This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗളിവറുടെ സഞ്ചാരകഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗളിവറുടെ സഞ്ചാരകഥകള്‍

Gulliver's Travels

ഇംഗ്ലീഷ് സാഹിത്യകാരനായ ജോനഥന്‍ സ്വിഫ്റ്റിന്റെ (1667-1745) ആക്ഷേപഹാസ്യകൃതി. രാഷ്ട്രീയവും ശാസ്ത്രീയവും ദാര്‍ശനികവും മതപരവുമായ സൂചനകള്‍ അടങ്ങുന്ന ആക്ഷേപഹാസ്യമാണ് ഗളിവറുടെ സഞ്ചാരകഥകള്‍. ഇദ്ദേഹത്തിന്റെ മറ്റുകൃതികളെപ്പോലെ ഇതും പേരുവെളിപ്പെടുത്താതെയാണ് പ്രസിദ്ധീകരിച്ചത് (1726). സ്വിഫ്റ്റിന്റെ നിശിതമായ പരിഹാസ ശൈലി പരിചയമുണ്ടായിരുന്ന വായനക്കാര്‍ ഗ്രന്ഥകര്‍ത്താവിനെ തിരിച്ചറിഞ്ഞു.

ഒരു കച്ചവടക്കപ്പലിലെ സര്‍ജനായ ലെമ്യുവല്‍ ഗളിവറുടെ യാത്രാനുഭവങ്ങളായിട്ടാണ് നാലുഭാഗങ്ങളുള്ള ഈ കൃതി വിഭാവനം ചെയ്തിരിക്കുന്നത്. കപ്പല്‍ച്ചേതം സംഭവിച്ചതിനെത്തുടര്‍ന്ന് ലില്ലിപ്പുട്ട് എന്ന ദ്വീപില്‍ എത്തിച്ചേരുന്ന നായകന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു 'ലില്ലിപ്പുട്ടിലേക്കുള്ള യാത്ര' എന്ന ഒന്നാം ഭാഗത്തില്‍ ആറിഞ്ചുമാത്രം ഉയരമുള്ളവരാണ് ലില്ലിപ്പുട്ടുകാര്‍. ഈ കുറിയ മനുഷ്യര്‍ക്കിടയിലെ ചേരിപ്പോരുകള്‍, അയല്‍രാജ്യങ്ങളുമായുള്ള യുദ്ധം, ഭരണാധികാരിയുടെ പൊള്ളയായ പ്രതാപം എന്നിവയുടെ ആഖ്യാനത്തിലൂടെ ബ്രിട്ടീഷ് രാഷ്ട്രീയത്തെയും മതപരമായ അഭിപ്രായ ഭിന്നതകളെയും ആക്ഷേപിക്കുകയാണ് ഗ്രന്ഥകാരന്‍. രണ്ടാം ഭാഗത്തില്‍ (ബ്രോബ്ഡിങ്നാഗിലേക്കുള്ള യാത്ര) ഗോപുരംപോലെ ഉയര്‍ന്ന അതിമാനുഷന്മാരുടെ നാടായ ബ്രോബ്ഡിങ്നാഗില്‍ ഗളിവര്‍ എത്തിച്ചേരുന്നു. ഉപദ്രവകാരികളായ ക്ഷുദ്രജീവികളില്‍ ഏറ്റവും നിന്ദ്യരും നീചരുമാണ് ഇംഗ്ലീഷുകാര്‍ എന്ന ബ്രോബ്ഡിങ്നാഗിലെ രാജാവിന്റെ അഭിപ്രായത്തിലൂടെ സ്വിഫ്റ്റ് തന്റെ നാട്ടുകാരെക്കുറിച്ചുള്ള അഭിപ്രായം പ്രകടമാക്കുന്നു. 'ലാപ്പുട്ടയിലേക്കുള്ള യാത്ര' എന്ന മൂന്നാംഭാഗത്തില്‍ ദാര്‍ശനികന്മാര്‍, അസംബന്ധ പരീക്ഷണങ്ങള്‍ക്കുവേണ്ടി സമയം കളയുന്ന ശാസ്ത്രജ്ഞന്മാര്‍, ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്ന ചരിത്രകാരന്മാര്‍ എന്നിവരാണ് സ്വിഫ്റ്റിന്റെ ആക്ഷേപങ്ങള്‍ക്കു പാത്രമാകുന്നത്. 'ഹൂയിനംകാരുടെ രാജ്യത്തേക്കുള്ള യാത്ര' എന്ന നാലാം ഭാഗത്തില്‍ സ്വിഫ്റ്റിന്റെ പാരുഷ്യവും മനുഷ്യദ്വേഷവും കൂടുതല്‍ വ്യക്തമാകുന്നു.

കുട്ടികളെ ചിരിപ്പിക്കുകയും മുതിര്‍ന്നവരെ ചിന്തിപ്പിക്കുകയും അധികാരവര്‍ഗത്തെ വിമര്‍ശിക്കുകയും ചെയ്യുന്നതാണ്, ശക്തമായ ഭാഷയില്‍ രചിച്ചിട്ടുള്ള ഈ കൃതി.

ഒ.എം. ചെറിയാന്‍ (1920), എം.എന്‍.എം. നായര്‍ (1950), എ.പി.എന്‍. നായര്‍ (1954), നാലാങ്കല്‍ കൃഷ്ണപിള്ള (1961), സി.എല്‍. ജോസഫ് (1969), പി. സുബ്ബയ്യാപിള്ള (1986) തുടങ്ങിയവര്‍ ഗളിവറുടെ സഞ്ചാരകഥകള്‍ വിവര്‍ത്തനം ചെയ്തു മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍