This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധി പീസ് ഫൗണ്ടേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്ധി പീസ് ഫൗണ്ടേഷന്‍

Gandhi Peace Foundation

'ഗാന്ധി സ്മാരകനിധി'യുടെ ഭാഗമായി 1959-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു സംഘടന. ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനരേഖയുടെ കരടും ഭരണഘടനയും തയ്യാറാക്കുന്നതിനുവേണ്ടി ഡോ. എസ്. രാധാകൃഷ്ണന്‍, ജവഹര്‍ലാല്‍ നെഹ്റു, സുചേതാ കൃപലാനി, മൊറാര്‍ജി ദേശായി, ആചാര്യ ജെ.ബി. കൃപലാനി, യു.എന്‍. ധേബാര്‍, ഡോ. ജി. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ ഗാന്ധി സ്മാരകനിധി 1958-ല്‍ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഡോ. ആര്‍.ആര്‍. ദിവാകര്‍ ചെയര്‍മാനും ഡോ. ജി. രാമചന്ദ്രന്‍ സെക്രട്ടറിയുമായി ഫൗണ്ടേഷന്റെ ആദ്യ കമ്മിറ്റി രൂപംകൊണ്ടു. ഡോ. രാജേന്ദ്രപ്രസാദ്, ഡോ.എസ്. രാധാകൃഷ്ണന്‍, ജവഹര്‍ലാല്‍ നെഹ്റു, സി. രാജഗോപാലാചാരി, ആചാര്യ കൃപലാനി, ഡോ. സക്കീര്‍ ഹുസൈന്‍, ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, കാക്കാകലേല്‍ക്കര്‍, യു.എന്‍. ധേബാര്‍ എന്നിവരാണ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ സ്ഥാപക അംഗങ്ങള്‍. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധി സ്മാരക നിധിയില്‍നിന്ന് 10 ലക്ഷം രൂപമാറ്റി വച്ചിരുന്നു. 1963-ല്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് ഗാന്ധിപീസ് ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത് ഒരു സ്വതന്ത്ര സംഘടനയായിത്തീര്‍ന്നു.

ഗാന്ധിജിയുടെ ആശയാദര്‍ശങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അതിന്റെ പ്രവര്‍ത്തന മേഖലകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. അക്രമരാഹിത്യത്തെപ്പറ്റി പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഒരു അന്താരാഷ്ട്രകേന്ദ്രം സ്ഥാപിക്കുക, സാമൂഹികവും ദേശീയവും അന്തര്‍ദേശീയവും വംശീയവുമായ പ്രശ്നങ്ങളില്‍ അക്രമരഹിത മാര്‍ഗത്തിന്റെ പ്രായോഗികത പരീക്ഷിക്കുക, സത്യം, അഹിംസ, അക്രമരഹിതസമരമാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയവയായിരുന്നു തുടക്കത്തില്‍ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി പഠനം, ഗവേഷണം, വിജ്ഞാനവ്യാപനം തുടങ്ങിയ ബഹുമുഖപരിപാടികള്‍ ഫൗണ്ടേഷന്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധി സ്മാരകനിധി നടത്തിവന്ന പ്രചാരകേന്ദ്രങ്ങള്‍ 1965-69 കാലഘട്ടത്തില്‍ ഗാന്ധി പീസ് ഫൗണ്ടേഷനില്‍ ലയിപ്പിച്ചു.

1962-ല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയില്‍ ത്രിദിന അണ്വായുധ വിരുദ്ധ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നതതല പ്രതിനിധിസംഘങ്ങളെ പല വിദേശരാജ്യങ്ങളിലേക്കും അയച്ചു. ഡോ. ആര്‍.ആര്‍. ദിവാകറും സി.രാജ ഗോപാലാചാരിയും അമേരിക്കയിലേക്കും യു.എന്‍. ധേബാറും ഡോ.ജി. രാമചന്ദ്രനും റഷ്യയിലേക്കും നിയോഗിക്കപ്പെട്ടു. ഇവരുടെ ദൗത്യം വിജയമായിരുന്നു. ഈ കാലഘട്ടത്തില്‍ത്തന്നെ അമേരിക്കയില്‍ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് നേതൃത്വം നല്കിയ വര്‍ണവിവേചന വിരുദ്ധ പ്രസ്ഥാനമുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സമാധാന പ്രസ്ഥാനങ്ങളുമായി ഗാന്ധിപീസ് ഫൗണ്ടേഷന്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

1960-ല്‍ ഗാന്ധിമാര്‍ഗത്തെപ്പറ്റിയുള്ള ഉപരിപഠനത്തിന് ഫൗണ്ടേഷന്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തി. കാക്കാസാഹേബ് കലേല്‍ക്കര്‍, ആചാര്യ ജെ.ബി. കൃപലാനി, ശ്രീമന്‍ നാരായണന്‍, ഡോ. വി.കെ.ആര്‍.വി. റാവു, ഡോ. ജയ്ന്‍ചന്ദ് എന്നിവരായിരുന്നു ആദ്യകാല ഗൈഡുകള്‍. ആശയപ്രചാരണാര്‍ഥം നിധി നടത്തിയിരുന്ന ഗാന്ധിമാര്‍ഗം മാസികയുടെ ഹിന്ദി-ഇംഗ്ലീഷ് പതിപ്പുകള്‍ പീസ് ഫൗണ്ടേഷന്റെ ചുമതലയിലാക്കി. കൂടാതെ ധാരാളം പുസ്തകങ്ങളും ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തൊട്ടാകെ ഇപ്പോള്‍ 41 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഓരോ സംസ്ഥാനത്തും പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതിന് ആയുഷ്കാലാംഗങ്ങളെ നിയമിച്ചിട്ടുണ്ട്. അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് സിമ്പോസിയങ്ങള്‍, ശില്പശാലകള്‍, പ്രവര്‍ത്തനോന്മുഖ പഠനക്യാമ്പുകള്‍, പഠനയാത്രകള്‍ എന്നിവ ഓരോ കേന്ദ്രവും സംഘടിപ്പിക്കാറുണ്ട്.

കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളില്‍ ഗാന്ധിയന്‍ ആശയാദര്‍ശങ്ങള്‍ എത്തിക്കുന്നതിന് ന്യൂഡല്‍ഹിയിലെ രാജ്ഘട്ടിലും മധുര, മദ്രാസ്, തിരുവനന്തപുരം എന്നിവിടങ്ങളിലും 'സ്കൂള്‍ ഒഫ് നോണ്‍വയലന്‍സ്' ആരംഭിച്ചുപ്രവര്‍ത്തിച്ചുവരുന്നു.

രാജ്യാന്തര സമാധാനപ്രസ്ഥാനങ്ങളുമായി തുടക്കം മുതലേ ഗാഢബന്ധം പുലര്‍ത്തിവന്ന ഗാന്ധിപീസ് ഫൗണ്ടേഷന്‍ 'വാര്‍ റസിസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍', 'വേള്‍ഡ് കോണ്‍ഫറന്‍സ് ഒഫ് റിലിജിയണ്‍ ഫോര്‍ പീസ്' തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രവര്‍ത്തനങ്ങളും ഭാരതത്തില്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പി. ഗോപിനാഥന്‍ നായരാണ് ഇപ്പോഴത്തെ (2012) പ്രസിഡന്റ്.

(അജിത്, വെണ്ണിയൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍