This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്ധാരി

മഹാഭാരതത്തിലെ ഒരു കഥാപാത്രം. ഗാന്ധാരത്തിലെ രാജാവായ സുബലന്റെ പുത്രിയും ധൃതരാഷ്ട്രരുടെ പത്നിയും. ശകുനിയുടെ സഹോദരിയും സൗബലി, സൗബലേയി എന്നും പേരുകളുണ്ട്. ഭീഷ്മരുടെ അഭീഷ്ടം മാനിച്ച് സുബലന്‍, ജന്മനാ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയെ വിവാഹം ചെയ്തുകൊടുത്തു. പതിവ്രതയായ ഗാന്ധാരി സ്വന്തം കണ്ണുകള്‍ വെള്ളത്തുണികൊണ്ടു മൂടിക്കെട്ടി ഭര്‍ത്തൃസേവനത്തില്‍ മുഴുകി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്താനമുണ്ടാകാത്തതില്‍ ദുഃഖിതയായിക്കഴിഞ്ഞുവന്ന ഗാന്ധാരിയെക്കാണാന്‍ ഒരിക്കല്‍ വ്യാസന്‍ എത്തി. ഗാന്ധാരിയുടെ ആതിഥ്യമര്യാദയില്‍ സന്തുഷ്ടനായ മഹര്‍ഷി, അവരുടെ ദുഃഖകാരണം ഗ്രഹിച്ച് നൂറു പുത്രന്മാരുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. ധൃതരാഷ്ട്രരില്‍ നിന്ന് ഗര്‍ഭംധരിച്ച ഗാന്ധാരി രണ്ടു വര്‍ഷമായിട്ടും പ്രസവിക്കാതെയായപ്പോള്‍ വയറ്റിലടിച്ച് ഗര്‍ഭം ഉടച്ചു. ഉടന്‍ അവര്‍ ഒരു മാംസപിണ്ഡത്തെ പ്രസവിച്ചു. അവിടെ എത്തിയ വ്യാസന്‍, ഗാന്ധാരിയുടെ ആഗ്രഹനിവൃത്തിക്ക് മാംസപിണ്ഡത്തെ നൂറ്റൊന്നു കഷ്ണങ്ങളാക്കി നൂറ്റൊന്നു കലശങ്ങളില്‍ നിക്ഷേപിച്ചു. കലശങ്ങളില്‍ നിന്ന് യഥാകാലം ജാതരായവരാണ് കൗരവര്‍-ദുര്യോദനാദികളായ നൂറു പുത്രനാമാരും ദുശ്ശള എന്ന പുത്രിയും.

കുരുക്ഷേത്ര യുദ്ധത്തിനുശേഷം ധൃതരാഷ്ട്രരുടെ താത്പര്യമനുസരിച്ച് പുത്രബന്ധുജനവിയോഗത്താല്‍ ദുഃഖിതയായിരുന്ന ഗാന്ധാരിയുടെ മുമ്പില്‍ പാണ്ഡവന്മാര്‍ എത്തി. ഗാന്ധാരി കോപം കൊണ്ടു ജ്വലിച്ച് ശാപവചസ്സുകള്‍ വര്‍ഷിക്കാന്‍ തുടങ്ങവേ, വ്യാസന്‍ പ്രത്യക്ഷപ്പെട്ട് അതില്‍ നിന്ന് അവളെ വിലക്കുകയും ധര്‍മത്തിനു കൈവന്ന ജയമോര്‍ത്ത് സാന്ത്വനപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കണ്ണിന്റെ കെട്ടുകളഴിച്ച്, യുദ്ധക്കളത്തിലെത്തിയ ഗാന്ധാരി, ചേതനയറ്റുകിടന്ന പുത്രന്മാരുടെയും ബന്ധുക്കളുടെയും കബന്ധങ്ങള്‍ കണ്ട്, കോപസങ്കടാവേശത്തോടെ, എല്ലാ ദുരന്തത്തിനും കാരണക്കാരന്‍ ശ്രീകൃഷ്ണന്‍ തന്നെയെന്നാരോപിച്ച് യാദവവംശത്തിന്റെ സര്‍വനാശത്തിനായി ഉഗ്രശാപം ചൊരിഞ്ഞു. പ്രവചനം ഫലിച്ചു. യാദവവംശം നശിച്ചു. ശ്രീകൃഷ്ണന്‍ കാട്ടാളന്റെ ശരമേറ്റ് മൃതിയടഞ്ഞു.

ഗാന്ധാരി ധൃതരാഷ്ട്രരോടും കുന്തിയോടുമൊരുമിച്ച് വനത്തില്‍ ഗംഗാതീരത്തുള്ള ശതയൂപാശ്രമത്തിനു സമീപം പര്‍ണശാലകെട്ടി വസിച്ചു. വ്യാസന്റെ അനുഗ്രഹത്താല്‍ ഇഹലോകവാസം വെടിഞ്ഞ ബന്ധുജനങ്ങളെ അവസാനമായി ഗംഗാനദിയിലെ ജലപ്പരപ്പില്‍ അവര്‍ കണ്ടു. രണ്ടു നാള്‍ക്കകം അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയില്‍ മൂവരും ജീവത്യാഗം ചെയ്തു. പാതിവ്രത്യം, ത്യാഗം, സഹനത എന്നിവയുടെ അദ്ഭുതകരമായ സിദ്ധിവിശേഷം കൊണ്ട് ജീവിതവിജയം നേടിയ ഗാന്ധാരി, മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു.

(ഡോ. വിജയാലയം ജയകുമാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍