This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലീലിയോ ഓര്‍ബിറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗലീലിയോ ഓര്‍ബിറ്റര്‍

Galileo Orbitor

വ്യാഴത്തിന്റെ അന്തരീക്ഷ സവിശേഷതകളെപ്പറ്റി പഠിക്കാന്‍ നാസ വിക്ഷേപിച്ച പ്രഥമ ബഹിരാകാശപേടകം. 1989 ഒക്ടോബറില്‍ വിക്ഷേപിച്ച ഈ ബഹിരാകാശ പേടകം പൂര്‍ണമായും നാസയുടെ മേല്‍നോട്ടത്തിലാണ് നിര്‍മിച്ചു വിക്ഷേപിച്ചത്. 1995 ഡിസംബറില്‍ ഈ ബഹിരാകാശ പേടകം വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് നിര്‍ണായക പഠനങ്ങള്‍ നടത്തുകയുണ്ടായി. 1986-മേയില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചലഞ്ചര്‍ അപകടത്തെത്തുടര്‍ന്ന് വിക്ഷേപണ തീയതി മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപിച്ച ഉടന്‍ ഈ ബഹിരാകാശപേടകത്തിലെ ആന്റിന പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാതിരുന്നതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ ഗലീലിയോ പേടകത്തിന് ശരിയായ രീതിയില്‍ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. 1990 ഫെബ്രുവരിയില്‍ ശുക്രനെ നിരീക്ഷിച്ചശേഷം 1990-1992 കാലഘട്ടത്തില്‍ ഭൂമിയെ രണ്ടു പ്രാവശ്യം വലം വച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ഗലീലിയോ വ്യാഴദൗത്യത്തിന് പുറപ്പെട്ടത്. ഇതിനിടയില്‍ ഗാസ്പ്ര (Gaspra), ഐഡ (Ida) എന്നീ ഛിന്നഗ്രഹങ്ങളെയും ഗലീലിയോ നിരീക്ഷിച്ചിരുന്നു. യഥാക്രമം 1600 കി.മീ. 2410 കി.മീ. വരെ അടുത്തെത്തി ഈ രണ്ടു ഛിന്നഗ്രഹങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താനും ഗലീലിയോ ബഹിരാകാശ ദൗത്യത്തിലൂടെ സാധിച്ചു.

1995 ജൂലായില്‍ ഗലീലിയോ വ്യാഴത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചുള്ള സൂക്ഷ്മാന്വേഷണം ആരംഭിച്ചു. വ്യാഴത്തിന് 80 ദശലക്ഷം കിലോമീറ്റര്‍ അടുത്തുവരെ എത്തിയായിരുന്നു പ്രസ്തുത നിരീക്ഷണങ്ങള്‍ നടത്തിയത്. 1995 ഡിസംബര്‍ 7-ന് വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ഗലീലിയോ 57 മിനിട്ട് തുടര്‍ച്ചയായി ഭൂമിയിലേക്ക് വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. 1996 ഏപ്രില്‍ വരെ വ്യാഴത്തെ സംബന്ധിക്കുന്ന വിവിധ വിവരങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കാനും ഗലീലിയോയ്ക്ക് കഴിഞ്ഞു. പ്രസ്തുത വിവരങ്ങള്‍ വ്യാഴത്തിന്റെ അന്തരീക്ഷത്തെ സംബന്ധിക്കുന്ന നിരവധി പുതിയ കാര്യങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. വ്യാഴത്തെ പൊതിഞ്ഞു കാണപ്പെടുന്ന മേഘകമ്പളത്തിന് പുറത്ത് 50,000 കിലോമീറ്റര്‍ വ്യാപ്തിയില്‍ വ്യാപരിച്ചിരിക്കുന്ന തീവ്രതയാര്‍ന്ന വികിരണ വലയത്തെ (radiation belt) കണ്ടെത്താനായത് പ്രസ്തുത ബഹിരാകാശ ദൗത്യത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. സൂര്യനിലേതിന് സമാനമായി, ഏതാണ്ട് അതേ അനുപാതത്തില്‍ ഹൈഡ്രജനും ഹീലിയവും വ്യാഴത്തില്‍ നിറഞ്ഞിരിക്കുന്നു എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ചില ജൈവസംയുക്തങ്ങളുടെ സാന്നിധ്യവും കണ്ടെത്താന്‍ ഗലീലിയോ ദൗത്യത്തിലൂടെ സാധിച്ചു. സെക്കണ്ടില്‍ 640 മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റിന്റെ സാന്നിധ്യവും ഗലീലിയോയ്ക്ക് നിര്‍ണയിക്കാനായി.

വ്യാഴത്തിന്റെ നിരീക്ഷണത്തിനു പുറമേ ഗാനിമീഡ് ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളെയും ഗലീലിയോ പേടകം പഠനവിധേയമാക്കി. 2002 വരെ നീണ്ടു നിന്ന പര്യവേക്ഷണം ചില ഉപഗ്രഹങ്ങളുടെ പുറം വലയങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തുകയും ഈ വലയവ്യൂഹം ഉത്കാപതനത്തിന്റെ ഫലമായി ഈ ഉപഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നും വേര്‍പെട്ട പൊടിപടലങ്ങള്‍ അടിഞ്ഞുകൂടി രൂപപ്പെട്ടതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ അഗ്നിപര്‍വത പ്രവര്‍ത്തനം അരങ്ങേറുന്ന ഖഗോളീയ വസ്തു അയോ ആണെന്നും ഗലീലിയോ കണ്ടെത്തുകയുണ്ടായി. മാത്രമല്ല ഒയ്റോപ്പയില്‍ ഭൂമിയെക്കാള്‍ വിസ്തൃതിയേറിയ സമുദ്രം ഉണ്ടായിരിക്കാം എന്ന ശാസ്ത്രീയ നിഗമനത്തിന് ശക്തി പകരാനും ഗലീലിയോ ദൗത്യത്തിന് കഴിഞ്ഞു. ഗാനിമീഡിന് ഒരു കാന്തിക വലയം ഉണ്ടെന്നും കാലിസ്റ്റൊയില്‍ സമുദ്ര സാന്നിധ്യം ഉണ്ടായേക്കുമെന്നും ഗലീലിയോ ദൗത്യത്തിലൂടെ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍