This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഭാശയരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗര്‍ഭാശയരോഗങ്ങള്‍

ഗര്‍ഭാശയത്തെ ബാധിക്കുന്ന രോഗങ്ങള്‍. അണുബാധ, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, സ്ഥാനഭ്രംശം എന്നിങ്ങനെ ഗര്‍ഭാശയ രോഗങ്ങളെ പലതായി തിരിക്കാം.

അണുബാധ. ഗര്‍ഭാശയാന്തരപടലം (Endometrium), ഗര്‍ഭാശയഭിത്തി (Myometrium), ഗര്‍ഭാശയത്തിനു ചുറ്റുമുള്ള പേശികളും കലകളും (parametrium), അണ്ഡവാഹിനിക്കുഴലുകള്‍, അണ്ഡാശയം (Falopean tubes and Ovaries) എന്നിവയിലെല്ലാം രോഗാണുക്കള്‍ ബാധിക്കാം. ഇതിനെല്ലാം കൂടി പൊതുവേ പറയുന്ന പേരാണ് പെല്‍വിക് ഇന്‍ഫ്ളമേറ്ററി ഡിസീസ് (Pelvic inflamatery Disease). എപ്പോഴും അടഞ്ഞിരിക്കുന്ന യോനീനാളം, അമ്ലഗുണമുള്ള യോനീസ്രവം, ഗര്‍ഭാശയഗളത്തില്‍ ഒരു അടപ്പുപോലെ പ്രവര്‍ത്തിക്കുന്ന സ്ലേഷ്മം (mucous), ആര്‍ത്തവരക്തത്തോടൊപ്പം അടര്‍ന്നുവീഴുന്ന ഗര്‍ഭാശയപടലം ഇവയെല്ലാംതന്നെ ഒരു പരിധിവരെ രോഗബാധയെ ചെറുക്കുന്നു. എന്നാല്‍ ആര്‍ത്തവം, ഗര്‍ഭഛിദ്രം, പ്രസവം ഇവ കഴിഞ്ഞ് ഉടനെയുള്ള ദിവസങ്ങളില്‍ ഈ പ്രതിരോധശക്തി ഏറ്റവും കുറവാണ്. തന്മൂലം ഈ അവസരത്തിലാണ് രോഗബാധ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

ലൈംഗികരോഗമുള്ളവരുമായുള്ള ലൈംഗികബന്ധം (sexually transmitted diseases), സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ നടത്തുന്ന പ്രസവം, ശസ്ത്രക്രിയകള്‍ എന്നിവയെല്ലാംതന്നെ അണുബാധയ്ക്കു കാരണമാകും.

സ്റ്റെപ് ട്രോ കോക്കസ്, സ്റ്റാഫിലോകോക്കസ്, ഗോണോകോക്കസ്, ഇ. കോളി തുടങ്ങിയ രോഗാണുക്കള്‍ വളരെ ഗുരുതരമായ രോഗമുണ്ടാക്കും. ക്ലമീഡിയ, പ്രാണവായു ആവശ്യമില്ലാത്ത അനൈറോബിക് (anairobic) രോഗാണുക്കള്‍ എന്നിവയെല്ലാമാണ് പ്രധാനമായും രോഗമുണ്ടാക്കുന്നത്. കൂടാതെ ക്ഷയരോഗവും ഗര്‍ഭാശയത്തെ ബാധിക്കാം. കലശലായ പനി, കഠിനമായ വയറുവേദന, യോനിയില്‍ നിന്നും പഴുപ്പ് പോകുക ഇവയെല്ലാമാണ് തീവ്രമായ രോഗലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ വയറ്റില്‍ത്തന്നെ പഴുപ്പ് നിറയാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. ഗര്‍ഭച്ഛിദ്രത്തോടനുബന്ധിച്ചു വരുന്ന രോഗബാധയാണ് ഇത്രയും കഠിനമാകുന്നത്.

അത്ര കഠിനമല്ലാത്ത, എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അസുഖംമൂലം, തുടര്‍ച്ചയായ വയറുവേദന, നടുവേദന, ആര്‍ത്തവത്തകരാറ്, വന്ധ്യത, കുഴല്‍ഗര്‍ഭം (പ്രത്യേകിച്ചും ഗര്‍ഭാശയക്ഷയരോഗം മൂലം) എന്നിവയെല്ലാം അനുഭവപ്പെടാം.

ഗര്‍ഭാശയ മുഴകള്‍ (Fibroids). വളരെ സാധാരണമാണ്. ഗര്‍ഭാശയഭിത്തികളിലുള്ള മാംസപേശികളില്‍ നിന്നാണ് മുഴ ഉണ്ടാകുന്നത്. ആര്‍ത്തവാരംഭത്തിനും ആര്‍ത്തവവിരാമത്തിനും ഇടയ്ക്കുള്ള കാലയളവിലാണ് ഇവ കാണപ്പെടുന്നത്. ഫൈബ്രോയിഡ് എന്നും ലിയോമയോമ എന്നും ഇവയെ വിളിക്കുന്നു. പല ആകൃതിയിലും വലുപ്പത്തിലും ഇവ പ്രത്യക്ഷപ്പെടാം. അമിതാര്‍ത്തവം, വിഷമാര്‍ത്തവം, ക്രമം തെറ്റിയുള്ള ആര്‍ത്തവം, മലമൂത്രതടസ്സം ഇവയെല്ലാം ഫൈബ്രോയിഡുകള്‍മൂലം ഉണ്ടാകാം. വന്ധ്യത, തുടര്‍ച്ചയായ ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം ഇവയും സംഭവിക്കാം. ആര്‍ത്തവവിരാമത്തിനുശേഷം ഈ മുഴകള്‍ ചെറുതായിപ്പോകും. ഇവ കാന്‍സര്‍ ആകാനുള്ള സാധ്യത വളരെ കുറവാണ്.

ഗര്‍ഭാശയ അര്‍ബുദം. ഗര്‍ഭാശയ അര്‍ബുദം രണ്ടു തരമുണ്ട്. 1) ഗര്‍ഭാശയഗളത്തിലെ അര്‍ബുദം-(Cancer of Utrine Cervix). 2) ഗര്‍ഭാശയത്തിനകത്ത് വളരുന്ന അര്‍ബുദം (Cancer of the body of uterus-Endometrial Carcinoma).

ഗര്‍ഭാശയഗളത്തിലെ അര്‍ബുദം സാധാരണയായി 60 വയസ്സിനുമേലുള്ളവരിലാണ് കാണാറുള്ളത്. എന്നാല്‍ വയസ്സു കുറഞ്ഞവരിലും കാണുന്നുണ്ട്.

നേരത്തേ ലൈംഗികബന്ധം തുടങ്ങുന്നവരിലും, ഒന്നില്‍ക്കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവരിലും, ലൈംഗിക ശുചിത്വം ഇല്ലാത്തവരിലും രോഗബാധ കൂടുതല്‍ കാണുന്നു. പുകവലിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ചും രോഗം കൂടുതല്‍ സാധാരണമാണ്. ഹ്യൂമെന്‍ പാപ്പിലോമ വൈറസ് (human papiloma virus) 16,18 എന്നീ ഇനംമൂലം ഗര്‍ഭാശയഗളത്തിലുണ്ടാകുന്ന രോഗബാധ കാന്‍സറിന് വഴിതെളിക്കും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ക്രമം തെറ്റിയ രക്തസ്രാവം, ആര്‍ത്തവവിരാമത്തിനുശേഷമുള്ള രക്തസ്രാവം, പഴുപ്പും രക്തവും കലര്‍ന്ന യോനീസ്രവം ഇവയെല്ലാമാണ് രോഗലക്ഷണം. ദേഹപരിശോധനയിലൂടെയും ശരീരകലാ പരിശോധന (Biopsy) (രോഗബാധിതമെന്ന് സംശയിക്കുന്ന ഭാഗത്തുനിന്നും ഒരു ചെറിയ തുണ്ട് മുറിച്ചെടുത്ത് ലബോറട്ടറിയില്‍ അയച്ചുള്ള പരിശോധന) വഴിയും രോഗനിര്‍ണയം നടത്താം. അര്‍ബുദമാകുന്നതിനുമുമ്പേ കോശങ്ങളുടെ ഘടനയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകും. ഗര്‍ഭാശയ ഗളസ്മിയര്‍ (Cervical smear) പരിശോധനയിലൂടെ ഇത് മനസ്സിലാക്കാനും കാന്‍സര്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ വേണ്ട ചികിത്സ നടത്താനും സാധിക്കും. എല്ലാ സ്ത്രീകളിലും ഈ സ്മിയര്‍ ഒരു രക്ഷാപരിശോധന ആയി നടത്താന്‍ ലോകാരോഗ്യസംഘടന ശിപാര്‍ശ ചെയ്യുന്നുണ്ട്. കോശങ്ങളില്‍ എന്തെങ്കിലും വ്യതിയാനം കാണുന്നുണ്ടെങ്കില്‍ കോള്‍പ്പോസ്കോപി (Colposcopy) എന്ന പരിശോധനയിലൂടെ കുറേക്കൂടി വിശദമായ അറിവും ലഭിക്കും. ഈ പരിശോധനകളിലൂടെ ഗര്‍ഭാശയഗളത്തിലെ കാന്‍സറിനെ ഒരു പരിധിവരെ തടയാനും നേരത്തേ കണ്ടുപിടിക്കാനും അതുവഴി ഫലപ്രദമായി ചികിത്സിക്കാനും സാധിക്കും. കൂടാതെ ഇപ്പോള്‍ ഹ്യൂമന്‍ പാപ്പിലോമാ വൈറസ് രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പുകളും നിലവിലുണ്ട്. കൗമാരപ്രായത്തില്‍ത്തന്നെ ഈ കുത്തിവയ്പ്പുകള്‍ എടുത്താല്‍ 90 ശതമാനം രോഗവും തടയാം.

രോഗം എത്രത്തോളം പടര്‍ന്നു എന്നും എത്രമാരകമാണെന്നും അനുസരിച്ചാണ് ചികിത്സ. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി (അര്‍ബുദത്തിനെതിരായ അണുവികിരണ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ) ഇവയെല്ലാമാണ് പ്രധാന ചികിത്സാരീതികള്‍.

ഗര്‍ഭാശയാന്തരപടല കാന്‍സര്‍ (Endometrial Cancer). ഗര്‍ഭാശയാന്തരപടലത്തില്‍ തുടങ്ങി പുറത്തേക്ക് വ്യാപിക്കുന്ന അര്‍ബുദമാണിത്. അമിതവണ്ണം (obesity), പ്രമേഹം, രക്താതിസമ്മര്‍ദം, രക്തത്തില്‍ അമിതമായ കൊഴുപ്പ് ഇവയെല്ലാം ഉള്ളവരില്‍ (metabolic syndrome) എന്‍ഡൊമെട്രിയല്‍ കാന്‍സര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാണുന്നു. ഈസ്റ്റ്രജന്‍ ഹോര്‍മോണിന്റെ അമിതവും തുടര്‍ച്ചയായതുമായ പ്രവര്‍ത്തനവും ഒരു കാരണമായി പറയപ്പെടുന്നുണ്ട്. സ്തനാര്‍ബുദത്തിന്റെ ചികിത്സയ്ക്കായി കഴിക്കുന്ന ടോമോക്സിഫീന്‍ ഗുളികകളും ഗര്‍ഭാശയാന്തരപടലത്തില്‍ ദോഷകരമായ വ്യതിയാനങ്ങള്‍ ചിലരില്‍ ഉണ്ടാക്കാറുണ്ട്. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്ന അസുഖമുള്ളവരിലും അപൂര്‍വമായി ഈ രോഗം കണ്ടുവരുന്നു.

രോഗലക്ഷണങ്ങള്‍ ഗര്‍ഭാശയഗളത്തിലെ അര്‍ബുദത്തിന്റേതുപോലെതന്നെയിരിക്കും. അതായത് ക്രമം തെറ്റിയുള്ള രക്തസ്രാവം, രക്തം കലര്‍ന്ന യോനീസ്രവം, ആര്‍ത്തവവിരാമത്തിനുശേഷം രക്തം പോകുന്നത് തുടങ്ങിയവ. ദേഹപരിശോധന, അള്‍ട്രാസൌണ്ട് സ്കാന്‍, എന്‍ഡോമെട്രിയല്‍ ബയോപ്സി, ഹിസ്റ്ററോസ്കോപ്പി (ഒരു പ്രത്യേക ഉപകരണം വഴി ഗര്‍ഭാശയത്തിനകം കാണുക) തുടങ്ങിയ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം.

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ തന്നെയാണ് ചികിത്സാരീതികള്‍. കൂടാതെ പ്രൊജസ്റ്റിറോണ്‍ (Progesteron) കുത്തിവയ്പ്പുകളും ഫലപ്രദമാണ്.

ഗര്‍ഭാശയഗളത്തിലെ അര്‍ബുദത്തെപ്പോലെ എളുപ്പത്തില്‍ കണ്ടുപിടിക്കാനോ തടയാനോ എളുപ്പമല്ല. എന്നാലും രോഗസാധ്യത കൂടുതലുള്ളവരില്‍ നിശ്ചിതകാലയളവില്‍ നടത്തുന്ന അള്‍ട്രാസൌണ്ട് സ്കാന്‍, എന്‍ഡോമെട്രിയല്‍ ആസ്പിറേഷന്‍, ബയോപ്സി തുടങ്ങിയ പരിശോധനകള്‍ കൊണ്ട് ചിലപ്പോള്‍ രോഗം നേരത്തേ കണ്ടുപിടിക്കാന്‍ സാധിക്കും.

ഗര്‍ഭാശയത്തിന്റെ സ്ഥാനഭ്രംശം (Prolapse uterus). ഇടുപ്പെല്ലുകളുടെ ഇടയില്‍ ഏതാണ്ട് മധ്യഭാഗത്താണ് ഗര്‍ഭാശയം സ്ഥിതിചെയ്യുന്നത്. മൂത്രാശയത്തിനും (bladder) മലാശയത്തിനും (rectum) ഇടയില്‍ ഗര്‍ഭാശയത്തെ ഈ സ്ഥാനത്ത് താങ്ങി നിര്‍ത്തുന്നത് ചില പേശികളും (muscules) സ്നായുക്കളും (Ligaments) ആണ്. ഈ പേശികള്‍ക്കും സ്നായുക്കള്‍ക്കും ക്ഷതം സംഭവിക്കുമ്പോള്‍ അവ ദുര്‍ബലമാകുകയും ഗര്‍ഭാശയം യോനിയിലൂടെ പുറത്തേക്ക് സാവധാനം തള്ളപ്പെടുകയും ചെയ്യും. ഈ രോഗത്തിനാണ് പ്രൊലാപ്സ് യൂട്ടെറസ്സ് എന്നു പറയുന്നത്.

വിഷമകരമായ പ്രസവം, ഉപകരണങ്ങള്‍ (Rorceps, Vaccum extractor തുടങ്ങിയവ) ഉപയോഗിച്ചുള്ള പ്രസവം, അടുത്തടുത്തുള്ള പ്രസവം, പ്രസവത്തിനുശേഷം വേണ്ടവിധത്തില്‍ വിശ്രമം എടുക്കാതിരിക്കുക ഇവയെല്ലാംതന്നെ പേശികളെ ദുര്‍ബലമാക്കും. ചിലര്‍ക്ക് ജന്മനാല്‍ തന്നെ പേശികളും സ്നായുക്കളും ദുര്‍ബലമായിരിക്കും. ആര്‍ത്തവവിരാമത്തിനുശേഷം പേശികള്‍ ദുര്‍ബലമാകും. അപ്പോഴും പ്രൊലാപ്സ് ഉണ്ടാകാം. ഗര്‍ഭാശയത്തിനോടൊപ്പം യോനി, മൂത്രസഞ്ചി, മലാശയം (rectum) ഇവയും താഴോട്ടു വരാം. ഇങ്ങനെ വരുമ്പോള്‍ മൂത്രം, മലം ഇവ പോകുന്നതിന് ബുദ്ധിമുട്ടും ഉണ്ടാകും.

ശസ്ത്രക്രിയയാണ് പ്രതിവിധി. രോഗിയുടെ പ്രായം, കുട്ടികളുടെ എണ്ണം, രോഗത്തിന്റെ സ്വഭാവം എന്നിങ്ങനെ പലതിനെയും ആശ്രയിച്ചാണ് ഏതു ശസ്ത്രക്രിയ ആണ് ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുന്നത്. രോഗത്തിന്റെ ആരംഭദശയില്‍ പേശികളെ ദൃഢമാക്കുന്ന വ്യായാമങ്ങള്‍ (pelvic floor exercises) ചെയ്യുന്നത് ഗുണപ്രദമാണ്.

(ഡോ. ചന്ദ്രിക സി.ജി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍