This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധിസ്മാരകനിധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗാന്ധിസ്മാരകനിധി

മഹാത്മാഗാന്ധിയുടെ ആശയാദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കാനും ഏര്‍പ്പെടുത്തിയസംവിധാനം.

ട്രസ്റ്റ് രൂപവത്കരണം

മഹാത്മജി ദിവംഗതനായി (1948 ജനു. 30) ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകസമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ഗാന്ധിജി രൂപം നല്കി നടപ്പാക്കിക്കൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു പ്രചാരം നല്കുന്നതിനും ഉചിതമായ സ്മാരകങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി 'ഗാന്ധിസ്മാരകനിധി' എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപവത്കരിക്കാന്‍ തീരുമാനിച്ചു.

ഘടനയും പ്രാരംഭ പ്രവര്‍ത്തനങ്ങളും

ട്രസ്റ്റിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 11 അംഗങ്ങളടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയില്‍ അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പ്രസിഡന്റും ആചാര്യ കൃപലാനി, ഡോ. ജെ.സി. കുമരപ്പ എന്നിവര്‍ സെക്രട്ടറിമാരും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, സി. രാജഗോപാലാചാരി, മൗലാനാ അബുല്‍കലാം ആസാദ്, രാജകുമാരി അമൃത കൗര്‍, ജഗജീവന്റാം, ദേവദാസ് ഗാന്ധി, ജയറാം ദാസ് ദൗലത്റാം എന്നിവര്‍ അംഗങ്ങളുമായിരുന്നു. തുടര്‍ന്ന്, രാഷ്ട്രത്തോടു ചെയ്ത അഭ്യര്‍ഥനയില്‍ ഡോ. രാജന്ദ്രപ്രസാദ് പറഞ്ഞു: "ഈ ട്രസ്റ്റിന്റെ ലക്ഷ്യം മഹാത്മാഗാന്ധിക്കു താത്പര്യമുണ്ടായിരുന്ന വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കകുയുമാണ്. ട്രസ്റ്റിന് നാട്ടിലെ ഓരോരുത്തരും പത്തു ദിവസത്തെ വരുമാനം സംഭാവനയായി നല്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത് നാട്ടിലെ പത്രങ്ങള്‍ പ്രാമുഖ്യം നല്കി പ്രസിദ്ധീകരിച്ചു. നാടെങ്ങും യോഗങ്ങള്‍ നടന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ചെറുതും വലുതുമായ സംഭാവനകള്‍ പ്രവഹിച്ചു. ധനശേഖരണം ഒരു കൊല്ലത്തോളം നീണ്ടുനിന്നു. പക്ഷേ, തിട്ടപ്പെടുത്തുന്നതിന് നാലുകൊല്ലം വേണ്ടിവന്നു. ശേഖരിച്ച മൊത്തം തുക 10,98,29,10,965 രൂപ ആയിരുന്നു. ഇന്ത്യയില്‍ അന്നോളം പിരിച്ചിട്ടുള്ളതില്‍ ഏറ്റവും ബൃഹത്തായ ഫണ്ട്. ഏകദേശം ഒരു കോടി ജനങ്ങള്‍, പരമ ദരിദ്രര്‍ ഉള്‍പ്പെടെ, സംഭാവന നല്കിയതായി കണക്കാക്കപ്പെടുന്നു. ഇതിനിടെ സംഘാടകസമിതി പല തവണ യോഗങ്ങള്‍ ചേരുകയും 1949 മാ.-ല്‍ 24 അംഗങ്ങളുള്ള ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡോ. രാജേന്ദ്രപ്രസാദായിരുന്നു അധ്യക്ഷന്‍. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഉപാധ്യക്ഷനും നെഹ്റു, ശങ്കര്‍റാവുദേവ്. ജി.ഡി. ബിര്‍ലാ, ഡോ. സക്കീര്‍ ഹുസൈന്‍, സുചേത കൃപലാനി, എ.വി. താക്കര്‍, കൃഷ്ണദാസ് ജാജ്ജ, യശോധര ദാസയ്യാ, ജി.വി. മാവ്ലങ്കര്‍, മഹാവീരപ്രസാദ് പോഡര്‍, ലക്ഷ്മീനാരായണ്‍ എന്നിവര്‍ അംഗങ്ങളുമായിരുന്നു. ലക്ഷ്മീദാസ് പുരുഷോത്തം ആയിരുന്നു സെക്രട്ടറി.

ലക്ഷ്യങ്ങള്‍.

1. ഗാന്ധിജി താത്പര്യം കാണിച്ചിരുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഭാരതത്തിലെ ദരിദ്ര ജനവിഭാഗങ്ങളുടെ അഭിവൃദ്ധിക്കു സഹായകമായ പരിപാടികള്‍ നടപ്പിലാക്കി അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പ്രായോഗികമാക്കുക.

2.മേല്പറഞ്ഞ കാര്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കുകയും ഉള്ളവയെ സാമ്പത്തികമായും മറ്റും സഹായിക്കുകയും ചെയ്യുക.

3.നിര്‍ധനരായവര്‍ക്കുവേണ്ടി ആതുരാലയങ്ങള്‍, ശിശുക്ഷേമ കേന്ദ്രങ്ങള്‍, വനിതാക്ഷേമ കേന്ദ്രങ്ങള്‍ മുതലായവ നടത്തുകയോ അവയെ സഹായിക്കുകയോ ചെയ്യുക.

4.ഗ്രാമപ്രദേശങ്ങളിലും ദരിദ്രജനവിഭാഗങ്ങള്‍ വസിക്കുന്ന സ്ഥലങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആരോഗ്യപ്രദമായ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക.

5.കുഷ്ഠരോഗ നിവാരണത്തിനും അതു സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും പുനരധിവാസത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക.

6.വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക-പ്രത്യേകിച്ചും അടിസ്ഥാന വിദ്യാഭ്യാസം, ശിശുവിദ്യാഭ്യാസം, കൈത്തൊഴിലുകളിലും ഗ്രാമവ്യവസായങ്ങളിലും പരിശീലനം (വിശിഷ്യ സ്ത്രീകള്‍ക്ക്).

7.ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോട്ടോകള്‍, അദ്ദേഹം എഴുതിയ ലേഖനങ്ങള്‍, കത്തുകള്‍, ഗ്രന്ഥങ്ങള്‍, അദ്ദേഹത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ എന്നിവ ശേഖരിക്കുക, പ്രകാശിപ്പിക്കുക; അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെക്കുറിച്ചുള്ള പഠനത്തിനുവേണ്ട സംവിധാനമുണ്ടാക്കുക; ഗ്രന്ഥാലയങ്ങളും വായനശാലകളും സ്ഥാപിക്കുക മുതലായവ.

8.ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട രേഖകള്‍, ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് മ്യൂസിയങ്ങള്‍ സ്ഥാപിക്കുക.

9.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ സ്മാരകങ്ങളായി സൂക്ഷിക്കുക.

10.മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തകരെ സജ്ജമാക്കുക.

11.മുന്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവയോ ഇനിയും സ്ഥാപിതമാകുന്നവയോ ആയ പ്രസ്ഥാനങ്ങള്‍, സംഘടനകള്‍ എന്നിവയ്ക്കും അവ നടത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സാമ്പത്തിക സഹായം ചെയ്യുക.

12.ഗാന്ധിജിയുടെ ആശയാദര്‍ശങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങളിലൊന്നിലും ജാതി, മതവിശ്വാസങ്ങളുടെ പേരില്‍ വിവേചനവും പാടില്ല. സ്ത്രീകള്‍ക്കും പുരുഷന്മാരോടൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യം ലഭിക്കണം.

പ്രാദേശിക സംഘടന

പ്രവര്‍ത്തനക്ഷമത ലക്ഷ്യമാക്കി രാജ്യത്തെ 25 പ്രദേശങ്ങളായി വിഭജിച്ച് ഓരോ പ്രദേശത്തും ഒരുപദേശകസമിതിയെ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്പിച്ചു. കേന്ദ്രത്തില്‍ നിന്നു നിയമിക്കുന്ന ഒരു ഡയറക്ടര്‍ (സഞ്ചാലക്) ആണ് കാര്യദര്‍ശി. 1956-ല്‍ ഭാഷാസംസ്ഥാനങ്ങള്‍ രൂപവത്കൃതമായതിനുശേഷം നിധിയുടെ പ്രവര്‍ത്തനഘടകങ്ങളെ ആ അടിസ്ഥാനത്തില്‍ 16 ആയി കുറച്ചു. 1958-ല്‍ ഉപദേശകസമിതികളെ സ്വയംഭരണാധികാരമുള്ള സ്റ്റേറ്റ് ബോര്‍ഡുകളാക്കി മാറ്റി. 1962-63 കാലത്ത് പ്രാദേശിക സമിതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കേന്ദ്രസമിതിയുമായി ബന്ധം കൈവിടാതെതന്നെ അവ സ്വതന്ത്രഘടകങ്ങളായി മാറി.

ധനവിനിയോഗം

ഓരോ പ്രദേശത്തുനിന്നും പിരിച്ചുണ്ടാക്കിയ ഫണ്ടിന്റെ നാലില്‍ മൂന്നുഭാഗം അതതു പ്രദേശത്തെ ആവശ്യത്തിനും നാലിലൊന്ന് കേന്ദ്രത്തിനുമായി ചെലവു ചെയ്യാന്‍ കേന്ദ്രസമിതി ആരംഭകാലത്തുതന്നെ തീരുമാനിച്ചു. പത്തു കൊല്ലത്തിലേറെ ഈ സഞ്ചിതനിധി സൂക്ഷിക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു തീരുമാനം. സഞ്ചിതനിധി തീര്‍ന്നു കഴിഞ്ഞാല്‍ പ്രാദേശിക ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവങ്ങള്‍ അവിടെത്തന്നെ കണ്ടെത്തണം.

പ്രവര്‍ത്തനം

ഗാന്ധിജി തന്നെ ജന്മം നല്കിയ സംഘടനകള്‍ക്ക് ധനസഹായം നല്കി അവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയായിരുന്നു നിധിയുടെ പ്രഥമ കര്‍ത്തവ്യം. അങ്ങനെ സഹായം നല്കപ്പെട്ട സംഘടനകളില്‍ പ്രധാനമായവ വാര്‍ധായിലെ ഹിന്ദുസ്ഥാനി പ്രചാരസഭ, അഖിലേന്ത്യാ ഗ്രാമവ്യവസായ സംഘടന, അഖിലേന്ത്യാ ഹരിജന്‍ സേവാ സംഘം, ആദിമ ജാതി സേവാ മണ്ഡല്‍, സേവാഗ്രാമിലെ കസ്തൂര്‍ബാ ആശുപത്രി, കസ്തൂര്‍ബാ ട്രസ്റ്റ് എന്നിവയാണ്. പ്രാരംഭദശയില്‍ത്തന്നെ 50 ലക്ഷം രൂപ ഇതിലേക്കു വിനിയോഗിച്ചു.

നിധിയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് പ്രാദേശികമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ ചുമതല സംസ്ഥാനഘടകങ്ങളെ ഏല്പിച്ചുവെങ്കിലും ചില പ്രത്യേക കാര്യങ്ങള്‍ക്കായി പുതിയ സംഘടനകള്‍ ഉണ്ടാക്കി അവയ്ക്കായി എന്‍ഡോവ്മെന്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അവ താഴെപ്പറയുന്നു:

1. ഗാന്ധി പീസ് ഫൗണ്ടേഷന്‍; 2. ഗാന്ധി മെമ്മോറിയല്‍ ലെപ്രസി ഫൗണ്ടേഷന്‍; 3.ഗാന്ധി സ്മാരക സംഗ്രഹാലയ സമിതി, ഡല്‍ഹി; 4. മണിഭവന്‍ സംഗ്രഹാലയം, മുംബൈ; 5. ഗാന്ധിസ്മാരക സംഗ്രഹാലയം, ബരക്പൂര്‍; 6. ഗാന്ധിസ്മാരക സംഗ്രഹാലയം, മധുര; 7. ബിഹാര്‍ ഗാന്ധിസ്മാരക സംഗ്രഹാലയം, പാറ്റ്ന; 8. ഗാന്ധിസ്മാരക പ്രകൃതി ചികിത്സാസമിതി, ന്യൂഡല്‍ഹി; 9. ഹിമാലയ സേവാസംഘം, ഡല്‍ഹി; 10. ആഗാഖാന്‍ പാലസ് ഗാന്ധി നാഷണല്‍ മെമ്മോറിയല്‍, പൂണെ; 11. സേവാഗ്രാം ആശ്രമ പ്രതിഷ്ഠാന്‍; 12. കസ്തൂര്‍ബാ ഹെല്‍ത്ത് സൊസൈറ്റി, സേവാഗ്രാം; 13. മഗന്‍ സംഗ്രഹാലയം, വാര്‍ധാ; 14. ഗാന്ധി സേവക് സമാജ്, മുംബൈ.

ഭംഗിമുക്തി, ഗ്രാമസഹായ്, മദ്യനിരോധനം എന്നിവയ്ക്ക് എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി പ്രാദേശികഘടകങ്ങള്‍ മുഖാന്തിരം നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്തു.

മേല്പറഞ്ഞ സ്ഥാപനങ്ങള്‍ വഴി അതിവിപുലമായ പ്രവര്‍ത്തനം രാജ്യവ്യാപകമായി നടന്നുവരുന്നു. ഗവണ്‍മെന്റ് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കാനും പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്കാനും ഈ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു. കുഷ്ഠരോഗ നിവാരണം, ഖാദിഗ്രാമവ്യവസായങ്ങള്‍, അധഃസ്ഥിതോന്നമനം, അടിസ്ഥാന വിദ്യാഭ്യാസം, നെല്‍ക്കൃഷിക്ക് ജപ്പാന്‍ രീതി എന്നിവ ഏതാനും ഉദാഹരണങ്ങളാണ്. കുഷ്ഠരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാട്ടിയതും ഗവണ്‍മെന്റിനുവേണ്ടി നിരവധി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കിയതും ലെപ്രസി ഫൗണ്ടേഷനാണ്.

പ്രാദേശിക ഘടകങ്ങള്‍

ഗ്രാമസേവ

പ്രാദേശിക ഘടകങ്ങള്‍ ഏറ്റെടുത്ത ഏറ്റവും പ്രധാന പരിപാടി ഗ്രാമപ്രദേശങ്ങളിലെ സമഗ്ര ഗ്രാമസേവാ പ്രവര്‍ത്തനമാണ്. അതിലേക്ക് ഗ്രാമസേവാകേന്ദ്രങ്ങള്‍ തുറന്നു. ഗാന്ധിജി ഗ്രാമസംസ്കാരത്തിനു നല്കിയിരുന്ന പ്രാധാന്യം പ്രസിദ്ധമാണല്ലോ. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമത സ്പര്‍ധകളും മാറ്റി ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികാവശ്യങ്ങളിലെങ്കിലും സ്വയംപര്യാപ്തത ഉണ്ടാക്കുക എന്നതായിരുന്നു ഈ കേന്ദ്രങ്ങളുടെ ഉന്നം. അതിനുള്ള പ്രചോദനം, പരിശീലനം എന്നിവ നല്കുന്നതിനുള്ള പ്രവര്‍ത്തകരെ കണ്ടെത്തി, പരിശീലിപ്പിച്ച് പ്രവര്‍ത്തനരംഗത്തിറക്കുന്നതിനായി ഇന്ത്യ ഒട്ടാകെ 1954-ല്‍ മുന്നൂറു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 1958-ല്‍ ഈ പ്രവര്‍ത്തനങ്ങളെ ഒരു വിദഗ്ധ സമിതി വിലയിരുത്തി നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കുകയും ഓരോ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനമേഖല വിസ്തൃതമാക്കുകയും ചെയ്തു. ഈ പുനഃസംഘടനപ്രകാരം 1961-ല്‍ കേന്ദ്രങ്ങളുടെ എണ്ണം 232 ആയി കുറഞ്ഞു.

1962-ല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിലയിരുത്തപ്പെട്ടു. വിലയിരുത്തല്‍ സമിതിയില്‍ പ്ലാനിങ് കമ്മിഷന്റെ വിദഗ്ധന്മാരുമുള്‍പ്പെട്ടിരുന്നു. സമിതിയുടെ ശിപാര്‍ശകളനുസരിച്ച് പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങള്‍ വരുത്തി. പത്തു കൊല്ലംകൊണ്ട് ഫണ്ട് വിനിയോഗിച്ചുകഴിഞ്ഞ സ്റ്റേറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ വിഭവസമാഹരണം പ്രാദേശികമായി ചെയ്യേണ്ടിവന്നതുമൂലം കേന്ദ്രങ്ങളുടെ എണ്ണം പൊതുവേ കുറഞ്ഞിട്ടുണ്ട്. എങ്കിലും ചില സംസ്ഥാനങ്ങളില്‍ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഗാന്ധിഗൃഹങ്ങള്‍

ഒരാദര്‍ശ ഗ്രാമോദ്ധാരണ പ്രവര്‍ത്തനത്തിന്റെ മാതൃക തയ്യാറാക്കാനായി എല്ലാ പ്രാദേശിക സെക്രട്ടറിമാരുടെയും ഒരു പഠന ആസൂത്രണ ക്യാമ്പ് 1957-ല്‍ ഗുജറാത്തില്‍ നടത്തുകയുണ്ടായി. ആ ക്യാമ്പ് ആവിഷ്കരിച്ച പദ്ധതിപ്രകാരം, ഒരു ഗ്രാമത്തില്‍ ഒരു ഗാന്ധിഘര്‍ (ഗാന്ധിഗൃഹം) ഉണ്ടാവണം. ആസൂത്രിതമായി കൃഷി, ഗ്രാമവ്യവസായങ്ങള്‍, ആരോഗ്യപ്രവര്‍ത്തനം എന്നിവ നടത്തുന്നതിന് ജനങ്ങളെ പരിശീലിപ്പിക്കണം. അവരുടെ സമ്മേളന സ്ഥലവും പ്രവര്‍ത്തകരുടെ ആവാസ സ്ഥാനവുമാണ് ഗാന്ധിഗൃഹം. അങ്ങനെ 40 ഗാന്ധി ഗൃഹങ്ങള്‍ സ്ഥാപിതമായി, സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടന്നു.

ഗാന്ധിതത്ത്വപ്രചാരം

വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുംവേണ്ടി നഗരപ്രദേശങ്ങളില്‍ ഗാന്ധിതത്ത്വ പ്രചാരകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഗാന്ധിതത്ത്വങ്ങള്‍ അവരെ മനസ്സിലാക്കിക്കുന്നതിനും അഹിംസാത്മക സമൂഹരചനയില്‍ അവരെ തത്പരരാക്കുന്നതിനും പഠന ക്ലാസ്സുകള്‍, ചര്‍ച്ചായോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഗാന്ധിതത്ത്വങ്ങളെ സംബന്ധിച്ച ഒരു ഗ്രന്ഥാലയവും ഉണ്ടായിരിക്കും. ഒഴിവുനാളുകളില്‍ പഠനസേവന ക്യാമ്പുകള്‍ നടത്തുക പതിവാണ്. അധ്യാപകരുടെയും മറ്റു പണ്ഡിതന്മാരുടെയും സേവനത്തെ ആശ്രയിച്ചാണിവ നടത്തിയിരുന്നത്. 1961-ല്‍ രാജ്യത്താകെ 75 വലിയ കേന്ദ്രങ്ങളുണ്ടായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സ്ഥാപിതമായതോടെ ഈ കേന്ദ്രങ്ങള്‍ അതില്‍ ലയിച്ചു. തത്ത്വപ്രചാര പ്രവര്‍ത്തനത്തിനായി 1969 വരെ ഏകദേശം 44 ലക്ഷം രൂപ ചെലവു ചെയ്യപ്പെട്ടു.

ഗാന്ധിഭവന്‍

സര്‍വകലാശാലകളില്‍ ഗാന്ധിതത്ത്വപ്രചാരണം നടത്താനുദ്ദേശിച്ചുണ്ടാക്കിയ പദ്ധതിപ്രകാരം നാല്പതു സര്‍വകലാശാലകളില്‍ ഗാന്ധിഭവന്‍ നിര്‍മിക്കാന്‍ ഗാന്ധിനിധിയും കേന്ദ്രഗവണ്‍മെന്റും സംയുക്തമായി തീരുമാനിച്ചു. ഗാന്ധിഭവന്റെ നിര്‍മാണച്ചെലവിന്റെ പകുതി നിധി വഹിക്കുമെന്നും മറ്റു ചെലവുകള്‍ സര്‍വകലാശാലകള്‍ വഹിക്കുമെന്നുമായിരുന്നു ധാരണ. അങ്ങനെ 1959-ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഗാന്ധിഭവന് ശിലാസ്ഥാപനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെഹ്റു ഇതിന് ആരംഭം കുറിച്ചു. തുടര്‍ന്ന് സര്‍വകലാശാലകളില്‍ ഗാന്ധിഭവനുകളുണ്ടായി.

പ്രസിദ്ധീകരണം

ഗാന്ധിജിതന്നെ സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും ഗുജറാത്തിയിലും മറാഠിയിലും കുറെ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. പക്ഷേ, മറ്റു ഭാഷകളില്‍ ഗാന്ധിസാഹിത്യം തന്നെ കുറവായിരുന്നു. ഈ കുറവു നികത്തുന്നതിനായി എല്ലാ ഭാഷാ സംസ്ഥാനങ്ങളിലും ഓരോ പ്രസിദ്ധീകരണ സമിതി സംഘടിപ്പിക്കപ്പെട്ടു. അവയുടെ ശ്രമഫലമായി തെലുഗു ഭാഷയില്‍ 101-ഉം ബംഗാളിയില്‍ 22-ഉം തമിഴില്‍ 180-ഉം മറാഠിയില്‍ 60-ഉം കന്നഡയില്‍ 55-ഉം മലയാളത്തില്‍ 48-ഉം പുസ്തകങ്ങള്‍ ഗാന്ധി ശതാബ്ദിക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിലേക്ക് സംസ്ഥാന സംഘടനകള്‍ 20 ലക്ഷത്തോളം രൂപ മുതല്‍മുടക്കുകയുണ്ടായി. ഇതുകൂടാതെ കേന്ദ്രസമിതിയുടേതായി ഹിന്ദിയിലും ഇംഗ്ലീഷിലും ധാരാളം പുതിയ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഗാന്ധി മാര്‍ഗ് എന്നൊരു മാസിക പ്രസിദ്ധീകരിച്ചു. കേരള ഗാന്ധി സ്മാരകനിധിയും മലയാളത്തില്‍ ഗാന്ധിമാര്‍ഗം എന്നൊരു മാസിക വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചുവരുന്നു.

ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് ആധികാരികമായി ചില ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനായി കേന്ദ്രസംഘടന ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലിനെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലത്ത് മൂന്നു ഗ്രന്ഥങ്ങള്‍ പ്രകാശിതമായി. മഹാത്മാഗാന്ധി - അവസാനഘട്ടം എന്നാണ് ആ ഗ്രന്ഥങ്ങളുടെ പേര്.

ചലച്ചിത്രങ്ങളും ശബ്ദലേഖനവും

ഗാന്ധിജിയുടെ ജീവിതസംഭവങ്ങളെ സംബന്ധിച്ച് ലഭിക്കാവുന്ന ഫോട്ടോകള്‍ ശേഖരിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനായി ദേവദാസ് ഗാന്ധിയുടെ അധ്യക്ഷതയില്‍ ഒരു സമിതി 1950-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരം വിതല്‍ഭായി ജംവേരി ആ ചുമതല ഏറ്റെടുത്തു. ഈ സമിതിയുടെ ശ്രമഫലമായി 'വോയിസ് ഒഫ് ഇന്ത്യ' (1954), 'മഹാത്മാഗാന്ധി, ദ ട്വെന്റിയത്ത് സെഞ്ച്വറി പ്രോഫെറ്റ്' (1965), 'ദ് ലാസ്റ്റ് ജേണി' എന്നിവയും അഞ്ചു മണിക്കൂര്‍ സമയത്തേക്കുള്ള 'മഹാത്മ' എന്ന ദീര്‍ഘ ചിത്രവും (1969) ഉണ്ടായി. ഈ ചിത്രങ്ങള്‍ ഇന്ത്യയിലും മറ്റു ലോകരാഷ്ട്രങ്ങളിലും പല തവണ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 50 മണിക്കൂറോളം കേള്‍ക്കാവുന്ന ഗാന്ധിജിയുടെ ശബ്ദലേഖനവും സമാഹരിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണി ഇതു നിരന്തരം പ്രക്ഷേപണം ചെയ്തുവരുന്നു.

ഭൂദാനവും ഗ്രാമദാനവും

ആചാര്യ വിനോബാഭാവെ 1951-ല്‍ സമാരംഭിച്ച ഭൂദാനപ്രസ്ഥാനം ഗാന്ധിമാര്‍ഗത്തിലെ ഒരു കാല്‍വയ്പായിരുന്നു. രാജ്യത്ത് ഭൂരഹിതരായി ആരുമുണ്ടാവരുതെന്നും കൃഷിഭൂമി കര്‍ഷകന് ലഭിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ തുടക്കം കുറിച്ച പരിപാടി, ഭൂമിയുടെ ഉടമസ്ഥാവകാശം ഗ്രാമത്തിന് കൈമാറ്റുന്ന ഗ്രാമദാന പ്രസ്ഥാനമായി മാറി. അങ്ങനെ ഭാരതത്തിലാകെ 48 ലക്ഷം ഏക്കര്‍ ഭൂമിയും പരശ്ശതം ഗ്രാമങ്ങളും ദാനമായി ലഭിച്ചു. ആചാര്യ വിനോബാ രാജ്യത്തിലുടനീളം പദയാത്ര നടത്തി ജനങ്ങളെ ഈ അഹിംസാവിപ്ളവത്തിന് സജ്ജമാക്കി. കൂടാതെ പരസഹസ്രം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഈ പ്രവര്‍ത്തനത്തിന്റെ ഔപചാരികമായ ഉത്തരവാദിത്തം വഹിച്ചത് സര്‍വസേവാസംഘമാണെങ്കിലും ഗാന്ധിസ്മാരകനിധിയിലെ പ്രവര്‍ത്തകരും പങ്കെടുത്തു.

ഒരു ഗ്രാമത്തിലെ 75 ശ.മാ. ഭൂവുടമകള്‍ അവരുടെ ഭൂമി ഗ്രാമത്തിന്റെ ഉടമസ്ഥതയിലേക്കു മാറ്റുമ്പോഴാണ് ആ ഗ്രാമം ദാനഗ്രാമമാവുന്നത്. ഒരു സര്‍വോദയ വ്യവസ്ഥിതിക്കുവേണ്ട അടിസ്ഥാനമാണത്. അങ്ങനെ ലഭിച്ച നിരവധി ദാനഗ്രാമങ്ങളിലെ ഗ്രാമനിര്‍മാണച്ചുമതല ഗാന്ധിസ്മാരകനിധി ഏറ്റെടുത്തു. ഈ പ്രവര്‍ത്തനത്തില്‍ ജയാപജയങ്ങള്‍ തുല്യമായുണ്ടായിട്ടുണ്ട്.


ഗാന്ധി ശതാബ്ദി

കേന്ദ്ര സംഘടനയുടെ പ്രവര്‍ത്തനം പത്തുകൊല്ലം തികയുമ്പോള്‍ അവസാനിപ്പിക്കണമെന്നുള്ള തീരുമാനം ഗാന്ധി ശതാബ്ദി ആഘോഷത്തെ സംബന്ധിച്ചുണ്ടായ ആലോചനകളുടെ ഫലമായി മാറ്റുകയുണ്ടായി. ശതാബ്ദി ആഘോഷം ആഗോളതലത്തില്‍ നടത്തണമെന്നും അതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നിധിതന്നെ ചെയ്യണമെന്നും അഭിപ്രായമുണ്ടായി. 1962-ല്‍ത്തന്നെ ആഘോഷപരിപാടികള്‍ക്ക് രൂപം നല്കാനായി ശതാബ്ദി ആഘോഷങ്ങള്‍ വളരെ വിപുലമായി നടന്നു. സംസ്ഥാനങ്ങളില്‍ നടന്ന ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്കിയത് സംസ്ഥാന നിധികള്‍ തന്നെയായിരുന്നു.

ശതാബ്ദിക്കമ്മിറ്റിയുടെ അപേക്ഷപ്രകാരം യുണെസ്കോ ആഘോഷപരിപാടികള്‍ ലോകവ്യാപകമാക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചു. 1968-ല്‍ ചേര്‍ന്ന യു.എന്‍. ജനറല്‍ അസംബ്ലിയോഗം യുണെസ്കോ ശതാബ്ദി ആഘോഷിക്കാന്‍ ഒരു പ്രമേയത്തിലൂടെ അഹ്വാനം നല്കി. 92 രാഷ്ട്രങ്ങള്‍ അതിനു തയ്യാറായി. ഈ ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന പല സെമിനാറുകളിലും യോഗങ്ങളിലും ഗാന്ധിജിയുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കാന്‍ പ്രഗല്ഭരായ പലരെയും സംഘടന അയയ്ക്കുകയുണ്ടായി. യുണെസ്കോ ആഭിമുഖ്യത്തില്‍ പാരിസില്‍ വച്ച് ഒ. 14 മുതല്‍ 17 വരെ ഒരു അന്താരാഷ്ട്ര സെമിനാര്‍ നടന്നു.

ശതാബ്ദിക്കുശേഷം

ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടെ നിധി പിരിച്ചുവിടണമെന്ന മുന്‍ തീരുമാനം വീണ്ടും ചര്‍ച്ചയ്ക്കു വിഷയമായി. ശതാബ്ദി ആഘോഷത്തിന്റെ ഫലമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിജിയുടെ തത്ത്വങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി വ്യക്തികളും സംഘടനകളും മുന്നോട്ടുവന്നു. സംസ്ഥാനസംഘടനകള്‍ സ്വയം ഭരണാവകാശത്തോടെ സംഘടിപ്പിക്കപ്പെട്ടു. മറ്റു സംഘടനകളെ കോര്‍ത്തിണക്കി പരസ്പര ബന്ധത്തിനു സഹായിക്കുന്നതിനായി നിധി തുടരേണ്ടതാണെന്ന അഭിപ്രായങ്ങള്‍ പൊന്തിവന്നു. കേന്ദ്ര സമിതിക്ക് ആ നിര്‍ദേശം സ്വീകരിക്കേണ്ടതായും വന്നു. വളരെ പരിമിതമായ ലക്ഷ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സംഘടന തുടര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

എല്ലാ സംസ്ഥാനങ്ങളിലെയും ഗാന്ധിസ്മാരകനിധികള്‍, സ്വതന്ത്രസംഘടനകളായി ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കേന്ദ്ര സംഘടനയുടെയും പ്രാദേശിക സംഘടനകളുടെയും ഭരണസമിതികളുടെ കാലാവധി മുന്നു കൊല്ലമാണ്. കാലാവധി കഴിയുമ്പോള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. കേന്ദ്ര ഗാന്ധിസ്മാരകനിധിയുടെ ആദ്യകാല ചെയര്‍മാന്‍ ഡോ. രാജേന്ദ്രപ്രസാദിനെത്തുടര്‍ന്ന് ആ സ്ഥാനം വഹിച്ചവര്‍ ജി.വി. മാവ്ലങ്കര്‍, ബാലാസാഹേബ് വെര്‍, ഡോ. ആര്‍.ആര്‍. ദിവാകര്‍, ശ്രീമന്നാരായണന്‍, കെ. അരുണാചലം എന്നിവരാണ്. പ്രമുഖരായ ദേശീയ നേതാക്കന്മാരാണ് പ്രവര്‍ത്തകസമിതിയില്‍ അംഗങ്ങളായി സേവനം നടത്തിയത്. സെക്രട്ടറിമാരായി സേവനം ചെയ്തവര്‍ എല്ലാം ഗാന്ധിജിയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാലം സേവനം നടത്തിയിട്ടുള്ളവരാണ്. അവരില്‍ ലക്ഷ്മീദാസ് പുരുഷോത്തം, ആര്‍.എസ്. ധോത്രേ, ഡോ. ജി. രാമചന്ദ്രന്‍, എല്‍.എം. ശ്രീകാന്ത്, ദേവേന്ദ്രകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

(കെ. ജനാര്‍ദനന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍