This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാണപത്യന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാണപത്യന്മാര്‍

ഗണപതിയെ പരദേവതയായി ഉപാസിക്കുന്ന ജനവിഭാഗം. വേദാന്തികളുടെ ബ്രഹ്മത്തിന്റെ സ്ഥാനത്ത് ഗാണപത്യന്മാര്‍ ഗണപതിയെ അവരോധിച്ചിരിക്കുന്നു.

ഗണപത്യുപനിഷത്തില്‍ ഗണപതിയെ ഇപ്രകാരം വര്‍ണിച്ചിരിക്കുന്നു: "നീ തന്നെയാണ് പ്രത്യക്ഷ തത്ത്വം, നീ തന്നെയാണ് കര്‍ത്താവ്, നീ തന്നെയാണ് ധര്‍ത്താവ്, നീ തന്നെയാണ് സംഹകര്‍ത്താവ്, നീ തന്നെയാണ് ഈ സകല ബ്രഹ്മവും, നീ സാക്ഷാദാത്മാവാകുന്നു. നീ വാങ്മയനും ചിന്മയനും ആനന്ദമയനും സച്ചിദാനന്ദാദ്വിതീയനും ജ്ഞാനമയനും വിജ്ഞാനമയനും ആകുന്നു. ഈ സകല ജഗത്തും നിന്നില്‍ നിന്ന് ജനിക്കുന്നു; നിന്നില്‍ സ്ഥിതിചെയ്യുന്നു; നിന്നില്‍ ലയിക്കുന്നു. നീ ഗുണത്രയാതീതനും സ്ഥൂലസൂക്ഷ്മകാരണരൂപദേഹത്രയാതീതനും കാലത്രയാതീതനും ആകുന്നു. നീ മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്നു. നീ ജ്ഞാനേച്ഛാക്രിയാരൂപശക്തിത്രയാത്മകനാകുന്നു. നിന്നെ യോഗികള്‍ ധ്യാനിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, ദുദ്രന്‍, ഇന്ദ്രന്‍, അഗ്നി, വായു, സൂര്യന്‍, ചന്ദ്രന്‍, ഭൂമി, അന്തരീക്ഷം സ്വര്‍ഗം എല്ലാം നീ തന്നെയാണ്.

ഈശാനഗുരുദേവപദ്ധതിയിലും ഈ സിദ്ധാന്തത്തെ ഇങ്ങനെ വിവരിക്കുന്നു. 'മഹത്ത്-അഹങ്കാരം-ആകാശം-വായു-ജലം-തേജസ്സ്-പൃഥ്വീ-ഗുണങ്ങള്‍ എന്നിവയുടെ ശക്തികൊണ്ടു വിജൃംഭിതമായ ഈ ജഗത്താണു ഗണം. ഈ ഗണത്തിന്റെ പതിയായ ഗണപതി സ്വയം ശിവനാണ്. ഈ പുരുഷന്‍ തന്റെ ശക്തികൊണ്ട് എല്ലാമായി പരിണമിക്കുന്നു. ശരീരഭേദം കൊണ്ടു ഭിന്നനായി തന്റെ ഇച്ഛയനുസരിച്ച് സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. ഹരിഹരബ്രഹ്മാദികളായ സുരന്മാര്‍ ജഗത്തില്‍ വിഘ്നഗണങ്ങളാല്‍ വിഹനിക്കപ്പെട്ടു ഗണപതിയെ ആരാധിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തെ വിഭുവെന്നും വിനായകന്‍ എന്നും പറയുന്നു. അദ്ദേഹം ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചു. അതിന്റെ സംരക്ഷണത്തിനായി ശരീരരഹിതനായ അദ്ദേഹം ഗജമുഖരൂപമായ ശരീരം സ്വീകരിക്കുന്നു'.

ശില്പശാസ്ത്രത്തില്‍ ഗണപതിയുടെ 24 രൂപങ്ങള്‍ വര്‍ണിച്ചിരിക്കുന്നു. കേരളീയരുടെ ഗണപതിസങ്കല്പം ബ്രഹ്മചാരിരൂപത്തിലാണ്. എന്നാല്‍ പല ധ്യാനങ്ങളിലും ഗണപതിയെ പത്നീസമേതനായിട്ടാണ് വര്‍ണിച്ചിട്ടുള്ളത്. അവയില്‍ത്തന്നെ ചിലതില്‍ രതിലോലനായിട്ടാണ് കാണപ്പെടുന്നത്.

ആനന്ദഗിരിയുടെ ശങ്കര ദിഗ്വിജയത്തിലും ഡിംഡിമം എന്ന അതിന്റെ വ്യാഖ്യാനത്തിലും മഹാഗണപതി, ഹരിദ്രാഗണപതി, ഉച്ഛിഷ്ടഗണപതി, നവനീതഗണപതി, സ്വര്‍ണഗണപതി, സന്താനഗണപതി എന്നിങ്ങനെ ആറു വിധത്തിലുള്ള ഗണപതിമാരെ ഗാണപത്യന്മാര്‍ ആരാധിക്കുന്നതായി പ്രസ്താവിക്കുന്നു. മഹാഗണപതിയുടെ ആരാധകര്‍ അദ്ദേഹം സദാ ശക്തിയുക്തനും ജഗത്തിന്റെ സ്രഷ്ടാവും പരമതത്ത്വവും ആണെന്നു വിശ്വസിക്കുന്നു. ഹരിദ്രാഗണപതിയെ ഉപാസിക്കുന്നവര്‍ പ്രപഞ്ചത്തിന്റെ മൂലകാരണം ഗണപതിയാണെന്നും ബ്രഹ്മാദിദേവന്മാര്‍ അദ്ദേഹത്തിന്റെ അംശമാണെന്നും കരുതുന്നു. അവര്‍ ഗണപതിയുടെ ശിരസ്സു തങ്ങളുടെ കൈകളില്‍ അങ്കനം ചെയ്യുന്നു. ഉച്ഛിഷ്ടഗണപതിയുടെ ഉപാസകര്‍ വാമാചാരന്മാരാണ്. അവര്‍ സാധാരണക്കാരുടെ നന്മതിന്മകളെയോ ധര്‍മാധര്‍ങ്ങളെയോ സ്വീകരിക്കുന്നില്ല. സാമൂഹികനിയമം അതിലംഘിച്ചുള്ള സ്ത്രീപുരുഷ സംഭോഗത്തില്‍ ദോഷം കാണുന്നില്ല. വിവാഹാദിസംസ്കാരങ്ങള്‍ നടത്തുന്നില്ല. മധുപാനം ചെയ്യുന്നു. സ്വമതത്തിന്റെ അടയാളമായി അവര്‍ നെറ്റിയില്‍ ചുവന്ന വൃത്തം അണിയുന്നു. ഗാണപത്യന്മാര്‍ ഇപ്പോള്‍ ഇല്ലെങ്കിലും സത്കര്‍മങ്ങളുടെ ആരംഭത്തില്‍ വിഘ്നശാന്തിക്കുവേണ്ടി ഗണപതിയെ പൂജിക്കുന്ന പതിവുണ്ട്. നോ. ഗണപതി

(പ്രൊഫ. വി. വെങ്കിടരാജശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍