This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗരുഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗരുഡന്‍

പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പക്ഷിശ്രേഷ്ഠന്‍. ഭാരതീയ വിശ്വാസമനുസരിച്ച്, പക്ഷിരാജനായ ഗരുഡന്‍ മഹാവിഷ്ണുവിന്റെ വാഹനവും കൊടിയടയാളവുമാണ് (വിഷ്ണു- ബ്രഹ്മാവ്-മരീചി-കശ്യപന്‍-ഗരുഡന്‍ എന്നു വംശാവലി).

കശ്യപന് കദ്രുവില്‍ ആയിരം സര്‍പ്പങ്ങളും വിനതയില്‍ അരുണഗരുഡന്മാരും ജനിച്ചു. പാലാഴിമഥനത്തില്‍ ലഭിച്ച ഉച്ചൈശ്രവസ് എന്ന കുതിരയുടെ വാലിന്റെ നിറത്തെച്ചൊല്ലിയുണ്ടായ പന്തയത്തില്‍ തോറ്റ വിനത കദ്രുവിന്റെ ദാസിയാകേണ്ടിവന്നു,. ദേവലോകത്തുനിന്ന് അമൃതുകൊണ്ടുവന്നാല്‍ വിനതയെ മോചിപ്പിക്കാമെന്ന് കദ്രുവും നാഗങ്ങളും പറഞ്ഞു. വിശ്വകര്‍മാവ്, സൂര്യചന്ദ്രന്മാര്‍, ഇന്ദ്രന്‍ തുടങ്ങിയവരെ ഗരുഡന്‍ തോല്പിച്ച് അമൃതകുംഭം കൊത്തിയെടുത്തുകൊണ്ടുവന്നതില്‍ സംതൃപ്തനായ മഹാവിഷ്ണു ഇഷ്ടവരദാനത്തിനൊരുങ്ങി. 'അമൃതം ഭക്ഷിക്കാതെ തന്നെ തനിക്ക് അമരത്വം ലഭിക്കണമെന്നും വിഷ്ണു, തന്നെ വാഹനമായി സ്വീകരിക്കണമെന്നും' അപേക്ഷിച്ചപ്പോള്‍ മഹാവിഷ്ണു അത് അംഗീകരിച്ചു.

അമൃതകുംഭവുമായി പറന്ന ഗരുഡനോട് ഇന്ദ്രന്‍ ഏറ്റുമുട്ടി. നാഗങ്ങളെ കൊന്നുതിന്നാനുള്ള അനുഗ്രഹം ലഭിച്ചതോടെ ഗരുഡന്‍ നാഗലോകത്തുചെന്ന് ദര്‍ഭ വിരിച്ച് അമൃതകുംഭം വച്ചു. നാഗങ്ങള്‍ സ്നാനത്തിനായി പോയപ്പോള്‍ ഇന്ദ്രന്‍ അമൃതകുംഭമെടുത്തുകൊണ്ടു ദേവലോകത്തേക്കു മടങ്ങി. അമൃതപാനത്തിനെത്തിയ നാഗങ്ങള്‍ കുണ്ഠിതരായി. കലശം വച്ചിരുന്ന ദര്‍ഭകളില്‍ നക്കിയ നാഗങ്ങളുടെ നാക്കുകള്‍ കീറി. അന്നുമുതല്‍ ഇരട്ടനാവുള്ളവരായി. വിനതയുടെ ദാസ്യം അവസാനിപ്പിക്കുകയും ചെയ്തു.

ഗരുഡന്റെ നാഗവേട്ടയില്‍ ഭയാക്രാന്തരായ നാഗങ്ങള്‍ ഒത്തുകൂടി, ദിവസേന ഓരോ നാഗത്തെ ഗരുഡനു ഭക്ഷണമായി നല്കാമെന്നു സമ്മതിച്ചു. കാളിയന്‍ അതിനു വഴങ്ങിയില്ല. തുടര്‍ന്ന് ഗരുഡനും കാളിയനും തമ്മില്‍ യുദ്ധമാരംഭിച്ചു. ഗരുഡന്റെ ചിറകടിയേറ്റു ചിതറിയ കാളിന്ദീജലം സൗഭരി മുനിയുടെ ദേഹത്തു പതിക്കുകയും അതില്‍ കുപിതനായ മുനി 'ഇനി ഈ സ്ഥലത്ത് ഗരുഡന്‍ വന്നാല്‍ അവന്റെ ശരീരം നൂറുനൂറായി പൊട്ടിത്തെറിക്കട്ടെ' എന്നു ശപിക്കുകയും ചെയ്തു. ഗരുഡന്‍ ആ സ്ഥലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.

ശംഖചൂഡന്‍ ഗരുഡന് ഭക്ഷണമാകേണ്ട ഊഴമായപ്പോള്‍ അയാളെ രക്ഷിക്കുവാന്‍ വിദ്യാധരരാജകുമാരനായ ജീമൂതവാഹനന്‍ ഗരുഡന്റെ വധ്യശിലയില്‍ ശയിച്ചു. ആളറിയാതെ ജീമൂതവാഹനനെയും കൊത്തിയെടുത്തു പറന്ന് ഗരുഡന്‍ മലയപര്‍വതത്തിലെത്തി. അപ്പോഴേക്കും ജീമൂതവാഹനന്‍ നഷ്ടചേതസ്സായിക്കഴിഞ്ഞിരുന്നു. ജഗദംബികയുടെ കാരുണ്യത്താല്‍ ജീമൂതവാഹനന് പ്രാണന്‍ ലഭിച്ചു. സന്തുഷ്ടനായ ഗരുഡന്‍ 'ഇനിമേല്‍ നാഗങ്ങളെ കൊന്നുതിന്നുകയില്ലെന്നും ഇതുവരെ ഭക്ഷിച്ചവര്‍ക്ക് പുനര്‍ജന്മം നല്കാമെന്നും' സമ്മതിച്ചു. അസ്ഥിശേഷരായ നാഗങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു.

ഗരുഡന്റെ മൂത്ത സഹോദരിയായ സുമതിയില്‍ സൂര്യവംശ രാജാവായ സഗരനു ജനിച്ച 60,000 പുത്രന്മാര്‍ കപിലമുനിയുടെ നേത്രാഗ്നിയില്‍ ചാമ്പലായപ്പോള്‍ അവര്‍ക്ക് ഉദകക്രിയകള്‍ നടത്താന്‍ വേണ്ടി ഗംഗാജലം ഭൂമിയില്‍ കൊണ്ടുവരണമെന്ന് ഭഗീരഥനു നിര്‍ദേശം നല്കിയത് ഗരുഡനാണ്.

ഇന്ദ്രന്റെ തേരാളിയായ മാതലിയുടെ പുത്രി ഗുണകേശിയും നാഗപുത്രനായ സുമുഖനും തമ്മിലുള്ള വിവാഹം ഇന്ദ്രന്റെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹത്തോടെ നടന്നതില്‍ കുപിതനായ ഗരുഡന്‍ ഇന്ദ്രസദസ്സിലെത്തി ഇന്ദ്രനെയും വിഷ്ണുവിനെയും അവഹേളിച്ചു. ഗരുഡന്റെ മദം ശമിപ്പിക്കാനായി വിഷ്ണു തന്റെ വലതുകൈ ഗരുഡന്റെ തലയില്‍ വച്ചപ്പോള്‍ മൂന്നുലോകങ്ങളുടെയും ഭാരമേറ്റ് ഗരുഡന്‍ അവശനായി. ഗരുഡന്റെ അഹങ്കാരം അതോടെ ശമിച്ചു.

വിശ്വാമിത്രനു ഗുരുദക്ഷിണ നല്കാന്‍ 800 കുതിരകളെ ലഭിക്കാതെ വിഷമിച്ച ഗാലവനെ ഗരുഡന്‍ സഹായിക്കുകയുണ്ടായി. ദേവാസുരന്മാര്‍ക്ക് പാലാഴി കടയാന്‍ മന്ദരപര്‍വതത്തെ നിഷ്പ്രയാസം കൊണ്ടുവന്ന ഗരുഡന്‍ നാഗലോകത്തുനിന്ന് വാസുകിയെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു.

ഭാരതീയ പുരാണങ്ങള്‍ ഗരുഡന്റെ മാഹാത്മ്യം ഉദ്ഘോഷിക്കുന്നു. 'വായുവിനും മനസ്സിനും ശ്രീ ഗരുഡനുമിങ്ങിനെ മൂവര്‍ക്കുമെ വെഗമുണ്ടതെന്നു നിനച്ചിരിക്കുന്നുതിപ്പൊള്‍' എന്ന് ഉത്തരരാമായണത്തിലും 'ഏകന്‍ നിരായുധനായ ഗരുഡനുമേകീഭവിച്ചൊരു ദേവസമൂഹവും തമ്മിലുണ്ടായൊരു യുദ്ധകോലാഹലം നിര്‍ണയം' എന്നു മഹാഭാരതത്തിലും പ്രസ്താവങ്ങള്‍ കാണാം. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ കാലത്തെ കുറിക്കുന്നു എന്നാണ് ആര്‍ഷജ്ഞാനത്തില്‍ നാലപ്പാട്ടു നാരായണമേനോന്‍ അഭിപ്രായപ്പെടുന്നത്.

2. ഇന്തോനേഷ്യയുടെ ദേശീയ വ്യോമഗതാഗത കമ്പനിയുടെ പേര്‍ 'ഗരുഡ' എന്നാണ്. ഭാരതവും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അനേകം സൂചനകളില്‍ ഒന്നാണ് ഈ പേര്‍. നോ. കൃഷ്ണപ്പരുന്ത്; ഗരുഡപുരാണം; ഗരുഡോപനിഷത്ത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B0%E0%B5%81%E0%B4%A1%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍