This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസ്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസ്നി

Ghazni

മധ്യ-പൂര്‍വ അഫ്ഗാനിസ്താനിലെ ഒരു നഗരം. കാബൂളില്‍ നിന്ന് 145 കി.മീ. തെക്കു-പടിഞ്ഞാറായിട്ടാണ് ഇതിന്റെ സ്ഥാനം. ഒരു വ്യാപാരകേന്ദ്രമായ ഗസ്നി പുസ്റ്റിന്‍ എന്നറിയപ്പെടുന്ന ചിത്രവേല ചെയ്ത 'ഷിപ്സ്കിന്‍' കോട്ടുകള്‍ക്ക് പ്രസിദ്ധമാണ്. 'ഖജനാവ്' എന്നര്‍ഥം വരുന്ന 'ഗാന്‍സക്' എന്ന പദത്തില്‍ നിന്നാണ് 'ഗസ്നി'യുടെ നിഷ്പത്തി. അറബി ഭാഷയില്‍ ഇപ്പോഴും ഈ നഗരം 'ഗസ്ന' എന്നറിയപ്പെടുന്നു.

ഗസ്നി നദിക്കരയിലെ ഉദാത്തമായിരുന്ന ഒരു കോട്ടയുടെ ജീര്‍ണാവശിഷ്ടങ്ങളുടെ കാല്‍ച്ചുവട്ടിലാണ് ആധുനിക ഗസ്നി ജന്മമെടുത്തിട്ടുള്ളത്. വളരെച്ചുരുങ്ങിയ സമയത്തിനുള്ളില്‍ അഭൂതപൂര്‍വമായ പുരോഗതി നഗരം കൈവരിച്ചുകൊണ്ടിരിക്കുന്നു. കാബൂളൊഴികെ മറ്റേതെങ്കിലും സിറ്റിയുടെയോ പട്ടണത്തിന്റെയോ ഇപ്പോഴത്തെ വ്യക്തമായ ജനസംഖ്യാകണക്കുകള്‍ ഒന്നും തന്നെ ലഭ്യമല്ല. ജനസംഖ്യ: 11,49,400 (2011). ജനങ്ങളില്‍ ഭൂരിഭാഗവും പേര്‍ഷ്യന്‍ഭാഷ സംസാരിക്കുന്നവരും, 'സുന്നി' മതവിശ്വാസികളുമാണ്.

എ.ഡി. 7-ാം ശതകത്തില്‍ ഹുയാന്‍ സാങ് എന്ന ചീന സഞ്ചാരി ഗസ്നി നഗരത്തെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ് കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്നു. സാബുലിസ്താന്‍ എന്ന സ്വതന്ത്ര രാജ്യത്തിലെ ഏറ്റവും മുഖ്യനഗരമായാണ് അദ്ദേഹം ഗസ്നിയെ വിവരിക്കുന്നത്. 'ഗാസ്നിക്' എന്നായിരുന്നു അന്ന് നഗരത്തിന്റെ നാമധേയം. അന്ന് ഇവിടത്തെ പ്രധാന മതം ബുദ്ധമതമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇവിടെ നിന്നു കണ്ടെടുത്തിട്ടുള്ള ഒരു ബൌദ്ധസ്തൂപം ഹുയാന്‍ സാങ്ങിന്റെ പരാമര്‍ശങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നതാണ്.

നഗരത്തില്‍ നിന്ന് 3 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്ന സുല്‍ത്താന്‍ മുഹമ്മദിന്റെ (ഭ. കാ.998-1030) കബര്‍ ജനങ്ങളുടെ ഒരു പ്രധാന ആരാധനാകേന്ദ്രമായിരുന്നു. സുല്‍ത്താന്‍ മുഹമ്മദിനുശേഷം വന്ന ഗസ്നവിദ് ഭരണാധിപനായിരുന്ന മാസൂദ് (ഭ.കാ. 1099-1114), ബേറാം ഷാ (ഭ.കാ-1118-52) എന്നിവര്‍ ഇവിടെ ചുടുകല്ലില്‍ രണ്ടു 'മിനാര'ങ്ങള്‍ കെട്ടിയുയര്‍ത്തുകയുണ്ടായി. സങ്കീര്‍ണമായ കൊത്തുവേലകളാല്‍ അനുഗൃഹീതമായ ഇവയും നഗരത്തിലെ ആകര്‍ഷണകേന്ദ്രങ്ങളായിരിക്കുന്നു. മസൂദിന്റെ കൊട്ടാരാവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 16-ാം ശതകത്തിലെ ഏതാണ്ട് നശിച്ചുകഴിഞ്ഞ ഒരു മുസോളിയം ജീര്‍ണോദ്ധാരണം ചെയ്ത് 'മ്യൂസിയം ഒഫ് ഇസ്ലാമിക് ആര്‍ട്ട്' ആയി നഗരത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഗസ്നി നഗരം 962-ല്‍ ഗസ്നവിദ്-ഇസ്ലാമിക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായി. ഗസ്നവിദുകളുടെ പിന്തുടര്‍ച്ചക്കാരായി മധ്യ അഫ്ഗാനിസ്താനില്‍ നിന്നു വന്ന ഖുറിദുകള്‍ 1157-ല്‍ ഈ നഗരത്തെ ഉന്മൂലനാശനത്തിനിരയാക്കി. എന്നാല്‍ ഇത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. 1839-42 ഘട്ടത്തില്‍ നടന്ന ഒന്നാം അഫ്ഗാനിസ്താന്‍-ബ്രിട്ടീഷ് യുദ്ധത്തില്‍ വച്ച് ഗസ്നിയെ ഇംഗ്ലീഷുകാര്‍ രണ്ടുപ്രാവശ്യം അധീനപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതിനും എണ്ണൂറുവര്‍ഷം മുമ്പ് മുഹമ്മദ് ഗസ്നി, പിടിച്ചെടുത്തതെന്നു കരുതപ്പെടുന്ന സോമനാഥക്ഷേത്രത്തിലെ വാതിലുകള്‍ രണ്ടാമത്തെ തവണ ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്കു കൈമാറി. അന്ന് ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന എലന്‍ബെറോ പ്രഭുവിന്റെ അപേക്ഷയനുസരിച്ചായിരുന്നു ഇത്.

തന്ത്രപ്രധാനമായ സ്ഥാനം എന്ന നിലയില്‍ ഗസ്നിക്ക് എന്നും പ്രാധാന്യം കൈവന്നിട്ടുണ്ട്. കാബൂള്‍-കന്‍ഡഹാര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഗസ്നി, കിഴക്കോട്ട് ഗാര്‍ഡിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകളുടെ സംഗമസ്ഥാനവും കൂടിയാണ്. ഗസ്ന പ്രവിശ്യയുടെ ഭരണകേന്ദ്രവും ഗസ്നിയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍