This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ഹിക ശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍ഹിക ശാസ്ത്രം

ശാസ്ത്ര-സാങ്കേതിക പുരോഗതി വഴി നേടിയ പുതിയ അറിവുകള്‍ കൊണ്ട്, പൈതൃകമായ സാംസ്കാരികമൂല്യങ്ങള്‍ നഷ്ടപ്പെടാതെ കുടുംബജീവിതം കൂടുതല്‍ സുഗമവും സുന്ദരവും ആക്കുവാന്‍ സഹായിക്കുന്ന വിജ്ഞാനശാഖ. കൂടുതല്‍ മെച്ചപ്പെട്ടതും ആരോഗ്യപ്രദവും സന്തുഷ്ടവുമായ കുടുംബസൃഷ്ടിക്ക് ഉപയുക്തമായ ശാസ്ത്രങ്ങളുടെയും കലകളുടെയും പ്രായോഗിക പഠനവും ഗാര്‍ഹികശാസ്ത്രത്തിന്റെ പരിധിയില്‍പ്പെടുന്നു.

ഗൃഹജീവിതത്തിലെ വിവിധ മണ്ഡലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ ജ്ഞാനം ഗാര്‍ഹികശാസ്ത്രം നല്കുന്നു. കേവലം ഒരു ശാസ്ത്രം മാത്രമല്ല ഇത്. ശാസ്ത്രവും കലയും സമഞ്ജസമായി മേളിക്കുന്ന ഗാര്‍ഹിക ശാസ്ത്രത്തെ ശാസ്ത്രാധിഷ്ഠിതമായ കലയെന്നു പറയാം. ഉദാഹരണമായി, പാചകം ഒരു കലയാണ്. പക്ഷേ തിരഞ്ഞെടുക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളും പാചകരീതികളും ചില ശാസ്ത്രതത്ത്വങ്ങള്‍ക്കനുസരിച്ചായാല്‍ മാത്രമേ ഭക്ഷണത്തിന്റെ പൂര്‍ണഫലം സിദ്ധിക്കുകയുള്ളൂ. അതുപോലെ, ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഗൃഹം പൂര്‍ണമാകുന്നത് അത് കലാപരമായി അലങ്കരിക്കുമ്പോള്‍ മാത്രമാണ്. (ശാസ്ത്രസ്വാധീനം പ്രകടമായ തുണി നിര്‍മാണരംഗത്ത്, തുണികളിലെ രൂപചിത്രീകരണവും (printing) വസ്ത്രനിര്‍മാണവും കലാപരമായിരിക്കും.

സാമൂഹിക ജീവിതത്തിലെ പ്രധാന ഘടകമാണ് കുടുംബം. ഏതൊരു വ്യക്തിയെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതുമായ ഇതുപോലൊരു സാമൂഹിക ഘടകം വേറെയില്ല. വ്യക്തിബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും അത്യധികം പ്രാധാന്യം കല്പിച്ചിരുന്ന ഭാരതീയ സംസ്കാരത്തില്‍ ഗൃഹത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. കുടുംബ ബന്ധങ്ങള്‍ക്ക് ദൈവികതയുടെ പരിവേഷമാണ് ഭാരതീയ സംസ്കാരത്തില്‍ നല്കപ്പെട്ടിരുന്നത്. മാതാപിതാക്കളെയും ഭര്‍ത്താവിനെയും ഗുരുജനങ്ങളെയും ഈശ്വരതുല്യം ഗണിക്കുന്ന ഒരു സമൂഹത്തില്‍ ഗൃഹത്തിനുള്ള പരിപാവനത്വം ഊഹിക്കാവുന്നതേയുള്ളൂ. ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്ന പൈതൃകവും പരിസരജനകവുമായ ഗുണദോഷഘടകങ്ങള്‍ ഗൃഹത്തില്‍ നിന്നാണ് ആര്‍ജിക്കപ്പെടുന്നത്. ശാരീരികവും മാനസികവും ആധ്യാത്മികവുമായി ഉയര്‍ന്ന നിലവാരമുള്ള കുടുംബങ്ങള്‍ മെച്ചപ്പെട്ട വ്യക്തിത്വത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് മനഃശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സംപുഷ്ടമായ ഒരു കുടുംബജീവിതം കെട്ടിപ്പടുക്കേണ്ടത് വ്യക്തികളുടെമാത്രം ആവശ്യമല്ല, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെ തന്നെയും ശ്രേയസ്സിന് അത് ആവശ്യമാണ്. നല്ല വ്യക്തിത്വമുള്ള ജനതതിയോടു കിടപിടിക്കുന്ന മറ്റൊരു സമ്പത്തും ഒരു രാഷ്ട്രത്തിന് അവകാശപ്പെടാനില്ല. അതിനുതകുന്നതരത്തില്‍ ഗൃഹജീവിതത്തെ രൂപപ്പെടുത്തേണ്ടത് ദേശീയമായ ആവശ്യം കൂടിയാണ്. ഈ ആവശ്യം നിറവേറ്റുക ഗാര്‍ഹിക ശാസ്ത്രത്തിന്റെ പ്രഥമോദ്ദേശ്യങ്ങളിലൊന്നാണ്.

ഗാര്‍ഹികശാസ്ത്രം ഔപചാരിക വിദ്യാഭ്യാസരംഗത്തെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിലൊന്നാണ്. പണ്ട് ഭാരതത്തില്‍ നിലവിലിരുന്ന കൂട്ടുകുടുംബങ്ങളില്‍ ഓരോ വ്യക്തിക്കും കുടുംബജീവിതത്തെപ്പറ്റിയുള്ള പ്രായോഗികജ്ഞാനം പ്രായാനുസൃതം ലഭിച്ചിരുന്നു. ഉദാഹരണമായി, ഒരു നവജാതശിശുവിന്റെ പരിചരണം കേവലം അവന്റെ അമ്മയുടെ മാത്രം ചുമതലയില്‍ ഒതുങ്ങിയിരുന്നില്ല. കുടുംബത്തിലെ ബാലികാബാലന്മാരും അതില്‍ തങ്ങളുടെതായ പങ്കു വഹിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ ശിശുപരിപാലനത്തിന്റെ പ്രഥമപാഠങ്ങള്‍ പഠിക്കുകയായിരുന്നു. മറ്റു മണ്ഡലങ്ങളിലും അതുപോലെതന്നെ. മുതിര്‍ന്നവരുടെ നിര്‍ദേശാനുസരണം കുട്ടിക്കാലം മുതല്ക്കേ ഓരോരുത്തരും ഭാവിയിലേക്കു വേണ്ടതായ പല അറിവുകളും സമ്പാദിച്ചിരുന്നു. പരമ്പരാഗതമായ പല തത്ത്വങ്ങളും മൂല്യങ്ങളും തലമുറകളായി കൈമാറ്റം ചെയ്തുപോന്നു. അങ്ങനെ കുടുംബഭരണച്ചുമതല സ്വയം ഏറ്റെടുക്കേണ്ടിവരുന്നതിനു മുമ്പായിത്തന്നെ ഓരോ വ്യക്തിയും അതിലേക്കുവേണ്ട പരിജ്ഞാനം ബോധപൂര്‍വമോ അല്ലാതയോ നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി കൂട്ടുകുടുംബങ്ങള്‍ ശിഥിലങ്ങളായി. അവയുടെ സ്ഥാനത്ത് ഒറ്റപ്പെട്ട കുടുംബങ്ങള്‍ രൂപംകൊണ്ടു. പരമ്പരാഗതമായ അനൗപചാരിക വിദ്യാഭ്യാസത്തിനുപകരം വിദ്യാലയങ്ങളും കലാലയങ്ങളും ഉടലെടുത്തു. അത്തരം സ്ഥാപനങ്ങളില്‍ നിന്നും നേടിയെടുത്ത ബിരുദങ്ങള്‍ പല സ്ത്രീകളെയും ഉദ്യോഗസ്ഥകളാക്കി. ഗാര്‍ഹിക ജീവിത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം ഗൃഹാന്തരീക്ഷത്തില്‍ ലഭ്യമല്ലാതായി. അത്തരമൊരു പശ്ചാത്തലത്തില്‍ ഗാര്‍ഹിക ജീവിത തത്ത്വങ്ങള്‍ ഔപചാരികമായിത്തന്നെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി. മാത്രമല്ല, ഗൃഹജീവിതത്തെ മെച്ചപ്പെടുത്തുന്ന പല ശാസ്ത്രതത്ത്വങ്ങളും ഉപകരണോപാധികളും പുതിയതായി കണ്ടുപിടിക്കപ്പെട്ടു. അവയെ പ്രായോഗികമാക്കുവാന്‍ ഗാര്‍ഹികശാസ്ത്രം ഔപചാരിക വിദ്യാഭ്യാസത്തിലെ ഒരു പാഠ്യവിഷയം ആക്കേണ്ടതാണെന്ന് പൊതുവേ ബോധ്യമായി. പാശ്ചാത്യരാജ്യങ്ങളില്‍ ദുര്‍ബലമായിത്തീര്‍ന്ന കുടുംബബന്ധങ്ങള്‍ ഗാര്‍ഹികശാസ്ത്രപഠനം ആവശ്യമാക്കിത്തീര്‍ത്തു.

യു.എസ്സില്‍ 'ഹോം എക്കണോമിക്സ്' എന്ന പേരിലാണ് ഈ പഠനശാഖ അറിയപ്പെടുന്നത്. ഭാരതത്തില്‍ ഇതിന്റെ വളര്‍ച്ച സ്ത്രീവിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1927-ല്‍ നടന്ന അഖിലേന്ത്യാ വനിതാ സമ്മേളനത്തിലാണ് ഗാര്‍ഹിക ശാസ്ത്രം സ്ത്രീവിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചചെയ്ത് തീരുമാനിക്കപ്പെട്ടത്. തത്ഫലമായി 1932-ല്‍ ന്യൂഡല്‍ഹിയില്‍ ലേഡി ഇര്‍വിന്‍ കോളജ് എന്ന ഗാര്‍ഹിക ശാസ്ത്രകലാലയം സ്ഥാപിതമായി. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഗാര്‍ഹിക ശാസ്ത്രപഠനം ക്രമത്തില്‍ വ്യാപിച്ചു. സര്‍വകലാശാലാതലത്തില്‍ ബിരുദപഠനത്തിനുള്ള ഒരു ഐച്ഛികവിഷയമായി ഈ പാഠ്യപദ്ധതി ഏര്‍പ്പെടുത്തിയത് മദ്രാസ് സര്‍വകലാശാലയാണ്. മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജും ക്യൂന്‍മേരീസ് കോളജും ആണ് അതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍. ക്രമേണ മറ്റുപല സര്‍വകലാശാലകളും കലാലയങ്ങളും ഗാര്‍ഹിക ശാസ്ത്രം പാഠ്യവിഷയങ്ങളിലൊന്നാക്കി. ന്യൂഡല്‍ഹിയിലെ ലേഡി ഇര്‍വിന്‍ കോളജ്, കോയമ്പത്തൂരിലെ ശ്രീ അവിനാശലിംഗം ഹോം സയന്‍സ് കോളജ്, ബാംഗ്ലുരിലെ മഹാറാണീസ് കോളജ്, ബറോഡ സര്‍വകലാശാലയിലെ ഹോംസയന്‍സ് ഫാക്കല്‍ട്ടി, കൊല്‍ക്കത്തയിലെ ബിഹാരിലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അങ്കമാലിയിലെ മോര്‍ണിങ് സ്റ്റാര്‍ ഹോംസയന്‍സ് കോളജ്, മുംബൈയിലെ എസ്.എന്‍.ഡി.റ്റി. സര്‍വകലാശാല എന്നിവ ഈ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. കേരളത്തില്‍ ഗാര്‍ഹിക ശാസ്ത്രം സര്‍വകലാശാലാതലത്തില്‍ ഏര്‍പ്പെടുത്തിയത് 1958-ലാണ്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ വനിതാ കോളജും എറണാകുളത്തെ സെന്റ് തെരേസാസ് കോളജും ആണ് കേരളത്തില്‍ ഈ അധ്യാപനം തുടങ്ങിവച്ച ആദ്യത്തെ കോളജുകള്‍. ഇന്ന് കേരളത്തില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പതിനൊന്നു കലാലയങ്ങളുണ്ട്.

കലാലയങ്ങളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്കു പുറമേ ഗാര്‍ഹിക ശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പരിശീലനം നല്കുന്നതിനുള്ള ഹ്രസ്വകാല പഠനകോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളും ഉണ്ട്.

പൊതുവേ ബിരുദതലത്തില്‍ ഗൃഹസംബന്ധമായ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബിരുദാനന്തര പഠനത്തില്‍ ഒന്നോ രണ്ടോ ശാഖ കൂടുതല്‍ വിപുലമായും ആഴത്തിലും പഠിപ്പിക്കപ്പെടുന്നു. സര്‍വകലാശാലകള്‍ തമ്മിലും കലാലയങ്ങള്‍ തമ്മിലും പാഠ്യവിഷയങ്ങളില്‍ വ്യത്യാസം കാണാമെങ്കിലും അടിസ്ഥാനപരമായി മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. ഭക്ഷണവും പോഷണശാസ്ത്രവും വെറും വിശപ്പു മാറ്റുകമാത്രമല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഉദ്ദേശ്യം എന്നിരിക്കെ, നാം കഴിക്കുന്ന ഭക്ഷണം പ്രത്യേകം ശ്രദ്ധയോടെ തിരഞ്ഞെടുത്ത് പാകം ചെയ്യേണ്ടതുണ്ട്. പ്രകൃതിയില്‍ ലഭ്യമായിട്ടുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ എണ്ണമറ്റവയാണ്; അവയില്‍ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളും വ്യത്യസ്തമായിരിക്കുന്നു. വേണ്ട അളവില്‍ അവയെ ലഭ്യമാക്കിയാല്‍ മാത്രമേ ഭക്ഷണത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അപ്രകാരമുള്ള വിവിധ പോഷകഘടകങ്ങളെയും അവ ലഭ്യമാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളെയും പറ്റി പോഷണ ശാസ്ത്രത്തില്‍ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. പ്രായം, സ്ത്രീ-പുരുഷഭേദം, കാലാവസ്ഥ, രോഗാവസ്ഥ, അരോഗാവസ്ഥ എന്നിവയ്ക്കനുസൃതമായി വിവിധ പോഷക ഘടകങ്ങള്‍ വേണ്ടതോതിലും മേന്മയിലും ലഭ്യമാക്കുന്ന സമീകൃതാഹാരരീതി സംവിധാനം ചെയ്യുവാനുള്ള നിര്‍ദേശങ്ങളും ഇത് ഉള്‍ക്കൊള്ളുന്നു. രോഗാവസ്ഥയില്‍ ഉപയുക്തമായ ആഹാരരീതിയെക്കുറിച്ചും സൂചനകള്‍ നല്കുന്നു. ഭക്ഷണം ശരിയാംവണ്ണം പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നവിധങ്ങള്‍,ഭക്ഷ്യ പദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന മാര്‍ഗങ്ങള്‍, അടുക്കളത്തോട്ട നിര്‍മാണം എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ശാഖയിലെ പ്രതിപാദ്യവിഷയങ്ങള്‍ ആണ്. അതോടൊപ്പംതന്നെ പാചക കലയിലും, വിവിധ അവസ്ഥകളില്‍-ഗര്‍ഭാവസ്ഥ, രോഗാവസ്ഥ, തുടങ്ങി-ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങളനുസരിച്ച് ഭക്ഷണരീതി ആവിഷ്കരിക്കുന്നതിലും പ്രായോഗിക പരിശീലനം നല്കിവരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ജൈവശാസ്ത്രത്തെക്കുറിച്ച് പ്രസക്തമായ ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2. തുണിത്തരങ്ങളും വസ്ത്രങ്ങളും വസ്ത്രങ്ങള്‍ക്കു പുറമേ പല ഗാര്‍ഹികാവശ്യങ്ങള്‍ക്കും തുണികള്‍ ഉപയോഗിക്കുന്നു. ഈ തുണികള്‍ നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന തുണിനാരുകളുടെ നിര്‍മാണം, സംസ്കരണം, അവയുടെ പ്രത്യേക സ്വഭാവവിശേഷങ്ങള്‍ മുതലായവയെക്കുറിച്ചും നൂല്‍നൂല്‍പ്പ്, നെയ്ത്ത്, ചായം മുക്കല്‍, രൂപചിത്രീകരണം തുടങ്ങിയ തുണി നിര്‍മാണരംഗത്തെ വിവിധ പ്രക്രിയകളെക്കുറിച്ചും ഇവിടെ സവിസ്തരം വിവരിക്കുന്നു. വസ്ത്രങ്ങള്‍, വീട്ടാവശ്യങ്ങള്‍ക്കായുള്ള കര്‍ട്ടനുകള്‍, മേശവിരികള്‍, തോര്‍ത്തുമുണ്ടുകള്‍ മുതലായവ തിരഞ്ഞെടുക്കുവാനും ഉപയോഗിക്കുവാനും കൈകാര്യം ചെയ്യുവാനും സൂക്ഷിക്കുവാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍പ്പെടുന്നു. വസ്ത്രനിര്‍മാണത്തെപ്പറ്റിയും അലങ്കാരത്തുന്നലിനെപ്പറ്റിയും പഠിപ്പിക്കുന്നതിനു പുറമേ ആ രംഗങ്ങളില്‍ വേണ്ട പ്രായോഗിക പരിശീലനവും നല്കപ്പെടുന്നു.

3. ഗൃഹഭരണവും ഗൃഹാലങ്കാരവും വീടു പണിയുവാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതുമുതല്‍ അതു പൂര്‍ത്തിയാക്കി, കലാപരമായി അലങ്കരിക്കുകയും സൗകര്യപൂര്‍വം സംവിധാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടതായ ശാസ്ത്ര-കലാതത്ത്വങ്ങളാണ് ഈ ശാഖയിലെ പ്രതിപാദ്യവിഷയം. കൂടാതെ സമയം, ഊര്‍ജം, പണം എന്നീ വിഭവശേഷികളെ വേണ്ടവിധത്തില്‍ നിയന്ത്രിച്ച് ഗൃഹഭരണം ഏറ്റവും കാര്യക്ഷമമാക്കുവാനുള്ള നിര്‍ദേശങ്ങളും ഈ വിഷയത്തിന്റെ പരിധിയില്‍വരുന്നു. ഇതിലേക്കായി ബജറ്റുനിര്‍മാണം, സമയാനുസൃതം പ്രവൃത്തികള്‍ ചിട്ടപ്പെടുത്തല്‍, ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനുള്ള ഉപായങ്ങളും ഉപാധികളും ഉപകരണങ്ങളും മുതലായവയും വിവരിക്കപ്പെടുന്നു.

4. ശിശുസംരക്ഷണവും കുടുംബജീവിതവും കുടുംബജീവിതത്തിന് തറക്കല്ലിടുന്നതു മുതല്‍ സുദൃഢമായ ഒരു കുടുംബം കെട്ടിപ്പടുത്തു സംരക്ഷിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന ശാഖയാണ് ഇത്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക, ദാമ്പത്യജീവിതം സുഗമമായി നയിക്കുക, അതിനിടയില്‍ ഉയര്‍ന്നുവന്നേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, തുടങ്ങി കുടുംബജീവിതത്തിന്റെ വിവിധ വശങ്ങളാണ് ഇതിലെ പ്രതിപാദ്യവിഷയം. കൂട്ടത്തില്‍ ഗര്‍ഭാരംഭം മുതല്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെയുള്ള, മനുഷ്യന്റെ വിവിധ ഘട്ടങ്ങളിലെ ശാരീരികവും മാനസികവും ബൌദ്ധികവും ആയ വളര്‍ച്ചയേയും സാമൂഹിക ബോധത്തെയും ചിത്രീകരിക്കുന്നതോടൊപ്പം, ഓരോ ദശയുടെയും സവിശേഷതകള്‍, പ്രശ്നങ്ങള്‍, അവ കൈകാര്യം ചെയ്യേണ്ടവിധം തുടങ്ങിയവയും വിവരിക്കപ്പെടുന്നു. ആരോഗ്യപരമായ വ്യക്തിത്വവികാസത്തിന് സഹായകമായ ഒരു പഠനശാഖയാണിത്.

ഗാര്‍ഹിക മണ്ഡലത്തിലെ പ്രധാന കര്‍മരംഗങ്ങളായ മേല്പറഞ്ഞ നാലു ശാഖകള്‍ക്കു പുറമേ, അവയെ കൂടുതല്‍ വിശദമാക്കുന്ന മറ്റുചില ഉപശാഖകളും ഈ വിഷയം കൈകാര്യം ചെയ്യുന്നു. അവയാണ് മനുഷ്യശരീരശാസ്ത്രവും സൂക്ഷമാണു ശാസ്ത്രവും (Physiology and Microbiology). രസതന്ത്രം, ഊര്‍ജതന്ത്രം എന്നീ ശാസ്ത്രങ്ങളില്‍ ഉള്ള, ഗാര്‍ഹിക ജീവിതവുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഗാര്‍ഹിക ശാസ്ത്രത്തിലെ വിഷയങ്ങളാണ്.

ഗാര്‍ഹിക ശാസ്ത്രപഠനത്തിന്റെ ലക്ഷ്യം ഗാര്‍ഹിക രംഗത്തുമാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാനുള്ള പ്രാപ്തിയും പ്രചോദനവും നല്കുക എന്നത് ഗാര്‍ഹിക ശാസ്ത്രത്തിന്റെ പരമപ്രധാനമായ കര്‍ത്തവ്യമാണ്. അതുകൊണ്ട് സാമൂഹിക ശാസ്ത്രത്തെയും ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. സമൂഹത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും, പരിവര്‍ത്തനങ്ങള്‍, സംഘടനകള്‍, വിവിധ സമൂഹങ്ങളുടെ സവിശേഷതകളും പ്രശ്നങ്ങളും, ഗ്രാമോദ്ധാരണ പരിപാടികളും പ്രവര്‍ത്തനങ്ങളും, ഗ്രാമീണ വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിന്റെ ഒരു ഏകദേശരൂപം വിവരിക്കുകയാണ് സാമൂഹികശാസ്ത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കുവാനും അജ്ഞതയും അന്ധവിശ്വാസങ്ങളും നീക്കി സ്വന്തം കാലില്‍ ഉറച്ചുനിന്നുകൊണ്ട് സമ്പത്സമൃദ്ധമായ ഗ്രാമീണ ജീവിതം കെട്ടിപ്പടുക്കുവാനുംവേണ്ടി 'ഗാര്‍ഹിക വിജ്ഞാനവ്യാപനം' എന്നൊരു ശാഖകൂടി ഈ വിഷയത്തിനുണ്ട്. സമ്പുഷ്ടമായ കുടുംബജീവിതം നയിക്കുവാന്‍ സഹായകങ്ങളായ ഗാര്‍ഹിക ശാസ്ത്രതത്ത്വങ്ങള്‍ ഗൃഹനായികമാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള വിവിധ മാധ്യമങ്ങളും മാര്‍ഗങ്ങളും ആണ് വ്യാപന വിജ്ഞാനത്തിന്റെ മുഖ്യതന്തു. ഗ്രാമപ്രദേശങ്ങളിലെ ഗൃഹനായികമാര്‍ക്കിടയിലാണ് ഇതിനു കൂടുതല്‍ പ്രസക്തി.

ഗാര്‍ഹിക ശാസ്ത്രത്തില്‍ മേല്പറഞ്ഞ വിഷയങ്ങള്‍ ഏറ്റക്കുറച്ചിലുകളോടെ പഠിപ്പിക്കുന്നു. ഏതൊരു ബിരുദധാരിക്കും കടന്നു ചെല്ലാവുന്ന എല്ലാ ഉദ്യോഗമണ്ഡലങ്ങളും ഗാര്‍ഹിക ശാസ്ത്ര ബിരുദധാരിക്ക് പ്രാപ്യമാണ്. ഗാര്‍ഹിക ശാസ്ത്രാധ്യാപികമാരാകുന്നതിനു പുറമേ ആശുപത്രികളിലെ ആഹാരരീതി നിയന്ത്രിക്കുന്ന ഭക്ഷ്യശാസ്ത്ര വിദഗ്ധര്‍, തുണിമില്ലുകളിലെ ഡിസൈനര്‍മാര്‍, തുണികളുടെ ഗുണനിര്‍ണയം ചെയ്യുന്ന പരിശോധകര്‍, മാതൃ-ശിശുക്ഷേമ പ്രവര്‍ത്തകര്‍, ഗൃഹാലങ്കാര വിദഗ്ധര്‍, ഗ്രാമോദ്ധാരണ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ഉദ്യോഗങ്ങള്‍ നേടിയെടുക്കുവാന്‍ ഈ പഠനം യോഗ്യത നല്കുന്നു.

നെയ്ത്ത്, നൂല്‍നൂല്‍പ്പ്, അലങ്കാരത്തുന്നല്‍, വസ്ത്രനിര്‍മാണത്തുന്നല്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍, ഗൃഹാലങ്കാരം, നഴ്സറി സ്കൂള്‍ പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ ലഭ്യമാകുന്ന പരിജ്ഞാനവും പരിചയവും ഒരു ഗാര്‍ഹിക ശാസ്ത്രപഠിതാവിനെ സ്വയംതൊഴില്‍ കണ്ടെത്തുവാനും സഹായിക്കുന്നു. പഠിച്ച വിഷയവുമായി ബന്ധമില്ലാത്ത ഉദ്യോഗം ലഭിക്കുകയോ ലഭിക്കാതെ ഇരിക്കുകയോ ചെയ്താലും താന്‍ നേടിയ ജ്ഞാനം പാഴാക്കിക്കളയാതെ സ്വന്തം കുടുംബജീവിതവും മറ്റുള്ളവരുടെ കുടുംബജീവിതവും പ്രഭാപൂരിതമാക്കുവാന്‍ ഈ പഠന സമ്പ്രദായം സഹായിക്കുന്നു എന്നതു മറ്റൊരു ശാസ്ത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടങ്ങളില്‍ ഒന്നാണ്. നോ: ഗൃഹഭരണം, ഗൃഹാലങ്കാരം

(പ്രൊഫ. ചന്ദ്രാവലി തമ്പുരാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍