This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗറില്ലായുദ്ധമുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗറില്ലായുദ്ധമുറ

Guerrilla Warfare

ഭീകരപ്രവര്‍ത്തനം, തീവ്രവാദികളുടെ ഒളിപ്പോര്, സായുധകലാപം മുതലായ അനിയതമായ ചെറുകിട യുദ്ധമുറ. സ്പാനിഷ്ഭാഷയില്‍നിന്നാണ് ചെറുകിടയുദ്ധം എന്നര്‍ഥം വരുന്ന ഗറില്ല എന്ന പദത്തിന്റെ നിഷ്പത്തി. നിയതമായ വന്‍കിടയുദ്ധത്തിന്റെയോ സായുധ വിപ്ലവത്തിന്റെയോ ഭാഗമായി നടത്തപ്പെടുന്ന ഒളിപ്പോരുകളും ഗറില്ലായുദ്ധമുറയുടെ പരിധിയില്‍പ്പെടുന്നു.

വിയറ്റ്നാം യുദ്ധകാലത്തെ ഒരു ഗറില്ലാസേന

ചരിത്രം. ക്രി.മു. 360-ല്‍ ചൈനയില്‍ ഹുയാങ് ചക്രവര്‍ത്തിക്കെതിരായി നിയാവോ വര്‍ഗക്കാര്‍ തിസിയാവോയുടെ നേതൃത്വത്തില്‍ ഗറില്ലാസമരം നടത്തുകയുണ്ടായി. എ.ഡി. 1663-66 കാലത്ത് ശിവജി ഫലപ്രദമായ ഒളിപ്പോരുകള്‍ നടത്തിയതായി ചരിത്രരേഖകളുണ്ട്. 1807-ല്‍ ഐബീരിയന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ഫ്രഞ്ചു ഗറില്ലായുദ്ധവും ശ്രദ്ധേയമാണ്. ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആദ്യത്തെ ഗറില്ലായുദ്ധം നടന്നത് സ്പെയിനിലാണ് (1808-13). 1812-ല്‍ ഒരു വലിയ സൈന്യവുമായി നെപ്പോളിയന്‍ റഷ്യയെ ആക്രമിച്ചു. നെപ്പോളിയന്റെ വന്‍സൈന്യത്തെ നിയതമായ രീതിയില്‍ നേരിടാനുള്ള സൈനികശക്തി റഷ്യയ്ക്കുണ്ടായിരുന്നില്ല. റഷ്യക്കാര്‍ 500 യോദ്ധാക്കള്‍ വീതമുള്ള ഒമ്പതു ഗറില്ലാഡിവിഷനുകള്‍ രൂപീകരിച്ചു. നെപ്പോളിയന്റെ വന്‍സൈന്യത്തെ റഷ്യക്കാര്‍ ഒളിപ്പോരിലൂടെ നേരിട്ടു. അവസാനം നെപ്പോളിയന്റെ സൈന്യത്തെ പരാജയപ്പെടുത്താനവര്‍ക്കു കഴിഞ്ഞു.

1814-നും ഒന്നാം ലോകയുദ്ധാരംഭ(1914)ത്തിനും ഇടയ്ക്ക് ലോകത്തിന്റെ പലഭാഗങ്ങളിലും ഗറില്ലായുദ്ധം നടക്കുകയുണ്ടായി. മെക്സിക്കന്‍ ഗറില്ലകള്‍ സ്കോട്ടിന്റെ ചലനത്തിന് തടസ്സം സൃഷ്ടിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഗറില്ലാ സമരങ്ങള്‍ നടന്നു. ടര്‍ക്കോമന്‍ ഗോത്രങ്ങളുടെ എതിര്‍പ്പിനെ ഗറില്ലായുദ്ധമുറയിലൂടെ പരാജയപ്പെടുത്താന്‍ റഷ്യയ്ക്കു കഴിഞ്ഞു. ബല്‍ക്കാര്‍ ജനത ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ത്തത് ഗറില്ലായുദ്ധമുറകള്‍ വഴിയാണ്. 1821-ല്‍ ഗ്രീസിലെ സ്വാതന്ത്ര്യസമരത്തിന് സ്വീകരിച്ച മാര്‍ഗവും ഗറില്ലാ സമരമുറയാണ്.

തുര്‍ക്കികള്‍ക്കെതിരെ അറബികള്‍ നടത്തിയത് (1916-18), ഏഷ്യയിലെ അറബിഭാഷാപ്രദേശങ്ങള്‍ മുഴുവന്‍ പിടിച്ചടക്കുന്നതിനുവേണ്ടിയുള്ള ഗറില്ലായുദ്ധമായിരുന്നു. സ്ഥിരതയില്ലാത്തതും ചിതറിക്കിടന്നിരുന്നതുമായ അറബിഗോത്രങ്ങള്‍ ഗറില്ലാതന്ത്രങ്ങള്‍ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുകവഴി തുര്‍ക്കികളെ പരാജയപ്പെടുത്തി. ഫിസിബല്‍ ആയിരുന്നു അറബിഗോത്രങ്ങളെ നയിച്ചത്.

1927 മുതല്‍ 36 വരെ ചൈനയിലെ കമ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ തുടര്‍ച്ചയായി ഗറില്ലായുദ്ധങ്ങള്‍ നടത്തി. ക്യൂബ, ലാവോസ്, ഉത്തരവിയറ്റ്നാം, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ഗറില്ലായുദ്ധങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. ഇന്തോചീനയില്‍ ഗറില്ലാ സമരങ്ങളിലൂടെ ഒരു സ്ഥിരം സൈന്യം വളര്‍ന്നുവരികയും സര്‍ക്കാര്‍ സൈന്യത്തെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. നിയതമായ സ്ഥിരസൈന്യത്തിനെതിരായി ടിറ്റോയുടെ നേതൃത്വത്തില്‍ ഒളിപ്പോരാളികള്‍ നടത്തിയ പോരാട്ടം ഫ്രഞ്ചുസൈന്യത്തിനെതിരെ അള്‍ജീരിയന്‍ ഗറില്ലകള്‍ സംഘടിപ്പിച്ച രക്തരൂഷിതമായ സംഘട്ടനങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ ഗറില്ലായുദ്ധമുറകള്‍ വ്യാപകമായിത്തീര്‍ന്നു. ഗ്രീസ്, ചൈന, മലയ, ഒമാന്‍, ഈജിപ്ത്, ഏദന്‍, അള്‍ജീരിയ, കെനിയ, സൈപ്രസ്, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ ഗറില്ലായുദ്ധം ശക്തമായി നടന്നു.

ജനകീയ സായുധവിപ്ലവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഗറില്ലാസമരങ്ങള്‍ പല കാരണങ്ങളാലും മറ്റു ഗറില്ലാസമരങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. നിലവിലുള്ള ജനദ്രോഹപരമായ സാമൂഹികവ്യവസ്ഥയെ അട്ടിമറിച്ച് ജനക്ഷേമം ലക്ഷ്യമാക്കിയുള്ള മറ്റൊരു സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കുക എന്നതാണ് ഇത്തരം ഗറില്ലായുദ്ധങ്ങളുടെ ആത്യന്തികലക്ഷ്യം. വ്യക്തമായ ഒരു രാഷ്ട്രീയ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടായിരിക്കും ജനകീയ സായുധവിപ്ലവത്തിന്റെ ഭാഗമായ ഗറില്ലായുദ്ധം നടക്കുക. വ്യക്തമായ ലക്ഷ്യബോധത്തോടൊപ്പം ഇത്തരം ഗറില്ലായുദ്ധത്തിന് സജീവമായ ജനപിന്തുണയും അനിവാര്യമാണ്. റഷ്യന്‍വിപ്ലവത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ ഗറില്ലായുദ്ധമുറയ്ക്ക് കവിഞ്ഞ പ്രാധാന്യം ലെനിന്‍ കല്പിക്കുകയുണ്ടായില്ല. എന്നാല്‍, ചൈനയിലെ വിപ്ലവനായകനായ മാവോ സെ തുങ് ഗറില്ലായുദ്ധത്തിന്റെ പ്രാധാന്യം അംഗീകരിച്ചു.

ഒരു സ്ഥിരസൈന്യത്തിനാവശ്യമായ ഉപകരണങ്ങളോ പരിശീലനമോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് നേതാവായ മാവോ സെ തുങ് പ്രായോഗികബുദ്ധിയോടുകൂടി വിപ്ലവഗറില്ലാസമരമുറയുടെ തന്ത്രങ്ങളും അടവുകളും ആവിഷ്കരിക്കുകയും മറ്റു ഗറില്ലായുദ്ധങ്ങളില്‍നിന്നു വിപ്ലവഗറില്ലായുദ്ധത്തെ വേര്‍തിരിച്ചുകാണിക്കുകയും ചെയ്തു. ഇക്കാരണംകൊണ്ടുതന്നെ ആധുനിക വിപ്ലവഗറില്ലായുദ്ധമുറയുടെ പ്രമുഖശില്പിയായി മാവോ പരിഗണിക്കപ്പെടുന്നു. സാധാരണക്കാരില്‍ നിന്ന് ഗറില്ലാസേനയ്ക്ക് രൂപം നല്കാമെന്നും കര്‍ശനമായ രാഷ്ട്രീയനിയന്ത്രണത്തിനു വിധേയമായി ഇത്തരം ഗറില്ലാസേനയെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ആയുധപരിശീലനവും രാഷ്ട്രീയവിദ്യാഭ്യാസവും നല്കി ഗറില്ലകളെ ശത്രുവിനെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗറില്ലാ യൂണിറ്റുകളെ ഒരു കേന്ദ്രീകൃത നേതൃത്വത്തിനു നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം കാട്ടിക്കൊടുത്തു. ശത്രുസൈന്യത്തിന് മാരകവും അന്തിമവുമായ പ്രഹരം ഏല്പിക്കാന്‍ കെല്പുള്ള സുസജ്ജവും, നിയതവുമായ ഒരു സൈന്യത്തിന്റെ രൂപവത്കരണം എന്ന അന്തിമലക്ഷ്യം വച്ചുകൊണ്ടായിരിക്കണം കേന്ദ്രീകൃത രാഷ്ട്രീയനേതൃത്വമുള്ള ചെറിയ ചെറിയ ഗറില്ലായുണിറ്റുകള്‍ പ്രവര്‍ത്തനം നടത്തേണ്ടതെന്നും മാവോ സിദ്ധാന്തിച്ചു.

ഒരു ഗറില്ലായൂണിറ്റില്‍ സിവിലിയന്‍ വോളന്റിയര്‍മാര്‍, സൈനികവിദഗ്ധന്മാര്‍, ഒളിച്ചോടിപ്പോന്ന സൈനികര്‍, രാഷ്ട്രീയനേതൃത്വം നല്കാന്‍ കഴിവുള്ളവര്‍ തുടങ്ങിയ പലതരക്കാരുണ്ടായിരിക്കും. ഇത്തരം ഗറില്ലായൂണിറ്റുകളുടെ പ്രവര്‍ത്തനം വ്യാപകമായിത്തീരുന്നതോടെ ഗറില്ലകളെ ഏകോപിപ്പിച്ച് സുശിക്ഷിതരും പരിചയസമ്പന്നരുമാക്കി ഒരു സ്ഥിരസേനയ്ക്ക് കാലക്രമേണ രൂപംനല്കാന്‍ കഴിയും. ഗറില്ലായുദ്ധതന്ത്രങ്ങളുടെ ഫലപ്രദവും നിരന്തരവുമായ പ്രയോഗത്തിലൂടെ ക്ഷീണിതരും ഭയചകിതരുമായിത്തീരുന്ന ശത്രുസേനയെ, ഗറില്ലായൂണിറ്റുകളെ ഏകോപിപ്പിച്ച് രൂപവത്കരിക്കപ്പെടുന്ന സൈന്യത്തിന് അടിയറവു പറയിക്കാനാവുമെന്ന് ചൈനയിലെ അനുഭവങ്ങള്‍ വ്യക്തമാക്കി. മാവോയുടെ വിജയം മറ്റനേകം രാജ്യങ്ങളിലേക്ക് ഗറില്ലായുദ്ധമുറ വ്യാപിപ്പിക്കുന്നതിന് പ്രചോദനമായി. ഗറില്ലായുദ്ധമുറയുടെ വ്യാപനത്തിന് മറ്റു ചില അനുകൂലഘടകങ്ങള്‍ കൂടിയുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന് പല രാജ്യങ്ങളിലുമുണ്ടായ ശക്തിശൈഥില്യം, യുദ്ധംമൂലം സാമ്രാജ്യത്വ രാജ്യങ്ങള്‍ക്ക് അനുഭവപ്പെട്ട തകര്‍ച്ച, സാധാരണക്കാരുടെ കൈകളില്‍ ആയുധങ്ങള്‍ എത്തിച്ചേര്‍ന്നത്, ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ വ്യാപനം തുടങ്ങിയവ ഇത്തരം ഘടകങ്ങളാണ്.

രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തിലെ ആധുനിക ഗറില്ലായുദ്ധങ്ങള്‍ പ്രധാനമായി മൂന്നുതരത്തില്‍പ്പെടുന്നു. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍വേണ്ടി നടത്തുന്ന പ്രതിവിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായ ഗറില്ലാസമരമാണ് ഇവയിലൊന്ന്. കമ്യൂണിസ്റ്റ് വിരുദ്ധരാജ്യങ്ങളുടെ സഹായത്തോടൂകൂടി യുക്രെയ്ന്‍, ഹംഗറി, അഫ്ഗാനിസ്താന്‍ മുതലായ രാജ്യങ്ങളില്‍ ഇത്തരം സമരങ്ങള്‍ നടക്കുകയുണ്ടായി. കൊളോണിയല്‍ മേധാവിത്വത്തിനെതിരെയുള്ള ഗറില്ലാസമരങ്ങളാണ് രണ്ടാമത്തേത്. സൈപ്രസ്, കെനിയ, അള്‍ജീരിയ, അങ്ഗോള മുതലായ രാജ്യങ്ങളിലെ ഗറില്ലായുദ്ധങ്ങള്‍ ഇതിനുദാഹരണമാണ്. കമ്യൂണിസ്റ്റ് വിപ്ലവം ലക്ഷ്യമാക്കിയുള്ള ഗറില്ലാസമരങ്ങളാണ് മൂന്നാം വിഭാഗത്തില്‍പ്പെടുന്നത്. ചൈന, വിയറ്റ്നാം, ഗ്രീസ്, ഫിലിപ്പീന്‍സ്, മലയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഗറില്ലായുദ്ധങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

ഗറില്ലാസമരമുറയെ സംബന്ധിച്ച പല സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ട്. ആധുനിക ഗറില്ലായുദ്ധമുറയുടെ പ്രമുഖസൈദ്ധാന്തികരില്‍ വിയറ്റ്നാമിലെ ഗിയാപ്പും ചിന്നും, ഇന്തോനേഷ്യയിലെ നാസൂഷിയന്‍, സൈപ്രസ്സിലെ ഗ്രിവാസ്, ലാറ്റിനമേരിക്കയിലെ ചെഗുവാരെ തുടങ്ങിയവര്‍പ്പെടുന്നു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ഗറില്ലാസമരത്തിന് മൂന്നു പ്രധാനഘട്ടങ്ങളുണ്ടായിരിക്കുമെന്ന മാവോയുടെ സിദ്ധാന്തത്തോട് നാസൂഷിയന്‍, ഗിയാപ്, ചിന്‍ എന്നിവര്‍ യോജിക്കുന്നു. രാജ്യത്തിനുടനീളം വലക്കണ്ണികള്‍പോലെയുള്ള ചെറിയ ചെറിയ ഭൂഗര്‍ഭഗറില്ലാ യൂണിറ്റുകളുടെ രൂപവത്കരണവും പരിശീലനവുമാണ് ആദ്യഘട്ടം. ഈ ഗറില്ലായൂണിറ്റുകള്‍ ശത്രുവിനെതിരെ കഴിവിനനുസരിച്ച് ഒളിപ്പോരുകള്‍ നടത്തുന്നതാണ് രണ്ടാംഘട്ടം. അംഗസംഖ്യയും ആയുധശേഖരവും ആവശ്യമായ തോതില്‍ ലഭിച്ചുകഴിഞ്ഞാല്‍, അന്തിമലക്ഷ്യത്തിനുവേണ്ടിയുള്ള കേന്ദ്രീകൃതമായ സൈനികാക്രമണം നടത്തുകയെന്നതാണ് മൂന്നാംഘട്ടം.

ഭൂഗര്‍ഭഗറില്ലായൂണിറ്റുകളുടേതായ ആദ്യഘട്ടത്തില്‍ ചെറിയ ലക്ഷ്യങ്ങള്‍മാത്രം വച്ചുകൊണ്ടുള്ള പരിശീലനമാണ് നടത്തുക. രണ്ടാംഘട്ടത്തില്‍ കുറേക്കൂടി വലിയ ലക്ഷ്യങ്ങള്‍ ലാക്കാക്കിയുള്ള ഒളിപ്പോര്‍ സംഘടിപ്പിക്കുന്നു. മൂന്നാംഘട്ടമെത്തുമ്പോള്‍ ഏതു പ്രത്യാക്രമണത്തെയും നേരിടത്തക്കവിധത്തില്‍ കേന്ദ്രീകൃതവും സുസജ്ജവുമായ ഒരു സൈന്യം രൂപംകൊണ്ടുകഴിഞ്ഞിരിക്കണം. സൂക്ഷ്മമായി വിശകലനം ചെയ്തുവേണം ഒരു ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള വികാസം ആസൂത്രണം ചെയ്യേണ്ടത്. ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള എടുത്തുചാട്ടം ഭീകരമായ തിരിച്ചടികള്‍ക്ക് ഇടയാക്കിയേക്കും. ഉദാ. ഫ്രഞ്ചുകാര്‍ക്കെതിരായി ഇന്തോചൈനയില്‍ നടന്ന ഗറില്ലായുദ്ധത്തിനിടയില്‍ 1952-ലുണ്ടായ തിരിച്ചടി. പക്വതയാര്‍ജിച്ചിട്ടാല്ലാതിരുന്ന ഗറില്ലാസേനയുമായി അന്ന് ഗിയാപ് മൂന്നാംഘട്ടത്തിലേക്ക് എടുത്തുചാടി ഭീകരമായ തിരിച്ചടിയേറ്റു. എന്നാല്‍, നല്ല മെയ്വഴക്കത്തോടെ രണ്ടാംഘട്ടത്തിലേക്കുതന്നെ തിരിച്ചുവന്ന് ഗിയാപ് വളരെവേഗം തെറ്റുതിരുത്തുകയും, മൂന്നാംഘട്ടത്തിനുവേണ്ടിയുള്ള ശ്രദ്ധാപൂര്‍വമായ ആസൂത്രണത്തിലൂടെ ഡീന്‍ബിന്‍ഫുവില്‍ ശത്രുവിനെതിരെ വിജയം നേടുകയും ചെയ്തു.

സൈപ്രസ്സിലെ ഗ്രിവാസും മൂന്നു ഘട്ടങ്ങളായുള്ള ഗറില്ലാ സമരമുറയാണ് സ്വീകരിച്ചതെങ്കിലും ഇന്തോ-ചീനയിലെയും, ചൈനയിലെയും വന്‍തോതിലുള്ള ഗറില്ലാ സമരമുറയെ അപേക്ഷിച്ച് ഗ്രിവാസിന്റേത് താണപടിയിലുള്ളതായിരുന്നു. മാവോയുടെയും ഗിയാപ്പിന്റെയും സിദ്ധാന്തങ്ങള്‍ പിന്നീട് അവര്‍തന്നെ പരിഷ്കരിക്കുകയുണ്ടായി. ശത്രുവിനെ പരാജയപ്പെടുത്താന്‍ രണ്ടു മാര്‍ഗത്തിലുള്ള ഗറില്ലാസമരങ്ങള്‍ ആവാമെന്നും, സാഹചര്യത്തിനനുസരിച്ചുവേണം യുക്തമായ മാര്‍ഗം സ്വീകരിക്കേണ്ടതെന്നും അവര്‍ കണ്ടെത്തി. ഒന്നാമത്തെ മാര്‍ഗം മുമ്പ് പറഞ്ഞതുപോലെ മൂന്നുഘട്ടങ്ങളിലായി വികസിപ്പിച്ചെടുത്ത നിയതമായ ഒരു സേനയുടെ രൂപവത്കരണത്തില്‍ക്കൂടി ശത്രുസേനയെ നേരിട്ടെതിര്‍ത്ത് പരാജയപ്പെടുത്തുക എന്നതുതന്നെ. രണ്ടാമത്തെ മാര്‍ഗം നിയതമായ സൈന്യരൂപവത്കരണം നടത്താതെതന്നെ നിരന്തരവും ഭീകരവും വ്യാപകവുമായ ഗറില്ലായുദ്ധമെന്ന മൂന്നാംഘട്ടത്തിലൂടെ ശത്രുവിന്റെ മനോവീര്യം നഷ്ടപ്പെടുത്തി. അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാക്കുകയും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കിത്തീര്‍ക്കുകയുമാണ്. വിയറ്റ്നാമില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വലിയാന്‍ നിര്‍ബന്ധിതമായത് രണ്ടാമത്തെ മാര്‍ഗംകൊണ്ടാണ്. എന്നാല്‍ ഈ മാര്‍ഗമുപയോഗിച്ചുള്ള ഗറില്ലാസമരം വിജയിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന് സ്വാഭാവികമാണ്. രണ്ടാമത്തെ മാര്‍ഗത്തിലുള്ള ഗറില്ലായുദ്ധങ്ങള്‍ക്ക് സുരക്ഷിതമായ താവളങ്ങള്‍ അത്യാവശ്യമാണ്. കാസ്ട്രോയും ഗുവാരെയും ക്യൂബന്‍ മലകളും, ഗ്രീവാസ് സൈപ്രസിലെ പര്‍വത പ്രദേശങ്ങളും മലയന്‍ ഗറില്ലകള്‍ വനങ്ങളുമാണ് താവളമാക്കിയത്. ഇത്തരം താവളങ്ങള്‍ ഗറില്ലകളോട് അനുഭാവമുള്ള അയല്‍രാജ്യങ്ങളോടു തൊട്ടുള്ള അതിര്‍ത്തിപ്രദേശങ്ങളിലാവുന്നത് സൗകര്യപ്രദമായിരിക്കും. ഇന്തോ-ചീന ഗറില്ലാസമരത്തില്‍ ചൈനയോടടുത്ത അതിര്‍ത്തിപ്രദേശത്തും ദക്ഷിണ വിയറ്റ്നാമിലെ ഗറില്ലായുദ്ധത്തില്‍ ഉത്തര വിയറ്റ്നാമിനോടടുത്ത അതിര്‍ത്തിപ്രദേശത്തും ഇത്തരം താവളങ്ങള്‍ വിജയകരമായി സ്ഥാപിച്ചു പ്രവര്‍ത്തിക്കാന്‍ ഗറില്ലകള്‍ക്കു കഴിഞ്ഞു. വിപ്ലവഗറില്ലാസമരമുറയുടെ വിജയം മറ്റെല്ലാറ്റിലും ഉപരിയായി സാര്‍വത്രികമായ ജനകീയ പിന്തുണയെ ആശ്രയിച്ചാണിരിക്കുന്നത്.

ഗറില്ലായുദ്ധത്തിന്റെ വിജയത്തിനാവശ്യമായ ചില പൊതുഘടകങ്ങളാണ് താഴെ പറയുന്നത്.

1. പൊതുജന സഹകരണം. ജനങ്ങളുടെ സഹകരണമില്ലാതെ ഗറില്ലകള്‍ക്ക് വളരുവാനോ വികസിക്കുവാനോ സാധ്യമല്ല. ജനങ്ങളുടെ സ്നേഹവും സഹായവും നേടുന്നതിന് ഇവര്‍ പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. പ്രചാരവേല നടത്തുക, ശത്രുക്കളില്‍നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക, സഹകരണം നല്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കുക തുടങ്ങിയവയാണ് ചില മാര്‍ഗങ്ങള്‍. ജനകീയപിന്തുണ ലഭിക്കുന്നതോടെ ഗറില്ലകള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, താവളം, അംഗബലം തുടങ്ങിയവ ലഭിക്കാനുള്ള മാര്‍ഗം തുറന്നുകിട്ടുന്നു.

2. മാതൃകാപരമായ ഒരു കാരണം. ജനങ്ങളുടെ വികാരത്തെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ആവശ്യങ്ങള്‍ ഗറില്ലകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഇതിന് ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള അസ്വസ്ഥതയുമായി ബന്ധമുണ്ടായിരിക്കണം. ദേശീയോന്നതി, സാമൂഹിക സാമ്പത്തികോന്നമനം തുടങ്ങിയവ ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകാപരമായ ഒരു കാരണം കണ്ടെത്തുന്നതിനു സഹായിക്കുന്നു.

3. ഫലപ്രദമായ നേതൃത്വം. വിജയകരമായ ഗറില്ലാ യുദ്ധമുറയ്ക്ക് സമര്‍ഥവും ഫലപ്രദവുമായ നേതൃത്വം അനിവാര്യമാണ്. പ്രാദേശികതലം മുതല്‍ അത്യുന്നതതലം വരെ ഇത്തരം നേതൃത്വം ആവശ്യമാണ്. നേതൃത്വം യുദ്ധതന്ത്രത്തിനുവേണ്ടി കേന്ദ്രീകരിക്കുകയും യുദ്ധസന്നാഹങ്ങള്‍ക്കുവേണ്ടി വികേന്ദ്രീകരിക്കുകയും ചെയ്യണം. ജനകീയാവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അത് ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും നേതാക്കന്മാര്‍ക്കു കഴിയണം.

4. ബാഹ്യസഹായങ്ങള്‍. ഗറില്ലാസൈന്യങ്ങള്‍ക്ക് പല രൂപത്തിലാണ് ബാഹ്യസഹായങ്ങള്‍ ലഭിക്കുന്നത്. നേതൃത്വം, പരിശീലനം, ഉപകരണം, സാമ്പത്തികവിഭവങ്ങള്‍ എന്നിവയാണ് ബാഹ്യസഹായങ്ങള്‍.

5. കര്‍ശനമായ അച്ചടക്കം. കര്‍ശനമായ അച്ചടക്കം അത്യാവശ്യമാണ്. കര്‍ത്തവ്യനിര്‍വഹണത്തില്‍ മനഃപൂര്‍വം ഉപേക്ഷ കാണിക്കുന്നവര്‍ക്ക് മരണശിക്ഷവരെ നല്കാറുണ്ട്. ഗറില്ലാസൈന്യത്തിലുള്ള രാജ്യദ്രോഹികളെ എളുപ്പത്തില്‍ കണ്ടുപിടിക്കാനും കര്‍ശനമായി ശിക്ഷിക്കാനുമുള്ള സംവിധാനമുണ്ടായിരിക്കണം.

6. പ്രചാരവേല. പൊതുജനങ്ങളുടെ വിശ്വാസവും സഹതാപവും നേടിയെടുക്കുന്നതിനും ശത്രുവിന്റെ മനോവീര്യം നശിപ്പിക്കുന്നതിനും പ്രചാരവേല അത്യാവശ്യമാണ്. കിംവദന്തികള്‍, വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ പ്രചരിപ്പിച്ചാണ് ഗറില്ലകള്‍ ഈ ലക്ഷ്യം നേടുന്നത്. പൊതുജന മനഃശാസ്ത്രം, സാമൂഹിക ചുറ്റുപാടുകള്‍, പരസ്പരധാരണ, സംസ്കാരം, കഴിവ് എന്നിവയെല്ലാം കണക്കിലെടുത്തു മാത്രമേ പ്രചാരവേല നടത്താറുള്ളൂ. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ട എല്ലാ മാര്‍ഗങ്ങളും ഗറില്ലകള്‍ ഉപയോഗിക്കുന്നു. പ്രചാരവേല വഴി തങ്ങളുടെ ലക്ഷ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും ശത്രുവിന്റെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടാനും ഗറില്ലകള്‍ ശ്രദ്ധിക്കാറുണ്ട്.

7. രഹസ്യാന്വേഷണം. 'നിങ്ങള്‍ സ്വയം മനസ്സിലാക്കുകയും നിങ്ങളുടെ ശത്രുവിനെ അറിയുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അനായസം ജയിക്കാന്‍ കഴിയും' എന്ന് സണ്‍ടിസു പറഞ്ഞിട്ടുണ്ട്. വളരെ സൂക്ഷ്മമായ രഹസ്യാന്വേഷണവിഭാഗം ഗറില്ലകള്‍ക്ക് അത്യന്തം സഹായകമാണ്. സമര്‍ഥമായ രഹസ്യാന്വേഷണംകൊണ്ട് ശത്രുവിനെപ്പറ്റിയും അവരുടെ പരിപാടികളെപ്പറ്റിയും സമയാനുസൃതവും സൂക്ഷ്മവുമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിയുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനുവേണ്ടി ഗറില്ലകളില്‍ പലതരം ചാരന്മാരുണ്ട്. സ്ത്രീ പുരുഷഭേദമന്യേ വിവിധ പ്രായത്തിലുള്ളവര്‍ ചാരന്മാരായി ജോലി ചെയ്യുന്നു. ശത്രുക്കളുടെ ഇടയില്‍ കിംവദന്തികള്‍ പരത്തുന്നതിനുവേണ്ടി പ്രത്യേക പരിശീലനം സിദ്ധിച്ചവരുമുണ്ട്.

8. മനോവീര്യം. പ്രചാരവേല, വിജയാഘോഷങ്ങള്‍, രാഷ്ട്രീയ എതിരാളികളെ നീക്കം ചെയ്യല്‍, അത്യാവശ്യമായ പരേഡുകള്‍, സാമൂഹ്യാഘോഷങ്ങള്‍, അര്‍ഹിക്കുന്നവര്‍ക്ക് ബഹുമതി നല്കല്‍ തുടങ്ങിയവമൂലം ഗറില്ലാനേതാക്കന്മാര്‍ ഗറില്ലകളില്‍ ആവശ്യമായ മനോവീര്യം വളര്‍ത്തിയെടുക്കുന്നു.

9. താവളപ്രദേശം. കാട്ടുപ്രദേശങ്ങള്‍, മലകള്‍, മലയിടുക്കുകള്‍ തുടങ്ങിയ പ്രദേശങ്ങളാണ് ഗറില്ലാത്താവളങ്ങള്‍ക്ക് അനുയോജ്യം.

ഗറില്ലായുദ്ധമുറയുടെ ചില സവിശേഷതകള്‍ ഇനി കൊടുക്കുന്നു.

1. നിര്‍വീര്യമാക്കല്‍. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും അവസരത്തിനൊത്ത തന്ത്രങ്ങളുപയോഗിച്ച് അവര്‍ ശത്രുനിരയെ നിര്‍വീര്യമാക്കുന്നു. ശത്രുക്കളെ നിര്‍വീര്യമാക്കുന്നതിന് ഇനിപ്പറയുന്ന അടവുകളുപയോഗിക്കാറുണ്ട്: (1) ശത്രു ക്ഷീണിക്കുന്ന സമയത്ത് ആക്രമിക്കുക (2) ശത്രു പ്രതീക്ഷിക്കാത്ത സമയത്ത് ആക്രമിക്കുക (3) പ്രയാസകരമായ സ്ഥലങ്ങളിലൂടെ ചെന്ന് പ്രതികൂല കാലാവസ്ഥയില്‍, രാത്രിയില്‍ ആക്രമിക്കുക (4) മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്തും സമയത്തും കേന്ദ്രീകരിച്ച് ശത്രുവിനോട് പോരാടുക (5) കുറച്ചുസമയത്തേക്കുമാത്രം ഭയാനകമായ ആക്രമണം പെട്ടെന്നു നടത്തുക (6) ശത്രുതാവളത്തിന്റെ പിന്നില്‍ ആക്രമണം നടത്തുക (7) ഒരു തവണ ആക്രമണം നടത്തി ഓടി ഒളിച്ചശേഷം വീണ്ടും മറ്റെവിടെയെങ്കിലും ചെന്ന് ആക്രമിക്കുക, (8) വളരെ വേഗതയോടെ സഞ്ചരിച്ച് ആക്രമണം നടത്തുക.

2. ചലനസ്വാഭാവം. ഗറില്ലായുദ്ധത്തിന്റെ വിജയം ഒരു പരിധിവരെ ഗറില്ലകളുടെ ചലനസ്വഭാവത്തില്‍ നിക്ഷിപ്തമാണ്. അന്യരുടെ ശ്രദ്ധയില്‍പ്പെടാതെ വളരെ വേഗത്തില്‍ സഞ്ചരിക്കുവാന്‍ ഇവര്‍ക്കു കഴിയണം. കൊണ്ടുനടക്കാന്‍ പ്രയാസം കുറഞ്ഞ ആയുധങ്ങള്‍ ധരിച്ച് കാല്‍നടയായി വളരെദൂരം സഞ്ചരിക്കുവാന്‍ ഇവര്‍ക്ക് സാധിക്കണം. ഏതു പ്രതികൂല കാലാവസ്ഥയിലും വെളിച്ചം കുറഞ്ഞ സമയത്തും പ്രയാസകരമായ പ്രദേശങ്ങളില്‍ക്കൂടിയും സഞ്ചരിക്കുവാന്‍ ഇവര്‍ക്കു കഴിയണം.

3. രാത്രിയിലുള്ള പോരാട്ടം. മിക്കപ്പോഴും ഗറില്ലാ ആക്രമണങ്ങള്‍ രാത്രിയുടെ നിഗൂഢയാമങ്ങളിലായിരിക്കും നടക്കുക. അപ്രതീക്ഷിതമായ ഇത്തരം ആക്രമണം ശത്രുവിനെ കബളിപ്പിക്കാനും ശത്രുവിന്റെ മനോവീര്യം തകര്‍ക്കുവാനും സഹായിക്കുന്നു.

4. സാഹചര്യവുമായി ഇണങ്ങിച്ചേരല്‍. ഏതുതരം സാഹചര്യത്തിലും ജീവിച്ചുകൊണ്ട് പോരാടുവാന്‍ ഇവര്‍ക്കു കഴിയണം.

5. പിരിഞ്ഞുപോകല്‍. എന്തെങ്കിലും കാരണവശാല്‍ പരാജയപ്പെടേണ്ട അവസ്ഥയിലെത്തുമ്പോള്‍, ഗറില്ലാസൈന്യങ്ങള്‍ നാനാഭാഗങ്ങളിലേക്കു പിരിഞ്ഞുപോകും. മുന്‍കൂട്ടി തീരുമാനിച്ച ഒരു സ്ഥലത്ത് അവര്‍ വീണ്ടും സമ്മേളിക്കും. സാധാരണയായി ഇപ്പറയുന്ന സന്ദര്‍ഭങ്ങളിലാണ് ഗറില്ലകള്‍ നാനാഭാഗങ്ങളിലേക്കു പിരിഞ്ഞുപോകുന്നത്. (1) ശത്രുവിനാല്‍ വളയപ്പെടുമ്പോള്‍ (2) ഭക്ഷണസാമഗ്രികള്‍ കുറയുമ്പോള്‍ (3) വളരെ പ്രയാസമുള്ള ഭൂതലത്തില്‍ വളരെ വ്യാപകമായ സ്ഥലത്തു കേന്ദ്രീകരിക്കപ്പെട്ട ശത്രുക്കളോട് ഏറ്റുമുട്ടേണ്ടിവരുമ്പോള്‍.

സുവര്‍ണനിയമങ്ങള്‍. ഗറില്ലായുദ്ധമുറയില്‍ പൊതു അംഗീകാരമുള്ള ചില നിയമങ്ങളാണ് ഇനിപ്പറയുന്നവ: (1) തങ്ങളെക്കാള്‍ ബലമുള്ള ശത്രുവിനെ ഒഴിവാക്കുക (2) ശത്രു മുന്നേറുമ്പോള്‍ പിന്മാറുക, (3) ശത്രു താവളമടിക്കുമ്പോള്‍ സൂക്ഷ്മനിരീക്ഷണം നടത്തുക (4) ശത്രു യുദ്ധമുപേക്ഷിക്കുമ്പോള്‍ അവരെ ആക്രമിക്കുക (5) ശത്രു പിന്തിരിഞ്ഞോടുമ്പോള്‍ അവരെ പിന്തുടര്‍ന്ന് ആക്രമിക്കുക (6) ശത്രു പ്രതീക്ഷിക്കാത്തപ്പോള്‍ അവരെ കടന്നാക്രമിക്കുക (7) ശക്തികുറഞ്ഞ ശത്രുസൈന്യത്തിനെതിരെ കേന്ദ്രീകരിച്ചു യുദ്ധം ചെയ്യുക (8) ശത്രു മുന്നേറുന്ന സമയത്ത് അവരെ നശിപ്പിക്കാനുള്ള സാഹചര്യങ്ങളുണ്ടെങ്കില്‍ മാത്രം കേന്ദ്രീകരിക്കുക (9) പൂര്‍ണമായ തയ്യാറെടുപ്പുകള്‍ക്കുശേഷം നല്ല തുടക്കത്തോടെ യുദ്ധം ചെയ്യുക (10) ശത്രുവലയത്തിലകപ്പെട്ടാല്‍ നാനാഭാഗത്തേക്കും തിരിഞ്ഞോടി അപ്രത്യക്ഷമാവുക (11) വളരെ ഗൂഢമായി ഒളിച്ചു സഞ്ചരിക്കുക (12) എല്ലായ്പോഴും ജനങ്ങളുമായി സഹകരിക്കുക (13) ചെറിയ സൈന്യത്തെ വളരെ വേഗത്തില്‍ വളരെ ദൂരസ്ഥലത്ത് ഉപയോഗിക്കുക (14) ശത്രു പ്രതീക്ഷിക്കുന്നതിനു മുമ്പുതന്നെ ശത്രുവിന്റെ പിന്‍നിരയെ തകര്‍ക്കുക (15) പൊതുജനങ്ങളോട് സത്യസന്ധതയോടെ നിസ്വാര്‍ഥമായി നീതിപൂര്‍വം പെരുമാറുക (16) ജനങ്ങളില്‍നിന്നു വാങ്ങുന്ന വസ്തുക്കളെ തിരിച്ചുകൊടുക്കുക, (17) രഹസ്യം കാത്തുസൂക്ഷിക്കുക (18) പൂര്‍ണത നേടുവാന്‍ ലക്ഷ്യം വയ്ക്കുകയും വേഗതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക (19) ഉത്പതിഷ്ണുതയോടെയും ബുദ്ധിസാമര്‍ഥ്യത്തോടെയും പ്രവര്‍ത്തിക്കുക (20) ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ കര്‍ശനമായ മൌനം പാലിക്കുക, (21) കൈകൊണ്ടോ നിറമുള്ള കൊടികള്‍ കൊണ്ടോ വിസില്‍ കൊണ്ടോ, വെളിച്ചം കുറഞ്ഞ ടോര്‍ച്ചുകൊണ്ടോ സിഗ്നലുകള്‍ നല്കിമാത്രം ആജ്ഞകള്‍ പുറപ്പെടുവിക്കുക (22) രാത്രിയില്‍ ലൈറ്റ് ഉപയോഗിക്കാതിരിക്കുക.

ഗറില്ലാതന്ത്രങ്ങളും അടവുകളും. ലക്ഷ്യം നേടിയെടുക്കാന്‍വേണ്ടി പലതരം തന്ത്രങ്ങളും അടവുകളും ഗറില്ലകള്‍ പ്രയോഗിക്കാറുണ്ട്. ഗറില്ലാതന്ത്രങ്ങള്‍ ഇന്നും പഴയതുപോലെ തുടരുന്നുവെങ്കിലും ആധുനിക യുദ്ധമുറകള്‍ക്ക് അനുസൃതമായി അവയിലും പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ആത്മരക്ഷ ചെയ്തുകൊണ്ട് ശത്രുവിനെ നശിപ്പിക്കുക എന്ന തത്ത്വത്തില്‍ ഗറില്ലകള്‍ അടിയുറച്ചു വിശ്വസിക്കുന്നു. വന്‍തോതിലുള്ള യുദ്ധങ്ങളില്‍ ഗറില്ലകള്‍ വിശ്വസിക്കുന്നില്ല. ചെറിയ സംഘങ്ങളായി ഓടിവന്ന് ശത്രുവിന് കനത്ത പ്രഹരം നല്കിയശേഷം ഓടി മറയുന്നു. വീണ്ടും മറ്റൊരിടത്തുവന്ന് ആക്രമണം തുടരുന്നു. ഒറ്റപ്പെട്ട ശത്രുകേന്ദ്രങ്ങള്‍, ശത്രുവിന്റെ ഡിറ്റാച്ചുമെന്റുകള്‍, കോണ്‍വോയികള്‍ തുടങ്ങിയവ തകര്‍ക്കുന്നതിന് ഈ അടവുകള്‍ പ്രയോജനപ്പെടുന്നു. ഗറില്ലകളുടെ പലതരം തന്ത്രങ്ങളും അടവുകളും ഇനി കൊടുക്കുന്നു:

1. പതിയിരുന്നാക്രമണം (Ambush). സാധാരണയായി ഗറില്ലകളുപയോഗിക്കുന്ന ഒരു തന്ത്രമാണിത്. കുറ്റിക്കാടുകളിലും മലയിടുക്കുകളിലും മറ്റും ഒളിച്ചിരുന്ന് ശത്രുവിന്റെ പട്രോളുകള്‍, കോണ്‍വോയികള്‍, മറ്റു ട്രൂപ്പുകള്‍ തുടങ്ങിയവ വരുമ്പോള്‍ പെട്ടെന്ന് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും പൂര്‍ണമായി നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും. ഭൂതലത്തിന്റെ കിടപ്പ്, ശത്രുവിന് പ്രവേശിക്കുവാനുള്ള മാര്‍ഗങ്ങള്‍, സ്വന്തം രക്ഷാമാര്‍ഗങ്ങള്‍, ശത്രുവിനെ തടസ്സപ്പെടുത്തുവാനുള്ള വഴികള്‍ തുടങ്ങിയ പല കാര്യങ്ങള്‍ കണക്കിലെടുത്തശേഷമാണ് പതിയിരുന്ന ആക്രമിക്കാനുള്ള പരിപാടി തയ്യാറാക്കുന്നത്. ആക്രമണത്തിനുശേഷം പരാജിതരാവുന്ന ശത്രുക്കളില്‍നിന്നു ശേഖരിക്കാവുന്നത്ര ആയുധങ്ങള്‍, വെടിയുണ്ടകള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ശേഖരിച്ചശേഷം ഗറില്ലകള്‍ സ്ഥലംവിടും. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

വിയറ്റ്നാമിലെ ഗറില്ലാ പോരാളികള്‍

2. മിന്നലാക്രമണം (Raid). ശത്രുവിന്റെ വാര്‍ത്താവിനിമയ സങ്കേതങ്ങള്‍, പവര്‍പ്ലാന്റുകള്‍, ഗോഡൗണുകള്‍, പാലങ്ങള്‍ തുടങ്ങിയവ നശിപ്പിക്കുവാനോ തകര്‍ക്കുവാനോ ശത്രുവില്‍നിന്ന് ആയുധങ്ങളും ഭക്ഷ്യസാധനങ്ങളും പിടിച്ചെടുക്കുവാനോ വേണ്ടിയാണ് മിന്നലാക്രമണം നടത്തുന്നത്. ഇതിനുവേണ്ടി സാധാരണഗതിയില്‍ അവര്‍ സ്വയം മൂന്നു ട്രൂപ്പുകളായി തിരിയും. ഒന്നാമത്തെ ട്രൂപ്പ് ഓടിച്ചെന്ന് ശത്രുവിന്റെ കാവല്‍ക്കാരെ കീഴടക്കുന്നു. അപ്പോഴേക്കും രണ്ടാമത്തെ ട്രൂപ്പ് ഓടിവന്ന് ഡൈനാമിറ്റും വെടിമരുന്നും മറ്റും വച്ച് ശത്രുസങ്കേതങ്ങള്‍ തകര്‍ത്തുകളയുന്നു. മൂന്നാമത്തെ ട്രൂപ്പ്, ആക്രമണശേഷം മടങ്ങുന്ന സ്വന്തം സേനാനികള്‍ക്ക് സംരക്ഷണം നല്കുന്നു.

3. ജിറ്റര്‍തന്ത്രം. രണ്ടോ മൂന്നോ ഗറില്ലകള്‍ ചേര്‍ന്നുള്ള ചെറിയ ഗ്രൂപ്പുകള്‍ ശത്രുസംഘങ്ങള്‍ക്കു പിന്നിലോ, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പോകുന്ന ശത്രുസേനകളുടെ പാര്‍ശ്വഭാഗങ്ങളിലോ ഒളിച്ചിരുന്ന വെടിവയ്ക്കാന്‍ തുടങ്ങുന്നു. തങ്ങളുടെ നേരെ ഏതോ കനത്ത ആക്രമണം വരികയാണെന്നു കരുതി, ശത്രുക്കളിവരെ നേരിടാന്‍ ശ്രമിക്കുന്നു. അപ്പോഴേക്കും ഈ ഗറില്ലകള്‍ സ്ഥലംവിട്ടുകഴിയും. ഗറില്ലകള്‍ പതുങ്ങിയിരുപ്പുണ്ടെന്നു കരുതി, വളരെ നേരത്തോളം വെടിവയ്പു നടത്തുന്നതിനാല്‍ ശത്രുവിന്റെ വെടിയുണ്ടകളും സമയവും പാഴാവുന്നു.

4. അട്ടിമറി (Sabotage). ഗറില്ലായുദ്ധത്തിന്റെ എല്ലാ അവസ്ഥകളിലും അട്ടിമറിപ്രവര്‍ത്തനമുണ്ട്. ശത്രുവിന്റെ യുദ്ധസന്നാഹങ്ങളെയും മനോവീര്യത്തെയും തകര്‍ക്കുന്നതിന് ഇതുകൊണ്ട് എളുപ്പം കഴിയുന്നു. വലിയ കഠാരകള്‍, മഴു, ഡൈനാമിറ്റുകള്‍, തോക്കുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇതിനുവേണ്ടി ഉപകരിക്കുന്നു.

ശത്രുക്കളെ വീഴ്ത്താന്‍ ഉപയോഗിച്ചിരുന്ന കിടങ്ങ്

5. ഭീകര പ്രവര്‍ത്തനം (Terrorism). പൊതുജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റുന്നതിനും ശത്രുവിനെ സഹായിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനും ഭീകരപ്രവര്‍ത്തനം ഉപകരിക്കാറുണ്ട്. ഗറില്ലകള്‍ ശത്രുവിമാനങ്ങള്‍ തട്ടിയെടുത്തശേഷം ശത്രുപക്ഷത്തെ ഭീഷണിപ്പെടുത്തുകയും അവരുടെ തടവിലിരിക്കുന്ന സ്വപക്ഷക്കാരെ മോചിപ്പിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്യുന്ന രീതി ഇതിന് ഉദാഹരണമാണ്.

6. ശത്രുവലയം. ശത്രുസേനയാല്‍ വലയം ചെയ്യപ്പെടുക എന്നത് ഗറില്ലകള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണിയാണ്. ശത്രുവലയം ചെയ്യുന്നതിനെപ്പറ്റി കൃത്യസമയത്തുതന്നെ മുന്നറിയിപ്പു നല്കാന്‍ ഗറില്ലകള്‍ക്കു പ്രത്യേകവിഭാഗം തന്നെയുണ്ട്. മറ്റു മാര്‍ഗങ്ങളില്ലെന്നു കണ്ടാലും അവര്‍ മുന്‍കൂട്ടി തീരുമാനിച്ച മാര്‍ഗങ്ങള്‍വഴി കഴിയുന്നത്ര വേഗത്തില്‍ രക്ഷപ്പെടുന്നതും അസാധാരണമല്ല. ചിലപ്പോള്‍ ഒന്നിച്ചുചേര്‍ന്ന് ശക്തമായി ശത്രുവിനെ ആക്രമിക്കുവാനും സാധ്യതയുണ്ട്.

7. ആക്രമണങ്ങള്‍. ശത്രുവിനെപ്പറ്റിയുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥ, ഭൂതലം, സമയം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടു മാത്രമേ ഗറില്ലകള്‍ ആക്രമണങ്ങള്‍ നടത്താറുള്ളൂ. ലക്ഷ്യസ്ഥാനത്തേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് ശത്രുസങ്കേതത്തിലെ റോഡുകളും പാലങ്ങളും റെയില്‍വേകളും വാര്‍ത്താവിനിമയമാര്‍ഗങ്ങളും മറ്റും തകര്‍ത്തുകളയുന്നു.

8. പ്രതിരോധനടപടികള്‍. ഒരു സ്ഥലത്ത് വളരെക്കാലം കേന്ദ്രീകരിച്ചുകൊണ്ട് ഗറില്ലകള്‍ യുദ്ധം ചെയ്യാറില്ല. ഗറില്ലകള്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നത് ഇനി ചേര്‍ക്കുന്ന ഏതെങ്കിലും ലക്ഷ്യംവച്ചുകൊണ്ടായിരിക്കും: (1) സ്വന്തം താവളത്തിലേക്ക് ശത്രുവിന്റെ നുഴഞ്ഞുകയറ്റം തടയുക, (2) ശത്രുവിനെ പിന്നില്‍നിന്നാക്രമിക്കാന്‍ കഴിയത്തക്കവിധം ശത്രുസേനയുടെ പാര്‍ശ്വഭാഗത്തിന്റെയും മുന്‍ഭാഗത്തിന്റെയും ശ്രദ്ധ തിരിക്കുക (3) ഒരു പ്രത്യേക ജോലി ചെയ്തുതീര്‍ക്കുന്നതിനുവേണ്ട സമയം സമ്പാദിക്കുക (4) തന്ത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കാത്തുരക്ഷിക്കുക.

9. സുരക്ഷിതത്വം. നല്ല സുരക്ഷിതത്വമുണ്ടെങ്കില്‍ മാത്രമേ ശത്രുക്കള്‍ക്ക് ഗറില്ലകളെപ്പറ്റി വിവരങ്ങള്‍ ലഭിക്കാതിരിക്കൂ. പലപ്പോഴും ശത്രുക്കളെ കബളിപ്പിക്കുവാന്‍വേണ്ടി തെറ്റായ വിവരങ്ങള്‍ നല്കാറുണ്ട്. ഗറില്ലാകേന്ദ്രങ്ങളും പ്രധാനപ്പെട്ട സംഭരണശാലകളും മറ്റും ആവശ്യമായി വന്നാല്‍ പെട്ടെന്ന് വേറൊരു സ്ഥലത്തേക്കു മാറ്റുവാന്‍ കഴിയുന്നവിധത്തിലായിരിക്കും സ്ഥാപിക്കുക. ഗറില്ലകളുടെതന്നെ കേന്ദ്രങ്ങളെപ്പറ്റിയും ഭാവിപരിപാടികളെപ്പറ്റിയും നേതാക്കന്മാരെപ്പറ്റിയും വളരെ ചുരുക്കം ഗറില്ലകള്‍ക്കു മാത്രമേ അറിയാന്‍ കഴിയൂ. വിശ്വസ്തത തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആളുകളെ അവര്‍ ഒരിക്കലും പ്രധാനപ്പെട്ട ജോലികള്‍ ഏല്പിക്കാറില്ല.

10. താവളങ്ങള്‍. കുന്നുകളും സമതലങ്ങളും നദീതടങ്ങളും ഗറില്ലകള്‍ തങ്ങളുടെ താവളങ്ങളാക്കി മാറ്റുന്നു. സര്‍വസമ്മതി നേടിയത്, സ്ഥിരം, താത്കാലികം എന്നിങ്ങനെ മൂന്നുതരം താവളങ്ങളില്‍ നിന്നുകൊണ്ടാണ് ഗറില്ലകള്‍ യുദ്ധം ചെയ്യുക. ഗറില്ലകള്‍ നാട്ടിന്‍പുറത്തെ ജനങ്ങളുടെ ഇടയില്‍ ജീവിച്ചുകൊണ്ടും ആയുധങ്ങള്‍ അവരുടെയിടയില്‍ ഒളിച്ചുവച്ചുകൊണ്ടും യുദ്ധം ചെയ്യാറുണ്ട്. ഇതാണ് സര്‍വസമ്മതി നേടിയ താവളം. താത്കാലിക താവളങ്ങള്‍ ഇടയ്ക്കിടെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയുന്നതാണ്. ശത്രുവുമായി വളരെ ശക്തമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ സ്ഥിരമായ താവളം ആവശ്യമാണ്. ശത്രുക്കള്‍ക്ക് പെട്ടെന്ന് കടന്നുവരാന്‍ പറ്റാത്തതരത്തിലുള്ള ഭൂതലം, ജലത്തിന്റെയും ഭക്ഷണസാമഗ്രികളുടെയും ലഭ്യത, നയതന്ത്രപരമായ പ്രതിരോധം, വേണ്ടിവന്നാല്‍ പെട്ടെന്ന് രക്ഷപ്പെടുവാനുള്ള മാര്‍ഗം എന്നിവയാണ് സ്ഥിരതാവളങ്ങളുടെ സവിശേഷതകള്‍.

ഗറില്ലാസംഘടന. ഗറില്ലകളുടെ അടിസ്ഥാനഘടകം രൂപവത്കരിക്കപ്പെടുന്നത് ജനങ്ങളില്‍നിന്നാണ് ശത്രുക്കളില്‍നിന്ന് ഒളിച്ചോടപ്പെട്ടവര്‍ ചേര്‍ന്നുണ്ടാക്കുന്നതാണ് മറ്റൊരു തരം ഗറില്ലായൂണിറ്റ്. സ്ഥിരം സേനയില്‍ നിന്നും പ്രാദേശികസേനകളില്‍നിന്നും വിമുക്തഭടന്മാരില്‍നിന്നും മറ്റും ഗറില്ലായൂണിറ്റികള്‍ രൂപം കൊള്ളാറുണ്ട്. ആദ്യമായി അവര്‍ ആയുധങ്ങള്‍ കരസ്ഥമാക്കുകയും പിന്നീട് സൈനികപരിശീലനം നേടുകയും ചെയ്യുന്നു. പ്രാദേശിക ഭൂമിശാസ്ത്രത്തിന്റെയും ശത്രു നിലപാടിന്റെയും ഗറില്ലകളുടെ പുരോഗതിയുടെയും അടിസ്ഥാനത്തില്‍ ഗറില്ലായൂണിറ്റുകളെ പലതായി തരംതിരിച്ചിട്ടുണ്ട്. എത്രയും ഉയര്‍ന്ന സ്ഥാനത്ത് ഒരു മിലിറ്ററി കമാന്‍ഡറും ഒരു പൊളിറ്റിക്കല്‍ കമ്മിഷണറുമുണ്ടായിരിക്കും. അവരുടെ താഴെ ബറ്റാലിയന്‍ കമാന്‍ഡര്‍, കമ്പനി കമാന്‍ഡര്‍, പ്ലറ്റൂണ്‍ കമാന്‍ഡര്‍മാര്‍, സെക്ഷന്‍ കമാന്‍ഡര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരിക്കും.

നന്നായി രൂപവത്കരിക്കപ്പെട്ട ഒരു ഗറില്ലായൂണിറ്റിന്റെ ഏറ്റവും ചെറിയ ഘടകമാണ് സെക്ഷന്‍ അഥവാ സ്ക്വാഡ്. രണ്ടോ അതിലധികമോ സെക്ഷനുകള്‍ കൂടിച്ചേര്‍ന്നതാണ് ഒരു പ്ലറ്റൂണ്‍. രണ്ടോ അതിലധികമോ പ്ലറ്റൂണ്‍ ചേര്‍ത്ത് ഒരു കമ്പനിയുണ്ടാക്കുന്നു. രണ്ടു മുതല്‍ നാലുവരെ കമ്പനി ചേര്‍ന്നതാണ് ഒരു ബറ്റാലിയന്‍. രണ്ടു മുതല്‍ നാലുവരെ ബറ്റാലിയനുകള്‍ ചേര്‍ത്താല്‍ അതൊരു റജിമെന്റാകും. വേണ്ടത്ര അംഗബലമുണ്ടെങ്കില്‍ രണ്ടോ മൂന്നോ റജിമെന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ബ്രിഗേഡ് ഉണ്ടാക്കും. സാധാരണഗതിയില്‍ ഒരു സെക്ഷനില്‍ 10 പേരും പ്ലറ്റൂണില്‍ 36 പേരും കമ്പനിയില്‍ 125 പേരും ഉണ്ടായിരിക്കും.

നിത്യോപയോഗ പദാര്‍ഥങ്ങള്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മരുന്ന് തുടങ്ങിയവയോടൊപ്പം ആയുധങ്ങള്‍, വെടിമരുന്ന്, വെടിയുണ്ടകള്‍, സ്ഫോടകവസ്തുക്കള്‍, വാര്‍ത്താവിനിമയോപകരണങ്ങള്‍ തുടങ്ങിയവയും ഗറില്ലകള്‍ക്ക് അത്യാവശ്യമാണ്. ശത്രുക്കളില്‍നിന്നു പിടിച്ചെടുത്തും ജനങ്ങളില്‍നിന്നു ഏറ്റുവാങ്ങിയും വിദേശഏജന്റുകളില്‍ നിന്നു വിനിമയം ചെയ്തും അവര്‍ ഈ ആവശ്യങ്ങള്‍ വളരെ ബുദ്ധിപൂര്‍വം നിറവേറ്റുന്നു. ആവശ്യത്തിലധികമുള്ളവ ഭാവിയിലേക്കുവേണ്ടി നിഗൂഢമായ കലവറകളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. ഈ കലവറകളെപ്പറ്റി വളരെ വിശ്വസ്തരായ ഏതാനും ഗറില്ലകള്‍ക്കു മാത്രമേ അറിവുണ്ടായിരിക്കുകയുള്ളൂ.

നേതൃത്വഗുണങ്ങള്‍. ഗറില്ലാ ഓഫീസര്‍മാരും ഗറില്ലകളുമാണ് ഒരു ഗറില്ലായൂണിറ്റിനുണ്ടാവുക. അസാധാരണ കഴിവുള്ളവര്‍ക്കുമാത്രമേ ഗറില്ലാ ഓഫീസര്‍മാരാകാന്‍ പറ്റൂ. സഹനശക്തി, വിശ്വസ്തത, സാഹചര്യത്തിനൊത്തു ജീവിക്കുവാനുള്ള കഴിവ്, മഹാമനസ്കത, അത്യുത്സാഹം, നിശ്ചയദാര്‍ഢ്യം, ബുദ്ധിശക്തി, ക്ഷമാശക്തി, നീതിന്യായ നിര്‍വഹണശക്തി, ആശയപ്രകാശനശേഷി, നേതൃത്വത്തിനും നിയന്ത്രണത്തിനുമുള്ള കഴിവ്, ധീരത, വിദ്യാഭ്യാസം തുടങ്ങിയവ ഒരു ഓഫീസര്‍ക്ക് ആവശ്യമായ ഗുണവിശേഷങ്ങളാണ്. വിദ്യാഭ്യാസം കുറഞ്ഞ ഗറില്ലകളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും അവരില്‍ ലക്ഷ്യബോധം വളര്‍ത്തിയെടുക്കുന്നതിനും ഇവര്‍ക്കു സാധിക്കണം. ഗറില്ലകള്‍ക്ക് മാനസികമായും ശാരീരികമായും ഏതു പ്രതിബന്ധത്തെയും അതിജീവിക്കുവാനുള്ള കഴിവുണ്ടായിരിക്കണം. മുറിവേല്‍ക്കപ്പെട്ട കൂട്ടുകാരെ ഗറില്ലകള്‍ ശത്രുവിന്റെ കൈയിലുപേക്ഷിച്ച് പോകാറില്ല. സാധാരണ അവര്‍ ശത്രുക്കളെ തടവുകാരായി പിടിക്കാറുമില്ല.

(കാവുമ്പായി ജനാര്‍ദനന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍