This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാബ്രോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാബ്രോ

Gabbro

സ്ഥൂല-ക്രിസ്റ്റലുകളോടുകൂടിയ അടിസ്ഥാന ആഗ്നേയശില. കാല്‍സിയ-സമൃദ്ധമായ പ്ലാജിയോക്ലേസ് ഫെല്‍സ്പാര്‍, ഒലീവീന്‍ ഉള്ളതോ ഇല്ലാത്തതോ ആയ പൈറോക്സീന്‍ എന്നിവയാണ് ഇതിലെ അടിസ്ഥാന ധാതുക്കള്‍.

ഒരു പ്രാഥമിക അന്തര്‍വേധിശിലയാണ് ഗാബ്രോ. ഡൈക്കുകള്‍, സില്ലുകള്‍, ലാക്കൊലിത്തുകള്‍ തുടങ്ങിയ രൂപങ്ങള്‍ക്കു പുറമേ ഈ ശില ക്രമമില്ലാതെ 100 ച.കി.മീറ്ററോളം വിസ്തീര്‍ണമുള്ള വന്‍ പിണ്ഡങ്ങളായി കാണപ്പെടുന്നു. സാധാരണയായി സമീപസ്ഥമായ പുരാതനശിലകളിലെ വിള്ളലുകള്‍ക്കിടയില്‍ രൂപംകൊള്ളുന്ന ഈ ശിലയുടെ ഉള്‍ഭാഗത്തെക്കാള്‍, സമീപസ്ഥശിലയുമായി സമ്പര്‍ക്കത്തിലിരിക്കുന്ന ബഹിര്‍ശിലാഭാഗത്ത് നേര്‍ത്ത തരികളായിരിക്കും ഉണ്ടാവുക. ഗാബ്രോ മിക്കവാറും സ്ഥൂലപിണ്ഡങ്ങളായി കാണപ്പെടുന്നു. മിക്കതും മടക്കുകളായോ പടലങ്ങളായോ ഇവ രണ്ടും ചേര്‍ന്ന രൂപത്തിലുമോ കാണാറുണ്ട്. ശിലയിലെ ക്രിസ്റ്റലുകള്‍ ആന്തരികസ്തരത്തിനു സമാന്തരമായോ ശിലയുടെ അരികുകള്‍ക്കു സമാന്തരമായോ ക്രമീകരിക്കപ്പെടാം. ഈ ക്രമീകരണമാണ് ശിലകളില്‍ മടക്കുകളോ പടലങ്ങളോ ഉണ്ടാകുന്നതിനു കാരണമാകുന്നത്. ചില അവസരങ്ങളില്‍ ക്രിസ്റ്റലുകള്‍ ശിലയുടെ വക്കിനും ആന്തരികസ്തരത്തിനും ലംബമായി ക്രമീകരിക്കപ്പെടുന്നു. ഇപ്രകാരമുള്ള പടല-രൂപീകരണം ധാതുഘടനയെ ആശ്രയിച്ചോ പൊതുഘടനയെ ആശ്രയിച്ചോ ആകാം. ധാതുഘടനാപരമായ പടല-രൂപീകരണത്തില്‍ പടലങ്ങളില്‍ വ്യത്യസ്തധാതുക്കള്‍ വ്യത്യസ്ത തോതില്‍ കാണുന്നു. ഇവയില്‍ എല്ലാ പടലങ്ങളും ഗാബ്രോ ആയിരിക്കില്ല. എന്നാല്‍ ഇവ ഏതെങ്കിലും ഒരു ധാതുവിനാല്‍ സമ്പന്നമായിരിക്കും. ഈ പടലങ്ങളെല്ലാം കൂട്ടുചേരുമ്പോള്‍ ഗാബ്രോയായിത്തീരുന്നു. ഇപ്രകാരം ധാതുഘടനാപരമായുള്ള പടല-രൂപീകരണത്തിനു കാരണം, കനമേറിയ ക്രിസ്റ്റലുകളും കനംകുറഞ്ഞ ക്രിസ്റ്റലുകളും തമ്മിലുള്ള യാന്ത്രിക വേര്‍തിരിക്കല്‍ ആണെന്നു കരുതപ്പെടുന്നു.

ഗാബ്രോയ്ക്ക് സാധാരണയായി 'ഒഫിറ്റിക്ക്' ഘടനയാണുള്ളത്. ഗാബ്രോയില്‍ മിക്കവാറും കാല്‍സിയ-പ്ലാജിയോക്ലേസിനും ഓഗൈറ്റിനും (കാല്‍സിയ സമ്പന്നമായ പൈറോക്സീന്‍) പുറമേ ഒരു ചെറിയ ശ.മാ. ധാതുക്കളേ കാണൂ. ആല്‍ക്കലി-ഗാബ്രോയില്‍ ഒലീവിനോ ഫെല്‍സ്പനോയിഡുകളോ അല്ലെങ്കില്‍ ഇവ രണ്ടുമോ അടങ്ങിയിരിക്കുന്നു. ഒലീവന്‍-ഗാബ്രോയില്‍ ഒലീവിനാണ് ഉണ്ടായിരിക്കുക; ഫെല്‍സ്പനോയിഡുകളൊന്നും കാണുകയില്ല. ക്വാര്‍ട്സ്-ഗാബ്രോയില്‍ ഏകദേശം 3 ശ.മാ.-ത്തോളം ക്വാര്‍ട്സ് അടങ്ങിയിരിക്കുന്നു. ഗാബ്രോയില്‍ ആംഫിബോളും ബയോറ്റൈറ്റുകളും ഉണ്ടാകുക സാധാരണമാണ്. ഗാബ്രോ മിക്കപ്പോഴും ക്രിസ്റ്റലീകരിക്കുന്നത് ഉന്നത മര്‍ദത്തിലുള്ള ആഴമേറിയ ഭാഗത്തായതിനാലാണിത്. ഇവ ക്രിസ്റ്റലീകരിക്കുമ്പോള്‍ വാതകങ്ങള്‍ക്ക് ഉരുകിയ ലായനിയില്‍ത്തന്നെ തുടരാന്‍ കഴിയുന്നു. ഇത് ഉരുകിയ ലായനിയില്‍നിന്ന് ഹൈഡ്രസ് സിലിക്കേറ്റുകളായ അംഫിഫോള്‍, മൈക്ക എന്നിവ ക്രിസ്റ്റലീകരിക്കുന്നതിനും വാതകത്തിന്റെ സാന്നിധ്യത്തില്‍ ശില തണുക്കുമ്പോള്‍ ഹൈഡ്രസുകളല്ലാത്ത ചില ധാതുക്കളെ ഹൈഡ്രസുകളാക്കി മാറ്റുന്നതിനും സഹായിക്കുന്നു.

ഗാബ്രോ ബസാള്‍ട്ടിനു തുല്യമായ ഒരു പാതാള ശിലയാണ്. ഗാബ്രോ സാധാരണയായി ഒരു കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ കാണപ്പെടുമ്പോള്‍ ബസാള്‍ട്ട് ഏതാണ്ട് 10 മീറ്ററോളം കനത്തിലുള്ള ഡൈക്കുകളായാണ് സ്ഥിതി ചെയ്യുന്നത്. ബസാള്‍ട്ടും ഗാബ്രോയും തമ്മിലുള്ള വ്യത്യാസം, ബസാള്‍ട്ടില്‍ മിക്കവാറും സജാതീയ ധാതുക്കളും സമാനഘടനയും കാണുന്നു എന്നതാണ്. എന്നാല്‍ ഗാബ്രോ അസാധാരണമാംവിധം വൈവിധ്യമാര്‍ന്നതാകുന്നു. ഗാബ്രോ വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും ബസാള്‍ട്ടിന്റെയത്ര സാധാരണമല്ല. ഗാബ്രോയുടെ ഭൗതികഗുണങ്ങള്‍ ബസാള്‍ട്ടിന്റെ സവിശേഷതകള്‍ക്കു സമാനമാണ്. എന്നാല്‍ ബസാള്‍ട്ടിനെ അപേക്ഷിച്ച് ഗാബ്രോക്ക് ജലം ആഗിരണം ചെയ്യാനുള്ള കഴിവ് അല്പം കുറവാകുന്നു. ബസാള്‍ട്ടിനെക്കാള്‍ കനമേറിയതാണ് ഗാബ്രോ. ഗാബ്രോയുടെ ഈ സവിശേഷതമൂലം കെട്ടിട നിര്‍മാണത്തില്‍ 'ആഡംബരശില'യായി ഇത് ഉപയോഗിക്കാറുണ്ട്.

കറുത്ത നിറത്തിലും ചാരനിറത്തിലും കാണുന്ന ഗാബ്രോ 'കറുത്ത ഗ്രാനൈറ്റ്' എന്ന വ്യാവസായിക നാമത്തിലാണ് അറിയുന്നത്. ഗാബ്രോ 'അളവുകല്ലുകളായി' ഉപയോഗിക്കുന്നതിനുവേണ്ടി കുഴിച്ചെടുക്കാറുണ്ട്. തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍മാര്‍ക്കോസ് ഗാബ്രോ ഇതിനുദാഹരണമാണ്. ഗാബ്രോയുടെ മൂല്യനിര്‍ണയനത്തില്‍ പ്രധാനമായത് നിക്കല്‍, ക്രോമിയം, പ്ലാറ്റിനം എന്നീ ധാതുക്കള്‍ ഗാബ്രോയുമായോ അഥവാ ഗാബ്രോയുമായി ബന്ധപ്പെട്ട മറ്റ് അത്യല്പസിലിക്കാശിലകളുമായോ ചേര്‍ന്നു രൂപംകൊള്ളുന്നുവെന്നതാണ്. മാഗ്നറ്റൈറ്റ്, ഇല്‍മനൈറ്റ് എന്നിവയുടെ പ്രാഥമികധാതുരൂപീകരണവും ഗാബ്രോയുമായി ചേര്‍ന്നാണ് കാണുന്നത്. ഗാബ്രോ സാധാരണയായി എല്ലാ മുഖ്യ വിവര്‍ത്തനിക പരിസ്ഥിതികളിലും (tectonic environment) കാണപ്പെടുന്നു.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍