This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധിഗ്രാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്ധിഗ്രാം

Gandhigram

ഗാന്ധിയന്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം നല്കുന്ന ഇന്ത്യയിലെ പ്രമുഖ വിദ്യാകേന്ദ്രം. 1956-ല്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തമിഴ്നാട്ടിലെ മധുരയില്‍നിന്ന് 56 കി.മീ. വടക്കായി സിരുമല കുന്നുകള്‍ക്ക് സമീപം ഇതു സ്ഥിതിചെയ്യുന്നു. പ്രമുഖ ഗാന്ധിയനായ ഡോ.ജി. രാമചന്ദ്രനും പത്നി ഡോ. സൌന്ദരം രാമചന്ദ്രനും ചേര്‍ന്നാണ് ഈ സ്ഥാപനം ആരംഭിച്ചത്. തുടക്കത്തില്‍ ഒരു ചെറുഗ്രാമത്തിലെ രണ്ടു കെട്ടിടങ്ങളും 100 വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ഉള്‍പ്പെട്ട ഒരു ബേസിക് ട്രെയിനിങ് സ്കൂളും ബേസിക് സ്കൂളും ഗ്രാമീണ ആശുപത്രിയുമാണുണ്ടായിരുന്നത്. ക്രമേണ സ്ഥാപനം വളര്‍ന്നു വികസിച്ച് ഇന്ത്യയിലെ പ്രശസ്തങ്ങളായ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായി മാറി. 1956-ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (UGC) ആക്റ്റ് അനുസരിച്ച് 1976 ആഗ. 3-ന് കേന്ദ്ര ഗവണ്‍മെന്റ് ഈ സ്ഥാപനത്തെ ഒരു 'ഡീംഡ് യൂണിവേഴ്സിറ്റി'(Deemed University)യായി ഉയര്‍ത്തി.

ഗ്രാമങ്ങളുടെ നന്മയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് ഗാന്ധിജി വിഭാവന ചെയ്തിരുന്നതരത്തിലുള്ള ഉന്നത വിദ്യാഭ്യാസം നല്കുകയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ഗ്രാമീണതലത്തില്‍ ഉന്നതവിദ്യാഭ്യാസം നടക്കേണ്ട രീതിയെ സംബന്ധിച്ച് ഡോ. എസ്. രാധാകൃഷ്ണനും ഡോ. കെ.എല്‍. ശ്രീമാലിയും ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ഇപ്പോള്‍ ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിച്ചിട്ടുള്ളത്.

ഗാന്ധിയന്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമവികസനവും ഗ്രാമ പുനര്‍നിര്‍മാണവും ലക്ഷ്യമാക്കിക്കൊണ്ടാണ് ഗവേഷണ വിഷയങ്ങളും പാഠ്യവിഷയങ്ങളും തെരഞ്ഞെടുക്കുന്നത്. ഭാരതത്തിലെ പഴയ ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും അടുത്തിടപഴകി ഒരേ കാമ്പസില്‍ ജീവിക്കുന്ന ഒരു സംവിധാനമാണിവിടെയുള്ളത്. സോഷ്യലിസത്തിലും സഹകരണത്തിലും അധിഷ്ഠിതമായ വര്‍ണ വര്‍ഗരഹിത ഗ്രാമീണ സമൂഹസൃഷ്ടിയാണ് ലക്ഷ്യം. സ്വയം മാതൃക കാട്ടിക്കൊണ്ടു യുവജനങ്ങളെ ആ വഴി സ്വീകരിക്കാന്‍ സജ്ജമാക്കുകയാണ് അതിനുള്ള ഉപാധിയായി സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു വിഷയത്തെ കേന്ദ്രീകരിച്ചുള്ളതല്ല പാഠ്യപദ്ധതി; ഗ്രാമീണ ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ ആവശ്യമായ വിവിധ വിഷയങ്ങള്‍ പാഠ്യക്രമത്തില്‍ ഉണ്ടാകും. വിദ്യാര്‍ഥികളെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ചിട്ടുള്ള 'ശാന്തിസേന'യിലെ അംഗങ്ങളാണ്. സാമൂഹിക ജീവിതത്തില്‍ അച്ചടക്കം പാലിക്കുന്നതിനും നേതൃത്വഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ഉതകുന്ന പരിശീലനം ശാന്തിസേനയിലെ അംഗങ്ങള്‍ക്ക് നല്കിവരുന്നു.

സാമൂഹികക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള പരിപാടികള്‍, വികസന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഗാന്ധിഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിരുദ, ബിരുദാനന്തര തലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ കോഴ്സുകള്‍ ഉള്ളതിനു പുറമേ എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍ക്കായി ഗവേഷണപഠനസൌകര്യങ്ങളും ഇവിടെയുണ്ട്. എല്ലാ കോഴ്സുകള്‍ക്കും 50 ശതമാനം മാര്‍ക്ക് ആന്തരിക വിലയിരുത്തലിന്റെ (Internal assessment) അടിസ്ഥാനത്തിലാണ് നല്കപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്ക് പലതരം സ്കോളര്‍ഷിപ്പുകള്‍ നല്കിവരുന്ന ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്റ്റൈപ്പെന്‍ഡും കൊടുക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രന്ഥശാലയില്‍ 60,000-ത്തോളം ഗ്രന്ഥങ്ങള്‍ ഉണ്ട്. ഇവിടത്തെ പ്രധാന പാഠ്യവിഷയങ്ങളായ ഗ്രാമീണ വികസനം, ഗ്രാമീണ വ്യവസായം, സഹകരണം, ആരോഗ്യം, ശുചിത്വം, കൃഷി, മൃഗസംരക്ഷണം, ഗാന്ധിയന്‍ ചിന്തകള്‍, സമാധാനം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഈ ഗ്രന്ഥശേഖരങ്ങളില്‍ അധികവും.

ഗ്രാമീണ ജനതയ്ക്കു തങ്ങളുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുത്തി ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കാനാണ് ഗാന്ധിഗ്രാം ശ്രമിക്കുന്നത്. അതിനായി സ്വീകരിച്ചിട്ടുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ജനസംഖ്യ നിയന്ത്രിക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായം വ്യാപിപ്പിക്കുക, സാങ്കേതികവിദ്യ ഗ്രാമീണജനങ്ങള്‍ക്ക് പാകത്തില്‍ പകര്‍ന്നുകൊടുക്കുക, ചെറുസംഘങ്ങള്‍ രൂപീകരിച്ച് പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഗ്രാമപുരോഗതി ഉറപ്പാക്കുകയും ചെയ്യുക എന്നിവ. ഇതിനായി പരിശീലനവും നല്കിവരുന്നുണ്ട്.

2,300 വിദ്യാര്‍ഥികളും 125 അധ്യാപകരും പ്രവര്‍ത്തകരും ഉള്‍പ്പെട്ട സര്‍വകലാശാല പഠനകേന്ദ്രമാണ് ഇപ്പോഴത്തെ ഗാന്ധിഗ്രാം. അധ്യാപനം, പരിശീലനം, ഉത്പാദനം, ആരോഗ്യസംരക്ഷണം, സഹകരണം, വ്യാപനം, ഗവേഷണം എന്നീ വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേക സ്ഥാപനങ്ങളുണ്ട്. ഗ്രാമീണ വ്യവസായ സംരംഭങ്ങളും സഹകരണ പ്രസ്ഥാനവും സേവാദള്‍ സംഘടനയും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

കേന്ദ്രഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗം ഗാന്ധിഗ്രാമിനെ റൂറല്‍ ടെക്നോളജി ട്രാന്‍സ്ഫറിനുള്ള ഗവേഷണ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഗാന്ധിഗ്രാമിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രമുഖസ്ഥാപനമാണ് 'ഗാന്ധിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ സെന്റര്‍'. ഡോ. ജി. രാമചന്ദ്രനായിരുന്നു റൂറല്‍ യൂണിവേഴ്സി റ്റിയായി മാറിയ ഗാന്ധിഗ്രാമിന്റെ പ്രഥമ വൈസ് ചാന്‍സലര്‍.

1947-ല്‍ രൂപംകൊണ്ട ഗാന്ധിഗ്രാം ട്രസ്റ്റ് സാമൂഹിക നന്മയ്ക്കായി നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഗാന്ധിഗ്രാമിലെയും തിരുനെല്‍വേലിയിലെ ശിവശൈലത്തെയും 'ചില്‍ഡ്രന്‍സ് ഹോം', കസ്തൂര്‍ബാസേവികാശ്രമം, വിധവകള്‍ക്കുള്ള അഭയകേന്ദ്രം, പെണ്‍കുട്ടികള്‍ക്കുള്ള പുനരധിവാസകേന്ദ്രം, ബധിരര്‍ക്കുള്ള ശാന്തി വിദ്യാലയം, ഗാന്ധിഗ്രാം പ്രൈമറിസ്കൂള്‍, 'ലക്ഷ്മി കോളജ് ഒഫ് എഡ്യൂക്കേഷന്‍' (ബി.എഡ്. കോളജ്) എന്നിവ ഇവയില്‍ പ്രമുഖങ്ങളാണ്. ഏതാനും ആശുപത്രികളും ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100-ല്‍പ്പരം ഗ്രാമങ്ങള്‍ ഗാന്ധിഗ്രാമിന്റെ പ്രവര്‍ത്തന മേഖലയിലുണ്ട്. 'കണ്ണിമാന്നത്ത്' എന്ന ഗ്രാമത്തില്‍ ജനനമരണ നിരക്കുകള്‍ തുലന നിലയിലാക്കി ദേശീയ തലത്തില്‍ പ്രശസ്തി നേടാനും ഗാന്ധിഗ്രാമിനു കഴിഞ്ഞിട്ടുണ്ട്. വിദേശികളും തദ്ദേശീയരുമായ ധാരാളം വിദ്യാര്‍ഥികള്‍ ഹ്രസ്വകാല-ദീര്‍ഘകാല പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായി ഗാന്ധിഗ്രാമില്‍ എത്താറുണ്ട്. ഏവരെയും ഹഠാദാകര്‍ഷിക്കാന്‍ പോരുന്നതാണ് ഗാന്ധിഗ്രാമിലെ അന്തരീക്ഷവും പരിസരവും പ്രവര്‍ത്തന ശൈലിയും.

(ഡോ. കെ. ശിവദാസന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍