This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗവി

Gavi

കേരളത്തിലെ ഒരു ഇക്കോ ടൂറിസ്റ്റുകേന്ദ്രം. പത്തനംതിട്ടജില്ലയിലെ നിത്യഹരിതവനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവസങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസനകോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുള്ള നിയന്ത്രിത വിനോദസഞ്ചാരസൗകര്യങ്ങള്‍ നിലവിലുണ്ട്.

സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതിചെയ്യുന്നത്. കൊടുംവേനലില്‍പ്പോലും വൈകിട്ടായാല്‍ ചൂട് 10ീ-യിലേക്ക് താഴുന്നപ്രദേശമാണിത്. പുല്‍മേടുകളാല്‍ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെയും വിവിധയിനം ശലഭങ്ങളുടെയും കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെയും ഒരു സ്വച്ഛമായ ആവാസകേന്ദ്രമാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും വിവിധയിനം സസ്യങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. എണ്‍പതുകളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികളിലധികവും. പതിറ്റാണ്ടുകളായി ഗവി മേഖലയിലുള്ള ശ്രീലങ്കന്‍ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോര്‍പ്പറേഷന്‍ ഇവിടം വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാധ്യതകള്‍ കിലോമീറ്ററുകളോളം നീളത്തില്‍ കാടിന്റെ ഹൃദയത്തിലൂടെയുള്ള പരിസ്ഥിതി സൗഹൃദയാത്ര വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ആനക്കൂട്ടങ്ങള്‍ക്ക് പുറമേ നീലഗിരി താര്‍ (വരയാട്), സിംഹവാലന്‍ കുരങ്ങ് എന്നിവ കാട്ടില്‍ വിഹരിക്കുന്നു. വന്യമൃഗങ്ങളെ കാണുവാനും ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയില്‍ കാടിനുള്ളിലെ ടെന്റില്‍ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിങ്ങും ജംഗിള്‍ സഫാരിയും ഇവിടെ സാധ്യമാണ്.

വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗവിയില്‍ നിരവധി വിദേശടൂറിസ്റ്റുകളും എത്തിച്ചേരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളില്‍ ഒന്നാണ് ഗവിയിലേത്.

കൊല്ലം-മധുര ദേശീയപാതയില്‍ (എന്‍.എച്ച്. 220) ഉള്ള വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ നിന്നും 28 കി.മീ. തെക്ക്-പടിഞ്ഞാറായാണ് ഗവിയുടെ സ്ഥാനം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുണ്ട്. ഇതിനു പുറമേ പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുണ്ട്.

70 കി.മീ. അകലെയുള്ള തേനിയും 120 കി.മീ. അകലെയുള്ള കോട്ടയവുമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണി സൃഷ്ടിച്ചതിനാല്‍ സന്ദര്‍ശന അനുമതി നിശ്ചിതയെണ്ണം വിനോദസഞ്ചാരികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍