്ളതുകൊണ്ട് വളരെ നാളത്തെ നിരീക്ഷണപരീക്ഷണങ്ങള്‍ രോഗനിര്‍ണയത്തിന് ആവശ്യമായിവരുന്നു. ചില ജീവകങ്ങളുടെ അപര്യാപ്തത ആമാശയഭിത്തിയെ പ്രകോപിപ്പിക്കുകയും നീരുണ്ടാക്കുകയും ചെയ്യും. ആമാശയസ്രവത്തിനു സംഭവിക്കുന്ന തകരാറുകള്‍ മറ്റൊരു കാരണമാണ്. ഗാസ്ട്രൈറ്റിസ് കുടല്‍വ്രണങ്ങളുടെ മുന്നോടിയാവാം; കുടല്‍വ്രണങ്ങള്‍ ഉള്ളതുകൊണ്ട് ഗാസ്ട്രൈറ്റിസ് ഉണ്ടാവുകയും ചെയ്യും. സ്ഥിരമായ മദ്യപാനം ആമാശയഭിത്തിയെ പ്രകോപിപ്പിക്കുകയും ക്രോണിക് ഗാസ്ട്രൈറ്റിസിന് കാരണമാവുകയും ചെയ്യും. പൊതുവേ, എളുപ്പം രോഗനിര്‍ണയം നടത്താവുന്ന ഒരസുഖമാണ് ഗാസ്ട്രൈറ്റിസ് എങ്കിലും ടൈപ്പ് ബി എന്നതരം ചില സങ്കീര്‍ണതകള്‍ ഉണ്ടാക്കാറുണ്ട്. 70 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ക്കാണുന്ന ഇത്തരം ഗാസ്ട്രൈറ്റിസിനെ നിര്‍ണയിക്കാന്‍ കൂടുതല്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. ഇവ ചിലയിനം ആമാശയ അര്‍ബുദങ്ങളിലേക്ക് (Gastric Adeno Carcinoma) നയിച്ചേക്കാം. കൂടാതെ ചുരുക്കം പേരിലെങ്കിലും കാണാവുന്ന മാള്‍ട്ട് ലിംഫോമ (malt lymphoma) എന്ന അസുഖത്തിനും ഇത് കാരണമാകാറുണ്ട്.

ഗുരുത്വമുള്ള വസ്തുക്കള്‍ വര്‍ജിക്കുകയും പെട്ടെന്നു ദഹിക്കുന്ന തരം ആഹാരസാധനങ്ങള്‍ അളവു കുറച്ച് തവണകൂട്ടി കഴിക്കുകയുമാണ് ഗാസ്ട്രൈറ്റിസ് രോഗികള്‍ ചെയ്യേണ്ടത്. ആമാശയത്തില്‍ അംമ്ലത കുറയ്ക്കാനും മലശോധന കൃത്യമാക്കാനുമുള്ള ഔഷധങ്ങള്‍ രോഗിക്കു നല്കാറുണ്ട്. ഗുരുതരാവസ്ഥയില്‍ പൂര്‍ണവിശ്രമവും ദ്രവാഹാരവുമാണ് യുക്തം. വിശപ്പുണ്ടാകാനുള്ള ഔഷധങ്ങളും ദീപനൗഷധങ്ങളും ഈ അവസ്ഥയില്‍ രോഗിക്ക് നല്കണം.

(ഡോ. സി. രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍