This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗള്ളി

Gully

1. പ്രവാഹജലത്തിന്റെ പ്രവര്‍ത്തനംമൂലം രൂപംകൊള്ളുന്ന നീണ്ടിടുങ്ങിയ ചാലുകള്‍. ഇവയ്ക്ക് വീതിയുടെ പതിന്മടങ്ങ് ആഴമുണ്ടാവും. ആകാരവിശേഷം കൊണ്ട് കിടങ്ങുകളോടോ ചുരങ്ങളോടോ സാദൃശ്യമുണ്ടെങ്കില്‍പ്പോലും പരിണാമപരമായി അവയെ അപേക്ഷിച്ച് തുലോം ചെറുതാണ്. കനത്ത മഴയുടെ ഫലമായി ഉണ്ടാകുന്ന ഒലിപ്പുകള്‍ ക്രമേണ സംക്രമിച്ച് വ്യക്തമായ ഭൂരൂപങ്ങള്‍ ആയിമാറുമ്പോഴാണ് ഗള്ളികള്‍ രൂപംകൊള്ളുന്നത്. അനുകൂല സാഹചര്യങ്ങളിലുണ്ടാകാവുന്ന ഒലിപ്പിന്റെ പരിണതരൂപമാണ് ഗള്ളി. സാധാരണയായി ചരിവുതലങ്ങളിലാണ് ഇത് രൂപം കൊള്ളുന്നത്. കേരളത്തില്‍ വിശിഷ്യ ചെങ്കല്‍പ്രദേശങ്ങളിലെ കുന്നിന്‍ ചരിവുകളില്‍, ഗള്ളികള്‍ രൂപം കൊള്ളുന്നത് അസാധാരണമല്ല. ഈയിനം ചാലുകള്‍ മഴക്കാലത്തു മാത്രമാണ് ജലധാരയായി മാറുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഒരു ഗള്ളി പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് ആവര്‍ത്തിച്ചുള്ള അനവധി മഴക്കാലങ്ങള്‍ക്കു ശേഷമാകാം.

ഹിമാച്ഛാദിതപ്രദേശങ്ങളിലും ഗള്ളികള്‍ ഉണ്ടാകുന്നുണ്ട്. മഞ്ഞുരുകി ഒലിക്കുന്നതുമൂലമാണ് ഇവിടെ ഗള്ളികള്‍ രൂപം കൊള്ളുന്നത്. ഇവയുടെ പിന്നീടുള്ള വളര്‍ച്ച വേനല്‍ക്കാലത്തെ ആവര്‍ത്തിച്ചുള്ള നീരൊഴുക്കിലൂടെ ആയിരിക്കും.

മഴക്കാലത്ത് നിറഞ്ഞൊഴുകുമ്പോള്‍ ഗള്ളികളില്‍ ഒഴുക്കുവെള്ളത്തിന്റേതായ വിലയനം (solution), സന്നിഘര്‍ഷണം (attrition), അഭിവഹനം (transportation), നിക്ഷേപണം (deposition) എന്നീ അപരദന പ്രക്രിയകള്‍ സജീവമായി നടക്കുന്നു. ഇവയുടെ ഫലമായി ചരിവു തലങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. ഗള്ളികളെ തടയിട്ട് ഒഴിവാക്കുന്നത് ഫലപ്രദമല്ല; കാരണം ഒരു ഗള്ളിയുടെ പ്രവാഹത്തിന് തടസം നേരിടുമ്പോള്‍ ഒന്നിലധികം ഗള്ളികള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് ആശാസ്യമായ ഒരു പ്രക്രിയയല്ല.

(എന്‍.ജെ.കെ. നായര്‍)

2. ക്രിക്കറ്റ് കളിയിലെ ഒരു ഫീല്‍ഡിങ് പൊസിഷനും 'ഗള്ളി' എന്നു പറയാറുണ്ട്. നോ. ക്രിക്കറ്റ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍