This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലിക് യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാലിക് യുദ്ധങ്ങള്‍

Gallic Wars

ജൂലിയസ് സീസര്‍ റോമിനുവേണ്ടി ഗോളില്‍ (Gaul) നടത്തിയ സൈനിക പോരാട്ടങ്ങള്‍. ബി.സി. 58 മുതല്‍ 51 വരെയുള്ള കാലഘട്ടത്തിലാണ് ഈ യുദ്ധങ്ങള്‍ നടന്നത്. ഗോളില്‍ സീസര്‍ തന്റെ അധീശത്വം ഉറപ്പിച്ചത് ഈ യുദ്ധങ്ങളിലൂടെയാണ്.

യുദ്ധം നടക്കുന്നതിനു വളരെക്കാലം മുന്‍പ് മുതല്‍ റോമാക്കാര്‍ക്ക് ഗാലിക് ജനതയോട് സ്പര്‍ധയുണ്ടായിരുന്നു. ഏറ്റുമുട്ടലുകളുടെ അവസാനഘട്ടത്തിലാണ് (ബി.സി. 58-ല്‍) സീസര്‍ റോമിനുവേണ്ടി രംഗപ്രവേശം ചെയ്തത്. 58-ലെ ഇദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം ട്രാന്‍സ് ആല്‍പൈന്‍ (Transalpine) സംരക്ഷിക്കുക എന്നതായിരുന്നു. ഈ യുദ്ധത്തില്‍ ഹെല്‍വെറ്റി (Helveti) സൈന്യത്തെ സീസര്‍ പരാജയപ്പെടുത്തി. അടുത്തതായി അരിയോവിസ്റ്റസി(Ariovistus)നെയാണ് സീസര്‍ നേരിട്ടത്. അരിയോവിസ്റ്റസിന്റെ നേതൃത്വത്തിലുള്ള ജെര്‍മാനിക് സുയിബികളെ (Germanic suebe) റൈന്‍ നദിയുടെ മറുകരയിലേക്കു തിരിച്ചോടിക്കുകയും ചെയ്തു. വെസൊന്‍ റഷ്യയില്‍ തന്റെ ഭരണ ആസ്ഥാനം സ്ഥാപിച്ച് ആ പ്രദേശം തന്റെ അധീനത്തിലാക്കി. ഇത് ബെല്‍ഗെ(ആലഹഴമല)കളെ പ്രകോപിപ്പിച്ചു. അവര്‍ വ.കിഴക്കന്‍ മേഖലയില്‍നിന്നും ആക്രമിക്കാന്‍ തുടങ്ങി. ബി.സി. 57-ലെ ആക്രമണത്തില്‍ സീസര്‍ അവരെ തോല്പിച്ചു. ഇതിനെത്തുടര്‍ന്ന് റെമി ഗോത്രം സീസര്‍ക്കു കീഴടങ്ങി. ഏറെ യുദ്ധം ചെയ്തശേഷമാണ് നെര്‍വി(Nervii)കളെ കീഴടക്കാന്‍ കഴിഞ്ഞത്. സീസറുടെ ലഫ്റ്റനന്റായിരുന്ന പൂബ്ലിയസ് ക്രാസസ് (Publius Crassus) വലിയ എതിര്‍പ്പുകളൊന്നും കൂടാതെ തന്നെ നോര്‍മാന്‍ഡി(Normandy)യിലും ബ്രിട്ടാനി(Brittany)യിലും ജൈത്രയാത്ര നടത്തി. ബി.സി. 56-ലെ യുദ്ധത്തില്‍ നോര്‍മാന്‍ഡിയിലും ബ്രിട്ടാനിയിലും വീണ്ടും യുദ്ധം നടക്കുകയുണ്ടായി. ബി.സി. 55-ല്‍ യൂസിപെറ്റേ(Usipetes)കളെയും ടെങ്ക്ടെറി(Tencteri)കളെയും ആക്രമിച്ചു. ഈ ഗോത്രങ്ങളുടെ സൈനികശക്തി സാന്റണില്‍ (Xanten) വച്ച് നാമാവശഷേമാക്കുകയുണ്ടായി. സീസറുടെ ഈ പ്രവൃത്തി റോമിലെ ശത്രുക്കള്‍ക്ക് ഇദ്ദേഹത്തിനെതിരായി നീങ്ങാന്‍ അവസരം നല്കി. അവര്‍ ഇദ്ദേഹത്തിനെതിരെ വിശ്വാസവഞ്ചനാ കുറ്റമാരോപിച്ചു. നടപടിയെടുക്കുന്നതിനുവേണ്ടി സീസറെ ജര്‍മന്‍കാര്‍ക്കു വിട്ടുകൊടുക്കണമെന്നുവരെ അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ സീസര്‍ തന്റെ സൈനിക മുന്നേറ്റങ്ങള്‍ തുടരുകയാണുണ്ടായത്. റൈന്‍ നദിക്കു കുറുകെ ഒരു പാലം നിര്‍മിച്ച് പശ്ചിമജര്‍മനിയില്‍ തന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് തനിക്കെതിരായി നീങ്ങിയാലുള്ള ഭവിഷ്യത്തിനെപ്പറ്റി സീസര്‍ ജര്‍മന്‍കാര്‍ക്ക് മന്നറിയിപ്പു നല്കി. ബ്രി. ഗോത്രവര്‍ഗക്കാര്‍ ഗോളുകള്‍ക്കു സഹായം നല്കുന്നുവെന്ന വിശ്വാസത്താല്‍ ഇദ്ദേഹം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനെ ആക്രമിച്ചു. കെന്റിലെത്തിയ ഇദ്ദേഹം അവിടത്തെ ഗോത്രത്തലവന്മാരെ കീഴടക്കിയശേഷം ഗോളിലേക്കു മടങ്ങി. ബി.സി. 54-ല്‍ സീസര്‍ വീണ്ടും ബ്രിട്ടനില്‍ ഒരാക്രമണം നടത്തി. തെംസ് നദിക്കു കുറുകെ കടന്ന് അവിടത്തെ രാജാവായിരുന്ന കാസിവെല്ലനസിനെ (Cassivellaunus) പരാജയപ്പെടുത്തിയതോടെ തെ. കിഴക്കന്‍ ബ്രിട്ടന്‍ ഏകദേശം പൂര്‍ണമായും സീസറുടെ അധീനതയിലായി. ബി.സി. 54-53-ല്‍ ഗോളില്‍ സീസര്‍ മുന്‍പ് പരാജയപ്പെടുത്തിയിരുന്ന ഗോത്രങ്ങളൊക്കെയും ഇദ്ദേഹത്തിനെതിരായി സൈനിക സന്നാഹങ്ങളൊരുക്കുകയായിരുന്നു. സീസര്‍ തന്റെ സൈനികശക്തി വര്‍ധിപ്പിച്ചു. ബി.സി. 53-ല്‍ അവരെ വീണ്ടും പരാജയപ്പെടുത്തി. ബി.സി. 52-ല്‍ വെര്‍സിന്‍ഗെറ്റോറിക്സിന്റെ (Vercingetorix) കീഴില്‍ മധ്യഗോളില്‍ സീസര്‍ക്കെതിരായി സൈനികമുന്നേറ്റം നടന്നു. പല ഏറ്റുമട്ടലുകളിലും സീസര്‍ വിജയിച്ചെങ്കിലും ഗെര്‍ഗോവിയയില്‍ (Gergovia) - ഇപ്പോഴത്തെ ക്ളെര്‍മൗണ്‍ ഫെറാന്‍ഡ് (Clermount - Ferrand) -ല്‍ വച്ച് സീസര്‍ക്ക് സൈനിക പരാജയം നേരിട്ടു. എങ്കിലും ഏറെത്താമസിയാതെ സീസര്‍ക്ക് വെര്‍സിന്‍ഗെറ്റോ റിക്സിനേയും അനുയായികളേയും തുരത്താന്‍ കഴിഞ്ഞു. ബി.സി. 51-ല്‍ സീസറുടെ സൈനിക മുന്നേറ്റം പൂര്‍ത്തിയായി. ബി.സി. 50-വരെ ഇദ്ദേഹം ഗോളില്‍ സ്ഥിരമായുണ്ടായിരുന്നു. നോ: സീസര്‍, ജൂലിയസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍