This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാദ്

Gad

ഒരു ഗോത്രനാമം. പഴയ നിയമത്തില്‍ പരാമൃഷ്ടനായ യാക്കോബിന് ഭാര്യ ലേയയുടെ ദാസി സില്പയില്‍ ജനിച്ച പുത്രനും പുത്രന്റെ പിന്‍ഗാമികള്‍ ഉള്‍ക്കൊള്ളുന്ന ഗോത്രത്തിനും ഗാദ് എന്നുപറയുന്നു. മറ്റു ഗോത്രനാമങ്ങള്‍ പോലെ ഗാദും ഒരു ദേവതയുടെ പേരാണ്. ഭാഗ്യം എന്നാണ് ഈ വാക്കിനര്‍ഥം. സൈന്യം എന്നും അര്‍ഥമുണ്ട്. ഗോത്രത്തിലുള്‍പ്പെട്ടവരുടെ യുദ്ധപാടവത്തെ ഇതു സൂചിപ്പിക്കുന്നു. സീനായി മരുഭൂമിയില്‍ ഗോത്രജനങ്ങളുടെ എണ്ണം എടുത്ത സമയത്ത് ഇരുപതുവയസ്സിനു മുകളിലുള്ള 45,650 ഗാദ്യര്‍ ഉണ്ടായിരുന്നു.

ചാവുകടലിനു വടക്കു കിഴക്കന്‍ ഭാഗങ്ങളും ജോര്‍ദാന്‍ നദിയുടെ മധ്യഭാഗത്തിനു കിഴക്കുള്ള സ്ഥലങ്ങളും മോശ ഇവര്‍ക്ക് അവകാശ ഭൂമിയായി നല്കി. ജോര്‍ദാന്റെ കിഴക്കുഭാഗത്താണ് ഗാദ് പ്രവിശ്യ. ഗിലയാദ് എന്ന പേരിലാണ് ഈ ഭാഗം സാധാരണ അറിയപ്പെടുന്നത്. ഈജിപ്തില്‍ നിന്ന് വാഗ്ദത്തനാട്ടിലേക്കുള്ള പ്രയാണത്തിനിടയില്‍ ജോര്‍ദാന്‍ തീരത്ത് എത്തുമ്പോള്‍ യാസേര്‍ദേശവും ഗിലയാദും ആടുമാടുകളെ വളര്‍ത്തുവാന്‍ പറ്റിയ സ്ഥലമാണെന്നു കണ്ട് ഇടയഗോത്രങ്ങളായ ഗാദ്യരും രൂബേന്യരും അവിടെ പാര്‍പ്പുറപ്പിക്കുവാന്‍ മോശയോട് അനുവാദം ചോദിച്ചു. മറ്റു ഗോത്രക്കാര്‍കൂടി സ്വന്തം രാജ്യം സ്ഥാപിക്കുന്നതുവരെ ഒപ്പം യുദ്ധസന്നദ്ധരായി നടന്നു കൊള്ളാം എന്ന് ഇവര്‍ വാക്കു നല്കിയപ്പോള്‍ മോശ അവരെ അതിന് അനുവദിച്ചു. യുദ്ധം കഴിഞ്ഞപ്പോള്‍ ഇവര്‍ അവകാശദേശത്തേക്ക് മടങ്ങിവന്നു.

ന്യായാധിപന്മാരുടെ കാലത്തെ യുദ്ധവിജയത്തിനുശേഷം ഗിലയാദ്യരെ അമ്മോന്യര്‍ കീഴടക്കുകയും യിപ്താഹ് ഇവരെ വിടുവിക്കുകയും ചെയ്തു. ശൌലും ദാവീദുമായുള്ള സംഘട്ടനത്തില്‍ ഗാദ്യരും മറ്റും ദാവീദിനെ സഹായിച്ചു. പില്ക്കാലത്ത് വടക്കന്‍ ഗോത്രങ്ങള്‍ യൊരോബയാം രാജാവിനെതിരെ വിപ്ലവം നടത്തിയപ്പോള്‍ ഇവര്‍ അദ്ദേഹത്തിന് പിന്തുണ നല്കി. അതുകൊണ്ടായിരിക്കാം അദ്ദേഹം ഗാദ്യപ്രദേശത്തെ പെനുവേലിലേക്ക് തലസ്ഥാനം മാറ്റിയത്. ബി.സി. 734-ല്‍ ഗാദ്യരെ തിക്ലത് പിലേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയി.

2. ദാവീദിന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു പ്രവാചകന്‍ (seer). ആരാധനയ്ക്കുള്ള സംഗീതം സംവിധാനം ചെയ്തത് ഇദ്ദേഹമാണെന്ന് ദിനവൃത്താന്തം ഒന്നാം പുസ്തകത്തില്‍ കാണുന്നു. ദാവീദിന്റെ ഭരണകാലത്തെക്കുറിച്ച് ഒരു ചരിത്രവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

3. ശമുവേലിന്റെ രണ്ടാം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഒരു താഴ്വരയ്ക്കും ഗാദ് എന്നു പേരുണ്ട് (ശാമുവേല്‍:24:5).

4. പുരാതന കനാന്യഭാഗ്യദേവതയും ഈ നാമത്തില്‍ അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍