This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാംബിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാംബിയ

Gambia

പശ്ചിമാഫ്രിക്കയിലെ ഒരു പരമാധികാര രാഷ്ട്രം. 1965-ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. അതിനുമുമ്പ് ഒരു കോളനിയെന്ന നിലയില്‍ ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായിരുന്നു. ആഫ്രിക്കാ വന്‍കരയിലെ ഏറ്റവും ചെറിയ സ്വതന്ത്രരാജ്യമാണ് ഗാംബിയ; ഇതേ പേരുള്ള നദിയുടെ പതനസ്ഥാനത്തിന് ഇരുപുറവുമായി, അത്ലാന്തിക് തീരത്തുനിന്ന് 320 കി.മീ. കിഴക്കോട്ട് 50 മുതല്‍ 19 വരെ കി.മീ. വീതിയില്‍ വ്യാപിച്ചിരിക്കുന്നു. ഈ ചെറുരാജ്യം സെനിഗാള്‍ രാജ്യത്തിലേക്കു കടന്നുകയറിയ മട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഗാംബിയയുടെ വളഞ്ഞുപുളഞ്ഞുള്ള അതിരുകള്‍ 1889-ല്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലേര്‍പ്പെട്ട ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടവയാണ്. ഫലത്തില്‍ സെനിഗാളിനെ രണ്ടു മേഖലകളാക്കി വേര്‍തിരിക്കുന്ന മട്ടിലാണ് മുന്‍കാല ബ്രിട്ടീഷ് കോളനിയായ ഗാംബിയ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഔദ്യോഗികനാമം റിപ്പബ്ലിക് ഒഫ് ദ് ഗാംബിയ; വിസ്തീര്‍ണം: 11,295 ച.കി.മീ.; ജനസംഖ്യ: 15,17,000 (2005); തലസ്ഥാനം: ബാന്‍ജൂള്‍ (ബാഥേഴ്സ്റ്റ്).

ഗാംബിയയെ ഭരണപരമായി ബാന്‍ജൂള്‍, കോംബോ സെന്റ് മേരി, ലോവര്‍ റിവര്‍ (മാന്‍സ കോങ്ഗോ), മക്കാര്‍തി ദ്വീപ് (ജോര്‍ജ് ടൗണ്‍), നോര്‍ത്ത് ബാങ്ക് (കിറിവാന്‍), അപ്പര്‍ റിവര്‍ (ബാസെ സാന്താസൂ), വെസ്റ്റേണ്‍ (ബ്രികാമ) എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സെറികുണ്ഡ, ബക്കാവൂ, സുകൂത്ത, ഗഞ്ചൂര്‍, ഫേറാഫെനി എന്നിവയാണ് മറ്റു പ്രധാന പട്ടണങ്ങള്‍. ഗാംബിയയെ ഭരണസൗകര്യാര്‍ഥം 35 ജില്ലകളായി വിഭജിച്ചിരിക്കുന്നു. ഓരോ ജില്ലയ്ക്കും ഓരോതലവനും അദ്ദേഹത്തെ സഹായിക്കുന്നതിനായി ഗ്രാമത്തലവനും ഉപദേശകരും അടങ്ങുന്ന സംഘവുമുണ്ട്. ബാന്‍ ജറൂള്‍ സിറ്റിയുടെ ഭരണം ഒരു സിറ്റി കൗണ്‍സിലാണു നടത്തുന്നത്.

ഭൂപ്രകൃതിയും കാലാവസ്ഥയും പൊതുവേ നിമ്നോന്നതികള്‍ കുറഞ്ഞ ഒരു മേഖലയാണ് ഗാംബിയ. ഏറ്റവും ഉയര്‍ന്ന ഭാഗത്തിന്റെ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം 37 മീറ്ററാണ്. ഗാംബിയയെ ഭൂപ്രകൃതിപരമായി മൂന്നു മേഖലകളായിത്തിരിക്കാം. കടലോരത്തുനിന്ന് നദീതടത്തിലൂടെ ഉള്ളിലേക്കു സംക്രമിച്ചിട്ടുള്ള കണ്ടല്‍വനങ്ങള്‍ (mangrove forests), അവയുടെ തുടര്‍ച്ചയെന്നോണം നദിയുടെ ഇരുപുറത്തുമായി വ്യാപിച്ചിട്ടുള്ള വീതികുറഞ്ഞ സമതലം, നദീമാര്‍ഗത്തിലെ ആദ്യഘട്ടത്തെ ഉള്‍ക്കൊള്ളുന്ന കുറ്റിക്കാടുകള്‍ നിറഞ്ഞ ചുണ്ണാമ്പുകല്‍ പ്രദേശം എന്നിവ. നദീതീര സമതലം വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ടും വര്‍ഷകാലത്ത് പ്രളയബാധിതമായും കാണപ്പെടുന്നു.

രാജ്യത്തിന്റെ മുഖ്യ ജലസ്രോതസ്സാണ് ഗാംബിയാനദി. ഗിനിയിലെ ഫൂട്ടാജാലോന്‍ മേഖലയില്‍ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന ഈ നദി ആദ്യം വടക്കു പടിഞ്ഞാറും തുടര്‍ന്ന് പടിഞ്ഞാറും ദിശകളിലായി 1,100 കി.മീ. ഒഴുകി അത്ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു. നദീമുഖത്തിന് ഏതാണ്ട് 10 കി.മീ. വീതിയുണ്ട്; 130 കി.മീ. ഉള്ളിലുള്ള 'എലിഫന്റ്' തുരുത്തിനു സമീപംപോലും 1.6 കി.മീ. വീതിയുണ്ട്. ഇതിനും മുകളിലുള്ള 335 കി.മീ. നീളം മാത്രമേ ഗാംബിയാ അതിര്‍ത്തിക്കുള്ളില്‍പ്പെടുന്നുള്ളൂ. പതനസ്ഥാനത്തുനിന് 465 കി.മീ. ദൂരത്തുള്ള ഗാംബിയയുടെ കിഴക്കേ അതിര്‍ത്തിവരേയും ഈ നദി സഞ്ചാരയോഗ്യമാണ്. ഗാംബിയാനദിയുടെ അഴിമുഖത്തിലാണ് രാജ്യതലസ്ഥാനമായ ബാന്‍ജൂള്‍ നഗരം സ്ഥിതിചെയ്യുന്നത്.

ജൂണ്‍ മുതല്‍ ഒ. വരെ മാസങ്ങളിലെ വര്‍ഷകാലത്ത് ശ.ശ. 90-115 സെ.മീ. മഴ ലഭിക്കുന്ന മേഖലയാണ് ഗാംബിയ. ഡി. മുതല്‍ വീശുന്ന ഹാര്‍മറ്റാന്‍ (harmattan) എന്ന ഉഷ്ണക്കാറ്റ് ഈ രാജ്യത്തിന്റെ ശാപമാണെന്നു പറയാം. രാവിലെ വീശുന്ന കുളിര്‍ക്കാറ്റ് മധ്യാഹ്നമാകുമ്പോഴേക്കും ചീറിയടിക്കുന്ന ഉഷ്ണക്കാറ്റായി പരിണമിക്കുന്ന പതിവാണുള്ളത്. ഇടവിട്ടാവര്‍ത്തിക്കുന്ന ഹാര്‍മറ്റാന്‍ ഏപ്രില്‍ അന്ത്യം വരെ തുടരുന്നു. കടലോരനഗരമായ ബാന്‍ജൂളില്‍ താപനിലയിലെ വാര്‍ഷിക ശ.ശ. 27oC ആണ്. ഉള്‍നാട്ടിലോട്ടു പോകുന്തോറും ഇതില്‍ സാരമായ ഏറ്റം അനുഭവപ്പെടുന്നു.

ജനങ്ങളും ജീവിതരീതിയും 1990-ലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 8,75,000 ആണ്. സെനിഗാളില്‍ സാധാരണയായി കാണപ്പെടുന്ന ഗോത്രങ്ങള്‍ തന്നെയാണ് ഗാംബിയയിലുമുള്ളത്. മാന്‍ഡിങ്ഗോ വോളൊഫ്, ഫൂല, ജോല, സിരാഹുലി എന്നീ അഞ്ചു ഗോത്രങ്ങള്‍ക്കാണ് അംഗസംഖയില്‍ പ്രാബല്യമുള്ളത്. ഇവയ്ക്കോരോന്നിനും തനതായ സാംസ്കാരിക പാരമ്പര്യവും പ്രത്യേക ഭാഷയുമുണ്ട്. മധ്യസമതലത്തില്‍ കേന്ദ്രീകരിച്ചിട്ടുള്ള മാന്‍ഡിങ്ഗോ ഗോത്രമാണ് ഏറ്റവും പ്രബലമായ വിഭാഗം. അത്ലാന്തിക് തീരവും തലസ്ഥാനമായ ബാന്‍ജൂളും വോളൊഫ് ഗോത്രക്കാരുടെ ശക്തികേന്ദ്രങ്ങളാണ്.

1889-ല്‍ സെനിഗാളുമായി വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളിലും അതത് അധീശരാജ്യത്തിലെ ഭാഷയ്ക്ക് ഔദ്യോഗിക പദവി നല്കപ്പെട്ടു. ഗാംബിയയിലെ ദേശ്യരായ ജനങ്ങള്‍ ഇംഗ്ലീഷ് അഭ്യസിക്കുന്നതിനൊപ്പം ബ്രിട്ടീഷുകാരുടെ ജീവിതരീതിയും പെരുമാറ്റച്ചിട്ടകളും പിന്തുടരുവാനും നിര്‍ബന്ധിതരായി. ഒരേ ഗോത്രത്തിലെ ജനങ്ങള്‍ പ്രത്യേക രാജ്യാതിര്‍ത്തികളില്‍ ഉള്‍പ്പെട്ടു പോയതിനെത്തുടര്‍ന്ന് വെവ്വേറെ ഭാഷകള്‍ സംസാരിക്കുവാനും വ്യത്യസ്ത ജീവിതരീതികള്‍ അവലംബിക്കുവാനും വിധിക്കപ്പെട്ടു. എന്നിരിക്കിലും നഗരങ്ങള്‍ക്കു പുറത്തുള്ള ഗോത്രവര്‍ഗക്കാര്‍ രാജ്യാതിര്‍ത്തിയെ അവഗണിച്ച് പരസ്പരബന്ധം നിലനിര്‍ത്തിപ്പോന്നതിനാല്‍ ഇംഗ്ലീഷ്-ഫ്രഞ്ച് സമ്മിശ്രമായ ചിട്ടകള്‍ പുലര്‍ത്തിവരുന്നു. ഗാംബിയര്‍, സെനിഗാളികള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് പ്രധാന നഗരങ്ങളില്‍ മാത്രമാണുള്ളത്.

75 വര്‍ഷത്തെ ബ്രിട്ടീഷ് മേല്‍ക്കോയ്മകൊണ്ട് വിഭിന്ന ഗോത്രക്കാര്‍ക്കിടയില്‍ നിലനിന്നുപോന്ന കിടമത്സരങ്ങള്‍ ഏറക്കുറെ ഒഴിവാക്കപ്പെടുകയുണ്ടായി. ഗാംബിയയിലെ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. ഇസ്ലാമിലും പ്രാകൃതമതങ്ങളിലും ഒന്നുപോലെ വിശ്വാസം പുലര്‍ത്തുന്ന ഗണ്യമായ ഒരു വിഭാഗവും ഈ രാജ്യത്തുണ്ട്. മൊത്തം ജനങ്ങളില്‍ 10 ശതമാനത്തോളം ക്രിസ്ത്യാനികളാണ്; ഇവര്‍ ഒട്ടുമുക്കാലും തലസ്ഥാനനഗരമായ ബാന്‍ജൂളില്‍ പാര്‍ക്കുന്നു.

മലമ്പനി, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ സാര്‍വത്രികമായുള്ള ഗാംബിയയില്‍ ചികിത്സാസൗകര്യങ്ങള്‍ തികച്ചും അപര്യാപ്തമാണ്. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള കുഷ്ഠാതുരാഭയകേന്ദ്രവും (leprosarium) ഉഷ്ണമേഖലാ രോഗ ഗവേഷണാലയവും ഏതാനും ആശുപത്രികളും മാത്രമാണ് ആകെയുള്ള ചികിത്സാലയങ്ങള്‍. വിദ്യാഭ്യാസ സൗകര്യങ്ങളും അപര്യാപ്തം തന്നെ. സാക്ഷരത 25 ശ.മാ. മാത്രമേയുള്ളൂ. നിര്‍ബന്ധിത വിദ്യാഭ്യാസം പ്രാവര്‍ത്തികമായിട്ടില്ല. ഉന്നത വിദ്യാഭ്യാസ സൗകര്യം ബാന്‍ജൂളില്‍ മാത്രമായി ഒതുങ്ങുന്നു.

സമ്പദ് വ്യവസ്ഥ ന്യൂനപക്ഷമായ നഗരവാസികളെ ഒഴിവാക്കിയാല്‍ ശേഷിക്കുന്ന ബഹുഭൂരിപക്ഷവും കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണരാണ്. നിലക്കടലയാണ് മുഖ്യ കാര്‍ഷികോത്പന്നം; ഇതിനു നാണ്യവിളയെന്ന പദവി കൈവന്നിട്ടുണ്ട്. നിലക്കടലയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ സാരമായി സ്വാധീനിക്കുന്നു. 1950-നുശേഷം സര്‍ക്കാര്‍ മുന്‍കൈയെടുത്തു നെല്‍ക്കൃഷി പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിഞ്ഞു. അരി കയറ്റുമതി ചെയ്യുന്നു. കായ്കറികളും, പപ്പായ, നാരകം, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങളുമാണ് ഇതര കാര്‍ഷികവിളകള്‍. ടൂറിസമാണ് മറ്റൊരു പ്രധാന വരുമാനമാര്‍ഗം. ഗാംബിയയിലെ അത് ലാന്തിക് കടലോരം മികച്ച വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. 1960-നുശേഷം തലസ്ഥാനമായ ബാന്‍ജൂളില്‍ ഹോട്ടല്‍ വ്യവസായം അഭൂതപൂര്‍വമായി പുരോഗമിച്ചിട്ടുണ്ട്.

ഈ രാജ്യത്തിലെ പ്രധാന ഗതാഗതമാര്‍ഗം ഗാംബിയാനദിയാണ്. ഇതിലൂടെ ബോട്ടുകളും ചെറുകിട കപ്പലുകളും പതിവായി സര്‍വീസ് നടത്തുന്നു. ഗാംബിയാനദിക്കു സമാന്തരമായി ഇരുവശത്തുംകൂടി നീളുന്നവയാണ് രാജ്യത്ത് ആകെയുള്ള ടാര്‍ റോഡുകള്‍. ബാന്‍ജൂളിനു സമീപമുള്ള യൂന്‍ഡം ഒരു അന്താരാഷ്ട്ര വിമാനത്താവളമായി വികസിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിനുള്ളില്‍ വ്യോമ ഗതാഗതം വളര്‍ന്നിട്ടില്ല.

ചരിത്രവും ഭരണകൂടവും 1455-ല്‍ പോര്‍ച്ചുഗീസ് നാവികരാണ് ഗാംബിയയുടെ യൂറോപ്യന്‍ സമ്പര്‍ക്കത്തിനു തുടക്കം കുറിച്ചത്; ഏറെത്താമസിയാതെ വാണിജ്യവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം പോര്‍ച്ചുഗീസുകാര്‍ക്ക് ഈ മേഖലയിലുള്ള താത്പര്യം നശിച്ചു. 1500-ല്‍ ആഫ്രിക്കയുടെ പശ്ചിമതീരവുമായി വാണിജ്യബന്ധം മെച്ചപ്പെടുത്തുവാനുദ്ദേശിച്ച് രണ്ട് ബ്രിട്ടീഷ് കമ്പനികള്‍ സംഘടിപ്പിക്കപ്പെട്ടുവെങ്കിലും ഉദ്ദേശിച്ച ലാഭം കിട്ടായ്കയാല്‍ അവയുടെയും പ്രവര്‍ത്തനം മന്ദീഭവിച്ചു. 1612-ല്‍ ഗാംബിയാനദീമുഖത്ത് താവളമുറപ്പിക്കുവാന്‍ ഫ്രഞ്ചുകാര്‍ ശ്രമിച്ചുനോക്കി. പരാജിതരായ ഇവര്‍ തുടര്‍ന്ന് സെനിഗാള്‍ നദീതടത്തിലേക്കു നീങ്ങി. 1618, 1651 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് കമ്പനികള്‍ ഈ മേഖലയുമായി വാണിജ്യബന്ധം പുനഃസ്ഥാപിച്ചുവെങ്കിലും അത് തുടരാനായില്ല. 1651-ല്‍ ഗാംബിയ നദീമുഖത്തെ ജയിംസ് ദ്വീപില്‍ ബ്രിട്ടീഷുകാര്‍ കോട്ടകൊത്തളങ്ങളുറപ്പിച്ചു. ഈ കോട്ട 1688-ല്‍ ഡച്ചധീനത്തില്‍പ്പെട്ടുവെങ്കിലും രണ്ടാം ഡച്ച് യുദ്ധകാലത്ത് (1665-67) ബ്രിട്ടീഷുകാര്‍ തിരികെപ്പിടിച്ചു. സെനിഗാള്‍, ഗാംബിയാ എന്നീ നദീമുഖങ്ങള്‍ക്കിടയ്ക്കുള്ള മേഖലയിലെ (സെനിഗാംബിയ) പ്രധാന ബ്രിട്ടീഷ് താവളമായിത്തുടര്‍ന്ന ഈ കോട്ട 1778-ല്‍ തകര്‍ക്കപ്പെട്ടു. ഇക്കാലത്ത് (1642-1857) ഫ്രഞ്ചുകാര്‍ ജയിംസ് ദ്വീപിന്റെ മറുകരയിലുള്ള അല്‍ബ്രോഡായില്‍ ആസ്ഥാനമുറപ്പിച്ചിരുന്നു. 1600 മുതല്‍ 1700 വരെയുള്ള കാലത്ത് ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മില്‍ ഇടവിട്ടുള്ള യുദ്ധങ്ങളുണ്ടായി. ആധിപത്യത്തിനുവേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം നടത്തിയ ഓരോ യുദ്ധത്തിന്റെയും ആന്ദോളനം സെനിഗാംബിയയിലും പ്രകടമായിരുന്നു. 1763-ല്‍ ഗാംബിയമേഖല പൂര്‍ണമായും ബ്രിട്ടീഷ് അധീനതയിലായി. പിന്നീട് വേഴ്സാ ഉടമ്പടി (1783) പ്രകാരമാണ് ഫ്രാന്‍സിന് സെനിഗാള്‍ മടക്കിക്കിട്ടിയത്.

അടിമക്കച്ചവടം നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് (1807) ഗാംബിയമേഖലയില്‍നിന്ന് അടിമകളെ കടത്തുന്ന സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെന്ന പേരിലാണ് ബ്രിട്ടീഷുകാര്‍ ഗാംബിയ നദീമുഖത്ത് കോട്ടകൊത്തളങ്ങളുറപ്പിച്ചത്. 1816-ല്‍ കോംബൊ രാജാവിന്റെ പക്കല്‍നിന്നും വിലയ്ക്കു വാങ്ങിയ ബാഞ്ചോള്‍ ദ്വീപിലായിലുന്നു ഇപ്പോഴത്തെ തലസ്ഥാനമായ ബാന്‍ജൂളിന്റെ മൂലസ്ഥാനം. ചെളിനിറഞ്ഞ് ചതുപ്പായിക്കിടന്ന ഈ ദ്വീപിനെ സെന്റ് മേരീസ് ദ്വീപ് എന്ന് പുനര്‍ നാമകരണം ചെയ്ത് ജനവാസയോഗ്യമാക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞു. 1843-ല്‍ ഈ മേഖലയ്ക്ക് ഗാംബിയ എന്ന പേരില്‍ കോളനി പദവി നല്കി. 1866-ല്‍ സീയ്റാലിയോണുമായി ഗാംബിയ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും 1888-ല്‍ വീണ്ടും വേര്‍പിരിച്ച് സ്വതന്ത്ര കോളനിയാക്കുകയാണുണ്ടായത്.

19-ാം ശ.-ത്തില്‍ ഇസ്ലാമിന്റെ പ്രചാരണവും മതപരിവര്‍ത്തനശ്രമങ്ങളും നിമിത്തം ഗാംബിയയില്‍ തുടര്‍ച്ചയായി ആഭ്യന്തരകലഹങ്ങള്‍ ഉണ്ടായി. ദേശ്യരായ ഗോത്രങ്ങള്‍ തങ്ങളുടെ പ്രാകൃത വിശ്വാസങ്ങള്‍ നിലനിര്‍ത്തുവാന്‍ തുറന്ന യുദ്ധങ്ങള്‍ക്കു തയ്യാറായെങ്കിലും ശക്തരായ മുസ്ലിം മുഖ്യന്മാരാണ് വിജയിച്ചത്. ഗാംബിയമേഖലയൊട്ടാകെ ഇസ്ലാം വ്യാപിക്കുന്നതിന് ഇതു സഹായകമായി. എന്നാല്‍ തദ്ദേശീയഗോത്രങ്ങളുടെ പ്രതിരോധശേഷി നഷ്ടപ്പെട്ടതുമൂലം നേട്ടമുണ്ടായത് അധീശത്വം തേടിയെത്തിയ യൂറോപ്യര്‍ക്കായിരുന്നു. ആഭ്യന്തരയുദ്ധങ്ങളില്‍ നിന്നൊഴിഞ്ഞു നില്ക്കാന്‍ ബ്രിട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതേസമയം ഫ്രഞ്ചുകാരാകട്ടെ ഈവിധ മത്സരങ്ങളിലുള്ള പങ്കാളിത്തത്തിലൂടെ മേധാവിത്തം ഉറപ്പിക്കുകയും ബ്രിട്ടീഷുകാര്‍ക്കുപോലും ഭീഷണിയായിത്തീരുകയും ചെയ്തു. 1894-ല്‍ ബ്രിട്ടീഷുകാര്‍ ഇന്നത്തെ ഗാംബിയയുടെ അതിര്‍ത്തിയില്‍പ്പെട്ട പ്രദേശത്തേക്ക് ഒതുങ്ങി, അതിനെ സംരക്ഷിതമേഖലയാക്കി (protectorate) നിലനിര്‍ത്തുവാന്‍ തയ്യാറായി. ഗോത്രമുഖ്യന്മാരെ പുനരുജ്ജീവിപ്പിച്ച് അവരിലൂടെ ഭരണം നടത്തുവാനുള്ള യത്നമാണ് ബ്രിട്ടന്‍ നടത്തിയത്. സാമ്പത്തിക പരിഷ്കാരങ്ങളില്‍ ശ്രദ്ധപതിപ്പിച്ച അധീശ ഗവണ്‍മെന്റ് വിദ്യാഭ്യാസം പൂര്‍ണമായും മിഷനറിമാര്‍ക്കു വിട്ടുകൊടുത്തു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഉദ്യോഗമണ്ഡലങ്ങളില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് പ്രാതിനിധ്യം നല്കപ്പെട്ടു. 1963-ല്‍ സ്വയംഭരണാധികാരം ലഭ്യമായ ഗാംബിയ 1965 ഫെ. 18-ന് കോമണ്‍വെല്‍ത്തില്‍ അംഗത്വമുള്ള സ്വതന്ത്രരാജ്യമായിത്തീര്‍ന്നു. 1970-ല്‍ സ്വതന്ത്രപരമാധികാരരാഷ്ട്രമായെങ്കിലും കോമണ്‍വെല്‍ത്തിലെ അംഗത്വം തുടരുന്നു.

1970-ലെ ഭരണഘടന ഒരു എക്സിക്യൂട്ടീവ് പ്രസിഡന്റിനെ നിഷ്കര്‍ഷിക്കുന്നു. അഞ്ചുവര്‍ഷം കാലാവധിയുള്ള പ്രസിഡന്റ് നിയമിക്കുന്ന വൈസ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ സ്ഥാനം അലങ്കരിക്കുന്നു. 51 അംഗ ഏകമണ്ഡല ഹൗസ് ഒഫ് അസംബ്ലിയാണ് നിയമനിര്‍മാണസഭ. 36 അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുമ്പോള്‍ ശേഷിക്കുന്നവരെ നാമനിര്‍ദേശം ചെയ്യുന്നു. എന്നാല്‍ 1996-ലെ ജനഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന പുതിയ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം 45 ആയി വര്‍ധിപ്പിക്കുകയും 1994 മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിക്കുകയും ചെയ്തു. 2002 ജനു. 17-ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏ.പി.ആര്‍.സി. (ദ അലയന്‍സ് ഫോര്‍ പാട്രിയോടിക് റിഓറിയന്റേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുകയും 2006-ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തു.

(എന്‍.ജെ.കെ. നായര്‍; ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍