This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗവേഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗവേഷണം

Research

നവവിജ്ഞാനം കണ്ടെത്തുക, പരികല്പനകള്‍ തെളിയിക്കുക, പ്രശ്നപരിഹരണം നടത്തുക, ഏതെങ്കിലും പ്രതിഭാസത്തിന്റെയോ പ്രശ്നത്തിന്റെയോ സൂക്ഷ്മപഠനം നടത്തുക, പുതിയ സിദ്ധാന്തങ്ങളും ആശയങ്ങളും ആവിഷ്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ശാസ്ത്രീയ രീതികള്‍ അവലംബിച്ചുകൊണ്ട് നിര്‍വഹിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങള്‍. നിലവിലുള്ള വിജ്ഞാനം വിപുലീകരിക്കല്‍, പുതിയ ആശയങ്ങളും സിദ്ധാന്തങ്ങളും കണ്ടെത്തല്‍, വിജ്ഞാനം, ആശയങ്ങള്‍, സിദ്ധാന്തങ്ങള്‍ എന്നിവയെ വ്യാഖ്യാനിക്കല്‍, ലഭ്യമായ വിജ്ഞാനത്തിന്റെ പ്രയോഗത്തിലൂടെ പ്രശ്നംപരിഹരിക്കല്‍ എന്നിവയെല്ലാം ഗവേഷണത്തിലുള്‍പ്പെടുന്നു. പ്രതിപാദനസൗകര്യാര്‍ഥം, ഈ ലേഖനം മൂന്നായി വിഭജിച്ചിരിക്കുന്നു. ഗവേഷണം-ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍, ഗവേഷണം-ഭാഷയിലും സാഹിത്യത്തിലും, ഗവേഷണം-മാനവിക വിഷയങ്ങളില്‍.

ഗവേഷണം-ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍

രാഷ്ട്രപുരോഗതിയില്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണം ഇന്ന് നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ആരോഗ്യം, സമ്പദ്വ്യവസ്ഥ, രാജ്യരക്ഷ തുടങ്ങിയവ ഗവേഷണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ ഇന്ന് അമൂല്യ സംഭാവനകളാണ് നല്കുന്നത്.

ഗവേഷണ പ്രരൂപങ്ങള്‍

ശാസ്ത്ര-സാങ്കേതിക ഗവേഷണത്തെ പൊതുവേ മൗലികം (fundamental or basic), പ്രയുക്തം (applied), വികസനപരം (developmental) എന്നിങ്ങനെ മൂന്നായി തിരിക്കാം.

മൗലിക ഗവേഷണം (Basic research)

പുതിയ വിജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണമാണ് മൗലിക ഗവേഷണം. നിലവിലുള്ള വിജ്ഞാനം വിപുലീകരിക്കുക, പുതിയ ആശയങ്ങളും സിദ്ധാന്തങ്ങളും കണ്ടെത്തുക, വിജ്ഞാനം, ആശയങ്ങള്‍, സിദ്ധാന്തങ്ങള്‍ എന്നിവയെ വ്യാഖ്യാനിക്കുക തുടങ്ങിയവയോടു ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇതിലുള്ളത്. പ്രകൃതിയെയും പ്രകൃതിയിലെ വസ്തുക്കളെയും കുറിച്ചുള്ള അടിസ്ഥാനപരവും സൈദ്ധാന്തികവും ആയ അറിവു മാത്രമേ ഇവിടെ ഗവേഷകന് ലക്ഷ്യമുള്ളൂ. ഗവേഷണഫലങ്ങളുടെ പ്രായോഗിക ഉപയോഗത്തെപ്പറ്റി ചിന്തിക്കാറില്ല. പുത്തന്‍ ആശയത്തിന്റെ കണ്ടുപിടിത്തം, പുതിയ ഗവേഷണപന്ഥാവിന്റെ ആവിര്‍ഭാവം തുടങ്ങിയവ ഇത്തരം മൗലിക ഗവേഷണത്തില്‍ ദര്‍ശിക്കാന്‍ കഴിയും. യു.എസ്. ശാസ്ത്രജ്ഞരായ ലീ, യാങ് എന്നിവര്‍ മൗലികകണങ്ങളുടെ പുതിയ ഗുണധര്‍മം കണ്ടുപിടിച്ചതും ഗാമാരശ്മികള്‍ പദാര്‍ഥത്തില്‍ പതിക്കുമ്പോള്‍ പുതിയ പ്രതിഭാസം ഉണ്ടാകുന്നതായി ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനായ മോസ്ബൌവര്‍ കണ്ടെത്തിയതും മൗലിക ഗവേഷണത്തിന്റെ തിളക്കമേറിയ ഉദാഹരണങ്ങളാണ്. ഗവേഷണ ചരിത്രത്തില്‍ ഇതുപോലുള്ള നിരവധി കണ്ടുപിടിത്തങ്ങള്‍ വേറെയുണ്ട്.

പ്രയുക്ത ഗവേഷണം (Applied research)

ലഭ്യമായ വിജ്ഞാനത്തിന്റെ പ്രയോഗത്തിലൂടെ പ്രശ്നപരിഹരണം ലക്ഷ്യമാക്കുന്ന ഗവേഷണമാണ് പ്രയുക്ത ഗവേഷണം. പ്രയുക്തശാസ്ത്രങ്ങളിലെ ഏതു ശാഖയിലെയും ഗവേഷണത്തിന്റെ അന്തിമലക്ഷ്യം അതിന്റെ പ്രായോഗിക ഉപയോഗമാണ്. പുതിയ നിര്‍മാണ സങ്കേതം, പുതിയ പദാര്‍ഥങ്ങളുടെ സൃഷ്ടി, വേഗവും സൗകര്യവുമുള്ള യാത്രാമാര്‍ഗങ്ങള്‍, മണ്ണിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, പുതിയ ഔഷധങ്ങളുടെ നിര്‍മാണം തുടങ്ങിയവ പ്രയുക്ത ഗവേഷണത്തിന് ദൃഷ്ടാന്തങ്ങളാണ്. ഈ ഗവേഷണരംഗത്ത് എന്‍ജിനീയര്‍മാരും ടെക്നോളജിസ്റ്റുകളും കാര്‍ഷികശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. മാനവരാശിയുടെ പ്രായോഗിക ആവശ്യങ്ങളും രാഷ്ട്രത്തിന്റെ ആവശ്യങ്ങളും ആണ് ഇവിടെ ലക്ഷ്യമാക്കിയിരിക്കുന്നത്.

വികസന ഗവേഷണം (Developmental research)

പരീക്ഷണശാലയിലെ പ്രയുക്ത ഗവേഷണം വികസിപ്പിച്ച് വ്യാവസായിക നിര്‍മാണപ്രക്രിയയിലേക്ക് രൂപാന്തരപ്പെടുത്തുന്നതാണ് വികസന ഗവേഷണം. ഇന്ന് ലോകത്തില്‍ സാധാരണ ഊര്‍ജസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. പകരം പുതിയ ഊര്‍ജ ഉറവിടങ്ങള്‍ തേടിയുള്ള ഗവേഷണം നടക്കുന്നു. ഇതിന്റെ ഫലമായാണ് അണുകേന്ദ്ര ഊര്‍ജവ്യവസായം, ബയോഗ്യാസ് പ്ളാന്റ് തുടങ്ങിയവ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്.

മേല്പറഞ്ഞ മൂന്നുതരം ഗവേഷണങ്ങളും പരസ്പരപൂരകങ്ങളാണ്. ഇവയെ പൊതുവായി 'ഗവേഷണവും വികസനവും' (Research and Development-R and D) എന്നുപറയുന്നു. ശാസ്ത്രചരിത്രത്തിലെ ഒരുദാഹരണംകൊണ്ട് ഈ ബന്ധം വ്യക്തമാക്കാം. വിദ്യുത്കാന്ത തരംഗങ്ങളുടെ അസ്തിത്വം ജെയിംസ് ക്ളാര്‍ക്കു മാക്സ്വെല്‍ (1865) സൈദ്ധാന്തികമായി പ്രവചിച്ചു (സൈദ്ധാന്തിക ഗവേഷണം). ഹെന്റിഷ് റുഡോള്‍ഫ് ഹെര്‍ട്സ് പരീക്ഷണംവഴി (1886) വിദ്യുത്കാന്തതരംഗം കണ്ടെത്തി (മൗലിക ഗവേഷണം). മാര്‍ക്കോണി (1897) വിദ്യുത്കാന്തതരംഗംവഴി സന്ദേശം അയച്ചു (പ്രയുക്തഗവേഷണം). ഇതേത്തുടര്‍ന്ന് റേഡിയോ, ടെലിവിഷന്‍, റഡാര്‍ തുടങ്ങിയവയുടെ പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുന്നു (വികസന ഗവേഷണം).

ഗവേഷണത്തിന്റെ ചരിത്രം

ഗവേഷണം ഒരു സവിശേഷ ബൗദ്ധിക പ്രവര്‍ത്തനമായി ഉയര്‍ന്നു വന്നത് 17-ാം നൂറ്റാണ്ടില്‍ മാത്രമാണെങ്കിലും, ഗവേഷണ പ്രവര്‍ത്തനത്തിന്റെ അടിത്തറയായ ശാസ്ത്രീയ രീതി പദ്ധതിയുടെ പ്രയോഗം പുരാതന കാലത്തു തന്നെ കാണാം. എന്താണ് സത്യം എന്നും അത് കണ്ടെത്തുന്നതെങ്ങനെ എന്നുമുള്ള ചോദ്യങ്ങള്‍ ലോകമെമ്പാടുമുള്ള ദാര്‍ശനിക ചിന്തയുടെ പുരാതന ദശകളില്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ ചിന്തയുടെ മൂര്‍ത്തവത്കരണമാണ് ശാസ്ത്രത്തിന്റെ രീതിപദ്ധതി എന്നു പറയാം. ഏകദേശം 1600 ബി.സി.-യില്‍ രചിക്കപ്പെട്ടതായി കരുതുന്ന ഒരു ഈജിപ്ഷ്യന്‍ വൈദ്യശാസ്ത്ര ഗ്രന്ഥത്തില്‍ ശാസ്ത്രത്തിന്റെ രീതിപദ്ധതിയുടെ പ്രയോഗം കാണാം. പരിശോധന, രോഗനിര്‍ണയം, ചികിത്സ, രോഗത്തിന്റെ ഗതിനിര്‍ണയം എന്നീ വ്യത്യസ്ത ഘടകങ്ങളായി വൈദ്യവൃത്തിയുടെ പ്രയോഗത്തെ ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. ഒരു പ്രസ്താവന സത്യമാണോ അല്ലയോ എന്നു പരിശോധിക്കുന്നതിനുള്ള മൂന്നു പടവുകളുള്ള രീതി ചൈനയില്‍ ഏകദേശം 400 ബി.സി. യില്‍ ആവിഷ്കരിച്ചിരുന്നു. ഇതേ കാലഘട്ടത്തിലാണ് ഗ്രീസില്‍ ഡെമോക്രിറ്റസ് ഇന്‍ഡക്റ്റിവ് രീതിക്ക് രൂപം നല്‍കിയത്. ഇന്ദ്രിയ സംവേദിത ആശയങ്ങളുടെ കാര്യകാരണ ബന്ധം പരിശോധിച്ച് അവയുടെ അടിസ്ഥാനത്തില്‍ പുറംലോകത്തെക്കുറിച്ച് നിഗമനങ്ങളില്‍ എത്താനുള്ള രീതിപദ്ധതിയാണ് ഡെമോക്രിറ്റസ് നിര്‍ദേശിച്ചത്. ഏകദേശം 320 ബി.സി. കാലഘട്ടത്തിലാണ് അരിസ്റ്റോട്ടല്‍ വൈജ്ഞാനിക മണ്ഡലത്തെ വിവിധ വിഷയങ്ങളായി തരംതിരിക്കുകയും പ്രമാണങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് സത്യം എന്തെന്ന് നിര്‍ണയിക്കാനുള്ള ശാസ്ത്രത്തിന്റെ രീതിപദ്ധതി വിവരിക്കുകയും ചെയ്തത്. ആധുനിക ശാസ്ത്രത്തിന്റെ രീതിപദ്ധതിയുടെ ബീജാവാപം നടത്തിയത് അറേബിയന്‍ ശാസ്ത്രജ്ഞരാണ്എന്നു പറയാം. എ.ഡി. 800-ല്‍ ജാബിര്‍ ഇബ്ന്‍ ഹയ്യാന്‍ ചരങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് രൂപം നല്‍കി. ശാസ്ത്രത്തിന്റെ രീതിപദ്ധതി ഏറ്റവും ആദ്യമായി സമ്പൂര്‍ണമായി പ്രസ്താവിച്ചത് അല്‍ഹസന്‍ എന്ന അറബ് ശാസ്ത്രജ്ഞനാണ്. (1021 എ.ഡി. അബൂ അലീ അല്‍ഹസന്‍ ഇബ്ന്‍ അല്‍ഹസന്‍ ഇബ്ന്‍ അല്‍ഹയ്ഥം എന്നാണ് യഥാര്‍ഥനാമം.) പ്രാകാശികം ദര്‍ശനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് അല്‍ഹസന്‍ പ്രധാനമായും പ്രവര്‍ത്തിച്ചതെങ്കിലും, ഭൗതികശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ഗണിതശാസ്ത്രം, തത്ത്വചിന്ത എന്നീ മേഖലകളിലൊക്കെ അദ്ദേഹം വ്യാപരിച്ചു. ശാസ്ത്രത്തിന്റെ രീതിപദ്ധതി ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നു. നിരീക്ഷണം, പരീക്ഷണം, യുക്തിപരമായ വിശകലനം എന്നീ പടവുകള്‍ അടങ്ങിയ രീതിപദ്ധതിക്ക് അല്‍ഹസന്‍ രൂപം നല്‍കി. മിനെറോളജി, ബലതന്ത്രം എന്നീ മേഖലകളിലെ ശാസ്ത്രീയ രീതിപദ്ധതികള്‍ വികസിപ്പിക്കുകയും, ജ്യോതിശ്ശാസ്ത്ര പ്രതിഭാസങ്ങളെക്കുറിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത അബൂ റയ്ഹാന്‍ അല്‍ബിറൂണി (ഏകദേശം എ.ഡി. 1025) ആണ് ശാസ്ത്രത്തിന്റെ രീതിപദ്ധതി വികസിപ്പിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍. അവിസെന്ന എന്ന പേരില്‍ പാശ്ചാത്യലോകത്ത് പ്രസിദ്ധനായിത്തീര്‍ന്ന ഇബ്ന്‍ സിന അരിസ്റ്റോട്ടലിന്റെ രീതിപദ്ധതിയെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും പരിശോധന, പരീക്ഷണം എന്നിവയ്ക്കാണ് ശാസ്ത്രത്തിന്റെ രീതിപദ്ധതിയില്‍ പ്രാധാന്യം എന്നു പ്രഖ്യാപിക്കുകയും ചെയ്തു (എ.ഡി. 1027). ശാസ്ത്രചിന്തയുടെ ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് ശാസ്ത്രത്തിന്റെ രീതിപദ്ധതിയും ഗവേഷണ രീതികളും യൂറോപ്പില്‍ വികസിക്കാനാരംഭിച്ചത്. റോജര്‍ ബേക്കണ്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. (എ.ഡി. 1265). നിരീക്ഷണം, അനുമാനം, പരീക്ഷണം എന്നിവയുടെ ആവര്‍ത്തനത്തിലൂടെയും സ്വതന്ത്ര വിലയിരുത്തലിലൂടെയും ആവിഷ്കൃതമാകുന്ന ബേക്കണിന്റെ രീതിപദ്ധതിയാണ് ഇന്നും കൂടുതല്‍ വിശദമായ രൂപത്തില്‍ നിലനില്‍ക്കുന്നത്. ബേക്കണ്‍ ശാസ്ത്രത്തിന്റെ രീതിപദ്ധതി വിശദമായി വിവരിക്കുകയും താന്‍ ചെയ്ത പരീക്ഷണങ്ങളുടെ സൂക്ഷ്മവിവരങ്ങള്‍ വരെ രേഖപ്പെടുത്തിവയ്ക്കുകയും അതുവഴി മറ്റു ശാസ്ത്രജ്ഞര്‍ക്ക് അതേ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാനും വിലയിരുത്താനുമുള്ള വഴിയൊരുക്കുകയും ചെയ്തു. പരീക്ഷണങ്ങള്‍, ഗവേഷണം എന്നിവയുടെ (reproducibility) എന്ന മാനദണ്ഡം ഇവിടെ നിന്നാണ് വികസിച്ചത്. 1665-ല്‍ വില്യം ബോയല്‍ ഇത് ഒരു പ്രമാണമായി പ്രസ്താവിച്ചു. ഫ്രാന്‍സിസ് ബേക്കണ്‍ 1620-ല്‍ നോവം ഓര്‍ഗാനം (Novum Organum) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് പരീക്ഷണം, ഗവേഷണം എന്നിവയുടെ ആധുനിക കാലഘട്ടം ആരംഭിക്കുന്നത് എന്നു പറയാം. അരിസ്റ്റോട്ടലിയന്‍ രീതിപദ്ധതി ഉപേക്ഷിച്ചുകൊണ്ട് ശാസ്ത്രത്തിന് പുതിയൊരു രീതിപദ്ധതി ബേക്കണ്‍ പ്രദാനം ചെയ്തു. ഒരു പ്രതിഭാസത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനുള്ള ചിട്ടകള്‍ ബേക്കണ്‍ പ്രസ്താവിച്ചു. ഒരു പ്രതിഭാസം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷമാകുന്നു എന്നും ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നും കണ്ടെത്തി അവയില്‍ നിന്ന് പ്രസ്തുത പ്രതിഭാസത്തെ നിയന്ത്രിക്കുന്ന ചരങ്ങള്‍ വേര്‍തിരിക്കുന്ന രീതി ബേക്കണ്‍ വിശദീകരിച്ചിരിക്കുന്നു. പ്രതിഭാസങ്ങളുടെ കാരണങ്ങളിലേക്കു ഗവേഷകനെ നയിക്കുന്ന മൂന്നു പാതകള്‍ ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിരിക്കുന്നു. സമാനത, വ്യത്യസ്തത, സമാന വ്യതിയാനം എന്നിവയാണിവ. ഗവേഷകരില്‍ പ്രവര്‍ത്തിക്കുന്ന പല തരത്തിലുള്ള വ്യക്തിനിഷ്ഠ സമീപനങ്ങളും ബേക്കണ്‍ വിവരിക്കുന്നു. ശാസ്ത്രത്തിന്റെ രീതി വികസിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തി ഗലീലിയോ ഗലീലി ആയിരുന്നു. പരീക്ഷണത്തിലൂടെ സത്യം കണ്ടെത്തുന്നതെങ്ങനെ എന്നു പ്രതിപാദിച്ചിരിക്കുന്ന രണ്ടു നവശാസ്ത്രങ്ങള്‍ (Two New Sciences) എന്ന ഗ്രന്ഥം 1638-ല്‍ ഗലീലിയോ പ്രസിദ്ധീകരിച്ചു. പിസയിലെ ചരിഞ്ഞ ഗോപുരത്തില്‍ നിന്നുകൊണ്ട് ഗലീലിയോ നടത്തിയ പരീക്ഷണവും മറ്റും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന തെളിവുകള്‍ മാത്രമാണ് സത്യത്തിന്റെ ഏക മാനദണ്ഡം എന്ന് 1650-ല്‍ റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ചു. 1753-ല്‍ ജെയിംസ് ലിന്‍ഡ് സ്കര്‍വി രോഗത്തെപ്പറ്റി നടത്തിയ പഠനത്തില്‍ ചരങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള പരീക്ഷണരീതി പൂര്‍ണമായി വികസിച്ചു. പില്ക്കാലത്ത് ഐസക് ന്യൂട്ടണ്‍, ഹാന്‍സ് ക്രിസ്റ്റ്യന്‍ ഓര്‍സ്റ്റെഡ് എന്നീ ശാസ്ത്രജ്ഞന്മാരും ഡേവിഡ് ഹൂം, ജോണ്‍ സ്റ്റുവര്‍ട് മില്‍ എന്നീ ദാര്‍ശനികരും ശാസ്ത്രത്തിന്റെ രീതിപദ്ധതിയും ഗവേഷണപദ്ധതികളും വികസിക്കുന്നതില്‍ പല സംഭാവനകളും നല്‍കി. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ വിവിധ ശാസ്ത്രശാഖകള്‍ അവയുടേതായ ഗവേഷണ രീതികള്‍ ആവിഷ്കരിച്ചു വികസിപ്പിക്കാന്‍ തുടങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിലും വിലകുറഞ്ഞ ലോഹങ്ങളെ സ്വര്‍ണമായി പരിണമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആല്‍ക്കെമിസ്റ്റുകള്‍ രസതന്ത്ര ഗവേഷണം പുരാതനകാലം മുതല്‍ ആരംഭിച്ചിരുന്നു. ഊര്‍ജതന്ത്രം, ജൈവശാസ്ത്രം എന്നീ മേഖലകളിലും പില്ക്കാലത്ത് ഗവേഷണ സങ്കേതങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ അടിസ്ഥാന ശാസ്ത്രങ്ങളിലാണ് ആധുനിക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നതും തന്മൂലം ഗവേഷണ സങ്കേതങ്ങള്‍ വികസിച്ചതും. മാനവിക വിഷയങ്ങളുടെ ഗവേഷണ പദ്ധതിയിലും ശാസ്ത്രത്തിന്റെ രീതി സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും അവയ്ക്ക് വ്യത്യസ്തമായ ഗവേഷണ സങ്കേതങ്ങള്‍ ഉണ്ട്. ചരിത്ര ഗവേഷണത്തിന് ലിഖിത ചരിത്രത്തോളമെങ്കിലും പഴക്കമുണ്ട്. ശാസ്ത്രത്തിന്റെ രീതിപദ്ധതി വികസിച്ചതിനു സമാനമായി ചരിത്രത്തിലും ഒരു രീതിപദ്ധതി വികസിച്ചിരുന്നു. ജര്‍മന്‍ ചരിത്രകാരനായ ലെപോള്‍ഡ് വോണ്‍ റാങ്ക് (Leopold Von Ranke 1795 ̨1886) ചരിത്രഗവേഷണത്തിന്റെ സങ്കേതങ്ങള്‍ വികസിപ്പിച്ചവരില്‍ പ്രമുഖനാണ്. ജൈവശാസ്ത്രത്തിന്റെ ഗവേഷണ രീതികള്‍ ഉപയോഗിച്ചുകൊണ്ടാണ് ആധുനിക മനശ്ശാസ്ത്രം ഒരു പ്രത്യേക ശാസ്ത്രമായി വികസിച്ചത്. പില്ക്കാലത്ത് മനശ്ശാസ്ത്രവും സാമൂഹ്യശാസ്ത്രവും നരവംശശാസ്ത്രവും സ്വതന്ത്രമായ ഗവേഷണ രീതികള്‍ വികസിപ്പിച്ചു.

ഗവേഷണ സാഹിത്യം

ഇതേവരെ ശാസ്ത്ര-സാങ്കേതിക രംഗത്ത് നടന്നിട്ടുള്ള ഗവേഷണങ്ങളുടെ കലവറയാണ് 'ശാസ്ത്ര-സാങ്കേതിക ഗവേഷണ സാഹിത്യം' (Literature of Science and Technology). 'സാഹിത്യം' (Literature) എന്ന പദത്തിന് ഈ പ്രത്യേകാര്‍ഥമാണ് ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളത്. ഗവേഷണവിദ്യാര്‍ഥിക്കും ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകനും ഒരേപോലെ ആവശ്യമാണ് ഈ സാഹിത്യം. വിഷയവൈവിധ്യം, ഭാഷാവൈവിധ്യം, ഗുണവൈവിധ്യം എന്നിങ്ങനെ പലതരത്തിലും രൂപത്തിലും ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുകയാണ് ഗവേഷണസാഹിത്യം. ഗവേഷണവിദ്യാര്‍ഥിക്ക് താന്‍ തെരഞ്ഞെടുക്കുന്ന പ്രത്യേക വിഷയത്തില്‍ മുന്‍പ് ആരെല്ലാം എന്തെല്ലാം ഗവേഷണം നടത്തിയിട്ടുണ്ടെന്ന് അറിഞ്ഞേതീരൂ. ഇതിനായി അയാള്‍ ആദ്യം 'ലിറ്ററേച്ചര്‍ സര്‍വേ' നടത്തണം. ലബ്ധപ്രതിഷ്ഠനായ ഗവേഷകനുപോലും തന്റെ പ്രത്യേക വിഷയത്തില്‍ ഇപ്പോള്‍ എവിടെയൊക്കെ പുതുതായി എന്തൊക്കെ ഗവേഷണം നടക്കുന്നു എന്ന് അറിയേണ്ടത് ആവശ്യമാണ്.

ഗവേഷണസാഹിത്യ സ്രോതസ്സുകളെ സാമാന്യമായി മൂന്നായി തിരിക്കാം.

പ്രാഥമിക സ്രോതസ്സുകള്‍

ആദി (original)ഗവേഷണ പ്രബന്ധങ്ങള്‍, പേറ്റന്റുകള്‍, നിര്‍മാതാക്കളുടെ (manufactures) ലിറ്റ്റെച്ചര്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. മിക്ക പ്രാഥമിക സ്രോതസ്സുകള്‍ താഴെ കൊടുക്കുന്നു.

ആനുകാലികങ്ങള്‍ (periodicals)

ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആനുകാലികങ്ങളിലാണ്. ആനുകാലികം എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത് മാസിക, ബുള്ളറ്റിന്‍, 'പ്രൊസീഡിങ്സ്', 'ട്രാന്‍സാക്ഷന്‍സ്' എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഗവേഷണ പ്രസിദ്ധീകരണങ്ങളാണ്. ഇന്ന് ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന 55,000-ത്തിലധികം 'ടൈറ്റിലുകള്‍' ഉണ്ട്. ഏതാണ്ട് 110-ഓളം രാജ്യങ്ങളില്‍ ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ക്കായി ഗവേഷണ പ്രസിദ്ധീകരണങ്ങളുണ്ട്. മൗലികം, പ്രയുക്തം, വികസനം എന്നീ മൂന്നു ഗവേഷണശാഖകളിലും ഉള്ള പ്രസിദ്ധീകരണങ്ങള്‍ ഇവയില്‍പ്പെടുന്നു. 50-ഓളം ഭാഷകളില്‍ ഗവേഷണ ജേര്‍ണലുകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. എങ്കിലും മൊത്തം പ്രസിദ്ധീകരണങ്ങളുടെ 45 ശതമാനത്തോളം ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ഒരളവുവരെയെങ്കിലും ഇന്ന് ശാസ്ത്ര-സാങ്കേതിക ഗവേഷകന് അനുപേക്ഷണീയമാണ്.

കോണ്‍ഫറന്‍സ് പേപ്പറുകള്‍

അന്താരാഷ്ട്ര ശാസ്ത്ര കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങളാണിവ. മിക്കവയും രണ്ടുകൊല്ലം കൂടുമ്പോഴാണ് ഇത്തരം കോണ്‍ഫറന്‍സുകള്‍ ഓരോന്നും നടക്കുന്നത്. ഇത്തരം പ്രബന്ധങ്ങള്‍ 'പ്രൊസീഡിങ്സ്' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നു.

ഗവേഷണ 'മോണോഗ്രാഫു'കള്‍

സ്റ്റാന്‍ഡേഡ് ജേര്‍ണലുകളില്‍ പ്രസിദ്ധീകരണത്തിന് അനുവദിക്കാവുന്നതിലും അധികം ദൈര്‍ഘ്യമുള്ളതോ അതിവിശേഷവത്കൃതമോ (over specialised) ആയ ഗവേഷണ പ്രബന്ധങ്ങളാണിവ. ഓരോ മോണോഗ്രാഫും സ്വയം പൂര്‍ണമായിരിക്കും.

ഗവേഷണ റിപ്പോര്‍ട്ടുകള്‍

ഗവേഷണസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായിരിക്കണമെന്നില്ല. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടുകള്‍ ഗവേഷണസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കാറുമില്ല. ഈ റിപ്പോര്‍ട്ടുകളില്‍ ചിലപ്പോള്‍ 'നെഗറ്റീവ് റിസള്‍ട്ടും' സൂചിപ്പിച്ചെന്നുവരാം.

ഡിസര്‍ട്ടേഷന്‍ (തീസിസ്)

ഗവേഷണ ഡിഗ്രിക്കു സമര്‍പ്പിക്കുന്ന പ്രബന്ധമാണിത്. മൂലഗവേഷണത്തിന്റെ ഭാഗങ്ങള്‍ മാത്രമേ സാധാരണയായി പീരിയോഡിക്കലുകള്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. വിശദാംശങ്ങളും മറ്റും അറിയാന്‍ തീസിസ് അഥവാ ഡിസര്‍ട്ടേഷന്‍ തന്നെ പരിശോധിക്കണം.

സ്മരണികകള്‍ (ഫെസ്റ്റ്ഷ്റിഫ്റ്റൈന്‍-Festschriften)

പ്രശസ്തനായ ശാസ്ത്രജ്ഞന്റെയോ ശാസ്ത്ര സമിതിയുടെയോ ശാസ്ത്രസംഭവത്തിന്റെയോ സ്മരണികയായി പ്രസിദ്ധീകരിക്കുന്ന മൂലഗവേഷണ പ്രബന്ധസമാഹാരമാണിത്. ഓരോ പ്രബന്ധവും പ്രസ്തുത ഗവേഷണമണ്ഡലവുമായി ബന്ധപ്പെട്ടതായിരിക്കും.

നിര്‍മാതാക്കളുടെ ലിറ്റ്റെച്ചര്‍ (Manufacturer's literature)

പ്രത്യേക ഉത്പന്നത്തെയോ അവയുടെ വികസനത്തെയോ കുറിച്ച് നിര്‍മാതാക്കള്‍ നല്കുന്ന വിവരങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇവയെ ടെക്നിക്കല്‍ ബുള്ളറ്റിന്‍ എന്നുപറയാം. മറ്റു സ്രോതസ്സുകളില്‍നിന്ന് ലഭിക്കാത്ത ചില അറിവുകള്‍ ഇവ നല്കിയേക്കാം.

ദ്വിതീയ സ്രോതസ്സുകള്‍

ഈ ഇനത്തില്‍പ്പെട്ടവയെ സാമാന്യമായി മൂന്നായി തിരിക്കാം. ഇവയും റഫറന്‍സ് കൃതികളാണ്.

ഇന്‍ഡക്സുകളും അബ്സ്ട്രാക്റ്റുകളും

പ്രാഥമിക ലിറ്റ്റെച്ചറില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇന്‍ഡക്ട് ചെയ്യുന്ന രീതിയിലുള്ളവയാണിവ. ഒരു പ്രത്യേക വിഷയത്തില്‍ എന്തെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്, എന്നാണിതുണ്ടായത് തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കുന്നു. ഇന്‍ഡക്സിങ് സര്‍വീസ് പല തരത്തിലുണ്ട്. ഗവേഷകന്റെ പേര്, വിഷയം, ഫോര്‍മുലകള്‍ തുടങ്ങിയവ അക്ഷരമാലാക്രമത്തില്‍ വിശദമായി വിവരിക്കുന്ന പ്രസിദ്ധീകരണമാണ് ഇന്‍ഡക്സ്. കാലാനുക്രമത്തിലും രാജ്യാനുക്രമത്തിലും സംഖ്യാനുക്രമത്തിലും ഇന്‍ഡക്സുകള്‍ നിര്‍മിക്കാറുണ്ട്. ഒരു പ്രത്യേക വിഷയത്തെയോ ഗവേഷകനെയോ ബന്ധപ്പെടുത്തി പ്രാഥമിക സ്രോതസ്സുകളുടെ റഫറന്‍സ് നല്കുന്നവയാണ് ബിബ്ലിയോഗ്രാഫി. കാലാനുക്രമത്തിലും ഗവേഷകരുടെ അക്ഷരമാലാക്രമത്തിലും ഇത് പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരിക്കാന്‍ പോകുന്ന ജേര്‍ണലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗവേഷണപ്രബന്ധങ്ങളുടെ ടൈറ്റിലുകള്‍ പ്രസിദ്ധീകരിക്കുന്ന സേവനമാണ് കറന്റ് കണ്ടന്റ്സ് (Current Contents) എന്ന ആഴ്ചപ്പതിപ്പ് നിര്‍വഹിക്കുന്നത്. ഇവ കൂടാതെ ഓരോ ശാസ്ത്ര-സാങ്കേതിക ശാഖയിലും പ്രസിദ്ധപ്പെടുത്തുന്ന ഗവേഷണ ലേഖനങ്ങളുടെ രത്നച്ചുരുക്കം (abstract) നല്കുന്ന അബ്സ്ട്രാക്റ്റിങ് സീരിയലു (abstracting serial)കളുമുണ്ട്. ഗവേഷണലേഖനം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് കുറച്ചുകാലം കഴിഞ്ഞേ അതിന്റെ അബ്സ്ട്രാക്റ്റ് സീരിയലില്‍ വരികയുള്ളൂ.

സര്‍വേകള്‍

റഫറന്‍സിനു സഹായകമായ ഇവയെ മൂന്നായി തിരിക്കാം. ഒരു പ്രത്യേക വിഷയത്തില്‍ അതേവരെ നടന്നിട്ടുള്ള ഗവേഷണങ്ങളുടെ സര്‍വേയാണ് റിവ്യൂ എന്ന് അറിയപ്പെടുന്നത്. ഭാവിയില്‍ ഏതു ദിശയിലാണ് ഗവേഷണം നീങ്ങുന്നതെന്ന സൂചനകൂടി ഒരു നല്ല 'റിവ്യൂ'വില്‍ നിന്ന് ചിലപ്പോള്‍ ലഭിച്ചേക്കാം. ശാസ്ത്ര-സാങ്കേതിക ഗവേഷണ സാഹിത്യത്തിലെ മുഖ്യ ഘടകം റിവ്യൂ ആണെന്ന് വിജ്ഞാനവ്യാപന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരു വിഷയത്തെ സംബന്ധിച്ച ആധികാരികവും ക്രമനിബദ്ധവും പ്രമാണസമന്വിതവും സമഗ്രവും ആയ രേഖയാണ് ട്രീറ്റിസ് (treatise). പരിശീലനം ലഭിച്ച ഒരു വ്യക്തിക്ക് ഉയര്‍ന്ന നിലവാരമുള്ള ഗവേഷണം നടത്താന്‍ ട്രീറ്റിസ് സഹായകമാണ്. ഉന്നതനിലവാരമുള്ള ഒരു ടെക്സ്റ്റുബുക്കിന്റെയും ഹാന്‍ഡ്ബുക്കിന്റെയും ധര്‍മം ഒരു ആധികാരികമായ ട്രീറ്റിസ് നിര്‍വഹിക്കും. ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ഹ്രസ്വമായ ട്രീറ്റിസാണ് മോണോഗ്രാഫ് എന്നുപറയാം.

റഫറന്‍സ് ഗ്രന്ഥങ്ങളും രേഖകളും

ഗവേഷകന് ഒഴിച്ചുകൂടാന്‍ വയ്യാത്ത റഫറന്‍സ് രേഖകളാണ് വിഷയാധിഷ്ഠിതങ്ങളായ എന്‍സൈക്ലോപീഡിയകള്‍, ഡിക്ഷണറികള്‍, ഹാന്‍ഡ്ബുക്കുകള്‍, ക്രിട്ടിക്കല്‍ ടേബിളുകള്‍, ഡാറ്റാ ബാങ്കുകള്‍ മുതലായവ. പശ്ചാത്തല വിജ്ഞാനം നല്കാന്‍ എന്‍സൈക്ലോപീഡിയകള്‍ ഉപകരിക്കുന്നു. പ്രത്യേക ഡാറ്റാ, പ്രക്രമം, സാങ്കേതിക തത്ത്വങ്ങള്‍ തുടങ്ങിയവ ഹാന്‍ഡ്ബുക്കില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ് ഡാറ്റാശേഖരം ക്രിട്ടിക്കല്‍ ടേബിളില്‍നിന്നും ലഭിക്കുന്നു. സംഖ്യാത്മകവും സാംഖ്യികവും സംരചനാപരവുമായ ഡാറ്റ 'മെഷീന്‍-റീഡബിള്‍' രൂപത്തില്‍ സ്വരൂപിച്ച് വച്ചിരിക്കുന്നത് ഡാറ്റാ ബാങ്കിലാണ്. 'മെഷീന്‍-റീഡബിള്‍' (machine-readable) എന്നാല്‍ കംപ്യൂട്ടര്‍ പോലുള്ള യന്ത്രങ്ങള്‍ക്കു വായിക്കാന്‍ പറ്റുന്നത് എന്നര്‍ഥം.

തൃതീയ സ്രോതസ്സുകള്‍

ഇവയില്‍ പ്രധാനപ്പെട്ടവ ടെക്സ്റ്റു ബുക്കുകളും ഡയറക്ടറികളും ആണ്.

ടെക്സ്റ്റ് ബുക്കുകള്‍

ഒരാള്‍ ഗവേഷണത്തിന് തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ പ്രാവീണ്യം നേടേണ്ടത് ആവശ്യമാണ്. തന്റെ പശ്ചാത്തല വിജ്ഞാനത്തിനനുസരിച്ചുള്ള ടെക്സ്റ്റു ബുക്ക് വായിച്ചു പഠിച്ചതിനുശേഷം വേണം ഗവേഷണത്തിനു തുനിയാന്‍. ഉന്നത നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങള്‍ പ്രായേണ ഒരു ട്രീറ്റിസിന് സമാനമായേക്കാം.

ഡയറക്ടറികള്‍

ഒരു പ്രത്യേക ക്ളാസിലോ ഗ്രൂപ്പിലോപെട്ട പീരിയോഡിക്കലുകള്‍, വ്യാവസായിക നിര്‍മാതാക്കള്‍, ശാസ്ത്രസമിതികള്‍, വ്യക്തികള്‍ എന്നിങ്ങനെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാറ്റിന്റെയും പേരും വിലാസവും അക്ഷരമാലാക്രമത്തില്‍ ക്രോഡീകരിച്ചിരിക്കുന്ന പുസ്തകമാണ്' ഡയക്ടറി'. ഇത്തരം വിവരങ്ങള്‍ ഗവേഷകന് ആവശ്യമായി വരും.

വിദ്യാഭ്യാസവും ഗവേഷണവും

പ്രയുക്ത ഗവേഷണം നടക്കുന്നത് അധികവും വ്യവസായശാലകളിലെ ഗവേഷണ വിഭാഗങ്ങളിലും ദേശീയ ലബോറട്ടറികളിലും ആണെങ്കില്‍, മൗലിക ഗവേഷണം ഏറിയപങ്കും നടക്കുന്നത് സര്‍വകലാശാലകളിലും കോളജുകളിലും ആണെന്നു പറയാം. ഇതിനുവേണ്ട സാമ്പത്തിക സഹായം സര്‍ക്കാരില്‍നിന്നോ സര്‍ക്കാര്‍ ഗ്രാന്റുനല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നോ ആണ് ലഭിക്കുന്നത്. എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഭൗതികശാസ്ത്രത്തിന് ഗ്രാന്റിന്റെ ഏതാണ്ട് 65 ശതമാനവും ബാക്കി വൈദ്യശാസ്ത്രം ഉള്‍പ്പെടെയുള്ള ജൈവശാസ്ത്ര വിഭാഗങ്ങള്‍ക്കുമായി വീതിച്ചിരിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണത്തിന് ഇനിയും പുതിയ 'സെന്റേഴ്സ് ഒഫ് എക്സലന്‍സ്' (Centres of excellence) തുടങ്ങിയേ മതിയാവൂ. മാത്രമല്ല, മൗലിക ഗവേഷണവും ഗ്രാഡ്വേറ്റ് വിദ്യാഭ്യാസവും തമ്മില്‍ ബന്ധപ്പെടുത്തി പുതിയ പ്രതിഭകളെ കണ്ടെത്തുകയും വേണം. ശാസ്ത്ര-സാങ്കേതികരംഗത്തെ സ്വയംപര്യാപ്തതയ്ക്ക് ഇത് അത്യാവശ്യമാണ്.

ഗവേഷണലക്ഷ്യം

രാജ്യത്തിന്റെ ലക്ഷ്യം ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തത നേടുക എന്നതാണ്. രണ്ടു ദശാബ്ദക്കാലം കഴിഞ്ഞുള്ള ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക ആവശ്യങ്ങള്‍ എന്തെല്ലാമായിരിക്കും, ഇതിന് എന്തു മുതല്‍മുടക്കുവേണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു പരിപ്രേക്ഷ്യ പദ്ധതി (Perspective plan) തയ്യാറാക്കേണ്ടിയിരിക്കുന്നു. ഇന്ന് ഗവേഷണത്തിനു നീക്കിവയ്ക്കുന്ന തുകയുടെ പതിനഞ്ചു മടങ്ങെങ്കിലും ഈ ലക്ഷ്യം നേടാന്‍ ആവശ്യമായി വരും.

ഗവേഷണം ഇന്ത്യയില്‍

ഇന്ത്യയില്‍ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തിയവരുടെ പേരുകള്‍ എല്ലാം ഇവിടെ ചേര്‍ക്കുക ദുഷ്കരമാണ്. എങ്കിലും സി.വി. രാമന്‍, ജെ.സി. ബോസ്, പി.സി. റേ, ശ്രീനിവാസ രാമാനുജന്‍, മേഘനാദ് സാഹ, ഹോമിഭാഭ, വിക്രം സാരാഭായ്, പി.സി. മഹലാനോബിസ്, സത്യേന്ദ്രനാഥബോസ്, എസ്.എസ്. ഭട്നഗര്‍, എം.ജി.കെ. മേനോന്‍, രാജാരാമണ്ണ, എം.എസ്. സ്വാമിനാഥന്‍, പി.കെ. അയ്യങ്കാര്‍, സി.എന്‍.ആര്‍. റാവു, താണുപദ്മനാഭന്‍, പി. പുഷ്പാംഗദന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ പ്രത്യേകം ശ്രദ്ധേയമാണ്.

ഗവേഷണത്തിന്റെ ചുമതല ആധുനിക ഭാരതത്തില്‍ വിവിധ കൗണ്‍സിലുകള്‍, കമ്മിറ്റികള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇവ പ്രവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ സംരക്ഷണയിലാണ്. ഇവയില്‍ പ്രധാനപ്പെട്ടവ: കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR), ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR), ഡിപ്പാര്‍ട്ടുമെന്റ് ഒഫ് അറ്റോമിക് എനര്‍ജി (DAE), ഡിപ്പാര്‍ട്ട്മെന്റ് ഒഫ് സ്പെയ്സ് (DOS), നാഷണല്‍ കമ്മിറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ളാനിങ് ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ (NCEPC), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി, ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (GNTBGRI) എന്നിവയാണ്.

ഇന്ത്യയില്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണം നടക്കുന്നത് പ്രധാനമായി മൂന്നു തട്ടുകളിലാണ്: i. വ്യവസായശാലകളിലെ ഗവേഷണ വികസന (R&D) വിഭാഗങ്ങള്‍, ii. ഇന്ത്യന്‍ ദേശീയ ലബോറട്ടറികള്‍ (National Laboratories), iii. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും സര്‍വകലാശാലകളും കോളജുകളും.

ഇവയില്‍ ആദ്യത്തെ തട്ടില്‍ വികസന ഗവേഷണവും രണ്ടാമത്തേതില്‍ പ്രയുക്ത ഗവേഷണവും മൂന്നാമത്തേതില്‍ മൗലിക ഗവേഷണവുമാണ് തത്ത്വത്തില്‍ നടക്കേണ്ടത്. പക്ഷേ, ഈ മേഖലകള്‍ പലപ്പോഴും ഇടകലര്‍ന്നും 'അതിവ്യാപനം' (overlap) ചെയ്തും വരാം.

ഇന്ത്യയില്‍ വ്യവസായശാലകളില്‍ ഗണ്യമായ വികസന പ്രയുക്ത ഗവേഷണങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ദേശീയ ലബോറട്ടറിയില്‍ (ഉദാ. നാഷണല്‍ കെമിക്കല്‍ ലബോറട്ടറി) നല്ല രീതിയില്‍ പ്രയുക്തഗവേഷണം നടക്കുന്നു. ഒരു ശാസ്ത്രവിഷയത്തിനു മാത്രമായി ഒരു വിപുലമായ ലബോറട്ടറി ഉള്ളതിനാല്‍ ഇത്തരം ഗവേഷണത്തിനുള്ള സൗകര്യം ഇവിടങ്ങളില്‍ ഉണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് (IISc) ഇവിടങ്ങളില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ശാസ്ത്രഗവേഷണവും അധ്യാപനവും നടക്കുന്നു. ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലകളിലും (Universities of Science and Technology) ഒരളവുവരെ ഇത് സാധിക്കുന്നു. സാധാരണ സര്‍വകലാശാലകളില്‍ എല്ലാ വിഷയങ്ങളും (ശാസ്ത്ര സാങ്കേതികം, മാനവികം, ഭാഷ, സാഹിത്യം മുതലായവ) ഉള്ളതിനാല്‍ അവയ്ക്കു ചില പരിമിതികള്‍ ഉണ്ട്; അധ്യാപനത്തിന് ഊന്നല്‍ കൊടുക്കുന്നതിനാല്‍ ഗവേഷണരംഗത്ത് കോളജുകള്‍ക്കും പരിമിതികളുണ്ട്.

ആകെക്കൂടി നോക്കിയാല്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണരംഗത്തില്‍ ഇന്ത്യ ഇനിയും വളരെ പുരോഗമിക്കേണ്ടതുണ്ട്. എങ്കിലും, ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ എണ്ണത്തില്‍ ഇന്ന് ഇന്ത്യയ്ക്ക് ലോകത്ത് മൂന്നാം സ്ഥാനമുണ്ട്. നോ. കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാല

സാമ്പത്തികമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു മേഖലയാണ് ഇന്ന് ഗവേഷണം. അണുശക്തി, ആയുധങ്ങള്‍, സൈനിക വിമാനങ്ങള്‍ എന്നീ മേഖലയിലെ ഗവേഷണങ്ങള്‍ അതീവ രഹസ്യമായിട്ടാണ് എല്ലാ രാജ്യങ്ങളിലും നടത്തുന്നത്. ഈ മേഖലയിലെ ഗവേഷണങ്ങള്‍ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും വന്‍ശക്തികളുടെ ചാരസംഘടനകള്‍ ഏറെ പണം ചെലവഴിക്കുന്നുണ്ട് എന്നതില്‍ നിന്ന് ഇതിന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കാം. പദാര്‍ഥങ്ങളിലും ഔഷധങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അനുവദനീയമായ അളവുകള്‍ നിശ്ചയിച്ചിരിക്കുന്നത് ഗവേഷണഫലങ്ങളെ ആശ്രയിച്ചാണ്. ഈ ഗവേഷണങ്ങള്‍ രാസവ്യവസായങ്ങള്‍ക്കും ആരോഗ്യപരിപാലന വ്യവസ്ഥകള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ നിര്‍ണായകമാണ്. വന്‍കിട രാസവ്യവസായങ്ങള്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ കൂടുതല്‍ വിറ്റഴിയാന്‍ പാകത്തിന് ഗവേഷണഫലങ്ങള്‍ സൃഷ്ടിക്കാനായി ഗവേഷകരെ സ്വാധീനിച്ച സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എതിരാളിയുടെ ഉത്പന്നം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള ഗവേഷണഫലങ്ങള്‍ പണം കൊടുത്തു സൃഷ്ടിച്ച സംഭവങ്ങള്‍ വ്യവസായ ശക്തികള്‍ തമ്മിലുള്ള കിടമത്സരങ്ങളുടെ ഭാഗമായി പല തവണ ഉണ്ടായിട്ടുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഗവേഷണ ഫലങ്ങള്‍ തട്ടിക്കൂട്ടി പ്രശസ്തിയോ പണമോ നേടിയ പ്രശസ്തരായ ഗവേഷകരും അപൂര്‍വമല്ല. ന്യൂക്ളിയര്‍ ഫിഷന്‍ ലബോറട്ടറിയില്‍ നടത്തി എന്ന് അവകാശപ്പെട്ടുകൊണ്ട് രണ്ട് പ്രമുഖ ശാസ്ത്രജ്ഞര്‍ എണ്‍പതുകളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും പിന്നീട് അത് തട്ടിപ്പാണെന്നു കണ്ടെത്തുകയും ചെയ്യുകയുണ്ടായി. ഗവേഷണത്തിന്റെ ഇത്തരത്തിലുള്ള മുഖം പല വിവാദങ്ങളും എന്നും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

20, 21-ാം നൂറ്റാണ്ടുകളില്‍ ആധുനിക ശാസ്ത്രസാങ്കേതികരംഗത്ത് നടന്നിട്ടുള്ള ഗവേഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

നൂതനാശയങ്ങളിലൂടെ അറിവിനെ സമ്പത്തും സാമൂഹിക നന്മയുമാക്കാനുള്ള ഒരു രാജ്യത്തിന്റെ കഴിവ് ആ രാജ്യത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നു. ഭാവി വിജ്ഞാനസമൂഹങ്ങളും വിജ്ഞാനവ്യവസായവും സൃഷ്ടിക്കുന്ന വിജ്ഞാനരൂപകല്പന(ഗിീംഹലറഴല ലിഴശിലലൃശിഴ)യാണ് പുതിയ ചിന്തയുടെ കേന്ദ്രം. ഇത് ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വിഷയമാണ്.

20-ാം നൂറ്റാണ്ട്, ജൈവശാസ്ത്രത്തിന്റെ നൂറ്റാണ്ടായി ശക്തിപ്പെട്ടത് ഈ മേഖലയിലെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും അറിവിന്റെയും ഊര്‍ജത്തിലൂടെയാണ്. ബൌദ്ധികവിജയങ്ങളുടെ പരിണതഫലമായുണ്ടായ യുക്തിവികാസമാണിത്. ഭൗതികശാസ്ത്രമേഖലയിലെ റോണ്‍ട്ജന്‍, റൂഥര്‍ഫോര്‍ഡ്, മെന്‍ഡലീവ്, മാക്സ് പ്ളാങ്ക്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റെന്‍ തുടങ്ങിയ പ്രഗല്ഭ ശാസ്ത്രജ്ഞരുടെ അസാധാരണമായ ഗവേഷണഫലങ്ങളിലൂടെ ഗവേഷണങ്ങളില്‍ ശക്തമായ മുന്നേറ്റമുണ്ടായി. ഭൗതികശാസ്ത്രത്തിന്റെ നൂറ്റാണ്ട് എന്ന പ്രയോഗം 1900-ത്തില്‍ മാക്സ് പ്ളാങ്കിന്റെ ക്വാണ്ടം ഭൗതികശാസ്ത്രഗവേഷണങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞത്.

ഐന്‍സ്റ്റൈന്‍, മാക്സ് പ്ളാങ്കിന്റെ സിദ്ധാന്തത്തെക്കുറിച്ച് തന്റെ 1905-ലെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിലും (സ്പെഷ്യല്‍ തിയറി ഒഫ് റിലേറ്റിവിറ്റിയിലും) 1916-ലെ സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിലും (ജനറല്‍ തിയറി ഒഫ് റിലേറ്റിവിറ്റിയിലും) കൂടുതല്‍ പഠനം നടത്തിയിട്ടുണ്ട്.

പ്രകൃതി വസ്തുക്കളുടെ ഘടനയും പ്രവര്‍ത്തനരീതികളും കൂടുതല്‍ വ്യക്തിപരമായി മനസ്സിലാക്കാനുതകുന്ന ഉപകരണങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഭൗതികശാസ്ത്രത്തിലെ പുതിയ മുന്നേറ്റങ്ങള്‍ കാരണമായിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രം അണുവിനെ വിഘടിപ്പിക്കുകയും അണുബോംബുകള്‍, വിമാനങ്ങള്‍, റോക്കറ്റുകള്‍, ടെലിവിഷന്‍, വാര്‍ത്താവിനിമയ ഉപാധികള്‍, അപഗ്രഥനോപകരണങ്ങളായ എന്‍.എം.ആര്‍. സ്പെക്ട്രോഫോട്ടോമീറ്ററുകള്‍, ജി.സി.എം.എസ്. തുടങ്ങിയവ, കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ്, ഉപഗ്രഹങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കുകയും ഉണ്ടായത് മികച്ച ഗവേഷണനിരീക്ഷണഫലമായാണ്.

ഇത്തരം ശാസ്ത്ര-സാങ്കേതിക ഗവേഷണഫലങ്ങള്‍ വൈവിധ്യമാര്‍ന്ന ഉപകരണങ്ങളുടെ കണ്ടുപിടിത്തത്തിലേക്ക് നയിക്കുകയും ആധുനിക വ്യവസായത്തിനുവേണ്ട പുതിയ സാങ്കേതികതയുടെ വികസനത്തിന് വഴിതെളിക്കുകയും ചെയ്തു. ഭൗതികശാസ്ത്രത്തിലെ ഇത്തരം പുരോഗതികള്‍ ജീവന്റെ ഘടനയും പ്രവര്‍ത്തനവും വ്യക്തമായി മനസ്സിലാക്കുന്നതിനും യന്ത്രസഹായത്തോടെയുള്ള രോഗനിര്‍ണയത്തിനും ജനിതകചികിത്സകള്‍ക്കും സഹായകമായി. ജൈവസാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ, ഔഷധസാങ്കേതികവിദ്യ, നാനോസാങ്കേതികവിദ്യ തുടങ്ങിയ ശാസ്ത്ര-സാങ്കേതികവിദ്യകളിലൂടെയുള്ള ഗവേഷണഫലങ്ങള്‍ 21-ാം നൂറ്റാണ്ടിലെ ലോകവ്യാപാരത്തെയും സമ്പത്തിനെയും നിയന്ത്രിക്കാന്‍പോകുന്ന ശക്തമായ ഉപാധികളാണ്.

ഔഷധഗവേഷണത്തില്‍ വന്യമായ വര്‍ഗങ്ങളെയും അവയുടെ ആവാസവും നിലനിര്‍ത്തപ്പെടുന്നു. തന്മാത്രാ ജൈവശാസ്ത്രജ്ഞരും ജനിതക എന്‍ജിനീയര്‍മാരും ജനിതകമാറ്റം വരുത്തിയ ഭക്ഷ്യ, ഔഷധസസ്യങ്ങളുടെ ഗവേഷണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇപ്രകാരമുള്ള സസ്യങ്ങളില്‍ പോഷകഗുണങ്ങളും മറ്റും ആവശ്യാനുസരണം ഉള്‍പ്പെടുത്താം. ഇവ ന്യൂട്രിജെനോ മിക്സ്, ഫാര്‍മകോ ജെനോമിക്സ് അഥവാ പ്രോടോമിക് ആരോഗ്യസമീപനം എന്നറിയപ്പെടുന്നു. ഔഷധസസ്യമേഖലയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ഗവേഷണമാണ് മെറ്റ-ബോളോമിക്സ് അഥവാ സിസ്റ്റംസ് ബയോളജി.

21-ാം നൂറ്റാണ്ടില്‍ ആരോഗ്യരംഗത്തെ ഗവേഷണങ്ങളില്‍ വമ്പിച്ച മുന്നേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവയുടെ ഫലപ്രാപ്തി ഈ നൂറ്റാണ്ടിനെ ജീവശാസ്ത്രഗവേഷണ നൂറ്റാണ്ട് എന്ന പദവിയില്‍ത്തന്നെ എത്തിച്ചേക്കാം.

(ഡോ. പി.എം. മധുസൂദനന്‍, പത്മശ്രീ പുഷ്പാംഗദന്‍ പി., ഡോ. രവിശങ്കര്‍ എസ്. നായര്‍.,സ.പ.)

ഗവേഷണം-ഭാഷയിലും സാഹിത്യത്തിലും

പൊതുതത്ത്വങ്ങള്‍

വസ്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ അറിവു വര്‍ധിപ്പിക്കുകയും വസ്തുനിഷ്ഠമായ തെളിവുകളെ ആസ്പദമാക്കിയ വാദഗതി മുഖേന നിശ്ചിതമായ ഒരു പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഗവേഷണം.

വ്യക്തികള്‍ സ്വന്തം നിലയ്ക്കും സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലും ഒറ്റയ്ക്കും കൂട്ടായും ഗവേഷണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഒരു കോഴ്സില്‍ ഒരൊറ്റ വിഷയം മാത്രം ആഴത്തിലും പരപ്പിലും പഠിക്കാന്‍ സൗകര്യം നല്കുക, ക്ളാസ് മുറികളിലെ പ്രഭാഷണങ്ങളെക്കാള്‍ പരീക്ഷണം, പര്യവേക്ഷണം (Survey), പര്യടനം, ചര്‍ച്ച എന്നിവയ്ക്ക് മുന്‍ഗണന നല്കുക എന്നീ മാര്‍ഗങ്ങളിലൂടെ ബിരുദാനന്തര തലംതൊട്ട് സര്‍വകലാശാലകളില്‍ ഗവേഷണത്തിന് പ്രാധാന്യം ഏറിവരുന്നു.

സത്യദര്‍ശനവും വ്യാഖ്യാനവും

സത്യം കണ്ടെത്തുക, കാരണമാരാഞ്ഞുകൊണ്ട് വസ്തുക്കളെ വിമര്‍ശിച്ചു വ്യാഖ്യാനിക്കുക എന്നിവയാണ് ഗവേഷണത്തിന്റെ രണ്ടു മുഖ്യ ഘടകങ്ങള്‍. സത്യദര്‍ശനവും വസ്തുതാവ്യാഖ്യാനവും ചേര്‍ന്നാലേ ഗവേഷണം പൂര്‍ണമാവൂ. ഗ്രന്ഥസൂചി, പദസൂചി, നിഘണ്ടു, സ്ഥാപനങ്ങളുടെയോ വ്യക്തിയുടെയോ ചരിത്രം ഇവയുടെ നിര്‍മാണത്തില്‍ സത്യദര്‍ശനത്തിനാണ് മുന്‍തൂക്കം. മൂല്യനിര്‍ണയമോ സാമാന്യവത്കരണമോ ഉള്‍ക്കൊള്ളുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനം വിമര്‍ശന വ്യാഖ്യാനങ്ങളത്രേ. തത്ത്വവിജ്ഞാനത്തിലും സാഹിത്യത്തിലും ഗവേഷണം ഏറിയകൂറും വിമര്‍ശ വ്യാഖ്യാനാത്മകമായിരിക്കും. അവിടെ സത്യങ്ങളുടെ സ്ഥാനത്ത് ഗവേഷകന്‍ കൈകാര്യം ചെയ്യുന്നത് ആശയങ്ങളെയാണ് (ഉദാ. എഴുത്തച്ഛന്റെ ഈശ്വരസങ്കല്പം: ജി. ശങ്കരക്കുറുപ്പിന്റെ സൗന്ദര്യദര്‍ശനം; ചന്ദ്രോത്സവത്തിലെ ഹാസ്യഘടകം). വ്യക്തമായ വസ്തുതകളും സര്‍വാദൃതതത്ത്വങ്ങളുമാണ് ഗവേഷകന്റെ അടിസ്ഥാനം

(ഉദാ. എഴുത്തച്ഛന്‍ കൃതികളില്‍ പൂര്‍വകൃതികള്‍ക്കുള്ള സ്വാധീനം).

സമ്പൂര്‍ണ ഗവേഷണം

പ്രശ്നം ഉന്നയിക്കുക, വസ്തുതകള്‍ സഞ്ചയിക്കുക, തെളിവുകള്‍ അപഗ്രഥിച്ച് വര്‍ഗീകരിക്കുക, പ്രശ്നപരിഹാരത്തിന് സഹായിക്കും മട്ടില്‍ സയുക്തികവും ക്രമികവുമായി വാദമുഖങ്ങളുടെ രൂപത്തില്‍ തെളിവുകള്‍ അവതരിപ്പിക്കുക, വ്യക്തമായ പരിഹാരം നിര്‍ദേശിക്കുക എന്നിങ്ങനെ സമ്പൂര്‍ണമായ ഗവേഷണത്തിന് നിയതമായ പല ഘടകങ്ങളുമുണ്ട്. വസ്തുതകള്‍ ശേഖരിക്കുകയും സത്യം കണ്ടെത്തുകയും ചെയ്യണം; അതിനുപുറമേ വ്യക്തമായ സത്യങ്ങള്‍ നിര്‍ദിഷ്ട പ്രശ്നത്തിന് എന്തു പരിഹാരം സൂചിപ്പിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുകയും വേണം.

ഗവേഷണ വിഷയം

തെരഞ്ഞെടുക്കുന്ന വിജ്ഞാനമേഖലയില്‍ ഗവേഷകന് സാമാന്യ പരിജ്ഞാനം ആവശ്യമാണ്. ഗവേഷണത്തിനു തെരഞ്ഞെടുക്കുന്ന പ്രശ്നം ഗവേഷകനു താത്പര്യമുള്ളതും അറിവു വര്‍ധിപ്പിക്കാനുതകുന്നതും സിദ്ധാന്തപ്രയോഗതലത്തില്‍ ഒന്നിലെങ്കിലും പ്രസക്തവും നൂതനവും ആയിരിക്കണം. സുവ്യക്തമായിരിക്കണം ഗവേഷണത്തിന്റെ വിഷയം അഥവാ ശീര്‍ഷകം (അവ്യക്തമായ ഒരു ശീര്‍ഷകം: 'വള്ളത്തോളിന്റെ ചിന്തയെ സ്വാധീനിച്ച ഘടകങ്ങള്‍', വ്യക്തമായ ഒരു ശീര്‍ഷകം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വള്ളത്തോള്‍ കവിതയിലുള്ള സ്വാധീനം').

തെളിവുകള്‍

ഗവേഷകന്‍ തെളിവുകള്‍ പ്രയോജനപ്പെടുത്തുന്നത് ഏറെക്കുറെ ഒരു കുറ്റാന്വേഷകനെയോ അഭിഭാഷകനെയോ പോലെയാണ്. പ്രദര്‍ശിപ്പിക്കാവുന്നതോ ഊഹിക്കാവുന്നതോ ആയ വസ്തുതയും ബന്ധപ്പെട്ട വിദഗ്ധാഭിപ്രായവും തെളിവായി അംഗീകരിക്കാം. പ്രസക്തി, വസ്തുനിഷ്ഠത, പര്യാപ്തി (Competence) എന്നിവയാണ് തെളിവിനാവശ്യമായ ഗുണങ്ങള്‍. വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള തെളിവ് വെറും അഭിപ്രായത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ്. പൊതുവായ അഭിപ്രായത്തിന് ഗവേഷണരംഗത്ത് വിദഗ്ധാഭിപ്രായത്തിന്റെ വിലയില്ല. മറ്റൊരാള്‍ മുഖേന സമ്പാദിക്കുന്ന വിവരണത്തെക്കാള്‍ വിശ്വാസ്യത താന്‍ നേരിട്ടു മനസ്സിലാക്കുന്നതിനാണ്. വസ്തുതകളുടെ പിന്‍ബലമില്ലെങ്കില്‍ കേട്ടുകേള്‍വി, ഐതിഹ്യം, കെട്ടുകഥ എന്നിവയ്ക്ക് ഗവേഷണത്തില്‍ സ്ഥാനമില്ല.

മാര്‍ഗങ്ങള്‍, വാദഗതി, ഫലം

വസ്തുക്കള്‍ ശേഖരിക്കുന്നതിന് രേഖാപരിശോധന, പരീക്ഷണം, പര്യവേക്ഷണം എന്നീ മാര്‍ഗങ്ങളില്‍ ഏതും വിഷയസ്വഭാവമനുസരിച്ച് ഗവേഷകനു സ്വീകരിക്കാം. വിവിധ സാമ്പിളുകളെ അടിസ്ഥാനമാക്കുന്നവ (സാമ്പിള്‍ സര്‍വേ), പൊതുജനാഭിപ്രായം മൊത്തത്തില്‍ പരിശോധിക്കുന്നവ (ഉദാ. മാര്‍ക്കറ്റിങ് സര്‍വേ), കൂടിക്കാഴ്ചമുഖേനയുള്ളവ, പലതരം ചോദ്യാവലികള്‍ ഉപയോഗിക്കുന്നവ എന്നിങ്ങനെ പര്യവേക്ഷണം പല പ്രകാരത്തിലാവാം.

വാദങ്ങള്‍ ക്രമികവും യുക്തിയുക്തവും സുസ്പഷ്ടവുമായിരിക്കണം, ഗവേഷണത്തിന്റെ ഫലം സാമാന്യവത്കരണമോ ഉപസംഹാരരൂപത്തിലുള്ള സംഗ്രഹമോ ആയിരിക്കും.

പാളിച്ചകളും ഗുണങ്ങളും

തിടുക്കത്തില്‍ തീര്‍പ്പു കല്പിക്കുക, എതിര്‍ തെളിവുകളെ അവഗണിക്കുക, മൗലികതയോ സ്വന്തം കാഴ്ചപ്പാടോ ഇല്ലാതെ വെറും അനുകരണംകൊണ്ടു തൃപ്തിപ്പെടുക, എല്ലാ പ്രസക്തവസ്തുതകളിലും ശ്രദ്ധ ചെല്ലാതിരിക്കുക, നിരീക്ഷണത്തില്‍ സൂക്ഷ്മക്കുറവു വരുത്തുക, ആകസ്മികതയെ കാര്യകാരണ ബന്ധമെന്നു തെറ്റിദ്ധരിപ്പിക്കുക, നിഗമനങ്ങള്‍ വ്യക്തിനിഷ്ഠമായിപ്പോവുക എന്നിവയാണ് ഗവേഷകന് പറ്റിപ്പോകാവുന്ന പാളിച്ചകള്‍. ഗവേഷകന് അവശ്യം വേണ്ട ഗുണങ്ങള്‍:

a. സത്യത്തിന്റെ അസംസ്കൃത ഘടകങ്ങളായ വിശദാംശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ വേണ്ട കഴിവ്.

b. പ്രസക്ത വസ്തുക്കള്‍ അപഗ്രഥിക്കാന്‍ തക്ക സജ്ജീകരണം (ഉദാ. പ്രാചീന രേഖാപഠനത്തില്‍ പഴയലിപികള്‍ വായിച്ചു പരിചയം, താളിയോലഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുവേണ്ട ഉപകരണങ്ങള്‍ തുടങ്ങിയവ).

c. സഹജാവബോധം, ഭാവന, ഇഷ്ടാനിഷ്ടങ്ങളോടു ബന്ധപ്പെട്ട വികാരപരത ഇവയ്ക്കുപകരം യുക്തിബോധത്തിനും വിചാരപരതയ്ക്കും സ്ഥാനം നല്കാന്‍ സന്നദ്ധത.

d. പരിശീലനംകൊണ്ട് വ്യക്തവും അചഞ്ചലവുമായ ദിശാബോധം സിദ്ധിച്ച ചിന്ത.

e. അന്യരുടെ അഭിപ്രായങ്ങളും അവയ്ക്കൊപ്പം സ്വമതവും രേഖപ്പെടുത്തുന്നതും പരീക്ഷണത്തിനുവിധേയമാക്കാതെ സങ്കല്പനമോ (hypothesis) സിദ്ധാന്തമോ അവതരിപ്പിക്കുന്നതും ഗവേഷണമാവില്ല എന്ന ബോധം.

f. എല്ലാ ഗവേഷണത്തിനും ഉടനടി നേരിട്ട് പ്രായോഗിക പ്രസക്തി ഉണ്ടായെന്നു വരില്ല; സത്യം അതിന്റെ സ്വന്തം നിലയ്ക്കു തന്നെ വെളിപ്പെടുത്തല്‍ അര്‍ഹിക്കുന്നു എന്ന വിശ്വാസം.

ഗവേഷണം ഭാഷയില്‍

ഗവേഷണത്തിന്റെ പൊതുനിയമങ്ങളെല്ലാം ഭാഷാഗവേഷണരംഗത്തും പ്രസക്തമാണ്. ഭാഷാഗവേഷണത്തിന്റെ സാമഗ്രികള്‍ വാമൊഴിയിലോ വരമൊഴിയിലോ ആയിരിക്കും; അവയില്‍ത്തന്നെ കാലികവും പ്രാദേശികവും സാമൂഹികവുമായ പലതരം ഭേദങ്ങളും രീതി (register), ശൈലി (style) ഇത്യാദി തലങ്ങളിലുള്ള പ്രത്യേകതകളും ഉള്‍ച്ചേര്‍ന്നിരിക്കും. ഇവ്വിധം പല പ്രകാരത്തിലുള്ള ഭാഷാ മാതൃകകളുടെ സഞ്ചയം, സംരക്ഷണം, വര്‍ഗീകരണം, അപഗ്രഥനം, കാലഗണനം എന്നിവയും; പാഠഭേദങ്ങള്‍ കാണുന്ന സ്ഥലങ്ങളില്‍ പാഠശുദ്ധി ചിന്തനം, സംശോധിത സംസ്കരണം, പ്രസാധനം, വ്യാഖ്യാനം, മൂല്യനിര്‍ണയനം എന്നിവയും ഭാഷാപരവും സാഹിത്യപരവുമായ പഠനമേഖലകളാണ്. വിവിധ രേഖകളുടെ (ശിലാശാസനങ്ങളും ചെപ്പേടുകളും താളിയോലഗ്രന്ഥങ്ങളും മുദ്രിത പുസ്തകങ്ങളുമെല്ലാം ഇവയില്‍ ഉള്‍പ്പെടും) കാലപരമായ പൂര്‍വാപരത നിര്‍ണയിക്കുക, ഒരേ വ്യക്തിയോ പല വ്യക്തികളോ ഒരേ ഭാഷയിലോ പല ഭാഷകളിലോ രചിച്ച കൃതികളെ അന്യോന്യം താരതമ്യപ്പെടുത്തുക. ഓരോ കൃതിക്കും ഭാഷാപരമോ സാഹിത്യപരമോ ആയ മൂല്യം ശൈലീവിജ്ഞാനത്തിന്റെയോ (stylistics) സാഹിത്യമീമാംസയുടെയോ വെളിച്ചത്തില്‍ നിര്‍ണയിക്കുക എന്നിവയും സമഗ്രമായ ഭാഷാഗവേഷണത്തില്‍ ഉള്‍പ്പെടുന്നു.

സിദ്ധാന്തപരം

ഭാഷാഗവേഷണത്തെ മൊത്തത്തില്‍ സിദ്ധാന്തപരം (hypothesis), പ്രയോഗപരം (Applied) എന്നീ വകുപ്പുകളില്‍പ്പെടുത്താം. വിവരണാത്മകം (Descriptive), കാലക്രമികം (Diochronic), താരതമ്യാത്മകം (Comparative) എന്നിങ്ങനെ പലതരത്തിലുള്ള വ്യാകരണങ്ങളുടെ നിര്‍മിതി സിദ്ധാന്തപരം എന്ന വകുപ്പില്‍പ്പെടുന്നു. വിവരണവ്യാകരണം തന്നെ വര്‍ണകാണ്ഡം (Phonology), രൂപകാണ്ഡം (Morphology), വാക്യകാണ്ഡം (syntax) ഇവയെ പൊതുവേ സ്പര്‍ശിക്കും: അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒരു രംഗമോ അതിന്റെ തന്നെ ഒരംശമോ വിശദമായി കൈകാര്യം ചെയ്യും. വിശദമായ വര്‍ണകാണ്ഡപഠനത്തില്‍ ലിപി വ്യവസ്ഥാപരവും വൃത്തശാസ്ത്രപരവുമായ മിക്ക വസ്തുതകളും ഉള്‍പ്പെട്ടേ തീരൂ. ശിശുക്കളുടെ ഭാഷസമാര്‍ജനം (acquisiton) കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പല കാരണങ്ങളാല്‍ ഉണ്ടാകാവുന്ന ഭാഷണവൈകല്യങ്ങളെപ്പറ്റിയുള്ള പഠനം എന്നിവയും സിദ്ധാന്തപരംതന്നെ.

ഓക്സഫഡ് യൂണിവേഴ്സിറ്റി -ലണ്ടന്‍

വക്താവിന്റെ കാഴ്ചപ്പാടില്‍നിന്ന് ആത്മാവിഷ്കാരപരം; ശ്രോതൃപക്ഷത്തുനിന്ന് ആവര്‍ജനപരം; സന്ദേശവിനിമയദൃഷ്ട്യാ ആശയാവിഷ്കാരപരം; സമൂഹത്തോടുള്ള ബന്ധം മുന്‍നിര്‍ത്തി സാമൂഹികം; സാഹിത്യം, സംഗീതം, അഭിനയം, ചിത്രരചന, പ്രതിമാനിര്‍മാണം ഇത്യാദി കലകള്‍ക്കുള്ള ഉപയോഗയോഗ്യതയെ പുരസ്കരിച്ച് സൗന്ദര്യാധാനപരം എന്നിങ്ങനെ ഭാഷയ്ക്കുള്ള വിവിധ ധര്‍മങ്ങളെ ആസ്പദമാക്കിയും ഭാഷാഗവേഷണ രംഗത്ത് ഒട്ടേറെ ഉപശാഖകള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.

വര്‍ണം, രൂപം, വാക്യം, അര്‍ഥം എന്നീ തലങ്ങളില്‍ പല കാരണങ്ങളാലും സംഭവ്യമായ പരിണാമങ്ങളുടെ പഠനം; ഒന്നിലേറെ ഭാഷകളുടെ പരസ്പര സമ്പര്‍ക്കത്തിന്റെ സ്വഭാവം, ഫലം (ദ്വിഭാഷിത, ബഹുഭാഷിത-Bilingualism, Multilingualism) എന്നിവയെപ്പറ്റിയുള്ള പഠനം-ഇവയും സിദ്ധാന്തപരമായ ഭാഷാഗവേഷണത്തിലെ മുഖ്യ മേഖലകളാണ്.

പ്രയോഗപരം

പ്രയോഗപരം എന്ന വിഭാഗത്തിലും വളരെയേറെ ഉപശാഖകളുണ്ട്: രണ്ടു ഭാഷകള്‍ തമ്മില്‍ നിശ്ചിത തലങ്ങളില്‍ ഉണ്ടാകാവുന്ന വ്യത്യാസങ്ങള്‍ ഏതെല്ലാമെന്നന്വേഷിക്കുന്ന പ്രതിയോഗാത്മക (Contractive) പഠനം, ഘടനയെ ആസ്പദമാക്കി ഭാഷകളെ വെവ്വേറെ വര്‍ഗങ്ങളില്‍ ഉള്‍പ്പെടുത്തുന്ന വര്‍ഗീകരണ വിജ്ഞാനം (Typology), പല പശ്ചാത്തലക്കാരായ പഠിതാക്കളെ ഭാഷ പഠിപ്പിക്കുന്നതില്‍ അനുവര്‍ത്തിക്കേണ്ട തത്ത്വങ്ങളും തന്ത്രങ്ങളും, വിവര്‍ത്തന നിയമങ്ങള്‍; വിവിധതരം നിഘണ്ടുക്കള്‍, സൂചികകള്‍, കോശങ്ങള്‍, സംഗ്രഹങ്ങള്‍ എന്നിവയുടെ നിര്‍മാണം; സാരാപഗ്രഥനം (Content analysis), ഭാഷണത്തിന്റെ വിസ്ലേഷണവും സംസ്ലേഷണവും, ഉച്ചാരണ പരിശീലനം; ഭാഷാസംവിധാനത്തിന്റെ (Language planning) വിവിധ മുഖങ്ങളായ ആധുനികീകരണം, മാനകീകരണം (standardisation), ലിപി പരിഷ്കാരം, സാങ്കേതിക പദാവലി നിര്‍മാണം, ടൈപ്പ് റൈറ്റര്‍, അച്ചടി, ടെലിപ്രിന്റര്‍, കംപ്യൂട്ടര്‍ മുതലായവയില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ലിപിവ്യസ്ഥയ്ക്കും മറ്റും വല്ല മാറ്റവും വരുത്തേണ്ടതുണ്ടോ എന്ന അന്വേഷണം; നാടോടിക്കഥകളുമായി (Folklore) ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, നാടന്‍പാട്ടുകള്‍ മുതലായവയുടെ പഠനം-ഇവയൊക്കെ പ്രയോഗപരമായ ഭാഷാഗവേഷണ മേഖലകളാണ്.

ഭാഷാഗവേഷണരംഗത്ത് നരവംശവിജ്ഞാനം, മനോവിജ്ഞാനം, ഗണിതം, സാംഖ്യികം (Statistics) മുതലായ വിഷയങ്ങളിലെ ഉപദര്‍ശനങ്ങളും മാതൃകകളും കംപ്യൂട്ടറിന്റെ അനന്തസാധ്യതകളും ഏറിയതോതില്‍ പ്രയോജനപ്പെട്ടുവരുന്നു.

മലയാളത്തെപ്പറ്റിയുള്ള ഗവേഷണം

ഗ്രന്ഥസൂചികളും ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിലും വ്യാകരണത്തിലുമുള്ള ഉദ്ധാരണങ്ങളും മാത്രം പരിഗണിച്ചാല്‍ 1600-ല്‍പ്പരം പ്രാചീനകൃതികള്‍ നമുക്കുണ്ടെന്നു കാണാം. ഇതിഹാസം, പുരാണം, കാവ്യം, ചമ്പു, ആട്ടക്കഥ, തുള്ളല്‍, ആട്ടപ്രകാരം, പലതരം പാട്ടുകള്‍ എന്നീ ഉപവിഭാഗങ്ങളില്‍പ്പെടുത്താവുന്ന സാഹിത്യകൃതികളും വേദാന്തം, ജ്യോതിഷം, ഗണിതം, മന്ത്രം, തന്ത്രം, വൈദ്യം, വാസ്തുവിദ്യ, സംഗീതശാസ്ത്രം, ധര്‍മശാസ്ത്രം, സ്ഥലപുരാണങ്ങള്‍, ക്ഷേത്രമാഹാത്മ്യങ്ങള്‍, നിഘണ്ടു, വ്യാകരണം എന്നിങ്ങനെ മറ്റു വിഭാഗങ്ങളില്‍പ്പെടുന്ന കൃതികളും ഇവയില്‍ ഉള്‍പ്പെടുന്നു. കേരളീയരുടെ സാംസ്കാരിക ജീവിതത്തില്‍ താളിയോലഗ്രന്ഥങ്ങള്‍ക്ക് സമാരാധ്യമായ സ്ഥാനമുണ്ട്. നിത്യപാരായണത്തിനും പൂജവയ്പിനും മാത്രമല്ല, ഭൂതപ്രേതപിശാചാദികളെ അകറ്റിനിര്‍ത്താനുതകുന്ന ഒരുപകരണമെന്ന നിലയിലും താളിയോലഗ്രന്ഥത്തിന് മുദ്രിതപുസ്തകങ്ങളെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു.

പ്രാചീന ഗ്രന്ഥപ്രകാശനം

മലയാളഗ്രന്ഥങ്ങളുടെ മുദ്രണചരിത്രത്തിന്റെ ആദിഘട്ടത്തില്‍ കേരള കല്പദ്രുമം, വിദ്യാഭിവര്‍ധിനി, ഭാരതവിലാസം, വിദ്യാരത്നപ്രഭ, ജ്ഞാനോദയം മുതലായ അച്ചുകൂടങ്ങള്‍ക്കും ദേവജി ഭീമജി (കൊച്ചിയിലെ കേരളമിത്രം പ്രസ്, 1860), കാളഹസ്തിയിമല മുതലിയാര്‍ (കോഴിക്കോട്ടെ വിദ്യാരംഭം പ്രസ്, 1860), എസ്.ടി. റെഡ്ഡ്യാര്‍ തുടങ്ങിയ പ്രസാധകര്‍ക്കുമായിരുന്നു മുന്‍കൈ. പ്രാദേശിക പ്രാധാന്യം മാത്രമുള്ള ക്ഷുദ്രകൃതികള്‍ക്കൊപ്പം ധാരാളം ചെലവുള്ള അധ്യാത്മരാമായണം, കൃഷ്ണഗാഥ മുതലായ ഉത്തമഗ്രന്ഥങ്ങളും അവര്‍ ആയിരക്കണക്കിനടിച്ച് താരതമ്യേന കുറഞ്ഞ വിലയ്ക്ക് പ്രസിദ്ധീകരിച്ചു. മിക്കവാറും ഒരൊറ്റ മാതൃകയെ ആസ്പദമാക്കി പത്തിതിരിക്കാതെ ഓരോ വരിയും കഴിഞ്ഞ് നക്ഷത്രചിഹ്നം ചേര്‍ത്ത് പരുക്കന്‍ കടലാസിലായിരുന്നു അവയുടെ അച്ചടി. താളിയോലഗ്രന്ഥത്തെക്കാള്‍ അവ സുലഭമായിരുന്നു എന്നു മാത്രം.

'പരിശോധിച്ച് പിഴതീര്‍ത്ത്' എന്ന അവകാശവാദത്തോടുകൂടിയ പ്രസിദ്ധീകരണങ്ങളാണ് പിന്നീട് പ്രചരിച്ചത്. പ്രാചീന ഗ്രന്ഥങ്ങളുടെ സഞ്ചയം, സംരക്ഷണം, പ്രകാശനം എന്നീ മണ്ഡലങ്ങളില്‍ ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള ചില സ്ഥാപനങ്ങളാണ് കേരള സര്‍വകലാശാലയിലെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി (Oriental Research Institute and Manuscripts Library-രാമചരിതം, പ്രാചീന ചമ്പുക്കള്‍, നിരണം കൃതികള്‍ തുടങ്ങിയവ), കൊച്ചി ഭാഷാപരിഷ്കരണകമ്മിറ്റി (ഗിരിജാകല്യാണം, അങ്കുലിയാങ്കം, ത്രിപുരദഹനം, ബകവധം മുതലായവ) കേരള സാഹിത്യ അക്കാദമി, പഴയ മദിരാശി ഗവണ്‍മെന്റിന്റെ പൗരസ്ത്യ ഹസ്തലിഖിത ഗ്രന്ഥശാല (ഭഗവദ്ദൂത്, ബാര്‍ഹസ്ത്യലക്ഷണം, വാസ്തുലക്ഷണം മുതലായ 29 ഗ്രന്ഥങ്ങള്‍), മദിരാശി സര്‍വകലാശാല (ഭാഷാകൗടിലീയവും മറ്റും), കോഴിക്കോട് സര്‍വകലാശാല (തിരുനിഴല്‍മാല) മുതലായവ. ഈ രംഗത്ത് സേവനം അനുഷ്ഠിച്ച പ്രധാന വ്യക്തികള്‍ ഉള്ളൂര്‍, സാഹിത്യപഞ്ചാനനന്‍, ആറ്റൂര്‍, കെ.വി.എം., ടി. ഗണപതിശാസ്ത്രി, കൊളത്തേരി ശങ്കരമേനോന്‍, കെ. സാംബശിവശാസ്ത്രി, എ.ഡി. ഹരിശര്‍മ, ഇളംകുളം കുഞ്ഞന്‍പിള്ള, ശൂരനാട്ടു കുഞ്ഞന്‍പിള്ള, പി.കെ. നാരായണപിള്ള, കെ.എന്‍. എഴുത്തച്ഛന്‍, വടക്കുംകൂര്‍ രാജരാജവര്‍മ, കുഞ്ചുണ്ണിരാജാ, കണ്ണമ്പുഴ കൃഷ്ണവാരിയര്‍, കെ.എം.ജോര്‍ജ് തുടങ്ങിയവര്‍. പ്രസക്തമായ പ്രസാധനത്തിന്നവലംബമായ മാതൃകകളെപ്പറ്റിയുള്ള പൂര്‍ണവിവരം, പാഠഭേദങ്ങള്‍, ആദിപാഠ പുനര്‍നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും യുക്തിപൂര്‍വകമായ സമീപനം എന്നീ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ സംശോധിത സംസ്കരണങ്ങള്‍ ഹരിനാമകീര്‍ത്തനം, ചിന്താരത്നം, രാമകഥാപാട്ട് തുടങ്ങിയ ചുരുക്കം ചില ഭാഷാഗ്രന്ഥങ്ങള്‍ക്കു മാത്രമേ ഉണ്ടായിട്ടുള്ളൂ.

ചരിത്രനിര്‍മിതി

സാഹിത്യചരിത്രപരമായ വസ്തുതകളുടെയും സാമഗ്രികളുടെയും സംഭരണം, ഗ്രന്ഥങ്ങളുടെ കാലം, കര്‍ത്താവ്, നിര്‍മാണപശ്ചാത്തലം എന്നിവ നിര്‍ണയിക്കല്‍; ക്രമവത്കൃതമായ പ്രതിപാദനം എന്നിവയില്‍ ആദ്യത്തെ വഴികാട്ടികള്‍ പി. ഗോവിന്ദപ്പിള്ള, ആര്‍. നാരായണപ്പണിക്കര്‍, മഹാകവി ഉള്ളൂര്‍ (യഥാക്രമം മലയാളഭാഷാചരിത്രം 1881, 2-ാം വാല്യം 1889-ല്‍; കേരളഭാഷാ സാഹിത്യചരിത്രം 1927-ല്‍ 1-ാം വാല്യം, ആകെ ഏഴ് വാല്യങ്ങള്‍; കേരള സാഹിത്യചരിത്രം 5 വാല്യങ്ങള്‍, 1953-57) എന്നീ മൂവരാണ്. ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ ഭാഷാ സാഹിത്യചരിത്രം (1936) ഭാഷാഗമത്തെയും താരതമ്യ വ്യാകരണത്തെയും മുന്‍നിര്‍ത്തിയ ഒരു പീഠികയാണ്. മലയാള സാഹിത്യവും ക്രിസ്ത്യാനികളും (പി.ജെ. തോമസ്, 1953); ആധുനിക മലയാള സാഹിത്യം (പി.കെ. പരമേശ്വരന്‍ നായര്‍, 1954); കുഞ്ചനുശേഷം, കുഞ്ചനുമുമ്പ് (മാടശ്ശേരി മാധവവാരിയര്‍ 1952); പ്രയാണം (മുണ്ടശ്ശേരി); സാഹിത്യചരിത്ര സംഗ്രഹം, ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിലൂടെ (ഇളംകുളം 1962, 1956); ഭാഷാപദ്യസാഹിത്യചരിത്രം, ഭാഷാഗദ്യസാഹിത്യചരിത്രം (ടി.എം. ചുമ്മാര്‍, 1955) തുടങ്ങിയ കൃതികള്‍ വിശേഷവത്കൃത വീക്ഷണങ്ങളാണ്. ഇവയ്ക്കുപുറമേ അനേകം സാഹിത്യചരിത്രസംഗ്രഹങ്ങളും (കെ.എന്‍. ഗോപാലപിള്ള, ജി. രാമകൃഷ്ണപ്പിള്ള, എ.ഡി. ഹരിശര്‍മ); സാഹിത്യചരിത്രനിരൂപണങ്ങളും (പി. ശങ്കരന്‍നമ്പ്യാര്‍: മലയാള സാഹിത്യചരിത്രസംഗ്രഹം, 1922; ചേലനാട്ട് അച്യുതമേനോന്‍: പ്രദക്ഷിണം, 1950; പി.കെ. പരമേശ്വരന്‍നായര്‍: മലയാള സാഹിത്യ ചരിത്രം, 1958; എന്‍. കൃഷ്ണപിള്ള: കൈരളിയുടെ കഥ, 1958; ഇംഗ്ലീഷിലെഴുതിയ സംക്ഷിപ്ത പ്രതിപാദനങ്ങളും (കെ.എം. ജോര്‍ജ്, കൃഷ്ണചൈതന്യ, കെ. അയ്യപ്പപ്പണിക്കര്‍) ഈ രംഗത്തുണ്ടായിട്ടുണ്ട്. പ്രതിപാദനത്തില്‍ പരമാവധി ശാസ്ത്രീയത പുലര്‍ത്തിക്കൊണ്ട് വിഭിന്ന സാഹിത്യപ്രസ്ഥാനങ്ങളുടെ വികാസം വിവരിക്കുക എന്നതാണ് സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (എഡി: കെ.എം. ജോര്‍ജ്) എന്ന കൃതിയിലെ രീതി.

ഗവേഷണപ്രബന്ധങ്ങള്‍

കേരള, കോഴിക്കോട്, മദ്രാസ്, അണ്ണാമല, പൂണെ, ഡല്‍ഹി, ലണ്ടന്‍ എന്നീ സര്‍വകലാശാലകളിലെ ബിരുദാനന്തരഗവേഷണത്തിന്റെ ഫലങ്ങള്‍ Ph.D., M.Litt.,M.Phil.. ബിരുദങ്ങള്‍ക്കുള്ള പ്രബന്ധങ്ങളുടെ രൂപത്തില്‍ മലയാളത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഒട്ടേറെ ആക്കം കൂട്ടിയിട്ടുണ്ട്. മലയാളത്തെപ്പറ്റിയുള്ള ആദ്യത്തെ ഗവേഷണപ്രബന്ധങ്ങളില്‍ ഏറിയകൂറും ഭാഷാസംബന്ധിയാണ്. ചില ഉദാഹരണങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു. 'ഇന്തോ ആര്യനില്‍ നിന്ന് മലയാളം കടംവാങ്ങിയ വാക്കുകള്‍' (കെ. ഗോദവര്‍മ, ലണ്ടന്‍, 1933), 'രാമചരിത്രവും പ്രാചീനമലയാളവും' (കെ.എം. ജോര്‍ജ്, മദ്രാസ്, 1951), 'മലയാളത്തിലെ കടംവാങ്ങിയ വാക്കുകളുടെ നിരുക്തപഠനം' (കെ. വാസുദേവന്‍ നമ്പൂതിരി, മദ്രാസ്, 1960), 'ഭാഷാകൗടലീയത്തിലെ ഭാഷ' (കെ.എന്‍. എഴുത്തച്ഛന്‍, മദ്രാസ്, 1962), 'കൃഷ്ണഗാഥയിലെ ഭാഷയുടെ വിവരണം' (വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, കേരള 1965), 'എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും' (ചേലനാട്ട് അച്യുതമേനോന്‍, ലണ്ടന്‍), 'മലയാളത്തിലെ നാടോടിനാടകങ്ങള്‍' (എസ്.കെ. നായര്‍, മദ്രാസ് 1951), 'പ്രാചീനമണിപ്രവാളം' (കെ. രാമചന്ദ്രന്‍നായര്‍, കേരള 1968), കണ്ണശ്ശരാമായണം (പുതുശ്ശേരി രാമചന്ദ്രന്‍, കേരള 1970) മുതലായ പ്രബന്ധങ്ങള്‍ ഭാഷാഘടനയ്ക്കു പുറമേയുള്ള വിഷയങ്ങളില്‍ ഊന്നിയ പല പില്ക്കാലപഠനങ്ങള്‍ക്കും വഴിതെളിച്ചു. മലയാളത്തെപ്പറ്റി മലയാളത്തിലെഴുതിയ ആദ്യത്തെ എം.ലിറ്റ്., പിഎച്ച്.ഡി., പ്രബന്ധങ്ങള്‍ കുഞ്ചന്‍ നമ്പ്യാരെയും തുള്ളല്‍ക്കഥയെയും പറ്റി വി.എസ്. ശര്‍മ കേരള സര്‍വകലാശാലയ്ക്കു സമര്‍പ്പിച്ച പഠനങ്ങളാണ്.

(ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍; ഡോ. രവിശങ്കര്‍ എസ്.നായര്‍., സ.പ.)

ഗവേഷണം-സാഹിത്യത്തില്‍

കലാമൂല്യം, ശില്പസംവിധാനം, സൗന്ദര്യാത്മകത ഇവയെ സംബന്ധിച്ചുള്ള അന്വേഷണമാണ് സാഹിത്യഗവേഷണം. വ്യക്തിനിഷ്ഠമോ അനുഭൂതിപരമോ ആയ സമീപനത്തോടെയാണ് സൗന്ദര്യാത്മകപഠനം തുടങ്ങുക. ഇത് ശുദ്ധമായും ശാസ്ത്രീയമാവുക വയ്യ. യാന്ത്രികത ഒഴിവാക്കുകയും വേണം. കാരണം, ജൈവസ്വഭാവമുള്ള കലാരൂപത്തെയാണ് കൈകാര്യം ചെയ്യുന്നത്. സൗന്ദര്യശാസ്ത്രം എന്നു പറയാവുന്ന ചില പൊതുതത്ത്വങ്ങളെ ചിലപ്പോള്‍ ആശ്രയിക്കാമെങ്കിലും നിരൂപകന്റെ ഉള്‍ക്കാഴ്ചയാണ് ഇവിടെ പ്രധാനം.

സാഹിത്യനിരൂപണത്തിന്റെ ഭാഗമായ സൗന്ദര്യാത്മകപഠനങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉരുത്തിരിയുന്നത് അതില്‍ വ്യക്തിനിഷ്ഠമായ ഘടകം നിയമേന വര്‍ത്തിക്കുന്നതുകൊണ്ടാകുന്നു. നിരൂപണത്തില്‍ വിലയിരുത്തലിനോടൊപ്പം കലയെപ്പറ്റിയുള്ള സൈദ്ധാന്തിക ചര്‍ച്ചയും ആവശ്യമായി വരും. തന്റെ കാഴ്ചപ്പാടിന് അംഗീകൃത സിദ്ധാന്തങ്ങളുടെ പിന്‍ബലമുണ്ടെന്നു സ്ഥാപിക്കാനോ അംഗീകൃതസിദ്ധാന്തങ്ങളെ തന്റെ നിരീക്ഷണങ്ങളാല്‍ കൂടുതല്‍ ശക്തിപ്പെടുത്താനോ ആയിരിക്കും, സൈദ്ധാന്തികചര്‍ച്ചയ്ക്ക് നിരൂപകനോ ഗവേഷകനോ തുനിയുക. കലാമൂല്യം കണ്ടെത്തുകയാണ് നിരൂപകന്റെയും ഗവേഷകന്റെയും ചുമതല.

പശ്ചാത്യസാഹിത്യത്തില്‍

സാഹിത്യനിരൂപണത്തിന്റെ ഉപവിഭാഗമായി സാഹിത്യഗവേഷണത്തെ പാശ്ചാത്യര്‍ വീക്ഷിക്കാന്‍ തുടങ്ങിയത് 20-ാം ശതകത്തിലാണ്. അതുവരെ വൈജ്ഞാനികമേഖലകളെ ഉദ്ദേശിച്ചുമാത്രമേ ഗവേഷണം എന്നുപറഞ്ഞിരുന്നുള്ളൂ. 19-ാം ശതകത്തിന്റെ അന്ത്യത്തോടെ ജര്‍മനി, ഇംഗ്ലീണ്ട്, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലും തുടര്‍ന്ന് മറ്റു രാജ്യങ്ങളിലും ഉപരിപഠനത്തിന് സാഹിത്യം വിഷയമായി. അതോടെ ലിങ്വ്ിസ്റ്റിക്സ്, നാടോടിക്കഥാപഠനം, ബൈബിള്‍ നിരൂപണം, പ്രാചീനകൃതികളുടെ പഠനം, പ്രാചീനഭാഷാഭേദങ്ങളുടെ പഠനം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി. ആധുനികകാലത്ത് വേരുറച്ച ശാസ്ത്രീയബോധം ഈ രംഗത്തും വ്യാപിച്ചതിന്റെ ഫലമായി, വസ്തുതകളെയും സത്യങ്ങളെയും പരമാവധി ശേഖരിക്കുകയും അവയെ അപഗ്രഥിക്കുകയും ചെയ്യുക പഠനരീതിയായി മാറി. അതിനു സ്വാഭാവികമായും ഗവേഷണം എന്നു പേരുണ്ടായി. പ്രാചീനകാല-മധ്യകാല ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠനവിഷയങ്ങളായി. ഇത്തരം ശാസ്ത്രീയപഠനങ്ങളുടെ ഫലമായി ലഭിച്ച പുതിയ വീക്ഷണങ്ങളിലൂടെ സാഹിത്യചരിത്രഗ്രന്ഥങ്ങളും പ്രസ്ഥാനാവലോകനങ്ങളും ഉദയംചെയ്തു. ഇവയില്‍ ചിലതാണ്, ഹിപോലിടി ടെയ്നിയുടെ ഇംഗ്ലീഷ് സാഹിത്യചരിത്രവും ചാറല്‍സ് സെയിന്റ് ബ്യൂവേ, ബെനഡിറ്റോ ക്രോചെ, ജോര്‍ജ് സെയിന്റ്സ്ബറി എന്നിവരുടെ സാഹിത്യചരിത്രങ്ങളും. 20-ാം ശതകത്തില്‍ പ്രചാരംനേടിയ ഈ 'ഗവേഷണം' പണ്ഡിതന്മാരെയും ചരിത്രകാരന്മാരെയും നിരൂപകന്മാരെയും കൂടുതല്‍ വസ്തുസ്ഥിതികള്‍ ശേഖരിക്കുന്നതിനു പ്രേരിപ്പിച്ചു. നരവംശശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, ധനശാസ്ത്രം തുടങ്ങിയ മേഖലകളില്‍നിന്ന് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു. പണ്ടു നിലവിലിരുന്ന സാഹിത്യനിരൂപണം 'ഇംപ്രഷനിസ്റ്റ്' രീതി സ്വീകരിച്ചതുകൊണ്ട് അത് അവിശ്വാസ്യവും അശാസ്ത്രീയവും ആയിരുന്നു. അന്ന് വസ്തുസ്ഥിതിവിവരശേഖരത്തെ ആസ്പദിച്ചുള്ള പഠനം ഉണ്ടായിരുന്നില്ല. സാഹിത്യനിരൂപണം ഗവേഷണപ്രധാനമായത് ഈ ചുറ്റുപാടി ലാണ്.

ആദിരൂപങ്ങള്‍ക്കും 'മിത്തു'കള്‍ക്കും ഐതിഹ്യങ്ങള്‍ക്കും വര്‍ഗസ്മൃതി എന്ന അബോധ വ്യാപാരത്തിനും കവിതയില്‍ സ്ഥാനമുണ്ടെന്ന് ഇന്നത്തെ ചിന്തകന്മാര്‍ പറയുന്നു. ആദിരൂപങ്ങളുടെ കലവറയായ മതവുമായി സാഹിത്യം ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീക്ക് സംസ്കാരം പ്രാചീന വിഭാവനാശക്തികൊണ്ട് അനുഗൃഹീതമായിരുന്നുവെങ്കിലും വിദേശീയാക്രമണങ്ങള്‍ അതു പാടേ നശിപ്പിച്ചതിനാല്‍ അരിസ്റ്റോട്ടലിന് പിന്‍തുടര്‍ച്ചക്കാരില്ലാതെപോയി. വിഗ്രഹവിരോധികളായ സെമറ്റിക് വര്‍ഗത്തിന്റെ ആധിപത്യം വന്നതോടെ പാശ്ചാത്യലോകത്തിനു നഷ്ടപ്പെട്ട വിഗ്രഹങ്ങളും അനുഷ്ഠാനങ്ങളും വീണ്ടെടുക്കാന്‍ സാധ്യമല്ലാതെയായി. എങ്കിലും അവയ്ക്കു പിന്നിലുള്ള മനോഭാവത്തെ ഒട്ടൊക്കെ പുനരാവിഷ്കരിക്കാന്‍ 15-16 ശതകങ്ങളിലെ യൂറോപ്യന്‍ നവോത്ഥാനം വരെ പാശ്ചാത്യലോകത്തിനു കാത്തിരിക്കേണ്ടിവന്നു. നവോത്ഥാനകാലത്തെ പ്രധാനപ്പെട്ട ചില സാഹിത്യനിരൂപണകൃതികള്‍: ഇംഗ്ലീണ്ടിലെ സര്‍ ഫിലിപ്പ് സിഡ്നിയുടെ അപ്പോളജി ഫോര്‍ പോയട്രി (1595), ഫ്രാന്‍സിലെ നിക്കൊളാസ് ബോയ്ലോയുടെ ആര്‍ട്ട് ഒഫ് പോയട്രി (1674), സ്പെയിനിലെ ലോപെദിവേഗായുടെ ന്യൂ ആര്‍ട്ട് ഒഫ് റൈറ്റിങ് പ്ളേസ് (1609).

പ്രകൃതിയുടെ സജീവമായ അനുകരണമാണ് നാടകം എന്ന വാദത്തോടെ, ഷേയ്ക്സ്പിയറിന് ഒരു മുഖവുര (1765) എഴുതിയ ഡോക്ടര്‍ ജോണ്‍സണ്‍ സൗന്ദര്യാത്മക ഗവേഷണത്തിലെ ഉന്നത പ്രതിഭയാണ്. ഇതു കൂടാതെ അദ്ദേഹമെഴുതിയ കവികളുടെ ജീവിതം എന്ന നിരൂപണഗ്രന്ഥം മില്‍ട്ടണ്‍ മുതല്‍ തോമസ് ഗ്രേ വരെയുള്ള ഒട്ടേറെ കവികളുടെ നിഷ്കൃഷ്ടമായ പഠനമാണ്. കവികളുടെ ജീവിതത്തെപ്പറ്റി വിവരങ്ങള്‍ തേടിപ്പിടിക്കുക, അവരുടെ രചനാരീതി, ജീവിതവീക്ഷണം എന്നിവ അന്വേഷിച്ചറിയുക, കലാസൃഷ്ടികളെപ്പറ്റി സൂക്ഷ്മമായും സ്വതന്ത്രമായും നിരൂപണം നടത്തുക എന്നീ കാര്യങ്ങളില്‍ ജോണ്‍സണ്‍ ഒരു മാതൃകയായിരുന്നു.

ഷേയ്ക്സ്പിയറെ അരിസ്റ്റോട്ടലിയന്‍ ദര്‍ശനത്തില്‍ നിബന്ധിക്കുന്ന കാഴ്ചപ്പാടോടെ നാടക കലയെപ്പറ്റി എഴുതിയ ജര്‍മന്‍ നിരൂപകനായ ഗോഥോള്‍ഡ് എഫ്രെംലെസിങ്, ഇറ്റാലിയന്‍ റിയലിസത്തിനുവേണ്ടി വാദിച്ച ഗോള്‍ഡോനി, ഇംഗ്ലീഷ് രംഗവേദിയിലെ ദുഷിച്ച സന്മാര്‍ഗത്തെ ആക്രമിച്ച ജെറമി കോളിയര്‍, ഫ്രഞ്ചു ട്രാജഡിയിലെ സ്ഥലകാലക്രിയകളുടെ ഐക്യത്തിലേക്കു തിരിച്ചുവരാന്‍ വാദിച്ച വോള്‍ട്ടയര്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങള്‍ സൃഷ്ടിപരമായ ഗവേഷണബുദ്ധിയുടെ ഉപലബന്ധികളായിരുന്നു. വിക്ടര്‍ യൂഗോ, ഗെയ്ഥെ, ഷില്ലര്‍ എന്നിവര്‍ കാല്പനികതയുടെ പ്രമുഖ വക്താക്കളാണ്. ഇംഗ്ലീണ്ടില്‍ ഈ കാല്പനികത കോള്‍റിജിന്റെയും (1772-1834) മറ്റും കവികളില്‍ പ്രതിഫലിച്ചു. ആ പ്രചോദനമാണ് കോള്‍റിജ് എഴുതിയ സാഹിത്യചരിത്രത്തിന്റെ (Biographia Literaria, 1817) പിന്നിലുള്ളത്. ആന്തരപ്രചോദനത്തില്‍ ഊന്നിയും, കാന്റിന്റെ തത്ത്വശാസ്ത്രത്തില്‍നിന്നു ചില നിഗമനങ്ങളെ സ്വാംശീകരിച്ചും അദ്ദേഹം നിരൂപണ തത്ത്വങ്ങളെപ്പറ്റി എഴുതുകയും വേഡ്സ്വര്‍ത്തുമായി ചേര്‍ന്ന് ലിറിക്കല്‍ ബാലഡ്സിന് മുഖവുര എഴുതുകയും ചെയ്തു (1798). കലാതത്ത്വവിചാരത്തെ നവീകരിക്കാനുള്ള യത്നമാണിവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്.

പ്രകൃതിയിലേക്കു മടങ്ങിവരാനും വൈവിധ്യത്തെ ആദരിക്കാനും ഉദാത്തമായ ആദര്‍ശത്തോടൊപ്പം പരുക്കന്‍ഭോഷത്തത്തെ ബന്ധിപ്പിച്ചെടുക്കാനും വിക്ടര്‍ യൂഗോ വാദിച്ചു. ഡാര്‍വിന്റെ പരിണാമവാദത്തിന്റെ സ്വാധീനം ഇവിടെ കാണാം. പാരമ്പര്യത്തെയും പരിതഃസ്ഥിതിയെയും കണക്കിലെടുത്തുകൊണ്ടുള്ള പ്രകൃതിവാദം ആണ് ഇത്. തുടര്‍ന്ന് ഇബ്സനും ചെക്കോഫും രംഗവേദിയെ നവീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഭോഷത്തംകൊണ്ടുള്ള ചിരിയും ഉദാത്തമായ നടുക്കവും മനശ്ശാസ്ത്രപരമായ മുന്നേറ്റവും സൃഷ്ടിച്ച ലൂയിപിരാന്‍ഡെലോ, രംഗവേദി എന്ന സങ്കല്പത്തെ ഇല്ലാതാക്കുന്ന നാടകം അവതരിപ്പിച്ച ബ്രഹ്ത് (1898-1956), പ്രേക്ഷകരോട് ക്രൂരതകാട്ടുക എന്ന മുദ്രാവാക്യവുമായി വന്ന അന്റോണിന്‍ അര്‍ടാഡ് തുടങ്ങിയവരുടെ രംഗപരീക്ഷണങ്ങള്‍ സാഹിത്യത്തിലെ ഗവേഷണത്തോടു ബന്ധപ്പെട്ടതുതന്നെ. പുതിയ നാടകസിദ്ധാന്തങ്ങളും പരിഷ്കാരങ്ങളും ഇത്തരം ഗവേഷണപരീക്ഷണങ്ങളിലൂടെയാണ് ഉടലെടുത്തത്.

ഭാരതീയ സാഹിത്യത്തില്‍

ഗവേഷണം 20-ാം ശതകത്തിന്റെ സംഭാവനയാണെന്നു പറയുന്നത് പൂര്‍ണമായും ശരിയാണെന്നു പറഞ്ഞുകൂടാ. ഇന്ന് വിവക്ഷിക്കുന്ന അര്‍ഥത്തിലല്ലെങ്കിലും വളരെ സൂക്ഷ്മതയോടെ വസ്തുസ്ഥിതി വിവരങ്ങള്‍ അപഗ്രഥിച്ചും ഉള്‍ക്കാഴ്ചകൊണ്ട് പരസ്പരബന്ധം കണ്ടെത്തിയും കുറ്റമറ്റ ഗവേഷണം നടത്തിയവരാണ് പോയറ്റിക്സിന്റെയും നാട്യശാസ്ത്രത്തിന്റെയും രചയിതാക്കള്‍. ഗവേഷണം സാഹിത്യത്തോളം തന്നെ പഴക്കമുള്ളതാണെന്നര്‍ഥം. ദണ്ഡിയുടെ കാവ്യാദര്‍ശം (6-ാംശ.), വാമനന്റെ കാവ്യാലങ്കാരവൃത്തി (8-ാം ശ.), രുദ്രടന്റെ കാവ്യാലങ്കാരം (9-ാം ശ.), ധനഞ്ജയന്റെ ദശരൂപകം (10-ാം ശ.), മമ്മടന്റെ കാവ്യപ്രകാശം (12-ാം ശ.), വിശ്വനാഥ കവിരാജന്റെ സാഹിത്യദര്‍പ്പണം (15-ാം ശ.) എന്നിവ കൂടാതെ കേരളീയ നിരൂപകനായ അരുണഗിരിനാഥന്‍, പൂര്‍ണ സരസ്വതി, അഭിരാമന്‍ എന്നിവരുടെ സംസ്കൃത വ്യാഖ്യാനങ്ങളും കല്‍ഹണന്റെ രാജതരംഗിണിയും (12-ാം ശ.) സംസ്കൃതത്തിലെ നിരൂപണപ്രതിഭയുടെ ആവിഷ്കാരങ്ങളാണ്. കാവ്യാദര്‍ശത്തില്‍ കാവ്യസ്വരൂപത്തെ വിശദമായി അപഗ്രഥിച്ച് നിര്‍വചിച്ചിട്ടുണ്ട്. പിംഗളന്റെ ഛന്ദസ്സൂത്രം വൃത്തപരിണാമത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന ലക്ഷണഗ്രന്ഥമാണ്. കലയും ജീവിതവും തമ്മിലുള്ള ബന്ധം ഈ സൂത്രകാരന്‍ അറിഞ്ഞിരിക്കുന്നു. ഓരോ താളക്രമവും ഉദ്ദീപിപ്പിക്കുന്ന ഭാവത്തെ അദ്ദേഹം വൃത്തങ്ങള്‍ക്കിട്ട പേരുകള്‍കൊണ്ടു സൂചിപ്പിച്ചു (ഭ്രമരവിലസിതം, ശാര്‍ദൂലവിക്രീഡിതം, മഞ്ജരി, മാല, മന്ദാക്രാന്ത, വേഗവതി, മഞ്ജുഭാഷിണി, ചാരുഹാസിനി, ചഞ്ചലാക്ഷി എന്നിങ്ങനെ).

സംസ്കൃത സാഹിത്യത്തെപ്പറ്റിയുള്ള നിരൂപണങ്ങള്‍ ഗവേഷണപരമായ തീരൂ. കവികളുടെ കാലം, അന്നത്തെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലം തുടങ്ങിയവയെപ്പറ്റി അന്വേഷണം ആവശ്യമായി വന്നു. ഇത്തരം ഗവേഷണം നടത്തി, വ്യാഖ്യാനവും തര്‍ജുമയും സഹിതം ഗ്രന്ഥങ്ങള്‍ പ്രസിദ്ധംചെയ്യാന്‍ നേതൃത്വം കൊടുത്തത് പാശ്ചാത്യപണ്ഡിതന്മാരായിരുന്നു. സമ്പന്നമായ ഈ ഗവേഷണശാഖയില്‍ ഇന്ത്യയിലെ സംഗീതം, നൃത്തം, ശില്പം, ചിത്രകല തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെട്ടതിനാല്‍ ഇന്തോളജി എന്ന ഒരു പ്രത്യേക ഗവേഷണ ശാഖതന്നെ അടുത്ത കാലത്ത് ഉരുത്തിരിഞ്ഞിട്ടുണ്ട്.

മലയാളത്തില്‍

സംസ്കൃത സാഹിത്യത്തിലെ നിരൂപണ തത്ത്വങ്ങളും പ്രയോഗങ്ങളുമാണ് പ്രായേണ മലയാളസാഹിത്യത്തെയും നയിച്ചുപോന്നത്. സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട ലീലാതിലകമാണ് മലയാളത്തെപ്പറ്റിയുണ്ടായ ആദ്യത്തെ ഗവേഷണ പഠനഗ്രന്ഥം എന്നു കരുതപ്പെടുന്നു. (14-ാം ശ.). ഏ.ആര്‍. രാജരാജവര്‍മയുടെ ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ ഗ്രന്ഥങ്ങളും ഇവിടെ സ്മരണീയങ്ങളാകുന്നു. അദ്ദേഹത്തിന്റെ കാന്താരതാരക വ്യാഖ്യാനം നളചരിതത്തിലെ കവിവിവക്ഷിതം വ്യക്തമാക്കുന്ന പഠനമാണ്. സി.പി. അച്യുതമേനോന്‍ (1863-1933) വിദ്യാവിനോദിനി തുടങ്ങിയ മാസികകളില്‍ ഭാഷാശാസ്ത്രത്തെപ്പറ്റി എഴുതിയ ലേഖനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ വന്നിട്ടുണ്ട്. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള ഗവേഷണവും വിമര്‍ശനവും ഒരേ സമയം സാധിക്കുന്ന മൂന്ന് ആധികാരിക ഗ്രന്ഥങ്ങളെഴുതി. 'ആധുനികരുടെ ദോഷങ്ങളും പൗരാണികരുടെ ഭംഗികളും കണ്ടെത്തുകയാണ്' തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന അദ്ദേഹം ഡോക്ടര്‍ ജോണ്‍സന്റെയും മറ്റും ഇംഗ്ലീഷ് നിരൂപണമാതൃകയെ പിന്തുടര്‍ന്നാണ് കുഞ്ചന്‍നമ്പ്യാര്‍ (1908), ചെറുശ്ശേരി (1915), എഴുത്തച്ഛന്‍ (1930) എന്നിവരെപ്പറ്റി നിരൂപണഗ്രന്ഥങ്ങള്‍ പ്രസിദ്ധം ചെയ്തത്.

പൂര്‍വനിഷേധം, ബിംബധ്വംസനം, സ്വതന്ത്രചിന്ത, പുരോഗമനാശയം, യുക്തിവാദം എന്നിവ ഒത്തിണങ്ങിയതാണ് കേസരി ബാലകൃഷ്ണപിള്ളയുടെ മൗലിക ഗവേഷണപഠനങ്ങള്‍. 1934-ല്‍ രൂപമഞ്ജരി എന്ന ലക്ഷണഗ്രന്ഥം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ഫ്രഞ്ച്-റഷ്യന്‍-ജര്‍മന്‍ എഴുത്തുകാരെയും ആധുനിക ശാസ്ത്രീയ വിമര്‍ശനത്തെയും പരിചയപ്പെടുത്തുകവഴി മലയാളത്തിന് വിശ്വസാഹിത്യത്തിലേക്കുള്ള ജാലകം തുറന്നിട്ടത് കേസരിയാണ്. എം.പി. പോള്‍, പി. ശങ്കരന്‍നമ്പ്യാര്‍ തുടങ്ങിയ പിന്‍മുറക്കാര്‍ക്ക് മാതൃകയാവാനും ബാലകൃഷ്ണപിള്ളയ്ക്കു കഴിഞ്ഞു. എം.പി. പോളിന്റെ ചെറുകഥാപ്രസ്ഥാനം (1932), നോവല്‍ സാഹിത്യം (1930) എന്നിവ മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യപഠനങ്ങളാണ്.

ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (1875-1964) ചരിത്രം, വ്യാകരണം, അലങ്കാരശാസ്ത്രം, സംഗീതം എന്നീ രംഗങ്ങളില്‍ ശാസ്ത്രീയമായ ഗവേഷണം നടത്തിയ സാഹിത്യകാരനാണ്. ഭാഷാദര്‍പ്പണം (അലങ്കാരഗ്രന്ഥം), കേരളകഥ (ചരിത്രകഥാസമാഹാരം), സംഗീത ചന്ദ്രിക ഇവയാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രധാനപ്പെട്ടവ. സംഗീതചന്ദ്രികയില്‍ നാനൂറിലേറെ രാഗങ്ങള്‍ സ്വരപ്പെടുത്തിയിട്ടുണ്ട്. രംഗകലയെക്കുറിച്ചുള്ള ലക്ഷണഗ്രന്ഥങ്ങളില്‍ പ്രധാനം ധര്‍മരാജാവ് സംസ്കൃതത്തില്‍ എഴുതിയ ബാലരാമഭാരതം എന്ന നാട്യശാസ്ത്രഗ്രന്ഥമാണ്.

ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാ വ്യാകരണം (1868), കോവുണ്ണി നെടുങ്ങാടിയുടെ കേരളകൗമുദി (1875), ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം (1904) എന്നിവ മലയാളഭാഷയുടെ ഉദ്ഭവം, വളര്‍ച്ച, വ്യാകരണം ഇവ ചര്‍ച്ച ചെയ്യുന്ന പ്രാമാണിക ഗ്രന്ഥങ്ങളാണ്. എന്നാല്‍ ഏ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയമാണ് ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഇതിനുമുന്‍പുണ്ടായ, കാള്‍ഡ്വെല്ലിന്റെ ദ്രാവിഡഭാഷാ വ്യാകരണം (1875) താരതമ്യ പഠനഗ്രന്ഥമാണ്. മലയാളഭാഷയുടെ ആദ്യദശയെപ്പറ്റിയുള്ള ഗവേഷണമെന്ന നിലയില്‍ പ്രാമാണികമാണ്, 1953-ല്‍ പ്രസിദ്ധീകൃതമായ ഡോ. ഗോദവര്‍മയുടെ കേരള ഭാഷാവിജ്ഞാനീയം. ഭാഷോത്പത്തി, ഭാഷാവിഭജനം, ഭാഷാഗോത്രങ്ങള്‍ എന്നിവയെപ്പറ്റി സാമാന്യമായും മലയാളത്തെപ്പറ്റി സവിശേഷമായും ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

ആര്‍. നാരായണപ്പണിക്കരുടെ കേരള ഭാഷാ സാഹിത്യചരിത്രത്തിന്റെ ആദ്യ വാല്യങ്ങളില്‍ ഭാഷയെ സംബന്ധിച്ചും പ്രാചീന സാഹിത്യകാരന്മാരെ സംബന്ധിച്ചും ആഴത്തിലുള്ള പഠനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തിലെ സാഹിത്യ പഠനത്തിലും ഗവേഷണത്തിലും പ്രാധാന്യം അര്‍ഹിക്കുന്നത് ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം തന്നെയാണ്.

പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ തത്ത്വങ്ങളെ സമന്വയിപ്പിച്ച് സ്വന്തം നിഗമനങ്ങള്‍ സോദാഹരണം വിശദീകരിക്കുകയാണ് കാവ്യപീഠികയില്‍ ജോസഫ് മുണ്ടശ്ശേരി (1903-77) ചെയ്യുന്നത്. ധ്വനിപ്രപഞ്ചത്തെ പഠിക്കുകയും സ്വച്ഛന്ദവീക്ഷണം പുലര്‍ത്തുകയും ചെയ്തുകൊണ്ട് കാവ്യനിരൂപകനായ കുട്ടിക്കൃഷ്ണമാരാര്‍ (1900-78) ശുദ്ധ ശൈലീതത്ത്വങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മലയാളശൈലി (1942) എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട മറ്റൊരു സംഭാവനയായ വൃത്തശില്പത്തില്‍ (1952) താളത്തെയും വായ്ത്താരിയെയും ആസ്പദമാക്കിയുള്ള ഒരു പുതിയ പദ്ധതിയില്‍ ദ്രാവിഡ വൃത്തങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു. മാരാരുടെ സൗന്ദര്യാത്മക ഗവേഷണത്തിന്റെ ഉപലബ്ധിയാണ് ഭാരതപര്യടനം (1950). എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികളെയും അവരുടെ കൃതികളെയുംപറ്റി മാരാര്‍ എഴുതിയ നിരൂപണങ്ങളും പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. പി.കെ. പരമേശ്വരന്‍ നായര്‍ സാഹിത്യഗവേഷണത്തിന്റെ ഭാഗമായി സി.വി. രാമന്‍പിള്ള (1948), പി.കെ. നാരായണപിള്ള (1944) എന്നിവരുടെ ജീവചരിത്രങ്ങളും പി.കെ. ബാലകൃഷ്ണന്‍ ചന്തുമേനോന്‍ ഒരു പഠനം, കാവ്യകല കുമാരനാശാനിലൂടെ (കാവ്യനിരൂപണം) എന്നീ സാഹിത്യഗവേഷണ ഗ്രന്ഥങ്ങളും രചിച്ചു.

വാക്കുകളുടെ അര്‍ഥത്തെക്കുറിച്ചുള്ള പഠനമായ സെമാന്റിക്സും ശൈലീപഠനത്തെ സൂചിപ്പിക്കുന്ന സ്റ്റൈലിസ്റ്റിക്സും പ്രത്യേക വിഭാഗങ്ങളായി മലയാളസാഹിത്യത്തില്‍ വികസിച്ചത് അടുത്തകാലത്താണ്. ഈ വിഭാഗത്തില്‍പ്പെടുന്ന രണ്ടു ഗ്രന്ഥങ്ങളാണ് എന്‍.വി. കൃഷ്ണവാരിയരുടെ വള്ളത്തോളിന്റെ കാവ്യശില്പവും പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദവും.

ആധുനിക കാലത്ത് സാഹിത്യരംഗത്ത് പ്രതിഷ്ഠനേടിയ പോസ്റ്റ് മോഡേണിസം, സ്ട്രക്ചറലിസം, പോസ്റ്റ് സ്ട്രക്ചറലിസം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകാരിലും അവരുടെ ഗ്രന്ഥങ്ങളിലും ഗവേഷണത്തിന്റെ അംശത്തിനാണ് മുന്‍തൂക്കം. മാര്‍ട്ടിന്‍ ഹൈഡഗ്ഗര്‍ (1889-1976), ഷാക് ദെരിദ (1930-2004), മിഷേല്‍ ഫൂക്കോ (1926-84), ഷാന്‍-ഫ്രാന്‍സ്വ ല്യോതാര്‍ (1924-98), ഷാന്‍ ബോദ്രിലാര്‍ (1929-2007), ഫ്രെഡറിക് ജെയ്ംസന്‍ (1934-), ഡഗ്ളസ് കെല്‍നര്‍ (1943-) തുടങ്ങിയവര്‍ ഈ രംഗത്തു വ്യക്തിമുദ്ര പതിച്ചവരാണ്. മാര്‍ട്ടിന്‍ ഹൈഡഗ്ഗറുടെ ഫിനോമിനോളജി സിദ്ധാന്തത്തില്‍ വളരെ ആഴത്തിലുള്ള സമീപനമാണ് കാണുന്നത്. ഫ്രെഡറിക് ജെയ്ംസന്റെ ദ് കള്‍ച്ചറല്‍ ലോജിക് ഒഫ് ലേറ്റ് കാപ്പിറ്റലിസം (1991), ഷാന്‍ ബോദ്രിലാറിന്റെ സിമുലാക്ര ആന്‍ഡ് സിമുലേഷന്‍, റിച്ചേഡ് റോര്‍ട്ടി (1931-2007) ഫിലോസഫി ആന്‍ഡ് ദ് മിറര്‍ ഒഫ് നെയ്ച്ചര്‍ തുടങ്ങിയവയാണ് ഈ രംഗത്തെ മുന്തിയ കൃതികള്‍.

സാഹിത്യചരിത്രാധിഷ്ഠിതമായ ഗവേഷണം പില്ക്കാലത്ത് വളരെ സൂക്ഷ്മമായ രീതിയില്‍ മുന്നോട്ടുപോവുകയുണ്ടായി. ഡോ. എം. ലീലാവതിയുടെ മലയാള കവിതാസാഹിത്യ ചരിത്രം (നാലാംപതിപ്പ്, 1996), ഡോ. സുകുമാര്‍ അഴിക്കോടിന്റെ മലയാള സാഹിത്യവിമര്‍ശനം (1981), ഡോ. കെ.എം. തരകന്റെ മലയാള നോവല്‍ സാഹിത്യചരിത്രം (രണ്ടാംപതിപ്പ്, 1990), ഡോ. വയലാ വാസുദേവന്‍പിള്ളയുടെ മലയാളനാടക സാഹിത്യചരിത്രം (2005), ഡോ. ഇ. സര്‍ദാര്‍കുട്ടിയുടെ ഹാസ്യസാഹിത്യനിരൂപണം (2003), കെ.സി. പുരുഷോത്തമന്റെ ദലിത് സാഹിത്യപ്രസ്ഥാനം (2008), എന്‍. ജയകൃഷ്ണന്‍ എഡിറ്റുചെയ്ത് കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പെണ്ണെഴുത്ത് (പരിഷ്കരിച്ച പതിപ്പ്, 2011) തുടങ്ങി നിരവധി കൃതികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.

മാറുന്ന മലയാള നോവല്‍ എന്ന പേരില്‍ കെ.പി. അപ്പന്‍ 1988-ല്‍ പ്രസിദ്ധീകരിച്ച കൃതിയില്‍ ഗവേഷണാത്മക സമീപനത്തിനാണ് മുന്‍തൂക്കം. വി.കെ. രാജശേഖരന്റെ ഏകാന്ത നഗരങ്ങള്‍ (2006) ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന രീതിയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പ്രൊഫ. പി.ഒ. പുരുഷോത്തമന്റെ താരതമ്യസാഹിത്യം: തത്ത്വവും പ്രസക്തിയും ഒരു ഗവേഷണഗ്രന്ഥത്തിന്റെ സമീപനമാണുള്ളത്. 1999-ല്‍ കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ച സാഹിത്യ സിദ്ധാന്തങ്ങള്‍: പാശ്ചാത്യവും പൗരസ്ത്യവും, 2002-ല്‍ പുറത്തുവന്ന ഡോ. ഡി. ബഞ്ചമിന്റെ കാവ്യനിര്‍ധാരണം, പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന്റെ കവിതയിലെ പ്രതിസന്ധി (1991) തുടങ്ങിയ നിരവധി ഉദാഹരണങ്ങള്‍ ഈ വിഭാഗത്തില്‍ ഇനിയും ചൂണ്ടിക്കാട്ടാനാകും.

(പി. നാരായണക്കുറുപ്പ്; സ.പ.)

ഗവേഷണം-മാനവിക വിഷയങ്ങളില്‍

നരവംശശാസ്ത്രം, വാണിജ്യശാസ്ത്രം, ജനസംഖ്യാശാസ്ത്രം, സാമ്പത്തികശാസ്ത്രം, മാനേജ്മെന്റ്, രാഷ്ട്രതന്ത്രം, മനശ്ശാസ്ത്രം, പൊതുഭരണം, സാമൂഹികശാസ്ത്രം, ഭൂമിശാസ്ത്രം, നിയമം, ചരിത്രം തുടങ്ങിയവയാണ് മാനവിക ശാസ്ത്രശാഖകളിലെ ഗവേഷണം.

ആമുഖം

ഫ്രഞ്ചുവിപ്ളവത്തിന്റെയും വ്യവസായ വിപ്ളവത്തിന്റെയും തുടര്‍ച്ചയായുണ്ടായ സാമൂഹികപരിവര്‍ത്തനമാണ് ആധുനിക മാനവിക ശാസ്ത്രങ്ങള്‍ക്ക് ജന്മം കുറിച്ചത്. വികസിതസമൂഹങ്ങളിലെ പരിവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിഭാസങ്ങളുടെ വികസനത്തിനു പ്രചോദനമേകി. വികസിത രാഷ്ട്രങ്ങളെന്നോ വികസ്വരരാഷ്ട്രങ്ങളെന്നോ വ്യത്യാസമില്ലാതെ മാനവിക ശാസ്ത്ര ഗവേഷണമേഖലകള്‍ വളരെ വിപുലമാണ്. വികസിതരാഷ്ട്രങ്ങളില്‍ സമ്പന്നതയാണ് സാമൂഹികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെങ്കില്‍ അവികസിത-വികസ്വര രാഷ്ട്രങ്ങളില്‍ ദാരിദ്യ്രവും തൊഴിലില്ലായ്മയും പട്ടിണിയുമാണ് സാമൂഹിക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നത്.

മാനവിക ശാസ്ത്രങ്ങളുടെ ശാഖകളാണ് സാമൂഹിക ശാസ്ത്രങ്ങള്‍. ഇവിടെ ഗവേഷണത്തിന്റെ വിഷയം മനുഷ്യന്‍ തന്നെയാണ്. മാനവിക പ്രതിഭാസങ്ങളുടെ ഒരു പ്രത്യേക വിഭാഗത്തെ, അതായത്, സാമൂഹിക വസ്തുതകളെ ആണ് സാമൂഹിക ശാസ്ത്രങ്ങള്‍ പഠിക്കുന്നത്. സാമൂഹിക ജീവിതത്തില്‍ നിന്ന് ഉദ്ഭൂതമാകുന്ന ഒന്നാണ് സാമൂഹിക സത്യങ്ങള്‍.

മനുഷ്യനെ അവന്റെ ചുറ്റുപാടുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങളാണ് സാമൂഹിക ശാസ്ത്രങ്ങളെന്നു പറയുമ്പോള്‍ അതു വളരെ വിപുലമായ പ്രതിഭാസങ്ങളും സാഹചര്യങ്ങളും ഉള്‍ക്കൊള്ളും. ഒരു രാഷ്ട്രമോ നഗരമോ ഗ്രാമമോ സാമൂഹിക വിഭാഗമോ വ്യവസായ സംരംഭമോ ഭരണമോ രാഷ്ട്രീയ കക്ഷിയോ ഏതായാലും അത് ഒരു സുസംഘടിത വിഭാഗത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക പരിസരമായിരിക്കും.

ഒരു കുടുംബമായാല്‍പ്പോലും അതിന്റേതായ പാരമ്പര്യങ്ങളും നിര്‍ദിഷ്ടജീവിതരീതികളും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹികപശ്ചാത്തലം അതിനുണ്ട്. ഒരു ക്രിക്കറ്റ് ടീമോ വിദ്യാലയത്തിലെ ഒരു ക്ളാസോ വിമാനത്തിലെ ജോലിക്കാരോ ആയാല്‍പ്പോലും ആ സംഘത്തിലുമുണ്ട് ഒരു സംവേദനവും വിഭാഗീയ ഗതിശീലത്വവും.

ഒരു തെരുവില്‍ വച്ച് രണ്ടുപേര്‍ കൂട്ടിമുട്ടി അല്പനേരം സംസാരിച്ചാല്‍ അതും ഒരു സാമൂഹിക പ്രതിഭാസമാണ്. ആകസ്മികമായി ഇങ്ങനെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂട്ടിമുട്ടലും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നാഗരികതയും തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും രണ്ടും സാമൂഹികയാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. ആദ്യത്തെത്തില്‍ വ്യക്തിക്കും രണ്ടാമത്തെതില്‍ സമൂഹത്തിനും പ്രാധാന്യമുണ്ടെന്നുമാത്രം. വ്യക്തി-സമൂഹബന്ധത്തില്‍ സമൂഹത്തിന് ഊന്നല്‍ നല്കുന്നവരാണ് സ്പെന്‍സര്‍, ലിലിയന്‍ഫീല്‍ഡ്, ഡെഗ്രീഫ് എന്നിവര്‍.

വ്യക്തിക്ക് പ്രാധാന്യം നല്കുന്നവരാണ് ഡി. ടാര്‍ഡേ, മക്ഡൂഗല്‍, എഫ്.എച്ച്. ഗിഡ്ഡിങ്സ് തുടങ്ങിയവര്‍. ശുദ്ധശാസ്ത്രവിഷയങ്ങളൊഴിച്ചുള്ളവയെല്ലാം മനുഷ്യനുമായി പ്രത്യക്ഷ ബന്ധമുള്ളതാണ് എന്നതാണ് ഇതിനു കാരണം.

മാനവികശാസ്ത്രഗവേഷണരംഗത്ത് ശുദ്ധശാസ്ത്രസാങ്കേതിക ഗവേഷണ സങ്കേതങ്ങള്‍ ഉപയോഗിക്കുക ദുഷ്കരമാണ്. മനുഷ്യന്റെ ആചാരം, ചേഷ്ഠ, വ്യവഹാരം, ശീലം, സ്വഭാവഗുണം, ജീവിതരീതി, പെരുമാറ്റം എന്നിവ നിശ്ചിത അളവുകോലില്‍ ഒതുക്കുക സാധ്യമല്ല. മാനവികശാസ്ത്ര ഗവേഷണരംഗത്തെ പരീക്ഷശാല സമൂഹം തന്നെയാണ്; ഇവിടെ പരീക്ഷണ വിധേയമാകുന്ന വസ്തു മനുഷ്യനും. മാനവികശാസ്ത്രങ്ങള്‍ക്കു പ്രവചനശേഷി നന്നെ കുറവാണ്. ഈ പ്രവചനശേഷിക്കുറവിനു കാരണം സമൂഹത്തില്‍ പ്രചാരത്തിലുള്ള ചരങ്ങളെ(്മൃശമയഹല)ക്കുറിച്ചുള്ള അജ്ഞതയാണ് എന്നാണ് ലുന്‍ഡ്ബെര്‍ഗിന്റെ അഭിപ്രായം. മനുഷ്യരുടെ പെരുമാറ്റത്തിലെ ക്രമരഹിതവും വിചിത്രവും ആയ പ്രത്യേകതകള്‍ ഗോചരവിധേയമല്ലാത്തതുകൊണ്ട് വസ്തുനിഷ്ഠപഠനം അസാധ്യമാകുന്നു. ഒരു വ്യക്തിയുടെ പെരുമാറ്റം പ്രവചിക്കാനായേക്കും; എന്നാല്‍ സമൂഹം എങ്ങനെ പെരുമാറും എന്നു പ്രവചിക്കാനാവില്ല. ഭൗതിക പ്രതിഭാസങ്ങള്‍ ഇന്ദ്രിയ ഗോചരമാണ്. എന്നാല്‍ സാമൂഹിക പ്രതിഭാസങ്ങള്‍ (ഉദാ. പാരമ്പര്യം, ആചാരം, മൂല്യങ്ങള്‍) അവ പ്രതിനിധാനം ചെയ്യുന്ന വാക്കുകളിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ. എന്നാല്‍ വളരെ നാളത്തെ ഗവേഷണങ്ങളുടെ ഫലമായി സാമൂഹിക വസ്തുതകള്‍ ക്രമവത്കരിക്കാന്‍ ഇന്നു കഴിയുന്നുണ്ട്. ആത്മനിഷ്ഠാവിഷയങ്ങള്‍ വിസ്ലേഷണം ചെയ്യാനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ആന്ത്രോപ്പോളജി, സോഷ്യോമെട്രി എന്നിവ ഉദാഹരണങ്ങള്‍. മാനവികശാസ്ത്ര പ്രമേയങ്ങള്‍ മുഴുവന്‍ ഗുണാത്മകമാണെന്നും അത് മാത്രാത്മകമാക്കാന്‍ പറ്റില്ലെന്നുമുള്ള ലുന്‍ഡ്ബെര്‍ഗിന്റെ അഭിപ്രായത്തിന് ഇന്ന് വലിയ പ്രസക്തിയില്ല. ഒരു ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ രണ്ടു ഘട്ടങ്ങള്‍ മാത്രമാണ് ഗുണാത്മക, മാത്രാത്മക അളവുകള്‍. ശാസ്ത്രം വികസിക്കുന്നതോടെ മാത്രാത്മക വിസ്ലേഷണം സാധ്യമാകും. മാത്രമല്ല, മാനവികശാസ്ത്രരംഗങ്ങളില്‍ ഗുണാത്മക പ്രകാശനങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ലബോറട്ടറി പരീക്ഷണങ്ങളിലൂടെ പഠനവിധേയമാക്കാമെന്നതുകൊണ്ട് ഭൗതികശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം അതിനു കൃത്യതയുണ്ട്. ചുരുങ്ങിയ തോതില്‍ ലബോറട്ടറി സൗകര്യങ്ങള്‍ ഉപയോഗിക്കാമെങ്കിലും മാനവിക ശാസ്ത്രഗവേഷണ പഠനങ്ങള്‍ക്ക് അത്ര കൃത്യത അവകാശപ്പെടാനാവില്ല. കാരണമെന്ത്, കാര്യമെന്ത് എന്ന് വേര്‍തിരിച്ചറിയാനും മാനവികശാസ്ത്ര ഗവേഷണ സങ്കേതങ്ങള്‍ക്ക് കെല്പു കുറവാണ്. സാമൂഹിക സത്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കാനും സാമൂഹിക പ്രക്രിയകള്‍, പെരുമാറ്റ വൈവിധ്യങ്ങള്‍, സാമൂഹിക വ്യവസ്ഥയ്ക്ക് പൊതുവെയും സാമൂഹിക പ്രതിഭാസങ്ങള്‍ക്ക് പ്രത്യേകിച്ചും ഉള്ള സാജാത്യവൈജാത്യങ്ങള്‍ എന്നിവ കണ്ടുപിടിച്ചു വ്യാഖ്യാനിക്കാനും മാനവികശാസ്ത്ര ഗവേഷകനു കഴിയണം; അതിലാണ് അയാള്‍ക്ക് താത്പര്യം. സമൂഹത്തിന്റെ വികസനം ഈ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

ഗവേഷണസങ്കേതങ്ങള്‍

ശാസ്ത്രശാഖകള്‍ക്കു പൊതുവെയെന്നതുപോലെ മാനവികശാസ്ത്രങ്ങള്‍ക്കും രണ്ടുതരം ഗവേഷണ രീതികളുണ്ട്: പാരമ്പര്യാത്മകവും ശാസ്ത്രീയവും. ആധുനിക മാനവികശാസ്ത്രങ്ങളായ സാമ്പത്തികശാസ്ത്രം, സാമൂഹികശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയുടെ ആവിര്‍ഭാവത്തിനു മുന്‍പുള്ള ഗവേഷണസങ്കേതങ്ങളെ പൊതുവെ പാരമ്പര്യാത്മകം എന്നു വിശേഷിപ്പിക്കാം. ഈ ശാസ്ത്രശാഖകളൊക്കെ വ്യവസായ വിപ്ളവത്തിന്റെ സന്തതികളാണെന്ന അഭിപ്രായം ശരിയല്ല. പ്രാചീന ഗ്രീസില്‍ ഇവയൊക്കെ ഉണ്ടായിരുന്നു. പ്ളേറ്റോ, അരിസ്റ്റോട്ടല്‍, സോക്രട്ടീസ് എന്നിവരുടെ ചിന്തയ്ക്ക് വിധേയമാകാത്ത ഒരു മാനവിക വിഷയവുമില്ല തന്നെ. ആഡം സ്മിത്തിനു ശേഷമാണ് സാമ്പത്തികശാസ്ത്രം ശാസ്തീയമായതെന്ന അവകാശവാദത്തിലും കഴമ്പില്ല. കൗടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെടാത്ത ഒരു സാമ്പത്തികതത്ത്വവുമില്ല; മാത്രമല്ല, സാമൂഹികശാസ്ത്രം, നിയമം, രാഷ്ട്രതന്ത്രം എന്നിവയുടെയൊക്കെ അംശങ്ങള്‍ അതിലുണ്ട്. നിയമത്തിന്റെ കാര്യത്തിലും പ്രാചീനത ഇന്ത്യയ്ക്ക് അവകാശപ്പെടാം. മനുസ്മൃതിക്ക് പാശ്ചാത്യ നിയമ സങ്കല്പങ്ങളെക്കാള്‍ എത്രയോ പ്രാചീനത ഉണ്ട്. ചുരുക്കത്തില്‍ ഈ വിഷയങ്ങളൊക്കെ മനുഷ്യരാശിയുടെ ആവിര്‍ഭാവം മുതല്‍ക്കേ ഉണ്ട്. അവയ്ക്ക് ശാസ്ത്രീയത കൈവരിക്കാന്‍ സഹസ്രാബ്ദങ്ങള്‍ വേണ്ടിവന്നു എന്നു മാത്രം. പ്ളേറ്റോയുടെ കാലത്തുതന്നെ ഗവേഷണത്തിന് വ്യവസ്ഥാപിത സ്വഭാവമുണ്ടായിരുന്നു (ഉദാ. രാജവാഴ്ച, സ്വേച്ഛാധിപത്യം, കുലീനാധിപത്യം, ജനാധിപത്യം). ഈ സ്ഥാപനവത്കരണത്തിന്റെ സന്തതികളാണ് ഇന്നത്തെ പാര്‍ലമെന്റ്, സെക്രട്ടേറിയറ്റ്, കോടതികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയൊക്കെ. അമൂര്‍ത്തങ്ങളായ കുടുംബം, സ്വത്ത്, വംശം എന്നിവയും ഒരര്‍ഥത്തില്‍ സ്ഥാപനങ്ങള്‍ തന്നെ. സ്ഥാപന സമീപനത്തോടു ബന്ധമുള്ളതാണ് നിയമ സമീപനവും. നിയമവും ഔദ്യോഗികസ്ഥാപനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നതാണിതിനു കാരണം. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമ ചട്ടക്കൂടിനാകില്ലെന്ന് ഒരു വിമര്‍ശനമുണ്ടായിരുന്നു. ഇന്ന് സ്ഥിതിയതല്ല. ജനനം മുതല്‍ മരണം വരെ മനുഷ്യന്റെ വിവിധ കാര്യങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടുന്നുണ്ട്. അതിനൊക്കെ നിയമവും ചട്ടങ്ങളും ഉണ്ട്. ക്ഷേമനിയമങ്ങള്‍ നടപ്പാക്കാത്ത ക്ഷേമരാഷ്ട്രം വെറും മിഥ്യയാണ്.

സമൂഹത്തിന്റെ വളര്‍ച്ചയോടെ ശാസ്ത്രങ്ങള്‍ വളര്‍ന്നു. ഗവേഷണ സങ്കേതങ്ങള്‍ക്ക് ശാസ്ത്രീയത ഉണ്ടായി. ഇന്ന് ശാസ്ത്രീയ രീതിയില്ലാതെ ഗവേഷണം പൂര്‍ണമാകില്ല എന്ന സ്ഥിതിയായിട്ടുണ്ട്. ശാസ്ത്രീയ സങ്കേതങ്ങള്‍ ഉപയോഗിച്ചുവേണം സാമൂഹിക പ്രശ്നങ്ങളുടെ കല്ലും നെല്ലും തിരിക്കേണ്ടത്. ദത്തങ്ങളുടെ (data) ശാസ്ത്രീയ നിരീക്ഷണം, അവയുടെ വര്‍ഗീകരണം, വിസ്ലേഷണം, സര്‍ഗഭാവനയോടും ആത്മനിരൂപണത്തോടും കൂടിയ വിശകലനം ഇവയാണ് ശാസ്ത്രീയ രീതിയുടെ പൊരുള്‍. ശുദ്ധശാസ്ത്രമെന്നോ പ്രയുക്തശാസ്ത്രമെന്നോ സാങ്കേതിക ശാസ്ത്രമെന്നോ മാനവികശാസ്ത്രമെന്നോ ഭാഷാശാസ്ത്രമെന്നോ സാഹിത്യശാഖയെന്നോ ഉള്ള വേര്‍തിരിവു കൂടാതെ ഗവേഷണങ്ങള്‍ക്ക് പൊതുവേ സ്വീകാര്യമായ ഒരു പദ്ധതി ഉരുത്തിരിഞ്ഞിട്ടുണ്ട്. ഈ പദ്ധതിക്കു തന്നെ ഒരു ശാസ്ത്രശാഖയുടെ മാനവുമുണ്ട്-അതാണ് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അനുഷ്ഠിക്കേണ്ട നിഷ്ഠകള്‍, നടപടികള്‍ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രം (Research Methodology). ഗവേഷകന് ഗവേഷണ വൈദഗ്ധ്യം പകരുകയാണ് ഇതിന്റെ ലക്ഷ്യം. ഗുണാത്മക ചരങ്ങളെ മാത്രാത്മക ചരങ്ങളാക്കുക, സാമൂഹിക ഉണ്മകളുടെ വസ്തുനിഷ്ഠഗ്രഹണത്തിന് ആവശ്യമായ സാംഖ്യിക പ്രവിധികള്‍ (Statistical techniques) നല്കുക; സാമൂഹികാന്വേഷണത്തിന്റെ കാതലായ വസ്തുനിഷ്ഠതയ്ക്ക് മാനങ്ങളുണ്ടാക്കുക എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. നിസ്സംഗതയോടെ തെളിവുകളും ദത്തങ്ങളും പഠിക്കുന്നതിനുള്ള കഴിവും സമ്മതവും ആണ് വസ്തുനിഷ്ഠത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ചായ്വും പക്ഷപാതവും ഒഴിവാക്കി വിഷയത്തെ എങ്ങനെ സമീപിക്കണം, ഏതൊക്കെ പന്ഥാവുകളിലൂടെ പ്രയാണം നടത്തണം എന്നൊക്കെ 'മെഥഡോളജി' വിവരിക്കുന്നുണ്ട്.

ശാസ്ത്രീയരീതിക്ക് നിരവധി സങ്കല്പങ്ങളുണ്ട്. ഇവയില്‍പ്പെട്ടതാണ് നിയമിതത്വം, സത്യാപനം, സങ്കേതങ്ങള്‍, പരിമാണനം, മൂല്യങ്ങള്‍, ക്രമവത്കരണം, സമാകലനം എന്നിവ. ശാസ്ത്രീയരീതികള്‍ക്ക് പല ഘട്ടങ്ങളുണ്ട്. പരികല്പന, സംപ്രത്യയങ്ങളുടെ നിര്‍വചനം, ദത്തശേഖരണം, പഠനഫലങ്ങള്‍ നിലവിലുള്ള വിജ്ഞാനവുമായി ബന്ധപ്പെടുത്തിയുള്ള സാമാന്യവത്കരണം എന്നിവയൊക്കെ ഇതില്‍പ്പെടുന്നു.

മാനവികവിഷയങ്ങളില്‍ ശാസ്ത്രീയാന്വേഷണം നൂറു ശതമാനവും സാധ്യമാകില്ല; സാധ്യമാകണമെന്നുമില്ല. മനുഷ്യന്റെ വ്യവഹാരങ്ങള്‍ക്ക് കാലികമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യന്റെ വ്യവഹാരം പലപ്പോഴും പിടികൊടുക്കാത്ത ഒന്നാണ്, അത് സങ്കീര്‍ണവുമാണ്. ഇവിടെ ഒരു തുറന്ന സമീപനം- അതായത് തുറന്ന ഗവേഷണം-മാത്രമേ കഴിയൂ. വ്യക്തി-സമൂഹപഠനങ്ങളിലെ ചായ്വുകള്‍ അനന്തങ്ങളാണ്. മതം, ജാതി, സമൂഹം, ഗോത്രം, വിഭാഗം, ഭാഷ, രാഷ്ട്രീയകക്ഷി, തൊഴില്‍, അവസരവാദം, ലിംഗം, ദേശീയത, പ്രാദേശികത്വം, രാജ്യാഭിമാനം, സമരാസക്തി, ചിത്തവൃത്തി, മതഭ്രാന്ത്, സ്വാര്‍ഥത, അമിതാഗ്രഹം, സൗഹൃദം, ബന്ധം ഇങ്ങനെ നീണ്ടുപോകുന്നു അതിന്റെ പട്ടിക.

ഭൗതികശാസ്ത്രജ്ഞന് തന്റെ പരീക്ഷണങ്ങള്‍ പരീക്ഷണശാലയുടെ നാലതിരുകള്‍ക്കുള്ളിലൊതുക്കാം. എന്നാല്‍ മാനവികശാസ്ത്രത്തിന്റെ ലബോറട്ടിയുടെ നാലതിരുകള്‍ ഭൂഗോളത്തിന്റെ അതിരുകളാണ്. ഭൗതികത്തില്‍ 2ഃ2=4 ആണ്. മാനവികത്തില്‍ ഇത് നാലാകാം; നാലില്‍ അധികമാകാം. നാലില്‍ കുറയുകയും ചെയ്യാം. ഉദാ. പ്രത്യക്ഷ-പരോക്ഷ നികുതികളുടെ നിരക്ക് ഇരട്ടിയാക്കിയെന്നുവച്ച് നികുതിയില്‍ നിന്നുള്ള വരുമാനം ഇരട്ടിക്കുന്നില്ല. ഇതിനര്‍ഥം ശുദ്ധശാസ്ത്രങ്ങളില്‍ കൃത്യതയുണ്ട്; മാനവികങ്ങളില്‍ അതില്ല. ശാസ്ത്രത്തിന്റെ നിര്‍വചനം വച്ചു വ്യാഖ്യാനിക്കുകയാണെങ്കില്‍ മാനവിക വിഷയങ്ങളൊന്നുംതന്നെ ശാസ്ത്രമല്ല. സാമ്പത്തികശാസ്ത്രം എന്ന് ഒന്നില്ല. സാമ്പത്തികപ്രശ്നങ്ങള്‍ക്ക് പ്രയോഗിക്കാവുന്ന ഒരു സാമൂഹികശാസ്ത്രമേയുള്ളൂ. സാമൂഹികശാസ്ത്രം എന്ന ഒന്നില്ല; സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ പ്രയോഗിക്കാവുന്ന ഒരു പൊതുജ്ഞാനമേയുള്ളൂ എന്നാണ് കെന്നത്ത് ബോള്‍ഡിങ് പറയുന്നത്. എന്നാല്‍ ഈ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിലോ, അത് സമൂഹത്തിന്റെ നാശത്തിനു വഴിതെളിക്കും.

ഗവേഷണത്തിന് പലതരം രൂപമാതൃകകള്‍ ഉണ്ട്. രൂപനിര്‍ദേശം ആധാരമാക്കി സാമ്പിളിന ഡിസൈന്‍, നിരീക്ഷണ ഡിസൈന്‍ സാംഖ്യിക ഡിസൈന്‍, പ്രവര്‍ത്തന സംബന്ധഡിസൈന്‍ എന്നിങ്ങനെ ഒരു വര്‍ഗീകരണമുണ്ട്. ഗവേഷണത്തിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വര്‍ഗീകരണവും (Exploratory or Formulative study, Descriptive study, Experimental study) ഉണ്ട്. ഡോക്ടര്‍ രോഗനിര്‍ണയം നടത്തുന്നത്, ആരായല്‍ പഠനരീതിയില്‍ (Exploratory study) പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയെ പിന്തുണയ്ക്കുന്നത് ഗ്രാമവാസികളോ നഗരവാസികളോ എന്നത് സംബന്ധിച്ച പഠനവും ഇതിനുദാഹരണമാണ്. മാനവികശാസ്ത്ര ഗവേഷണത്തിന്റെ ആദ്യഘട്ടവും ഇതുതന്നെയായിരുന്നു. ഒരു ജനതയുടെ പൊതുവായോ ഒരു സമൂഹത്തിന്റെ പ്രത്യേകിച്ചോ ഉള്ള സ്വഭാവവിശേഷങ്ങള്‍ സംബന്ധിച്ച ഗവേഷണമാണ് വിവരണാത്മകപഠനം (Descriptive study). സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള പ്രായം കുറയ്ക്കണമോ; സര്‍വകലാശാലകളുടെ ഭരണസമിതികളില്‍ വിദ്യാര്‍ഥിപ്രാതിനിധ്യം ആവശ്യമുണ്ടോ; ഒരു നിര്‍ദിഷ്ട രാഷ്ട്രീയകക്ഷിയുടെ സ്ഥാനാര്‍ഥിക്ക് എത്ര ശതമാനം ആളുകള്‍ വോട്ടു രേഖപ്പെടുത്തും; അടുത്ത ദശകത്തില്‍ തൊഴിലില്ലായ്മയുടെ തോത് എന്തായിരിക്കും തുടങ്ങിയവയൊക്കെ വിവരണാത്മകപഠനങ്ങളില്‍പ്പെട്ടതാണ്. ഒരു പരികല്പന പഠനവിധേയമാക്കുന്നതാണ് പരീക്ഷണപഠനം. സാമ്പത്തികശാസ്ത്രത്തിനുള്ള 1974-ലെ നോബല്‍ സമ്മാനം പങ്കിട്ട ഗുണ്ണാര്‍ മിര്‍ഡാലിന്റെയും ഫ്രെഡറിക് ഫൊണ്‍ ഹായെക്കിന്റെയും ചിന്തകള്‍ സൂചിപ്പിക്കുന്നത് സാമ്പത്തികശാസ്ത്രം ഒറ്റപ്പെട്ട ഒരു ശാസ്ത്രമല്ല. അതില്‍ മറ്റെന്തൊക്കെയോ-രാഷ്ട്രതന്ത്രം, നിയമം തുടങ്ങിയ മറ്റു പല മാനവിക ശാസ്ത്രങ്ങളുടെയും അംശങ്ങള്‍ഉണ്ട് എന്നാണ്.

നിരീക്ഷണം (Observation)

മാനവികശാസ്ത്ര ഗവേഷണങ്ങളുടെ ആദ്യഘട്ടം നിരീക്ഷണമാണ്. നാം ജീവിക്കുന്ന ലോകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അടിസ്ഥാനരീതിയും ഇതുതന്നെയാണ്. വസ്തുതകള്‍ നന്നായി വിശകലനം ചെയ്യുന്നതിനുവേണ്ട ശ്രദ്ധാപൂര്‍വമായ പരിചിന്തനമാണ് നിരീക്ഷണം. ഇത് രണ്ടു തരത്തിലാകാം-അന്തര്‍ജ്ഞാനപരവും ശാസ്ത്രീയവും. എല്ലാ നിരീക്ഷണങ്ങളും ശാസ്ത്രീയമായിക്കൊള്ളണമെന്നില്ല. പക്ഷിശാസ്ത്രത്തിന്റെ സാങ്കേതിക വശങ്ങള്‍ അറിയാതെ തന്നെ പക്ഷികളുടെ ജീവിതരീതി, പെരുമാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കുന്ന ഒരു പക്ഷിസ്നേഹിയെപ്പോലെ ഒരു മാനവിക ശാസ്ത്രജ്ഞന് നിരീക്ഷണം നടത്താം. ഇവിടെ യാതൊരു തയ്യാറെടുപ്പും ആസൂത്രണവും ഇല്ലാതെ നിരീക്ഷകന്‍ പ്രവര്‍ത്തിക്കുന്നു. ഈ പഠനം തികച്ചും സ്വാത്മപ്രചോദിതമാണ്; അന്തര്‍ജ്ഞാനവും ഭാവനയും മാത്രമാണ് ഈ നിരീക്ഷകന്റെ കൈമുതല്‍. ശാസ്ത്രീയത ഇല്ലെന്നു കരുതി ഇതിന്റെ പ്രാധാന്യം കുറയുന്നില്ല. ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലാതെ നടത്തുന്ന നിരീക്ഷണം ശാസ്ത്രീയ ഗവേഷണത്തെ ഉദ്ദീപിപ്പിക്കും; അതില്‍ നിന്നു രസകരങ്ങളായ പല ആശയങ്ങളും ഉരുത്തിരിയുകയും ചെയ്യും.

നിര്‍ദിഷ്ട ലക്ഷ്യത്തോടെ ആസൂത്രിതമായി, സൈദ്ധാന്തികപ്രമേയങ്ങളുടെ സഹായത്തോടെ ദത്തശേഖരണം നടത്തി അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തി ചെയ്യുന്ന നിരീക്ഷണങ്ങള്‍ തികച്ചും ശാസ്ത്രീയമാണ്. ശാസ്ത്രീയവിവക്ഷയോടെ നടത്തുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ ആകസ്മികമായി നടത്താമെന്ന് ഇതിനര്‍ഥമില്ല.

ശാസ്ത്രീയമായി നടത്തുന്ന മാനവികശാസ്ത്ര ഗവേഷണങ്ങള്‍ക്ക് തയ്യാറെടുപ്പുവേണം. അതു ക്രമനിബദ്ധമായിരിക്കുകയും വേണം. പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഭാസത്തിന് ഗവേഷകന്‍ ഒരു പദ്ധതി തയ്യാറാക്കുന്നു-ഈ ആസൂത്രണത്തിലൂടെ ആ വിഷയത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ശേഖരിച്ച്, പഠിച്ച്, ദത്തങ്ങള്‍ വിശകലനം ചെയ്തു ഫലങ്ങള്‍ സംവേദനക്ഷമമാക്കാനാണ് ഗവേഷകന്‍ ഇവിടെ ശ്രമിക്കുന്നത്.

ഗവേഷണം നടത്താനുദ്ദേശിക്കുന്ന വിഷയത്തെ നിരീക്ഷിക്കുമ്പോള്‍ ഗവേഷകന്‍ ഒരു ഛായാഗ്രാഹകനായി മാറണം. യാതൊരു മുന്‍വിധിയും കൂടാതെ കണ്ടതു പകര്‍ത്തണം. സാമൂഹികവസ്തുവിനെ ഒരു ഭൗതിക വസ്തുവായി കരുതണം. ഇതിന് ദുര്‍ക്ഹൈം വലിയ പ്രാധാന്യം നല്കുന്നുണ്ട്. നിരീക്ഷണവിധേയമാക്കുന്ന വസ്തുവിനെക്കുറിച്ച് യാതൊന്നും അറിയില്ല എന്ന വിചാരത്തോടുകൂടി വേണം നിരീക്ഷകന്‍ സമീപിക്കേണ്ടത്.

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ചിടത്തോളം നിരീക്ഷകനും നിരീക്ഷണവിധേയമാകുന്ന വസ്തുവും തമ്മില്‍ പരസ്പര പ്രവര്‍ത്തനമില്ല; അതിന്റെ ആവശ്യവുമില്ല. നിരീക്ഷിച്ചാലും ഇല്ലെങ്കിലും പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ക്ക് യാതൊരു വ്യത്യാസവുമില്ല. ചെടിയും മൃഗവും അതിന്റേതായ ശൈലിയില്‍ വളരും. മഴ പെയ്യും, ഇടി വെട്ടും, സൂര്യ-ചന്ദ്രന്മാര്‍ അവരുടെ ധര്‍മങ്ങള്‍ നിര്‍വഹിച്ചുകൊള്ളും. എന്നാല്‍ മാനവികശാസ്ത്രങ്ങളുടെ സ്ഥിതിയതല്ല. നിരീക്ഷകന്‍ ഒരു വ്യക്തിയാകാം-സമൂഹം തന്നെയാകാം-നിരീക്ഷകനും നിരീക്ഷണവിധേയമാകുന്ന വസ്തുവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം നിരീക്ഷണത്തെ തകിടംമറിക്കും. അതായത് നിരീക്ഷികവസ്തു കൃത്രിമസ്വഭാവം കൈവരിക്കും. അത് ഒഴിവാക്കാന്‍ നിരീക്ഷണവിധേയമാകുന്നു എന്ന വസ്തുത അതില്‍ നിന്നു മറച്ചുപിടിക്കേണ്ടിവരുന്നു. മാനവികശാസ്ത്ര ഗവേഷണമേഖലയിലെ ഒരു കീറാമുട്ടിയാണിത്. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലാണ് ഗവേഷകന്റെ വിജയം. സമൂഹത്തിന്റെ പുരോഗതിയും പരിവര്‍ത്തനവും ഇതിനെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യനെ എക്കാലവും എല്ലായിടത്തും ഗിനിപ്പന്നികളാക്കാന്‍ ഒരു ഗവേഷകനും ഒരു മാനവികശാസ്ത്രജ്ഞനും സമൂഹത്തിനും നിയമവാഴ്ചയ്ക്കും കഴിയില്ല.

അഭിമുഖം (Interview)

സാമൂഹികസത്യത്തെ നിരീക്ഷണവിധേയമാക്കുന്ന സങ്കേതങ്ങള്‍ പലതുണ്ട്. ഇവയില്‍ പ്രധാനം രണ്ടാണ്-ചേതനാത്മകം, പ്രമാണപരം. ചേതനാത്മകത്തില്‍ പ്രധാനം വ്യക്തികളുമായി നേരിട്ടുള്ള സംവാദമാണ്. ദത്തങ്ങളോ വിവരങ്ങളോ ശേഖരിക്കുന്നതിനുള്ള വാചകരീതിയാണിത്. വ്യക്തികളോടു നേരിട്ടു സംസാരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും അവരുടെ അംഗചലനങ്ങളും പടുതിയും കണ്ടു മനസ്സിലാക്കിയും വിവരങ്ങള്‍ ശേഖരിക്കുന്നു. ചുരുക്കത്തില്‍ അഭിമുഖം അല്ലെങ്കില്‍ കൂടിക്കാഴ്ച. ഇതിന് മാനവികശാസ്ത്രങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന സംജ്ഞയാണ് 'ഇന്റര്‍വ്യൂ'. ഇതില്‍ ചോദ്യം ചോദിക്കുന്നയാള്‍ 'ഇന്റര്‍വ്യൂവര്‍' ((Interviewer); ഉത്തരം നല്കുന്നയാള്‍ 'ഇന്റര്‍വ്യൂയി' (Interviewee).

ഇന്റര്‍വ്യൂവിന് ഏറ്റവും പറ്റിയ ഉദാഹരണമാണ് അഭിപ്രായ വോട്ടെടുപ്പ് (Opinion Poll)). ഇന്റര്‍വ്യൂയിയുടെ ഇന്ദ്രിയാനുഭൂതി, വിശ്വാസങ്ങള്‍, വികാര-വിചാരങ്ങള്‍, പ്രചോദനം, മുന്‍വിചാരം, ഭാവിപദ്ധതികള്‍, ഭൂതവര്‍ത്തമാനകാല പെരുമാറ്റം എന്നിവ നേരില്‍ മനസ്സിലാക്കി അതില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഏറ്റവും പറ്റിയമാര്‍ഗം ഇന്റര്‍വ്യൂ ആണ്. മനുഷ്യര്‍ എങ്ങനെ ആലോചിക്കുന്നു; അവര്‍ എന്തൊക്കെ അനുഭവിച്ചറിയുന്നു.; എന്തൊക്കെ ഓര്‍മിക്കുന്നു; മറക്കുന്നു; ഓര്‍മിക്കാനും മറക്കാനും ശ്രമിക്കുന്നു;-ഇതൊക്കെ അറിയാന്‍ വേറെ മാര്‍ഗമില്ല.

അഭിമുഖത്തിനു വിധേയരാകുന്നവരുടെ സംഖ്യയെ ആധാരമാക്കി വെറും ഒരു സംവേദമല്ല ഇന്റര്‍വ്യൂ. ഇതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. ഇത് ആസൂത്രിതമാണ്. ഇന്റര്‍വ്യൂയിയെ ഇന്റര്‍വ്യൂവര്‍ യാതൊരുതരത്തിലും സ്വാധീനിക്കരുത്.

ഇന്റര്‍വ്യൂ തന്നെ പലവിധമുണ്ട്. പ്രാമാണിക ഇന്റര്‍വ്യൂവും വ്യക്തിപര ഇന്റര്‍വ്യൂവും. ആദ്യത്തേതിന്റെ ഉദ്ദേശ്യം ഇന്റര്‍വ്യൂയി അഭിമുഖീകരിക്കുന്ന വസ്തുതകളെയോ സംഭവങ്ങളെയോ സംബന്ധിച്ച് അയാള്‍ക്കുള്ള അറിവ് എന്തെന്നു മനസ്സിലാക്കുകയാണ്. എന്നാല്‍ രണ്ടാമത്തെതില്‍ ഇന്റര്‍വ്യൂയിക്ക് എന്തൊക്കെ അറിയാം എന്നതില്‍ ഗവേഷകനു താത്പര്യമില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍, ഒരു പ്രത്യേക പ്രശ്നത്തില്‍ അയാളുടെ സമീപനമെന്ത്? ഇതാണ് ഇന്റര്‍വ്യൂവര്‍ക്ക് അറിയേണ്ടത്. ഇന്റര്‍വ്യൂയികള്‍ സാധാരണക്കാരാകാം, ഭരണകര്‍ത്താക്കളാകാം, രാഷ്ട്രീയ നേതാക്കന്മാരാകാം.

ഗവേഷകന്‍ ചിലപ്പോള്‍ ഒരിക്കല്‍ മാത്രം ഇന്റര്‍വ്യൂ നടത്തും. എല്ലാ ചോദ്യങ്ങളും ഒരിക്കല്‍ ചോദിച്ച് ഉത്തരങ്ങള്‍ ശേഖരിക്കും. ചിലപ്പോള്‍ പലതവണ (പല ഇന്റര്‍വ്യൂകളില്‍) ചോദിക്കും. വ്യക്തിഗത പഠനത്തിന് ഇന്റര്‍വ്യൂയിയുമായി പലതവണ അഭിമുഖം വേണ്ടിവന്നേക്കും. ഇങ്ങനെ ആവര്‍ത്തിച്ചുള്ള അഭിമുഖരീതിക്ക് യു.എസ്സില്‍ അമേരിക്കന്‍രീതി, പാനല്‍രീതി എന്നൊക്കെ സംജ്ഞകളുണ്ട്. ഒരു നിര്‍ദിഷ്ട പ്രശ്നത്തില്‍ ആ വ്യക്തിയുടെ സമീപനത്തിന് അല്ലെങ്കില്‍ അഭിപ്രായത്തിന് കാലികമായി മാറ്റം സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ ഇത് സഹായകമാണ്.

ഓരോ ഇന്റര്‍വ്യൂ രീതിയുടെയും ഉപയോഗം അതാതു വിഷയങ്ങളുടെയോ ഗവേഷണ വിധേയമാകുന്ന പ്രത്യേക മേഖലയുടെയോ പ്രത്യേകതകളെ ആശ്രയിച്ചിരിക്കുന്നു. മൊത്തത്തില്‍ സ്വീകാര്യമായവ താഴെ വിവരിക്കുന്നു:

ഒരു രോഗനിര്‍ണയത്തിന് ഡോക്ടര്‍ രോഗിയോട് ചോദിക്കുന്ന രീതി മാനവികശാസ്ത്ര മേഖലയിലും പ്രയോഗിക്കാറുണ്ട്. ഇതിന് 'ക്ളിനിക്കല്‍ ഇന്റര്‍വ്യൂ' എന്നു പറയുന്നു.

മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയോടെയുള്ള ഇന്റര്‍വ്യൂ ആണ് തികഞ്ഞ അഭിമുഖം (thorough interview). ഒരു പ്രത്യേകസാധനത്തിന്റെ വിപണിസാധ്യതകള്‍ കണ്ടെത്തുന്നതിന് ഈ രീതി പ്രയോജനപ്പെടുത്തുന്നു. വ്യക്തിയും വിഷയവുമായുള്ള ബന്ധത്തിനാണ് ഇവിടെ പ്രാധാന്യം. ഇതിനോട് സാദൃശ്യമുള്ളതാണ് നിര്‍ദേശിതാഭിമുഖം (guided interview). ചലച്ചിത്രം, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്ന അഭിമുഖമാണ് കേന്ദ്രീകൃതാഭിമുഖം (focussed interview). മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്ക് ഇത് സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു.

ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്ത്? തുടങ്ങിയ ചോദ്യരീതികളാണ് തുറന്ന-അറ്റ-ചോദ്യ-അഭിമുഖം (Open ended questions interview ). ചോദിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം, ചോദ്യക്രമം, ചോദ്യരീതി, ചോദ്യവാചകം, ഉത്തരശേഖരണത്തിനുള്ള സങ്കേതങ്ങള്‍ എന്നിവയൊക്കെ മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച രീതിയാണ് വിന്യസിത അഭിമുഖ (Structured interview)ത്തിലുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉറപ്പാക്കുന്നതാണ് അടച്ച-അറ്റ-ചോദ്യഅഭിമുഖം (Closed ended questions interview). ഇതില്‍ ഉത്തരങ്ങള്‍ ആണ്-അല്ല; ഉണ്ട്-ഇല്ല; അറിയാം-അറിയില്ല എന്നിങ്ങനെയായിരിക്കും. ഇവിടെ ഉത്തരം നല്കുന്നതിന് ഇന്റര്‍വ്യൂയിയുടെ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. ഉത്തരങ്ങള്‍ ചോദ്യങ്ങളോടൊപ്പം കൊടുത്തിരിക്കും. അത് തെരഞ്ഞെടുക്കുകയേ വേണ്ടൂ.

എന്നാല്‍ വിന്യസിതമല്ലാത്ത ഒരു രീതിയുണ്ട് (Unstructured questions interview). ഇതില്‍ അയഞ്ഞ സമീപനമാണ് ഉള്ളത്. ഇന്റര്‍വ്യൂയിക്ക് ഉത്തരങ്ങള്‍ പറയുന്നതിന് തികഞ്ഞ സ്വാതന്ത്ര്യമുണ്ട്. ഇത് തുറന്ന-അറ്റ-ചോദ്യരീതിയാണ് (Open ended question type). ഇന്റര്‍വ്യൂയി എന്തൊക്കെ ഉത്തരം പറയുമെന്ന് ഇന്റര്‍വ്യൂവറിന് യാതൊരു ധാരണയുമുണ്ടാകില്ല. ഇതില്‍ ഇന്റര്‍വ്യൂവര്‍ ഇടപെടുകയുമില്ല. തനിക്കു ഇഷ്ടമുള്ളതൊക്കെ പറയാന്‍ ഇന്റര്‍വ്യൂയിക്ക് സ്വാതന്ത്ര്യമുണ്ട്. ഇതില്‍ ചോദ്യങ്ങളുടെ ക്രമം മാറ്റാം. ഉപചോദ്യങ്ങള്‍ ചോദിക്കാം-ഇതില്‍ നിന്നു ഫലമുണ്ടാകുന്നത് ഇന്റര്‍വ്യൂവറുടെ കഴിവിനെ ആശ്രയിച്ചിരിക്കും.

ധാരാളം വ്യക്തികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ മെച്ചം. സാക്ഷരരെയും നിരക്ഷരരെയും സഹകരിപ്പിക്കാം. തെറ്റായ വിവരങ്ങള്‍ ലഭിക്കുന്നുവെന്നു ബോധ്യമായാല്‍ ഉപചോദ്യങ്ങള്‍ ചോദിച്ചോ ചോദ്യത്തിന്റെ ക്രമത്തിനു മാറ്റം വരുത്തിയോ അതു തിരുത്താം. വ്യക്തിയുടെ അംഗവീക്ഷേപങ്ങള്‍, ചിരി, വികാരവിക്ഷോഭങ്ങള്‍ എന്നിവ മനസ്സിലാക്കി മര്‍മപ്രാധാന്യമുള്ള വിവരങ്ങള്‍ ശേഖരിച്ച് ഗവേഷണഫലം മെച്ചപ്പെടുത്തുകയും ചെയ്യാം. വസ്തുതകള്‍ മറച്ചുപിടിക്കുന്ന ഇന്റര്‍വ്യൂയിയെ ഈ വിഷയത്തില്‍ ആകൃഷ്ടനാക്കി വിവരങ്ങള്‍ ശേഖരിക്കാം.

അഭിമുഖത്തിന് പല നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. ഐകരൂപ്യം, കൃത്യത, സാമാന്യവത്കരണസാധ്യത, പക്ഷപാതരാഹിത്യം, ചിട്ട തുടങ്ങിയ ഗുണങ്ങള്‍ വിന്യസിതാഭിമുഖത്തിനുണ്ട്. വിന്യസിതമല്ലാത്ത അഭിമുഖത്തിന്റെ നേട്ടങ്ങളില്‍ പെട്ടതാണ് അനുനേയത. ഇതിന്റെ കോട്ടങ്ങള്‍ നിരവധിയാണ്. ഇന്റര്‍വ്യൂയിയെ ഇന്റര്‍വ്യൂവര്‍ സ്വാധീനിക്കാനുള്ള സാഹചര്യം അഭിമുഖത്തില്‍ കൂടുതലായുണ്ട്. ഇന്റര്‍വ്യൂയിക്ക് ആത്മവിശ്വാസമുണ്ടാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഇന്റര്‍വ്യൂവര്‍ പലപ്പോഴും പരാജയപ്പെടും. ചോദ്യകര്‍ത്താവ് ഒരു കാഴ്ചക്കാരനായി നില്‍ക്കണം; തികഞ്ഞ നിഷ്പക്ഷത പാലിക്കണം. ഉത്തരങ്ങള്‍ എഴുതിയെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഇന്റര്‍വ്യൂയി ബോധപൂര്‍വം ഉത്തരം തെറ്റിച്ചു പറയും. ഇന്റര്‍വ്യൂയിയുടെ ആഢ്യത്വം ഒരു വലിയ പ്രശ്നമാണ്-പ്രത്യേകിച്ച് സാമ്പത്തികകാര്യ അഭിമുഖത്തില്‍. ഋണബാധ്യതയില്ലാത്തവനാണെന്ന് കാണിക്കാനുള്ള ത്വര ഇന്റര്‍വ്യൂവിന്റെ ഫലത്തെ സാരമായി ബാധിക്കും. അജ്ഞത മറ്റൊരു പ്രശ്നമാണ്.

അഭിമുഖത്തിന്റെ ഏറ്റവും വലിയ പരിമിതികള്‍ അതിനുവേണ്ട അധികരിച്ച പണച്ചെലവും സമയനഷ്ടവും അധ്വാനഭാരവുമാണ്. വീടുകളില്‍ എത്തി അഭിമുഖം നടത്തേണ്ടിവരും. വീട്ടുജോലികളില്‍ വ്യാപൃതയായിരിക്കുന്ന വീട്ടമ്മയെ അഭിമുഖത്തിനു പ്രേരിപ്പിക്കുക-അത്ര എളുപ്പമല്ല. തൊഴിലിനുപോകുന്ന ഗൃഹനാഥനെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുള്ള സമയം ഏതാണ്-ഇതൊക്കെ ഇന്റര്‍വ്യൂവിന്റെ പ്രശ്നങ്ങളാണ്. സാക്ഷരത കുറവായ സമൂഹങ്ങളില്‍ (ഇന്ത്യയില്‍ 36 ശ.മാ. ആണ്) സ്ത്രീകള്‍ക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടാകില്ല. ഇന്ത്യയിലെ പുരുഷമേധാവിത്വവും അഭിമുഖത്തിന്റെ കൃത്യതയെ ബാധിക്കും. ഇന്ത്യയില്‍ ആത്മവഞ്ചന ദേശീയ സ്വഭാവമായി മാറ്റിയിട്ടുണ്ടെന്നാണ് മിര്‍ഡാലിന്റെ അഭിപ്രായം. ഇത് സംവേദനത്തെ താറുമാറാക്കും. അതിജീവനത്തിനുള്ള സഹജവാസന വസ്തുതകള്‍ മറച്ചുപിടിക്കാന്‍ പലരെയും പ്രേരിപ്പിക്കും. ഇതിന്റെയൊക്കെ ഫലമായി അഭിമുഖത്തിലൂടെ ശേഖരിച്ച ദത്തങ്ങളുടെ വിശകലനത്തിലൂടെ ലഭ്യമാകുന്ന ഗവേഷണങ്ങള്‍ അര്‍ഥശൂന്യങ്ങളായിത്തീര്‍ന്നേക്കും.

അഭിപ്രായ വോട്ടെടുപ്പ് (Opinion poll)

രാഷ്ട്രീയ-സാമ്പത്തികമേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഒരു അഭിമുഖരീതിയാണിത്. യു.എസ്സില്‍ ഇതിന് 1824-ല്‍ തുടക്കം കുറിച്ചു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് വളരെ കോളിളക്കങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിനു പല രീതികളുണ്ട്. തിരക്കേറിയ കവലകളില്‍ ഒരു വ്യാജ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറും വച്ചിരിക്കും. അവിടെ വരുന്നവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം. ഇതില്‍നിന്ന് അടുത്ത പ്രസിഡന്റ് ആരായിരിക്കുമെന്ന് പ്രവചിക്കുകയാണ് പതിവ്. ചില ദിനപത്രങ്ങളില്‍ സമ്മതിദാനപത്രികയുടെ മാതൃക അച്ചടിച്ചിരിക്കും. വരിക്കാര്‍ അതു വെട്ടിയെടുത്തു പൂരിപ്പിച്ചയയ്ക്കണം-ഇത് എണ്ണി അടുത്ത പ്രസിഡന്റിനെ പ്രവചിക്കും. 1920-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം 85 അഭിപ്രായവോട്ടെടുപ്പു നടത്തുകയുണ്ടായി. വാണിജ്യ മേഖലയിലും അഭിപ്രായ വോട്ടെടുപ്പ് പതിവുണ്ട്.

അഭിപ്രായ വോട്ടെടുപ്പിന് ഇന്ത്യയിലും പ്രസക്തിയുണ്ട്. 1984, 89 എന്നീ വര്‍ഷങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളില്‍ വാര്‍ത്താ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെ പ്രണോയ് റോയിയും സംഘവും നടത്തിയ തിരഞ്ഞെടുപ്പുപ്രവചനം ഏതാണ്ട് ശരിയായിരുന്നു. ഇന്ന് ഇന്ത്യയില്‍ ചലച്ചിത്ര അവാര്‍ഡുകള്‍, സാഹിത്യ അവാര്‍ഡുകള്‍ (ഉദാ. 'വയലാര്‍' അവാഡ്) ഇവ നിര്‍ണയിക്കുന്നതില്‍ അഭിപ്രായ വോട്ടെടുപ്പിന് സ്ഥാനമുണ്ട്.

യു.എസ്സില്‍ അഭിപ്രായവോട്ടെടുപ്പ് സമ്പ്രദായത്തിന് ശാസ്ത്രീയത ഉണ്ടായത് 1936-ലാണ്. 1935-ല്‍ ഗാലപ് (Gallop) ആരംഭിച്ച അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഒപിനിയന്‍ 1936-ല്‍ ഒരു വോട്ടെടുപ്പു നടത്തി (അഭിപ്രായ വോട്ടെടുപ്പില്‍ ഗാലപ്പിന്റെ വിജയത്തെ തുടര്‍ന്ന് അഭിപ്രായ വോട്ടെടുപ്പിന് 'ഗാലപ് പോള്‍' എന്ന പേരുണ്ടായി. ഇന്ന് ഗാലപ് പോള്‍ സാര്‍വജനീനത്വം അവകാശപ്പെടുന്ന ഒരു ശൈലിയായി മാറിയിട്ടുണ്ട്).

3,000 സമ്മതിദായകരുടെ അഭിപ്രായത്തെ ആധാരമാക്കി റൂസ്വെല്‍റ്റ് വീണ്ടും യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഗാലപ്പോള്‍ നടത്തിയ പ്രവചനം സത്യമായി. എന്നാല്‍ 10 ലക്ഷം ആളുകളെ സഹകരിപ്പിച്ച് ലിറ്റററി മാഗസിന്‍ നടത്തിയ പ്രവചനം പാളിപ്പോകുകയും ചെയ്തു. അഭിപ്രായ വോട്ടെടുപ്പിലൂടെയുണ്ടാകുന്ന പ്രവചനം എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. 1948-ലെ തിരഞ്ഞെടുപ്പില്‍ യു.എസ്സിലും 1970-ലെ തിരഞ്ഞെടുപ്പില്‍ ഗ്രേറ്റ് ബ്രിട്ടനിലും നടത്തിയ പ്രവചനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. ഇതൊക്കെയാണെങ്കിലും അഭിപ്രായവോട്ടെടുപ്പിന്റെ പ്രസക്തി ഇന്ന് വര്‍ധിച്ചിട്ടുണ്ട്. യു.എസ്സിലെ ഗാലപ്, ഹാരിസ്, ബെന്‍സന്‍ ആന്‍ഡ് ബെന്‍സന്‍, ഫ്രാന്‍സിലെ IFOF (ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഒപിനിയന്‍), SOFRES എന്നീ സംഘടനകള്‍ ഈ മേഖലയിലെ അതികായന്മാരാണ്.

സാമ്പിളനം (Sampling)

മാനവികശാസ്ത്രങ്ങളുടെ ഗവേഷണത്തിനാധാരമായ പ്രധാന ശാസ്ത്രശാഖ സാംഖ്യികമാണ്. ഇതിനുവേണ്ടിവരുന്ന പണച്ചെലവ് വളരെ ഭീമമാണ്; അധ്വാനഭാരവും സമയനഷ്ടവും പുറമെയും. സെന്‍സസ് പോലും പത്തുവര്‍ഷത്തിലൊരിക്കല്‍മാത്രം കണക്കാക്കുന്നത് ഇതുകൊണ്ടാണ്. പ്രാതിനിധ്യസ്വഭാവമുള്ള ഒരു പ്രദേശത്തെയോ സമൂഹത്തെയോ പഠനവിധേയമാക്കി അതില്‍ നിന്ന് ദേശീയ, ആഗോളവിവരങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു (Projection). ഇതിനുള്ള സാംഖ്യിക സങ്കേതമാണ് സാമ്പിളനം. നിത്യജീവിതത്തില്‍ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. അരിവെന്തുവോ എന്ന് അറിയാന്‍ വീട്ടമ്മ ഒന്നോ രണ്ടോ ചോറു മാത്രം ഞെക്കി നോക്കുകയാണ് ചെയ്യുന്നത്. ഇതു സാമ്പിളിനമാണ്. ആഗോളതലത്തിലുള്ള മാനവികപഠനങ്ങള്‍ക്കും ഇതുമതി. എം.എല്‍. ബൌളി, ചാള്‍സ് ബൂത്ത്, ബി.എസ്. റൌണ്‍ട്രീ തുടങ്ങിയവര്‍ സാമ്പിളനരംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചവരാണ്. മാനവികശാസ്ത്രങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന നിരവധി സാമ്പിളിനരീതികളുണ്ട്

ചോദ്യാവലി (Questionnaire)

സാമ്പിളിനത്തോടൊപ്പം പ്രസക്തമാണ് ചോദ്യാവലി. ഇത് ശ്രദ്ധാപൂര്‍വം സംവിധാനം ചെയ്തതായിരിക്കണം. ആരു ചോദിച്ചാലും ഒരേ ഉത്തരം കിട്ടണം. ഗവേഷണവിഷയത്തിന്റെ പരികല്പനയുടെ വിശകലനത്തിനു സഹായകരമാകുകയും വേണം, അഭിപ്രായവോട്ടെടുപ്പില്‍ ചോദ്യാവലിക്കു വലിയ സ്ഥാനമുണ്ട്.

അഭിപ്രായ വോട്ടെടുപ്പില്‍ സാമ്പിളിനത്തെക്കാള്‍ സ്ഥാനമുണ്ട് ചോദ്യങ്ങള്‍ക്ക്. നിങ്ങള്‍ മുടങ്ങാതെ ദിനപത്രം വായിക്കാറുണ്ടോ? ഉണ്ട്, ഇല്ല, എന്നേ ഉത്തരമുള്ളു. ഇത്തരം ചോദ്യങ്ങള്‍ ലളിതമാണ്, എന്നാല്‍ ഇവയുടെ ഉത്തരങ്ങളില്‍ നിന്നുള്ള ഫലപ്രവചനം എളുപ്പമാണ്. ഇതില്‍ എടുത്തു പറയാവുന്ന ഒരു പരിമിതി ഉത്തരം വികസിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. 'തുറന്ന-അറ്റ' ചോദ്യങ്ങളില്‍ ഇന്റര്‍വ്യൂയിക്ക് വളരെ സ്വാതന്ത്ര്യമുണ്ട്.

'അടച്ച-അറ്റ' ചോദ്യരീതിയെ അപേക്ഷിച്ച് 'തുറന്ന-അറ്റ' ചോദ്യാവലിയില്‍ ഇന്റര്‍വ്യൂവര്‍ ഉത്തരദായകനെ സ്വാധീനിക്കാനിടയുണ്ട്. മാത്രമല്ല, വിശകലനത്തിന് ഉത്തരങ്ങളുടെ വര്‍ഗീകരണം ആവശ്യമായി വരികയും ചെയ്യും. സമയനഷ്ടം ഏറെ പ്രധാനമാണ്. വിശകലനത്തിലുണ്ടാകുന്ന സ്ഖലിതങ്ങള്‍ ഫലത്തെ ബാധിച്ചെന്നും വരും.

തുറന്ന-അറ്റ, അടച്ച-അറ്റ ചോദ്യങ്ങള്‍ക്കിടയില്‍ ഏതാണ്ട് മധ്യവര്‍ത്തിയായതാണ് പല ഉത്തരങ്ങള്‍ നല്കി അതില്‍നിന്ന് ഒന്നു തിരഞ്ഞെടുക്കാന്‍ ഉത്തരദായകനെ അനുവദിക്കുന്ന രീതി (Multiple choice questions). ഇതിന് പല പേരുകളുണ്ട് (ഉദാ. Evaluation questions, Pre-formulated questions, Question cafetaria). ഇതിനു പല മെച്ചങ്ങളുണ്ട്. ആണ്, അല്ല; അറിയാം, അറിയില്ല; ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെടുന്നില്ല; തോന്നുന്നു, തോന്നുന്നില്ല; വേണം, വേണ്ട എന്നീ ഒഴുക്കന്‍ ഉത്തരങ്ങള്‍ അല്ലാതെ ഉത്തരത്തിന് ഒരു അര്‍ഥഛായ നല്കാന്‍ ഉത്തരദായകന് ഇടം നല്കുന്നു. ഉത്തരം വര്‍ഗീകരിക്കാന്‍ സൗകര്യമുണ്ട്. വിശകലനം സുകരമാണ്; പണച്ചെലവും അധികമാകില്ല. ഇതിനുമുണ്ട് ചില പരിമിതികള്‍. അനിച്ഛാപൂര്‍വമായി ഉത്തരം നല്കാന്‍ പലര്‍ക്കും കഴിയില്ലെന്നതുകൊണ്ട് കൊടുത്തിട്ടുള്ള ഉത്തരങ്ങള്‍ ഉത്തരദായകനെ സ്വാധീനിക്കാനിടയുണ്ട്. ആദ്യത്തെ ഏതാനും ഉത്തരങ്ങളില്‍ നിന്നോ അവസാനത്തെ ഏതാനും ഉത്തരങ്ങളില്‍ നിന്നോ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാന്‍ ഉത്തരദായകന്‍ ശ്രമിച്ചേക്കും. ഇതു തടയാനുള്ള ചില ഗവേഷണ നിഷ്ഠാസങ്കേതങ്ങളുണ്ട് (ഉദാ. Split ballot technique).

ചോദ്യാവലിക്ക് ചില നിര്‍ദിഷ്ട രൂപങ്ങളുണ്ട് (Formulation). യു.എസ്സില്‍ ഇതിന് 'ഫ്രേസിങ്' (phrasing) എന്നുപറയുന്നു. ഉത്തരം കൃത്യമായിരിക്കാനും ചോദ്യഘടന ഉത്തരദായകനെ സ്വാധീനിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത് ചോദ്യാവലിയുടെ നിര്‍മാണ ഘട്ടത്തിലാണ്. ചോദ്യങ്ങള്‍ ഒരിക്കലും അവ്യക്തമാകരുത്. ചെറുപ്പത്തില്‍ നിങ്ങള്‍-എന്നു തുടങ്ങുന്ന ചോദ്യം മിക്കവരെയും കുഴയ്ക്കും-ഏതാണ് ചെറുപ്പം-ബാല്യമോ കൗമാരമോ? ധാരാളം, അല്പം എന്നീ ഉത്തരശകലങ്ങളും അര്‍ഥശങ്കയ്ക്കിട വരുത്തും. ചോദ്യാവലിയില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കും പ്രാധാന്യമുണ്ട്. ചോദ്യങ്ങള്‍ ഒഴിവാക്കുകയാണ് നന്ന്. അത് ഉത്തരദായകനില്‍ വിരസത ഉളവാക്കും. ഉത്തരദായകനെ സ്വാധീനിക്കുമെന്നതിനാല്‍ വ്യക്തികളെ സംബന്ധിച്ച പരാമര്‍ശവും ഒഴിവാക്കുകയാണു നല്ലത്.

ചോദ്യങ്ങളുടെ എണ്ണം കൂടരുത്. അത് ഉത്തരദായകനെ മുഷിപ്പിക്കും. 30 ചോദ്യങ്ങള്‍ ഏതാണ്ട് സ്വീകാര്യമാണ്. ചോദ്യങ്ങള്‍ താരതമ്യേന എളുപ്പമാണെങ്കില്‍ എണ്ണം കൂടുതലായാലും കുഴപ്പമില്ല. ഒരേ വിഷയത്തെ സംബന്ധിച്ചാണെങ്കില്‍ എണ്ണം കൂട്ടാം. പല വിഷയങ്ങളെ സംബന്ധിച്ചാണെങ്കില്‍ ചോദ്യങ്ങളുടെ എണ്ണം നിര്‍ബന്ധമായും കുറച്ചിരിക്കണം. വിദ്യാസമ്പന്നരെ ഉദ്ദേശിച്ചുകൊണ്ടുള്ള ചോദ്യാവലിയില്‍ ചോദ്യങ്ങളുടെ എണ്ണം കൂടുന്നതില്‍ കുഴപ്പമില്ല. മറിച്ചാണെങ്കില്‍ കുറയ്ക്കണം. പരിശീലനം നേടിയ ഇന്റവ്യൂവര്‍മാര്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ഒരു പ്രശ്നമാകാറില്ല.

ഓരോ വിഷയത്തെക്കുറിച്ചും നാലോ, അഞ്ചോ ചോദ്യങ്ങളാണ് നന്ന്. ഇതിന് ഉത്തരം നല്കുമ്പോള്‍ ഉത്തരദായകന് ആത്മാര്‍ഥതയുണ്ടാകും.

നിരവധി ചോദ്യങ്ങള്‍ക്കും ചില മെച്ചങ്ങളുണ്ട്. ഒരു വിഷയത്തെക്കുറിച്ചുള്ള സമഗ്രമായ വിചിന്തനത്തിന് അത് സഹായകമാണ്.

ചോദ്യങ്ങളുടെ ക്രമത്തിനുമുണ്ട് പ്രാധാന്യം. ഉത്തരദാതാവിന് ആത്മവിശ്വാസം ഉണ്ടാക്കുന്ന തരത്തില്‍ അയാള്‍ക്ക് താത്പര്യം ഉണ്ടാകുന്ന തരത്തിലുള്ളതായിരിക്കണം ചോദ്യങ്ങള്‍. 'മഞ്ഞുരുക്കുന്ന ചോദ്യങ്ങള്‍' എന്നാണ് മാനവിക ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വളരെ പ്രസക്തമായ ചോദ്യങ്ങളുടെ സ്ഥാനത്തിന് പ്രസക്തിയുണ്ട്. പൊതുവായ ചോദ്യങ്ങള്‍ ആദ്യം, പ്രധാനചോദ്യങ്ങള്‍ പിന്നീട്, ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ അവസാനം- ഇതാണ് സ്വീകാര്യവും ഫലപ്രദവുമായ ചോദ്യക്രമം. ഉത്തരദായകനെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. നല്കിയ ഉത്തരം ശരിയാണോ എന്നു മനസ്സിലാക്കുകയും വേണം. ഭാവിയില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം കൂട്ടുന്നതിനോടു താങ്കള്‍ അനുകൂലിക്കുന്നുണ്ടോ, ഭാവിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്കുന്നതിനോടു താങ്കള്‍ അനുകൂലിക്കുന്നുണ്ടോ എന്നീ രണ്ടു ചോദ്യങ്ങള്‍ക്കും 'ഉണ്ട്' എന്ന് ഉത്തരം പറഞ്ഞുവെങ്കില്‍ ഉത്തരങ്ങള്‍ക്ക് യുക്തിഹീനത ഉണ്ടെന്നു മനസ്സിലാക്കാം. ഇത്തരം ചോദ്യങ്ങള്‍ക്ക് ഫലപ്രദമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിനു ചില സങ്കേതങ്ങളുണ്ട്. നേരത്തേ പറഞ്ഞ ഉത്തരം മറന്നുപോകുന്ന സാഹചര്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഫലവത്തായിരിക്കും.

ചോദ്യാവലി തയ്യാറാക്കി ഒരു 'ടെസ്റ്റ്' നടത്തിയ ശേഷമേ അതു വ്യാപകമായി ഉപയോഗിക്കാവൂ, ഉത്തരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അതേ ഇന്റര്‍വ്യൂവര്‍ അതേ ഉത്തരദായകനോട് നിശ്ചിത ഇടവേളയ്ക്കുശേഷം വീണ്ടും വീണ്ടും ചോദിക്കണം. എന്നാല്‍ ഇടവേളകള്‍ അധികമാകരുത്; ഹ്രസ്വവുമാകരുത്; രണ്ടുമാസത്തെ ഇടവേള എതാണ്ട് സ്വീകാര്യമാണ്.

ഉത്തരങ്ങളുടെ രേഖപ്പെടുത്തലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ്. മുഖാമുഖത്തില്‍ ഉത്തരങ്ങള്‍ എഴുതിയെടുക്കാം. ഇതിന് 'പരോക്ഷ ഉത്തര സര്‍വേ' എന്നു പറയും. വേഗതകൂടിയ രീതിയാണിത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും അപൂര്‍വമാണ്; ചോദ്യങ്ങള്‍ എത്രയുണ്ടെന്നു ഉത്തരദായകനെ അറിയിക്കാതിരുന്നാല്‍ ഉത്തരങ്ങളുടെ നിലവാരം മെച്ചപ്പെട്ടതായിരിക്കുകയും ചെയ്യും.

ചോദ്യാവലിക്ക് ഒരു സാമാന്യ സ്വഭാവം ഉണ്ടായിരിക്കണം; സാമ്പത്തികശാസ്ത്ര സര്‍വേകളില്‍ പ്രത്യേകിച്ച്, താന്‍ നല്കുന്ന ഉത്തരങ്ങള്‍ പിന്നീട് തനിക്കെതിരായി ഉപയോഗിക്കപ്പെടുമോ എന്ന ഭയം ഉത്തരദായകനുണ്ടാകരുത്. ഇന്റര്‍വ്യൂവറുടെ സത്യസന്ധതയ്ക്കും ഇത്തരം സര്‍വേകളില്‍ പ്രധാന്യമുണ്ട്. തന്നെ ഏല്പിച്ചത്ര ഉത്തരദായകരെ നേരില്‍ കാണാതെ താമസസ്ഥലത്തിരുന്ന് ഉത്തരങ്ങള്‍ തയ്യാറാക്കുന്നത് തടയാന്‍ ആദ്യം ഇന്റര്‍വ്യൂ നടത്തിയെന്ന് പറയപ്പെടുന്ന സാമ്പിളുകളില്‍ ചിലത് തെരഞ്ഞെടുത്തു വീണ്ടും ഇന്റര്‍വ്യൂ നടത്തി സത്യസ്ഥിതി മനസ്സിലാക്കാം. ഇതിന് പണച്ചെലവു കൂടുതലുണ്ടെങ്കിലും ഫലപ്രദമായതിനാല്‍ മിക്ക സംഘടനകളും ഇതു സ്വീകരിച്ചിട്ടുണ്ട്. വികസിത രാഷ്ട്രങ്ങളില്‍ ഫോണ്‍മാര്‍ഗവും ഇന്റര്‍വ്യൂ നടത്താറുണ്ട്.

ചോദ്യങ്ങള്‍ തപാലിലയച്ച ശേഷം ഉത്തരങ്ങള്‍ തപാലില്‍ത്തന്നെ അയപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ലളിതവും ചെലവു കുറഞ്ഞതുമാണ് ഈ മാര്‍ഗം. ഉത്തരദായകന് ആലോചിച്ച് ഉത്തരമെഴുതാന്‍ സൗകര്യമുണ്ട്. ഇതിനു കാലതാമസം ഉണ്ട്. നല്ലൊരുകൂട്ടം ആളുകള്‍ മറുപടി അയയ്ക്കാന്‍ വിമുഖരായിരിക്കും. ബോധപൂര്‍വം തെറ്റായ ഉത്തരങ്ങള്‍ നല്കാനും ഒരു ഭാഗം ആളുകള്‍ തയ്യാറായേക്കും.

ചോദ്യാവലി തപാലില്‍ എത്തിച്ചശേഷം ഉത്തരങ്ങള്‍ നിശ്ചിത സ്ഥലത്തു നിക്ഷേപിക്കാനാവശ്യപ്പെടുന്ന ഒരു രീതിയുമുണ്ട്. ഇതിലും ഉത്തരങ്ങള്‍ ഉദ്ദേശിച്ചത്രതോതില്‍ കിട്ടിയെന്നുവരില്ല. ഉത്തരം ശേഖരിക്കുന്നതിന് ആളുകളെ ഏര്‍പ്പെടുത്തുന്ന രീതിയില്‍ കാലതാമസം ഒഴിവാകുന്നു എന്നു മാത്രമല്ല, ഉത്തരങ്ങള്‍ കിട്ടാതെ വരാനുള്ള സാധ്യത കുറവുമാണ്.

ഇന്റര്‍വ്യൂ ചെയ്യേണ്ടയാളുകളെ ഒരുമിച്ചുകൂട്ടി ചോദ്യാവലി നല്കി ഉത്തരങ്ങള്‍ എഴുതിച്ചു ശേഖരിക്കുന്ന രീതിയുമുണ്ട്. ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഇതു വളരെ ഫലപ്രദമാണ്.

അഭിമുഖം, സര്‍വേ എന്നിവയിലൂടെ ശേഖരിക്കപ്പെടുന്ന ദത്തങ്ങളോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അനുഭവങ്ങള്‍. ഗ്രാമസേവകന്‍, ബി.ഡി.ഒ. എന്നിവര്‍ക്ക് ഗ്രാമവാസികളുടെ സ്വഭാവസവിശേഷതകളുടെ ആഴവും വ്യാപ്തിയും ഗ്രഹിക്കാന്‍ കഴിയും. പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ കക്ഷികളുടെ സ്വഭാവത്തിലെ സാജാത്യവൈജാത്യങ്ങള്‍ നന്നായി അറിയാം. ദൈനംദിന ഭരണത്തിലൂടെ ഭരണകര്‍ത്താക്കള്‍ക്ക് ഭരണീയരുടെ ജീവിതത്തിലെ സങ്കീര്‍ണതകള്‍ വ്യക്തമാകുന്നു. ഇത്തരം അനുഭവങ്ങള്‍ ഗവേഷണങ്ങളുടെ വിജയത്തിന് സഹായകമാകുന്നു. പൊതുജനാഭിപ്രായത്തിനും ഈ മേഖലകളില്‍ വളരെ പ്രാധാന്യമുണ്ട്. ക്ഷേമനിയമങ്ങളുടെ നിര്‍മാണത്തിന് പലപ്പോഴും പൊതുജനാഭിപ്രായം സഹായകമായിട്ടുണ്ട്.

ദത്തങ്ങളുടെ വിശകലനം

ഉത്തരങ്ങളുടെ വിശകലനം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉത്തരങ്ങള്‍ വര്‍ഗീകരിച്ച് കോഡ് രൂപത്തിലാക്കാം. ഉണ്ട്, ഇല്ല; ആണ്, അല്ല; ഇഷ്ടമാണ്, അല്ല എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ കോഡ് ചെയ്യുക എളുപ്പമാണ്. എന്നാല്‍ ചില ഉത്തരങ്ങള്‍ക്ക് വ്യാഖ്യാനം ആവശ്യമായി വരും. കംപ്യൂട്ടറിന്റെ രംഗപ്രവേശത്തോടെ ഇതു വളരെ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ 'പ്രോഗ്രാമിങ്' ഇന്നുണ്ട്.

ഉത്തരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലപ്രവചനം ഭൂരിപക്ഷാഭിപ്രായമാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിന് അമേരിക്കക്കാര്‍ 'ബാന്‍ഡ് വാഗന്‍ എഫക്റ്റ്' എന്നു പറയുന്നു. ന്യൂനപക്ഷ പ്രഭാവത്തിനും പ്രാധാന്യമുണ്ട്. ഇതിന് 'ബൂമെറാങ് എഫക്റ്റ്' എന്നു പേരുണ്ട് (അമേരിക്കക്കാര്‍ അണ്ടര്‍ ഡോഗ് എഫക്റ്റ് എന്നു പറയുന്നു). അഭിപ്രായ വോട്ടെടുപ്പു വഴിയുള്ള ഫലപ്രവചനം ചിലപ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

സര്‍വേ, ടെസ്റ്റ്

വ്യക്തികളോടും വസ്തുതകളോടും പ്രശ്നങ്ങളോടുമുള്ള സമീപനം മനസ്സിലാക്കുന്നതിനു സഹായകമാണ് സര്‍വേകള്‍. ഉത്തരദായകന്റെ വ്യക്തിത്വം പരോക്ഷമായി ഇതിലൂടെ പ്രകടമാകുന്നു. ഇതിനു സഹായിക്കുന്ന ഉപാധിയാണ് ടെസ്റ്റുകള്‍. മനശ്ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനോരോഗ ചികിത്സ എന്നിവയില്‍ ഇത് സാര്‍വത്രികമായി ഉപയോഗിച്ചു വരുന്നു. ജര്‍മനിയിലെ വുണ്ട് ആവിഷ്കരിച്ച ടെസ്റ്റ് സങ്കേതം ഉദ്യോഗസ്ഥന്മാരെ തിരഞ്ഞെടുക്കുന്നതിന് കാറ്റെല്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തി(1890).

യു.എസ്സില്‍ പി. സൊറോകിനും കുര്‍ട്ടും ഇതിന്റെ ഉപയോഗം വ്യാപകമാക്കി. ടെസ്റ്റുകള്‍ പലതരമുണ്ട്; ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഒഫ് നോളജ് ആന്‍ഡ് ട്രെയിനിങ്, പേഴ്സനാലിറ്റി ടെസ്റ്റ് എന്നിങ്ങനെ. പേഴ്സനാലിറ്റി ടെസ്റ്റിന്റെ വകഭേദങ്ങളാണ് ഒബ്ജെക്റ്റിവ് ടെസ്റ്റ്, പ്രൊജക്റ്റിവ് ടെസ്റ്റ് എന്നിവ. പ്രൊജക്റ്റിവ് ടെസ്റ്റിനെ കോണ്‍സ്റ്റിറ്റ്യുവന്റ് ടെസ്റ്റ്, കണ്‍സ്റ്റ്രാക്റ്റിവ് ടെസ്റ്റ്, ഇന്റര്‍പ്രിറ്റേഷന്‍ ടെസ്റ്റ്, പ്രിഫറന്‍സ് ടെസ്റ്റ്, അസോസിയേറ്റിവ് ടെസ്റ്റ് എന്നിങ്ങനെയും തരംതിരിച്ചിട്ടുണ്ട്. സാമൂഹികശാസ്ത്ര പഠനങ്ങള്‍ക്ക് ഇത്തരം ടെസ്റ്റുകള്‍ അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്.

പ്രൊജക്റ്റിവ് ടെസ്റ്റിന് രൂപം നല്കിയത് യു.എസ്സിലാണ്. പ്രൊഹാന്‍സ്കി ടെസ്റ്റ്, TAT ടെസ്റ്റ് (Tomkins-Horn Picture Arrangement Test),LFOP, റോസന്‍ വൈഗ്സ് ഫ്രസ്റ്റേഷന്‍ ടെസ്റ്റ്, വെഡ് അസോസിയേഷന്‍ ടെസ്റ്റ്, സെന്റന്‍സ് കംപ്ളീഷന്‍ ടെസ്റ്റ്, ഡോള്‍ പ്ളേ ടെസ്റ്റ് എന്നിവ ശ്രദ്ധേയങ്ങളാണ്.

റുമേനിയന്‍ മനോരോഗ വിദഗ്ധനായ ജേക്കബ് മോറിനോ (1895-1976) 'സോഷ്യോമെട്രി' എന്ന പുതിയ ഒരു ശാസ്ത്രശാഖ തന്നെ വികസിപ്പിച്ചെടുത്തു.

അങ്കനശ്രേണികള്‍ (scales)

അഭിപ്രായങ്ങളുടെയും സമീപനങ്ങളുടെയും മൂല്യനിര്‍ണയമാണ് സര്‍വേയിലെ ഒരു പ്രധാന ഘട്ടം. ഇതിന്റെ സങ്കേതങ്ങളില്‍ പ്രധാനം അങ്കനശ്രേണികളാണ് (scales). അങ്കനശ്രേണികളില്‍ പ്രധാനം സാത്മാങ്കനം (Autonotation), അങ്കനം(Notation), ഭാവാങ്കനം (Attitude scale) എന്നിവയാണ്. ഉത്തരദായകന്‍ സാത്മവിവേചനം നടത്തുന്നതാണ് സാത്മാങ്കനം. ഇതിന് പല ശ്രേണികളുണ്ട് (ഉദാ. 'വളരെ പ്രതികൂലമായ', 'പ്രതികൂലമായ' 'നിഷ്പക്ഷമായ', 'അനുകൂലമായ', 'വളരെ അനുകൂലമായ'). ചിലതില്‍ വിലയിരുത്തലിന് ഒരു അളവുകോല്‍ നല്കിയിരിക്കും. യു.എസ്സില്‍ ഇതിനു 'തെര്‍മോമീറ്റര്‍' എന്നു പറയുന്നു. ഗാലപ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന സ്കെയില്‍ പത്തു ചെറുചതുരങ്ങള്‍ അടങ്ങിയതാണ്. 5 വെളുത്ത ചതുരങ്ങളില്‍ +5, +4, +3, +2, +1 എന്നിങ്ങനെയും 5 കറുത്ത ചതുരങ്ങളില്‍ -5, -4, -3, -2, -1 എന്നിങ്ങനെയും അടയാളപ്പെടുത്തുന്നു. ഏറ്റവും ഇഷ്ടപ്പെടുന്നു എന്നതിന് +5-o ഏറ്റവും വെറുക്കുന്നു എന്നതിന് -5-o അഭിപ്രായത്തിന് കൃത്യത ഉണ്ടാക്കാന്‍ ഈ അങ്കനങ്ങള്‍ സഹായിക്കുന്നു. ഇവ ലളിതമാണ്. ആത്മനിഷ്ഠതയാണ് ഇതിന്റെ ന്യൂനത. ഉത്തരദായകന്‍ ചിലപ്പോള്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്നും വന്നേക്കും.

മൂല്യനിര്‍ണയത്തിനുള്ള മറ്റൊരു സങ്കേതമാണ് മൂന്നാമതൊരാള്‍ നടത്തുന്ന അങ്കനം (Notation by a Judge). ഇതില്‍ ഉത്തരദായകന്റെ അഭിപ്രായങ്ങളും അഭിരുചികളും മൂന്നാമതൊരാള്‍ രേഖപ്പെടുത്തും. ഉത്തരദായകന്റെ പെരുമാറ്റം, പ്രസംഗം, പ്രഖ്യാപനം എന്നിവ വിശകലനം ചെയ്ത് മാനം നിര്‍ണയിക്കുന്നു. ഇതിന്റെ ന്യൂനത വിലയിരുത്തല്‍ നടത്തുന്നയാളിന്റെ ആത്മനിഷ്ഠതയാണ്.

അഭിപ്രായം, സമീപനം എന്നിവയുടെ മറ്റൊരു അങ്കന രീതിയാണ് വസ്തുനിഷ്ഠാത്മകമൂല്യനിര്‍ണയം. ഉത്തരദായകന്റെയോ മൂന്നാമതൊരാളിന്റെയോ ജോലി ഒരു ഉപകരണത്തെ ഏല്പിക്കുകയാണിവിടെ.

അഭിരുചി സ്കെയില്‍ തയ്യാറാക്കുന്നതിനുള്ള സങ്കേതങ്ങളില്‍ ഏറ്റവും പഴയത് ബൊഗാര്‍ഡസ് ആവിഷ്കരിച്ചതാണ് (1925). പിന്നീട് ഡോഡ്, ക്രിസ്പി, ലിക്കെര്‍ട്ട്, എല്‍.എല്‍. തഴ്സ്റ്റണ്‍, ഗുട്ട്മാന്‍ എന്നിവര്‍ പല സ്കെയിലുകളും ആവിഷ്കരിച്ചു. യു.എസ്സില്‍ ലോയ്ഡ് വാര്‍ണറും ഫ്രാന്‍സില്‍ ബെറ്റല്‍ഹൈം (Bettelheim), എസ്. ഫ്രേര്‍ (S. Frere), പി. ക്ളെമാങ് (P. Clement) എന്നിവരും ഈ മേഖലയില്‍ നടത്തിയ പഠനങ്ങള്‍ സവിശേഷങ്ങളാണ്. സമൂഹത്തിന്റെ ഭാഗമായിത്തന്നെ നിരീക്ഷകന്‍ നടത്തുന്ന പഠനങ്ങള്‍ക്ക് നരവംശശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും പ്രസക്തിയുണ്ട്. മലിനോവ്സ്കി, ഫുട്ട്വൈറ്റ്, ചാറല്‍സ് വൈലി എന്നിവര്‍ ഈ മേഖലയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷകരായുള്ള ഒരു ഗവേഷണപദ്ധതിയുമുണ്ട്. ഇതിന് ആന്തരിക നിരീക്ഷണമെന്നു പറയുന്നു.

പ്രമാണങ്ങള്‍

വ്യക്തികള്‍, സമൂഹം എന്നിവ പഠനവിധേയമാക്കി നടത്തുന്ന നിരീക്ഷണങ്ങളോളം പ്രാധാന്യമുണ്ട് പ്രമാണവിവരങ്ങള്‍ക്കും. ഇവിടെ പ്രമാണങ്ങളുടെ സഹായത്തോടെ പരോക്ഷമായി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രമാണങ്ങള്‍ മൂര്‍ത്തങ്ങളോ അമൂര്‍ത്തങ്ങളോ ആകാം. ഇവയെ മൊത്തത്തില്‍ ദത്തങ്ങള്‍ എന്നു പറയുന്നു. ദത്തങ്ങളുടെ രണ്ടു മുഖ്യ സ്രോതസ്സുകള്‍ ജനങ്ങളും കടലാസുമാണ് (People and Paper). ദത്തങ്ങളില്‍ പ്രധാനം രേഖപ്പെടുത്തിയവയാണ്. അച്ചടിച്ചു വിതരണം ചെയ്യുന്ന കത്തുകള്‍, കരാറുകള്‍, കോടതിരേഖകള്‍, ഡയറിക്കുറിപ്പുകള്‍, ചരിത്രരേഖകള്‍, ഔദ്യോഗികരേഖകള്‍, ഗസറ്റ്, നിയമങ്ങള്‍, നിയമനിര്‍മാണസഭയിലെ ചര്‍ച്ചകള്‍, പൊതുസ്ഥാപനങ്ങളുടേതല്ലാത്ത മുദ്രിതരേഖകള്‍, ദിനപത്രങ്ങള്‍, ആര്‍ക്കൈവുകള്‍, ഡയറിക്കുറിപ്പുകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു.

പ്രഥമ, ദ്വിതീയ എന്നിങ്ങനെ രേഖകളെ രണ്ടായി തരം തിരിക്കാം. കരാറുകള്‍, കത്തിടപാടുകള്‍, കോടതിരേഖകള്‍, കാനേഷുമാരിക്കണക്ക്, ടേപ്പ്റിക്കാര്‍ഡര്‍, ഫിലിം, ഡയറിക്കുറിപ്പുകള്‍, ആത്മകഥ എന്നിവ പ്രഥമദത്തങ്ങളില്‍പ്പെടുന്നു. ചരിത്രപഠനങ്ങള്‍, കാനേഷുമാരിക്കണക്കുകള്‍ സംബന്ധിച്ച സാംഖ്യികപഠനങ്ങള്‍, മറ്റാളുകളുടെ കത്തിടപാടുകളെ ആധാരമാക്കിയുള്ള ഗവേഷണങ്ങള്‍, മറ്റാളുകളുടെ ഡയറിക്കുറിപ്പുകള്‍, ആത്മകഥകള്‍ എന്നിവ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ദ്വിതീയ ദത്തങ്ങളില്‍പ്പെടുന്നു.

മാനവിക ഗവേഷണരംഗത്തെ ഏറ്റവും ശക്തമായ മാധ്യമം സ്ഥിതിവിവരക്കണക്കുകളാണ്. കാനേഷുമാരി ( Census), മൊത്തവിലസൂചിക, സൂചക സംഖ്യ(Index Number) എന്നിവ ദേശീയ വരുമാനം, ജീവിതനിലവാരപഠനം, പഞ്ചവത്സരപദ്ധതികളുടെ ആസൂത്രണം എന്നിവയ്ക്ക് കൂടിയേ കഴിയൂ. സാമ്പിളനത്തിലൂടെ വിവരങ്ങള്‍ ശേഖരിച്ചു 'പ്രൊജക്റ്റ്' ചെയ്ത് ദേശീയതല ദത്തങ്ങള്‍ കണ്ടെത്തുന്നു. സാമൂഹിക പ്രതിഭാസങ്ങളുടെ വിശകലനത്തിനുതകുന്ന മറ്റുപാധികളാണ് മുദ്രിതേതരരേഖകള്‍, പ്രതിമാലിഖിതങ്ങള്‍, ഛായാഗ്രാഹകങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവ.

ഗവേഷണവും ചരിത്രവും

വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രം പോരാ; അവ വിശകലനം ചെയ്തെങ്കിലേ ഗവേഷണപഠനം അര്‍ഥപൂര്‍ണമാകൂ. ഇതിനാവശ്യമായ സങ്കേതങ്ങളാണ് നിയമ-സാഹിത്യ-ഭാഷാപര-മനശ്ശാസ്ത്ര വിശകലനങ്ങള്‍. ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തിയവരില്‍ എച്ച്. ലാസ്വെല്‍, ബെര്‍ണാര്‍ഡ് ബെറെല്‍സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

മാനവികശാസ്ത്ര ഗവേഷണത്തിന് ചരിത്രപഠനവുമായി അഭേദ്യമായ ബന്ധമുണ്ട്. ചരിത്രരേഖകളുടെ സഹായമില്ലാതെ ഒരു കാലത്തെയോ ദേശത്തെയോ സംബന്ധിച്ച സാമൂഹിക പഠനങ്ങള്‍ വിശകലനം ചെയ്യാനാവില്ല. താരതമ്യപഠനങ്ങള്‍ക്കു ചരിത്രപശ്ചാത്തലം വളരെ ആവശ്യമാണ്. പരിവര്‍ത്തനത്തിന്റ നാഴികക്കല്ലുകള്‍ കണ്ടെത്താന്‍ മാനവികശാസ്ത്ര ഗവേഷകനെ സഹായിക്കുന്നത് ചരിത്രരേഖകള്‍ മാത്രമാണ് (ഉദാ. മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയ ദേശീയനേതാക്കളുടെ ചരിത്രമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം).

വസ്തുനിഷ്ഠാപഗ്രഥനം മാത്രാത്മകാപഗ്രഥനത്തിലേക്ക് വഴിതെളിച്ചു. മാത്രാത്മകാപഗ്രഥനം വികസിപ്പിച്ചെടുത്തവരില്‍ പ്രധാനികള്‍ ലാസ്വെലും ബെറെല്‍സണുമാണ്. സാംഖ്യിക വിസ്ലേഷണവും ഈ രംഗത്തു ധാരാളമായി പ്രയോഗിച്ചിരുന്നു. 1974-ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സ്വാ മിത്തറാങ്ങും എതിരാളിയായ ഷീസ്കാര്‍ ദെസ്താങ്ങും നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗങ്ങള്‍ വരെ സാംഖ്യികാപഗ്രഥനത്തിനു വിധേയമാക്കിയിട്ടുണ്ട്. രണ്ടുപേരും കൂടി 54,774 വാക്കുകള്‍ ഉച്ചരിച്ചുവെന്നും പ്രസംഗത്തില്‍ വേഗത മിത്തറാങ്ങിനെ(മിനിട്ടില്‍ 129.4 വാക്കുകള്‍)ക്കാള്‍ എതിരാളിക്ക് ആയിരുന്നുവെന്നും (148.7) മിത്തറാങ്ങിനായിരുന്നു പദസമ്പത്ത് കൂടുതലെന്നും (17140 വാക്കുകളില്‍ 2745 വ്യത്യസ്ത പദങ്ങള്‍; എതിരാളിക്ക് 19250-ല്‍ 2450) കണക്കാക്കപ്പെട്ടു.

പ്രാദേശികപഠനങ്ങള്‍, വ്യക്തിപഠനങ്ങള്‍

വിവരണത്തിനുള്ള സങ്കേതങ്ങളാണ് പ്രബന്ധരചന, പ്രദേശപഠനങ്ങള്‍, വ്യക്തിപഠനങ്ങള്‍ എന്നിവ. ഒരു നിര്‍ദിഷ്ട സാമൂഹിക വിഷയത്തിന് ആവശ്യമായ വിവരണം നല്കലാണ് പ്രബന്ധരചന. ഇതിന് ഇംഗ്ലീഷുകാര്‍ 'സോഷ്യല്‍ സര്‍വേ' എന്നു പറയുന്നു. ഇവിടെ വിഷയം ക്ളിപ്തവും സമൂര്‍ത്തവുമായിരിക്കും. ഉദാ. ഒരു കുടുംബം, ഒരു ഗ്രാമം അല്ലെങ്കില്‍ സാമൂഹിക പെരുമാറ്റം. ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ ല്പ്ളേ (LePlay) (1800-82) ആണ് ഇതിനു തുടക്കം കുറിച്ചത്. ആബെ ഒഫ് തൂര്‍വില്‍ (Abbe of Tourville), റോബര്‍ട്ട് ലിന്‍ഡ്, ഹെലന്‍ ലിന്‍ഡ്, ഓസ്കാര്‍ ലൂവിസ്, എഡ്ഗാര്‍ മോറിന്‍ എന്നിവര്‍ ഈ മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ചു. സമൂഹത്തിന്റെ ഘടന, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പഠനത്തിന് 19-ാം ശതകത്തിന്റെ ഉത്തരാര്‍ധം മുതല്‍ ഇംഗ്ലീണ്ടിലും മറ്റു വികസിത രാഷ്ട്രങ്ങളിലും ഈ രീതി സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു. ലണ്ടന്‍ നിവാസികളുടെ ജീവിത-തൊഴില്‍ നിലവാരങ്ങളെ ആധാരമാക്കി ചാള്‍സ് ബൂത്ത് നടത്തിയ പഠനം (17 വാല്യം, 1892-1903) വളരെ പ്രശസ്തമാണ്.

വിവിധ വീക്ഷണങ്ങളിലൂടെ നിരീക്ഷണവിധേയമായ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള സങ്കേതങ്ങളാണ് മേഖലാപഠനങ്ങളും (Area studies) വ്യക്തിപഠനങ്ങളും (Case studies). പ്രദേശപഠനങ്ങള്‍ ആരംഭിച്ചത് യു.എസ്സിലാണ്. അന്താരാഷ്ട്രബന്ധങ്ങള്‍ വിശകലനം ചെയ്യാന്‍ വേണ്ടി തുടങ്ങിയ ഈ രീതി പിന്നീട് സാര്‍വത്രികമായി. ഭൂമിശാസ്ത്രം, ജനസംഖ്യാശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം, സാമൂഹികശാസ്ത്രം എന്നിങ്ങനെ വിവിധ മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ ഏകോപിപ്പിച്ചാണ് ഇത് നടത്തുന്നത്. ഒരു പ്രദേശത്തിന്റെയോ പ്രതിഭാസത്തിന്റെയോ ഒറ്റപ്പെട്ട സംഭവത്തിന്റെയോ പഠനമാണ് കേസ് സ്റ്റഡി. യു.എസ്സില്‍ ഇതിന് 'ഡിസിഷന്‍ മേക്കിങ് സ്റ്റഡി' (decision making study) എന്നു പറയുന്നു. നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം, നിയമം, മനശ്ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനങ്ങള്‍ക്ക് ഈ സങ്കേതം വ്യാപകമായ തോതില്‍ ഉപയോഗിച്ചുവരുന്നു. ഫ്രെഡറിക് ല്പ്ളേ, ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍, വില്യം പീലി, സ്നാനീസ്കി, സ്റ്റൌഫെര്‍, കിന്‍സി, അഡോര്‍ണൊ, നെല്‍സ് ആന്‍ഡേഴ്സന്‍, ജോണ്‍ ഡൊളാര്‍ഡ് എന്നിവര്‍ ഈ രീതിക്കു പ്രചാരം നല്കി.

മാത്രാത്മക വിസ്ലേഷണം

മാനവരാശിയുടെ സ്വഭാവസവിശേഷതകള്‍, ഇഷ്ടാനിഷ്ടങ്ങള്‍, അഭിരുചികള്‍, സമീപനങ്ങള്‍, സാജാത്യവൈജാത്യങ്ങള്‍ എന്നിവയൊക്കെ 'പ്രാക്കൂടിനുള്ളില്‍ ഒതുക്കുന്നതിന്' (Pigeon-holing) സാംഖ്യികപ്രവിധികള്‍ കൂടിയേ കഴിയൂ. സാധാരണ കാര്യങ്ങള്‍ മുതല്‍ യു.എസ്സില്‍ ആരായിരിക്കും അടുത്ത പ്രസിഡന്റ് തുടങ്ങി ആഗോളപ്രസക്തമായ സംഗതികള്‍ വരെ അറിയുന്നതിനും പ്രവചിക്കുന്നതിനും സാംഖ്യികത്തിന്റെ സഹായം ആവശ്യമാണ്. മാനവികശാസ്ത്രങ്ങളിലെ കണ്ണികള്‍ വ്യക്തികളാണ്. വ്യക്തിഗത സങ്കീര്‍ണതകളും ചാരുതകളും മനസ്സിലാക്കാന്‍ സാംഖ്യികസങ്കേതങ്ങള്‍ക്ക് കഴിയില്ല എന്നൊരു പോരായ്മ ഉണ്ടെങ്കിലും അവ സംബന്ധിച്ച വിവരങ്ങളുടെ മാത്രാത്മക വിസ്ലേഷണത്തിന് അവ അത്യന്താപേക്ഷിതമാണ്.

ടൈപോളജി (Typology)

പ്രതിഭാസം വര്‍ഗീകരിച്ചശേഷം അതു വിശദീകരിക്കുകയാണ് ഗവേഷണവികസനത്തിന്റെ അടുത്ത ഘട്ടമായ ടൈപോളജി. ഇതിനു രണ്ടു നടപടികളുണ്ട്. സാമാന്യവത്കരണവും ലഘൂകരണവും (generalisation and reduction). ജീവശാസ്ത്രത്തിലെ വര്‍ഗമാതൃകാപഠനത്തോടു സാദൃശ്യപ്പെടുത്തി ജര്‍മന്‍ സാമൂഹികശാസ്ത്രജ്ഞനായ മാക്സ് വെബര്‍ (1864-1920) 'ഐഡിയല്‍ ടൈപ്പും' ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ഷോര്‍ഷ് ഗുര്‍വിച്ച് (1894-1965) 'റിയല്‍ ടൈപ്പും' ആവിഷ്കരിച്ചു. പ്രതിഭാസത്തിന്റെ നിരീക്ഷണത്തിനുശേഷം അതില്‍നിന്നും ഏറ്റവും അര്‍ഥവത്തായ സവിശേഷതകള്‍ തെരഞ്ഞെടുക്കുന്നു. തുടര്‍ന്ന് അവയുടെ വിശദീകരണം. ഇവിടെ ടൈപോളജിസ്റ്റിന്റെ പ്രധാന ശ്രദ്ധ ഉണ്മയിലേക്കല്ല, മറിച്ച് യുക്തിയുക്തമായ സാംഗത്യത്തിലാണ്. ഐഡിയല്‍ ടൈപ്പിന്റെ പ്രധാന ന്യൂനത വസ്തുനിഷ്ഠതയുടെയും ആത്മനിഷ്ഠതയുടെയും അപകടങ്ങള്‍ അതില്‍ കടന്നുകൂടുമെന്നതാണ്. ഐഡിയല്‍ ടൈപ്പിനെക്കാള്‍ റിയല്‍ ടൈപ്പ് ലളിതമാണെങ്കിലും അവ ജീവശാസ്ത്രങ്ങളിലെപ്പോലെ കാലിക പരിഷ്കാരങ്ങള്‍ ആവശ്യമാക്കിത്തീര്‍ക്കുന്നു. കൃത്രിമത്വവും ആത്മനിഷ്ഠാംശങ്ങളുടെ പ്രസരവും ഉണ്ടെന്നതാണ് ഇതിന്റെ ന്യൂനത. എന്നാല്‍ ഇവയില്‍ നിന്നാണ് മക്കിന്നി 'കണ്‍സ്റ്റ്രക്റ്റഡ് ടൈപ്പും' പി. ലാസര്‍സ്ഫെല്‍ഡ് 'കോണ്‍ക്രീറ്റ് ടൈപ്പും' വികസിപ്പിച്ചെടുത്തത്. 'ടൈപോളജി പല തരത്തില്‍ വര്‍ഗീകരിച്ചിട്ടുണ്ട്-സ്ഥാപനപരം, ഘടനാപരം, മനശ്ശാസ്ത്രപരം, കൃത്യനിര്‍വഹണാധിഷ്ഠിതം. സാമൂഹിക പ്രതിഭാസങ്ങളുടെ സംഘടിതരൂപങ്ങള്‍ക്കു പ്രാധാന്യം നല്കുന്നതാണ് ആദ്യത്തെത്-കുടുംബം, വിവാഹം, രാഷ്ട്രീയകക്ഷി, പാര്‍ലമെന്റ് എന്നിങ്ങനെ. സാമൂഹിക പ്രതിഭാസത്തിലെ ഘടകങ്ങളെ ആധാരമാക്കിയുള്ള വര്‍ഗീകരണവും അവ തമ്മിലുള്ള ബന്ധങ്ങളും ആണ് 'ഘടനാപര'ത്തില്‍ പ്രാധാന്യം-ഉദാ. ഗവണ്‍മെന്റിലെ നിയമനിര്‍മാണ-ഭരണനിര്‍വഹണ-നീതിനിര്‍വഹണ വിഭാഗങ്ങള്‍. മനശ്ശാസ്ത്രപര പ്രവണതകള്‍ ആധാരമാക്കിയാണ് മനശ്ശാസ്ത്രപര ടൈപോളജി. മോറിസ് ദ്യുവെര്‍ഷെ (Maurice Duverger) ഘടനാപര ടൈപോളജിയുടെ ഉപജ്ഞാതാക്കളില്‍പ്പെടുന്നു. മനശ്ശാസ്ത്രപര ടൈപോളജിയില്‍ ഐസെങ്ക് വളരെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജര്‍മന്‍ സാമൂഹികശാസ്ത്രജ്ഞനായ ടൊണീസ് ഇതിനോടു സാദൃശമുള്ള മറ്റൊരു ടൈപോളജിയും വികസിപ്പിച്ചെടുത്തു ['gemeinschaft'-(communitary)-gesselschaft'-societary]. പോളിഷ് സാമൂഹികനരവംശ ശാസ്ത്രജ്ഞനായ മലിനോവ്സ്കിയാണ് കൃത്യനിര്‍വഹണാധിഷ്ഠിത ടൈപോളജിയുടെ ഉപജ്ഞാതാവ്. സമൂഹത്തില്‍ അവയുടെ ധര്‍മങ്ങളെ ആധാരമാക്കി സാമൂഹിക പ്രതിഭാസങ്ങളെ വര്‍ഗീകരിക്കുകയാണിവിടെ-ഉദാ. ഭരണകക്ഷികള്‍, പ്രതിപക്ഷങ്ങള്‍, മതങ്ങള്‍, ഗവണ്‍മെന്റിന്റെ ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡിഷ്യറി എന്നീ വിഭാഗങ്ങള്‍.

പരികല്പന (Hypothesis)

മാനവികശാസ്ത്ര ഗവേഷണ മേഖലയിലെ ഒരു നിര്‍ണായക ഘട്ടമാണ് പരികല്പന തയ്യാറാക്കല്‍. ഗവേഷണം ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്ന ആശയങ്ങളുടെ ഗുണനിലവാരം പഠനത്തിന്റെ മൂല്യം തീരുമാനിക്കും. പുതിയ വസ്തുതകള്‍ ഉരുത്തിരിയും. ഗവേഷകന്റെ കല്പനാശക്തിയും ക്രാന്തബുദ്ധിയും ഇതിലൂടെയാണ് വെളിപ്പെടുന്നത്. നിരീക്ഷണത്തിനും പ്രാമാണീകരണത്തിനും ഇടയ്ക്കാണ് ഇതിന്റെ സ്ഥാനം. ഗവേഷണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങളാണ് പരികല്പനകള്‍. നിരീക്ഷണത്തിലൂടെ ശേഖരിക്കപ്പെടുന്ന വസ്തുതകളെ സംബന്ധിച്ച ചോദ്യങ്ങളും ഇതില്‍പ്പെടും.

വിഷയനിര്‍ണയം, വിശകലനം തുടങ്ങിയവയ്ക്ക് സഹായകമായ നിരവധി മുദ്രിതരേഖകളുണ്ട്. ഉദാ. ഓരോ വിഷയത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍, പ്രബന്ധങ്ങള്‍, ഗ്രന്ഥസൂചികള്‍, പ്രസിദ്ധീകൃത ഗ്രന്ഥങ്ങളിലെയും പ്രസിദ്ധീകൃതമല്ലാത്ത ഗവേഷണ പ്രബന്ധങ്ങളിലെയും ഗ്രന്ഥസൂചികള്‍, കാലിക പ്രസിദ്ധീകരണങ്ങളിലെയും ദിനപത്രങ്ങളിലെയും പുസ്തകാഭിപ്രായങ്ങള്‍, പുസ്തക പ്രസാധകരുടെയും വിതരണക്കാരുടെയും ബുള്ളറ്റിനുകള്‍, പുസ്തകാഭിപ്രായ ജേര്‍ണലുകള്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ പുസ്തക കാറ്റലോഗ്, ഉള്‍റിച്ച്സ് ഇന്റര്‍നാഷണല്‍ പീരിയോഡിക്കല്‍സ് ഡയറക്ടറി, കറന്റ് പീരിയോഡിക്കല്‍സ് ഇന്‍ ഇംഗ്ലീഷ്, ഇന്ത്യന്‍ പീരിയോഡിക്കല്‍സ് ഇന്‍ പ്രിന്റ്, ഇന്ത്യയിലെ ന്യൂസ്പേപ്പര്‍ രജിസ്ട്രാറുടെ വാര്‍ഷിക റിപ്പോര്‍ട്ട്, ഇന്‍ഡെക്സ് ഇന്ത്യ, ഗൈഡ് റ്റു ഇന്ത്യന്‍ പീരിയോഡിക്കല്‍ ലിറ്റ്റെച്ചര്‍, ഇന്ത്യന്‍ പ്രസ് ഇന്‍ഡക്സ്, ഇന്‍ഡക്സ് റ്റു ഇന്ത്യന്‍ എക്കണോമിക് ജേര്‍ണല്‍സ്, ഡോക്കുമെന്റേഷന്‍ ഫോര്‍ട്ട് നൈറ്റ്ലി, ഡോക്കുമെന്റേഷന്‍ ഇന്‍ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍, ഇന്‍ഡക്സ് റ്റു ഇന്ത്യന്‍ ലീഗല്‍ പീരിയോഡിക്കല്‍സ്, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഡക്സ്, ഇന്ത്യന്‍ എഡ്യൂക്കേഷന്‍ ഇന്‍ഡക്സ്, കാലിക പ്രസിദ്ധീകരണങ്ങളും അവയുടെ പ്രത്യേക പതിപ്പുകളും, ഗവണ്‍മെന്റ് ഏജന്‍സികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന ഇന്‍ഡക്സുകളും ഡോക്കുമെന്റേഷന്‍ ലിസ്റ്റുകളും, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പ്രത്യേക ഗ്രന്ഥസൂചികള്‍, ഗവേഷണ സംഗ്രഹങ്ങള്‍, ഇന്ത്യാ ഗവണ്‍മെന്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ. ആഗോള പ്രശസ്തി നേടിയ അബ്സ്ട്രാക്റ്റുകളും നിരവധിയുണ്ട് (ഉദാ. അമേരിക്കന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ ബുള്ളറ്റിന്‍ ഒഫ് അബ്സ്റ്റ്രാക്റ്റ്സ് ഒഫ് കറന്റ് സോഷ്യോളജിക്കല്‍ റിസര്‍ച്ച്).

പ്രതിഭാസങ്ങളുടെ പ്രതീക്ഷിതവും സംയുക്തികവുമായ ഒരു വ്യാഖ്യാനമാണ് 'പരികല്പന' എന്നാണ് ക്ലോദ് ബെര്‍ണാര്‍ (Claude Bernard) നിര്‍വചിച്ചിട്ടുള്ളത്. പരികല്പനയ്ക്കു വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രതിഭാസങ്ങളോടു താരതമ്യേന അടുത്ത ബന്ധമുണ്ടായിരിക്കണം; അതായത് സാധുത്വം ഉണ്ടായിരിക്കണം. അത് സ്വീകാര്യമായിരിക്കണം; കഴിയുന്നത്ര സംഭാവ്യമായിരിക്കുകയും വേണം. പരികല്പനയ്ക്ക് സംശയാസ്പദമായ ഒരു വശമുണ്ട്. അത് തീര്‍ച്ചയുള്ള ഒരു കാര്യമല്ല; ഒരു ഊഹം മാത്രമാണ്. നടന്നേക്കാം, ഉള്ളതാകാം, എന്നാല്‍ അത് തെളിയിക്കപ്പെട്ടിട്ടില്ല. പരികല്പന താത്കാലികമാണ്; ഗവേഷണപ്രക്രിയയിലെ ക്ഷണികമായ ഒരു ഘട്ടമാണ്. തെളിയിക്കപ്പെട്ടാല്‍ ഒരു സാമൂഹികശാസ്ത്ര സത്യമായിത്തീരും. മറിച്ചാണെങ്കില്‍ അത് ഉപേക്ഷിക്കേണ്ടിവരും. പരികല്പന പ്രവര്‍ത്തനസജ്ജമായിരിക്കണം. അഭിഗമ്യവുമായിരിക്കണം. ആവുന്നത്ര കൃത്യതയായിരിക്കണം അതിന്റെ ലക്ഷ്യം. പരികല്പന പല തരത്തിലുണ്ട്. വിശദീകരണത്തിന്റെ അവസ്ഥകളെ ആധാരമാക്കിയുള്ള, ഉള്ളടക്കത്തെ ആധാരമാക്കിയുള്ളവ എന്നിങ്ങനെ. വിശദീകരണത്തിന്റെ അവസ്ഥകളെ ആധാരമാക്കിയുള്ളവയില്‍പ്പെട്ടവയാണ് ഗവേഷണത്തിന്റെ പരികല്പന, സിദ്ധാന്തത്തിന്റെ പരികല്പന എന്നിവ. ഗവേഷണ പരികല്പന പഠനത്തിന്റെ തുടക്കത്തില്‍ത്തന്നെ ഉരുത്തിരിയുന്നു. പ്രാരംഭ ഗവേഷണപ്രവര്‍ത്തനങ്ങളും നിരീക്ഷണ സങ്കേതങ്ങളും ലക്ഷ്യമാക്കിയുള്ള ഏതാനും ചോദ്യങ്ങളുടെ സമാഹാരമാണ് അവ. അതായത്, ലക്ഷ്യനിര്‍മിതിയുടെ ഒരു ഘടകം. ഇത്തരം പരികല്പനകളുടെ സാധുത വളരെ ചുരുങ്ങിയ തോതിലുള്ളതായിരിക്കും. നിരീക്ഷണത്തെ അപേക്ഷിച്ച് പ്രവര്‍ത്തന സ്വഭാവത്തിലാണ് ഇതിലെ താത് പര്യം. പ്രശ്നത്തിന്റെ ജീവദ്ഭാഗവുമായി അത് ബന്ധപ്പെടു ന്നില്ല.

ദത്തങ്ങളുടെ ശേഖരണ-നിരീക്ഷണഘട്ടത്തിലാണ് പ്രവര്‍ത്തനത്തിന്റെ പരികല്പന. ഗവേഷണത്തിന്റെ പരികല്പനയും നിരീക്ഷണത്തിലൂടെ സമാഹരിച്ച പ്രാഥമിക വിവരങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ നിന്നാണ് പലപ്പോഴും ഇത് രൂപംകൊള്ളുന്നത്. സാമാന്യേന ലളിതമാണെങ്കിലും ഇത് പിന്നീട് പ്രശ്നത്തിന്റെ ജീവദ്ഭാവത്തെ സംബന്ധിച്ചുള്ളതാകുമെന്നതുകൊണ്ട് പ്രാധാന്യമുണ്ട്. സൈദ്ധാന്തിക പരികല്പനങ്ങളാക്കി രൂപാന്തരീകരിക്കാന്‍ തക്ക ശേഷിയുള്ള ദത്തങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിന് നിരീക്ഷണ പ്രയത്നത്തെ സജ്ജമാക്കുകയാണ് ഈ പരികല്പനയുടെ ധര്‍മം. പ്രവര്‍ത്തന പരികല്പനയുടെ വിശകലനത്തിലും രൂപാന്തരീകരണത്തിലും നിന്ന് രൂപംകൊള്ളുന്നതാണ് സിദ്ധാന്തങ്ങളുടെ പരികല്പനകള്‍. ഇവയുടെ വിശ്വാസ്യത വളരെ കൂടുതലാണ്. ഉള്ളടക്കം വീര്യവത്തും വളരെ സൂക്ഷ്മവുമാണ്. ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണത്തില്‍ പ്രധാനമായ രണ്ടു പരികല്പനകളാണുള്ളത്; പരികല്പനകളുടെ ഐകരൂപ്യവും പരികല്പനകളുടെ പരസ്പര പ്രവര്‍ത്തനവും. ഇതില്‍ ആദ്യത്തെത് താരതമ്യേന ലളിതമാണ്. നടത്താനുദ്ദേശിക്കുന്ന ഗവേഷണത്തിന്റെ വിവരങ്ങളെ സംബന്ധിച്ച് അസ്പഷ്ടമായ വിവരങ്ങളാണ് ഗവേഷകന് ഉള്ളതെങ്കില്‍ ഒരു പ്രാരംഭഗവേഷണം നടത്തി സ്വീകാര്യമായ ഒരു സൂത്രവാക്യത്തിന്റെ സഹായത്തോടെ അത് സംസ്ലേഷിപ്പിക്കാന്‍ ശ്രമിക്കും-ഇതാണ് പരികല്പനയ്ക്ക് ഐകരൂപ്യം ഉണ്ടാക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പഠനവിധേയമാക്കുന്ന പ്രതിഭാസത്തിന്റെ വിവരണം സാധ്യമാക്കുന്നതിന് വിവിധ പ്രതിഭാസങ്ങളുടെ ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് പരികല്പനകളുടെ പരസ്പര പ്രവര്‍ത്തനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. പരികല്പനകള്‍ വിപുലീകരിക്കുന്നതിന് പല സങ്കേതങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ ആഗമാത്മക രീതിയും നിഗമനാത്മക രീതിയുമാണ്.

പരീക്ഷണ നിരീക്ഷണം (Experimentation)

പരികല്പന പ്രമാണീകരിക്കുന്നതിനുള്ള സങ്കേതമാണ് പരീക്ഷണ നിരീക്ഷണം. മാനവിക ശാസ്ത്രങ്ങളിലെ പരീക്ഷണ നിരീക്ഷണം അത്ര സുകരമല്ല. സാമൂഹിക പ്രതിഭാസങ്ങളാണ് ഇവിടെ സാധാരണഗതിയില്‍ പഠനവിധേയമാക്കുന്നത്. മാനവികവിഷയങ്ങളില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ സാധ്യമല്ല എന്നാണ് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ ഉള്‍പ്പെടെയുള്ള സാമൂഹികശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

പരീക്ഷണനിരീക്ഷണം രണ്ടുതരമുണ്ട്. പ്രകോപിതവും-അഭ്യര്‍ഥിതവും (Provoked and invoked). പ്രകോപിതം-പരീക്ഷണശാലയിലും സമൂഹത്തിലും നടത്താം. കൃത്രിമസമൂഹങ്ങളെ സൃഷ്ടിച്ചും ഇതു നടത്താറുണ്ട്. വ്യക്തിബന്ധങ്ങള്‍, ഒരു വിഭാഗത്തിന്റെ സാമൂഹികാന്തരീക്ഷം, നേതൃത്വത്തിന്റെ പ്രതിഭാസങ്ങള്‍ എന്നിവ പഠിക്കാന്‍ യു.എസ്സില്‍ ഈ സങ്കേതം ഉപയോഗിച്ചിരുന്നു. വെസ്റ്റേണ്‍ ഇലക്ട്രിക് കമ്പനിയില്‍ എല്‍റ്റണ്‍ മേയോ നടത്തിയ ഗവേഷണം ഇതിനുദാഹരണമാണ്. ലിപ്പിറ്റ്, ലെവിന്‍, വൈറ്റ്, മുസാഫര്‍ ഷെരീഫ് എന്നിവര്‍ ഈ സങ്കേതം വന്‍തോതില്‍ സ്വീകരിച്ചു. വ്യക്തിസ്വഭാവ നിരീക്ഷണത്തിനുള്ള സങ്കേതമാണ് യു.എസ്സിലെ ജേക്കബ് മോറിനോ രൂപകല്പന ചെയ്ത മനോരോഗ ചികിത്സാപദ്ധതി (സൈക്കോഡ്രാമ അഥവാ സോഷ്യോഡ്രാമാ എന്നും പറയും). ഇദ്ദേഹം ഇതിന് ഒരു ആധ്യാത്മിക ദാര്‍ശനിക രൂപം നല്കി. മനോരോഗ ചികിത്സാരംഗത്തും സാമൂഹികവിഭാഗങ്ങളുടെ പഠനത്തിനും ഇത് ഇന്ന് വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. ഇവിടെ ഗവേഷകന്‍ കൃത്രിമമായി ഒരു രംഗം സൃഷ്ടിക്കുന്നില്ല. മറിച്ച്, പ്രകൃതിയിലെ പ്രതിഭാസത്തെ അപ്പാടെ നിരീക്ഷിക്കുന്നു. സമൂഹം പരീക്ഷണശാലയാക്കിയുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ ആവിഷ്കരിച്ചവരില്‍ പ്രധാനികള്‍ യു.എസ്. മനശ്ശാസ്ത്രസാമൂഹികശാസ്ത്രജ്ഞനായ കുര്‍ട്ട് ലെവിന്‍ (1890-1947), ഹാര്‍ട്ട്മാന്‍, ആര്‍.റ്റി. ലാപ്പിയേര്‍ എന്നിവരാണ്. അഭ്യര്‍ഥിത-പരീക്ഷണ നിരീക്ഷണങ്ങളില്‍ നിരീക്ഷകന്‍ നേരിട്ട് ഇടപെടുന്നില്ല. ഹെസ്സേയിലെ തിരഞ്ഞെടുപ്പില്‍ (1932) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നടത്തിയ പ്രചരണത്തെപ്പറ്റി ചഖോട്ടിനി (Tchakhotini) നടത്തിയ പഠനം, തിരഞ്ഞെടുപ്പു ഫലങ്ങളില്‍ ആനുപാതിക പ്രാതിനിധ്യത്തിന്റെ സ്വാധീനതയെക്കുറിച്ച് എം. ദ്യുവെര്‍ഷേ നടത്തിയ പരീക്ഷണം എന്നിവ ഈ മേഖലയിലെ പ്രധാന പഠനങ്ങളാണ്. പൂര്‍വകാല പ്രാബല്യത്തോടുകൂടിയ വിസ്ലേഷണവും അഭ്യര്‍ഥിതവിഭാഗത്തില്‍പ്പെടുന്നു. എഫ്. ഗ്രീന്‍വുഡ് ആണ് ഇതിന്റെ ഉപജ്ഞാതാവ്. ഫ്രാന്‍സ്വാ ഗോഗേല്‍ (Francois Goguel), എം.എഫ്. ക്രിസ്ത്യന്‍സെന്‍ എന്നിവര്‍ ഈ സങ്കേതം വിപുലമാക്കി.

താരതമ്യവിസ്ലേഷണം (Comparative Analysis)

മാനവികശാസ്ത്ര വിഷയങ്ങളിലെ ഗവേഷണങ്ങളുടെ ഏറ്റവും മെച്ചം താരതമ്യവിസ്ലേഷണമാണ്. താരതമ്യപഠനമാണ് സാമൂഹികശാസ്ത്രങ്ങള്‍ക്ക് അനുയോജ്യം എന്നാണ് ദുര്‍ക്ഹൈമിന്റെ അഭിപ്രായം. താരതമ്യസാധ്യമായ പ്രതിഭാസങ്ങളെയോ സാഹചര്യങ്ങളെയോ സംബന്ധിച്ചതാകണം താരതമ്യം. താരതമ്യവിധേയമാക്കുന്ന വസ്തുതകള്‍ക്ക് ഘടനാത്മകമായും സാന്ദര്‍ഭികമായും ഒരു സാദൃശ്യം വേണം. ഘടനാത്മക സാദൃശ്യം എന്നതിന് രണ്ടു ലക്ഷ്യാര്‍ഥങ്ങളുണ്ട്. താരതമ്യവിധേമാക്കുന്ന പ്രതിഭാസങ്ങള്‍ക്ക് പൊതുവായ മുഖസാമുദ്രികം വേണം. ഫ്രഞ്ച് പാര്‍ലമെന്റിനെ ജര്‍മന്‍ 'ബുണ്ടെസ്റ്റാഗു'മായി താരതമ്യപ്പെടുത്താം. എന്നാല്‍ പോളിഷ് 'ഡയറ്റു'മായി താരതമ്യപ്പെടുത്തുക എളുപ്പമല്ല. താരതമ്യവിധേയമാക്കുന്ന വസ്തുതകള്‍ക്ക് സങ്കീര്‍ണത ഏറുകയുമരുത്. ഫ്രാന്‍സിലെയും യു.എസ്സിലെയും എക്സിക്യൂട്ടിവുകളുടെ പ്രവര്‍ത്തനം താരതമ്യപ്പെടുത്താം. എന്നാല്‍ യു.എസ്സിലെയും മൊണാക്കോയിലെയും എക്സിക്യൂട്ടിവുകളുടെ താരതമ്യപഠനം സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. സാമൂഹിക പ്രതിഭാസങ്ങള്‍ ഒറ്റയ്ക്കല്ല നിലനില്‍ക്കുന്നതെന്നതുകൊണ്ട് സന്ദര്‍ഭത്തിന്റെ സാദൃശ്യവും കണക്കിലെടുക്കണം. താരതമ്യപഠനവിധേയമാക്കുന്ന വസ്തുതകളുടെ മാനങ്ങളുടെ സാദൃശ്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. നൂറുപേര്‍ വസിക്കുന്ന ഒരു ഗ്രാമത്തിലെയും പത്തുലക്ഷം പേര്‍ നിവസിക്കുന്ന ഒരു ഗ്രാമത്തിലെയും ഭരണപ്രശ്നങ്ങള്‍ താരതമ്യപ്പെടുത്തുക സാധ്യമല്ല. വസ്തുതകളുടെ സാംസ്കാരിക പശ്ചാത്തലത്തിനും ഇവിടെ പ്രധാന്യമുണ്ട്.

താരതമ്യം തന്നെ പല തരങ്ങളുണ്ട്. ഘടന, സന്ദര്‍ഭം, പശ്ചാത്തലം എന്നിവയുടെ അടുത്ത സാദൃശ്യത്തെ അടിസ്ഥാനമാക്കിയുള്ള 'അടുത്ത താരതമ്യം', സാദൃശ്യങ്ങളുടെ കാര്യത്തില്‍ സ്വാതന്ത്ര്യമോ അയവോ അനുവദിക്കുന്ന 'ദൂരസ്ഥ-താരതമ്യം' എന്നിവയാണ് പ്രധാനം. ആദ്യത്തെതിന്റെ പരമമായ ലക്ഷ്യം കൃത്യതയാണ്.

താരതമ്യപഠനങ്ങള്‍ക്ക് ഗണിതീയ-സാംഖ്യിക സങ്കേതങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു (ഉദാ. സഹബന്ധഗുണാങ്കം, സഹവാസഗുണാങ്കം).

വിവരണം

ഗവേഷണത്തില്‍ നിന്നുരുത്തിരിയുന്ന വസ്തുതകള്‍ വ്യക്തമാകണം. തുടര്‍ഗവേഷണങ്ങള്‍ക്ക് വഴികാട്ടിയാകത്തക്കവിധം അത് സംവേദക്ഷമമാകണം. അതിനാണ് അത് പ്രബന്ധരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. വ്യാവസായികവിപ്ളവത്തിനു മുമ്പുണ്ടായിരുന്ന 'കൈക്കസേര-മാനവികശാസ്ത്രസിദ്ധാന്തങ്ങള്‍' കാലഹരണപ്പെട്ടുകഴിഞ്ഞു. ഇന്ന് സിദ്ധാന്തം, ഗവേഷണം തുടങ്ങിയ സംജ്ഞകള്‍ക്കൊക്കെ പുതിയ അര്‍ഥമുണ്ടായി; അവ തമ്മില്‍ ഒരു സമന്വയമുണ്ട്. നിലവിലുള്ള സിദ്ധാന്തങ്ങള്‍ പുതിയ ഗവേഷണങ്ങള്‍ ആവശ്യമാക്കിത്തീര്‍ക്കുന്നു. പുതിയ ഗവേഷണങ്ങള്‍ പുതിയ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്കുന്നു. നിലവിലുള്ളത് തിരുത്തിക്കുറിക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ സിദ്ധാന്തങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒരു യാന്ത്രികസ്വഭാവം കൈവരുന്നു.

'പരസ്പരാശ്രയത്വമുള്ള സാകല്യം' എന്ന സങ്കല്പനത്തിന് വളരെ പ്രാധാന്യമുണ്ട്. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ മാര്‍സെല്‍ മോസ് (1872-1952), ഷോര്‍ഷ് ഗുര്‍വിച്ച്, ആഗസ്റ്റ് കോമ്തെ എന്നിവര്‍ ഈ സങ്കല്പനത്തിന് അര്‍ഹമായ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ബഹു-ചര വിസ്ലേഷണമാണ് മാനവികശാസ്ത്രങ്ങള്‍ക്ക് അനുയോജ്യം.

പ്രയോജനങ്ങള്‍

മാനവികശാസ്ത്രഗവേഷണങ്ങളുടെ പ്രയോജനമെന്ത് എന്ന ചോദ്യത്തിനുത്തരം ഗര്‍ജനമേഘവും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള തന്റെ കണ്ടുപിടിത്തങ്ങളുടെ ഉപയോഗതയെക്കുറിച്ചുള്ള ചോദ്യത്തിനു ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ നല്കിയ മറുപടിതന്നെയാണ്. 'ഒരു നവജാതശിശുവിനെക്കൊണ്ടുള്ള പ്രയോജനമെന്ത്'? നവജാതശിശുവിനെപ്പോലെ തന്നെ നവവിജ്ഞാനത്തിനും വളര്‍ച്ചയ്ക്കും പരിപക്വതയ്ക്കും സാധ്യതകളുണ്ട്.

സാമൂഹികാസൂത്രണത്തെ നയിക്കുന്നതില്‍ മാനവിക ശാസ്ത്രഗവേഷണങ്ങള്‍ക്കു വലിയ പങ്കുണ്ട്. സാമൂഹിക ക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പശ്ചാത്തല ദത്തങ്ങളുടെ സ്രോതസ് മാനവികശാസ്ത്ര ഗവേഷണങ്ങളാണ്. സമൂഹത്തെയും അതിലെ സ്ഥാപനങ്ങളെയുംപറ്റി നേരിട്ടു വിവരങ്ങള്‍ ലഭിക്കുന്നതുവഴി മാനവിക പ്രതിഭാസങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുമെന്നതും ഈ ഗവേഷണങ്ങളുടെ മേന്മയാണ്. മെച്ചപ്പെട്ട ധാരണ, സാമൂഹിക സംസഞ്ജനം എന്നിവ മെച്ചപ്പെടുത്തുന്നതും മറ്റൊന്നല്ല.

മാനവികഗവേഷണങ്ങള്‍ ഇന്ത്യയില്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ഇന്ത്യയില്‍ മാനവിക ശാസ്ത്രമേഖലകളില്‍ ഗവേഷണങ്ങള്‍ പുരോഗമിച്ചത്. ഭൗതിക-സാംസ്കാരിക-സാമുഹിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിയുള്ള സ്വതന്ത്ര ഇന്ത്യയുടെ ആ മേഖലയിലുള്ള വിജയക്കൊടികളാണ് പുരോഗമനാത്മകങ്ങളായ നയങ്ങളുടെ രൂപീകരണവും ക്ഷേമനിയമങ്ങളുടെ നിര്‍മാണവും. ആസൂത്രിത ജനകീയ മാതൃകയില്‍ ഗ്രാമീണ ഇന്ത്യയെ വികസിതമാക്കുന്നതിനുവേണ്ടി ആരംഭിച്ച സാമൂഹിക വികസനപദ്ധതികള്‍; പട്ടികജാതി-പട്ടികഗോത്രങ്ങളുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതികള്‍; വിദ്യാഭ്യാസം, ആരോഗ്യം എന്നീ സാമൂഹിക സേവനങ്ങളോടൊപ്പം സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍ എന്നിവരുടെയും പീഡിതരുടെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കിയുള്ള നിയമനിര്‍മാണങ്ങളും അവയുടെ നടത്തിപ്പും; വ്യാവസായിക പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയിലെ ജനസംഖ്യാസ്ഫോടനവും തൊഴിലില്ലായ്മയും നഗരവത്കരണവും, സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസന്തുലിതത്വം നേരിടുന്നതിനുള്ള പരിപാടികള്‍ എന്നിവയുടെ നടത്തിപ്പിന് സര്‍ക്കാരിനെ സഹായിക്കുന്നത് ഈ മേഖലയിലെ ശാസ്ത്രങ്ങളും അവ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരും അവര്‍ വിജയപൂര്‍വം നടത്തുന്ന ഗവേഷണപഠനങ്ങളുമാണ്.

ആന്ത്രോപ്പോളജിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിറ്റി ഡെവലപ്മെന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, നാഷണല്‍ ആര്‍ക്കൈവ്സ്, ഏഷ്യാറ്റിക് സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് തുടങ്ങിയ സംഘടനകളുടെ മാനവികശാസ്ത്ര ഗവേഷണം പ്രശസ്തമാണ്. മാനവിക വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന് സര്‍വകലാശാലകള്‍ക്ക് സാമ്പത്തികസഹായം നല്കുന്നതില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ശ്രദ്ധിച്ചുവരുന്നു. എല്ലാ സര്‍വകലാശാലകളിലും മാനവികശാസ്ത്ര ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍