This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാരിഞ്ച (1933 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാരിഞ്ച (1933 - 83)

Garincha

ബ്രസീലിയന്‍ ഫുട്ബോള്‍ കളിക്കാരന്‍. പൂര്‍ണനാമം മാനുവല്‍ ഫ്രാന്‍സിസ്കോ ദോസ് സാന്റോസ്. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ സമകാലികനായിരുന്ന ഇദ്ദേഹത്തെ 20-ാം നൂറ്റാണ്ടിലെ മികച്ച രണ്ടാമത്തെ ബ്രസീലിയന്‍ കളിക്കാരനായും ലോകത്തിലെ എട്ടാമത്തെ കളിക്കാരനായും 1999-ല്‍ ഐ.എഫ്.എഫ്.എച്ച്.എസ്. (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഫുട്ബോള്‍  ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്) തിരഞ്ഞെടുത്തിട്ടുണ്ട്.

ഗാരിഞ്ച

1933 ഒ. 28-ന് റിയോ ഡി ജനീറോയിലെ പോഗ്രാന്‍സെയില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ജന്മനാ വൈകല്യമുണ്ടായിരുന്നു. വലതുകാല്‍  ഉള്‍ഭാഗത്തേക്ക് അസാധരണമാംവിധം വളഞ്ഞിരുന്നു. ഇടതുകാലിന് ആറ് സെ.മീറ്ററോളം നീളം കുറവുമായിരുന്നു. ഈ പരിമിതികളെല്ലാം അതിജീവിച്ചാണ് ഇദ്ദേഹം ഫുട്ബാള്‍ രംഗത്ത് അതികായകനായത്. പന്തടക്കത്തിലും ഡ്രിബ്ളിംഗിലും അസാമാന്യപാടവം ചെറുപ്പത്തിലേ പുറത്തെടുത്ത ഗാരിഞ്ച 1948-ല്‍   ജന്മനാട്ടിലെ സോക്കര്‍ ക്ലബ്ബായ പോഗോന്‍ഡെയോലില്‍ അംഗമായതോടെയാണ് തന്റെ കായികജീവിതത്തിന് തുടക്കം കുറിച്ചത്. 1952 വരെ ക്ലബ്ബിന്റെ യൂത്ത് ടീമില്‍ അംഗമായിരുന്നു.

1953-ല്‍ ബ്രസീലിലെ ബോട്ടാഫോഗോ എന്ന പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബില്‍ അംഗമായി. ബോണ്‍ സുസെസ്സോക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേടിയതോടെ കളിക്കളത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ബോട്ടാഫോഗോയ്ക്കായി കാഴ്ചവച്ച പ്രകടനങ്ങളാണ് ഇദ്ദേഹത്തിന് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തതും ലോകപ്രശസ്ത ഫുട്ബോളറാകാനുള്ള വഴിതുറന്നതും. 1957-ല്‍ ബോട്ടാഫോഗാ ബ്രസീലിയന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായപ്പോള്‍ ഗാരിഞ്ചയായിരുന്നു ടീമിലെ പ്രധാനി. പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ 26 മത്സരങ്ങളിലായി ഇദ്ദേഹം നേടിയത് 20 ഗോളുകളായിരുന്നു. 12 വര്‍ഷം ബോട്ടാഫോഗോയ്ക്കായി കളിച്ചിട്ടുണ്ട്. ഇതിനിടയില്‍ റോക്ക കപ്പ് (1960), ഓസ്ഹള്‍ഡോ ക്രുസ് കപ്പ് (1958, 61, 62), ഓഹിഗ്ഗിന്‍സ് കപ്പ് (1955, 59, 61) തുടങ്ങി നിരവധി അന്തര്‍ദേശീയ ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ ബോട്ടാഫോഗോ ജേതാക്കളായി. അവര്‍ക്കായി 581 മത്സരങ്ങള്‍ കളിച്ച ഗാരിഞ്ച 232 ഗോളുകള്‍ നേടിയിട്ടുണ്ട്. 1966-72 കാലത്ത് കൊറിന്ത്യന്‍സ്, അത്ലറ്റിക്കോ ജൂനിയര്‍, ഫ്ളെമിന്‍ഗോ, ഒലാറിയ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

1955-ല്‍ റിയോ ഡി ജനീറോയില്‍ ചിലിക്കെതിരായിരുന്നു ഗാരിഞ്ചയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 1958-ല്‍ യു.എസ്.എസ്. ആറിനെതിരെയായിരുന്നു ലോകകപ്പ് അരങ്ങേറ്റം. 1962, 66 വര്‍ഷങ്ങളിലെ ലോകകപ്പിലും ഇദ്ദേഹം ബ്രസീല്‍ ടീമംഗമായിരുന്നു. ഇതില്‍ 58-ലും 62-ലും ബ്രസീലായിരുന്നു ജേതാക്കള്‍. 1958-ല്‍ വ്യക്തിഗത നേട്ടങ്ങള്‍ കാര്യമായി കൊയ്യാനായില്ലെങ്കിലും ഇദ്ദേഹം ടൂര്‍ണമെന്റിലെ സ്വപ്ന ടീമില്‍ (Dream Team) ഇടം തേടി. തുടര്‍ന്ന് 1962-ലെ ലോകകപ്പ് ബ്രസീലിന് നേടിക്കൊടുക്കുന്നതില്‍ ഗാരിഞ്ച നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പിലെ മികച്ചതാരവും ടോപ് സ്കോററും ഇദ്ദേഹം തന്നെയായിരുന്നു. അതേവര്‍ഷത്തില്‍ തന്നെ ഫിഫയുടെ മികച്ച ഫുട്ബോള്‍ കളിക്കാരനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1966-ലെ ലോകകപ്പില്‍ ബ്രസീല്‍ ഒന്നാംറൌണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഹംഗറിക്കെതിരെ കളിച്ചതാണ് ഗാരിഞ്ചയുടെ അവസാന അന്താരാഷ്ട്ര മത്സരം.

മൂന്ന് ലോകകപ്പ് മത്സരങ്ങള്‍ക്കു പുറമേ, 1957-ലെയും 59-ലെയും കോപ അമേരിക്ക കപ്പിലും ഇദ്ദേഹം ബ്രസീലിനുവേണ്ടി കളിച്ചു. ആകെ 50 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇദ്ദേഹം 12 ഗോളുകള്‍ നേടിയിട്ടുണ്ട്.

1973 ഡി. 19-ന് റിയോ ഡി ജനീറോയിലെ 'മറക്കാന' സ്റ്റേഡിയത്തില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തോടെ ഗാരിഞ്ച ഫുട്ബോളിനോട് വിടപറഞ്ഞു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഫിഫയായിരുന്നു വിടവാങ്ങല്‍ മത്സരം സംഘടിപ്പിച്ചത്.

കളിക്കളത്തിലെ നേട്ടങ്ങളൊന്നും ഗാരിഞ്ചയ്ക്ക് സ്വന്തം ജീവിതത്തില്‍ ആവര്‍ത്തിക്കാനായില്ല. തികഞ്ഞ മദ്യപാനിയായിരുന്ന ഇദ്ദേഹം വ്യക്തിജീവിതത്തില്‍ പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കുടുംബജീവിതവും വിവാദമുക്തമായിരുന്നില്ല. 1952-ല്‍ നയര്‍ മര്‍ക്യേസ് എന്ന ഫാക്ടറി തൊഴിലാളിയെ വിവാഹം ചെയ്തെങ്കിലും 65-ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 66-ല്‍ ഏല്‍സ സോറസ് എന്ന സാംബാ ഗായികയെ വിവാഹം ചെയ്തു. ആ ബന്ധവും 1977-ല്‍ വേര്‍പെടുത്തപ്പെട്ടു.

അമിതമായ മദ്യപാനംമൂലം കരള്‍രോഗം ബാധിച്ച് 1983 ജനു. 19-ന് റിയോ ഡി ജനീറോയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍