This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലീലി കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗലീലി കടല്‍

Galilee Sea

വടക്കുകിഴക്കന്‍ ഇസ്രയേലില്‍ സ്ഥിതിചെയ്യുന്ന വലുപ്പമേറിയ ഒരു ശുദ്ധജലതടാകം. സിറിയയുടെ അതിര്‍ത്തിയിലായി കാണപ്പെടുന്ന ഈ താടകത്തിന് ഏതാണ്ട് 'സബര്‍ജല്ലി'യുടെ ആകൃതിയാണുള്ളത്. ജോര്‍ദാന്‍ നദിയുടെ മാര്‍ഗത്തില്‍ രൂപം കൊണ്ടിട്ടുള്ള ഈ തടാകം ഇസ്രയേലികള്‍ക്ക് കിനെറെറ്റ് തടാകമാണ്. ടൈബീരിയാസ് കടല്‍ എന്നും ഇതിനുപേരുണ്ട്. ബൈബിളില്‍ പുതിയനിയമത്തില്‍ ഗലീലി കടലിനെ ഗെന്നെസരത്ത് തടാകം എന്നാണ് വ്യവഹരിച്ചിട്ടുള്ളത്. ഈ കടലിന് 19 കി.മീ. നീളവും 5-11 കി.മീ. വീതിയും 46 മീ. ആഴവുമുണ്ട്.

ജോര്‍ദാന്‍ നദി മൂന്നു തടാകങ്ങള്‍ക്കു രൂപം നല്കുന്നുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 90 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹൂലേ തടാകം, 212 മീ. താഴെയുള്ള ഗലീലി കടല്‍, 585 മീ. താഴെയുള്ള ചാവുകടല്‍. ഇത് മൂന്നും ഒന്നുചേര്‍ന്ന് ഒരൊറ്റത്തടാകമായി കടലില്‍നിന്നു വളരെ അകന്ന്, സ്ഥിതിചെയ്യുന്നു. സിറിയ മുതല്‍ ചെങ്കടല്‍ വരെ വ്യാപിച്ച ഒരു ഭൂഭ്രംശത്തിന്റെ ഫലമായാണ് ഒരു ജലപിണ്ഡം ഇപ്രകാരം മൂന്നായി പിളര്‍ന്നത്.

ഗലീലി കടലിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ താരതമ്യേന തണുപ്പുകുറഞ്ഞ ശൈത്യകാലമാണുള്ളത്. ജനുവരിയിലെ മാധ്യ-താപനില 14o ആയിരിക്കും. ഉഷ്ണകാലം പൊതുവേ ചൂടുകൂടിയതാണ്. മാധ്യ-താപനില 31o വരെ എത്തുന്നു. ശൈത്യകാലത്താണ് മഴപെയ്യുന്നത്.

ഗലീലി കടലിലെ ജലത്തിന്റെ നല്ലൊരു പങ്ക് ജോര്‍ദാന്‍ നദിയിലൂടെ ഒഴുകിയെത്തുന്നതാണ്. നഹാല്‍ അമൂദ്, സാല്‍മോണ്‍ എന്നീ ചെറുനദികളിലൂടെയും ധാരാളം വെള്ളം ലഭിക്കുന്നുണ്ട്. ഗോലാന്‍ കുന്നുകളില്‍നിന്ന് ഒഴുകിയെത്തുന്ന തോടുകളുടെ സംഭാവനയും ഗണ്യമായതാണ്.

ഈ ജലാശയത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ മനുഷ്യാധിവാസവും വികസനപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ജലസേചനസൗകര്യങ്ങളുപയോഗിച്ചുള്ള കടുംകൃഷി സമ്പ്രദായമാണ് ഇപ്പോള്‍ നിലവിലുള്ളത്. കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധനം വന്‍തോതില്‍ നടക്കുന്നുണ്ട്. കാര്‍പ്പുകളും ക്യാറ്റ്ഫിഷുകളുമാണ് സമൃദ്ധമായി കാണുന്ന മത്സ്യങ്ങള്‍. ഒരു ശീതകാല സുഖവാസകേന്ദ്രമായി വികസിച്ചുകഴിഞ്ഞ ടൈബീരിയാസ് നഗരം ഗലീലി കടലിന്റെ പടിഞ്ഞാറേക്കരയിലാണ്. ഈ പട്ടണം കേന്ദ്രീകരിച്ച് ടൂറിസം വികസിച്ചിരിക്കുന്നു. 1960-നുശേഷം ഗലീലി കടലിലെ ജലമുപയോഗിച്ച് ഇസ്രയേലിന്റെ കടലോരമേഖലയിലും തെക്ക് നെഗേവ് മരുഭൂമിയിലും ജലസേചനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കു പടിഞ്ഞാറരികില്‍ സമുദ്രജലം 245 മീറ്റര്‍ ഉയരത്തില്‍ പമ്പുചെയ്ത് കയറ്റി ഇസ്രയേലിന്റെ പടിഞ്ഞാറുഭാഗങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതികളും നടപ്പിലാക്കിയിരിക്കുന്നു. ഈ കടലിന്റെ തീരങ്ങളിലുള്ള ചെറുകിട പട്ടണങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കാനുതകുന്ന വിധത്തിലുള്ള മോട്ടര്‍ബോട്ട്-ഗതാഗതം നിലവില്‍വന്നുകഴിഞ്ഞു. കടലിന്റെ വ്യാപ്തിയും ആഴവും സംരക്ഷിക്കുന്നതുകൂടാതെ, ജോര്‍ദാന്‍ നദിക്കുകുറുകേ നിര്‍മിച്ചിട്ടുള്ള അണക്കെട്ടുമുഖാന്തിരം ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

ക്രിസ്തുവിന്റെ പൊതുജീവിതകാലത്തില്‍ നല്ലൊരുഭാഗം അദ്ദേഹം ചെലവഴിച്ചത് ഗലീലി കടല്‍ത്തീരത്തായിരുന്നു. പലസ്തീനിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സ്ഥലമായി ഈ പ്രദേശം അറിയപ്പെട്ടിരുന്നു. ഗലീലിത്തടാക തീരത്തെ മീന്‍പിടുത്തക്കാരില്‍പ്പെട്ടവരായിരുന്നു ക്രിസ്തുവിന്റെ ആദ്യകാലശിഷ്യരില്‍ അധികംപേരും. പുതിയ ഇസ്രയേല്‍ രാഷ്ട്രം ആവിര്‍ഭവിച്ചതിനുശേഷം ഈ സ്ഥലത്തിന്റെ പേര് 'കിന്നേരത്ത്' (Chinnerath) എന്നാക്കിമാറ്റിയിട്ടുണ്ട്.

(എ. മിനി; പ്രൊഫ. നേശന്‍ റ്റി. മാത്യു സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍