This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗമാലിയേല്‍ (എ.ഡി. 1-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗമാലിയേല്‍ (എ.ഡി. 1-ാം ശ.)

Gamaliel

ബൈബിളിലെ പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെട്ടുള്ള ഒരു യഹൂദാചാര്യന്‍. ഹില്ലേല്‍ എന്ന വേദശാസ്ത്രപണ്ഡിതന്റെ പൗത്രന്‍. എ.ഡി. 20-നും 50-നും ഇടയ്ക്ക് ഇദ്ദേഹം ജെറുസലേമില്‍ വളരെ പ്രസിദ്ധനായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. യഹൂദന്മാരുടെ സന്നദ്രീം സംഘത്തിലെ അംഗമായിരുന്ന ഗമാലിയേല്‍, റബ്ബാന്‍ സ്ഥാനം ലഭിച്ചിട്ടുള്ള ആദ്യത്തെ ഏഴുപേരില്‍ ഒരാളാണ്. തന്റെ കാലത്തെ ഏറ്റവും പ്രഗല്ഭനായ പരീശനായി (ആചാര്യന്‍) ഇദ്ദേഹം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 'എല്ലാവരും ബഹുമാനിക്കുന്നവനും ധര്‍മോപദേഷ്ടാവുമായ ഗമാലിയേല്‍' എന്ന് ഇദ്ദേഹത്തെ ബൈബിളില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഇദ്ദേഹം ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്വസിക്കുകയും തിന്മയുടെ മേല്‍ നന്മ നേടുന്ന ശാശ്വതവിജയം ഉപദേശിക്കുകയും ചെയ്തു. ദൈവവചനങ്ങളെ മാനദണ്ഡമാക്കിവേണം സത്യം പരീക്ഷിക്കേണ്ടതെന്ന് ഗമാലിയേല്‍ നിര്‍ദേശിച്ചു. ശബ്ബത്താചാരത്തെക്കുറിച്ച് കഠിനമായ ചട്ടങ്ങളേര്‍പ്പെടുത്താന്‍ പാടില്ല എന്നതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരുപദേശം. സ്ത്രീജനങ്ങളുടെ ക്ഷേമത്തില്‍ താത്പര്യം പുലര്‍ത്തി.

പൗലോസ് അപ്പോസ്തലന്‍ ഗമാലിയേലില്‍നിന്നു ന്യായപ്രമാണപഠനം (Rabbinical education) സ്വീകരിച്ചുവെന്ന് ബൈബിളിലെ അപ്പോസ്തല നടപടികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യാഥാസ്ഥിതിക യഹൂദനായിരുന്നിട്ടും ഗമാലിയേല്‍ ക്രൈസ്തവരോട് ഉദാരമനോഭാവം പുലര്‍ത്തി. യഹൂദരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ക്രൈസ്തവരോട് ഇദ്ദേഹം കരുണ കാണിച്ചു. അറസ്റ്റുചെയ്യപ്പെട്ട അപ്പോസ്തലന്മാരെ സന്നദ്രീം സംഘത്തിന്റെ മുമ്പാകെ വിസ്താരത്തിനുവേണ്ടി ഹാജരാക്കിയപ്പോള്‍ അവരെ ശിക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കി. 'ഇസ്രയേല്യരെ, ഈ മനുഷ്യരോട് എന്തെങ്കിലും ചെയ്യുന്നത് വളരെ സൂക്ഷിച്ചുവേണം' എന്ന് ഇദ്ദേഹം സന്നദ്രീം സംഘത്തിലെ അംഗങ്ങളെ താക്കീതു ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നു മനസ്സിലാക്കേണ്ടത് മിശിഹായുടെ നാമത്തില്‍ അക്കാലത്തു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന പുതിയ പ്രസ്ഥാനങ്ങളെക്കുറിച്ച് ഇദ്ദേഹം സംശായാലുവായിരുന്നുവെന്നാണ്. ഗമാലിയേല്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്നും രക്തസാക്ഷിത്വം വരിച്ചുവെന്നും ഒരുവിഭാഗം ക്രൈസ്തവര്‍ വിശ്വസിക്കുന്നു. 'റബ്ബാന്‍ ഗമാലിയേല്‍ ദിവംഗതനായതോടെ ന്യായത്തിന്റെ പ്രകാശം അണഞ്ഞിരിക്കുന്നു' എന്ന് യഹൂദരുടെ നിയമസംഹിതയായ താല്‍മൂദില്‍ പ്രസ്താവമുണ്ട്.

ഗമാലിയേല്‍ എന്നപേരില്‍ അറിയപ്പെടുന്ന അഞ്ചുപേര്‍ കൂടിയുണ്ട്. ഗമാലിയേല്‍ I-ന്റെ പൗത്രനായ ഗമാലിയേല്‍ II ജാബ്നെയിലെ യഹൂദന്മാരുടെ നേതാവായിരുന്നു. എ.ഡി. 70-ല്‍ ജെറുസലേമിനു സംഭവിച്ച പതനത്തിനുശേഷം യഹൂദകേന്ദ്രമായിത്തീര്‍ന്ന ജാബ്നെയില്‍, സിറിയാ ഗവര്‍ണറുടെ അംഗീകാരത്തോടെ പാത്രിയാര്‍ക്കീസ് പദവിയില്‍ ഇദ്ദേഹം കഴിഞ്ഞിരുന്നു. യഹൂദന്മാരുടെയിടയിലുള്ള സ്പര്‍ധ തീര്‍ത്ത് ഐക്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം.

താല്‍മൂദിന്റെ ആദ്യത്തെ ലിഖിതരൂപമായ മിഷ്നാ (2-ാം ശ.) പ്രസാധനം ചെയ്ത ആളാണ് ഗമാലിയേല്‍ III. ഇദ്ദേഹം പാത്രിയാര്‍ക്കീസ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പൗത്രനാണ് ഗമാലിയേല്‍ IV. ഇദ്ദേഹവും പാത്രിയാര്‍ക്കീസ് ആവുകയുണ്ടായി. ഹില്ലേല്‍ II-ന്റെ പുത്രനും അദ്ദേഹത്തെത്തുടര്‍ന്ന് പാത്രിയാര്‍ക്കീസുമായ ഗമാലിയേല്‍ V 4-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചയാളാണ്. ഇദ്ദേഹത്തിന്റെ പുത്രനാണ് ഗമാലിയേല്‍ VI ആയി അറിയപ്പെടുന്നത്. പാത്രിയാര്‍ക്കീസ് ആയിരുന്ന ഇദ്ദേഹം എ.ഡി. 425-ല്‍ ദിവംഗതനായി.

(പ്രൊഫ. നേശന്‍ റ്റി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍