This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസല്‍

Ghazal

ഒരു കവിതാരൂപം. അറബി, പേര്‍ഷ്യന്‍, ഉര്‍ദു, തുര്‍ക്കി എന്നീ ഭാഷകളില്‍ ഏറെ പ്രചാരമുള്ള പ്രേമഗാനസ്വരൂപമാണ് ഗസല്‍. പ്രേമശോകഗീതകം എന്നാണ് ഇതിന്റെ നിര്‍വചനം. അറബിഭാഷയില്‍ ഗസലിന്റെ ഉദ്ഭവം 6-ാം ശതകം ആണെന്നു കണക്കാക്കപ്പെടുന്നു. സ്ത്രീയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പുരുഷന്റെ ഗീതമാണ് ഇത്. ഉദ്ഭവകാലം മുതല്ക്കുതന്നെ ഗസലുകള്‍ക്ക് സ്ഥിരമായൊരു രൂപം കല്പിച്ചിരുന്നു. പ്രേമലീലകളെക്കുറിച്ചുള്ള കാമുകസങ്കല്പം, സ്ത്രീയോടുള്ള പ്രേമാഭ്യര്‍ഥന, കാമുകിക്കു നേരുന്ന ഭാവുകങ്ങള്‍ എന്നിവ ഗസലുകളുടെ ആദ്യകാല സവിശേഷതകളാണ്.

ഇം റുല്‍ കൈസ്, ത്വറഫ, സുഹൈര്‍, അല്‍ക്കമ, അല്‍- അഅ്ഷ, മൈമൂന്‍, ഇതൈ അ, ഹസ്സാന്‍ ബിന്‍ സാബിത് എന്നിവരാണ് ആദ്യകാല അറബി ഗസല്‍ രചയിതാക്കള്‍. പ്രിയതമയുടെ വാസസ്ഥലം ഒഴിഞ്ഞ് വിജനമായിക്കിടക്കുന്നതിലുള്ള ദുഃഖം, മറ്റൊരു താവളത്തിലേക്കു മാറുന്ന അവളും സംഘവും വിദൂരതയില്‍ മറയുന്നത്, കാമുകിയുടെ വേര്‍പാട് ഏല്പിച്ച വേദനയുടെ ഗദ്ഗദം, അവള്‍ നല്കിയ വാഗ്ദാനങ്ങളെക്കുറിച്ചുള്ള മധുര സ്മൃതികള്‍, അകന്നുപോയ പ്രിയയോട് അടുക്കുവാനുള്ള അഭിനിവേശം എന്നിവ വിവരിച്ചുകൊണ്ടാണ് ആദ്യകാല അറബി ഗസലുകളുടെ അവതരണം. എല്ലാ ഗസലുകളും ഒരേ വിഷയത്തിലാണ് ഊന്നല്‍ നല്കുന്നതെങ്കിലും അവതരണ വൈവിധ്യം അവയെ ആകര്‍ഷകമാക്കുന്നു. 'ഖലീഫ്', 'റംല'്, 'ഹജ്സ്', എന്നീ വൃത്തങ്ങളിലാണ് മിക്ക അറബി ഗസലുകളും രൂപംകൊണ്ടിട്ടുള്ളത്. 'ഉമര്‍ ബിന്‍ അബീ റബീ അ'. 'ബഷാര്‍ ബിന്‍ ബുര്‍ദ്', 'അബൂനുവാസ്', 'അബൂതമാം', 'മുത്തനബി', 'ജമീല്‍' തുടങ്ങിയ മധ്യകാല കവികളുടെ ഗസലുകളും അറബി സാഹിത്യത്തെ ധന്യമാക്കി.

7-ാം ശതകത്തിലാണ് പേര്‍ഷ്യന്‍ ഗസലുകള്‍ രംഗപ്രവേശം നടത്തിയതെന്നു കാണുന്നു. പേര്‍ഷ്യന്‍ ഗാനങ്ങളില്‍ ഗസല്‍ ഇന്ന് സര്‍വസാധാരണമാണ്. 4-നും 12-നുമിടയില്‍ വചന (ബെയ്ത്ത്)ങ്ങളുമുണ്ട്. പേര്‍ഷ്യന്‍ ഗസലുകള്‍ക്ക്, ആദ്യവസാനം ഒരേ വൃത്തത്തില്‍ രചിക്കപ്പെടുന്ന പേര്‍ഷ്യന്‍ ഗസലുകള്‍ പ്രാസനിബദ്ധമാണ്. ആദ്യവചനം 'മത്ത്ല അ' എന്നും അവസാനത്തെ വചനം 'മക്ക്ത്ത അ' എന്നും പറയുന്നു. ഓരോ വചനവും ഓരോ പൂര്‍ണമായ ആശയമുള്‍ക്കൊള്ളുന്നതാണ്. ആദ്യകാല ഗസലുകളില്‍ പ്രേമമാണ് മുഖ്യ വിഷയമെങ്കിലും പിന്നീട് ദാര്‍ശനികവും സാമൂഹികവുമായ കാര്യങ്ങളും ഗസലുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. പേര്‍ഷ്യന്‍ സാഹിത്യത്തിലെ പ്രശസ്ത രായ ഗസല്‍ രചയിതാക്കള്‍ സഅ്ദി, ഹാഫിസ്, നിസാമി, റുദാക്കി എന്നിവരാണ്, ദക്കീക്കീ, അത്താര്‍, അന്‍വശീ എന്നിവരാണ്.

ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസം കൂടുതല്‍ ഭാഷകളിലേക്ക് ഗസല്‍ വ്യാപിക്കാന്‍ ഇടയാക്കി. പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ സ്വാധീനത്തിലാണ് ഉര്‍ദു സാഹിത്യത്തിന്റെ ജനനമെങ്കിലും ഉര്‍ദു ഗസലുകള്‍ക്ക് പേര്‍ഷ്യന്‍ ഗസലുകളില്‍ നിന്ന് വ്യത്യസ്തമായ അവതരണരീതിയാണുള്ളത്. അര്‍ഥഗൌരവത്തിലും താരതമ്യേന ഇവ മുന്നില്‍ത്തന്നെ. ഉര്‍ദു ഗസലുകള്‍ അവതരിപ്പിക്കുന്ന കവിസമ്മേളനങ്ങള്‍ ആദ്യകാലത്ത് 'മുരഖ്ത', എന്നും പിന്നീട് 'മുഷായിര' എന്നും അറിയപ്പെട്ടു. അമീര്‍ ഖുസ്റോ, ദഖ്നി, വലീ, മീര്‍തക്കിമീര്‍, ഗാലിബ്, ഇക്ബാല്‍, ഹാലി, അസ്ഗര്‍, ഹസ്റത്മൊഹാനീ, ഹനീബദായൂനീ, ജിഹാര്‍ മൊറാദാബാദീ മെഹമ്മുദ് ഹസന്‍ എന്നിവരാണ് പ്രധാന ഉര്‍ദുഗസല്‍ രചയിതാക്കള്‍.

കശ്മീരി ഭാഷയിലെ പ്രസിദ്ധരായ ഗസല്‍ രചയിതാക്കള്‍ മഹറൂദ്ഗാമി, റസൂല്‍മീര്‍ എന്നിവരാണ്. ഒരു പ്രധാന തുര്‍ക്കി ഗസല്‍ കവിയാണ് ബാക്കീ. സൈഗാള്‍, പങ്കജ്മല്ലിക്, ഗുലാം അലി, ജഗത് സിങ്, തലത് അസീസ്, മെഹ്തി ഹസ്സന്‍ എന്നിവര്‍ പ്രശസ്തരായ ഇന്ത്യന്‍ ഗസല്‍ ഗായകരാണ്. സമീപകാലത്തായി പഷ്തോ, കുര്‍ദിഷ്, അസര്‍ബൈജാനി, ഉസ്ബെക് എന്നീ ഭാഷകളിലും ഗസലിന് പ്രാധാന്യമേറി വരുന്നുണ്ട്.

(പ്രൊഫ. പി.എം. അബ്ദുള്‍ റഹ്മാന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B8%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍