This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസ്നി സുല്‍ത്താന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസ്നി സുല്‍ത്താന്മാര്‍

Ghazni Sultans (962 -1148)

അഫ്ഗാനിസ്താനിലെ ഗസ്നി ആസ്ഥാനമാക്കി ആല്‍പ്തജിന്‍ സ്ഥാപിച്ച രാജവംശം. 10-ാം ശതകത്തോടെ അബ്ബാസിയാ ഖലീഫമാരുടെ ഭരണം അധഃപതിച്ചപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സ്വതന്ത്രരാജ്യങ്ങള്‍ ഉയര്‍ന്നു വന്നു. അവയില്‍ ഒന്നായിരുന്നു 962-ല്‍ ആല്‍പ്തജിന്‍ പടുത്തുയര്‍ത്തിയ അഫ്ഗാനിസ്താനിലെ ഗസ്നി രാജ്യം. ആല്‍പ്തജിന്റെ അടിമയും പിന്നീട് പുത്രീ ഭര്‍ത്താവുമായ സബക്തജിന്‍ പെഷവാറും ഖുറാസാന്റെ ഭാഗങ്ങളും പിടിച്ചെടുത്ത് (976-978) ഗസ്നി രാജ്യം വിപുലീകരിച്ചു. വടക്കുപടിഞ്ഞാറന്‍ ചുരങ്ങള്‍ വഴി ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം രാജാവും സബക്തജിനായിരുന്നു. ഇദ്ദേഹം രണ്ടു പ്രാവശ്യം കാബൂള്‍ ആക്രമിക്കുകയും പഞ്ചാബും കാബൂളും അടക്കി ഭരിച്ചിരുന്ന ജയപാലനെ തോല്പിക്കുകയും ചെയ്തു. ഇക്കാലത്താണ് മധ്യേഷ്യയില്‍ നിന്നുള്ള തുര്‍ക്കിവംശജരുടെ തുടര്‍ച്ചയായ ആക്രമണം കാരണം സമാനിയ്യ ഭരണകൂടം തകര്‍ന്നു വീണത്. തന്നിമിത്തം മുസ്ലിം രാജ്യങ്ങളുടെ കിഴക്കനതിര്‍ത്തി പരിരക്ഷിക്കേണ്ട ഭാരം ഗസ്നി രാജാക്കന്മാരുടെ ചുമതലയിലായി. തുര്‍ക്കി ആക്രമണകാരികളെ തടഞ്ഞുനിര്‍ത്തിയ മഹ്മൂദിനെ (997-1038) വീരയോദ്ധാവ് എന്നു മധ്യകാല ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. ഈ വീരസ്മരണയാണ് തുര്‍ക്കിവംശജരായ ഡല്‍ഹി സുല്‍ത്താന്മാര്‍ രണ്ടു ശതാബ്ദങ്ങള്‍ക്കുശേഷം പുലര്‍ത്തിയത്. തുര്‍ക്കി ഗോത്രക്കാരെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഫലപ്രദമായ പങ്കുവഹിച്ച മഹ്മൂദ് ഒരു കൊള്ളക്കാരനും ക്ഷേത്രധ്വംസകനുമായിട്ടാണ് അറിയപ്പെടുന്നത്. മഹ്മൂദ് വടക്കുപടിഞ്ഞാറ് ഇന്ത്യ 17 പ്രാവശ്യം ആക്രമിക്കുകയുണ്ടായി. ഗസ്നിയും ഖുറാസാന്റെ ചില ഭാഗങ്ങളും ഉള്‍പ്പെട്ട ഒരു രാജ്യംകൊണ്ട് തൃപ്തിപ്പെടാന്‍ മഹ്മൂദ് ഒരുക്കമായിരുന്നില്ല. മധ്യേഷ്യയില്‍ വിസ്തൃതമായ സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു മഹ്മൂദിന്റെ ലക്ഷ്യം. അതിനുവേണ്ട ധനം നേടാനായിരുന്നു മഹ്മൂദ് പല പ്രാവശ്യം ഇന്ത്യന്‍ പട്ടണങ്ങളും ക്ഷേത്രങ്ങളും കൊള്ളയടിച്ചത്.

മഹ്മൂദിന്റെ ആക്രമണങ്ങളുടെ തുടക്കം കാബൂളും പഞ്ചാബും ഭരിച്ചിരുന്ന ഹിന്ദുഷാഫി രാജവംശത്തിലെ ജയപാലനെതിരായിരുന്നു. 1001-ല്‍ മഹ്മൂദ് ജയപാലനെതിരെ ആക്രമണം നടത്തി. മുള്‍താനിലെ സുല്‍ത്താന്‍ ജയപാലനെ സഹായിച്ചിരുന്നുവെങ്കിലും ജയപാലന്‍ പരാജയപ്പെട്ടു. തുടരെയുണ്ടായ തോല്വി കാരണം അപമാനം സഹിക്കാനാകാതെ ജയപാലന്‍ ആത്മഹത്യ ചെയ്തു. ജയപാലന്റെ പുത്രനായ ആനന്ദപാലന്‍ 1008-ല്‍ വൈഹിന്ദിനടുത്തുവച്ച് അന്തിമമായി തോല്ക്കുകയും ചെയ്തു. കനൌജ്, അജ്മീര്‍, മുള്‍താന്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും യുദ്ധവീരന്മാരായ ഖോക്കാറുകളും ആനന്ദപാലനെ സഹായിച്ചിരുന്നുവെങ്കിലും മഹ്മൂദിന്റെ കുതിരപ്പട യുദ്ധത്തില്‍ നിര്‍ണായക വിജയം നേടി. ഹിന്ദുഷാഫി രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളും മഹ്മൂദ് തന്റെ കീഴിലാക്കി. തുടര്‍ന്ന് മുള്‍താനും കീഴടക്കപ്പെട്ടു (1009).

പിന്നീട് ഗസ്നി നടത്തിയ ആക്രമണങ്ങള്‍ പ്രധാനമായും വടക്കുപടിഞ്ഞാറെ ഇന്ത്യയിലെ സമ്പന്നങ്ങളായ ക്ഷേത്രങ്ങളും നഗരങ്ങളും കൊള്ളയടിക്കാനായിരുന്നു. ഈ ആക്രമണങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നതുകൊണ്ട് തോല്പിക്കപ്പെട്ട രാജാക്കന്മാര്‍ക്ക് ശക്തി വീണ്ടെടുക്കാനോ പുതിയ കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനോ സാധിച്ചിരുന്നില്ല. 1009-ല്‍ മഹ്മൂദ് തന്റെ സൈന്യത്തെ കാന്‍ഗ്രായ്ക്കെതിരായി നീക്കി. കാന്‍ഗ്രായിലെ നാഗര്‍കോട്ട് കോട്ട വലിയ ബുദ്ധിമുട്ടില്ലാതെ കീഴടക്കി. കാന്‍ഗ്രായില്‍ നിന്ന് സ്വര്‍ണത്തിലും വെള്ളിയിലുമായി വമ്പിച്ചൊരു സമ്പത്താണ് കിട്ടിയത്. 1010-ല്‍ മഹ്മൂദ് ഗോര്‍ കീഴടക്കി. അടുത്ത പ്രധാന ആക്രമണം താനേശ്വറിനെതിരായിട്ടായിരുന്നു (1014). 1018-ല്‍ മഹ്മൂദ് കനൌജിലേക്കു പുറപ്പെട്ടു. മഥുരയിലെ രാജാവ് ഓടിയൊളിച്ചു. മഥുരയിലെയും വൃന്ദാവനത്തിലെയും ക്ഷേത്രങ്ങളില്‍ കുമിഞ്ഞുകൂടിയിരുന്ന സ്വത്ത് മഹ്മൂദ് കൊള്ളയടിച്ചു. 1019 ജനുവരിയില്‍ കനൌജ് ആക്രമിച്ച മഹ്മൂദ് 3,000,000 ദിര്‍ഹയും 55,000 അടിമകളും 350 ആനകളും കൊണ്ടാണ് ഗസ്നിയിലേക്കു മടങ്ങിയത്. മടക്കത്തില്‍ മുല്‍ജ്, അസ്നി, ഷര്‍ഖാ എന്നീ കോട്ടകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1019 ശരത്കാലത്തു മഹ്മൂദ് ചന്ദേല പ്രമുഖനായിരുന്ന ഗണ്ഡനെതിരായി തിരിഞ്ഞു. ഗണ്ഡനെ ഗ്വാളിയര്‍, കലിന്‍ജര്‍ മുതലായ രാജ്യങ്ങളിലെ രാജാക്കന്മാര്‍ സഹായിച്ചിരുന്നു. മഹ്മൂദ് ഗ്വാളിയറും കലിന്‍ജറും കീഴടക്കി (1020-21).

മഹ്മൂദ് ഗസ്നി നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആക്രമണം ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിനെതിരെ ആയിരുന്നു. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായിരുന്നു സോമനാഥം. മഹ്മൂദ് സോമനാഥം ആക്രമിച്ചപ്പോള്‍ അതിനെ രക്ഷിക്കാന്‍ ഗുജറാത്തിലെ ഭീമദേവന്‍ തയ്യാറായെങ്കിലും വിജയിച്ചില്ല. ക്ഷേത്രം പൂര്‍ണമായി കൊള്ളയടിക്കപ്പെട്ടു. സ്വര്‍ണവും രത്നങ്ങളുമായി വമ്പിച്ചൊരു സമ്പത്താണ് മഹ്മൂദിന് സ്വന്തമായത്. മഹ്മൂദിന്റെ അവസാനത്തെ ആക്രമണം സാള്‍ട്ട് റേന്‍ജിലെ ജാഠ്കള്‍ക്കെതിരായിരുന്നു. അവരെ ഒരു നാവികയുദ്ധത്തില്‍ അദ്ദേഹം തോല്പിച്ചു.

ഉത്തരേന്ത്യയിലെ ഹിന്ദുരാജാക്കന്മാരുടെ അനൈക്യം മുതലെടുത്ത് മഹ്മൂദ് തുടരെത്തുടരെ ഇന്ത്യന്‍ നഗരങ്ങളും ക്ഷേത്രങ്ങളും കൊള്ളയടിച്ചു. ഈ ആക്രമണങ്ങളില്‍ സ്വരൂപിച്ച വമ്പിച്ച സ്വത്തുപയോഗിച്ച് അദ്ദേഹം തന്റെ തലസ്ഥാനമായ ഗസ്നി മോടി പിടിപ്പിക്കുകയും ഖുറാസാനും അഫ്ഗാനിസ്താനും ചേര്‍ത്ത് വിപുലമായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ഗസ്നിയിലെ കെട്ടിടം പണിക്ക് ഇന്ത്യന്‍ ശില്പികളെ അദ്ദേഹം കൊണ്ടുപോയിരുന്നു. അവര്‍ക്ക് പ്രത്യേക താമസസ്ഥലവും സൗകര്യവും ചെയ്തുകൊടുത്തു. മഹ്മൂദ് തന്റെ രാജധാനിയില്‍ വിദ്വാന്മാരുടെയും കവികളുടെയും സംഘത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഷാനാമായുടെ കര്‍ത്താവായ ഫിര്‍ദൌസി, ശാസ്ത്രജ്ഞനായ അല്‍-ഉബെറൂനി, ചരിത്രകാരനായ ഉത്ബീ, തത്ത്വചിന്തകനായ ഫാറാബി, കവിയായ ഉസാരി തുടങ്ങിയ അനേകം വിദ്വാന്മാരും കവികളും ഗസ്നി രാജധാനിയെ അലങ്കരിച്ചിരുന്നു.

മഹ്മൂദ് സമ്പാദിച്ച സ്വത്തും പിടിച്ചടക്കിയ രാജ്യവും നിലനിന്നില്ല. ആക്രമിച്ചു കീഴടക്കിയെങ്കിലും അവയെ ഒരു രാജ്യമായി കൂട്ടിച്ചേര്‍ക്കാന്‍ മഹ്മൂദിനു കഴിഞ്ഞില്ല. മഹ്മൂദിനുശേഷം അദ്ദേഹത്തിന്റെ പുത്രന്‍ മസ് ഊദ് 1031-ല്‍ സ്ഥാനമേറ്റു. മഹ്മൂദിനെപ്പോലെ യുദ്ധസാമര്‍ഥ്യമുണ്ടായിരുന്നെങ്കിലും വിസ്തൃതമായ സാമ്രാജ്യത്തെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹത്തിനെ പിന്തുടര്‍ന്ന സുല്‍ത്താന്‍ മുഹമ്മദിനോ കഴിഞ്ഞില്ല. അതിനുപുറമേ മധ്യേഷ്യയിലെ രാഷ്ട്രീയസ്ഥിതിഗതികളില്‍ വന്ന മാറ്റങ്ങള്‍ ഗസ്നി രാജ്യത്തിന് ഭീഷണിയായി വളര്‍ന്നു. സെല്‍ജുക് തുര്‍ക്കികള്‍ ഒരു പ്രബല രാഷ്ട്രീയശക്തിയായി വളര്‍ന്നത് ഗസ്നിയുടെ ശക്തിയെ തളര്‍ത്തി. അതിനിടയില്‍ ഘൂര്‍ (ഗോര്‍) കേന്ദ്രമാക്കി വളര്‍ന്നു വന്ന ഒരു രാജവംശവും ഗസ്നിക്ക് പ്രശ്നമുണ്ടാക്കി. അങ്ങനെ അവരുടെ ശക്തി ക്ഷയിച്ചു (1148).

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍