This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധിയന്‍ ദര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗാന്ധിയന്‍ ദര്‍ശനം

മഹാത്മാഗാന്ധിയുടെ ജീവിതദര്‍ശനം. വിശാലമായ അര്‍ഥത്തില്‍ ഗാന്ധിജിയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-മത വീക്ഷണങ്ങളാണ് ഗാന്ധിയന്‍ ദര്‍ശനത്തിന്റെ അന്തഃസത്ത.

ആമുഖം

ഇന്ത്യന്‍ പാര്‍ലമെനന്റ് മന്ദിരത്തിനു മുന്‍പിലെ ഗാന്ധിപ്രതിമ

പ്രപഞ്ചസത്തയായ ഉണ്മയെപ്പറ്റി ഗാന്ധിജി അഗാധമായി ചിന്തിക്കുകയും മനുഷ്യനെ പ്രകൃതിയുമായി സമന്വയിപ്പിക്കുന്ന ഒരു ആചാരശാസ്ത്രം ആവിഷ്കരിക്കുകയും ചെയ്തു. ഈ ആചാര സമ്പ്രദായത്തിന്റെ വിസ്തൃതമായ ചട്ടക്കൂട്ടില്‍ രാഷ്ട്രമീമാംസ, ധനതത്ത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയെ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിരുന്നു. 1936-ല്‍ ഗാന്ധിജി എഴുതി: 'ഗാന്ധിസം' എന്ന ഒന്നില്ല; എന്റെ കാലശേഷം ഏതെങ്കിലുമൊരു 'സമ്പ്രദായം' (Sect) അവശേഷിപ്പിച്ചു പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഏതെങ്കിലും പുതിയ തത്ത്വത്തിനോ സിദ്ധാന്തത്തിനോ തുടക്കം കുറിച്ചതായി ഞാന്‍ അവകാശപ്പെടുന്നില്ല. ശാശ്വതസത്യങ്ങളെ നമ്മുടെ നിത്യജീവിതത്തിലും പ്രശ്നങ്ങളിലും പ്രയോഗിച്ചു നോക്കാന്‍ മാത്രമേ എന്റെ സ്വന്തം നിലയില്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. ഞാന്‍ രൂപവത്കരിച്ച അഭിപ്രായങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും പാരന്തികങ്ങളല്ല, നാളെ അവയെ ഞാന്‍ മാറ്റിയേക്കാം. ലോകത്തെ പുതുതായി പഠിപ്പിക്കാന്‍ ഒന്നും എന്റെ കൈവശമില്ല. കുലപര്‍വതങ്ങള്‍പോലെ പഴക്കമുള്ളവയാണ് സത്യവും അഹിംസയും. ഇവ രണ്ടിലും എനിക്ക് സാധ്യമായത്ര വ്യാപകമായ തോതില്‍ പരീക്ഷണങ്ങള്‍ നടത്തി നോക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ബുദ്ധ-ജൈന മതങ്ങള്‍ ഉള്‍പ്പെട്ട ഭാരതീയ തത്ത്വശാസ്ത്രങ്ങളിലൂടെ, രാമായണ, മഹാഭാരതങ്ങളിലൂടെ, പ്രസ്പഷ്ടമാകുന്ന സനാതന ധര്‍മത്തിലാണ് ഗാന്ധിജിയുടെ സമഗ്രമായ ജീവിതദര്‍ശനവും പ്രസാദാത്മകമായ ജീവിതവീക്ഷണവും അചഞ്ചലമായ വിശ്വാസപ്രമാണങ്ങളും അടിയുറച്ചിരിക്കുന്നത്.

ജീവിതലക്ഷ്യം

ഗാന്ധിജിയുടെ പരമമായ ജീവിതലക്ഷ്യം ഈശ്വരസാക്ഷാത്കാരമായിരുന്നു. അദ്ദേഹം അതിനായി അനവരതം പ്രയത്നിച്ചു. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം നോക്കുക. 'ഞാന്‍ നേടാന്‍ ഇച്ഛിക്കുന്നത് - നേടാന്‍ മുപ്പതു കൊല്ലമായി നിരന്തരം യത്നിക്കുകയും തീവ്രമായി ആഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് - ആത്മസാക്ഷാത്കാരമാണ്, ഈശ്വരനെ മുഖത്തോടുമുഖം കാണാനാണ്, മോക്ഷം പ്രാപിക്കാനാണ്'. ഈശ്വരസാക്ഷാത്കാരത്തിനുള്ള അദമ്യമായ ആഗ്രഹം നിമിത്തമാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്കു വന്നത്. ദൈവത്തെ മനുഷ്യരുടെയിടയില്‍ കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹിമാലയത്തിലെ ഗുഹയിലും കാണുവാന്‍ കഴിയുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഈശ്വരസാക്ഷാത്കാരത്തിന് കാട്ടില്‍പ്പോയി തപസ്സു ചെയ്യണമെന്നുള്ള പഴയ ധാരണയെ അദ്ദേഹം തിരുത്തി. ലോകത്തില്‍ മനുഷ്യരുടെയിടയില്‍ ജീവിച്ചുകൊണ്ടുതന്നെ ഈശ്വരനെ അറിയുവാന്‍ സാധിക്കുമെന്ന് ഗാന്ധിജി സ്വജീവിതത്തിലൂടെ തെളിയിച്ചു. 'ധര്‍മാര്‍ഥകാമമോക്ഷ'മെന്നതായിരുന്നു ഭാരതത്തിന്റെ പ്രാക്തനമായ മാര്‍ഗം. ബുദ്ധനും ക്രിസ്തുവിനും ശേഷമാണ് സന്ന്യാസമാര്‍ഗം ആവിര്‍ഭവിച്ചത്. വ്യക്തികളുടെ മോക്ഷമായിരുന്നു ബുദ്ധന്റെയും ക്രിസ്തുവിന്റെയും ലക്ഷ്യം. അഹിംസാദര്‍ശനം വ്യക്തിയുടെ മോക്ഷത്തിനായിട്ടാണവര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഗാന്ധിജി സമൂഹത്തിന്റെയും മാനവവര്‍ഗത്തിന്റെയും വിമോചനത്തിനായി അഹിംസാദര്‍ശനം പ്രയോഗിച്ചു. സമൂഹത്തിന്റെ മുഴുവന്‍ കൈവല്യമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഗാന്ധിജി പ്രധാനമായും ഒരു കര്‍മയോഗിയായിരുന്നു. എങ്കിലും ഒരു ഉത്തമഭക്തന്റെയും ജ്ഞാനിയുടെയും ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു. 'യോഗകര്‍മ സുഃ കൗശലം' എന്ന ഗീതാതത്ത്വമനുസരിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ കര്‍മമാര്‍ഗം. ഒരു ശാസ്ത്രജ്ഞന്റെ ദൃഷ്ടിയും സമീപനവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒന്നിനെയും ഗാന്ധിജി സ്വീകരിച്ചില്ല. അദ്ദേഹം ഒരു അദ്വൈത വിശ്വാസിയായും അതേസമയം ഒരു ദ്വൈത വിശ്വാസിയായും, സഗുണോപാസകനായും നിര്‍ഗുണോപാസകനായും കാണപ്പെട്ടു. എന്നാല്‍ ദ്വൈതത്തില്‍ നിന്നും അദ്വൈതത്തിലേക്കും സഗുണോപാസനയില്‍ നിന്നും നിര്‍ഗുണോപാസനയിലേക്കും പോയതായി കാണാം. സാംഖ്യവും യോഗവും അദ്ദേഹത്തില്‍ ഒരുപോലെ സമ്മേളിച്ചിരുന്നു. നിവൃത്തിയും പ്രവൃത്തിയും അദ്ദേഹം സ്വജീവിതത്തില്‍ സമന്വയിപ്പിച്ചു. അദ്ദേഹം ഒരു കണ്ടുപിടിത്തക്കാരനെപ്പോലെ സകല ചരാചരങ്ങളുടെയും അന്തര്‍മണ്ഡലത്തില്‍ ആത്മതത്ത്വമായി പ്രകാശിക്കുന്ന ഈശ്വരനെ ദര്‍ശിച്ചു.

കര്‍മനിരതമായ ജീവിതത്തെ ഉപേക്ഷിച്ചുകൊണ്ട് ഏകാന്തതയിലേക്കു പലായനം ചെയ്യുവാനല്ല; പ്രത്യുത ലോകരംഗത്തിലേക്കു കടന്നുചെല്ലുവാനും കഷ്ടപ്പെടുന്ന മനുഷ്യനോടു തോളോടുതോള്‍ ചേര്‍ന്നുനിന്നുകൊണ്ട് അവനെ ആ നിത്യനരകത്തില്‍നിന്നു കരകയറ്റുവാനുമാണ് ഗാന്ധിജി ശ്രമിച്ചത്. ജീവിതനിരാസത്തിനുപകരം, നാനാവിധ വ്യാപാരങ്ങളില്‍ ജീവിതത്തെ അഭിമുഖീകരിക്കുവാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ശ്രീശങ്കരന്റെ മായാവാദത്തെ അദ്ദേഹം സ്വീകരിച്ചില്ല. ലോകത്തെ മായയായി കാണുവാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. വിശ്വത്തെ, സൃഷ്ടികര്‍ത്താവിന്റെ ആത്മപ്രകാശനമായി അദ്ദേഹം കരുതി. അതിനാല്‍ ഗുരുദേവ് ടാഗൂറിനെപ്പോലെ, വിശ്വത്തിലെ നാനാതരത്തിലുള്ള സൃഷ്ടിജാലങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനും സ്നേഹത്തിലൂടെയും സേവനത്തിലൂടെയും അവയില്‍ കുടികൊള്ളുന്ന ഈശ്വരനെ സാക്ഷാത്കരിക്കുവാനും സാധിക്കുമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു. നാനാത്വത്തിലൂടെ ഏകത്വത്തെ അറിയുവാന്‍ സാധിക്കുമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഏകാദശവ്രതങ്ങളെ അടിസ്ഥാനമാക്കിയ നീതിശാസ്ത്രം

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അസംഗ്രഹം തുടങ്ങിയ ഏകാദശവ്രതങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ നീതിശാസ്ത്രം. ഈ തത്ത്വങ്ങള്‍ ഗിരിശൃംഗങ്ങള്‍പോലെ അതിപുരാതനങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പതഞ്ജലിയുടെ യോഗസൂത്രത്തിലാണ് ഇവയെപ്പറ്റി പരാമര്‍ശം ഉള്ളത്. എന്നാല്‍ ശരീരശ്രമം, അസ്വാദ് ഭക്ഷണം, നിര്‍ഭയത്, സര്‍വധര്‍മസമഭാവന, സ്വദേശി, അയിത്തോച്ചാടനം എന്നിവ ഗാന്ധിജിതന്നെ കൂട്ടിച്ചേര്‍ത്തവയാകുന്നു. തത്ത്വങ്ങളുടെ പ്രതിപാദനത്തിനല്ല; ആചരണത്തിനാണ് അദ്ദേഹം പ്രാധാന്യം കല്പിച്ചിരുന്നത്. 'നച സന്ന്യസനാ ദേവ സിദ്ധിം സമധിഗച്ഛതി' എന്ന ഗീതയിലെ തത്ത്വം അദ്ദേഹത്തിന്റെ നീതിശാസ്ത്രത്തെ സ്വാധീനിച്ചു. ഭഗവദ്ഗീതയായിരുന്നു അദ്ദേഹത്തിന്റെ നീതിശാസ്ത്രത്തിന്റെ ഉറവിടം. സന്ന്യാസംകൊണ്ടുമാത്രം (കര്‍മത്തിന്റെ ബാഹ്യമായ ത്യാഗംകൊണ്ടുമാത്രം) മോക്ഷം പ്രാപിക്കുകയില്ല. 'ന കര്‍മണാ മനാരം ഭാണൈഷ്ക്കര്‍മ്യം പുരുഷോശ്നുതേ' കര്‍മങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യന്‍ നിഷ്ക്രിയനാവുന്നുമില്ല. മനുഷ്യന്‍ കര്‍മം ചെയ്യാതിരിക്കുന്നതില്‍നിന്ന് നിഷ്കര്‍മത(യുടെ ഫലം) അനുഭവിക്കുന്നില്ല. ഒരു സാധാരണ മനുഷ്യനായി, എല്ലാവിധ ബലഹീനതകളോടും കുറവുകളോടുംകൂടി ജനിച്ച ഗാന്ധിജി മഹാത്മാവായി ഉയര്‍ന്നത് തികഞ്ഞ ഈശ്വരവിശ്വാസവും സത്യധര്‍മാനുഷ്ഠാനപരമായ ജീവിതചര്യയും മുറുകെപ്പിടിച്ചതുകൊണ്ടാണ്.

അദ്വൈത വിശ്വാസി

അദ്ദേഹം തികച്ചും ഒരു അദ്വൈത വിശ്വാസിയായിരുന്നു. സകല ചരാചരങ്ങളിലും അന്തരാത്മാവിന്റെ രൂപത്തില്‍ കുടികൊള്ളുന്നത് ഈശ്വരനാണെന്നും അതിനാല്‍ സമസൃഷ്ടങ്ങളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രമേ ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം നോക്കുക. 'സര്‍വസാക്ഷിയും സര്‍വാന്തര്യാമിയുമായ ആ ചൈതന്യത്തെ അഭിമുഖമായിക്കാണണമെങ്കില്‍ സൃഷ്ടികളില്‍ വച്ച് ഏറ്റവും ക്ഷുദ്രമായതിനെപ്പോലും തനിക്കുതുല്യം സ്നേഹിക്കാന്‍ കഴിയണം.'അതുകൊണ്ടാണ് മൂകലോകത്തിന്റെ പ്രതിനിധിയായി അദ്ദേഹം പശുവിനെ സേവിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തത്. ഗോസേവ അദ്ദേഹത്തിന്റെ സൃഷ്ട്യുന്മുഖ പരിപാടിയില്‍ പ്രധാനമായ ഒന്നാകുന്നു; നിര്‍മാണപരിപാടി കര്‍മയോഗത്തിന്റെ പ്രായോഗിക പദ്ധതിയാണ്.

ഗാന്ധിജിയുടെ ദൈവം സാധാരണജനങ്ങളുടെ സങ്കല്പമനുസരിച്ചുള്ള ഒന്നല്ല. അദ്ദേഹം വിഗ്രഹാരാധനയിലും അവതാരങ്ങളിലും വിവിധ ആരാധനാസമ്പ്രദായങ്ങളിലും വിശ്വസിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ദൈവം സച്ചിദാനന്ദസ്വരൂപനായ ആത്മാരാമനാകുന്നു. ദശരഥപുത്രനും സീതാപതിയുമായ ശ്രീരാമന്‍ എങ്ങനെ സര്‍വവ്യാപിയാകുമെന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞതിപ്രകാരമാണ്. 'ഈശ്വരന്‍ ഒരു വ്യക്തിയല്ല. അദ്ദേഹം കൂടെക്കൂടെ മനുഷ്യരൂപത്തില്‍ ഭൂമിയില്‍ അവതരിക്കുന്നു എന്നു പറയുന്നത് ഭാഗികമായി ഒരു സത്യമാണ്. അവതാര പുരുഷന്മാര്‍ ഈശ്വരനോട് എത്രയും അടുത്തവരാണ് എന്നേ അതിനര്‍ഥമുള്ളൂ. ഈശ്വരന്‍ സര്‍വവ്യാപിയായതുകൊണ്ട് അദ്ദേഹം എല്ലാ മനുഷ്യഹൃദയങ്ങളിലും കുടികൊള്ളുന്നു. അതുകൊണ്ട് എല്ലാ മനുഷ്യരും ഈശ്വരാവതാരങ്ങളാണെന്നു പറയാം. പക്ഷേ, അതുകൊണ്ടു കാര്യമില്ലല്ലോ. രാമനും കൃഷ്ണനുമൊക്കെ ഈശ്വരാവതാരങ്ങളാണ് എന്നു നാം പറയുന്നത് അവരില്‍ വിശിഷ്ടഗുണങ്ങള്‍ ആരോപിച്ചിട്ടാണ്.'

സത്യമാണ് ദൈവം

എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ് പരമമായ തത്ത്വം. അത് മറ്റു പല തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ സത്യം വാക്കിലുള്ള സത്യസന്ധത മാത്രമല്ല, വിചാരത്തിലുള്ള സത്യസന്ധതയും കൂടിയാണ്. 'നമ്മുടെ സങ്കല്പത്തിലെ ആപേക്ഷിക സത്യം മാത്രമല്ല, പാരമാര്‍ഥിക സത്യമാണ്-അനശ്വരത്വം-അതായത് ഈശ്വരന്‍. ഇതാണ് ഗാന്ധിജിയുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്പം. അതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിപ്രകാരമാണ്. 'സത്യം' എന്ന പദത്തിന്റെ ധാതു 'സത്' എന്നാണ്. അതിനര്‍ഥം 'ഉണ്മ' എന്നത്രെ. സത്യമല്ലാതെ മറ്റൊന്നും ഇല്ല; അഥവാ മറ്റൊന്നും യഥാര്‍ഥത്തില്‍ നിലനില്ക്കുന്നില്ല. അതുകൊണ്ടാണ് സത് അഥവാ സത്യം എന്നത് ഈശ്വരന്റെ അന്വര്‍ഥമായ പേരായിത്തീര്‍ന്നത്. വാസ്തവത്തില്‍ 'ഈശ്വരന്‍ സത്യമാണ്' എന്നു പറയുന്നതിനെക്കാള്‍ ഏറെ ശരി 'സത്യം ഈശ്വരനാണ്' എന്നു പറയുന്നതായിരിക്കും. പക്ഷേ, നമുക്കൊരു ഭരണാധിപന്റെയോ സൈന്യാധിപന്റെയോ സഹായം കൂടാതെ കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട്, ഈശ്വരന് 'രാജാധിരാജന്‍' എന്നും 'സര്‍വശക്തന്‍' എന്നും ഒക്കെയുള്ള പേരുകള്‍ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അതങ്ങനെ തുടരുകയും ചെയ്യും. എന്നാല്‍, കുറേക്കൂടി ആഴത്തിലിറങ്ങി ചിന്തിക്കുമ്പോള്‍, സത് അഥവാ സത്യം എന്ന പേരാണ് ഈശ്വരനെ സംബന്ധിച്ചിടത്തോളം തികച്ചും ശരിയും പൂര്‍ണവുമെന്നു മനസ്സിലാകും.

എവിടെ സത്യമുണ്ടോ അവിടെ യഥാര്‍ഥ ജ്ഞാനവും ഉണ്ടായിരിക്കും. സത്യമില്ലാത്തിടത്ത് യഥാര്‍ഥമായ ജ്ഞാനമുണ്ടാവുകയില്ല. അതുകൊണ്ടാണ് യഥാര്‍ഥജ്ഞാനം 'ചിത്' എന്നറിയപ്പെടുന്നത്. യഥാര്‍ഥമായ ജ്ഞാനം ഉള്ളിടത്ത് ആനന്ദവുമുണ്ടായിരിക്കും. അവിടെ ദുഃഖത്തിനു സ്ഥാനമില്ല. സത്യവും ജ്ഞാനവും ആനന്ദവും ഈശ്വരനില്‍ ഒരുമിക്കുന്നു. അതുകൊണ്ടാണ് ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപമെന്നറിയപ്പെടുന്നത്.

ദൈവം സത്യസ്വരൂപനെന്നും അറിയപ്പെടുന്നുണ്ട്. സത്യത്തെ സാക്ഷാത്കരിക്കുവാനുള്ള പ്രയത്നം തുടങ്ങിയകാലത്തു ഗാന്ധിജിയും അങ്ങനെതന്നെ വിശ്വസിച്ചിരുന്നു. എന്നാല്‍ ക്രമേണ അദ്ദേഹം സത്യത്തെത്തന്നെ ദൈവമായിക്കരുതി. ദൈവം സത്യസ്വരൂപനെന്നു പറയുന്നതിനെക്കാള്‍, സത്യം ദൈവമാണെന്നു പറയുന്നതുകൊണ്ട് വളരെ വ്യാപകമായ അര്‍ഥം ലഭിക്കുന്നു. നാസ്തികന്മാര്‍ക്ക് ദൈവത്തെ നിഷേധിക്കുവാന്‍ സാധിക്കും; എന്നാല്‍ സത്യത്തെ നിഷേധിക്കാന്‍ സാധ്യമല്ല. എല്ലാത്തിന്റെയും അസ്തിവാരമായ സത്യം സനാതനമാകുന്നു. ലോകത്തില്‍ രണ്ടുതലത്തിലുള്ള സംഗതികളുണ്ട്: നശിച്ചുപോകുന്നവയും നശിക്കാത്തവയും. ഈശ്വരനു മാത്രമേ അസ്തിത്വമുള്ളൂ. സത്യം എന്ന സംസ്കൃത പദത്തിന്റെ ധാത്വര്‍ഥം തന്നെ ഏതൊന്നാണോ നിലനില്ക്കുന്നത് അത് എന്നത്രെ.

സ്നേഹവും അഹിംസയും

ഗാന്ധിജിയും കുഞ്ഞും
ഗാന്ധിജി കുഷ്ഠരോഗിയെ ശുശ്രൂഷിക്കുന്നു

ഈശ്വരസാക്ഷാത്കാരത്തിനു സര്‍വചരാചരങ്ങളിലും അന്തര്‍യാമിയായിരിക്കുന്ന ഈശ്വരനെ അറിയുന്നതിന്, സമസൃഷ്ടങ്ങളെ സ്നേഹിക്കുകയേ വഴിയുള്ളൂ. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. 'സത്യത്തെ ഈശ്വരനായി കാണണമെന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും അനുപേക്ഷണീയമാര്‍ഗം സ്നേഹമാണ്. അതായത് അഹിംസ. മാര്‍ഗവും ലക്ഷ്യവും പരമകോടിയില്‍ പര്യായങ്ങളാണെന്നു ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്, ഈശ്വരന്‍ സ്നേഹമാണെന്നു പറയാനും ഞാന്‍ മടിക്കുന്നില്ല.' അദ്ദേഹം തുടരുന്നു, 'പരമസത്യമാകുന്ന ഈശ്വരന്റെ മൂര്‍ത്തരൂപം അദ്ദേഹത്തിന്റെ സൃഷ്ടിയായ ഈ ജീവപ്രപഞ്ചം തന്നെയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു തുളുമ്പുന്ന, പ്രപഞ്ചത്തെ മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്ന, മഹാചൈതന്യം ഒന്നാണ്; രണ്ടാമതൊന്നില്ല. ഇതാണ് നാം സാക്ഷാത്കരിക്കേണ്ട പരമസത്യം. അപ്പോള്‍ സത്യസാക്ഷാത്കാരത്തിനായുള്ള ഏകമാര്‍ഗം അഹിംസയാണ്.'

സമസൃഷ്ടങ്ങളിലും സര്‍വചരാചരങ്ങളിലും അടങ്ങിയിരിക്കുന്നത് ഈശ്വരനാണെന്നബോധം രൂഢമൂലമായാല്‍, അതിനെ സാക്ഷാത്കരിക്കാനുള്ള ഏകമാര്‍ഗം സ്നേഹമാണെന്ന് ഗാന്ധിജിക്കു വ്യക്തമായിരുന്നു. ഈ സ്നേഹത്തെയാണ് അദ്ദേഹം അഹിംസയെന്നു വിവക്ഷിച്ചത്. അതിനാല്‍ ഗാന്ധിജിയുടെ അഹിംസ നിഷേധാത്മകമല്ല; നേരേമറിച്ച് വിധായകമാകുന്നു. അതായത് വളരെ വ്യാപകമായ അര്‍ഥവ്യാപ്തിയുള്ള ഒന്നാകുന്നു ഗാന്ധിജിയുടെ സങ്കല്പത്തിലുള്ള അഹിംസ. അതിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നത് നോക്കുക. 'സത്യസ്വരൂപനായ ഈശ്വരനെ കണ്ടെത്താന്‍ ഒരുങ്ങുന്നവന്, അതിനുള്ള അനിവാര്യമായ മാര്‍ഗം സ്നേഹമാണ് - അതായത് അഹിംസ. ആത്യന്തികമായ അര്‍ഥത്തില്‍, ലക്ഷ്യവും മാര്‍ഗവും പരസ്പരം മാറ്റി ഉപയോഗിക്കാവുന്ന പദങ്ങളാണെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട് ഈശ്വരന്‍ സ്നേഹമാണെന്നു പറയുവാന്‍ ഞാന്‍ മടിച്ചുകൂടാ.'

കര്‍മയോഗം

അഹിംസാചരണം ത്യാഗത്തിലും സേനവനത്തിലും കൂടി മാത്രമേ സാധിക്കുകയുള്ളൂ. ഈശ്വരന്‍ സകലചരാചരങ്ങളുടെയും ഉള്ളില്‍ നിവസിക്കുന്ന സ്ഥിതിക്ക് ഒന്നിനെയും ദ്വേഷിക്കുവാനോ വെറുക്കുവാനോ സാധ്യമല്ല. സ്നേഹിക്കുകയെന്നാല്‍ സേവിക്കുകയാകുന്നു. അതുകൊണ്ടാണ് അദ്ദേഹം സേവനം ജീവിതവൃത്തിയായി സ്വീകരിച്ചത്. ഈശ്വരസാക്ഷാത്കാരത്തിനു കര്‍മയോഗമാണ് ഏറ്റവും പറ്റിയ മാര്‍ഗമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. സ്വാര്‍ഥോദ്ദേശ്യങ്ങള്‍ ഇല്ലാത്തതും ഫലങ്ങളെക്കുറിച്ച് നിസ്സംഗത്വം പുലര്‍ത്തുന്നതുമായ ഗീതയുടെ സങ്കല്പത്തിലുള്ള കര്‍മമായിരുന്നു അദ്ദേഹത്തിന്റേത്. നിസ്സംഗത്വമെന്നു പറയുമ്പോള്‍ ഫലങ്ങളെക്കുറിച്ച് അറിവുണ്ടായിക്കൂടെന്നോ, അവയെ വിഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യണമെന്നോ ഉദ്ദേശിക്കുന്നില്ല. നിസ്സംഗത്വം കര്‍മനിരസനമല്ല. അങ്ങനെയായാല്‍ ഉദ്ദേശിക്കുന്നഫലംതന്നെ ഉണ്ടായില്ലെന്നും വരും. നേരേമറിച്ച്, കാലക്രമേണ ഉദ്ദിഷ്ടമായ ഫലം സിദ്ധിക്കുകതന്നെ ചെയ്യും എന്ന അചഞ്ചലമായ വിശ്വാസത്തിനൊരു തെളിവു കൂടിയാണ് നിസ്സംഗത്വം.

ഫലനിരപേക്ഷമായ അഥവാ അനാസക്തമായ കര്‍മം ഈശ്വരാരാധനയാകുന്നു. അതുതന്നെയാണ് കര്‍മയോഗം. ഈ സിദ്ധാന്തം ഗാന്ധിജി സ്വായത്തമാക്കിയത് ശ്രീമദ് ഭഗവദ്ഗീതയില്‍ നിന്നാകുന്നു. 'അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പുരുഷഃ' എന്ന ഗീതാതത്ത്വം അസക്തനായി കര്‍മം അനുഷ്ഠിക്കുന്ന പുരുഷന്‍ പരമമായ പദത്തെ പ്രാപിക്കുന്നുവെന്നു പ്രഖ്യാപനം ചെയ്യുന്നു. ധ്യാനം കര്‍മത്തെക്കാളും ശ്രേഷ്ഠമാണെന്നുള്ള വിശ്വാസത്തെ ഗാന്ധിജി തിരുത്തുകയാണ് ചെയ്തത്. ഫലനിരപേക്ഷമായ കര്‍മത്തെ ഗീതായജ്ഞമായി സങ്കല്പിച്ചിരിക്കുന്നു. കര്‍മയോഗമാണ് ഗീതയുടെ മുഖ്യ സന്ദേശമെന്നും ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ ഉദ്ഘോഷിച്ചു. ലോകസംഗ്രഹത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കര്‍മം അഥവാ യജ്ഞംകൊണ്ട് ഈശ്വരസാക്ഷാത്കാരം സാധ്യമാണെന്നും ഗാന്ധിജി തന്റെ ജീവിതംകൊണ്ടു തെളിയിച്ചു. കര്‍മത്തില്‍ സക്തന്മാരായിട്ട് അജ്ഞാതന്മാര്‍ ഏതൊരു പ്രകാരം പ്രവര്‍ത്തിക്കുന്നുവോ അതേ ത്വരയോടെ വിദ്വാന്മാര്‍ ലോകസംഗ്രഹം എന്ന ലക്ഷ്യത്തോടെ അസക്തരായി കര്‍മം അനുഷ്ഠിക്കുകയാണ് വേണ്ടതെന്നു ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പ്രഖ്യാപനം ചെയ്തു.

അസ്തേയവും അപരിഗ്രഹവും

ഒരു സായാഹ്നസഞ്ചാരം

ഒരു സത്യാന്വേഷകന് അഥവാ ഈശ്വരഭക്തന് നാളത്തേക്കുവേണ്ടി ഒന്നും കരുതിവയ്ക്കേണ്ടയാവശ്യമില്ല. അതിനാല്‍ 'അസ്തേയം' ഈശ്വരസാക്ഷാത്കാരത്തിന് എത്രയും ആവശ്യമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ഈശ്വരന്‍ കാരുണ്യ സ്വരൂപനായിരിക്കുന്നതുകൊണ്ട് അദ്ദേഹം നമുക്കാവശ്യമായതെല്ലാം തന്നുകൊള്ളുമെന്ന വിശ്വാസം ഒരു സത്യാന്വേഷിക്ക് എത്രയും ആവശ്യമാകുന്നു. 'ഈശ്വരനെ പ്രത്യക്ഷീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്റെ കാര്യമാണീ പറയുന്നത്. ലോകക്ഷേമത്തിനുപോലും അസ്തേയവ്രതം ആവശ്യമാകുന്നു. ആവശ്യത്തില്‍ക്കവിഞ്ഞുള്ള ധനം, ദോഷഫലത്തെ ഉളവാക്കാതിരിക്കില്ല. തന്നിമിത്തമാണ് അസമത്വങ്ങളും അതിനെത്തുടര്‍ന്നുള്ള കഷ്ടപ്പാടുകളും ആവിര്‍ഭവിക്കുന്നത്. അതിനാല്‍ ലോകമഗംളത്തിനുവേണ്ടിത്തന്നെ തങ്ങളുടെ വസ്തുവകകള്‍ക്കു ന്യായമായ പരിധി കല്പിക്കേണ്ടതാവശ്യമായിവരുന്നു. ഈ തത്ത്വം ശരിക്കും പ്രായോഗികമാക്കിയാലേ ലോകത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാവൂ. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും 'അസ്തേയ' തത്ത്വത്തിന്റെ അടിസ്ഥാനമില്ലാത്തതാണ് ഇന്നത്തെ പലവിധ വൈരുധ്യങ്ങള്‍ക്കും അസമാധാനത്തിനും കാരണം. ഈ പശ്ചാത്തലത്തില്‍ നമ്മുടെ കൈവശമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നു നിരൂപണ ബുദ്ധിയോടെ പരിശോധിച്ച് അവയുടെ എണ്ണം സ്വമേധയാ കുറയ്ക്കുകയെന്നുള്ളതാണ് 'അസ്തേയ'ത്തിന്റെ അര്‍ഥം. ആവശ്യത്തില്‍ക്കവിഞ്ഞുള്ളതൊന്നും കൈവശം വയ്ക്കുവാന്‍ പാടില്ലെന്നുള്ളതാണ് 'അസ്തേയം' പഠിപ്പിക്കുന്നത്. ആവശ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലല്ല; പ്രത്യുത, അവയുടെ എണ്ണം കുറയ്ക്കുന്നതിലാണ് യഥാര്‍ഥമായ സുഖവും ആനന്ദവും കണ്ടെത്തേണ്ടതെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ആവശ്യത്തില്‍ക്കവിഞ്ഞു സാധനങ്ങള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ഥ മോഷണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഗാന്ധിജിയുടെ ജീവിതം അസ്തേയത്തിന്റെയും അപരിഗ്രഹത്തിന്റെയും നിദര്‍ശനമായിരുന്നു. അദ്ദേഹത്തിന്റെ ചരമത്തിനുശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന കണ്ണട, മെതിയടി, തുളസിമാല ഇങ്ങനെയുള്ള ചില നിത്യോപയോഗസാധനങ്ങള്‍ ഒഴികെ അദ്ദേഹത്തിനു സ്വന്തമായി ഒന്നും അവശേഷിച്ചിരുന്നില്ല. കേവലമായ സത്യത്തിന്റെ നിലപാടിലൂടെ വീക്ഷിച്ചാല്‍, ശരീരംതന്നെ ഒരുതരത്തിലുള്ള സ്വകാര്യസ്വത്താണെന്നു ഗാന്ധിജി സിദ്ധാന്തിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ ഋഷികള്‍ 'പരോപകാരാര്‍ഥമിദം ശരീരം' എന്ന സൂത്രവാക്യം നിര്‍മിക്കുവാനിടയായത്. അപരിഗ്രഹതത്ത്വം വസ്തുക്കളെ എന്നപോലെ ചിന്തയെയും ബാധിക്കുന്ന ഒന്നാണെന്നും ഗാന്ധിജി വാദിക്കുന്നു. പ്രയോജനമില്ലാത്ത അറിവുകൊണ്ട് തലച്ചോറിനെ നിറയ്ക്കുന്നയാള്‍ അപരിഗ്രഹതത്ത്വത്തെ നിഷേധിക്കുകയാണത്രെ. നമ്മെ ഈശ്വരനിലേക്കു നയിക്കാത്ത ചിന്തകള്‍ അഥവാ ഈശ്വരനില്‍നിന്നും അകറ്റുന്ന ചിന്തകള്‍, മാര്‍ഗവിഘ്നമുണ്ടാക്കുന്നവയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആത്മസാക്ഷാത്കാരത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളെ, അവ ചിന്തയായാലും പ്രവൃത്തിയായാലും ഭോഗവസ്തുക്കളായാലും ഉപേക്ഷിക്കേണ്ടതുതന്നെ. അതുപോലെ രാജ്യത്തിന്റെ കാര്യത്തിലും നോക്കേണ്ടതുണ്ട്. ഇന്നത്തെ പരിഷ്കാരംതന്നെ ഭോഗവസ്തുക്കള്‍ വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്മൂലം ഭോഗപരായണത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആവശ്യമില്ലാത്ത സാധനങ്ങളുടെ സമ്പാദനവും ഉപയോഗവും സത്യത്തില്‍നിന്നും നമ്മെ അകറ്റിക്കളയുമെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം.

ബ്രഹ്മചര്യവ്രതവും അസ്വാദ് ഭക്ഷണവും

ഗാന്ധിജി ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ സമരത്തില്‍ അണികള്‍ക്കൊപ്പം

ഗാന്ധിജിയുടെ ഏകാദശവ്രതങ്ങളില്‍ ബ്രഹ്മചര്യവ്രതത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. ബ്രഹ്മചര്യദീക്ഷ സത്യാന്വേഷകന് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു വ്രതമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മഹാത്മജിയുടെ സങ്കല്പത്തിലുള്ള ബ്രഹ്മചര്യം വളരെ വ്യാപകമായ അര്‍ഥത്തിലുള്ള ഒന്നാകുന്നു. ബ്രഹ്മചര്യമെന്നാല്‍ വിവാഹമില്ലാതുള്ള ജീവിതം എന്ന സങ്കുചിതമായ അര്‍ഥത്തിലാണറിയപ്പെടുന്നത്. ഇത് ശരിയല്ല, സര്‍വേന്ദ്രിയ നിയന്ത്രണമാകുന്നു ആ മഹാത്മാവിന്റെ സങ്കല്പത്തിലുള്ള ബ്രഹ്മചര്യം. ഇന്ദ്രിയ നിഗ്രഹത്തിനുപകരം, സമ്പൂര്‍ണമായ ശ്രദ്ധ സര്‍വേശ്വരനിലേക്കു തിരിച്ചുവിടുകയാണ് അദ്ദേഹത്തിന്റെ ഭാവനയിലുള്ള ബ്രഹ്മചര്യം. അത് സൃഷ്ടികര്‍ത്താവിനോടുള്ള അഭംഗുരമായ ഭക്തിയത്രെ. വിവാഹജീവിതം ഉണ്ടായാലും ഇല്ലെങ്കിലും ബ്രഹ്മചര്യം സാധ്യമാണ്. അതിന്റെ അനുഷ്ഠാനമില്ലാതെ ഒരു സത്യാന്വേഷകന് ഒരടിപോലും മുന്നോട്ടുവയ്ക്കുക സാധ്യമല്ല. ഗൃഹസ്ഥജീവിതം അതിനു തടസ്സമായിരിക്കണമെന്നുമില്ല. കുടുംബജീവിതം ഇല്ലാത്തവരെയെല്ലാം ബ്രഹ്മചാരികളായി കണക്കാക്കുവാനും സാധ്യമല്ല. മനോനിയന്ത്രണമില്ലാതെ വെറും ശാരീരികമായ നിയന്ത്രണം കൊണ്ടും ബ്രഹ്മചര്യമാവുകയില്ല. അത് നിരാഹാരനായിരിക്കുന്ന ഒരാളിന്റെ മനസ്സ് ഭോഗവസ്തുക്കളില്‍ ലയിച്ചിരിക്കുന്നതുപോലെയാകുന്നു. അതില്‍ സര്‍വേന്ദ്രിയ നിയന്ത്രണവും മനോവാക്കര്‍മങ്ങളെ ഈശ്വരാഭിമുഖമായി തിരിച്ചുവിടുന്ന അനുഷ്ഠാനവും ബ്രഹ്മചര്യമെന്നു വിവക്ഷിക്കാം. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ വാക്കുകള്‍ നോക്കാം. 'ബ്രഹ്മചര്യ എന്ന പദത്തിന്റെ ധാത്വര്‍ഥം എന്താണെന്നു പരിശോധിക്കാം. 'ചര്യ' എന്നു പറഞ്ഞാല്‍ അനുഷ്ഠാനം; ബ്രഹ്മചര്യം എന്നാല്‍ ബ്രഹ്മത്തെ അതായത് സത്യത്തെ കണ്ടെത്തുന്നതിനു പറ്റിയ അനുഷ്ഠാനം. ഈ ധാത്വര്‍ഥത്തില്‍ നിന്നാണ് എല്ലാ ഇന്ദ്രിയങ്ങളുടെയും നിയന്ത്രണം എന്ന പ്രത്യേക അര്‍ഥം ഉണ്ടാകുന്നത്. ഈ പദത്തെ ലൈംഗികാര്‍ഥത്തില്‍ മാത്രം പരിമിതപ്പെടുത്തിക്കൊണ്ടുള്ള അപൂര്‍ണമായ നിര്‍വചനം നാം മറക്കുകതന്നെ വേണം.'

ബ്രഹ്മചര്യവ്രതം ആഹാരനിയന്ത്രണം കൂടാതെ സാധ്യമല്ല

ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണയര്‍പ്പിക്കുന്ന വിദേശികള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍

രസനേന്ദ്രിയത്തെ നിയന്ത്രിക്കുകവഴി ബ്രഹ്മചര്യാനുഷ്ഠാനം സാധിക്കുമെന്ന് ഗാന്ധിജി സ്വന്തം പരീക്ഷണങ്ങളില്‍ക്കൂടി സ്ഥാപിച്ചു. ആരോഗ്യസംരക്ഷണത്തിനും ആഹാരനിയന്ത്രണം ആവശ്യമാകുന്നു. നിയന്ത്രണമില്ലാതെയുള്ള ആഹാരംകൊണ്ട് പല രോഗങ്ങളും ഉണ്ടാകുന്നു. ധനവാന്മാരുടെയും അലസന്മാരുടെയും ഇടയിലുള്ള മിക്ക രോഗങ്ങളും അമിതാഹാരത്താല്‍ ഉണ്ടാകുന്നവയാകുന്നു. അതിനാല്‍ അര്‍ഥവത്തായ ജീവിത നിര്‍വഹണത്തിന് ആഹാരനിയന്ത്രണം ഒഴിവാക്കാന്‍ പാടില്ല. പോഷകാഹാരക്കുറവുകൊണ്ട് ദരിദ്രരും അമിതമായ പോഷകാഹാരം നിമിത്തം ധനവാന്മാരും രോഗബാധിതരാകുന്നു.

ബ്രഹ്മചര്യവ്രതത്തിന് നിയന്ത്രിതാഹാരം മാത്രമല്ല, സത്വഗുണപ്രധാനമായ ആഹാരംതന്നെ തിരഞ്ഞെടുക്കേണ്ടിവരും. രുചിക്കുപകരം ഗുണപ്രദവും ബ്രഹ്മചര്യവ്രതത്തെ സുഗമമാക്കിത്തീര്‍ക്കുന്നതുമായ ആഹാരം മാത്രമേ കഴിക്കാവൂ. അതുകൊണ്ടാണ് ഗാന്ധിജി ആശ്രമവ്രതങ്ങളില്‍ അസ്വാദ് ഭക്ഷണത്തിന് പ്രാധാന്യം നല്കിയത്. അദ്ദേഹം ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ബ്രഹ്മചര്യവ്രതം നിമിത്തമാണ് ഗാന്ധിജിക്ക് അപാരമായ മനഃശക്തിയും ആത്മബലവും ലഭിച്ചത്. അതിനായി അദ്ദേഹത്തിന് അനവധി ക്ലേശങ്ങള്‍ സഹിക്കേണ്ടതായും വന്നു.

ശരീരാധ്വാനം

ശരീരാധ്വാനം ചെയ്യാത്ത ഒരാള്‍ക്ക് ആഹാരം കഴിക്കുവാന്‍ അവകാശമില്ലെന്നു ഗാന്ധിജി വാദിച്ചിരുന്നു. എല്ലാവരും ശരീരാധ്വാനം ചെയ്യാത്തതു നിമിത്തമാണ് സമുദായത്തില്‍ വര്‍ഗവ്യത്യാസം ഉണ്ടാകുന്നത്. ഓരോരുത്തരും തങ്ങളുടെ ആഹാരത്തിനുവേണ്ടിയെങ്കിലും അധ്വാനിച്ചാല്‍ വ്യക്തികളുടെ ആരോഗ്യം മെച്ചപ്പെടുകയും സാമൂഹിക ജീവിതത്തിലെ അസമത്വം ഇല്ലാതാകുകയും ചെയ്യും. അധ്വാനവര്‍ഗവുമായുള്ള താദാത്മ്യത്തിനുവേണ്ടിയായിരുന്നു ദിവസവും ഗാന്ധിജി അര മണിക്കൂര്‍ നൂല്‍നൂറ്റിരുന്നത്. സ്ഥിതിസമത്വം കൈവരുത്തുന്നതിനും ഈ തത്ത്വം സ്വീകരിച്ചേ മതിയാവൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാവരും വേല ചെയ്യുന്ന ഒരു സാമൂഹികവ്യവസ്ഥയായിരുന്നു ഗാന്ധിജിയുടെ സങ്കല്പത്തിലുണ്ടായിരുന്നത്. വര്‍ഗങ്ങളെ ഹിംസയിലൂടെ നശിപ്പിക്കുന്നതുകൊണ്ടുമാത്രം വര്‍ഗരഹിതമായ സാമൂഹിക വ്യവസ്ഥയുണ്ടാവുകയില്ല. എല്ലാവരും ഒന്നുപോലെ കായികാധ്വാനത്തിലൂടെ വര്‍ഗവ്യത്യാസങ്ങള്‍ ഇല്ലാതാക്കുവാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു.

അധ്വാനത്തിന്റെ മഹനീയത എല്ലാവരും അംഗീകരിച്ചാല്‍ പദവിയെച്ചൊല്ലിയുള്ള വലുപ്പച്ചെറുപ്പങ്ങളെല്ലാം അവസാനിക്കും. അധ്വാനം എല്ലാവര്‍ണങ്ങളുടെയും പൊതു ധര്‍മമാകണം. ഇന്ന് ലോകമൊട്ടുക്കു തൊഴിലാളി സംഘട്ടനം നിലനില്ക്കുന്നുണ്ട്. ദരിദ്രര്‍ക്ക് ധനികരോട് അസൂയയാണ്. എല്ലാവരും ആഹാരം നേടുന്നതിന് പണിയെടുത്തിരുന്നെങ്കില്‍, പദവി വ്യത്യാസങ്ങളൊക്കെ തുടച്ചുമാറ്റപ്പെടുമായിരുന്നു. ധനികരുണ്ടായിരിക്കുമെങ്കിലും അവര്‍ തങ്ങളുടെ പക്കലുള്ള സ്വത്തിന്റെ ട്രസ്റ്റികളായി മാത്രമേ സ്വയം പരിഗണിക്കൂ; പൊതു താത്പര്യങ്ങള്‍ക്കുവേണ്ടിയായിരിക്കും പ്രധാനമായും ആ സ്വത്ത് ഉപയോഗപ്പെടുക.

സ്വദേശീവ്രതം

മണിഭവന്‍ മുംബൈയിലെ ഗാന്ധിമ്യൂസിയം

സ്വദേശീധര്‍മത്തിന് ഗാന്ധിജി വളരെയധികം പ്രാധാന്യം നല്കി. ചുറ്റുപാടുമുള്ളവരോട് താദാത്മ്യം പ്രാപിക്കുന്നതിന് സ്വദേശീവ്രതം എത്രയും ആവശ്യമാണെന്നായിരുന്നു ആ മഹാത്മാവിന്റെ അഭിപ്രായം. ചുറ്റുമുള്ളവര്‍ അഥവാ അയല്‍പക്കക്കാര്‍ ഉത്പാദിപ്പിക്കുന്നവ ഉപയോഗിക്കാനുള്ള ഒരു ധാര്‍മിക കടമ നമുക്കുണ്ട്. വിദേശത്തുണ്ടാക്കുന്ന സാധനങ്ങളെക്കാള്‍ വില കൂടിയതും ഗുണം കുറഞ്ഞതുമാണെങ്കില്‍ക്കൂടി സ്വദേശത്തുണ്ടാക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് കഴിവുള്ളിടത്തോളം തന്റെ അയല്‍ക്കാരെ സഹായിക്കാന്‍ നാം ശ്രമിക്കണം. അവയുടെ പോരായ്മ നികത്താനായിരിക്കണം അയാളുടെ ഉദ്യമം. പോരായ്മകളുണ്ടെന്നു കരുതി അവയെ ഉപേക്ഷിച്ച് വിദേശ സാധനങ്ങള്‍ സ്വീകരിച്ചുകൂട. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സ്വദേശിത്വം വെറുപ്പില്‍ നിന്നുടലെടുത്ത സിദ്ധാന്തമല്ല; നിസ്വാര്‍ഥമായ സേവനത്തിന്റെ തത്ത്വശാസ്ത്രമാണത്. പരിശുദ്ധമായ അഹിംസയിലാണ്, സ്നേഹത്തിലാണ്, അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത്.

സ്വദേശീവ്രതം സാമ്പത്തിക മണ്ഡലത്തില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ലത്രെ. രാഷ്ട്രീയം, വിദ്യാഭ്യാസം, മതം എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വദേശീവ്രതത്തെ അടിസ്ഥാനമാക്കിയ ജീവിതം ആവശ്യമാണെന്ന് ഗാന്ധിജി കരുതി. സാമ്പത്തികരംഗത്ത് ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയെ അടിസ്ഥാനമാക്കിയ ഖാദിയും കുടില്‍ വ്യവസായങ്ങളും രാഷ്ട്രീയ രംഗത്ത് പഞ്ചായത്തീരാജിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വികേന്ദ്രീകൃത ഭരണസമ്പ്രദായവും, വിദ്യാഭ്യാസരംഗത്ത് ഭാരതത്തിന്റെ പരമ്പരാഗതമായ സംസ്കാരത്തിലടിയുറച്ചതും ഗ്രാമീണാഭിവൃദ്ധിയെ ലക്ഷീകരിച്ചുകൊണ്ടുള്ളതുമായ സംവിധാനങ്ങളും ആയിരിക്കണം സ്വതന്ത്രഭാരതത്തിന് ആവശ്യമെന്നും ഗാന്ധിജി നിര്‍ദേശിച്ചിരുന്നു. മതപരമായ കാര്യത്തില്‍ ജന്മനാ ഓരോരുത്തരും സ്വായത്തമാക്കിയ മതമാണാവശ്യമെന്നും അതില്‍ക്കൂടി ഈശ്വരസാക്ഷാത്കാരം നേടാന്‍ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. മതപരിവര്‍ത്തനത്തിന് ഗാന്ധിജി എതിരായിരുന്നു. അവരവരുടെ ധര്‍മത്തിന് എന്തെങ്കിലും ന്യൂനതകളോ കുറവുകളോ ഉണ്ടെങ്കില്‍ത്തന്നെ അവയില്‍നിന്നും സ്വന്തം മതത്തെ ഉദ്ധരിക്കേണ്ടത് തങ്ങളുടെതന്നെ കടമയാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ഇക്കാരണത്താലാണ് ഗാന്ധിജി അയിത്തത്തില്‍നിന്നും ഹൈന്ദവധര്‍മത്തെ ഉദ്ധരിക്കുവാന്‍ അനവരതം പരിശ്രമിച്ചുകൊണ്ടിരുന്നത്.

നിര്‍ഭയത്വം

ഭയമില്ലാതിരുന്നാല്‍ മാത്രമേ ഏതൊരു സത്യാന്വേഷിക്കും ഉദ്ദിഷ്ടലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്‍ പലവിധത്തിലുള്ള ഭയത്തിന് അടിമയാണ്. ഭയത്തില്‍നിന്നും പൂര്‍ണമായും മുക്തനാകുന്ന ഒരു വ്യക്തിക്കുമാത്രമേ ഈശ്വരനെ പ്രത്യക്ഷത്തില്‍ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ. പരിപൂര്‍ണമായ നിര്‍ഭയത്വം പരമതത്ത്വത്തെ സാക്ഷാത്കരിച്ച ഒരാള്‍ക്കു മാത്രമേ നേടാനാവൂ. എന്തുകൊണ്ടെന്നാല്‍ വ്യാമോഹങ്ങളില്‍ നിന്നുമുള്ള വിമുക്തിയാണത്. ദൃഢവും നിരന്തരവുമായ പ്രയത്നംകൊണ്ട് ആര്‍ക്കും ഈ ലക്ഷ്യത്തിലെത്തിച്ചേരാവുന്നതാണ്. നിര്‍ഭയത്വം എന്നുപറയുന്നത് എല്ലാ ബാഹ്യഭയങ്ങളില്‍ നിന്നുമുള്ള മുക്തിയാണ്; രോഗം, ശാരീരികമായ ക്ഷതം, മരണം, കീര്‍ത്തിനാശം, സ്വത്തുനഷ്ടം, പ്രിയപ്പെട്ട ആളുകള്‍ കൈവിട്ടുപോകല്‍, മറ്റുള്ളവര്‍ക്കു അഹിതമായി പെരുമാറല്‍ ഇങ്ങനെ പലതില്‍നിന്നുമുള്ള പേടിയാണ് ബാഹ്യമായ ഭയം. മരണഭീതിക്കതീതനായ ഒരാള്‍ മറ്റെല്ലാഭീതിക്കും അതീതനാണ് എന്നൊരു സങ്കല്പം പരക്കെയുണ്ട്. എന്നാല്‍ അത് ശരിയല്ല എന്നു ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. അതുപോലെതന്നെ മൃഗീയവികാരം, കോപം തുടങ്ങിയ ആഭ്യന്തരശത്രുക്കളെ സദാ സൂക്ഷിക്കേണ്ടതുമുണ്ട്. ശരീരത്തോടുള്ള ആഭിമുഖ്യമാണ് ഇവയ്ക്കു കാരണം. അതിനാല്‍ ശരീരത്തോടുള്ള ആഭിമുഖ്യം വെടിഞ്ഞാലുടനെ അവ അപ്രത്യക്ഷമാകും. എല്ലാ ബാഹ്യഭയങ്ങളും നമ്മുടെതന്നെ കാഴ്ചപ്പാടുണ്ടാക്കിവയ്ക്കുന്ന അടിസ്ഥാനമറ്റ കാര്യങ്ങളാണ്. ധനം, കുടുംബം, ശരീരം എന്നിവയോടുള്ള ആഭിമുഖ്യം അകറ്റിക്കളയുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ഭയത്തിന് ഇടമില്ലാതാകും.

സര്‍വധര്‍മസമഭാവന

അവരവരുടെ മതത്തെപ്പോലെ തന്നെ മറ്റുള്ളവരുടെ മതത്തെയും ബഹുമാനിക്കുകയെന്നതാണ് സര്‍വധര്‍മസമഭാവനകൊണ്ടുദ്ദേശിക്കുന്നത്. സാധാരണയായി തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠമായിട്ടുള്ളതെന്നും അതിനാല്‍ മറ്റു മതക്കാരെ തങ്ങളുടെ മതത്തിലേക്കു കൊണ്ടുവരേണ്ടത് ധര്‍മമായിക്കരുതുന്നവരുമാണ് ഭൂരിപക്ഷം പേരും. ഈ അശാസ്ത്രീമായ ചിന്തയാണ് വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിതെളിക്കുക. അതിനാല്‍ മറ്റുള്ളവരുടെയെന്നല്ല, സകല മതങ്ങളെയും ബഹുമാനിക്കുകയെന്നത് മാനവൈക്യത്തിന് എത്രയും ആവശ്യമാണ്.

ഗാന്ധിജി

ഗാന്ധിജി ഒരു സനാതന ഹിന്ദുവായിരുന്നു. ഹിന്ദുധര്‍മത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്: 'വിലമതിക്കാന്‍ നിര്‍വാഹമില്ലാത്ത രത്നങ്ങള്‍കൊണ്ടു നിറഞ്ഞ അനന്തവിസ്തൃതമായ സമുദ്രംപോലെയാണ് ഹിന്ദുധര്‍മം. കൂടുതല്‍ അഗാധതയിലേക്കു മുങ്ങുന്തോറും വളരെ വിലമതിപ്പുള്ള രത്നങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്നു.' എങ്കിലും അദ്ദേഹം സര്‍വധര്‍മങ്ങളെയും ബഹുമാനിച്ചിരുന്നു. അതുകൊണ്ടാണ് തന്റെ ദിവസവുമുള്ള പ്രാര്‍ഥനയില്‍ എല്ലാ മതങ്ങളില്‍ നിന്നുമുള്ള ഗീതങ്ങളും സ്തുതിവചനങ്ങളും ഉള്‍പ്പെടുത്തിയിരുന്നത്. ഹിന്ദുവിന് ഒരു ദൈവവും ക്രിസ്ത്യാനിക്ക് മറ്റൊരു ദൈവവും മുസല്‍മാന് വോറൊരു ദൈവവും ഉണ്ടായിരിക്കാനിടയില്ല. യഥാര്‍ഥത്തില്‍ ദൈവം ഏകവും അദ്വിതീയവുമാണ്. എന്നാല്‍ പല പേരുകള്‍ പറഞ്ഞ് അദ്ദേഹത്തെ വിളിക്കുന്നുവെന്നുമാത്രം. അതിനാല്‍ ഒരു മതത്തെയും വിദ്വേഷിക്കാന്‍ ഒരു ശരിയായ ഈശ്വരഭക്തന് സാധ്യമല്ല.

അതേസമയം യുക്തിക്കു നിരക്കാത്തതും സത്യവിരുദ്ധവുമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഗാന്ധിജി നിരാകരിച്ചിരുന്നു. അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത് ഇപ്രകാരമാണ്: 'യുക്തിക്കു നിരക്കാത്തതും ധര്‍മത്തിന് വിരുദ്ധവുമായിട്ടുള്ള ഏതൊരു മതസിദ്ധാന്തത്തെയും ഞാന്‍ നിരാകരിക്കുന്നു. യുക്തി സഹമല്ലാത്ത മതവികാരങ്ങളെ - അവ ധര്‍മവിരുദ്ധമല്ലെങ്കില്‍ ഞാന്‍ സഹിക്കുന്നു.' ഉദ്ബുദ്ധമായ ചിന്തയ്ക്കും യുക്തിക്കും നിരക്കാത്ത മതാചാരങ്ങളെ ഗാന്ധിജി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ കാളിക്ഷേത്രത്തിലെ മൃഗബലിയെ അംഗീകരിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതുപോലെതന്നെ ഹിന്ദുക്ഷേത്രങ്ങളിലെ ശുചിത്വമില്ലായ്മയും അദ്ദേഹത്തിന് അസഹ്യമായിത്തോന്നി. കാശിയിലെ തെരുവീഥികളിലെ വൃത്തികേടുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. അയിത്തത്തിനും ഭിക്ഷക്കാര്‍ക്കു നല്കപ്പെടുന്ന അന്നദാനത്തിനും അദ്ദേഹം എതിരായിരുന്നു. മതങ്ങള്‍ മനുഷ്യരുടെ മധ്യേ മതിലുകള്‍ നിര്‍മിച്ചിരിക്കുന്നതും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും ഗാന്ധിജിയെ ദുഃഖിപ്പിച്ചു. സാധാരണ രീതിയിലുള്ള ഒരു മതമല്ല അദ്ദേഹത്തിന്റേത്. മതത്തിന്റെ പുറംചട്ടയെക്കാളും അതിന്റെ അന്തഃസത്ത അദ്ദേഹത്തെ ആകര്‍ഷിച്ചു. മതത്തിനുപകരം ആത്മീയതയായിരുന്നു ഗാന്ധിജിയുടെ ജീവിതത്തിന് പ്രചോദനം നല്കിയത്. ആത്മീയതത്ത്വങ്ങള്‍ എല്ലാ മതങ്ങള്‍ക്കും പൊതുസ്വത്താകുന്നു. അതിനാലാണ് അദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നതും മാനവൈക്യത്തിന് എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതാവശ്യമാണെന്ന് ഉദ്ഘോഷിച്ചതും.

ശ്രീരാമകൃഷ്ണദേവന്‍ ദൈവത്തെ പ്രത്യക്ഷമായി കണ്ടുകൊണ്ടിരുന്നുവെന്നും അതുപോലെ ദൈവത്തെ അന്യര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ സാധിക്കുമെന്നും പറഞ്ഞിരുന്നു. ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ തനിക്കു ലഭിച്ചിരുന്നുവെന്ന് ഗാന്ധിജിയും പ്രസ്താവിച്ചിട്ടുണ്ട്. വെല്ലുവിളികളും പരീക്ഷണങ്ങളുംകൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന അവസരങ്ങളിലെല്ലാം ഗാന്ധിജി ഏകാഗ്രതയില്‍ മുഴുകുകയും അന്തരാത്മാവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ ഈശ്വരന്റെ ശബ്ദം തനിക്കു കേള്‍ക്കാമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ദൈവത്തിന്റെ ദിവ്യസാന്നിധ്യം അദ്ദേഹത്തിന് അനുഭവവേദ്യമായിരുന്നത്രെ. ഒരു വൃക്ഷത്തില്‍നിന്നും ഒരിലപോലും സൃഷ്ടികര്‍ത്താവിന്റെ ഇംഗിതമില്ലാതെ താഴെ വീഴുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രപഞ്ചം മുഴുവനും ഈശ്വരനാല്‍ ആവാസിതമാണെന്നും അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസം ഉണ്ടാക്കിയത് ഈശാവാസ്യ ഉപനിഷത്തിലെ പ്രഥമമന്ത്രമായിരുന്നു. ഈശാവാസ്യത്തിലെ പ്രഥമമന്ത്രം ഭാരതീയരുടെ സ്മൃതിപഥങ്ങളില്‍ അവശേഷിക്കുന്നിടത്തോളം കാലം, ഒരു മഹാപ്രളയം വന്നു മറ്റെല്ലാംതന്നെ നശിച്ചുപോയാലും ഹൈന്ദവധര്‍മം അവശേഷിക്കുമെന്ന് മഹാത്മജി അഭിപ്രായപ്പെട്ടു.

"ഈശാവാസ്യമിദം സര്‍വം

യത് കിംച ജഗത്യാം ജഗത്;

തേനത്യക്തേന ഭുംജീഥാ:

മാഗൃധഃ കസ്യസ്നിദ്ധനം.

ഈ വിശ്വം മുഴുവനും ഈശ്വരനാല്‍ ആവാസിതമായിരിക്കുന്നുവെന്നും അതിനാല്‍ ആരുടെയും ധനം അപഹരിക്കുവാന്‍ പാടില്ലെന്നും അതേസമയം അന്യര്‍ക്കുകൂടി നല്കിക്കൊണ്ട് ഈശ്വരന്റെ വിഭൂതിയായ പ്രകൃതിവിഭവങ്ങളെ അനുഭവിച്ചുകൊള്ളാമെന്നുമാണ് പ്രസ്തുത മന്ത്രം അനുശാസിക്കുന്നത്. ഈ മന്ത്രം നവോത്ഥാനത്തിന്റെ നേതാക്കന്മാരെയെല്ലാം അത്യധികം സ്വാധീനിക്കുകയും സമര്‍പ്പണപൂര്‍വമായ ദിവ്യജീവിതത്തിനു പ്രേരണ നല്കുകയും ചെയ്തിട്ടുണ്ട്.

ഗാന്ധിജി ഈശ്വരന്റെ സാന്നിധ്യത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ളതിപ്രകാരമാണ്: 'അദ്ദേഹം ഏകമാണ്; എങ്കിലും അനേകവുമാണ്. പരമാണുവിനെക്കാള്‍ സൂക്ഷ്മമാണ്; ഹിമാലയത്തെക്കാള്‍ ബൃഹത്തുമാണ്. കടലിലെ ഒരുതുള്ളി വെള്ളത്തില്‍ പോലും അദ്ദേഹം അടങ്ങിയിരിക്കുന്നു; എന്നാല്‍ സപ്തസാഗരങ്ങള്‍ക്കും അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ല. അദ്ദേഹത്തെ അറിയുവാന്‍ യുക്തി അശക്തമാണ്. യുക്തിക്ക് കൈയെത്താവുന്നതിനുമപ്പുമാണ്. ഇക്കാര്യത്തില്‍ വിശ്വാസം അത്യാവശ്യമാണ്. എന്റെ വിശ്വാസം എന്റെ യുക്തിയെക്കാള്‍ എത്രയോ മുന്‍പേ പായുന്നു. അതുകൊണ്ട് ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് എനിക്കു പറയാന്‍ കഴിയും, ഈശ്വരന്‍ ഉണ്ട്, ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും.'

ഗാന്ധിജിയെപ്പോലെ ഇത്ര അസന്ദിഗ്ധമായ ഭാഷയില്‍ ഈശ്വരസാന്നിധ്യത്തെക്കുറിച്ചു പ്രഖ്യാപനം ചെയ്തിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്; ഭഗവാന്‍ ശ്രീരാമകൃഷ്ണദേവനൊഴിച്ചാല്‍ നവോത്ഥാനത്തിന്റെ നേതാക്കന്മാരില്‍ ഈശ്വരസാന്നിധ്യം ഇത്ര പ്രകടമായും വ്യക്തമായും അനുഭവിച്ചവര്‍ വിരളമാണ്. തനിക്ക് എന്തെങ്കിലും ആത്മീയാനുഭൂതി ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഗാന്ധിജി നല്കിയ മറുപടി പ്രഖ്യാപിതമാണ്. തെക്കേ ആഫ്രിക്കയില്‍വച്ച്, തണുത്തു മരവിച്ച അര്‍ധരാത്രിയില്‍ തീവണ്ടിയിലെ ഒന്നാംക്ലാസ് കമ്പാര്‍ട്ടുമെന്റില്‍നിന്നും താഴത്തേക്കു വലിച്ചെറിയപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവമാണ് തന്നെ ഏറ്റവും സ്പര്‍ശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സമാധിക്കു തുല്യമായ അനുഭവമായിരുന്നുവത്രെ അത്. അന്നത്തെ രാത്രിമുഴുവന്‍ അദ്ദേഹം നിരന്തരമായ പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. ആ വിശിഷ്ടാനുഭവത്തില്‍ നിന്നുമായിരുന്നു 'സത്യാഗ്രഹം' എന്ന ആശയം ഉടലെടുത്തത്. ഒരു സത്യാഗ്രഹിക്കു ശത്രുവില്ല. എങ്കിലും ശത്രുത ഭാവിച്ചുകൊണ്ട് അന്യര്‍ ചെയ്യുന്ന തെറ്റുകളില്‍നിന്നും അവരെ രക്ഷിക്കുന്നതിനായി സ്വയം കഷ്ടതകളനുഭവിക്കാന്‍ തയ്യാറാവുകയാണ് സത്യാഗ്രഹം. അതുകൊണ്ട് എതിരാളിയുടെ ഹൃദയപരിവര്‍ത്തനം സംഭവിക്കുക തന്നെ ചെയ്യും. സത്യാഗ്രഹിയുടെ വിചാരശുദ്ധിയിലും സന്മാര്‍ഗപ്രവൃത്തിയിലുമാണ് സത്യാഗ്രഹത്തിന്റെ ശക്തിയിരിക്കുന്നത്. പ്രാര്‍ഥനാബദ്ധമായ മനസ്സോടെ പ്രതിയോഗിയുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതാണ് സത്യാഗ്രഹം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും സ്നേഹിതന്മാരെന്ന നിലയിലാണ് പിരിഞ്ഞത്. മിത്രങ്ങളായി പിരിയുവാന്‍ ഗാന്ധിജി തങ്ങള്‍ക്കു അസുലഭമായ അവസരം നല്കിയെന്നു പല ബ്രിട്ടീഷുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ധാര്‍മിക നേതാവ്

തത്ത്വശാസ്ത്രത്തിന്റെ രംഗത്ത് നൂതനമായ ചിന്താസരണിയൊന്നും ഗാന്ധിജി വെട്ടിത്തുറന്നില്ല. എങ്കിലും ഏകാദശവ്രതങ്ങളില്‍ അധിഷ്ഠിതമായ ഒരു നീതിശാസ്ത്രത്തിന് അദ്ദേഹം ജന്മം നല്കി. ശ്രീമദ് ഭഗവത്ഗീതയായിരുന്നു അതിന്റെ ഉറവിടം. ഗീതയുടെയും യോഗസൂത്രങ്ങളുടെയും വിശ്വോത്തരമായ വ്യാഖ്യാനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഏതൊരാള്‍ക്കും സത്യധര്‍മാനുഷ്ഠാനപരമായ ജീവിതചര്യയില്‍ക്കൂടി ഈശ്വരസാക്ഷാത്കാരം കൈവരുത്തുവാന്‍ സാധിക്കുമെന്ന് അദ്ദേഹം സ്വന്തം ജീവിതാനുഭവത്തില്‍ക്കൂടി പ്രഖ്യാപനം ചെയ്തു. മറ്റെന്തിനെക്കാളും ഒരു ധാര്‍മികനേതാവും കര്‍മയോഗിയുമായിരുന്നു അദ്ദേഹം. തിന്മയെ നന്മകൊണ്ടും ഹിംസയെ അഹിംസകൊണ്ടും കീഴടക്കുവാനുള്ള ഒരു നവീനശാസ്ത്രത്തിന്-സത്യാഗ്രഹശാസ്ത്രത്തിന്-അദ്ദേഹം രൂപം നല്കി. ഇതൊരു പുതിയ കണ്ടുപിടിത്തമായിരുന്നു. അണുബോംബിന്റെ ഭീതിയില്‍ക്കഴിയുന്ന മാനവരാശിക്കു സത്യാഗ്രഹശാസ്ത്രം ഒരു രക്ഷാകവചമാണ്. ലോകത്തെ മുഴുവന്‍ നശിപ്പിക്കുവാന്‍ കഴിവുള്ള അണുബോംബിനുപകരം സ്നേഹത്തില്‍ക്കൂടി തിന്മയെയും ഹിംസയെയും കീഴടക്കുവാനാണ് അത് നമ്മെ പഠിപ്പിക്കുന്നത്. ആത്മീയശക്തികൊണ്ടു മാത്രമേ, അതായത് പ്രേമവും കരുണയും മൈത്രിയും കൊണ്ടു മാത്രമേ, ഹിംസയുടെയും തിന്മയുടെയും മൂര്‍ത്തഭാവമായ അണുബോംബിനെ കീഴടക്കുവാന്‍ സാധിക്കയുള്ളുവെന്ന് ആധുനിക ലോകത്തെ പഠിപ്പിച്ച ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാണ്.

(ശാന്തിനികേതനം കെ. കൃഷ്ണന്‍നായര്‍; പ്രൊഫ. ആര്‍.എസ്. വര്‍മാജി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍