This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗള്‍ഫ് സ്റ്റ്രീം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗള്‍ഫ് സ്റ്റ്രീം

Gulf stream

ഉത്തര അത്ലാന്തിക്കിലെ ഒരു ഉഷ്ണജലപ്രവാഹം. നോര്‍ത്ത് ഇക്വറ്റോറിയല്‍ കറന്റ് എന്ന കടലൊഴുക്കിന്റെ ഒരു ശാഖയുടെ തുടര്‍ച്ചയെന്നോണം, മെക്സിക്കന്‍ ഉള്‍ക്കടലിലാണ് ഗള്‍ഫ് സ്റ്റ്രീമിന്റെ തുടക്കം. 1.6 കി.മീ. ആഴത്തില്‍ 152 കി.മീ. വിസ്തൃതിയുള്ള ഈ ജലപ്രവാഹത്തിന് മണിക്കൂറിലെ വേഗം 6.5 കിലോമീറ്ററാണ്. അത്ലാന്തിക്കിലെത്തുന്നതോടെ ഇത് ഉത്തരാഭിമുഖമായി തിരിഞ്ഞ്, വീതികൂടി, വേഗം കുറഞ്ഞ് ഉത്തരകാരളൈനയിലെ ഹാറ്ററാസ് മുനമ്പിലേക്കെത്തുന്നു.

ഹാറ്ററാസ് കടക്കുന്നതോടെ പ്രവാഹം സമുദ്രാഭിമുഖമായി ഒഴുകാനാംരംഭിക്കുന്നു. വടക്കുകിഴക്കേ ദിശയിലേക്ക് അലസഗമനം നടത്തുന്ന ഒരു നീരൊഴുക്കാണ് ഇവിടെ ഗള്‍ഫ് സ്റ്റ്രീം. ചൂടുകൂടുതലായ ഈ ജലപ്രവാഹം ഇവിടെവച്ച് ഒരു ശീതജലപ്രവാഹമായ ലാബ്രഡോര്‍ കറന്റുമായി കൂടിച്ചേരുന്നു. ന്യൂഫൗണ്ട്ലന്‍ഡിനു തെക്കുള്ള ഗ്രാന്‍ഡ് ബാങ്ക്സിന്റെ തീരത്തോടു ചേര്‍ന്നാണ് ലാബ്രഡോര്‍ കറന്റിന്റെ ഗതി. കടുത്ത ചൂടുള്ള ഗള്‍ഫ് സ്റ്റ്രീമും അതിശീതളമായ ലാബ്രഡോര്‍ കറന്റും പരസ്പരം ചേരുന്നതിന്റെ ഫലമായി ഗ്രാന്‍ഡ് ബാങ്ക്സ് തീരങ്ങളില്‍ മിക്കവാറും എല്ലായ്പ്പോഴും കനത്ത മൂടല്‍മഞ്ഞുണ്ടായിരിക്കും.

ഗള്‍ഫ് സ്റ്റ്രീം വിവിധയിടങ്ങളില്‍ വെവ്വേറെ പേരുകളില്‍ അറിയപ്പെടുന്നു. കരീബിയന്‍ കടലില്‍ നിന്നുവരുന്ന ശാഖയ്ക്ക് ഫ്ളോറിഡാ പ്രവാഹം എന്നാണ് പേര്. പ്രധാന പ്രവാഹത്തിന്റെ ഫാറ്ററാസ് മുനമ്പുവരെയുള്ള ഭാഗത്തിനെയും ഈ പേരില്‍ വിശേഷിപ്പിക്കാറുണ്ട്. അതിനും വടക്ക് ന്യൂഫൗണ്ട്ലന്‍ഡിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള ഗ്രാന്‍ഡ് ബാങ്ക്സ് വരെയും ഗള്‍ഫ് സ്റ്റ്രീം എന്നുതന്നെ അറിയപ്പെടുന്നു.

പടിഞ്ഞാറും വടക്കുമുള്ള താപനിലയും ലവണതയും നന്നെകുറഞ്ഞ് ജലൌഘങ്ങളില്‍ നിന്ന് സര്‍ഗാസോ കടലിനെ വേര്‍തിരിക്കുന്ന ഗള്‍ഫ്സ്റ്റ്രീമില്‍ ഒരേ നിരപ്പില്‍ തന്നെ താപനിലയിലും മറ്റു സ്വഭാവങ്ങളിലും ഗണ്യമായ അന്തരം കാണുന്നത് അസാധാരണമല്ല. ഈദൃശ വ്യതിരേകങ്ങള്‍ കൂടുതല്‍ സ്പഷ്ടമായിക്കാണുന്നത് സമുദ്രോപരിതലത്തിലാണ്. ഒരേ കപ്പലിന്റെ അണിയത്തും അമരത്തും നിന്ന് നിരീക്ഷിച്ചാല്‍ ജലതാപനിലയില്‍ 10oC-ലേറെ വ്യത്യാസം കണ്ടെന്നുവരാം. ജലത്തിന്റെ നിറത്തിലും കടലിന്റെ സ്വഭാവത്തിലും പൊടുന്നനെ മാറ്റം കാണുന്നത് തികച്ചും സാധാരണമാണ്. ബ്ളേക് ജലാന്തരപീഠഭൂമിയെ തഴുകി ഒഴുകുമ്പോള്‍ ഗള്‍ഫ് സ്റ്റ്രീമിന്റെ പ്രഭാവം 800 മീ. ആഴത്തിലോളം അനുഭവപ്പെടുന്നു. വന്‍കരച്ചരിവുമായി ഉരസി ഒഴുകുന്നതുമൂലം തീരക്കടലില്‍ ഉയര്‍ന്ന താപനിലയിലുള്ള ജലൌഘംനിലനില്ക്കുന്നതിന് ഗള്‍ഫ് സ്റ്റ്രീം സഹായകമായി ഭവിക്കുന്നതും കാണാം.

ഹാറ്ററാസ് മുനമ്പിനു സമീപം വച്ച് ഈ ജലപ്രവാഹം വന്‍കരച്ചരിവില്‍ നിന്ന് അകന്നു മാറുന്നതിനെത്തുടര്‍ന്ന് നീരൊഴുക്കിന്റെ സ്വഭാവത്തില്‍ പ്രകടമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. 4,000 മുതല്‍ 5,000 മീ. വരെ ആഴത്തില്‍ ഈ ജലപ്രവാഹത്തിന്റെ പ്രഭാവം കാണാവുന്നതാണ്. ഉപരിതലത്തില്‍ ദൃശ്യമാകുന്ന സ്വഭാവവ്യതിരേകങ്ങള്‍ അടിത്തട്ടിലോളം സംക്രമിച്ചുകാണുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ഹാറ്ററാസ് മുനമ്പു മുതല്‍ ഗ്രാന്‍ഡ് ബാങ്ക്സ് വരെ ഗള്‍ഫ് സ്റ്റ്രീം സര്‍ഗാസോ കടലിനെയും തീരക്കടല്‍ ജലൌഘത്തെയും കൃത്യമായി വേര്‍തിരിച്ചുകൊണ്ടാണ് ഒഴുകുന്നത്. ഈ ഭാഗത്ത് ഗള്‍ഫ് സ്റ്റ്രീമിലെ താപ-ലവണബന്ധം (temperature-salinity relation) ആനുപാതികമായ തോതില്‍ സര്‍ഗാസോ കടലിലേതിനോട് താദാത്മ്യം പുലര്‍ത്തുന്നുവെങ്കിലും ജലതാപനില 10ബ്ബഇ-നോളം താഴ്ന്നു കാണുന്നു. ഗള്‍ഫ് സ്റ്റ്രീമിലെ ജലത്തിന് ഉപരിതലത്തിനോടടുത്ത് താരതമ്യേന ഉയര്‍ന്ന താപനിലയാണുള്ളത്. 100-200 മീ. ആഴത്തില്‍ത്തന്നെ കൂടിയ ലവണതയുള്ളപ്പോള്‍ ഉപരിതലജലം സര്‍ഗാസോ കടലിനേതിനെ അപേക്ഷിച്ച് ഉപ്പുരസം കുറഞ്ഞതായിരിക്കും. ഗള്‍ഫ് സ്റ്റ്രീം ഉഷ്ണജലപ്രവാഹമാണെന്ന പൊതു ധാരണയ്ക്ക് വികല്പമായാണ് ഈ നീരൊഴുക്കിന്റെ

സ്വഭാവസവിശേഷതകള്‍. അടിഭാഗത്തെ ശീതളജലപിണ്ഡത്തിന്റെയും മുകളിലുള്ള തപ്ത (warm) ജലപിണ്ഡത്തിന്റെയും കൂട്ടായ പ്രവാഹമാണ് ഇത്. ഉപരിതലജലപിണ്ഡം മാത്രം കണക്കിലെടുത്താല്‍ ഉഷ്ണജലപ്രവാഹമാണെന്നു പറയാം. എന്നാല്‍ ഉപരിതലോഷ്മാവിന് തൊട്ടടുത്തുള്ള സര്‍ഗാസോ കടലിലേതില്‍ നിന്നും ഏതാനും ഡിഗ്രികളുടെ ഏറ്റം മാത്രമാണുള്ളത്.

ഗള്‍ഫ് സ്റ്റ്രീമിന്റെ പ്രവേഗം ഭൂവിക്ഷേപചലനത്തിന് (geostrophic motion) ഏറെക്കുറെ ആനുപാതികമായും എന്നാല്‍ സ്ഥാനീയവ്യതിയാനങ്ങള്‍ക്ക് വിധേയമായും ഇരിക്കുന്നു. ജലമര്‍ദരേഖകള്‍ക്ക് (isobars) സമാന്തരമായി ചരിക്കുന്ന ഈ പ്രവാഹത്തിന് സ്വന്തം ജലൌഘത്തിനു കുറുകെയുള്ള മര്‍ദാന്തരാളത്തിന് (pressure gradient) ആനുപാതികമായി വേഗതയില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നു. ജലപ്രവാഹത്തിന്റെ വിവിധ ആഴങ്ങളിലുള്ള ജലപാളികള്‍ വ്യത്യസ്ത വേഗതയില്‍ ഒഴുകുന്നതിനും മര്‍ദാന്തരാളം ഹേതുകമാവുന്നു.

ഉപരിതലത്തിലെ ഒഴുക്ക് 4-5 നോട്ട് (knot) ആയിരിക്കുമ്പോള്‍ അടിയിലത്തെ പാളികളുടെ വേഗത 10-12 സെ.മീ./സെ. എന്ന ക്രമത്തിലായിരിക്കാം (1 നോട്ട്=51.5 സെ.മീ./സെ.). ഉപരിതലത്തോടടുത്ത ജലൌഘം മാത്രമാണ് ഗണ്യമായ വേഗതയില്‍ സഞ്ചരിക്കുന്നത്. 80 കിലോമീറ്ററോളം വീതിയിലൊഴുകുന്ന ഒരു ജലൌഘത്തെയാണ് ഗള്‍ഫ് സ്റ്റ്രീം ഉള്‍ക്കൊള്ളുന്നത്.

ഫ്ളോറിഡാ കടലിടുക്കില്‍ സെക്കന്‍ഡിന് 20-25 ദശലക്ഷം ഘനമീറ്ററെന്ന കണക്കില്‍ ജലം ഒഴുക്കി മാറ്റുന്നതിലൂടെ ഗള്‍ഫ് സ്റ്റ്രീം മിസ്സിസ്സിപ്പിനദിയുടെ ആയിരമിരട്ടി ശക്തി പ്രകടമാക്കുന്നു. ഫാറ്ററാസ് മുനമ്പു കടന്ന് ആഴക്കടലിലേക്കു സംക്രമിക്കുന്നതോടെ ഗള്‍ഫ് സ്റ്റ്രീമിന്റെ പ്രവാഹം അത്ലാന്തിക്കിന്റെ അടിത്തറയോളം എത്തുന്നു. ഈ ഘട്ടത്തില്‍ സര്‍ഗാസോകടലില്‍ നിന്നും വലത്ത് തീരക്കടലില്‍ നിന്നും വമിച്ചെത്തുന്ന ജലത്തെക്കൂടി ഒഴുക്കിമാറ്റുന്നതിനാല്‍ ഏറ്റവും കൂടിയ വ്യാപ്തം പ്രാപിക്കുന്നു. അക്ഷാ. 37o-ക്കും 39o-ക്കുമിടയ്ക്ക് ഗള്‍ഫ്സ്റ്റ്രീം ഒഴുക്കി നീക്കുന്ന ജലത്തിന്റെ തോത് സെക്കന്‍ഡില്‍ 106 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഗതികദിശയില്‍ നിന്ന് ഇരുപുറത്തേക്കും 65 മുതല്‍ 320 വരെ കി.മീ. വ്യാപിച്ച് തികച്ചും സര്‍പ്പിലമായി ഒഴുകുവാനുള്ള പ്രവണതയാണ് ഗള്‍ഫ് സ്റ്റ്രീം ഈ ഭാഗത്തു പ്രകടിപ്പിക്കുന്നത്. പടിഞ്ഞാറ് രേഖാംശം 64o-ക്കടുത്തുവച്ച് ജലാന്തരശൃംഗങ്ങള്‍ പ്രതിബന്ധം സൃഷ്ടിക്കുന്നതിനെത്തുടര്‍ന്ന് ഗള്‍ഫ് സ്റ്റ്രീമിലെ ജലൌഘത്തിനുള്ളില്‍ അതിശക്തമായ ചുഴികള്‍ (eddy) രൂപംകൊള്ളുന്നു. ഫാറ്ററാസ് മുനമ്പിനും ഗ്രാന്‍ഡ് ബാങ്ക്സിനുമിടയ്ക്കുള്ള ഗള്‍ഫ് സ്റ്റ്രീം മേഖലയില്‍ അനുലോമവും പ്രതിലോമവുമായ ദിശകളില്‍ അനേകം ഉപപ്രവാഹങ്ങള്‍ ഉണ്ടായിക്കാണുന്നു. വന്‍കരച്ചരിവില്‍ അങ്ങിങ്ങായുള്ള വിച്ഛിന്നതകളി(discontinuity)ലൂടെ തീരക്കടലില്‍ നിലകൊള്ളുന്ന തപ്ത-ജലൌഘം ഒഴുകിനീങ്ങാന്‍ തുടങ്ങുന്നതും പ്രവാഹത്തിനുള്ളില്‍ ലംബികദിശയിലുള്ള വലുതായ താപാന്തരാളവു(thermal range)മാണ് ഉപപ്രവാഹങ്ങളുടെ പ്രഭവത്തിനുനിദാനം. കിഴക്കോട്ടൊഴുകുന്ന പ്രധാന ഉപപ്രവാഹത്തിന്റെ അഗാധതാമാപനം നടന്നിട്ടില്ല. 2,000 മീ. ആഴമുണ്ടെന്ന് അനുമാനിച്ചാല്‍ ഈ ഉപപ്രവാഹം സെക്കന്‍ഡില്‍ 10 ദശലക്ഷം ഘനമീറ്റര്‍ ജലം ഒഴുക്കിനീക്കുന്നുണ്ടെന്നു വരും. പ്രതിലോമ-പ്രവാഹങ്ങള്‍ പൊതുവേ ശക്തികുറഞ്ഞവയാണ്. വന്‍കരച്ചരിവിനോടു ചേര്‍ന്നു തന്നെ ആഴത്തിലുള്ള ജലപാളികള്‍ തെക്കോട്ടോ തെക്കുപടിഞ്ഞാറോട്ടോ ഒഴുകുന്നതായും ഇവയിലെ നീരൊഴുക്കിന്റെ തോത് സെക്കന്‍ഡില്‍ 50 ദശലക്ഷം ഘനമീറ്ററോളം എത്തുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ന്യൂഫൗണ്ട്ലന്‍ഡിന്റെ തെക്കുകിഴ്ക്ക് ഭാഗത്തുള്ള ഗ്രാന്‍ഡ് ബാങ്ക്സിനെ സമീപിക്കുന്നതോടെ പ്രധാന ജലപ്രവാഹത്തിന്റെ വേഗതയും ജലവഹനക്ഷമതയും (volume transport) തുലോം കുറയുന്നു. ഗള്‍ഫ് സ്റ്റ്രീം ഗ്രാന്‍ഡ് ബാങ്ക്സിനെ ചുറ്റി ആദ്യം വടക്കോട്ടും പിന്നെ കിഴക്കോട്ടും ഒഴുകുന്നുവെന്ന മുന്‍ധാരണ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഗ്രാന്‍ഡ് ബാങ്ക്സിനു സമീപം വച്ച് തീരക്കടല്‍ ജലൌഘത്തിന്റെ പ്രവാഹവുമായി (slop water current) കൂട്ടുചേര്‍ന്ന് തെക്കോട്ടു തിരിയുകയും അത്ലാന്തിക് സമുദ്രത്തിന്റെ ഉത്തര പശ്ചിമ മേഖലകളിലേക്കു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്.

ഉത്തര അത്ലാന്തിക്കിലെ ഗള്‍ഫ് സ്റ്റ്രീം ഉള്‍പ്പെടെയുള്ള ജലപ്രവാഹങ്ങളെല്ലാം തന്നെ വാണിജ്യവാതങ്ങള്‍, പശ്ചിമവാതങ്ങള്‍ എന്നിവ സമുദ്രോപരിതലത്തില്‍ ഏല്പിക്കുന്ന സമ്മര്‍ദത്തിന്റെ ഫലമായി ഉരുത്തിരിയുന്നവയാണ്. ധ്രുവങ്ങളിലെ അതിശൈത്യത്തിനു വിപരീതമായി ഭൂമധ്യരേഖാഭാഗത്തെ തപ്താവസ്ഥ ഈ പ്രക്രമത്തിന് സഹായകമായി ഭവിക്കുന്നു. ഭൂവിക്ഷേപ ചലനത്തിന് ഭാഗികമായി വിധേയമാകുന്ന ജലപ്രവാഹങ്ങള്‍ ബാഹ്യബലങ്ങളുടെ പ്രഭാവത്തിനു വഴങ്ങി അസമമിതമായ ഗതിപഥം സ്വീകരിക്കുന്നു. ഗള്‍ഫ് സ്റ്റ്രീമിന്റെ സ്ഥിതിയും ഇതില്‍ നിന്നു വിഭിന്നമല്ല.

(എന്‍.ജെ.കെ. നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍