This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗര്‍ഗന്‍

ഭാരതീയ പുരാണേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള വിഷ്ണുവംശജനായ ഒരു മുനി. വേദധ്വനികൊണ്ടു സ്തുതിക്കുന്നവാണ് ഗര്‍ഗന്‍ എന്ന് ഹരിവംശത്തില്‍ കാണുന്നു. ഗയാക്ഷേത്രത്തില്‍ യജ്ഞത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ബ്രഹ്മപുത്രനായാണ് ഗര്‍ഗനെ വായുപുരാണം വിശേഷിപ്പിക്കുന്നത്. ഗര്‍ഗനാമധേയത്തില്‍ ഒന്നിലധികം ഋഷിമാര്‍ ഉണ്ടായിരുന്നുവെന്ന് അഭിപ്രായമുണ്ട്. ബൃഹസ്പതിയുടെ പുത്രനായ വിതഥന്റെ പൗത്രന്‍ ബൃഹത്ക്ഷേത്രന്റെ പൗത്രനായ ഗര്‍ഗനെപ്പറ്റി ഭാഗവതത്തിലും വിതഥന്റെ പുത്രനായ ഗര്‍ഗനെപ്പറ്റി ഹരിവംശത്തിലും പരാമര്‍ശങ്ങള്‍ കാണാം. യാദവന്മാരുടെ കുലഗുരുവായിരുന്ന ഗര്‍ഗമുനിയുടെ ഉപദേശമനുസരിച്ചാണ് ശ്രീകൃഷ്ണനെയും ബലരാമനെയും സാന്ദീപനിമഹര്‍ഷിയുടെ അടുക്കല്‍ വിദ്യാഭ്യാസത്തിനയ്ക്കുന്നതെന്ന് ഭാഗവതം നവമസ്കന്ധത്തില്‍ പ്രസ്താവിച്ചു കാണുന്നു. മുചുകുന്ദന് വിഷ്ണുദര്‍ശന സൗഭാഗ്യം ലഭിച്ചത് ഗര്‍ഗന്റെ അനുഗ്രഹത്താലാണ്. വനവാസത്തിനുശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമനെ സന്ദര്‍ശിക്കാനെത്തിയ മഹര്‍ഷിമാരുടെ കൂട്ടത്തില്‍ ഗര്‍ഗനുമുണ്ടായിരുന്നതായി ഉത്തരരാമായണത്തില്‍ പറയുന്നു. വിശ്വമഹിമയെപ്പറ്റി യുധിഷ്ഠിരനോടു പ്രസംഗിച്ചതും വിശ്വാവസുവിനോട് നിത്യതയെപ്പറ്റി ഉപദേശിച്ചതും കുരുക്ഷേത്രത്തില്‍ ചെന്ന് ഭാരതയുദ്ധം അവസാനിപ്പിക്കണമെന്ന് ദ്രോണരോട് അഭ്യര്‍ഥിച്ചതും ഗര്‍ഗമുനിയത്രേ. പ്രസിദ്ധ ജ്യോതിശ്ശാസ്ത്ര പാരംഗതനും പൃഥുചക്രവര്‍ത്തിയുടെ സദസ്സിലെ പണ്ഡിത പ്രധാനിയായിരുന്ന ഗര്‍ഗന്‍തന്നെയാണ് ഇവയില്‍ മിക്ക കഥകളിലെയും നായകന്‍ എന്നു കരുതപ്പെടുന്നു.

സരസ്വതീനദിയുടെ തീരത്തുള്ള 'ഗര്‍ഗസ്രോതം' എന്ന സ്ഥലത്ത് പരമശിവനെ ദീര്‍ഘകാലം തപസ്സുചെയ്ത് കാലഗതി, നക്ഷത്രമാര്‍ഗം, ഗ്രഹസഞ്ചാരപഥം തുടങ്ങിയ ജ്യോതിശ്ശാസ്ത്ര തത്ത്വങ്ങളുടെ സാരം ഗ്രഹിക്കുവാന്‍ ഗര്‍ഗനു സാധിച്ചു (മ.ഭാ. ശല്യപര്‍വം). ശിവന്റെ അനുഗ്രഹഫലമായി 1000 പുത്രന്മാര്‍ ഗര്‍ഗന് ഉണ്ടാവുകയും അദ്ദേഹത്തിന്റെയും പുത്രന്മാരുടെയും ജീവിതകാലം ഒരു കോടി വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

ഗര്‍ഗനില്‍നിന്നു സിനന്മാരും അവരില്‍നിന്നു സൈന്യന്മാരും ഉണ്ടായി എന്ന് വിഷ്ണുപുരാണത്തിലും ഭാഗവതത്തിലും വ്യക്തമാക്കുന്നു. ഗാര്‍ഗ്യന്മാര്‍ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവര്‍ ബ്രാഹ്മണ്യം കല്പിക്കപ്പെട്ടിരുന്ന ക്ഷത്രിയരായിരുന്നു എന്നും പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍