This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധി സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്ധി സാഹിത്യം

മഹാത്മാഗാന്ധിയുടെ കൃതികളും അദ്ദേഹത്തെക്കുറിച്ചെഴുതിയ കൃതികളും ഉള്‍പ്പെടുന്ന സാഹിത്യരചനകളുടെ സമാഹാരം. ഭാരതീയ ഭാഷകളിലും ഇതര വിദേശഭാഷകളിലും രചിക്കപ്പെട്ടതും പ്രസിദ്ധീകൃതവുമായ ഇവയില്‍ ഗാന്ധിജിയുടെ സത്യസങ്കല്പങ്ങളും സാമൂഹിക വീക്ഷണങ്ങളും മറ്റു വിശ്വാസങ്ങളുമെല്ലാം പ്രതിപാദിക്കുന്നു.

ഗുജറാത്തിയിലും ഇംഗ്ലീഷിലുമായിരുന്നു ഗാന്ധിജി പ്രധാനമായും എഴുതിയിരുന്നത്. സാഹിത്യ ഭംഗിയില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാതിരുന്ന അദ്ദേഹം, എഴുത്ത് തീര്‍ത്തും ആശയ പ്രചാരണത്തിനുള്ള മാധ്യമമാക്കി. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഗാന്ധിജിയുടെ സാഹിത്യജീവിതത്തിന്റെ ആരംഭം എന്നു പറയാം. ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം പത്രങ്ങളില്‍ എഴുതിത്തുടങ്ങിയിരുന്നു. 1903 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഒപ്പിനീയന്‍ വാരികയുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം നവജീവന്‍, സത്യ, യങ് ഇന്ത്യ എന്നീ പത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1919-ല്‍ ഗാന്ധിജി യങ് ഇന്ത്യയുടെ പത്രാധിപരായി. തുടര്‍ന്ന് ഇംഗ്ലീഷില്‍ ഹരിജന്‍ ഹിന്ദിയില്‍ ഹരിജന്‍ സേവ, ഹരിജന്‍ ബന്ധു പത്രങ്ങളും അദ്ദേഹം ആരംഭിച്ചു. ഇത്തരം ഭാഷാപത്രങ്ങളിലായിരുന്നു ഗാന്ധിജിയുടെ രചനകളിലധികവും ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

1909-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഹിന്ദ് സ്വരാജ് ആണ് ഗാന്ധിജിയുടെ ആദ്യകാല രചനകളില്‍ പ്രധാനപ്പെട്ടത്. ലണ്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം ഹിന്ദ് സ്വരാജ് എഴുതുന്നത്. ഇന്ത്യന്‍ ഒപ്പീനിയനിലൂടെ ആദ്യം ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ എഴുത്തുകള്‍ 1910-ല്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഗാന്ധിജിയുടെ മറ്റൊരു ഗ്രന്ഥമായ ദക്ഷിണാഫ്രിക്കന്‍ സത്യാഗ്രഹ സ്മരണകള്‍ 1923-ല്‍ യെര്‍വാദ ജയിലില്‍ കഴിയുമ്പോഴാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. 1924-25-ല്‍ ഇത് നവജീവനില്‍ പ്രസിദ്ധീകരിക്കുകയും, തുടര്‍ന്ന് ഗ്രന്ഥരൂപത്തിലാക്കുകയും ചെയ്തു. 1928-ല്‍ ഈ കൃതി സത്യാഗ്രഹ ഇന്‍ സൗത്ത് ആഫ്രിക്ക എന്ന തലക്കെട്ടില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് ഗുജറാത്തി ഭാഷയിലാണ്. സത്യ കേ പ്രയോഗ് കാ ആത്മകഥ. 1925-നും 29-നും മധ്യേ ഇത് നവജീവനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇക്കാലത്തുതന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ യങ് ഇന്ത്യയിലും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഈ ഗ്രന്ഥത്തിന്റെ രചനയില്‍ മുഴുകിയിരിക്കുമ്പോള്‍ത്തന്നെയാണ് ഗാന്ധിജി ഭഗവദ്ഗീത ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തിയത്. 1932-ല്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അദ്ദേഹം സത്യാഗ്രഹ ആശ്രമയുടെ രചന തുടങ്ങി. 1948-ല്‍ ഈ അപൂര്‍ണകൃതി പ്രകാശിതമായി. 1948-ല്‍, ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കീ റ്റു ഹെല്‍ത്ത് എന്ന ഗ്രന്ഥവും പ്രസിദ്ധീകരിക്കപ്പെട്ടു. ഗാന്ധിജി പലപ്പോഴായി അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്നേഹിതര്‍ക്കും മറ്റും എഴുതിയ നിരവധി കത്തുകള്‍ ഗാന്ധിസാഹിത്യത്തിലെ അമൂല്യസമ്പത്തായി കണക്കാക്കപ്പെടുന്നു. കത്തുകള്‍ ഉള്‍പ്പെടെ ഗാന്ധിജിയുടെ കൃതികള്‍ തൊണ്ണൂറ് വാല്യങ്ങളിലായി ഇന്ത്യാ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച, ഗാന്ധിസ്മാരക നിധിക്ക് കീഴിലുള്ള, നവജീവന്‍ ട്രസ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും ഗുജറാത്തിയിലും മറാഠിയിലുമായി കുറെയേറെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ഇതര ഭാഷകളില്‍ ഗാന്ധിസാഹിത്യം നന്നേ കുറവായതിനാല്‍ ട്രസ്റ്റിന് കീഴില്‍ ഓരോ സംസ്ഥാനത്തിലും ഓരോ പ്രസിദ്ധീകരണ സമിതി രൂപീകരിച്ചു. അവയുടെ ശ്രമഫലമായി തെലുഗുവില്‍ 101-ഉം ബംഗാളിയില്‍ 22-ഉം തമിഴില്‍ 180-ഉം മറാഠിയില്‍ 60-ഉം കന്നഡയില്‍ 55-ഉം മലയാളത്തില്‍ 48-ഉം പുസ്തകങ്ങള്‍ ഗാന്ധി ജന്മശതാബ്ദിക്ക് മുമ്പുതന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതു കൂടാതെ കേന്ദ്രസമിതിയുടേതായി ഹിന്ദിയിലും ഇംഗ്ലീഷിലും ധാരാളം പുതിയ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഗാന്ധിമാര്‍ഗ എന്നൊരു മാസിക പ്രസിദ്ധീകരിച്ചു. കേരള ഗാന്ധി സ്മാരക നിധിയും മലയാളത്തില്‍ ഗാന്ധിമാര്‍ഗം എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.

ഗാന്ധിജിയുടെ കൃതികള്‍ അദ്ദേഹത്തിന്റെ കാലത്തുതന്നെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ഇതോടൊപ്പംതന്നെ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെക്കുറിച്ചും എഴുതിയ  കൃതികളും ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശികഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ഇതാകട്ടെ, ഗാന്ധിദര്‍ശനം രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ദേശഭക്ത് തരുണ്‍ റാം ഫൂക്കനും കര്‍മസീര്‍ നബീന്‍ ചന്ദ്ര ബീര്‍ദോലയുമാണ് ഗാന്ധിദര്‍ശനം അസമില്‍ എത്തിച്ചവരില്‍ പ്രമുഖര്‍. 1951-ല്‍ ഒമിയോ കുമാര്‍ ദാസ് ഗാന്ധിജിയുടെ ആത്മകഥ അസമിലേക്കു പരിഭാഷപ്പെടുത്തി. തുടര്‍ന്ന് 1955-ല്‍ ഇഷ്ടദേവ് നബീസ് ഗാന്ധിസാണിയും അസമിലേക്കു മൊഴിമാറ്റം ചെയ്തു. രാജേന്ദ്രനാഥ്, ബുവ, നിര്‍മലാസോറ, എസ്.എം. റാവു, ക്ഷീരദബിസയ എന്നിവരാണ് അസമിയയില്‍ ഗാന്ധിസാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്കിയ ഇതര എഴുത്തുകാര്‍. കേശവാനന്ദ ശര്‍മപഥക്കിന്റെ ഛത്യാര്‍പ്രതി മഹാത്മാഗാന്ധി, ഹേമചന്ദ്രദത്തയുടെ മഹാത്മാഗാന്ധി (1962), മഹാദേവ് ശര്‍മയുടെ ബാപ്പുജി (1962) തുടങ്ങിയവ അസമിയയില്‍ രചിക്കപ്പെട്ട ഗാന്ധിജിയുടെ പ്രധാന ജീവചരിത്ര ഗ്രന്ഥങ്ങളാകുന്നു. ഹേമ്ബറുവ, ചന്ദ്രകുമാര്‍ അഗര്‍വാല, രത്നകാന്ത ബര്‍ക്കാകടി, അതുല്‍ ചന്ദ്രഹസാരിക തുടങ്ങിയവരാണ് അസമിയ ഭാഷയില്‍ ഗാന്ധിജിയെ പ്രമേയമാക്കിക്കൊണ്ട് കവിതകള്‍ രചിച്ചവരില്‍ പ്രമുഖര്‍. ഹസാരികയുടെ കല്യാണി, ആഹുതി തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമാണ്.


സത്യേന്ദ്രനാഥ് ദത്ത രചിച്ച 'ഗാന്ധിജി' എന്ന കവിത ഭാരതിയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ബംഗാളിയില്‍ ഗാന്ധിയന്‍ സാഹിത്യശാഖ ഉദയം ചെയ്യുന്നത്. ഖാസി നസ്റുല്‍ ഇസ്ലാമിന്റെ രംഗപ്രവേശനത്തോടെ ബംഗാളിയിലെ ഗാന്ധിസാഹിത്യശാഖ കൂടുതല്‍ സമ്പന്നമായി. ഇദ്ദേഹത്തിന്റെ ചര്‍ക്കാഗാന്‍ (ചര്‍ക്കാഗാനം, 1925) വളരെ പ്രസിദ്ധമാണ്. ഇക്കാലത്തുതന്നെ ഇദ്ദേഹം ബംഗാള്‍ മഹാത്മ (ബംഗാളിലെ മഹാത്മാവ്) എന്നൊരു കാവ്യവും രചിച്ചു. 1940-ല്‍ രബീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ഗാന്ധി മഹാരാജ്' എന്ന കവിതയും പ്രസിദ്ധീകൃതമായി. തുടര്‍ന്നു ജതീന്ദ്രനാഥ് സെന്‍ ഗുപ്ത, പ്രേമേന്ദ്ര മിശ്ര, ജീബനാനന്ദ ദാസ്, പ്രഭാത് മോഹന്‍, ബിമല്‍ചന്ദ്രഘോഷ്, ബിഷ്ണു ഡേ, സുകാന്ത ഭട്ടാചാര്യ, ദിനേശ് ദാസ്, കാളീപാദഭട്ടാചാര്യ, ബീരേന്ദ്ര ചട്ടോപാധ്യായ, സുധീര്‍ ഗുപ്ത, ശാന്തശീല്‍ ദാസ് തുടങ്ങിയ നിരവധി കവികള്‍ ഗാന്ധിജിയെ കുറിച്ച് കവിതകള്‍ എഴുതി. ഗാന്ധിയന്‍ വീക്ഷണങ്ങളുടെ സ്വാധീനം ബംഗാളി നോവല്‍ ശാഖയെയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഉപേന്ദ്രനാഥ് ഗംഗോപാധ്യായയുടെ രാജ്പഥ്, താരാശങ്കര്‍ ബന്ദോപധ്യായയുടെ ധാത്രീദേവത, ഗണദേവത, പഞ്ചാഗ്രാം സതിനാഥ് ദാദുരിയുടെ ജാഗരി, ബനാഫൂലിന്റെ സപ്തര്‍ഷി അന്നദാശങ്കര്‍ റായിയുടെ ക്രാന്തദര്‍ശി തുടങ്ങിയ നോവലുകള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ കേന്ദ്രപ്രമേയമാക്കുന്നു. സഞ്ജയ് ഭട്ടാചാര്യ, പ്രമത്തനാഥബിസി തുടങ്ങിയവരുടെ ചെറുകഥകളിലും ഗാന്ധിയന്‍ വീക്ഷണങ്ങളുടെ സ്വാധീനം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ടാഗൂറിന്റേതുള്‍പ്പെടെ, അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും ബംഗാളി നാടകങ്ങളും ഗാന്ധിസാഹിത്യത്തെ സമ്പുഷ്ടമാക്കുന്നു.

ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റുകളായ മുല്‍ക്ക് രാജ് ആനന്ദ്, ആര്‍.കെ. നാരായണ്‍ തുടങ്ങിയവര്‍ അവരുടെ കൃതികളില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കിയിരിക്കുന്നതായി കാണാം. ആനന്ദിന്റെ അയിത്തക്കാരനും (untouchable, 1935) നാരായണന്റെ മഹാത്മാവിനെ കാത്ത്കൊണ്ട് (waiting for the Mahatma, 1955), മാല്‍ഗുഡിയിലെ നരഭോജികള്‍ എന്നിവയും ഗാന്ധിയന്‍സൃഷ്ടികള്‍ക്ക് ഉത്തമോദാഹരണമാണ്. കമലാ മാര്‍ക്കണ്ഡേയയുടെ സം ജന്നര്‍ ഫ്യൂറി (1955), രാജാരാജാവിന്റെ കാന്തപുര, ഭവാനി ഭട്ടാചാര്യയുടെ സോമെനി ഹംഗേഴ്സ് (1947) തുടങ്ങിയ ഇംഗ്ലീഷ് നോവലുകളും ഈ ഗണത്തില്‍പ്പെട്ടവയാണ്. കെ.എ. അബ്ബാസിന്റെ ഇന്‍ക്വിലാബ് (1955) എന്ന കൃതിയിലും ഗാന്ധിയന്‍ വീഷണങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ടാഗൂറിന്റെ 'ശിശു' (The Child) സരോജിനി നായിഡുവിന്റെ 'ലോട്ടസ്' എന്നീ കവിതകളിലും ഗാന്ധിജിയുടെ മഹത്ത്വം ചിത്രീകരിക്കുന്നു.

ഗാന്ധിജിയുടെ അഹിംസാ സങ്കല്പം ഗുജറാത്തിലെ മിക്ക എഴുത്തുകാരെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. രമണ്‍ലാല്‍ ദേശായിയുടെ ദിവ്യചക്ഷു, ഭാരലോ അഗ്നി തുടങ്ങിയ നോവലുകള്‍ ഇതിന് ഉദാഹരണമാകുന്നു. കിഷോര്‍ലാല്‍ മശ്രുവാലയുടെ ഗാന്ധിജിയും കമ്യൂണിസവും ഗാന്ധിസാഹിത്യത്തില്‍ വേറിട്ടു നില്ക്കുന്നു. നരഹരി പരീഖിന്റെ മാനവ് അര്‍ഥശാസ്ത്ര എന്ന ഗ്രന്ഥത്തില്‍ ഗാന്ധിജിയുടെ സാമ്പത്തിക വീക്ഷണങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്. ഉമാ ശങ്കര്‍ ജോഷി, സ്നേഹ് രശ്മി, രാമനാരായണ്‍ പാഠക്, ജാവേര്‍ ചന്ദ് മേഘാനി തുടങ്ങിയവരാണ് ഗുജറാത്തിയില്‍ ഗാന്ധിസാഹിത്യത്തിന് ജീവന്‍ നല്‍കിയ എഴുത്തുകാര്‍.

ഹിന്ദിസാഹിത്യത്തിലെ എല്ലാ ആധുനിക പ്രസ്ഥാനങ്ങളെയും ഗാന്ധിയന്‍ ചിന്ത ആഴത്തില്‍ സ്വാധീനിച്ചതായി കാണാം. ഭാരതേന്ദു യുഗത്തിലെ കവിതയിലും ദ്വിവേദിയുഗത്തിലെ കവിതയിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നിഴലിച്ചു നില്ക്കുന്നു. മാഖന്‍ലാല്‍ ചതുര്‍വേദിയുടെ പുഷ്പത്തിന്റെ അഭിലാഷം, മൈഥിലീശരണ്‍ ഗുപ്തയുടെ സ്വദേശ് സംഗീത്, സിയറാം ശരണ്‍ ഗുപ്തയുടെ ബാപ്പു തുടങ്ങിയ കൃതികളിലും ജയശങ്കര്‍ പ്രസാദ്, സുമിത്രാനന്ദന്‍ പന്ത്, മഹാദേവി വര്‍മ എന്നീ കവികളുടെ രചനകളിലും ഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പ്രതിഫലിക്കുന്നുണ്ട്. ഗാന്ധിജിയുടെ ചരമത്തില്‍ അനുശോചിച്ചുകൊണ്ട് സുമിത്രാനന്ദന്‍ പന്ത് എഴുതിയ കൃതിയാണ് യുഗാന്തര്‍. വിദ്യാധര്‍ മഹാജന്‍, ഠാകുര്‍ പ്രസാദ് സിംഹ്, ഗോപാല്‍ ശരണ്‍ സിംഹ്, മഹേഷ് ചന്ദ്ര പ്രസാദ്, ദിനേശ്, നട്വര്‍ലാല്‍, സ്നേഹി, ഗോകുല ചന്ദ്രശര്‍മ തുടങ്ങിയവര്‍ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി സുദീര്‍ഘങ്ങളായ കഥാത്മക കാവ്യങ്ങള്‍ തന്നെ രചിച്ചു. പ്രേംചന്ദ്, ജൈനേന്ദ്രകുമാര്‍, അമൃത്ലാല്‍ നാഗര്‍, ഇലാ ചന്ദ്ര ജോഷി തുടങ്ങിയ നോവലിസ്റ്റുകള്‍ തങ്ങളുടെ സര്‍ഗാത്മക സൃഷ്ടികളിലൂടെ ഗാന്ധിയന്‍ ദര്‍ശനം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ അധികരിച്ച് ഗിരീഷ് കിഷോര്‍ രചിച്ച പഹലാ ഗിര്‍മിടിയാ എന്ന നോവല്‍ ശ്രദ്ധേയമാണ്. കൂടാതെ, ഗോവിന്ദ് വല്ലഭ് പന്ത്, ബല്‍വന്ത് സിംഹ്, ശാന്തിപ്രിയ ദ്വിവേദി തുടങ്ങിയവരുടെ നോവലുകളിലും ചതുര്‍സെന്‍ ശാസ്ത്രി, രജനി പണിക്കര്‍, വിഷ്ണു പ്രഭാകര്‍, രാംഗേയ രാഘവ് തുടങ്ങിയവരുടെ ചെറുകഥകളിലും ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് പ്രതിപാദ്യവിഷയം. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഇതിവൃത്തമാക്കി ഹിന്ദിയില്‍ നാടകങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂരിലെ ഗാന്ധിസ്മാരക നിധിയും മൈസൂറിലെ ഗാന്ധി ഭവനും കന്നഡ ഭാഷയില്‍ ഗാന്ധി സാഹിത്യം പ്രചരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ സുവിദിതമാണ്. കന്നഡയിലെ പൗരുളുടെയും വിശ്വകര്‍ണാടക, ജന്മഭൂമി, തമിഴ്നാട്, സംയുക്ത കര്‍ണാടക, കര്‍മവീര തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഗാന്ധി ദര്‍ശനം പ്രചരിപ്പിക്കുന്നതില്‍ അവിസ്മരണീയമായ സംഭാവന നല്കി. ഇതര ഭാഷകളിലെ അമൂല്യങ്ങളായ ഗാന്ധിസാഹിത്യ കൃതികള്‍ മിക്കവയും കന്നഡ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. നാടിഗ് കൃഷ്ണമൂര്‍ത്തിയുടെ ബാപ്പുദര്‍ശനവും കരഗൂപ്പികാറിന്റെ മഹാത്മാഗാന്ധിയും, ഒ.എന്‍. കൃഷ്ണറാവുവിന്റെ ഭാരതബാപ്പുവും ഗോരുരു രാമസ്വാമി അയ്യങ്കാരുടെ ഭാരതഭാഗ്യവിധാതയുമെല്ലാം ഈ ഭാഷയിലെ മികച്ച കൃതികളാണ്. കെ.എസ്. നാരായണ സ്വാമി, സി.കെ. ഭരദ്വാജ്, നാകസ്തൂരി തുടങ്ങിയവരും കന്നഡയിലെ ഗാന്ധിസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്കി. കെ.വി. പുട്ടപ്പ, സി.വി. ഗുണ്ടപ്പ, ബേന്ദ്രേ, ഗോവിന്ദ പൈ തുടങ്ങിയ പ്രസിദ്ധ കവികള്‍ ഗാന്ധിജിയെക്കുറിച്ച് നിരവധി കവിതകള്‍ എഴുതി. ബാംഗ്ളൂരിലെ ഗാന്ധി സാഹിത്യ സംഘം 1969-ല്‍ ഗാന്ധിയന്‍ സാഹിത്യം കന്നഡയില്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

സമാജ, ആഷ, സത്യബാദി, പ്രജതന്ത്രരചന, സത്യാഗ്രഹി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ഒറിയയില്‍ ഗാന്ധിസാഹിത്യം പ്രചരിക്കുന്നത്. ഗോപബന്ധുദാസ്, നീലകണ്ഠ ദാസ്, ഗോദാബരീശ് മിശ്ര, ബൈജുനാഥ് പട്നായിക്, കാളിന്ദീ ചരണ്‍ പാണിഗ്രാഹി, കൃപാസിന്ധു മിശ്ര, മായാധര്‍ മാന്‍സിംഹ് തുടങ്ങിയ എഴുത്തുകാരും ഹരേ കൃഷ്ണ മെഹ്താബ്, ശശിഭൂഷന്‍ രഥ്, ഗോപബന്യ ചൌധരി, കുന്തളാകുമാരി സാബത തുടങ്ങിയ കവികളും രാം പ്രസാദ് സിംഹ്, കാനൂ ചരണ്‍ മൊഹന്തി, നിത്യാനന്ദ് മഹാപാത്ര, പ്രാണ കൃഷ്ണ സാമല്‍ തുടങ്ങിയ നോവലിസ്റ്റുകളുമാണ് ഓറിയയിലെ ഗാന്ധിസാഹിത്യ ശാഖയെ പരിപോഷിപ്പിച്ചവര്‍.

പഞ്ചാബിയില്‍, നാറാക് സിംഹിന്റെ നോവലുകളും കെ.എസ്. ദുഗ്ഗലിന്റെ ചെറുകഥകളിലും ഹര്‍ചരണ്‍ സിംഹിന്റെ നാടകങ്ങളിലും ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രതിഫലിച്ചു നില്ക്കുന്നു. മോഹന്‍ സിംഹ്, അമൃതാ പ്രീതം, പ്രീതം സിംഹ് സഫീര്‍ തുടങ്ങിയവരുടെ കവിതകളും ഈ ഭാഷയിലെ ഗാന്ധിയന്‍ സാഹിത്യ ശാഖയ്ക്ക് കാര്യമായ സംഭാവന നല്കി.

ഗാന്ധിഗാഥ, ഗാന്ധിപ്രകാശ എന്നീ കവിതാസമാഹാരങ്ങള്‍ രാജസ്ഥാനിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ഗാന്ധിയന്‍ സാഹിത്യ കൃതികളാണ്.

മഹാത്മാഗാന്ധിയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇതിവൃത്തമാക്കി ഒട്ടേറെ രചനകള്‍ സംസ്കൃതത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ഭാരതപാരിജാതം 26 ഭാഗങ്ങളുള്ള ബൃഹത് കാവ്യമാണ്. ഗാന്ധിജിയുടെ ചരമത്തെത്തുടര്‍ന്ന് ഒട്ടേറെ വിലാപകാവ്യങ്ങള്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ടു. വി. നാരായണന്‍ നായരുടെ മഹാത്മാ നിര്‍വാണ, ജി.സി. ഝലയുടെ ശ്രദ്ധാഞ്ജലി, കെ.വി.എല്‍. ശാസ്ത്രിയുടെ മഹാത്മാ വിജയം, വി. രാഘവന്റെ മഹാത്മ തുടങ്ങിയ കൃതികള്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്. എച്ച്.എന്‍. ശാസ്ത്രി ഗാന്ധിജിയുടെ ആത്മകഥ സത്യശോധനം എന്ന പേരില്‍ സംസ്കൃതത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

സിന്ധില്‍ ലേഖനരൂപത്തിലാണ് ഗാന്ധിസന്ദേശങ്ങള്‍ ആദ്യം പ്രചരിക്കുന്നത്. ജയറാം ദാസ് ദൗലത് റാം, ഘനശ്യാം ശിവദാസിനി തുടങ്ങിയ എഴുത്തുകാരും ഹിന്ദുസ്ഥാന്‍ ദിനപത്രവും ഹിന്ധ്വാസി വാരികയും ഇതില്‍ ഗണ്യമായ പങ്കുവഹിച്ചു. 1927-ല്‍ വിഷ്ണു ശര്‍മ ഗാന്ധിജിയെക്കുറിച്ച് ഹിന്ദുസ്ഥാന്‍ജി പെയ്മാലി എന്ന ഗ്രന്ഥം രചിച്ചു. തുടര്‍ന്ന് തീര്‍ഥ ബസന്ത് ഗാന്ധിജിയുടെ ജീവചരിത്രം മൂന്ന് വാല്യങ്ങളില്‍ പ്രസിദ്ധീകരിച്ചു.

തമിഴില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ദിനമണി പത്രം വഹിച്ച പങ്ക് നിര്‍ണായകമാണ്. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സി. രാജഗോപാലാചാരി, ഗാന്ധിജിയെക്കുറിച്ച് ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും  എഴുതി ഗാന്ധിസാഹിത്യത്തെ ശക്തിപ്പെടുത്തി. കല്യാണ സുന്ദരം ഗാന്ധിജിയെക്കുറിച്ച് എഴുതിയ മനിത വാഴ്കൈയും ഗാന്ധി അടികളും എന്ന ഗ്രന്ഥം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. എം.എസ്. സുബ്രഹ്മണ്യ അയ്യര്‍, സ്വാമി ശുദ്ധാനന്ത ഭാരതി, നാരായണ ദുരൈ കണന്‍, എം. വരദരാജന്‍ തുടങ്ങിയവര്‍ ഗാന്ധിജിയുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. സി.വി. അളകേശന്‍ ഗാന്ധിജിയുടെ ആത്മകഥ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു. നാടോടിപ്പാട്ടുകളുടെ രീതിയില്‍ ഗാന്ധിജിയുടെ ജീവിതകഥ (ഗാന്ധികഥൈ) കൊത്തമംഗലം സുണ്ടു അവതരിപ്പിക്കുകയുണ്ടായി. കെ. രാജവേലു, എന്‍. പാര്‍ഥസാരഥി എന്നിവരുടെ രചനകളിലും ഗാന്ധിയന്‍ ആശയങ്ങളുടെ സ്വാധീനം കാണാം.

ഗാന്ധിജിയുടെ ആത്മകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടയുടന്‍തന്നെ അവ തെലുഗുവില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ആന്ധ്രപ്രഭ, കൃഷ്ണപ്രഭ എന്നീ പത്രങ്ങളിലാണ് ഇവ ആദ്യം പ്രസിദ്ധീകരിച്ചത്. എ. ഗോവിന്ദാചാര്യലു, വെങ്കടറാവു, ജി.വി. സുബ്ബറാവു, യു.എസ്. മോഹനറാവു, എം. ജഗണ്ണ, കെ.വി. വീരഭദ്രയ്യ തുടങ്ങിയ എഴുത്തുകാരെ ഗാന്ധിയന്‍ ചിന്ത സ്വാധീനിച്ചിട്ടുള്ളതായി കാണാം. ആന്ധ്ര സാഹിത്യ അക്കാദമി 1969-ല്‍ പ്രസിദ്ധീകരിച്ച ഇല്ലിന്ദല സരസ്വതീദേവിയുടെ സ്ത്രീകള്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടില്‍ (മഹാത്മഡു-മഹിള) എന്ന കൃതി ഗാന്ധിസാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന രചനയാകുന്നു.

മറ്റു പല ഭാരതീയ ഭാഷകളിലും ഗാന്ധിജിയുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ മലയാളത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി (1913). വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്‍', വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 'സ്വരാജ്യഗീത', വയലാര്‍ രാമവര്‍മയുടെ 'പാദമുദ്രകള്‍' എന്‍.വി. കൃഷ്ണവാര്യരുടെ 'ഗാന്ധിജിയും ഗോഡ്സെയും' തുടങ്ങി നിരവധി കവിതകള്‍ മലയാള ഗാന്ധിയന്‍ സാഹിത്യത്തെ സമ്പന്നമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, ജി. കുമാരപിള്ള, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയ കവികളും ഗാന്ധിജിയെ അനുസ്മരിച്ച് കവിതകള്‍ രചിച്ചിട്ടുണ്ട്.

പി. കേശവദേവിന്റെ ഭ്രാന്താലയം, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും തുടങ്ങി മലയാളത്തിലെ ചില നോവലുകളിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ കാണാം. ഇടശ്ശേരിയുടെ കൂട്ടുകൃഷി, എം. ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് തുടങ്ങിയ നാടകങ്ങളില്‍ അഹിംസയാണ് മുഖ്യപ്രമേയം. ഗാന്ധിജിയുടെ ജീവിതം മഹാത്മാ എന്ന പേരില്‍ കെ.പി. കേശവമേനോന്‍ നാടകരൂപത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

കെ.പി. കേശവമേനോന്‍ രണ്ട് വാല്യങ്ങളിലായി ഗാന്ധിജിയുടെ ജീവിതകഥ രാഷ്ട്രപിതാവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പി.കെ. പരമേശ്വരന്‍ നായരുടെ ഗാന്ധിയന്‍ പഠനങ്ങളും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മഹാത്മാഗാന്ധി എന്ന ജീവചരിത്രവും ഏകഭാരതത്തിന്റെ ദീപശിഖകള്‍ എന്ന വൈകാരികോദ്ഗ്രഥന പഠനവും വിലപ്പെട്ട രണ്ടു ഗാന്ധിസാഹിത്യ കൃതികളാണ്. ഗാന്ധിജിയുടെ ഒരു ഡസനില്‍പ്പരം ജീവചരിത്രങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കൃതികള്‍ ഏഴു വാല്യങ്ങളിലായി 'കേരള ഗാന്ധിസ്മാരക നിധി' പ്രസിദ്ധീകരിച്ചു. കൈനിക്കര കുമാരപിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പണ്ഡിതന്മാരാണ് പരിഭാഷ നിര്‍വഹിച്ചത്. ഗാന്ധിജിയുടെ ആത്മകഥ പൂര്‍ണരൂപത്തിലും ക്യാവ്യാത്മകരൂപത്തിലും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീതാഖ്യാനമായ അനാസക്തിയോഗവും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കെ. രാമചന്ദ്രന്‍നായരുടെ ഗാന്ധിജിയും കേരളവും എന്ന ഗ്രന്ഥവും പ്രാധാന്യമര്‍ഹിക്കുന്നു. കൈനിക്കര കുമാരപിള്ളയുടെ ഗാന്ധിവിചാര വീചികള്‍, പി.കെ. പരമേശ്വരന്‍ നായരുടെ അഹിംസയും ലോകശക്തിയും, സുകുമാര്‍ അഴീക്കോടിന്റെ മഹാത്മാവിന്റെ മാര്‍ഗം, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മഹാത്മാവും ഇസവും, രാഘവന്‍ തിരുമുല്‍പ്പാടിന്റെ ഇസവും മഹാത്മാവും, ഡോ. കെ. വേലായുധന്‍ നായരുടെ ഗാന്ധിദര്‍ശനം, ഡോ. കെ. അരവിന്ദാക്ഷന്റെ ഗാന്ധിജിയുടെ ജീവിതദര്‍ശനം, കെ.പി. കരുണാകരന്റെ പുതിയ കാഴ്ചപ്പാടുകള്‍ എന്നീ കൃതികളും മലയാള ഗാന്ധിസാഹിത്യത്തെ സമ്പന്നമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. വിനോബാജി, കൃപാലിനി, രാജേന്ദ്ര പ്രസാദ്, കാകാ കലേല്‍ക്കര്‍, ജയപ്രകാശ് നാരായണ്‍, കെ.ജി. ശത്രുവാല തുടങ്ങിയവര്‍ എഴുതിയ കൃതികള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എസ്. രാധാകൃഷ്ണന്‍ എഡിറ്റു ചെയ്ത മഹാത്മാഗാന്ധി, മഹാത്മാഗാന്ധി നൂറു വര്‍ഷം എന്നീ കൃതികളുടെ പരിഭാഷകളും ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഗാന്ധിസാഹിത്യകൃതികള്‍ കേരള ഗാന്ധിസ്മാരകനിധി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍