This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗയ

ബിഹാറിലെ 38 ജില്ലകളില്‍ ഒന്ന്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമെന്നും പുണ്യനഗരമെന്നും ഗയ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാന തലസ്ഥാനമായ പാറ്റ്നയ്ക്ക് (പാടലീപുത്രം) 100 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ഗയയില്‍നിന്ന് 10 കി.മീ. തെക്ക് ലീലാജന്‍ നദിക്കരയിലാണ് ശ്രീബുദ്ധന് ജ്ഞാനോദയം സിദ്ധിച്ച ബോധഗയ സ്ഥിതിചെയ്യുന്നത്. 1981-ലാണ് ജില്ലയുടെ രൂപീകരണം നടക്കുന്നത്. ഔറംഗബാദ്, നവാഡ, ജഹാനാബാദ് എന്നീ ജില്ലകളുമായി ഗയ അതിര്‍ത്തി പങ്കുവയ്ക്കുന്നു. വിസ്തീര്‍ണം: 4,976 ച.കി.മീ. ജനസംഖ്യ: 43,79,383 (2011).

നഗരത്തിനുള്ളില്‍ 45-ഓളം പുണ്യക്ഷേത്രങ്ങളുണ്ട്. ഇവയില്‍ ഒന്നിലെ മൂര്‍ത്തി യമധര്‍മനാണ്. ഗയന്‍ എന്ന അസുരന്‍ വിഷ്ണുപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത സ്ഥലമാണ് പില്ക്കാലത്ത് ഗയ എന്നറിയപ്പെട്ടതെന്നാണ് വിശ്വാസം. വിശുദ്ധനായ ഗയന്റെ ശരീരം വീണടിഞ്ഞ പ്രദേശത്ത് വിഷ്ണു ഉള്‍പ്പെടെയുളള ദേവന്മാര്‍ സ്ഥാനമുറപ്പിച്ചുവെന്നും, അങ്ങനെയാണ് വിഷ്ണുവിന്റെ പാദം പതിയാനിടയായതെന്നുമാണ് മറ്റൊരു വിശ്വാസം. പിതൃപൂജക്കാലത്ത് പൂര്‍വികന്മാരുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം അനുഷ്ഠിക്കുന്നതിന് ആയിരക്കണക്കിനാളുകള്‍ ഗയയില്‍ എത്തിച്ചേരാറുണ്ട്. മകരസംക്രാന്തിക്കും (vernal equinox) പത്താമുദയത്തിനും ഗയയില്‍ തീര്‍ഥാടനം നടത്തുന്നത് മോക്ഷദായകമായിട്ടാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്.

പാഴ്സികളോടു സാമ്യമുള്ള സൂര്യാരാധകരായ ഒരു വിഭാഗം ആളുകള്‍ ഗയയില്‍ പ്രാമാണ്യം കരസ്ഥമാക്കിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. സൂര്യനെയും അഗ്നിയെയും പൂജിച്ചിരുന്ന ഇക്കൂട്ടര്‍ ബുദ്ധമതാനുയായികളായി മാറി. എ.ഡി. 600-നോടടുപ്പിച്ച് ബുദ്ധഗയയിലെ വിഹാരങ്ങള്‍ക്കും ശിലാശാസനങ്ങള്‍ക്കും കനത്ത നാശം നേരിട്ടുവെങ്കിലും പില്ക്കാലത്ത് ഇവയെല്ലാം പുനരുദ്ധരിക്കപ്പെട്ടു; 1962-ല്‍ സ്ഥാപിതമായ മഗധ സര്‍വകലാശാലയുടെ ആസ്ഥാനമാണ് ഗയ. ഇന്ന് ഈ വിദ്യാപീഠം ബുദ്ധകാലഘട്ടത്തെയും സംസ്കാരത്തെയും സംബന്ധിച്ച് ഗവേഷണങ്ങളുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു.

ബ്രഹ്മപുത്ര നദീതീരത്തായി സ്ഥിതിചെയ്യുന്ന ഗയയുടെ ശാപവും ഈ നദിതന്നെയാണ്. വര്‍ഷകാലത്തുണ്ടാകുന്ന അനിയന്ത്രിതമായ വെള്ളപ്പൊക്കംമൂലം വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിക്കുന്നു.

സ്വാതന്ത്ര്യനന്തര ഭാരതത്തില്‍ ഗയയുടെ പ്രാധാന്യം സമ്പത്പ്രധാനങ്ങളായ അനേകം ധാതുക്കളുടെ കലവറ എന്ന നിലയിലാണ്. പിച്ച്ബ്ളെന്‍ഡ് (pitchblende) ആണ് ഇതില്‍ മുഖ്യം. ഖനനവ്യവസായം ദ്രുതഗതിയില്‍ പുരോഗതിയാര്‍ജിച്ചുവരുന്ന മേഖലയാണിത്. ജനസംഖ്യയിലും സമ്പദ്ഘടനയിലും തദനുസൃതമായ പുരോഗതിയും പ്രാപിച്ചിരിക്കുന്നു.

(എന്‍.ജെ.കെ.നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍