This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗലാത്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗലാത്യ
Galacia
ഏഷ്യാമൈനറിലെ ചിറ്റാസിയയില്‍ ഉള്‍പ്പെട്ട പുരാതനജില്ല. ഹാലിസ്, സംഗാരിയൂസ് എന്നീ നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍നിന്നും രണ്ടായിരം അടി ഉയരത്തില്‍ ആണ് ഇതിന്റെ സ്ഥാനം. വടക്ക് ബിഫീനിയ, പാഫ്ലഗോണിയ എന്നിവയും പടിഞ്ഞാറ് ഫ്രിജിയയും തെക്ക് ലിക്കോത്യ, കപ്പഡോഷ്യ എന്നിവയും കിഴക്ക് പോന്തസ്സും ആയിരുന്നു അയല്‍രാജ്യങ്ങള്‍. ഗലാത്യര്‍ എന്നറിയപ്പെട്ടിരുന്ന ഇവിടത്തെ ജനത കെല്‍റ്റിക് വര്‍ഗക്കാരായിരുന്നു. ബി.സി. 278-ലാണ് അവര്‍ ഈ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്തതെന്നു വിശ്വസിക്കപ്പെടുന്നു. അന്‍സിറ, പെസ്സിനസ്, താവിയം എന്നിവയായിരുന്നു ആദ്യകാലത്തെ നഗരങ്ങള്‍. ബിഥീനിയ രാജ്യം ഭരിച്ചിരുന്ന 'നിക്കൊമെദസ് ഒന്നാമന്‍' സഹോദരനായ സിപ്പൊത്തെസ് (Zipoetes) രാജകുമാരനുമായി യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ രാജാവിന്റെ അപേക്ഷപ്രകാരം യുദ്ധവീരന്മാരായ ഗലാത്യര്‍ വിജയം നേടുന്നതില്‍ സഹായിച്ചു. ബി.സി. 190-ല്‍ റോമന്‍ സൈനികര്‍ സിറിയയെ ആക്രമിച്ചപ്പോള്‍, സിറിയയിലെ രാജാവായിരുന്ന 'അന്തിയോക്കസ് മൂന്നാമന്‍' ഗലാത്യരുടെ സഹായംതേടി. മഗ്നേസിയ എന്ന സ്ഥലത്തു നടന്ന യുദ്ധത്തില്‍ വിജയിച്ച റോമാക്കാര്‍ ഗലാത്യരെ പീഡിപ്പിച്ചു. ഗലാത്യര്‍ റോമന്‍ ഗവണ്‍മെന്റിനു വിധേയരായി കഴിഞ്ഞുകൂടി.
ബി.സി. 63-ല്‍ റോമിനെ ഭരിച്ചിരുന്ന 'പോമ്പി' ഗലാത്യയെ ഒരു സാമന്തരാജ്യമായി അംഗീകരിച്ചു. ജൂലിയസ് സീസറിന്റെ കാലത്തും ഗലാത്യയുടെ സ്വതന്ത്ര നിലനില്പിനെ റോമാ ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നു. പക്ഷേ ബി.സി. 25-ാമാണ്ട് റോമന്‍ ഭരണാധികാരിയായിരുന്ന അഗസ്റ്റസ് സീസര്‍, ഗലാത്യയെ പിടിച്ചെടുത്ത് സമീപപ്രദേശങ്ങളിലെ ചില സ്ഥലങ്ങള്‍ കൂടിച്ചേര്‍ത്ത് റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കി മാറ്റി. അന്തോഖ്യ, ഇക്കോത്യ, ലിസ്ത്ര, ദര്‍ബെ തുടങ്ങിയ നഗരങ്ങള്‍ ഈ പ്രവിശ്യയിലാണ്. ക്രിസ്തുവിന്റെ മരണത്തെത്തുടര്‍ന്ന് ശിഷ്യന്മാര്‍ മതപ്രചാരണം തുടങ്ങിയപ്പോള്‍ അനേകം ഗലാത്യര്‍ ക്രിസ്തുമതം സ്വീകരിച്ചു
(പ്രൊഫ. നേശന്‍ റ്റി. മാത്യു; സ.പ.)